നാം ഇനി എന്നെങ്കിലും അവരെ കാണുമോ?
“നീ എന്നേക്കുമായി ഞങ്ങളെ വിട്ടു പിരിഞ്ഞിരിക്കുന്നു. എത്രയോ അപ്രതീക്ഷിതമായിരുന്നു അത്. നിന്റെ മരണം ഞങ്ങളിൽ ആഴമായ മുറിപ്പാടുകൾ ശേഷിപ്പിച്ചെങ്കിലും ഹൃദയങ്ങളിൽ നീ എല്ലായ്പ്പോഴും ഞങ്ങളോടൊത്തുണ്ടായിരിക്കും. നിന്നോടൊത്തു ഞങ്ങൾ ആസ്വദിച്ച ആശ്ചര്യവൽസരങ്ങൾ ഞങ്ങൾ ഒരിക്കലും മറക്കയില്ല, ഒരുനാൾ നിന്നെ വീണ്ടും കാണാനുള്ള ആശ കൈവെടിയുകയുമില്ല.”
ലക്സംബർഗ്ഗിലെ ദ ഗ്രാൻറ് ഡച്ചി എന്ന പ്രദേശത്ത് പ്രിയപ്പെട്ട ഒരാളുടെ മരണത്തെ തുടർന്ന് പത്രങ്ങളിൽ തങ്ങൾ പ്രസിദ്ധപ്പെടുത്തിയ ചരമക്കുറിപ്പുകളിൽ അതിജീവകരായ കുടുംബാംഗങ്ങളും സ്നേഹിതരും ഇതുപോലുള്ള വികാരങ്ങൾ പലവുരു പ്രകടിപ്പിച്ചു. ലോകമെമ്പാടും ജീവിക്കുന്ന മററുള്ളവരുടെ മനസ്സുകളിലും സമാനമായ ചിന്തകളുണ്ട്. ഓർമ്മകളുടെ ഊഷ്മളത പകരുന്ന ചിന്തകൾ അതോടൊപ്പം അവരുടെ നഷ്ടത്തിൽ മരവിപ്പുളവാക്കുന്ന നൈരാശ്യവും—ആശയോടൊപ്പം അനിശ്ചിതത്വവും. തന്റെ പ്രിയനായ ഒരുവന്റെ മരണശേഷം ഒരു സ്നേഹിതനിൽ നിന്ന് നിങ്ങൾക്കും ഇത്തരം പ്രതികരണങ്ങൾ ഉണ്ടാകുകയോ അവയെക്കുറിച്ച് നിങ്ങൾ കേട്ടിരിക്കയോ ചെയ്തിട്ടുണ്ടാകാം.
മിക്ക ആളുകൾക്കും മരിച്ചുപോയ പ്രിയരെ വീണ്ടും കാണാനുള്ള പ്രത്യാശ ആശയക്കുഴപ്പമേറിയതും അവ്യക്തവുമാണ്. കാരണങ്ങൾ പക്ഷേ സ്പഷ്ടമാണ്. ഒന്നാമത് ഈ നാളുകളിൽ ഈ വിഷയം സംബന്ധിച്ചു വിവരങ്ങൾ ആരായാൻ സമയമെടുക്കുന്നവർ നന്നേ വിരളമാണ്. ആരെങ്കിലും അതിനു തുനിഞ്ഞാൽ തന്നെ മിക്ക മതങ്ങളും പ്രദാനം ചെയ്യുന്ന വിവരങ്ങൾ അത്യന്തം അവ്യക്തമോ അല്ലെങ്കിൽ ബോധ്യം ഉളവാക്കാത്തവിധം അത്ര വിചിത്രമോ ആയിരിക്കും.
നിങ്ങൾ അറിഞ്ഞിരിക്കാൻ ഇടയുള്ളതുപോലെ പലരുടെയും കാര്യത്തിൽ മരിച്ചവർക്കാകെയുള്ള “ഭാവി ജീവിതം” അവരുടെ കുടുംബ പരമ്പരയുടെ തുടർച്ചയാണ്. ആളുകൾ അവരുടെ ‘കുട്ടികളിൽ ജീവിക്കുന്നു’ എന്ന വീക്ഷണം നിങ്ങൾ കേട്ടിരിക്കും. എന്നാൽ അത്തരമൊരു “ജീവിതം” മരിച്ചയാളുകൾക്ക് അനുഭവവേദ്യമായ എന്തെങ്കിലും പ്രയോജനം കൈവരുത്തുന്നുണ്ടോ? ഒരിക്കലുമില്ല! അതുകൊണ്ട് അത്തരം ഒരു വീക്ഷണത്തിൽ ആശ്വാസം തെല്ലുമില്ല!
മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ നമ്മുടെ പ്രിയപ്പെട്ടവരോടുള്ള താൽപര്യം നിമിത്തം പിൻവരുന്ന ചോദ്യങ്ങൾക്ക് നമുക്കുത്തരം ആവശ്യമാണ്: നാം സ്നേഹിക്കുന്ന ഒരാൾ മരിച്ചാൽ ആ ഒരുവനെ നാം വീണ്ടും എന്നെങ്കിലും കാണുമോ? ഉത്തരം ഉവ്വ് എന്നാണെങ്കിൽ അതെപ്പോൾ, എവിടെയായിരിക്കും? സ്വർഗ്ഗത്തിൽ ആയിരിക്കുമോ? അതോ ഇവിടെ ഭൂമിയിൽ തന്നെയായിരിക്കുമോ? വാസ്തവത്തിൽ, മരിച്ചുപോയ പ്രിയപ്പെട്ടവർക്കും നമുക്കുതന്നെയും ഭാവിയിൽ എന്തു പ്രതീക്ഷയാണുള്ളത്?
തുറന്നു പറഞ്ഞാൽ ഈ ചോദ്യങ്ങൾ സംബന്ധിച്ച് നല്ല വാർത്ത ഉണ്ട്. സുനിശ്ചിതവും പുളകപ്രദവുമായ ഒരു പ്രത്യാശയുണ്ട് എന്ന അർത്ഥത്തിൽ അതൊരു നല്ല വാർത്തയാണ്. മത ഉറവിടങ്ങളിൽ നിന്നുപോലും മിക്കയാളുകളും കേട്ടിരിക്കുന്ന ദൂതുകളിൽ നിന്നു ഭിന്നമാണത് എന്നതുകൊണ്ട് അതൊരു പുതിയ വാർത്തയുമാണ്.
നമ്മുടെ പൊതുയുഗത്തിന്റെ ഒന്നാം ശതകത്തിൽ ക്രിസ്തീയ മിഷനറിയായിരുന്ന പൗലോസ് ഗ്രീസ്സിലെ ഏതൻസിലായിരിക്കെ മരിച്ചവർക്കുള്ള തിരുവെഴുത്തുപരമായ പ്രത്യാശയെക്കുറിച്ച് സംസാരിച്ചു. ശ്രോതാക്കളിൽ ചിലർ അന്വേഷണ പടുക്കൾ ആയിരുന്നു. പക്ഷേ മററുള്ളവർ അവജ്ഞയോടെയാണ് ശ്രവിച്ചത്. ചില തത്വജ്ഞാനികൾ അവനുമായി സംവാദം തുടരാനാഗ്രഹിച്ചുകൊണ്ടിങ്ങനെ പറഞ്ഞു: “ഈ വിടുവായൻ എന്തു പറയാനാണാഗ്രഹിക്കുന്നത്?” മററു ചിലർ “‘അവൻ അന്യദേവൻമാരുടെ ഒരു പ്രവാചകനാണ്’ എന്ന് ആരോപിച്ചു. യേശുവിനെയും പുനരുത്ഥാനത്തെയും കുറിച്ചുള്ള സുവാർത്ത അവൻ പ്രഖ്യാപിച്ചുകൊണ്ടിരുന്നു എന്നുള്ളതാണ് ഇതിനു കാരണം.” (പ്രവൃത്തി 17:18) അതെ, പൗലോസിനു പറയാനുണ്ടായിരുന്ന സുവാർത്തയിൽ പുനരുത്ഥാനം ഉൾപ്പെട്ടിരുന്നു!
ഭാവിയിലെ ഒരു പുനരുത്ഥാനത്തെ—മരിച്ചവരെ ജീവനോടെ കാണുന്നതിനെ—സംബന്ധിച്ചുള്ള ഒരു ഭാഷണത്തെ നിങ്ങൾ എങ്ങനെ വീക്ഷിക്കും? അത് പ്രയോജനമില്ലാത്ത വ്യർത്ഥ സംസാരമായി അവർക്കു തോന്നുമോ? അല്ലെങ്കിൽ നിങ്ങളുടെ മതപരമായ വിദ്യാഭ്യാസമോ വ്യക്തിപരമായ വീക്ഷണങ്ങളൊ ഹേതുവായി മരിച്ചവർക്കുള്ള പ്രത്യാശ സംബന്ധിച്ച തിരുവെഴുത്തിന്റെ സന്ദേശം നിങ്ങൾക്ക്, അത് ഒരു ‘അന്യദേവനിൽ നിന്നു’ വരുമാറ് എന്നപോലെ പുത്തനോ വിചിത്രമോ ആയിത്തോന്നുമോ?
പൗലോസിനോട് അഥേനക്കാർ ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ കാതുകൾക്ക് വിചിത്രമായ ചില കാര്യങ്ങളാണ് നീ അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഈ കാര്യങ്ങളുടെ സാരം എന്ത് എന്നറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” (പ്രവൃത്തി 17:20) നമ്മുടെ മരിച്ചുപോയവർക്കുവേണ്ടിയും ജീവിക്കുന്ന നമുക്കു വേണ്ടിയും ഉള്ള ബൈബിൾ പ്രത്യാശയെക്കുറിച്ചു കൂടുതൽ അറിയാൻ നിങ്ങളാഗ്രഹിക്കുന്നുവോ? അങ്ങനെയെങ്കിൽ പിൻവരുന്ന ലേഖനം നിങ്ങളിൽ താൽപ്പര്യം ഉണർത്തും. (w89 6/15)