വത്തിക്കാൻ കൈയെഴുത്തു പ്രതിയുടെ മർമ്മം
കോഡക്സ് വത്തിക്കാനസ് 1209, 1475-ാമാണ്ടിൽ തയ്യാറാക്കിയ വത്തിക്കാൻ ലൈബ്രറിയിലെ ആദ്യ കാററലോഗിൽ പ്രത്യക്ഷപ്പെടുന്നു. അത് അവിടെ എങ്ങനെ എത്തിയെന്ന് ആർക്കും അറിഞ്ഞുകൂടാ. അത് ഇന്നോളം നിലനിന്നിരിക്കുന്ന മൂന്നു വലിയ ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ ഒന്നാണ്. അതിന്റെ സമകാലികരായ നാലാം നൂററാണ്ടിലെ സൈനാററിക്കസിനോടും അഞ്ചാം നൂററാണ്ടിന്റെ പ്രാരംഭത്തിലെ അലക്സാണ്ട്രിനസിനോടും ഒപ്പം അതിന് സ്ഥാനമുണ്ട്.
ഈ വത്തിക്കാൻ കൈയെഴുത്തുപ്രതിയുടെ പ്രാധാന്യം 16-ാം നൂററാണ്ടിന്റെ പ്രാരംഭകാലത്തെ പണ്ഡിതൻമാർക്ക് സുവിദിതമായിരുന്നെങ്കിലും അതു പരിശോധിക്കാൻ അധികംപേർ അനുവദിക്കപ്പെട്ടിരുന്നില്ല. വത്തിക്കാൻ ലൈബ്രറി 1669-ൽ ഈ കൈയെഴുത്തു പ്രതിയുടെ വിവിധ വായനകൾ കൂട്ടിച്ചേർത്തിരുന്നു, എന്നാൽ അതു നഷ്ടപ്പെട്ടിട്ട് 1819 വരെ കണ്ടുപിടിക്കപ്പെട്ടില്ല.
ഫ്രാൻസിലെ നെപ്പോളിയൻ ചക്രവർത്തി 1809-ൽ റോമാ പിടിച്ചടക്കുകയും ഈ വിലപ്പെട്ട കൈയെഴുത്തുപ്രതി പാരീസിലേക്കു കൊണ്ടുപോവുകയും ചെയ്തു. അവിടെ അത് ഒരു പ്രശസ്ത പണ്ഡിതനായിരുന്ന ലീയോണാർഡ് ഹഗ്ഗിനാൽ പരിശോധിക്കപ്പെട്ടു. എന്നാൽ നെപ്പോളിയന്റെ പതനത്തോടെ ഈ കൈയെഴുത്തുപ്രതി 1815-ൽ വത്തിക്കാനിലേക്ക് തിരികെ അയക്കപ്പെട്ടു. അടുത്ത 75 വർഷക്കാലം വത്തിക്കാൻ അത് ഒളിച്ചുവെച്ചിരുന്നതിനാൽ വീണ്ടും അത് ഒരു നിഗൂഢ വസ്തുവായിരുന്നു.
ലോകത്തിലെ ഏററവും വലിയ കൈയെഴുത്തുപണ്ഡിതൻമാരിൽ ഒരാളായിരുന്ന കോൺസ്ററാൻറിൻ വോൺ ററിസൻഡോർഫ് 1843-ൽ പല മാസങ്ങളിലെ കാത്തിരിപ്പിനുശേഷം വെറും ആറു മണിക്കൂർ സമയം അതു പരിശോധിക്കാൻ അനുവദിക്കപ്പെട്ടു. 2 വർഷം കഴിഞ്ഞ് ഇംഗ്ലീഷ് പണ്ഡിതനായ ഡോ. ട്രെഗല്ലസ് അത് പഠിക്കാനല്ല പിന്നെയോ കാണാൻ അനുവദിക്കപ്പെട്ടു. അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു: “ഞാൻ മിക്കപ്പോഴും ഈ കൈയെഴുത്തുപ്രതി കണ്ടെന്നുള്ളത് വാസ്തവം, എന്നാൽ അത് ഉപയോഗിക്കാൻ അവർ എന്നെ അനുവദിക്കുമായിരുന്നില്ല, എന്റെ പോക്കററുകൾ പരിശോധിച്ചിട്ട് പേനയും മഷിയും കടലാസ്സും നീക്കം ചെയ്തശേഷം മാത്രമേ അതു തുറക്കാൻ എന്നെ അനുവദിക്കുമായിരുന്നുള്ളു; അതേസമയം രണ്ടു പ്രിലേററികൾ [പുരോഹിതൻമാർ] ലത്തീനിൽ എന്നേക്കൊണ്ട് നിരന്തരം സംഭാഷിപ്പിച്ചുകൊണ്ടിരുന്നു, ഞാൻ ഏതെങ്കിലും വാക്യത്തിൽ വളരെനേരം നോക്കിക്കൊണ്ടിരുന്നാൽ അവർ എന്റെ കൈയിൽ നിന്ന് പുസ്തകം പിടിച്ചുപറിക്കുമായിരുന്നു.”
റോമൻകത്തോലിക്കാസഭ അതിന്റെ വിലതീരാത്ത കൈയെഴുത്തുപ്രതി ലോകത്തെ കാണിക്കുന്നതിന് ഇത്ര വിമുഖമായിരുന്നത് എന്തുകൊണ്ട്?
എന്തുകൊണ്ട് ഒളിച്ചുവെക്കപ്പെട്ടു?
റോമൻകത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം വിശുദ്ധ തിരുവെഴുത്തുകളുടെ ലത്തീൻവൾഗേററ് ഭാഷാന്തരം ആണ് “പ്രമുഖ പ്രമാണം.” 1943-ാമാണ്ടിൽ പ്രസിദ്ധീകരിച്ച പയസ് 12-ാമന്റെ ഡിവൈനോ അഫളാന്റേ സപിരിററു എന്ന ചാക്രികലേഖനം പറയുന്നതനുസരിച്ച് ജറോമിന്റെ ഈ നാലാം നൂററാണ്ടിലെ ലത്തീൻ പരിഭാഷ “വിശ്വാസത്തിന്റെയും സൻമാർഗ്ഗങ്ങളുടെയും കാര്യങ്ങളിൽ ഏതു തെററിൽനിന്നും തികച്ചും വിമുക്തം” ആയിരിക്കുന്നതായും വീക്ഷിക്കപ്പെടുന്നു. വൾഗേററ വിവർത്തനം ചെയ്യപ്പെട്ട മൂലപാഠങ്ങളായ എബ്രായ ഗ്രീക്ക് പാഠങ്ങളെ സംബന്ധിച്ചെന്ത്? ഇവ വൾഗേററിന്റെ പ്രാമാണ്യത്തെ ‘സ്ഥിരീകരിക്കാൻ’ മൂല്യവത്താണെന്ന് ചാക്രികലേഖനം പറയുന്നു. അതുകൊണ്ട് യാതൊരു ഗ്രീക്കു കൈയെഴുത്തുപ്രതിയും, വത്തിക്കാൻ കോഡക്സ് പോലും ലത്തീൻ വൾഗേററ പോലെ ആധികാരികമാണെന്ന് ഒരിക്കലും പരിഗണിക്കപ്പെട്ടിരുന്നില്ല. റോമൻകത്തോലിക്കാസഭ സ്വീകരിച്ച ഈ നിലപാട് സ്വാഭാവികമായി പ്രശ്നങ്ങൾ വരുത്തിക്കൂട്ടി.
ദൃഷ്ടാന്തത്തിന്, 16-ാം നൂററാണ്ടിലെ പണ്ഡിതനായിരുന്ന ഇറാസ്മസ് തന്റെ ഗ്രീക്ക് പുതിയനിയമം വിവർത്തനം ചെയ്തപ്പോൾ അദ്ദേഹം 1 യോഹന്നാൻ 5-ാം അദ്ധ്യായം 7ഉം 8ഉം വാക്യങ്ങളിലെ കള്ളവചനങ്ങൾ വിട്ടുകളയുന്നതിന് വത്തിക്കാൻ കോഡക്സിന്റെ പ്രാമാണ്യത്തെ ആശ്രയിച്ചു. ഇറാസ്മസ് ശരിയായിരുന്നു, എന്നിരുന്നാലും 1897 വരെയും ലിയോ 13-ാമൻ പാപ്പാ തെററായ ലത്തീൻപാഠം മുറുകെ പിടിച്ചിരുന്നു. ആധുനിക റോമൻകത്തോലിക്കാ വിവർത്തനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ മാത്രമാണ് ഈ പാഠസംബന്ധമായ തെററ് സമ്മതിക്കപ്പെട്ടത്.
കോഡക്സ് സൈനാററിക്കസ് പത്തൊൻപതാം നൂററാണ്ടിന്റെ അവസാനഭാഗത്ത് ലോകത്തിനു വെളിപ്പെടുത്തപ്പെട്ടപ്പോൾ തങ്ങളുടെ കോഡക്സ് വത്തിക്കാനസിന് പ്രാധാന്യം നഷ്ടപ്പെടുന്നതിന്റെ അപകടത്തിലാണെന്ന് റോമൻകത്തോലിക്കാ പ്രാമാണികർക്ക് ബോധ്യമായി. നൂററാണ്ടിന്റെ അവസാനത്തോടെ നല്ല ഫോട്ടോഗ്രാഫിക് പ്രതികൾ ഒടുവിൽ ലഭ്യമായി.
ഈ കൈയെഴുത്തുപ്രതിക്ക് 759 താളുകളുണ്ട്. അതിൽ ഉൽപ്പത്തിയുടെ അധികഭാഗവും ചില സങ്കീർത്തനങ്ങളും ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ അവസാന ഭാഗങ്ങളും ഇല്ല. അത് വളരെ നേർത്ത, കട്ടികുറഞ്ഞ ചർമ്മപത്രത്തിൻമേലാണ് എഴുതപ്പെട്ടിരിക്കുന്നത്. അത് കലമാൻതോലുകളിൽ ലളിതവും വിശിഷ്ടവുമായ രീതിയിൽ നിർമ്മിച്ചിരിക്കുന്നതായി വിചാരിക്കപ്പെടുന്നു. അതിന്റെ ഔദ്യോഗിക നാമധേയം കോഡക്സ് ബി എന്നാണ്. ഇന്ന് അത് വത്തിക്കാൻ ലൈബ്രറിയിൽ കാണാൻ കഴിയും. അതു മേലാൽ മറഞ്ഞിരിക്കുന്നില്ല, അതിന്റെ മൂല്യം ഒടുവിൽ ലോകത്തുടനീളം മനസ്സിലാക്കപ്പെടുകയും വിലമതിക്കപ്പെടുകയും ചെയ്യുന്നു. (w89 5/1)
[29-ാം പേജിലെ ചിത്രം]
പ്രാധാന്യമുള്ള കോഡക്സ് വത്തിക്കാനസ് 1209 നൂററാണ്ടുകളിൽ വത്തിക്കാൻ ഒളിച്ചുവെച്ചിരുന്നു
[കടപ്പാട]
Facsimile from Codices E Vaticanis Selecti