മരിച്ചവർക്ക് എന്തു പ്രത്യാശ?
ഒരു യുവ കുടുംബം ഒരു അവധിക്കാലം ചെലവഴിക്കാൻ ദക്ഷിണാഫ്രിക്കയുടെ കിഴക്കൻ സമുദ്രതീരത്തേക്കു സഞ്ചരിക്കുകയായിരുന്നു. ഭാര്യയുടെ മാതാപിതാക്കൻമാർ മറെറാരു കാറിൽ തൊട്ടുമുമ്പിൽ സഞ്ചരിച്ചിരുന്നു. പെട്ടെന്ന് ഒരു ടയറിനു വെടിതീർന്നു. വഴിയരികിൽ ടയർ മാറാൻ അവർ ഒരുങ്ങിക്കൊണ്ടിരിക്കെ, മത്തുപിടിച്ച ഒരു ഡ്രൈവർ രണ്ടു കാറിലേക്കും വണ്ടിയോടിച്ചുകയററി. പ്രായമുള്ള ആ മനുഷ്യനും ഭാര്യയും മരിച്ചു. ചെറുപ്പക്കാരൻ ഏതാനുംചില ദിവസങ്ങൾ കഴിഞ്ഞു മരിച്ചു. അയാളുടെ ഭാര്യയുടെ വാരിയെല്ലുകൾ ഒടിഞ്ഞു, മററു പരിക്കുകളും പററി. അവളുടെ കുഞ്ഞിന് തളർത്തിക്കളയുന്ന മസ്തിഷ്ക്കത്തകരാറുകളുണ്ടായി.
ഈ ഹതഭാഗ്യരായ കുടുംബത്തിന് എന്തോരു ദുരന്തം! യുവഭാര്യയുടെ സഹോദരിയായ കാരലൻ ഈ വാർത്ത കേട്ടപ്പോൾ മരവിച്ചുപോയി. ഇതുപോലുള്ള അത്യാഹിതങ്ങൾ എല്ലാ രാജ്യങ്ങളിലും സംഭവിക്കുന്നുണ്ട്. ദുഃഖിതരായ ബന്ധുക്കളും സുഹൃത്തുക്കളും മിക്കപ്പോഴും ‘മരിച്ചവർ യഥാർത്ഥത്തിൽ മരിച്ചിരിക്കുന്നുവോ?’ എന്നറിയാനാഗ്രഹിക്കുന്നു, അല്ലെങ്കിൽ . . .
‘മരിച്ചവർ ജീവിച്ചിരിക്കുന്നുവോ?’
ദേഹി അമർത്യമാണെന്ന് മിക്കവാറും എല്ലാ മതങ്ങളും പഠിപ്പിക്കുന്നു. അതുകൊണ്ട്, മരിച്ചവർ യഥാർത്ഥത്തിൽ മരിച്ചിട്ടില്ല, പിന്നെയോ സ്വർഗ്ഗത്തിലോ ശുദ്ധീകരണസ്ഥലത്തോ നരകത്തിലോ പിന്നെയും ജീവിച്ചിരിക്കുകയാണെന്ന് ആ മതാനുയായികൾ വിശ്വസിക്കുന്നു. ഒടുവിൽ പറഞ്ഞ സ്ഥലങ്ങളിലുള്ളവർ സകല നിത്യതയിലും ദാരുണമായ ദുരിതമനുഭവിക്കുന്നുവെന്നാണ് അനേകം സഭകൾ പഠിപ്പിക്കുന്നത്. എന്നാൽ സ്നേഹമുള്ള ഒരു ദൈവം യഥാർത്ഥത്തിൽ തന്റെ സൃഷ്ടികളുടെമേൽ അങ്ങനെയുള്ള ദുരിതം വരുത്തുമോ?—1 യോഹന്നാൻ 4:8.
ഇല്ലെന്നു തോന്നാം. എന്നാൽ നമുക്ക് എങ്ങനെ ഉറപ്പിക്കാം? ചുവടെ ചേർക്കുന്ന ബൈബിൾതെളിവുകൾ ശ്രദ്ധാപൂർവം പരിചിന്തിക്കുക. “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ട് മനുഷ്യനെ ഉണ്ടാക്കാനും അവന്റെ നാസാരന്ധ്രങ്ങളിൽ ജീവശ്വാസം ഊതാനും നടപടികൾ സ്വീകരിച്ചുതുടങ്ങി, മനുഷ്യൻ ജീവനുള്ള ഒരു ദേഹിയായിത്തീർന്നു.” (ഉല്പത്തി 2:7) ഒന്നാം മനുഷ്യനായ ആദാമിന് ഒരു ദേഹി കൊടുക്കപ്പെട്ടുവെന്ന് ഈ നിശ്വസ്ത പ്രസ്താവന പറയുന്നുണ്ടോ? ഇല്ല, അവൻ ഒരു ദേഹി, ജീവനുള്ള ഒരു വ്യക്തി, ആയിത്തീർന്നു. ഇതു സ്ഥിരീകരിച്ചുകൊണ്ട് അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “തിരുവെഴുത്തു പറയുന്നതുപോലെ, ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ഒരു ദേഹി ആയിത്തീർന്നു.” പൗലോസ് ഉല്പത്തിയിൽനിന്ന് ഉദ്ധരിക്കുകയായിരുന്നു.—1 കൊരിന്ത്യർ 15:45, ദി ജറൂസലം ബൈബിൾ.
മനുഷ്യദേഹിക്ക് മരിക്കാൻ കഴിയുമോ? പ്രവാചകനായ യെഹെസ്ക്കേൽ എഴുതി: “സകല ദേഹികളും—അവ എന്റേതാണ്. പിതാവിന്റെ ദേഹിയെപ്പോലെ, പുത്രന്റെ ദേഹിയും—അവ എന്റേതാണ്. പാപംചെയ്യുന്ന ദേഹി—അതുതന്നെ മരിക്കും.” (യെഹെസ്ക്കേൽ 18:4, 20; സഭാപ്രസംഗി 9:5, 10) പ്രസ്പഷ്ടമായി, ദേഹി മരിച്ചിരിക്കുന്നുവെങ്കിൽ ആളിന് ഒന്നും അറിയാൻ കഴിവില്ല, അതുകൊണ്ട് ദുരിതമനുഭവിക്കാൻ കഴികയില്ല. ക്രി.വ. 33ലെ പെന്തെക്കോസ്തിനുശേഷമുള്ള തന്റെ ആദ്യത്തെ പരസ്യപ്രസംഗത്തിൽ അപ്പോസ്തലനായ പത്രോസ് ഇങ്ങനെ പ്രഖ്യാപിച്ചു: “തീർച്ചയായും, ആ പ്രവാചകനെ [യേശുവിനെ] കേട്ടനുസരിക്കാത്ത ഏതു ദേഹിയും ജനത്തിന്റെ ഇടയിൽനിന്ന് പൂർണ്ണമായി നശിപ്പിക്കപ്പെടും.” അതുകൊണ്ട് ദേഹി മർത്ത്യമാണ്.—പ്രവൃത്തികൾ 3:23.
മരിച്ചവർ വീണ്ടും ജീവിക്കുമോ?
ബൈബിൾ സത്യമാണെന്നു വിശ്വസിക്കുന്ന എല്ലാവരും യേശു മരിച്ചുവെന്നും മൂന്നാം ദിവസം ഉയിർപ്പിക്കപ്പെട്ടുവെന്നും അറിയുന്നു. (പ്രവൃത്തികൾ 10:39, 40) ഇത് എങ്ങനെ സംഭവിക്കാൻ കഴിഞ്ഞു? ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ.
യേശുവിന്റെ പുനരുത്ഥാനം ഒരു വ്യത്യസ്തതയായിരുന്നോ? അല്ലായിരുന്നു. പൗലോസ് കൊരിന്തിലെ സഭക്ക് എഴുതിയതുപോലെ: “ക്രിസ്തു മരണത്തിൽ നിദ്രകൊണ്ടിരിക്കുന്നവരിൽനിന്നുള്ള ആദ്യഫലമായി മരിച്ചവരിൽനിന്ന് ഉയർപ്പിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാൽ മരണം ഒരു മനുഷ്യൻമൂലമാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും ഒരു മനുഷ്യൻ . . . ക്രിസ്തു മൂലമാണ്.” (1 കൊരിന്ത്യർ 15:20-22) അതുകൊണ്ട്, അനേകർ മരിച്ചവരിൽനിന്ന് ഉയർപ്പിക്കപ്പെടും. യേശുവും ഇങ്ങനെ പറഞ്ഞു: “ഇതിങ്കൽ ആശ്ചര്യപ്പെടരുത്, എന്തുകൊണ്ടെന്നാൽ സ്മാരകക്കല്ലറകളിലുള്ള എല്ലാവരും അവന്റെ ശബ്ദം കേൾക്കുകയും പുറത്തുവരുകയും ചെയ്യുന്ന നാഴിക വരുന്നു, നല്ല കാര്യങ്ങൾ ചെയ്തവർ ഒരു ജീവന്റെ പുനരുത്ഥാനത്തിലേക്ക്.” (യോഹന്നാൻ 5:28, 29) ഇത് മരിച്ച ദശലക്ഷങ്ങൾക്ക് പുനരുത്ഥാനത്തിന് ഉറപ്പുനൽകുന്നു.
മേൽപ്പറഞ്ഞ വിശദീകരണം പുനരുത്ഥാനത്തിലെ നിങ്ങളുടെ താത്പര്യം ഉണർത്തിയിരിക്കുന്നുവെങ്കിൽ, ‘പുനരുത്ഥാനം ആർക്കാണ്, എപ്പോഴാണ്’ എന്ന് നിങ്ങൾ ചോദിച്ചേക്കാം. ആ ജീവൽപ്രധാനമായ ചോദ്യങ്ങൾ നമുക്കു പരിചിന്തിക്കാം. (w89 10⁄15)