‘അവർ പുനരുത്ഥാനത്തിൽ എഴുന്നേററുവരും എന്നു ഞങ്ങളറിയുന്നു’
സർവശക്തനായ ദൈവം മനുഷ്യനു ജീവൻ നൽകി. മരിച്ചുപോയ ആളുകൾക്ക് അതു പുന:സ്ഥിതീകരിച്ചു കൊടുക്കാനും അവനു കഴിയും. ജീവനെയും മരണത്തെയും കുറിച്ച് ഏററവും ആശ്രയയോഗ്യമായ വിവരങ്ങളുടെ സരണിയും അവനിൽ നിന്നു നമുക്കു ലഭിച്ചിട്ടുണ്ട്: ബൈബിളായി രൂപം പ്രാപിച്ചിരിക്കുന്ന എബ്രായ തിരുവെഴുത്തുകളും ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുമാകുന്ന രണ്ട് ഭാഗങ്ങൾ. മരിച്ചവരിൽ മിക്കവരും മടങ്ങി വരുമെന്നും അവർക്കു മടങ്ങിവരാനാകുമെന്നുമുള്ള വസ്തുനിഷ്ഠമായ സന്ദേശം അതിലടങ്ങിയിട്ടുണ്ട്.—യോഹന്നാൻ 5:28, 29.
ദൃഷ്ടാന്തത്തിന്, യേശുക്രിസ്തുവിന് സുപരിചിതനായിരുന്ന ബഥനിയിലെ ലാസറിനെ സംബന്ധിച്ചുള്ള ചരിത്ര വൃത്താന്തം പരിചിന്തിക്കുക. ലാസർ രോഗാതുരനായിരുന്നു, അനന്തരം അവൻ മരിക്കയും ചെയ്തു. അതേ തുടർന്ന് യേശു ലാസറിന്റെ സഹോദരിയായ മാർത്തയോടിങ്ങനെ പറഞ്ഞു: “നിന്റെ [മരിച്ചുപോയ] സഹോദരൻ ഉയർത്തെഴുന്നേൽക്കും.” അവളിങ്ങനെ മറുപടി പറഞ്ഞു: “അവസാനനാളിൽ അവൻ പുനരുത്ഥാനത്തിൽ എഴുന്നേററു വരും എന്നു ഞാനറിയുന്നു.” (യോഹന്നാൻ 11:23, 24) ഉവ്വ്. അവൾ അതറിഞ്ഞിരുന്നു. ആശ്രയയോഗ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ “അവസാന നാളിൽ” തന്റെ പ്രിയസഹോദരനായ ലാസർ മടങ്ങിവരും എന്ന കാര്യത്തിൽ അവൾക്കു സംശയിക്കാനിടയില്ലായിരുന്നു.
യോഹന്നാൻ 11-ാം അദ്ധ്യായത്തിലെ ചരിത്രവൃത്താന്തത്തിലുടനീളം വായിക്കുമ്പോൾ അന്നു സംഭവിച്ച കാര്യങ്ങളുടെ വിശദാംശങ്ങൾ നിങ്ങൾ കണ്ടെത്തും. ലാസർ മരിച്ചു നാലു ദിവസം പിന്നിട്ടെങ്കിലും യേശു ആ മനുഷ്യനെ ജീവനിലേക്കുയർപ്പിച്ചു. “അവസാന നാളുകളിൽ” മരിച്ചയാളുകളെ മടക്കികൊണ്ടുവരുമെന്നുള്ള തന്റെ വാഗ്ദത്തങ്ങൾ ദൈവത്തിനു നിവർത്തിക്കാൻ സാധിക്കുമെന്നുള്ളതിനു തെളിവായിരുന്നു ആ പുനരുത്ഥാനം. പക്ഷേ മാർത്ത ലാസറിനെ വീണ്ടും എവിടെ കാണാനാണ് പ്രതീക്ഷിച്ചത്? വരാനിരിക്കുന്ന പുനരുത്ഥാനം എവിടെ സംഭവിക്കുമെന്നാണ് മററു വിശ്വസ്തരായ യഹൂദൻമാർ കരുതിയത്?
‘തിരിച്ചുവരവില്ലാത്ത ദേശം’
മനുഷ്യന്റെ സ്വാഭാവിക വാസസ്ഥലമായി ദൈവം തെരഞ്ഞെടുത്തത് ഭൂമിയെയാണ്. സങ്കീർത്തനക്കാരൻ പിൻവരുന്ന വാക്കുകളിൽ ഇതു പ്രകടിപ്പിക്കുന്നു: “സ്വർഗ്ഗങ്ങളെ സംബന്ധിച്ചോ സ്വർഗ്ഗങ്ങൾ യഹോവക്കുള്ളതാകുന്നു. പക്ഷേ ഭൂമിയെ അവൻ മനുഷ്യപുത്രൻമാർക്കു നൽകിയിരിക്കുന്നു.” (സങ്കീർത്തനം 115:16) ആദാമും ഹവ്വയും ദൈവത്തോടു വിശ്വസ്തരായി നിലകൊണ്ടിരുന്നുവെങ്കിൽ അവർക്ക് ഭൂമിയിലല്ലാതെ മറെറവിടെയെങ്കിലും നിത്യജീവൻ അനുഭവിക്കാൻ കഴിയുമായിരുന്നെന്ന് സൂചിപ്പിക്കുന്ന യാതൊന്നും തിരുവെഴുത്തുകളിലില്ല. ദൈവത്തോടുള്ള അനുസരണക്കേടിന്റെ ഗതിയിലേക്ക് തങ്ങൾ നിപതിക്കുന്നതിനുമുമ്പ് അവർ ആസ്വദിച്ചുപോന്നിരുന്ന, ഇവിടെ ഭൂമിയിൽ തന്നെയുള്ള പറുദീസയിൽ ആയിരുന്നില്ലേ “ജീവന്റെ വൃക്ഷം”? (ഉൽപ്പത്തി 2:9; 3:22) ദൈവത്തിൽ നിന്ന് ഇതിനു വിരുദ്ധമായി മററു വിവരങ്ങൾ ഇല്ലാതിരിക്കെ, ഏദൻ തോട്ടത്തിനു വെളിയിൽ ജനിച്ചു വളർന്ന അവന്റെ വിശ്വസ്ത ദാസൻമാർ (ആദാമിന്റെ ദൈവഭയമുള്ള മകനായ ഹാബേൽ തുടങ്ങിയുള്ളവർ) പുനരുത്ഥാനത്തെ, മനുഷ്യർക്കുവേണ്ടിയുള്ളതായി അവർ അറിഞ്ഞിരുന്ന ഒരേ ഒരു ഭവനമായ ഭൂമിയുമായി അവശ്യം ബന്ധപ്പെടുത്തിയിരിക്കണം.
‘ഒന്നു നിൽക്കുക’ എന്നു പറഞ്ഞുകൊണ്ട് ബൈബിൾ പരിചിതരായ ചിലർ ഇങ്ങനെ തടസ്സവാദമുന്നയിച്ചേക്കാം, ‘ഇയ്യോബിന്റെ പുസ്തകം 16-ാം അദ്ധ്യായം 22-ാം വാക്യത്തിൽ താൻ “തിരിച്ചുവരികയില്ലാത്ത പാതയിലൂടെ പൊയ്പോകു”മെന്ന് ഇയ്യോബ് പറഞ്ഞില്ലേ? കൂടാതെ ഇയ്യോബ് 7:9ൽ അവൻ ഇങ്ങനെ സൂചിപ്പിക്കയും ചെയ്തു: “ഷീയോളിലേക്ക് [ശവക്കുഴിയിലേക്ക്] പോകുന്നയാൾ എഴുന്നേററുവരികയില്ല.” പത്താം വാക്യത്തിൽ ഇയ്യോബ് ഇങ്ങനെയും കൂട്ടിച്ചേർത്തു: “അവൻ തന്റെ ഭവനത്തിലേക്ക് ഒരിക്കലും മടങ്ങിവരികയില്ല, അവന്റെ ഇടം ഒരിക്കലും ഇനിമേൽ അവനെ സ്വീകരിക്കയുമില്ല.”’
അതുകൊണ്ട് ചില പണ്ഡിതൻമാർ അവകാശപ്പെടുന്നതുപോലെ ആ വാക്യങ്ങളും സമാനമായ പ്രസ്താവനകളും മരണത്തെ ‘തിരിച്ചുവരവില്ലാത്ത ദേശം’ ആയി ഇയ്യോബ് വീക്ഷിച്ചു എന്ന് കാണിക്കുന്നില്ലേ? ഭാവി പുനരുത്ഥാനത്തിൽ ഇയ്യോബ് വിശ്വസിച്ചിരുന്നില്ല എന്ന് ഈ പ്രസ്താവനകൾ അർത്ഥമാക്കുന്നുണ്ടോ? ഉത്തരത്തിനുവേണ്ടി നാം ഈ വാക്കുകളെ അതിന്റെ പശ്ചാത്തലത്തോടൊത്ത് പരിഗണിക്കേണ്ടതാണ്. കൂടാതെ ഈ വിഷയം സംബന്ധിച്ച് ഇയ്യോബ് പ്രകടിപ്പിച്ച മററാശയങ്ങളുമായി ഇവയെ താരതമ്യം ചെയ്യുകയും വേണം.
ഇയ്യോബിനു തന്റെ യാതനകളുടെ കാരണം അറിയില്ലായിരുന്നു. തന്റെ കഷ്ടങ്ങൾക്ക് യഹോവയാണുത്തരവാദി എന്ന് കുറേക്കാലം അവൻ തെററിദ്ധരിച്ചു പോയി. (ഇയ്യോബ് 6:4; 7:17-20; 16:11-13) ഭഗ്നാശനായിത്തീർന്ന അവൻ തന്റെ ഉടനെയുള്ള ആശ്വാസത്തിന്റെ ഇടമായി കണ്ടത് ശവക്കുഴി മാത്രമാണ്. (ഇയ്യോബ് 7:21; 17:1; 3:11-13 താരതമ്യം ചെയ്യുക.) അവിടെ അവന്റെ സമകാലീനൻമാരുടെ നിലപാടിൽ നിന്നു നോക്കിയാൽ അവനെ കാണാൻ കഴിയുകയില്ല. അവൻ തന്റെ ഭവനത്തിലേക്കു മടങ്ങുകയില്ല. കൂടുതൽ സ്വീകാരം ലഭിക്കുകയില്ല ദൈവത്തിന്റെ നിയമിത കാലത്തിനു മുമ്പേ മടങ്ങിവരുകയോ മടങ്ങിവരാൻ ആശിക്കാൻ കഴിയുകയോ ഇല്ല. ദൈവത്തിന്റെ ഇടപെടൽ ഇല്ലാതെ വിടപ്പെട്ടാൽ ഇയ്യോബും ആദാമിന്റെ സന്തതിയിൽപെട്ട മററുള്ളവരും മരിച്ചവരിൽ നിന്ന് ഉയർത്തെഴുന്നേൽക്കാൻ അശക്തരായി ശേഷിക്കുമായിരുന്നു.a—ഇയ്യോബ് 7:9, 10; 10:21; 14:12.
പുനരുത്ഥാനത്തിലുള്ള വിശ്വാസം
താൻ അനുഭവിച്ചുകൊണ്ടിരുന്നതെന്തായിരുന്നുവെന്നുള്ളതു സംബന്ധിച്ച ഇയ്യോബിന്റെ അനിശ്ചിതത്വത്തെയും തന്റെ സമീപ ഭാവിയെ സംബന്ധിച്ചുള്ള അവന്റെ നിരാശ നിറഞ്ഞ അഭിപ്രായ പ്രകടനങ്ങളെയും അവൻ പുനരുത്ഥാനത്തിൽ വിശ്വസിച്ചിരുന്നില്ല എന്നതിനു നിദാനമായി നാം മനസ്സിലാക്കേണ്ടതില്ല. അവൻ തീർച്ചയായും ഒരു പുനരുത്ഥാനത്തിൽ വിശ്വസിച്ചിരുന്നു എന്ന് ഇയ്യോബ് 14:13-15ൽ നിന്ന് വ്യക്തമാണ്. ആ ഭാഗത്ത് ഇയ്യോബ് ‘ഷിയോളിൽ മറക്കപ്പെടുന്ന’തിന് ആഗ്രഹിക്കുന്നതു സംബന്ധിച്ചും അനന്തരം ദൈവത്താൽ ‘ഓർമ്മിക്കപ്പെടുന്നതു’ സംബന്ധിച്ചും സംസാരിച്ചു. കൂടാതെ ഇയ്യോബ് 19:25-27 വിശ്വാസിയും നിർമ്മലനുമായ ഈ മനുഷ്യൻ തനിക്കൊരു “വീണ്ടെടുപ്പുകാരനു”ള്ളതായും പിന്നീടൊരു സമയത്ത് ‘ദൈവത്തെ കാണുന്നതിനെ’ക്കുറിച്ചും സംസാരിച്ചു. ഉവ്വ്, ഇയ്യോബ് ഒരു പുനരുത്ഥാനത്തിൽ വിശ്വസിച്ചു. മനുഷ്യനെ ഉയർപ്പിക്കാനുള്ള ദൈവത്തിന്റെ പ്രാപ്തി സംബന്ധിച്ച്, മുമ്പ് അബ്രഹാം ബോദ്ധ്യമുള്ളവനായി തീർന്നതുപോലെ, ദൈവത്തിന് തന്നെ ജീവനിലേക്കുയർപ്പിക്കാൻ കഴിയുമെന്നും അവൻ അങ്ങനെ ചെയ്യുമെന്നും ഇയ്യോബ് വിശ്വസിച്ചു.—എബ്രായർ 11:10, 16, 19, 35.
നമ്മുടെ ഈ ആധുനിക നാളുകൾവരേക്ക് ഈ ഭൂമിയിലെ ജീവനിലേക്കുള്ള ഒരു ഭാവി പുനരുത്ഥാനത്തിൽ യഹൂദൻമാർ വിശ്വസിച്ചു പോന്നിരിക്കുന്നു. ദി എൻസൈക്ലോപീഡിയാ ജൂദായിക്ക (1971) ഇങ്ങനെ പ്രസ്താവിക്കുന്നു: “അന്തിമമായി മരിച്ചവർ അവരുടെ ശരീരങ്ങളോടുകൂടെ പുനരുത്ഥരിക്കപ്പെടുമെന്നും വീണ്ടും ഭൂമിയിൽ ജീവിക്കുമെന്നുമുള്ള വിശ്വാസം യഹൂദമതത്തിന്റെ ഒരു പ്രമുഖ ഉപദേശപാഠമാണ്.” എൻസൈക്ലോപീഡിയാ ഇങ്ങനെ തുടരുന്നു: “ഭക്തരായ യഹൂദൻമാർ തങ്ങളെ ശവസംസ്ക്കാരത്തിനണിയിക്കുന്ന വസ്ത്രങ്ങളെക്കുറിച്ചും തങ്ങളുടെ സർവ്വ അവയവങ്ങളോടുമൊപ്പം അടക്കം ചെയ്യപ്പെടുന്നതിനെക്കുറിച്ചും ഇസ്രായേൽ ദേശത്തുതന്നെ തങ്ങളെ മറവുചെയ്യപ്പെടുന്നതിനെക്കുറിച്ചും പ്രായേണ ചിന്തയുള്ളവരായിരിക്കത്തക്കവണ്ണം ഈ ആശയത്തെ അത്യന്തം ഗൗരവപൂർവ്വകമായും അക്ഷരാർത്ഥത്തിലുമാണ് അവർ കൈക്കൊണ്ടിരിക്കുന്നത്.”
രസാവഹമായി, പുനരുത്ഥാനത്തിങ്കൽ ദൈവം, ജീർണ്ണിച്ച മനുഷ്യശരീരങ്ങളെ പുന:സംയോജിപ്പിക്കും എന്ന് ബൈബിൾ പറയുന്നില്ല. പണ്ടേ മരിച്ചു പോയവരുടെ സൂക്ഷ്മശരീരകണങ്ങൾ അന്നുമുതൽക്കേ തന്നെ ഭൂമിയിൽ എങ്ങും വ്യാപിച്ച് പിന്നീട് സസ്യങ്ങളിലും ജന്തുക്കളിലും പലപ്പോഴും കടന്നുകൂടിയിരിക്കാം—ഉവ്വ്, അതിനുശേഷം മരിച്ചുപോയിട്ടുള്ള മററു മനുഷ്യരിലേക്കു പോലും അവ വ്യാപിച്ചിരിക്കാം. പുനരുത്ഥാനത്തിങ്കൽ ഉയർത്തപ്പെടുന്ന ഒന്നിൽ കൂടുതൽ ആളുകൾക്കുവേണ്ടി ഒരേ തൻമാത്രകൾ ഉപയോഗിക്കാൻ സാദ്ധ്യമല്ല എന്നുള്ളത് സ്പഷ്ടമാണ്. പകരം, ദൈവം മനുഷ്യരെ അനുയോജ്യമായ ശരീരങ്ങളോടെ, തനിക്കു ബോധിക്കുന്നതുപോലെ, അവയവങ്ങളൊന്നും നഷ്ടമാകാതെ, മരണത്തിനുമുമ്പ് ഏററ മററു ക്ഷതങ്ങൾ ഒന്നുമില്ലാതെ ജീവനിലേക്കു കൊണ്ടുവരും.—1 കൊരിന്ത്യർ 15:35-38 താരതമ്യം ചെയ്യുക.
ഈ പുനരുത്ഥാനം പ്രാപിച്ചുവരുന്നയാളുകളെ ജീവനിലേക്കു മടങ്ങിവരുന്ന അവരുടെ സ്നേഹിതരും ബന്ധുക്കളും തിരിച്ചറിയുമോ? അത് യുക്തിസഹമാണ്. കാരണം, ഉയർത്തെഴുന്നേൽപ്പിക്കപ്പെടുന്നവരെ നമുക്കും നമ്മെ അവർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ നമ്മുടെ മരിച്ചുപോയ പ്രിയപ്പെട്ടവർ വാസ്തവമായി മടങ്ങിവന്നു എന്ന് നാം എങ്ങനെ അറിയും? ലാസ്സറിന്റെ ശരീരം ജീർണ്ണിച്ചുകൊണ്ടിരിക്കയായിരുന്നെങ്കിലും യേശു അവനു പുനരുത്ഥാനം നൽകിയശേഷം അവന്റെ ബന്ധുമിത്രാദികളും പരിചയക്കാരും അവനെ തിരിച്ചറിഞ്ഞു. ഇപ്രകാരം യഹോവയാം ദൈവം ഭൂമിയിലെ ജീവനിലേക്കുള്ള പുനരുത്ഥാനത്തിൽ നാം അന്യോന്യം കാണുന്നതിനും പരസ്പരം അറിയുന്നതിനും സ്നേഹപൂർവ്വം ഇടയാക്കും എന്ന് നമുക്കും പ്രതീക്ഷിക്കാം.
ചുരുക്കം പേർക്ക് ഒരു സ്വർഗ്ഗീയ പ്രത്യാശ
നാം കുറിക്കൊണ്ടു കഴിഞ്ഞതുപോലെ ഭൂമിയാണ് മനുഷ്യവർഗ്ഗത്തിന്റെ ദൈവദത്ത ഭവനം. എന്നാൽ മനുഷ്യവർഗ്ഗത്തിന്റെ ഇടയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഒരു സംഖ്യ അക്ഷയവും അമർത്യവുമായ സ്വർഗ്ഗങ്ങളിലെ ആത്മജീവനിലേക്ക് ഉയർപ്പിക്കപ്പെടാനിരിക്കുന്നു എന്ന പ്രത്യാശയിലേക്ക് യേശുക്രിസ്തു പക്ഷേ വെളിച്ചം വീശി. (2 തിമൊഥെയോസ് 1:10) “പുതിയതും ജീവനുള്ളതുമായ” സ്വർഗ്ഗീയ ജീവിതത്തിലേക്കുള്ള “വഴി” യേശു ഉൽഘാടനം ചെയ്ത് കുറേക്കാലത്തേക്ക് ആ പ്രത്യാശയിൽ പങ്കുപററാൻ എല്ലാ ക്രിസ്ത്യാനികളും ക്ഷണിക്കപ്പെട്ടിരുന്നു. (എബ്രായർ 9:24; 10:19, 20) ആ പ്രതിഫലം ഒടുവിൽ എത്രപേർ പ്രാപിക്കും? ‘സംഭവിപ്പാനുള്ളത് തന്റെ അടിമകളെ അറിയിക്കാൻ ദൈവം യേശുവിനു നൽകിയ’ നിശ്വസ്ത ‘വെളിപ്പാട്’ “ഭൂമിയിൽ നിന്നു വിലക്കുവാങ്ങപ്പെട്ടവരുടെ” എണ്ണം 1,44,000 ആയി കാണിക്കുന്നു.—വെളിപ്പാട് 1:1; 7:4-8; 14:1, 3.
താരതമ്യേന ഇത്ര ചെറിയ ഒരു സംഖ്യ ആളുകളെ സ്വർഗ്ഗത്തിലെ ജീവനുവേണ്ടി “ഭൂമിയിൽ നിന്നു വിലക്കു വാങ്ങിയിരിക്കുന്ന”ത് എന്തുകൊണ്ട്? ഈ സംഖ്യാപരിമിതിക്കുള്ള കാരണം ഇതേ വെളിപ്പാടു പുസ്തകം തന്നെ നമുക്കു നൽകുന്നു. 20-ാം അദ്ധ്യായം 5, 6 വാക്യങ്ങളിൽ നാം ഇങ്ങനെ വായിക്കുന്നു: “ഇതത്രേ ഒന്നാം പുനരുത്ഥാനം. ഒന്നാം പുനരുത്ഥാനത്തിൽ പങ്കുള്ള ഏവനും സന്തുഷ്ടനും വിശുദ്ധനും ആകുന്നു; ഇവരുടെമേൽ രണ്ടാം മരണത്തിനധികാരം ഇല്ല. പിന്നെയോ അവർ ദൈവത്തിനും ക്രിസ്തുവിനും പുരോഹിതൻമാരായി ആയിരം ആണ്ടേക്ക് അവനോടുകൂടെ രാജാക്കൻമാരായി വാഴും.”—വെളിപ്പാട് 5:9, 10 കൂടെ കാണുക.
രാജാവിന്റെ ഭൗമിക പ്രജകൾ
എല്ലാ മനുഷ്യരും രാജാക്കൻമാരും പുരോഹിതൻമാരുമായി വാഴുകയില്ല എന്നുള്ളത് വളരെ സ്പഷ്ടമാണ്. കാരണം, എല്ലാവരും രാജാക്കൻമാരാണെങ്കിൽ അവർ ആരുടെ മേലായിരിക്കും “വാഴുക”? മറിച്ച്, ഈ വിശേഷാൽ തെരഞ്ഞെടുക്കപ്പെട്ട ഗണം യേശുക്രിസ്തുവിന്റെ വിശ്വസ്ത അപ്പോസ്തലൻമാരുടെ ചുററുമായി സംഘടിപ്പിക്കപ്പെട്ട്, വെളിപ്പാട് ഏഴാം അദ്ധ്യായം ഒൻപതുമുതൽ പതിനേഴുവരെയുള്ള വാക്യങ്ങളിൽ വർണ്ണിച്ചിരിക്കുന്ന “മഹാപുരുഷാര”വും മററുള്ളവരും അധിവസിക്കുന്ന ഭൂമിയുടെമേൽ ഭരിക്കും. ഇവരിൽ ദശലക്ഷങ്ങൾ ഇന്ന് സകല അനീതിയും ഭൂമിയിൽ നിന്നു തുടച്ചു നീക്കാനിരിക്കുന്നതും സത്വരം സമീപിക്കുന്നതുമായ “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”ത്തിലേക്കു ഉററു നോക്കുന്നു. ദൈവത്തിന്റെ അനർഹദയയാൽ അവർ ഒരിക്കലും മരിക്കാതെ ആ മഹോപദ്രവത്തെ അതിജീവിക്കും.—വെളി. 16:14; 21:14; സദൃശവാക്യങ്ങൾ 2:21, 22.
‘പക്ഷേ എന്റെ പ്രിയപ്പെട്ടവരെപ്പോലെയുള്ള മരിച്ചുപോയ ആളുകളെ സംബന്ധിച്ചെന്ത്?’ എന്ന് നിങ്ങൾ ചോദിച്ചേക്കാം. യേശു തന്നെ മററുള്ളവരെക്കുറിച്ച്, ‘അവർ മരിച്ചു എങ്കിലും ജീവനിലേക്കു വരും’ എന്ന് മാർത്തയോടു പറഞ്ഞിരുന്നു. (യോഹ. 11:25) അതൊരു ഭൗമിക പുനരുത്ഥാനത്തിലായിരിക്കും സംഭവിക്കുക. തന്റെ 1,44,000 സഹരാജാക്കൻമാരോടും പുരോഹിതൻമാരോടുമൊപ്പമുള്ള ക്രിസ്തുവിന്റെ സ്വർഗ്ഗീയ വാഴ്ചക്കാലത്ത് ദൈവം സ്വീകാരപൂർവ്വം തന്റെ ഓർമ്മയിൽ കരുതുന്ന ദശലക്ഷക്കണക്കിനു മരിച്ചയാളുകൾ ഉയർത്തെഴുന്നേൽപ്പിക്കപ്പെടുകയും യഹോവയുടെ സത്യാരാധനയെക്കുറിച്ച് പഠിക്കുന്നതിന് അവർക്ക് വേണ്ടുവോളം അവസരം നൽകപ്പെടുകയും ചെയ്യും. വിശ്വസ്തരെങ്കിൽ ഭൂവ്യാപകമായ ഒരു പറുദീസയിലെ നിത്യജീവൻ എന്ന പ്രതിഫലം അവർ പ്രാപിക്കും. തന്റെ സഹോദരനായ ലാസർ ജീവനിലേക്കുയർത്തെഴുന്നേൽക്കും എന്ന് മാർത്ത യേശുവിനോടു യോജിച്ചു പറഞ്ഞപ്പോൾ അവൾ പരാമർശിച്ച “അവസാന നാളിലാ”യിരിക്കും അതു സംഭവിക്കുക.—യോഹന്നാൻ 5:28, 29; 11:24; ലൂക്കോസ് 23:43.
ഉറപ്പുകളിലധിഷ്ഠിതമായ ഒരു പ്രത്യാശ
ബൈബിളിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന പുനരുത്ഥാനങ്ങൾ വിശുദ്ധ തിരുവെഴുത്തുകൾ മുന്നോട്ടു വയ്ക്കുന്ന പുനരുത്ഥാന പ്രത്യാശക്ക് സാധുത നൽകുന്ന മുൻചിത്രങ്ങളും ഉറപ്പുകളുമാണ്. ഈ രേഖ ഭൂമിയിൽ ക്രിസ്തീയ കാലങ്ങൾക്കു മുമ്പ്, പ്രവാചകൻമാരായ ഏലിയാവും എലീശായും ദൈവപുത്രനും (ലാസറിന്റേതുൾപ്പെടെ) അപ്പോസ്തലൻമാരായ പത്രോസും പൗലോസും പ്രത്യേകിച്ച് തന്റെ പുത്രനെ പുനരുത്ഥാനം ചെയ്കവഴി യഹോവയാം ദൈവവും നടത്തിയ പുനരുത്ഥാനങ്ങളെക്കുറിച്ച് പറയുന്നു. നിങ്ങൾക്ക് ഈ വിവരണങ്ങൾ നിങ്ങളുടെ ബൈബിളിൽ പിൻവരുന്ന ഭാഗങ്ങളിൽ വായിക്കാം: 1 രാജാക്കൻമാർ 17:17-24; 2 രാജാക്കൻമാർ 4:32-37; മത്തായി 28:1-10; ലൂക്കോസ് 7:11-17; 8:40-56; യോഹന്നാൻ 11:38-44; പ്രവൃത്തികൾ 9:36-42; 10:38-42; 20:7-12.b
ഇത്ര ശക്തമായ രേഖാ പിൻബലമുള്ള പുനരുത്ഥാന പ്രത്യാശയുടെ അടിസ്ഥാനത്തിൽ അഥേനക്കാർക്ക് പിൻവരുന്ന ഉറപ്പു നൽകാൻ പൗലോസിനു കഴിഞ്ഞു: “ദൈവം. . .താൻ നിയമിച്ച ഒരു പുരുഷൻ മുഖേന നിവസിത ഭൂമിയെ നീതിയിൽ വിധിക്കുന്നതിന് ഒരു ദിവസത്തെ മാററിവച്ചിരിക്കുന്നു, അവനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയർത്തെഴുന്നേൽപ്പിച്ചുകൊണ്ട് എല്ലാ മനുഷ്യർക്കും അവൻ ഒരുറപ്പു നൽകിയും ഇരിക്കുന്നു.”—പ്രവൃത്തികൾ 17:30, 31.
അതെ, പുനരുത്ഥാന പ്രത്യാശയുടെ സാധുതക്കുള്ള ആത്യന്തികമായ ഉറപ്പ് യേശുവിന്റെ പുനരുത്ഥാനം ആണ്. അതുകൊണ്ട് യഹോവയാം ദൈവത്തിന്റെ ശക്തിയിലും സ്നേഹത്തിലും സമ്പൂർണ്ണമായി ആശ്രയിക്കുന്നതിന് നമുക്കും ഒരു ദൃഢമായ അടിസ്ഥാനം ഉണ്ട്. മാർത്തക്കുണ്ടായിരുന്ന ഈ ബോദ്ധ്യം നമുക്കും പ്രകടിപ്പിക്കാം: ‘അവസാന നാളിലെ പുനരുത്ഥാനത്തിങ്കൽ മരിച്ചവർ ഉയർത്തെഴുന്നേൽക്കും എന്ന് ഞങ്ങൾ അറിയുന്നു!’
മാഴ്സ് കുന്നിലെ പൗലോസിന്റെ ശ്രോതാക്കൾ മരിച്ചവരുടെ പുനരുത്ഥാനം സംബന്ധിച്ച അവന്റെ സാക്ഷ്യം കേട്ടതിനെ തുടർന്ന് അവർ മൂന്ന് പക്ഷമായി ഭിന്നിച്ചു: “ചിലർ പരിഹസിക്കാൻ തുടങ്ങി. മററുചിലർ ഇങ്ങനെ പറഞ്ഞു: ‘ഞങ്ങൾ ഇതിനെ സംബന്ധിച്ച് മറെറാരു സമയത്ത് നിന്നിൽ നിന്നു കേൾക്കാം‘ . . . പക്ഷേ ചില മനുഷ്യർ അവനോട് ചേർന്ന് വിശ്വാസികളായിത്തീർന്നു.”—പ്രവൃത്തികൾ 17:32-34.
പുനരുത്ഥാന പ്രത്യാശയോടുള്ള നിങ്ങളുടെ പ്രതികരണം എങ്ങനെയാണ്? ദശലക്ഷങ്ങളെ, അല്ല, ശതകോടികളെപ്പോലും മരിച്ചവരിൽ നിന്ന് പുനരുത്ഥാനം ചെയ്യിക്കുമെന്ന യഹോവയുടെ വാഗ്ദാനം അവൻ നിറവേററും. നിങ്ങൾക്ക് അവരെ വീണ്ടും കാണുന്നതിനും നിങ്ങളെ അവർക്കു കാണുന്നതിനും തക്കവണ്ണം നിങ്ങൾ അവിടെ ഉണ്ടായിരിക്കുമോ എന്നത് നിങ്ങൾ എന്തുചെയ്യുന്നു എന്നതിനെയാണ് ഒരു വലിയ അളവിൽ ആശ്രയിച്ചിരിക്കുന്നത്. നിത്യജീവൻ പ്രാപിക്കുന്നതിനുള്ള ദൈവത്തിന്റെ വ്യവസ്ഥകൾ അറിയുന്നതിനും അതിനു ചേർച്ചയിൽ ജീവിക്കുന്നതിനും നിങ്ങൾ ഒരുക്കമാണോ? മരിച്ചവരുടെ പ്രത്യാശ സംബന്ധിച്ചും ഈ വ്യവസ്ഥിതിയുടെ അന്ത്യത്തെ അതിജീവിക്കാൻ നിങ്ങൾക്കെങ്ങനെ സാധിക്കും എന്നതിനെ സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ നൽകുന്നതിന് യഹോവയുടെ സാക്ഷികൾക്ക് വളരെ സന്തോഷം ഉണ്ട്.—യോഹന്നാൻ 17:3. (w89 6/15)
[അടിക്കുറിപ്പുകൾ]
a “ഇതേ ശൈലിയിൽ ദൈവത്തിന്റെ ഏതെങ്കിലും തരത്തിലുള്ള ഇടപെടലിന് മുമ്പ് സ്ഥിതിചെയ്യുന്ന അവസ്ഥയെ സംബന്ധിച്ച് സങ്കീർത്തനക്കാരൻ ഇപ്രകാരം എഴുതുന്നു: “[ഇസ്രായേല്യർ] ജഡമല്ലോ എന്നും ആത്മാവ് [അല്ലെങ്കിൽ ദൈവത്തിൽ നിന്നുള്ള ജീവശക്തി] പുറപ്പെട്ടുപോകയും മടങ്ങിവരാതിരിക്കയും ചെയ്യുന്നുവെന്നും [ദൈവം] ഓർത്തുകൊണ്ടിരുന്നു.”—സങ്കീർത്തനം 78:39.
b ബൈബിൾ കാലങ്ങളിലെ പുനരുത്ഥാനങ്ങളെയും ക്രിസ്തുവിന്റെ വാഴ്ചക്കാലത്തു നടക്കാനിരിക്കുന്ന പുനരുത്ഥാനത്തെപ്പററിയുള്ള ബൈബിൾ വാഗ്ദത്തത്തെയും കുറിച്ചുള്ള വിശദമായ വിവരണങ്ങൾ നിങ്ങൾക്ക് ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിൽ കണ്ടെത്താം. ഇരുപതാം അദ്ധ്യായത്തിന്റെ ശീർഷകം, “പുനരുത്ഥാനം ആർക്ക്, എവിടെ?” എന്നാണ്. ഈ പുസ്തകം നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളിൽ നിന്നോ ഈ മാസികയുടെ രണ്ടാം പേജിൽ പട്ടികപ്പെടുത്തിയിട്ടുള്ള ഓഫീസുകളിൽ നിന്നോ നിങ്ങൾക്കു ലഭിക്കും.