ലോകമഹച്ഛക്തികളിൽ അവസാനത്തേത്
ഏതാണ്ട് 1,900 വർഷം മുമ്പ് വെളിപ്പാട് എന്ന ബൈബിൾ പുസ്തകം എഴുതപ്പെട്ടപ്പോൾ അഞ്ച് “രാജാക്കൻമാർ” അഥവാ ലോകശക്തികൾ വരുകയും പോകുകയും ചെയ്തതായി അതു പറയുകയുണ്ടായി. അവ ഈജിപ്ററ്, അസീറിയാ, ബാബിലോൻ, മേദോപേർഷ്യാ, ഗ്രീസ് എന്നിവയായിരുന്നു. ആറാമത്തെ റോമാ അപ്പോഴും ‘ഉണ്ടായിരുന്നു’, എന്നാൽ ഏഴാമത്തേത് അപ്പോഴും വന്നിരുന്നില്ല. (വെളിപ്പാട് 17:10) ആ ഏഴാം ലോകശക്തി ഏതായിരുന്നു? അത് എങ്ങനെ ആസ്തിക്യത്തിലേക്കു വന്നു? അതിനെ തുടർന്നുവരുന്നതെന്തായിരിക്കും? ഈ പ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളായിരിക്കും ഈ ലേഖനത്തിന്റെ വിഷയം.
കഴിഞ്ഞ 2,500 വർഷത്തെ ലോകചരിത്രത്തിന്റെ പ്രമുഖ രേഖാരൂപം ലോകം അറിഞ്ഞിട്ടുള്ളതിൽവെച്ച് ഏററം വിപുലമായി വിതരണം ചെയ്യപ്പെട്ടിട്ടുള്ള പുസ്തകത്തിൽ മുന്നമേ പ്രദാനം ചെയ്തിരുന്നു. എന്നിട്ടും ആ പുസ്തകമായ ബൈബിളിന്റെ ഒരു പ്രതിയുള്ള ആളുകളിൽ താരതമ്യേന ചുരുക്കം ചിലർക്കേ അതിൽ അടങ്ങിയിരിക്കുന്ന അതിശയിപ്പിക്കുന്ന വിവരങ്ങളെ സംബന്ധിച്ച് എന്തെങ്കിലും ഗ്രാഹ്യമുള്ളു.
ദൃഷ്ടാന്തത്തിന്, യേശുക്രിസ്തുവിന്റെ ജനനത്തിന് 500-ൽ പരം വർഷംമുമ്പ് പ്രവാചകനായ ദാനിയേൽ ഒരു ദിവ്യനിശ്വസ്ത ദർശനം രേഖപ്പെടുത്തി, അതിൽ തന്റെ കാലം മുതലുള്ള വൻ ലോകശക്തികൾ ബലിഷ്ഠ കാട്ടുമൃഗങ്ങളാൽ പ്രതിനിധാനം ചെയ്യപ്പെട്ടിരുന്നു. ഓരോ കാട്ടുമൃഗത്തിനും അതിനാൽ പ്രതിനിധീകരിക്കപ്പെട്ട ലോകശക്തിയുടെ സ്വഭാവങ്ങൾ ഉണ്ടായിരുന്നു. ശക്തമായ റോമാസാമ്രാജ്യത്തെ “ഭയാനകവും ഭീകരവും അസാധാരണ ശക്തിയുള്ളതും” ആയ ഒരു വലിയ മൃഗമായി വർണ്ണിച്ചിരിക്കുന്നു. “അത് അതിനു മുമ്പുള്ള എല്ലാ കാട്ടുമൃഗങ്ങളിലും വെച്ച് വ്യത്യസ്തമായിരുന്നുവെന്നും അതിന് പത്തുകൊമ്പുണ്ടായിരുന്നു” എന്നും ദാനിയേൽ പറഞ്ഞു.—ദാനിയേൽ 7:2-7.
‘ചെറിയ കൊമ്പ്’
കാലക്രമത്തിൽ, റോമാ സാമ്രാജ്യം ബ്രിട്ടീഷ് ദ്വീപുകൾ മുതൽ യൂറോപ്പിന്റെ മിക്ക ഭാഗങ്ങളും മെഡിറററേനിയനു ചുററുമുള്ള എല്ലാ ഭാഗങ്ങളും ബാബിലോനപ്പുറം പേർഷ്യൻ ഉൾക്കടൽവരെയും വ്യാപിച്ചുകിടക്കുന്ന ഒരു പ്രദേശം ഉൾക്കൊള്ളത്തക്കവണ്ണം വളർന്നു. ഈ ശക്തമായ രാഷ്ട്രം ഒടുവിൽ അനേകം രാജ്യങ്ങളായി—ദാനിയേൽ കണ്ട “പത്തു കൊമ്പു”കളായി— ഛിന്നഭിന്നമായി.a പിന്നീട് ദാനിയേൽ, “അവയുടെ ഇടയിൽ മറെറാരു ചെറിയ കൊമ്പ് ഉണ്ടാകുകയും ആദ്യത്തെ കൊമ്പുകളിൽ മൂന്നെണ്ണം അതിന്റെ മുമ്പിൽനിന്ന് പറിച്ചുമാററപ്പെടുകയും ചെയ്തത്” കണ്ടു. (ദാനിയേൽ 7:8) അത് എന്തർത്ഥമാക്കി?
ദാനിയേലിനോട് ഇപ്രകാരം പറയപ്പെട്ടു: “ഈ രാജ്യത്തു [റോമാ] നിന്നുള്ള പത്തു കൊമ്പുകളോ എഴുന്നേൽപ്പാനിരിക്കുന്ന പത്തു രാജാക്കൻമാരാകുന്നു; അവരുടെശേഷം മറെറാരുത്തൻ [‘ചെറിയകൊമ്പ്’] എഴുന്നേൽക്കും, അവൻ ആദ്യത്തേവയിൽനിന്നു വ്യത്യസ്തനായി മൂന്നു രാജാക്കൻമാരെ ലജ്ജിപ്പിക്കും.” (ദാനിയേൽ 7:24) ‘ചെറിയ കൊമ്പും’ അവൻ ലജ്ജിപ്പിക്കുന്ന മൂന്നു രാജാക്കൻമാരും ആരായിരുന്നു?
റോമാസാമ്രാജ്യത്തിന്റെ വടക്കുപടിഞ്ഞാറേ മൂലയിൽ സ്ഥിതിചെയ്തിരുന്ന ഒരു ദ്വീപ് ലോകകാര്യങ്ങളുടെ അരികുപററി വളരെക്കാലം സ്ഥിതിചെയ്തിരുന്നു. ഒരു ചരിത്രകാരൻ വിശദീകരിച്ചതുപോലെ: “പതിനാറാം നൂററാണ്ടിൽ ഇംഗ്ലണ്ട് ഒരു രണ്ടാം കിട ശക്തിയായിരുന്നു. അതിന്റെ സമ്പത്ത് നെതർലാൻഡ്സിനോടു താരതമ്യപ്പെടുത്തുമ്പോൾ നിസ്സാരമായിരുന്നു. അതിന്റെ ജനസംഖ്യ ഫ്രാൻസിന്റേതിനെക്കാൾ വളരെ കുറവായിരുന്നു. അതിന്റെ സൈനികശക്തി (നാവികശക്തി ഉൾപ്പെടെ) സ്പെയിനിന്റേതിനെക്കാൾ താണതായിരുന്നു.” എന്നാൽ ഇംഗ്ലണ്ട് കുറെ പ്രാധാന്യമർഹിക്കുന്ന ഒരു നാവികശക്തിയായി വികസിച്ചു, അതിന്റെ കടൽക്കൊള്ളക്കാരും സ്വകാര്യ ഉടമയിലുള്ള യുദ്ധക്കപ്പലുകളും സ്പെയിനിന്റെ കോളനികളെയും നിറയെ ചരക്കു കയററിയ നിക്ഷേപകപ്പലുകളെയും കടന്നാക്രമിക്കാൻ തുടങ്ങി.
മൂന്നു കൊമ്പുകൾ
സ്പെയിനിലെ രാജാവായിരുന്ന ഫിലിപ്പ് രണ്ടാമൻ 1588-ൽ ഇംഗ്ലീഷ് പീഡകർക്കെതിരെ സ്പാനീഷ് നാവികസൈന്യത്തെ അയച്ചു. 24,000ൽപരം പടയാളികളെ കയററിയ ഈ 130 പടക്കപ്പലുകൾ വിപരീത കാററിനും ഘോരമായ അററ്ലാൻറിക്ക് കൊടുങ്കാററിനും ഇരയാകാൻ മാത്രമായിരുന്നു ഇംഗ്ലീഷ്ചാനലിലൂടെ സാവകാശം യാത്രചെയ്തത്. മോഡേൺ യൂറോപ്പ ററു 1870-ൽ ചരിത്രകാരനായ കാൾട്ടൻ ഹേയസ് ഈ സംഭവം “സ്പെയിനിൽനിന്ന് ഇംഗ്ലണ്ടിലേക്കുള്ള നാവികമേധാവിത്വത്തിന്റെ നിർണ്ണായക മാററത്തെ കുറിച്ചു” എന്ന് എഴുതുന്നു.
പതിനേഴാം നൂററാണ്ടിൽ ഡച്ചുകാർ ലോകത്തിലെ ഏററം വലിയ കച്ചവടക്കപ്പൽവ്യൂഹത്തിന്റെ ഉടമകളായി വളർന്നു. അവരുടെ കപ്പലുകൾ കടലുകളിൽ മേധാവിത്വം പുലർത്തി, അവർ പരക്കെയുള്ള ഗവൺമെൻറുകൾക്ക് തങ്ങളുടെ ലാഭം കടം കൊടുക്കുകയുംചെയ്തു. എന്നാൽ ഇംഗ്ലണ്ട് അവളുടെ വളർന്നുവന്ന വിദേശ കോളനികളെക്കൊണ്ട് ഇവിടെയും മുൻപന്തിയിലേക്കു വന്നു.
അങ്ങനെയിരിക്കെ, 18-ാം നൂററാണ്ടിൽ വടക്കെ അമേരിക്കയും ഇൻഡ്യയും പോലെ വളരെ അകന്നുകിടന്ന സ്ഥലങ്ങളിൽ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും പൊരുതി, ഇത് 1763-ൽ പാരീസ് ഉടമ്പടിയിലേക്കു നയിച്ചു. ഈ ഉടമ്പടിയെ സംബന്ധിച്ച്, അത് ഒരു വിട്ടുവീഴ്ചപോലെ കാണപ്പെടുന്നുവെങ്കിലും “യൂറോപ്പിനുമപ്പുറത്തെ ലോകത്തിൽ മേധാവിത്വം പുലർത്തിയ യൂറോപ്യൻ ശക്തിയെന്ന ബ്രിട്ടന്റെ പുതിയ സ്ഥാനത്തെ അത് യഥാർത്ഥമായി അംഗീകരിച്ചു”വെന്ന് സാമ്രാജ്യതാരം—ഒരു ലോകശക്തിയെന്ന നിലയിലുള്ള ബ്രിട്ടനെക്കുറിച്ചുള്ള പഠനം എന്ന തന്റെ പുസ്തകത്തിൽ വില്യം ബി. വിൽക്കോക്ക്സ് എഴുതുകയുണ്ടായി.
“സ്പെയിൻകാരും ഡച്ചുകാരും ഫ്രഞ്ചുകാരുമായുള്ള രണ്ടു നൂററാണ്ടിലെ യുദ്ധത്തിനുശേഷം 1763-ൽ ഗ്രേററ്ബ്രിട്ടൻ ലോകത്തിലെ വാണിജ്യപരവും കോളനിപരവുമായി മുൻപന്തിയിലുള്ള ശക്തിയായി ഉരുത്തിരിഞ്ഞു”വെന്ന് പറഞ്ഞുകൊണ്ട് മററു ചരിത്രകാരൻമാർ യോജിക്കുന്നു. (1870 വരെയുള്ള ആധുനിക യൂറോപ്പ) “1763-ൽ ബ്രിട്ടീഷ് സാമ്രാജ്യം പുനരുജ്ജീവിപ്പിക്കപ്പെട്ടതും വിപുലീകരിക്കപ്പെട്ടതുമായ റോമായെപ്പോലെ ലോകത്തിൻമേൽ ഇരിപ്പുറപ്പിച്ചു.” “ബ്രിട്ടൻ മദ്ധ്യനൂററാണ്ടിലെ യുദ്ധങ്ങളെ തുടർന്ന് ലോകത്തിലെ ഏററവും വലുതും ഏററവും ശക്തവും—ഏററവും പൂർണ്ണമായി വെറുക്കപ്പെടുന്നതുമായ—ശക്തിയായി പുറത്തുവന്നു.” (ജയിംസ് എൽ. സ്റേറാക്ക്സ്ബറിയാൽ വിരചിതമായ നേവിയും സാമ്രാജ്യവും) അതെ, ഈ ‘ചെറിയ കൊമ്പ്’ ബൈബിൾ ചരിത്രത്തിലെ ഏഴാം ലോകശക്തിയായി വളർന്നു കഴിഞ്ഞിരുന്നു.
ബ്രിട്ടീഷുകാർ നൈൽ നദി വരെയും സാംബസി നദിക്ക് അക്കരയിലേക്കും മുന്നേറി. അവർ അപ്പർ ബർമ്മയിലേക്കും വടക്കൻ ബോർണിയോയിലേക്കും പസഫിക്ക് ദ്വീപുകളിലേക്കും നീങ്ങി. മാത്രവുമല്ല, അവർ കാനഡായേയും ആസ്ത്രേലിയായേയും ന്യൂസീലൻഡിനേയും വടക്കെ അമേരിക്കയുടെ കിഴക്കൻ തീരപ്രദേശത്തെയും കോളനികളാക്കി. “റോമൻ സാമ്രാജ്യം സ്വയംപര്യാപ്തമായിരുന്നു, ബ്രിട്ടീഷ് സാമ്രാജ്യത്തെക്കുറിച്ച് ഭൂമിയിലുടനീളം പ്രക്ഷേപണം ചെയ്യപ്പെട്ടു” എന്ന് പാകസ ബ്രിട്ടാനിക്കായിൽ ജയിംസ് മോറിസ് എഴുതുന്നു. അത് ഭൂതലത്തിന്റെ ഏതാണ്ട് നാലിലൊന്നും അതിലെ ജനസംഖ്യയുടെ നാലിലൊന്നിൽ കൂടുതലും ഉൾക്കൊള്ളുന്ന, മനുഷ്യവർഗ്ഗചരിത്രത്തിലെ ഏററവും വലിയ സാമ്രാജ്യമായിത്തീർന്നു. അതിന്റെ ഭരണപ്രദേശത്ത് സൂര്യൻ ഒരിക്കലും അസ്തമിച്ചില്ല എന്നു പറയപ്പെട്ടു.
ഒരു ദ്വിശക്തി
വെളിപാടുപുസ്തകത്തിൽ ഈ ഏഴാം ലോകശക്തി “ഒരു കുഞ്ഞാടിനെപ്പോലെ രണ്ടു കൊമ്പുകളുള്ള”തായും വർണ്ണിക്കപ്പെട്ടിരുന്നു. (വെളിപ്പാട് 13:11) രണ്ടു കൊമ്പ് എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ പൊതുഭാഷയിലും തത്വങ്ങളിലും നയങ്ങളിലും ഒത്തുചേർന്നിരുന്ന ബ്രിട്ടീഷ് സാമ്രാജ്യവും പുതിയ അമേരിക്കൻ ജനതയും പെട്ടെന്നുതന്നെ ഒരുമിച്ചു പ്രവർത്തിക്കാനിരിക്കയായിരുന്നു. അവർ അനേകം വശങ്ങളിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ദ്വിലോകശക്തിയായിത്തീർന്നു.
ഐക്യനാടുകൾ പത്തൊൻപതാം നൂററാണ്ടിൽ “ബ്രിട്ടീഷ് കപ്പൽ സമൂഹത്താൽ യൂറോപ്പിൽനിന്ന് സംരക്ഷിക്കപ്പെട്ടിരുന്നു” എന്ന് സാമ്രാജ്യ താരത്തിൽ വില്യം ബി. വിൽക്കോക്ക്സ് ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഒരു നൂററാണ്ടുകാലം ആഭ്യന്തര യുദ്ധത്തിലൊഴിച്ച്, മറെറല്ലാ ലോകശക്തിക്കുമുള്ള സൈന്യമൊ നാവിക ശക്തിയൊ ഇല്ലാതെ ഒരു മഹച്ഛക്തിയായി വളരാൻ ഐക്യനാടുകൾ സ്വതന്ത്രമായിരുന്നു.” “യൂറോപ്യൻ ശക്തികൾക്കെതിരെ റോയൽ നേവിയുടെ സംരക്ഷണമുണ്ടായിരുന്നതുകൊണ്ട് അമേരിക്കക്ക് ഒററപ്പെട്ടു നിൽക്കാൻ കഴിഞ്ഞിരുന്നു.” പിന്നീട് ഐക്യനാടുകളും ഒരു വലിയ സൈനിക ശക്തിയായിത്തീർന്നു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ വേലിയേററം വടക്കൻ യൂറോപ്പിൽ മാററത്തിനു വിധേയമായ 1944 ജൂൺ 6-ാം തീയതി ബ്രിട്ടന്റെയും അമേരിക്കയുടെയും സംയുക്ത പ്രവർത്തനത്തിന്റെ ഒരു പ്രമുഖ ദൃഷ്ടാന്തം അരങ്ങേറി. അന്ന് ബ്രിട്ടീഷുകാരും അമേരിക്കക്കാരും മററു സഖ്യ കക്ഷികളും ഉൾപ്പെടുന്ന 1,56,000 വരുന്ന സൈന്യങ്ങൾ യൂറോപ്പ് ഭൂഖണ്ഡത്തെ ആക്രമിച്ചു. ഈ സംയുക്ത സൈന്യം ഒരു യു. എസ്സ്. ജനറലിന്റെ പരമോന്നത സൈന്യാധിപത്യത്തിൻ കീഴിലും ഒരു ബ്രിട്ടീഷ് ഫീൽഡ് മാർഷലിന്റെ പ്രവർത്തനപരമായ മേധാവിത്വത്തിൻ കീഴിലുമായിരുന്നു—അവർ യഥാക്രമം ഐസൻഹോവറും മോണ്ട്ഗോമറിയുമായിരുന്നു. മാത്രവുമല്ല, ജപ്പാനുമായുള്ള യുദ്ധത്തെ അവസാനിപ്പിച്ച ആററംബോംബുകൾ ബ്രിട്ടീഷുകാരും അമേരിക്കക്കാരുമായ ശാസ്ത്രജ്ഞൻമാരുടെ സംയുക്തശ്രമഫലമായി നിർമ്മിക്കപ്പെട്ടവയായിരുന്നു.
ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയാറ് മെയ് 5-ലെ ലോസ ആഞ്ചലിസ റൈറംസ ചൂണ്ടിക്കാട്ടിയതുപോലെ “രഹസ്യാന്വേഷണവും ആണവ സാങ്കേതികശാസ്ത്രവും പോലെ സംവേദിയായ മണ്ഡലങ്ങളിൽ” ബ്രിട്ടനും അമേരിക്കയും സമാധാന കാലത്തുപോലും സഹകരിച്ചു പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് കാനഡായും ആസ്ത്രേലിയായും ന്യൂസീലൻഡും ചേരവെ അവർ രഹസ്യ വിവരങ്ങളുടെ ശേഖരണത്തിന്റെ ഉത്തരവാദിത്വമുള്ള പ്രദേശങ്ങളായി ഭൂഗോളത്തെ വിഭജിക്കുകയും അതിരഹസ്യ വിവരംപോലും പങ്കുവെക്കാമെന്നു സമ്മതിക്കുകയും ചെയ്തു.” ഈ ബന്ധം “എല്ലായ്പ്പോഴും സുഗമമായിരുന്നിട്ടില്ലെ”ങ്കിലും അതിന്റെ പ്രകോപനങ്ങൾക്കുപരി അതിന്റെ അടുപ്പം സംബന്ധിച്ച് കൂടുതൽ ശ്രദ്ധേയമായിരുന്നു” അത് എന്ന് ഈ പത്രം പറയുകയുണ്ടായി.
ബ്രിട്ടീഷ് കോളനികളിൽ മിക്കതും സ്വാതന്ത്ര്യം പ്രാപിക്കുകയും രാഷ്ട്രങ്ങളുടെ കോമൺവെൽത്തിൽ ചേരുകയും ചെയ്തിരിക്കുന്നു. സാമ്രാജ്യം പൊയ്പ്പോയിരിക്കാമെങ്കിലും ആംഗ്ലോ-അമേരിക്കൻ ലോകശക്തി നിലനിൽക്കുന്നുണ്ട്. എന്നാൽ മുൻലോകശക്തികൾ പ്രാബല്യത്തിലിരുന്ന അനേകം നൂററാണ്ടുകളോടു താരതമ്യപ്പെടുത്തുമ്പോൾ അത് “അല്പകാല”ത്തേക്കു മാത്രമേ സ്ഥിതിചെയ്യുകയുള്ളു.—വെളിപ്പാട് 17: 10.
പുതിയ ലോകവ്യാപക ഭരണാധിപത്യം
വൻലോകശക്തികളെക്കുറിച്ചുള്ള ദാനിയേലിന്റെ പ്രവചനം ലോകഭരണത്തിന്റെ 2,500 വർഷങ്ങളിൽ—ക്രി.മു. 500 മുതൽ നമ്മുടെ നാളിലെ ഏഴാം ലോകശക്തി വരെയും—സത്യമെന്നു തെളിഞ്ഞിരിക്കുന്നു. അങ്ങനെ, ആ പ്രവചനത്തിന്റെ ശേഷിച്ച ഭാഗത്തിലും നമുക്കു വിശ്വാസമുണ്ടായിരിക്കാൻ കഴിയും. അതു കൂടുതലായ ലോകശക്തികളെക്കുറിച്ചു പറയുന്നില്ലെന്നുള്ളതാണ് അതിശയിപ്പിക്കുന്ന വസ്തുത! ഏഴെണ്ണം മാത്രമേ ഉണ്ടായിരിക്കുകയുള്ളുവെന്ന് വെളിപ്പാടും സൂചിപ്പിച്ചു.* അപ്പോൾ അടുത്തതായി എന്തു സംഭവിക്കും?
ഈ ലോകശക്തികളെക്കുറിച്ചു പറയുന്ന ദാനിയേൽ 7-ാം അദ്ധ്യായം അതിലും അതിശയകരമായ ചിലതു തുടർന്നു വർണ്ണിക്കുന്നു—ഭൂമി ഭരിക്കപ്പെടുന്ന വിധത്തിലെ ഒരു വമ്പിച്ച മാററത്തെക്കുറിച്ചുതന്നെ! പരാജയപ്പെടുന്ന മാനുഷഭരണാധിപത്യങ്ങൾ അവസാനിക്കണം, പകരം നീതിയുള്ള സ്വർഗ്ഗീയഭരണം വരണം.
ദാനിയേലിന്റെ ദർശനം “ദിവസങ്ങളിൽ പുരാതനനായ” യഹോവയാം ദൈവത്തിന്റെ മഹനീയമായ സ്വർഗ്ഗീയസിംഹാസനം കാണാൻ അവനെ അനുവദിച്ചു. പുനരുത്ഥാനം പ്രാപിച്ച യേശുക്രിസ്തു ആകുന്ന “മനുഷ്യപുത്രനെപ്പോലെയുള്ള ഒരുവൻ” ദൈവമുമ്പാകെ വരുത്തപ്പെട്ടു.b “ജനങ്ങളും ദേശീയസംഘങ്ങളും ഭാഷകളുമെല്ലാം അവനെത്തന്നെ സേവിക്കേണ്ടതിന് അവന് ആധിപത്യവും പ്രതാപവും രാജ്യവും കൊടുക്കപ്പെട്ടു. അവന്റെ ഭരണാധിപത്യം അനിശ്ചിതമായി നിലനിൽക്കുന്ന ഒരു ഭരണാധിപത്യവും അവന്റെ രാജ്യം [പരാജയപ്പെടുന്ന മാനുഷ രാജ്യങ്ങളിൽനിന്നു വ്യത്യസ്തമായി] നശിപ്പിക്കപ്പെടുകയില്ലാത്തതുമാകുന്നു.”—ദാനിയേൽ 7:9, 10, 13, 14.
ഇതേ ലോകശക്തികളെക്കുറിച്ചുള്ള ഒരു മുൻ പ്രവചനം ഇങ്ങനെ പറഞ്ഞിരുന്നു: “ആ രാജാക്കൻമാരുടെ കാലത്ത് സ്വർഗ്ഗസ്ഥനായ ദൈവം ഒരിക്കലും നശിപ്പിക്കപ്പെടുകയില്ലാത്ത ഒരു രാജ്യം സ്ഥാപിക്കും. . . . അത് ഈ [മാനുഷ] രാജ്യങ്ങളെയെല്ലാം തകർക്കുകയും അവസാനിപ്പിക്കുകയും ചെയ്യും . . . സ്വപ്നം വിശ്വസനീയവും അതിന്റെ വ്യാഖ്യാനം ആശ്രയയോഗ്യവുമാകുന്നു.”—ദാനിയേൽ 2:44, 45.
ഈ ദൈവത്താലുള്ള രാജ്യഗവൺമെൻറ് യേശു നമ്മെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചതുതന്നെയാണ്. അവൻ ഇങ്ങനെ പറഞ്ഞു: “അപ്പോൾ നിങ്ങൾ ഈ വിധത്തിൽ പ്രാർത്ഥിക്കണം: ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടണമേ. നിന്റെ രാജ്യം വരേണമേ. നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും നടക്കേണമേ.’”—മത്തായി 6:9, 10.
ആ ഗവൺമെൻറിൻകീഴിൽ ഭൂമിയിലെ നിവാസികൾ എത്ര സന്തുഷ്ടരായിരിക്കും! അതു മനുഷ്യചൂഷണത്തിൽനിന്ന് ദിവ്യനീതിയിലേക്കും മനുഷ്യരുടെ അപൂർണ്ണപ്രവർത്തനവിധത്തിൽനിന്ന് ദൈവത്തിന്റെ പരമോന്നത നിലവാരങ്ങളിലേക്കുമുള്ള ഒരു മാററമായിരിക്കും. രാജ്യത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് ബൈബിൾ പറയുന്നതെന്തെന്നുള്ളതായിരിക്കും ഈ പരമ്പരയിലെ ഭാവിലേഖനത്തിന്റെ വിഷയം. (w88 5⁄15)
[അടിക്കുറിപ്പുകൾ]
a ബൈബിളിൽ പലപ്പോഴും കൊമ്പ്, ഭയപ്പെടുത്തുന്ന ആയുധമായി ഭരണാധികാരികളെയും അവരുടെ പരമ്പരാഗത ഭരണത്തെയും പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്നു.—ആവർത്തനം 33:7; സെഖര്യാവ് 1:8-21; വെളിപ്പാട് 17:3, 12.
b “എട്ടാമത്തെ രാജാവും എന്നാൽ ഏഴിൽനിന്ന് ഉത്ഭവിക്കുന്നതുമായ” ഒരു “കാട്ടുമൃഗത്തെ”ക്കുറിച്ച് വെളിപ്പാട് 17:11 പറയുന്നു. ഏഴാമത്തേതിന്റെ ആയുഷ്ക്കാലത്തുതന്നെ സ്ഥിതിചെയ്യുന്ന ഈ എട്ടാമത്തെ ശക്തിയെക്കുറിച്ച് ഒരു പിൽക്കാല ലേഖനത്തിൽ ചർച്ചചെയ്യപ്പെടും.
“മനുഷ്യപുത്രൻ” എന്ന പദപ്രയോഗം സുവിശേഷവിവരണങ്ങളിൽ 80 പ്രാവശ്യത്തോളം കാണുന്നുണ്ട്, ഓരോ പ്രാവശ്യവും അത് യേശുക്രിസ്തുവിനെയാണ് പരാമർശിക്കുന്നത്.—മത്തായി 26:63, 64 കാണുക.
[32-ാം പേജിലെ ചിത്രം]
ജൂൺ6, 1944ൽ നടന്ന സഖ്യകക്ഷികളുടെ യൂറോപ്പാക്രമണം ആംഗ്ലോ-അമേരിക്കൻ സഹകരണത്തിന്റെ ഒരു പ്രമുഖ ദൃഷ്ടാന്തമായിരുന്നു
[കടപ്പാട്]
U.S. Coast Guard photo