അടയാളം പുതിയ ലോകം സമീപിച്ചിരിക്കുന്നു എന്നതിന്റെ തെളിവ്?
“ജനത ജനതക്കെതിരായും രാജ്യം രാജ്യത്തിനെതിരായും എഴുന്നേൽക്കും; [വിവിധ]സ്ഥലങ്ങളിൽ ക്ഷാമങ്ങളും പകർച്ചവ്യാധികളും ഭൂകമ്പങ്ങളും ഉണ്ടായിരിക്കും.”—മത്തായി 24:7, കിംഗ് ജയിംസ് വേർഷൻ.
ഒന്നാം ലോകമഹായുദ്ധം ഉഗ്രമായി നടന്നുകൊണ്ടിരുന്നപ്പോൾ 1917 ഏപ്രിൽ 15-ലെ വാച്ച്ടവർ ഈ വാക്കുകൾ ഉദ്ധരിക്കുകയും ഇങ്ങനെ പ്രസ്താവിക്കുകയുംചെയ്തു: “ഭൂമിയിലെ മിക്കവാറും എല്ലാ രാഷ്ട്രങ്ങളും മാരകമായ പോരാട്ടത്തിലേർപ്പെട്ടിരിക്കുന്നതുകൊണ്ട് നാം ഇപ്പോൾ ഈ പ്രാവചനിക പ്രസ്താവനയുടെ ഒരു ഭാഗികമായ നിവൃത്തി കാണുന്നുണ്ട്. ലഭ്യമായ ഭക്ഷ്യവസ്തുക്കൾ എല്ലായിടത്തും കുറഞ്ഞുകൊണ്ടിരിക്കുകയാണ്, ജീവിതച്ചെലവ് വർദ്ധിക്കുകയുമാണ്.”
ഇപ്പോൾ 72 വർഷം കഴിഞ്ഞിരിക്കെ, ഈ മാസിക ഇപ്പോഴും ഈ പ്രവചനത്തിലേക്ക് അതിന്റെ വായനക്കാരുടെ ശ്രദ്ധയെ ക്ഷണിക്കുകയാണ്. യേശുക്രിസ്തു നൽകിയ “അടയാള”ത്തിന്റെ ഭാഗമെന്ന നിലയിൽ മൂന്ന് പുരാതന ചരിത്രകാരൻമാർ ഈ പ്രവചനം രേഖപ്പെടുത്തുകയുണ്ടായി.—മത്തായി 24:3, 7; മർക്കോസ്13:4, 8; ലൂക്കോസ് 21:7, 10, 11.
ആയിരത്തിത്തൊള്ളായിരത്തിപ്പതിനാലു മുതൽ യുദ്ധങ്ങളും ക്ഷാമങ്ങളും പകർച്ചവ്യാധികളും മററു വിപത്തുകളും ശതകോടിക്കണക്കിന് ജീവൻ കെടുത്തിക്കളഞ്ഞിട്ടുണ്ട്. ദി ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ (1987) കഴിഞ്ഞ 1,700 വർഷത്തെ 63 “ചരിത്രപരമായ മുഖ്യ ഭൂകമ്പങ്ങൾ” പട്ടികപ്പെടുത്തുന്നു. ഈ മൊത്തത്തിൽ 27 എണ്ണം അല്ലെങ്കിൽ 43 ശതമാനം 1914 മുതൽ പ്രഹരിച്ചിട്ടുള്ളതാണ്. ജറി, ഷാ എന്നീ പ്രൊഫസ്സർമാർ എഴുതിയ റെററാ നോൺ ഫേമാ എന്ന പുസ്തകം കുറേക്കൂടെ ദീർഘമായ ഒരു കാലഘട്ടത്തിലെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ആ ലിസ്ററിലെ “പ്രധാനപ്പെട്ട” മൊത്തം ഭൂകമ്പങ്ങളിൽ 54 ശതമാനം 1914 മുതൽ സംഭവിച്ചവയാണ്.a കഴിഞ്ഞ നൂററാണ്ടുകളിൽനിന്നുള്ള രേഖകൾ അപൂർണ്ണമാണെന്നു സമ്മതിച്ചാൽപോലും നമ്മുടെ കാലത്ത് മനുഷ്യവർഗ്ഗം ഭൂകമ്പങ്ങളാൽ അതിയായി ബാധിക്കപ്പെട്ടിട്ടുണ്ടെന്നുള്ള നിഗമനത്തിൽനിന്ന് നമുക്ക് ഒഴിഞ്ഞുമാറാൻ കഴികയില്ല.
ഹിറോഷിമാ, നാഗസാക്കി എന്നീ ജാപ്പനീസ് നഗരങ്ങളിൽ ആററംബോംബുകൾ പൊട്ടിയപ്പോൾ അതിലും ഭയങ്കരമായ ഒന്നാണ് മനുഷ്യഹൃദയങ്ങളെ ബാധിച്ചത്! ന്യൂക്ലിയർശക്തികൾക്ക് കൂട്ടനാശത്തിനുള്ള വളരെയധികം ആയുധങ്ങൾ കൈവശമുള്ളതുകൊണ്ട് മനുഷ്യരാശി നിർമ്മൂല നാശത്താൽ ഭീഷണിപ്പെടുത്തപ്പെടുകയാണ്. യേശുവിന്റെ പ്രവചനത്തിൽ ചരിത്രകാരനായ ലൂക്കോസ് തുടർന്നു രേഖപ്പെടുത്തുന്നതുപോലെ: “ഭയങ്കരകാഴ്ചകളും ആകാശത്തിൽനിന്ന് വലിയ അടയാളങ്ങളും ഉണ്ടായിരിക്കും . . . ഭൂമിയിൽ പോംവഴിയറിയാത്ത ജനതകളുടെ അതിവേദനയും. . . അതേസമയം മനുഷ്യർ ഭയത്താലും നിവസിതഭൂമിമേൽ സംഭവിക്കുന്ന കാര്യങ്ങളുടെ പ്രതീക്ഷയാലും മോഹാലസ്യപ്പെടുന്നു..”—ലൂക്കോസ് 21:11, 25, 26.
വൻശക്തികൾ തങ്ങളുടെ ആയുധശേഖരത്തിലുള്ള ചില ആയുധങ്ങളുടെ എണ്ണം കുറക്കാൻ സമ്മതിച്ചേക്കാമെങ്കിലും അങ്ങനെയുള്ള സമ്മതങ്ങൾ ഉഗ്രമായ കുററകൃത്യങ്ങളെയും സാമ്പത്തികത്തകർച്ചകളെയും ഭീകരപ്രവർത്തനങ്ങളെയും കുറിച്ചുള്ള മമനുഷ്യന്റെ ഭയത്തെ കുറക്കുകയില്ല. “ഈയിടെ ആളുകളെ ഏററവും ആകുലപ്പെടുത്തുന്നത് അവരുടെ സ്വന്തം സുരക്ഷിതത്വമാണ്. . . . കുററകൃത്യങ്ങൾ ഭ്രാന്തമാണ്. . . സർവ്വവ്യാപകമായ ഒരു ഭയമുണ്ട്” എന്ന് ഒരു ആഫ്രിക്കൻ പത്രം പറയുന്നു. അതെ, “അധർമ്മത്തിന്റെ വർദ്ധനവ്” അടയാളത്തിന്റെ കൃത്യമായ മറെറാരു വിശദാംശമാണെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു.—മത്തായി 24:12.
“സുവാർത്ത”
ഇപ്പോൾ പറഞ്ഞ ദുരന്തസംഭവങ്ങളോടുകൂടെ “സകല നിവസിതഭൂമിയിലും പ്രസംഗിക്കപ്പെടു”ന്ന “സുവാർത്ത” ഉണ്ടായിരിക്കുമെന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് ആശ്വാസം തോന്നും. (മത്തായി 24:14) “സുവാർത്ത” ദൈവരാജ്യത്തെക്കുറിച്ചുള്ളതാണ്. ഇപ്പോൾത്തന്നെ, ആ മനുഷ്യാതീത ലോകഗവൺമെൻറ് വിശ്വസ്തരായ ദശലക്ഷക്കണക്കിന് പ്രജകളെ കൂട്ടിച്ചേർത്തിരിക്കുന്നു. അത് പെട്ടെന്നുതന്നെ മനുഷ്യകാര്യങ്ങളിൽ ഇടപെടുകയും ഒരു നീതിയുള്ള പുതിയ ലോകത്തിനുവേണ്ടിയുള്ള മമനുഷ്യന്റെ ആവശ്യത്തെ തൃപ്തിപ്പെടുത്തുകയും ചെയ്യും.—ലൂക്കോസ് 21:28-32; 2 പത്രോസ് 3:13.
അനേകർ അവിശ്വാസത്തോടെ “സുവാർത്ത”യെ തള്ളിക്കളയുകയാണ്. മററു ചിലർ അതു വിശ്വസിക്കുന്നുവെന്ന് പറയുന്നു, എന്നാൽ അവർ അതുസംബന്ധിച്ച് യാതൊന്നും ചെയ്യുന്നില്ല. ചിലർ കുറേക്കാലത്തേക്ക് അതനുസരിച്ചു പ്രവർത്തിക്കുന്നു, അനന്തരം അവർ സംശയിച്ചുതുടങ്ങുന്നു. അങ്ങനെയുള്ള നിഷേധാത്മക പ്രതികരണങ്ങളും അടയാളത്തിന്റെ ഭാഗമായി മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ടോ? അതിലും പ്രധാനമായി, നിങ്ങൾക്ക് ഈ അടയാളത്തിൽനിന്ന് വ്യക്തിപരമായി എങ്ങനെ പ്രയോജനമനുഭവിക്കാൻ കഴിയും? (w88 10/15)
[അടിക്കുറിപ്പ്]
a ദി വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയാ (1987) ക്രി.വ. 526 മുതൽ മുമ്പോട്ട് 37 “വലിയ ഭൂകമ്പങ്ങൾ” പട്ടികപ്പെടുത്തുന്നു. ഈ പട്ടികയിൽ 65 ശതമാനം 1914 മുതൽ സംഭവിച്ചവയാണ്.