മഹാബാബിലോൻ—വീണിരിക്കുന്നു, ന്യായംവിധിക്കപ്പെട്ടിരിക്കുന്നു
“അവൾ വീണിരിക്കുന്നു! തന്റെ ദുർവൃത്തിയുടെ ക്രോധവീഞ്ഞ് സകല ജനതകളെയും കുടിപ്പിച്ച മഹാബാബിലോൻ വീണിരിക്കുന്നു!” “മഹാബാബിലോൻ വീണിരിക്കുന്നു, അവൾ ഭൂതങ്ങളുടെ ഒരു നിവാസസ്ഥലവും സകല അശുദ്ധ ഉച്ഛ്വസനത്തിന്റെയും പതുങ്ങൽസ്ഥലവും അശുദ്ധവും വെറുക്കപ്പെട്ടതുമായ ഏതു പക്ഷിയുടെയും പതുങ്ങൽസ്ഥലവും ആയിത്തീർന്നിരിക്കുന്നു!”—വെളിപ്പാട് 14:8; 18:2.
ഞെട്ടിക്കുന്ന എന്തോരു പ്രവചനം! “മഹാബാബിലോൻ വീണിരിക്കുന്നു!” നൂററാണ്ടുകളിൽ ഈ പ്രതീകാത്മക പ്രസ്താവന ബൈബിൾവിദ്യാർത്ഥികളെ അമ്പരിപ്പിച്ചിട്ടുണ്ട്. അത് നിങ്ങൾക്ക് താൽപര്യമുളവാക്കേണ്ടതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, ബൈബിൾപ്രവചനമനുസരിച്ച്, മഹാബാബിലോന്റെ ഭാവി പെട്ടെന്നുതന്നെ സകല മനുഷ്യവർഗ്ഗത്തെയും ബാധിക്കും. നാം ഈ മാസികയുടെ ഏപ്രിൽ 1-ലെയും മെയ് 1-ലെയും ലക്കങ്ങളിൽ കണ്ടതുപോലെ സ്വാധീനമുള്ള ഈ വേശ്യ സാത്താന്റെ വ്യാജമതലോകസാമ്രാജ്യമാണെന്ന് വ്യക്തമായി തിരിച്ചറിയപ്പെട്ടിരിക്കുന്നു.a
എന്നാൽ ഏതു വിധത്തിലാണ് അവൾ വീണിരിക്കുന്നത്? എപ്പോൾ?
ബാബിലോൻ വീണെങ്കിലും നശിപ്പിക്കപ്പെട്ടില്ല
മഹാബാബിലോന്റെ വീഴ്ചയുടെ പൂർണ്ണപ്രാധാന്യം ഗ്രഹിക്കുന്നതിന് നാം ക്രി. മു. 539-ൽ പുരാതന ബാബിലോൻ വീണപ്പോൾ എന്തു സംഭവിച്ചുവെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ആ കാലത്ത് ദൈവജനമായ ഇസ്രയേൽ ഏതാണ്ട് 70 വർഷത്തോളം അടിമത്വത്തിലായിരുന്നു. ഇപ്പോൾ അവരുടെ പ്രവാചകൻമാരുടെ വാക്കുകളനുസരിച്ചുള്ള ഒരു വിടുതലിനുവേണ്ടി അവർ പ്രതീക്ഷിക്കുകയായിരുന്നു. (യിരെമ്യാവ് 25:11, 12; 29:10) പേർഷ്യക്കാരനായ കോരേശ് ബാബിലോന്റെ വീഴ്ചക്കിടയാക്കുകയും തങ്ങളുടെ വിശുദ്ധനഗരമായ യെരൂശലേമിലേക്ക് തിരികെ പോകുന്നതിന് യഹൂദൻമാരെ വിട്ടയക്കുകയും ചെയ്തപ്പോൾ അവർ എത്ര പുളകിതരായിരുന്നിരിക്കണം!—യെശയ്യാവ് 45:1-4.
എന്നിരുന്നാലും, യഹൂദൻമാരുടെമേലുള്ള ബാബിലോന്റെ അധികാരം തകർന്നപ്പോൾ അത് പുരാതനബാബിലോന്റെ അവസാനത്തേ അർത്ഥമാക്കിയില്ല. ചരിത്രകാരിയായ ജോവാൻ ഓട്സ് ബാബിലോൻ എന്ന തന്റെ പുസ്തകത്തിൽ എഴുതുന്നു: “കോരേശ് വിജയോത്സവത്തോടെ ബാബിലോനിൽ പ്രവേശിക്കുകയും കൊള്ളയെ വിലക്കുകയും ഒരു പേർഷ്യൻഗവർണരെ നിയമിക്കുകയും മതസ്ഥാപനങ്ങളെയും സിവിൾ ഭരണത്തെയും മാററം വരുത്താതെ വിടുകയും ചെയ്തു. . . . തീർച്ചയായും ബാബിലോന്യപൗരൻമാരുടെ സ്വകാര്യജീവിതത്തിന് പേർഷ്യൻഭരണത്തിൻകീഴിൽ പുറമേ വളരെ കുറച്ചു മാററമേ ഉണ്ടായതായി കാണുന്നുള്ളു. മതസമ്പ്രദായങ്ങൾ സംരക്ഷിക്കപ്പെടുകയും വ്യാപാരപ്രവർത്തനം അഭിവൃദ്ധിപ്പെടുകയുംചെയ്തു.” അങ്ങനെ, ബാബിലോനു വീഴ്ച ഭവിച്ചെങ്കിലും അവൾ തുടർന്നു പ്രവർത്തിച്ചു. എന്നാൽ ഒരു വലിയ വ്യത്യാസമുണ്ടായിരുന്നു—ദൈവജനമായ ഇസ്രായേൽ മേലാൽ അടിമകളായി നിർത്തപ്പെട്ടിരുന്നില്ല. അവർ സത്യാരാധന പുനഃസ്ഥാപിക്കുന്നതിന് യെരൂശലേമിലേക്കു മടങ്ങിപ്പോയി.
ഗ്രീക്ക് ജനറലായിരുന്ന മഹാനായ അലക്സാണ്ടർ ക്രി. മു. 331-നോടടുത്ത് ബാബിലോനിൽ പ്രവേശിച്ചപ്പോൾ പൗരൻമാർ അയാളെ ഊഷ്മളമായി സ്വാഗതംചെയ്തു. അതിനെ തന്റെ പൗരസ്ത്യ തലസ്ഥാനമാക്കിത്തീർക്കണമെന്ന് അയാൾ തീരുമാനിച്ചു, എന്നാൽ തന്റെ അഭീഷ്ടം സാധിക്കാൻ കഴിയുന്നതിനു മുമ്പ് അയാൾ മരിച്ചു. ആ വൈകിയ തീയതിയിൽ പോലും ബാബിലോൻ തഴച്ചുനിന്നിരുന്നുവെന്ന് ഇതു പ്രകടമാക്കുന്നു.
അങ്ങനെ, ക്രി.മു. 539-ലെ ബാബിലോന്റെ വീഴ്ച അതിന്റെ അസ്തിത്വം നിലച്ചുവെന്ന് അർത്ഥമാക്കിയില്ല. അത് നൂററാണ്ടുകളോളം തുടർന്നു പ്രവർത്തിച്ചു. മഹാബാബിലോൻ ഉൾപ്പെടുന്ന പ്രവചനങ്ങളുടെ ആധുനികനിവൃത്തിയിൽ ഇത് എങ്ങനെ പ്രതിഫലിച്ചിരിക്കുന്നു?
മഹാബാബിലോന് ഒരു വീഴ്ച അനുഭവപ്പെടുന്നു
വ്യാജമതലോകസാമ്രാജ്യമായ പ്രതീകാത്മക മഹാബാബിലോന്റെ വീഴ്ചയിൽ അതിന് സമാന്തരത്വമുണ്ട്. നമ്മുടെ 20-ാം നൂററാണ്ടിന്റെ പൂർവഭാഗത്ത്, 1919നു മുമ്പ്, യഹോവയുടെ സാക്ഷികൾ—അന്ന് അറിയപ്പെട്ടിരുന്നതുപോലെ, ബൈബിൾവിദ്യാർത്ഥികൾ—വ്യാജമതത്തിന്റെ ആശയങ്ങളോടും ആചാരങ്ങളോടുമുള്ള ഒരു തരം ആത്മീയ അടിമത്തത്തിൽനിന്ന് വിടുവിക്കപ്പെടേണ്ടതുണ്ടായിരുന്നു. ത്രിത്വവും അമർത്യദേഹിയുംപോലുള്ള വ്യാജോപദേശങ്ങളെ തള്ളിക്കളഞ്ഞിരുന്നെങ്കിലും അവർ പിന്നെയും ബാബിലോന്യാചാരങ്ങളാൽ കളങ്കപ്പെട്ടിരുന്നു. ചിലർ സ്വഭാവരൂപവൽക്കരണം സംബന്ധിച്ച് സ്വയനീതിയുടെ ഒരു മനോഭാവം വളർത്തിയിരുന്നു. ചിലർ വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററിയുടെ ഒന്നാമത്തെ പ്രസിഡണ്ടായിരുന്ന ചാൾസ് ററി. റസ്സലിനെ കേന്ദ്രീകരിച്ചുള്ള ഒരു വ്യക്തിപൂജയിൽ ഏർപ്പെട്ടുകൊണ്ട് സൃഷ്ടികളെ പുകഴ്ത്തുകയായിരുന്നു. യാതൊരു ബൈബിളടിസ്ഥാനവുമില്ലാതെ അവർ ജൻമദിനങ്ങളും ക്രിസ്മസും ആഘോഷിച്ചുകൊണ്ടിരുന്നു. അവരുടെ ചിന്തയിൽ കുരിശിനു പിന്നെയും പ്രാമുഖ്യമുണ്ടായിരുന്നു. ചിലർ കുരിശിന്റെയും കിരീടത്തിന്റെയും ഒരു ലാപ്പെൽചിഹ്നം ധരിക്കുകപോലും ചെയ്തിരുന്നു. അതേസമയം മററു ചിലർ ക്രൈസ്തവലോകത്തിനു കൊടുക്കപ്പെടുന്ന മാന്യത തേടി. അങ്ങനെയിരിക്കെ, റസ്സലിന്റെ മരണശേഷം അൽപ്പകാലം കഴിഞ്ഞ്, 1917-ൽ ഒരു ഗണ്യമായ മാററം സംഭവിച്ചുതുടങ്ങി.
ആ വർഷത്തിൽ വാച്ച്ററവർ സൊസൈററി പൂർത്തിയായ മർമ്മം എന്ന പേരിൽ വെളിപ്പാടിന്റെ ഒരു ഭാഷ്യം പ്രസിദ്ധപ്പെടുത്തി. ഈ പുസ്തകം അന്ന് യൂറോപ്പിൽ ഉഗ്രമായി നടന്നുകൊണ്ടിരുന്ന മഹായുദ്ധത്തിലെ ഉൾപ്പെടൽ ഉൾപ്പെടെ ക്രൈസ്തവലോകത്തിലെ വൈദികരുടെ പ്രവൃത്തികളെ തുറന്നുകാട്ടി. മഹാബാബിലോന്റെ കാനഡായിലെ പ്രതിനിധികളുടെ ഒരു ഘടകമായിരുന്ന പ്രോട്ടസ്ററൻറ് വൈദികരിൽ ചിലർ ഈ ഉദ്ധരണികളെ കനേഡിയൻഗവൺമെൻറിലെ തങ്ങളുടെ രാഷ്ട്രീയ ആത്മസുഹൃത്തുക്കളെ കാണിക്കുകയും ബൈബിൾ വിദ്യാർത്ഥികളെ രാജ്യദ്രോഹികളായി അപലപിക്കുകയും ചെയ്തു. 1918 ഫെബ്രുവരി 12-ന് വാച്ച്ററവർ സൊസൈററി കാനഡായിൽ നിരോധിക്കപ്പെട്ടു.
ഐക്യനാടുകളിലെ വൈദികർ തങ്ങളുടെ കനേഡിയൻസഹോദരൻമാരുടെ ദൃഷ്ടാന്തം അനുസരിക്കാൻ അമാന്തിച്ചില്ല. ദിവസങ്ങൾക്കുള്ളിൽ വാച്ച്ററവർ പ്രസിദ്ധീകരണങ്ങൾ യു.എസ്.എ. കാലിഫോർണിയായിലെ ലോസ് ആൻജലിസിൽ കണ്ടുകെട്ടി. പിന്നീട് 1918 മെയ്യിൽ വാച്ച്ററവർ സൊസൈററിയുടെ പുതിയ പ്രസിഡണ്ടായിരുന്ന ജെ. എഫ്. റതർഫോർഡിന്റെയും വേറെ ഏഴ് വാച്ച്ററവർ സഹകാരികളുടെയും അറസ്ററിനു വാറണ്ടു പുറപ്പെടുവിക്കപ്പെട്ടു. അതിശയിപ്പിക്കുന്ന വേഗതയിൽ ജൂണിൽ ഈ ക്രിസ്തീയപുരുഷൻമാർ ഒരു കോടതിമുമ്പാകെ വരുത്തപ്പെടുകയും കുററംവിധിക്കപ്പെടുകയുംചെയ്തു. ഏഴുപേർ 20 വർഷത്തെ തടവിനും ഒരാൾ 10 വർഷത്തെ തടവിനും വിധിക്കപ്പെട്ടു. വൈദികരുടെ പ്രതികരണമെന്തായിരുന്നു? ആധുനിക അമേരിക്കൻമതം—അതിന്റെയെല്ലാം വിരോധാഭാസം എന്ന പുസ്തകത്തിൽ മാർട്ടിൻ മാർട്ടി ഇങ്ങനെ പ്രസ്താവിക്കുന്നു: “വൈദികർ [പിന്നീട് യഹോവയുടെ സാക്ഷികളെന്നറിയപ്പെട്ട] റസ്സലുകാർക്കെതിരെ തിരിയുകയും കുററംചുമത്തപ്പെട്ട യഹോവയുടെ സാക്ഷികളുടെ നേതാക്കളുടെമേൽ 20 വർഷത്തെ തടവുവിധികൾ നടപ്പിലാക്കുമെന്നുള്ളതിൽ സന്തോഷിക്കുകയും ചെയ്തു.” മഹാബാബിലോന്റെ പ്രതിനിധികൾ ചിരിക്കുകയായിരുന്നു. ഒടുവിൽ ചിരിക്കുന്നയാൾ ഏററം നന്നായി ചിരിക്കുന്നുവെന്നതിനെ അവർ അവഗണിച്ചു.
അങ്ങനെ, 1918-ൽ ബാബിലോന്റെ കീഴിലെ പ്രതീകാത്മക അടിമത്തം യഹോവയുടെ ജനത്തിൽ ചിലരുടെ ഒരു അക്ഷരീയ തടവുമായിത്തീർന്നു. ബൈബിൾവിദ്യാർത്ഥികളുടെ പീഡനം ഐക്യനാടുകളിലും കാനഡായിലും മററു രാജ്യങ്ങളിലും അലയടിച്ചു. പട്ടണങ്ങളിൽനിന്ന് അവരെ പായിക്കാൻ ദേശീയത്വവൈദികർ ജനക്കൂട്ടങ്ങളെ സംഘടിപ്പിച്ചു. ബൈബിൾവിദ്യാർത്ഥികളുടെമേൽ താറൊഴിക്കുകയും തൂവലുകളൊട്ടിക്കുകയും കുറുവടികൾകൊണ്ടടിക്കുകയുംചെയ്തു. ആത്മാർത്ഥതയുള്ള ഈ ചെറിയ ന്യൂനപക്ഷത്തിനെതിരെ അനീതിയുടെ ലജ്ജാകരമായ ഒരു രേഖ സ്ഥാപിക്കപ്പെട്ടു.b
പിന്നീട്, 1919-ൽ അപ്രതീക്ഷിതമായി കാര്യങ്ങൾ പിമ്പോട്ടടിച്ചു. 1918 നവംബറിൽ മഹായുദ്ധം അവസാനിച്ചിരുന്നു. വാച്ററവർ സൊസൈററിയുടെ ഉദ്യോഗസ്ഥൻമാർക്കെതിരായുള്ള വിധികൾ നീതിയുടെ അലസൽ എന്ന നിലയിൽ അപ്പീൽചെയ്യപ്പെട്ടു. തങ്ങളുടെ മതശത്രുക്കളെ കുപിതരാക്കുമാറ് റതർഫോർഡും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും തടവിൽനിന്നു മോചിതരായി. മാർട്ടി പ്രസ്താവിക്കുന്നപ്രകാരം: “ഓർത്തഡോക്സ് പള്ളിയംഗങ്ങൾക്ക് സന്തോഷമില്ലായിരുന്നു.” ഒടുവിൽ, കുററംവിധിക്കപ്പെട്ടവരെല്ലാം പൂർണ്ണമായും കുററരഹിതരെന്നു പ്രഖ്യാപിക്കപ്പെട്ടു. പിൽക്കാലത്ത് പയസ് 11-ാമൻ പാപ്പായാൽ “സെൻറ് ഗ്രിഗറിയുടെ ക്രമപ്രകാരമുള്ള പ്രഭു” ആക്കപ്പെട്ട മുൻവിധിക്കാരനായ കത്തോലിക്കാന്യായാധിപൻ മാർട്ടിൻ ററി. മാൻറൻ എട്ടു സാക്ഷികൾക്ക് ജാമ്യംനിഷേധിക്കുകയും അങ്ങനെ ഒൻപതു മാസക്കാലത്തെ അവരുടെ അന്യായമായ തടങ്കലിനിടയാക്കുകയും ചെയ്തിരുന്നു. പിന്നീട് 1939-ൽ കൈക്കൂലിവാങ്ങിയതിന് അയാൾതന്നെ തടവിലാക്കപ്പെട്ടപ്പോൾ അയാളുടെ തനിനിറം പ്രകടമായി!
1919-ൽ റതർഫോർഡും സഹപ്രവർത്തകരും തടവിൽനിന്നു മോചിതരായപ്പോൾ അവർ വാച്ച്ററവർ സൊസൈററിയുടെ ബ്രൂക്ക്ളിൻ ഹെഡ്ക്വാട്ടേഴ്സിലേക്കു മടങ്ങി. അനന്തരം അവർ ലോകം അറിഞ്ഞിട്ടുള്ളതിലേക്കും ഏററവും വലിയ രാജ്യപ്രസംഗപ്രസ്ഥാനം പുനഃസംഘടിപ്പിക്കുന്നതിലേർപ്പെട്ടു. ബൈബിൾവിദ്യാർത്ഥികൾ മാനുഷഭയത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞിരുന്നു. ഇപ്പോൾ സകല വ്യാജമതത്തോടുമുള്ള ബന്ധത്തിൽ തങ്ങൾ എവിടെ നിലകൊള്ളുന്നുവെന്ന് അവർ വ്യക്തമായി കണ്ടു. മഹാബാബിലോൻ അവരുടെ നിർദ്ദയ ശത്രു ആയിരുന്നു, അവൾ വീണുപോയതായി തുറന്നുകാട്ടണമായിരുന്നു. ജനതകളുടെ ഇടയിൽ സത്യാരാധന പുനഃസ്ഥാപിക്കണമായിരുന്നു.
ആ നിർഭയരായ ക്രിസ്ത്യാനികൾ തങ്ങളുടെ വീടുതോറുമുള്ള ശുശ്രൂഷ ഊർജ്ജിതപ്പെടുത്തി. അവർ “മതം ഒരു കെണിയും ഒരു വഞ്ചനയുമാണ്,” “ദൈവത്തെയും രാജാവായ ക്രിസ്തുവിനെയും സേവിക്കുക” എന്നിങ്ങനെ പ്രസ്താവിച്ച പ്ലക്കാർഡുകൾ ധരിച്ച് വ്യാജമതത്തെ തുറന്നുകാട്ടിക്കൊണ്ട് പരസ്യമായി പരേഡ് നടത്തി. പുരാതനബാബിലോനിലെപ്പോലെ വ്യാജമതം പിന്നെയും തഴച്ചുവളരുകയും പ്രവർത്തിക്കുകയുംചെയ്തുകൊണ്ടിരുന്നു. എന്നാൽ യഹോവയുടെ സാക്ഷികളോടുള്ള ബന്ധത്തിൽ മഹാബാബിലോൻ 1919-ൽ വീണിരുന്നു. അവർ ബാബിലോന്യനിയന്ത്രണത്തിൽനിന്ന് സ്വതന്ത്രരായി!
ബാബിലോന്റെ കുറഞ്ഞുവരുന്ന സ്വാധീനം
ഇപ്പോൾ 70 വർഷം കഴിഞ്ഞ്, ഭൂമിയുടെ അനേകം ഭാഗങ്ങളിൽ മഹാബാബിലോന്റെ സ്വാധീനം കുറഞ്ഞിട്ടുണ്ടെന്ന് നമുക്കു കാണാൻ കഴിയും. ഐക്യനാടുകളിൽ മതം ഇപ്പോഴും തഴച്ചുവളരുന്നതായി തോന്നുന്നുവെന്നതു സത്യംതന്നെ. അവിടെ ജനസംഖ്യയുടെ കൂടുതൽ വൈകാരികമായ ഒരു വിഭാഗം ററി.വി. സുവിശേഷകൻമാരാലും മതമനഃശാസ്ത്രജ്ഞൻമാരാലും ചൂഷണംചെയ്യപ്പെടുകയാണ്. എന്നിരുന്നാലും ഈ ഭൗതികാസക്ത മതപണ്ഡിതമ്മന്യൻമാരിൽ ചിലർപോലും മുഖംമൂടി മാററി അവമാനിക്കപ്പെട്ടു. കൊറിയൻ റിപ്പബ്ലിക്കിൽ മതം തഴച്ചുവളരുന്നതായി കാണപ്പെടുന്നുണ്ട്, അവിടെ ക്രൈസ്തവലോകത്തിലെ മതങ്ങൾ രാഷ്ട്രീയത്തിൽ ആഴമായി ഉൾപ്പെട്ടിരിക്കുന്നു. മഹാബാബിലോൻ “വീണെ”ങ്കിലും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്ന് സ്പഷ്ടമാണ്.
എന്നിരുന്നാലും, ലോകയുദ്ധങ്ങൾക്കു പിന്നാലെ ഓർത്തഡോക്സ് മതത്തിന് ജർമ്മനി, ഡൻമാർക്ക്, സ്വീഡൻ, ബ്രിട്ടൻ, എന്നിങ്ങനെയുള്ള രാജ്യങ്ങളിൽ അതിന്റെ ബഹുജനപിന്തുണ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇററലി, സ്പെയിൻ, ഫ്രാൻസ് എന്നിങ്ങനെയുള്ള കത്തോലിക്കാരാജ്യങ്ങളിൽ പോലും കുമ്പസാരം, കുറുബാനകാണൽ എന്നിങ്ങനെയുള്ള പരമ്പരാഗത കത്തോലിക്കാചാരങ്ങളിൽനിന്നുള്ള ഒരു വീഴ്ച ദൃശ്യമാണ്. പൗരോഹിത്യത്തിനുവേണ്ടി പഠിക്കുന്നവരുടെ സംഖ്യ കുറഞ്ഞുപോയിരിക്കുന്നു. ഇപ്പോഴത്തെ പാപ്പാ ചരിത്രത്തിലെ മറേറതൊരു പാപ്പായെയുംകാളധികം ലോകസഞ്ചാരം നടത്തേണ്ടതിന്റെ ആവശ്യം അറിയുന്നുവെന്ന വസ്തുതതന്നെ പ്രതിസന്ധിയിലായ ഒരു സഭയുടെ ലക്ഷണമാണ്.
കൂടാതെ, 1917 മുതൽ മിക്ക സോഷ്യലിസ്ററ് രാജ്യങ്ങളും മതത്തെ ഒരു ചെറിയ റോളിലേക്ക് തള്ളിയിരിക്കുന്നു. അതിന്റെ മുൻരാഷ്ട്രീയസ്വാധീനത്തെ വെട്ടിച്ചുരുക്കുകയുംചെയ്തിരിക്കുന്നു. പാരമ്പര്യമതം ഒരു ലോകതോതിൽ ഇപ്പോഴും വളരെയധികം വിദ്വേഷത്തിനും രക്തച്ചൊരിച്ചിലിനും കാരണമായിരിക്കുന്നതുകൊണ്ട് ചിന്തകരായ അനേകമാളുകൾ പാശ്ചാത്യമോ പൗരസ്ത്യമോ ആയ സകല മതത്തിൽനിന്നും അകന്നുമാറിയിരിക്കുന്നു. അതെ, മഹാബാബിലോൻ ഇരിക്കുന്ന പ്രതീകാത്മക വെള്ളങ്ങൾ, അവളുടെ നിയന്ത്രണത്തിലുള്ള ജനങ്ങൾ, വററിപ്പോകുകയാണ്. മഹാബാബിലോൻ ന്യായംവിധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്, അവളുടെ വിധിനിർവഹണം അടുത്തുവരുകയാണ്.—വെളിപ്പാട് 16:12; 17:1, 15.
ബാബിലോൻ—ന്യായംവിധിക്കപ്പെടുന്നതിനു കാരണം
വ്യാജമതലോകസാമ്രാജ്യത്തെ ന്യായംവിധിക്കുന്നതിന് യഹോവക്ക് എന്തടിസ്ഥാനമുണ്ട്? വിവിധ മതങ്ങൾ പ്രോൽസാഹിപ്പിച്ചിരിക്കുന്ന സ്കൂളുകളെയും ആശുപത്രികളെയും ധർമ്മപ്രവൃത്തികളെയുമെല്ലാം അവൻ ആനുകൂല്യത്തോടെ വീക്ഷിക്കേണ്ടതാണെന്ന് ചിലർ വിചാരിച്ചേക്കാം. എന്നാൽ ലോകമതങ്ങൾക്കെതിരെ യഹോവ കൊണ്ടുവരുന്ന കുററാരോപണത്തോട് അതെല്ലാം എങ്ങനെ പൊരുത്തപ്പെടുന്നു? ആ കുററപത്രത്തെയും മതത്തിന്റെ രേഖയേയും നമുക്ക് ചുരുക്കമായി പരിശോധിക്കാം.c
“ഏഴു കലശങ്ങളുണ്ടായിരുന്ന ഏഴു ദൂതൻമാരിൽ ഒരുത്തൻ വന്ന് എന്നോടു സംസാരിച്ചുപറഞ്ഞു: ‘വരുവിൻ, അനേകം വെള്ളങ്ങളുടെമേൽ ഇരിക്കുന്ന മഹാവേശ്യയുടെ ന്യായവിധി ഞാൻ നിന്നെ കാണിക്കാം, അവളുമായി ഭൂമിയിലെ രാജാക്കൻമാർ ദുർവൃത്തിയിലേർപ്പെട്ടു, അതേസമയം, ഭൂമിയിൽ വസിക്കുന്നവർ അവളുടെ ദുർവൃത്തിയുടെ വീഞ്ഞിനാൽ മത്തരാക്കപ്പെട്ടു.’” (വെളിപ്പാട് 17:1, 2) 1989 ഏപ്രിൽ 1-ലെയും മെയ് 1-ലെയും ലക്കങ്ങളിൽ ഞങ്ങൾ വ്യക്തമായി കാണിച്ചുതന്നതുപോലെ “ഭൂമിയിലെ രാജാക്കൻമാരായ” ദേശീയ നേതാക്കളുമായുള്ള മതത്തിന്റെ പങ്കാളിത്തത്തെ സ്വാർത്ഥമതിയായ, ദുർവൃത്തയായ ഒരു വേശ്യയുടെ പെരുമാററത്തോട് താരതമ്യപ്പെടുത്താവുന്നതാണ്, അത് ചരിത്രത്തിലുടനീളം ജനങ്ങൾക്ക് ഹാനികരമായിരുന്നു. എന്നാൽ കുററപത്രം തുടരുന്നു.
“സ്ത്രീ വിശുദ്ധൻമാരുടെ രക്തവും യേശുവിന്റെ സാക്ഷികളുടെ രക്തവും കുടിച്ച് മത്തയായിരുന്നതായി ഞാൻ കണ്ടു.” “അതെ, പ്രവാചകൻമാരുടെയും വിശുദ്ധൻമാരുടെയും ഭൂമിയിൽ കൊല്ലപ്പെട്ടിട്ടുള്ള സകലരുടെയും രക്തം അവളിൽ കാണപ്പെട്ടു.” (വെളിപ്പാട് 17:6; 18:24) സാധാരണ ജനങ്ങളുടെ ഭാഷയിൽ ബൈബിൾ വിവർത്തനംചെയ്യാൻ മുതിർന്ന നിരവധി പേരും ബൈബിൾ കൈവശംവെക്കാനും വായിക്കാനും മുതിർന്ന അനേകരും ഉൾപ്പെടെ സത്യക്രിസ്ത്യാനികളെ നൂററാണ്ടുകളിൽ കൊന്നു രക്തസാക്ഷികളാക്കിയതുനിമിത്തം മഹാബാബിലോനെതിരെ രക്തപാതകം ചുമത്തേണ്ടതാണ്. കുറേക്കൂടെ അടുത്ത കാലങ്ങളിൽ, നാസിസത്തിൻകീഴിലോ ഫാസിസത്തിൻകീഴിലോ മററു സ്വേഛാധിപത്യങ്ങളിൻകീഴിലൊ ആയാലും തുറുങ്കുകളിലും തടങ്കൽപാളയങ്ങളിലും രക്തസാക്ഷികളായിത്തീർന്നിട്ടുള്ള സത്യക്രിസ്ത്യാനികൾ നിമിത്തവും മഹാബാബിലോൻ രക്തപാതകിയാണ്. കുററപത്രം “ഭൂമിയിൽ കൊല്ലപ്പെട്ടിട്ടുള്ള സകല”രെയും പരാമർശിക്കുന്നുവെന്ന് കുറിക്കൊള്ളുക. അവരിൽ മതഭക്തരെന്നവകാശപ്പെടുന്നവരാൽ ചരിത്രത്തിലുടനീളം നടത്തപ്പെട്ടിട്ടുള്ള യുദ്ധങ്ങളിലും പ്രതികാരനിർവഹണത്തിലും ലോകവ്യാപകമായി മരണമടഞ്ഞ സഹസ്രലക്ഷങ്ങൾ ഉൾപ്പെട്ടും.—മത്തായി 23:34-36; 2 തിമൊഥെയോസ് 3:5.
മഹാബാബിലോന്റെമേലുള്ള ദൈവത്തിന്റെ വിധി അവളുടെ കുററത്തിന്റെ മറെറാരു വശംനിമിത്തവുംകൂടെയാണ്. വിധി ഇങ്ങനെ പ്രസ്താവിക്കുന്നു: “നിന്റെ ആത്മവിദ്യാചാരങ്ങളാൽ സകല ജനതകളും വഴിതെററിക്കപ്പെട്ടു.” (വെളിപ്പാട് 18:23) രസാവഹമായി, “ആത്മവിദ്യാചാരങ്ങൾ” എന്നത് ഫാർമാക്യാ എന്ന ഗ്രീക്ക്പദത്തിന്റെ പരിഭാഷയാണ്, അത് “മുഖ്യമായി ഔഷധത്തിന്റെയും മയക്കുമരുന്നുകളുടെയും മന്ത്രങ്ങളുടെയും ഉപയോഗത്തെ അർത്ഥമാക്കി; പിന്നീട്, വിഷംകൊടുക്കൽ, അനന്തരം ക്ഷുദ്രം എന്നിവയെയും.”d ഒരു ആത്മീയാർത്ഥത്തിൽ വ്യാജമതം ജനതകൾക്ക് വിഷംകൊടുത്തിരിക്കുകയാണ്, വ്യാജദൈവങ്ങളിലും യഹോവയിൽനിന്നും പരമാധികാരത്തിന്റെ വിവാദവിഷയത്തിൽനിന്നും ശ്രദ്ധയകററുന്ന ഉപദേശങ്ങളിലും വിശ്വസിക്കാൻ അവരെ വഴിതെററിച്ചുകൊണ്ടുതന്നെ. അമർത്യദേഹിയെന്ന തെററായ ഉപദേശത്താൽ വ്യാജമതം സകലതരം ആത്മവിദ്യക്കും ക്ഷുദ്രപ്രയോഗത്തിനുമുള്ള അടിസ്ഥാനമിടുകയും മരിച്ചവരോടുള്ള ഭയത്തിനും പൂർവികൻമാരെയുള്ള ആരാധനക്കും പ്രചോദനമേകുകയുംചെയ്തു. ദൈവത്താലുള്ള മഹാബാബിലോന്റെ കുററവിധി തികച്ചും നീതീകരിക്കപ്പെടുന്നു. യോഹന്നാൻ എഴുതിയപ്രകാരം “അവളുടെ പാപങ്ങൾ ആകാശത്തോളംതന്നെ കുന്നിച്ചിരിക്കുന്നു. ദൈവം അവളുടെ അനീതിപ്രവൃത്തികളെ ഓർത്തിട്ടുമുണ്ട്.”—വെളിപ്പാട് 18:5.
നാം എന്തുചെയ്യണം?
മഹാബാബിലോന്റെ വീഴ്ചഭവിച്ച പദവിയുടെയും ന്യായംവിധിക്കപ്പെട്ട അവസ്ഥയുടെയും വീക്ഷണത്തിൽ, ആത്മാർത്ഥതയുള്ള സത്യസ്നേഹികൾ ഇപ്പോൾ എന്തു ചെയ്യണം? പുരാതനബാബിലോനെ സംബന്ധിച്ച യെശയ്യാവിന്റെ പ്രവചനം ഇന്നത്തെ വ്യാജമതത്തിന് ഏറിയ ശക്തിയോടെ ബാധകമാകുന്നു: “വിട്ടുമാറുവിൻ, വിട്ടുമാറുവിൻ, അവിടെനിന്നു പുറത്തുപോരുവിൻ, അശുദ്ധമായതൊന്നും തൊടരുത്; അവളുടെ നടുവിൽനിന്നു പുറത്തുപോരുവിൻ, യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, നിങ്ങളേത്തന്നെ ശുദ്ധീകരിക്കുവിൻ.” (യെശയ്യാവ് 52:11) ഈ അടിയന്തിരമായ ആഹ്വാനം വെളിപ്പാട് 18:4 ലേതിനോടു സമാന്തരമാണ്. “ആകാശത്തുനിന്നുള്ള മറെറാരു ശബ്ദം ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: ‘എന്റെ ജനമേ, നിങ്ങൾ അവളുടെ പാപങ്ങളിൽ അവളോടുകൂടെ പങ്കുപററാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, നിങ്ങൾ അവളുടെ ബാധകളുടെ ഓഹരി ലഭിക്കാനാഗ്രഹിക്കുന്നില്ലെങ്കിൽ, അവളെ [മഹാബാബിലോനെ] വിട്ടുപോരുക.’”
അതെ, വ്യാജമതവുമായുള്ള സകല ബന്ധങ്ങളും വിച്ഛേദിക്കാനുള്ള സമയമാണിത്. എന്നാൽ നാം മഹാബാബിലോനിൽനിന്ന് പുറത്തുപോരുന്നുവെങ്കിൽ നാം എങ്ങോട്ടു പോകണം? യഹോവയുടെ സാക്ഷികളോടുള്ള സഹവാസത്തിൽ അവന്റെ സത്യാരാധനയിലേക്കുതന്നെ. ഇപ്പോൾത്തന്നെ ഭൂമിയിലെ സകല ജനതകളിൽനിന്നുമുള്ള ദശലക്ഷങ്ങൾ പ്രതീകാത്മകമായ “യഹോവയുടെ പർവത”ത്തിലേക്ക് ഒഴുകുകയാണ്. നിങ്ങളും യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കാനും ഈ സത്യാരാധനയിൽ ചേരാനും ക്ഷണിക്കപ്പെടുന്നു.—യെശയ്യാവ് 2:2-4; 43:10-12.
ഇപ്പോൾ ഈ ചോദ്യം അവശേഷിക്കുന്നു, മഹാബാബിലോൻ വീഴുകയും ന്യായംവിധിക്കപ്പെടുകയും ചെയ്തിരിക്കുന്നുവെങ്കിൽ ദിവ്യ അജണ്ടയിൽ അടുത്തതായി എന്താണുള്ളത്? സാത്താന്റെ വ്യാജമതലോകസാമ്രാജ്യത്തിന് എന്തു സംഭവിക്കാൻ പോകുന്നു? നമ്മുടെ ജൂലൈ 1-ലെ അടുത്ത ലക്കം ബൈബിൾപ്രവചനത്തിന് അനുയോജ്യമായി ആ ചോദ്യം പരിചിന്തിക്കും. (w89 1/1)
[അടിക്കുറിപ്പുകൾ]
a മഹാബാബിലോന്റെ വീഴ്ചയിൽ രാഷ്ട്രീയവും വൻബിസിനസും വിലപിക്കുന്നതായി കാണിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് അവൾക്ക് അവയെ പ്രതീകപ്പെടുത്താൻ കഴികയില്ല. (വെളിപ്പാട് 18:9-11) സാത്താന്റെ ലോകവ്യവസ്ഥിതിയിലെ വേറെ ഏക ഘടകം മതമാണ്. ആത്മവിദ്യയോടുള്ള അവളുടെ ബന്ധങ്ങൾ മതപരമായ തിരിച്ചറിയലിനെ സ്ഥിരീകരിക്കുന്നു.—വെളിപ്പാട് 18:23.
b ഈ പീഡനത്തിന്റെ കൂടുതൽ വിശദാംശത്തിനുവേണ്ടി യഹോവയുടെ സാക്ഷികളുടെ 1975ലെ വാർഷികപ്പുസ്തകം 94-119 വരെ പേജുകൾ കാണുക.
c ഈ വിഷയത്തിന്റെ വിശദമായ ഒരു പരിചിന്തനത്തിനുവേണ്ടി വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ന്യൂയോർക്ക് 1988-ൽ പ്രസിദ്ധപ്പെടുത്തിയ വെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു എന്ന പ്രസിദ്ധീകരണം കാണുക.
d ഡബ്ലിയൂ. ഇ. വൈനിന്റെ പുതിയനിയമപദങ്ങളുടെ വ്യാഖ്യാനനിഘണ്ടു, വാല്യം 4, പേജുകൾ 51-2.
[7-ാം പേജിലെ ചിത്രം]
ബാബിലോൻ ക്രി. മു. 539ൽ വീണെങ്കിലും അത് ശതക്കണക്കിനു വർഷങ്ങളിൽ ഒരു നഗരമെന്ന നിലയിൽ തുടർന്നു പ്രവർത്തിച്ചു