സാത്താന്യ ആരാധന നമ്മുടെ കാലത്ത്
സാത്താൻ ആരാധിക്കപ്പെടാൻ ആഗ്രഹിക്കുന്നുണ്ടെന്നുള്ളതിന് സംശയമില്ല. യേശുവിനെ പരീക്ഷിച്ചപ്പോൾ “നീ വീണ് എന്നോടായി ഒരു ആരാധനാക്രിയ നടത്തുന്നുവെങ്കിൽ” എന്ന ഒരൊററ വ്യവസ്ഥയിൽ അവന് ഒരു വലിയ പ്രതിഫലം കൊടുക്കാമെന്ന് അവൻ വാഗ്ദാനം ചെയ്തു. (മത്തായി 4:9) തീർച്ചയായും യേശു നിരസിച്ചു, എന്നാൽ എല്ലാവരും അവന്റെ മാതൃക അനുസരിച്ചിട്ടില്ല. നമ്മുടെ ആധുനിക ലോകത്തിൽ സാത്താന്യാരാധന പരക്കെയുണ്ട്.
ദൃഷ്ടാന്തത്തിന്, കാനഡായിൽ ദി കാൽഗറി ഹെറൾഡ് “പിശാചിന്റെ ശിഷ്യൻമാർ” എന്ന ശീർഷകത്തിൽ ഒരു ലേഖന പരമ്പര ഇറക്കി. ഈ പത്രം ഒരു പോലീസ് പരിശോധകന്റെ റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട് പറയുന്നു: “സാത്താൻമതം സമുദായത്തിലെ ഏതെങ്കിലും പ്രത്യേക ഗ്രൂപ്പിനു മാത്രമുള്ളതല്ലെന്ന് അഭിമുഖസംഭാഷണങ്ങളിലൂടെ ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. കാൽഗറി പോലീസ് സേർവീസും കനേഡിയൻ അശ്വാരൂഢ പോലീസും ശേഖരിച്ച രഹസ്യ വിവരങ്ങൾ, കാൽഗറിയിൽത്തന്നെ 5,000 സജീവ സാത്താൻസേവകരുണ്ടെന്ന് വെളിപ്പെടുത്തുന്നു.”
സാത്താൻപൂജ വ്യത്യസ്ത രൂപങ്ങളിൽ ഐക്യനാടുകളിലുടനീളവും യൂറോപ്പിലും വ്യാപിക്കുകയാണെന്ന് മററു പ്രസ്സ് റിപ്പോർട്ടുകൾ പ്രകടമാക്കുന്നു. പോലീസ് പോലും സാത്താൻമതത്തിൽ താല്പര്യം പ്രകടമാക്കുന്നുണ്ട്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അനേകം കേസുകളിലും അവർ കുററകൃത്യങ്ങളും സാത്താൻപൂജകളും തമ്മിൽ ബന്ധം കാണുന്നുണ്ട്. ഈ അടുത്ത കാലത്ത്, ഒരു പോലീസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ ഇങ്ങനെ പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടു: “ഞങ്ങൾ ഇടപെട്ടുകൊണ്ടിരിക്കുന്നത് ഒരു മതത്തോടും മററുള്ളവർ ക്രിസ്ത്യാനിത്വത്തിലും യഹൂദമതത്തിലും ഇസ്ലാമിലും വിശ്വസിക്കുന്നതുപോലെ അതിൽ വിശ്വസിക്കുന്ന ആളുകളോടുമാണ്. നിങ്ങൾ കാണുന്നത് കുററകൃത്യത്തിനുവേണ്ടിയുള്ള കുററകൃത്യങ്ങളല്ല, പിന്നെയോ, ഒരു മതത്തിനുവേണ്ടിയുള്ള കുററകൃത്യങ്ങളാണ്.”
ഒരു മുന്തിയ ദൃഷ്ടാന്തം 1969-ൽ കാലിഫോർണിയായിലെ മാൻസൻ ഗോത്രം നടത്തിയ കൊലപാതകങ്ങളാണ്. ചരിത്ര പ്രൊഫസ്സറായ ജെഫ്രി റസ്സൽ പറയുന്നതനുസരിച്ച്, “മാൻസൻ ക്രിസ്തുവും സാത്താനുമാണെന്ന് അവകാശപ്പെട്ടു. . . . മാൻസന്റെ അനുഗാമിയായ ടെക്സ് വാട്സൻ, ഷാരോൻ റേറററിനെ കൊലചെയ്യാൻ വന്നപ്പോൾ ‘ഞാൻ പിശാചാണ്; ഞാൻ പിശാചിന്റെ വേല ചെയ്യാനാണ് ഇവിടെ എത്തിയിരിക്കുന്നത്’ എന്ന് പറയുകയുണ്ടായി.” എന്നാൽ സാത്താൻമതം എല്ലായ്പ്പോഴും ഇത്രത്തോളം തെളിഞ്ഞ രീതിയിലായിരിക്കുന്നില്ല.
മന്ത്രവാദവും ആത്മവിദ്യയും ക്ഷുദ്രപ്രയോഗവും
തീർച്ചയായും, സാത്താന്യാരാധന സാത്താനെ പേർവിളിച്ചുള്ള നേരിട്ടുള്ള ആരാധനയിൽ പരിമിതപ്പെട്ടിരിക്കുന്നില്ല. അപ്പോസ്തലനായ പൗലോസ് ഇങ്ങനെ മുന്നറിയിപ്പു നൽകി: “ജനതകൾ ബലിചെയ്യുന്ന വസ്തുക്കൾ അവർ ഭൂതങ്ങൾക്കു ബലിചെയ്യുന്നു.” (1 കൊരിന്ത്യർ 10:20) ഭൂതാരാധന യഥാർത്ഥത്തിൽ സാത്താന്യാരാധന തന്നെയാണ്. കാരണം, സാത്താൻ “ഭൂതങ്ങളുടെ ഭരണാധിപൻ” എന്നു വിളിക്കപ്പെട്ടിരിക്കുന്നു. (മർക്കോസ് 3:22) “ജനതകളുടെ” ഏതു ആചാരങ്ങൾ ഭൂതാരാധനയായി അഥവാ സാത്താന്യാരാധനയായി തിരിച്ചറിയാൻ കഴിയും? ഇസ്രായേലിനോടുള്ള ദൈവവചനത്തിൽ നമുക്കു ചില ദൃഷ്ടാന്തങ്ങൾ നൽകുന്നു: “ആഭിചാരം പ്രയോഗിക്കുന്ന ആരെങ്കിലുമോ മന്ത്രവിദ്യക്കാരനോ ശകുനം നോക്കുന്ന ആരെങ്കിലുമോ ഒരു ക്ഷുദ്രക്കാരനോ മററുള്ളവരെ മയക്കി സ്തംഭിപ്പിക്കുന്ന ഒരുവനോ ഒരു ആത്മമദ്ധ്യവർത്തിയോട് ആലോചന ചോദിക്കുന്ന ആരെങ്കിലുമോ സംഭവങ്ങൾ മുൻകൂട്ടി പറയുന്ന ഒരു തൊഴിൽക്കാരനോ മരിച്ചവരോട് ആലോചന ചോദിക്കുന്ന ആരെങ്കിലുമോ . . . നിങ്ങളുടെ ഇടയിൽ കാണപ്പെടരുത്. ഈ കാര്യങ്ങൾ ചെയ്യുന്ന ഓരോരുത്തനും യഹോവക്ക് വെറുപ്പാകുന്നു.”—ആവർത്തനം 18:10-12.
അങ്ങനെ, ബ്രസീലിലെ വൂഡൂ പുരോഹിതൻമാരോ ഹെയ്ററിയിലെ ഹൗംഗൻസും മാംബോസുമോ നടത്തുന്ന രക്തബലിക്കും ആത്മസംസർഗ്ഗത്തിനും എതിരായി നമുക്ക് മുന്നറിയിപ്പു നൽകപ്പെട്ടിരിക്കുന്നു. ഐക്യനാടുകളിലെ ചില ക്യൂബൻ പ്രവാസികൾ അനുഷ്ഠിക്കുന്ന വളരെ സമാനമായ സാന്റേറിയാ ആചാരങ്ങൾക്കെതിരെയും നമുക്കു മുന്നറിയിപ്പു നൽകപ്പെട്ടിരിക്കുന്നു. ജീവിച്ചിരിക്കുന്നവരിൽ ഭയം ജനിപ്പിക്കാൻ മരിച്ച ദേഹികളുമായി ആശയവിനിയമം നടത്തുന്നതായി അവകാശപ്പെടുന്ന ക്ഷുദ്രക്കാർക്കെതിരായും നമുക്കു മുന്നറിയിപ്പു ലഭിച്ചിരിക്കുന്നു.—1 ശമുവേൽ 28:3-20 താരതമ്യംചെയ്യുക.
ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ മന്ത്രവാദവും പ്രാബല്യത്തിലിരിക്കുന്നു. ദൃഷ്ടാന്തത്തിന്, സൗത്താഫ്രിക്കയിൽ മന്ത്രവാദ വൈദ്യൻമാർ വലിയ ശക്തി പ്രയോഗിക്കുകയും ആളുകൾ അവരെ വളരെ ഗൗരവപൂർവം വീക്ഷിക്കുകയും ചെയ്യുന്നു. സഹ ഗ്രാമവാസികളെ പ്രഹരമേൽപ്പിക്കുന്നതിന് മിന്നൽപിണറുകൾക്കിടയാക്കുന്നതായി കുററമാരോപിക്കപ്പെട്ട ആളുകളെ ജീവനോടെ ദഹിപ്പിച്ചതിന്റെ റിപ്പോർട്ടുകളായിരുന്നു അടുത്ത കാലത്ത് വർത്തമാന പത്രങ്ങളിൽ കണ്ടത്! സ്ഥലത്തെ മന്ത്രവാദ വൈദ്യൻമാർ ഈ “പ്രകൃതിവിരുദ്ധ” പ്രവൃത്തികൾക്ക് നിർദ്ദോഷികളായ ഇരകളെ കുററപ്പെടുത്തി. അനന്തരം അവരെ ദഹിപ്പിക്കാൻ ഒരു മരത്തിൽ കെട്ടിയിട്ടു. ക്ഷുദ്രപ്രയോഗത്തിലോ മന്ത്രവിദ്യയിലോ ഉള്ള അത്തരം വിശ്വാസം അതുപോലെതന്നെ ഭൂതാരാധനയാണ്.
എന്നിരുന്നാലും മന്ത്രവാദം ആഫ്രിക്കയിൽ ഒതുങ്ങി നിൽക്കുന്നില്ല. 1985-ൽ യു.എസ്.എ. വെർജീനിയായിൽ ഒരു ദുർഗ്ഗുണ പരിഹാര കേന്ദ്രത്തിൽ തടവുശിക്ഷയനുഭവിച്ചുകൊണ്ടിരുന്നു ഹേർബട്ട് ഡി. ഡററമെർക്ക് തുറുങ്കിൽവെച്ച് തന്റെ മതം ആചരിക്കാൻ കഴിയേണ്ടതിന് അതിനുള്ള വസ്ത്രങ്ങളും സാമഗ്രികളും ലഭ്യമായിരിക്കാനുള്ള അവകാശം വെർജീനിയായുടെ കിഴക്കൻ ഡിസ്ത്രിക്ടിലെ ഡിസ്ത്രിക്ട്കോടതി അനുവദിച്ചുകൊടുത്തു. അയാളുടെ മതം എന്തായിരുന്നു? കോടതിരേഖയനുസരിച്ച് അയാൾ “വിക്കാ സഭയുടെ (ഏറെ സാധാരണമായി മന്ത്രവാദം എന്നറിയപ്പെടുന്നത്)” ഒരു അംഗമായിരുന്നു. തൽഫലമായി, തന്റെ ആരാധനയിൽ ഗന്ധകം, കടലുപ്പ്, അല്ലെങ്കിൽ അയഡിനില്ലാത്ത ഉപ്പ്, മെഴുകുതിരികൾ, ധൂപം, അലാറമുള്ള ഒരു ക്ലോക്ക്, ഒരു വെള്ളയങ്കി എന്നിവ ഉപയോഗിക്കാനുള്ള അവകാശം നേടി.
അതെ, സൂചനകളനുസരിച്ച്, മന്ത്രവാദം പാശ്ചാത്യദേശത്ത് വ്യാപകമായിട്ടുണ്ട്. മാഞ്ചെസ്ററർ ഗാർഡിയൻ വീക്ക്ലി എന്ന ബ്രിട്ടീഷ് പത്രം ഇങ്ങനെ റിപ്പോർട്ടുചെയ്തു: “അഞ്ചു വർഷം മുമ്പ് ബ്രിട്ടനിൽ ഏതാണ്ട് 60,000 മന്ത്രവാദിനികൾ ഉണ്ടെന്ന് വിചാരിക്കപ്പെട്ടിരുന്നു: ഇന്ന് [1985-ൽ] സംഖ്യ 80,000 ആയി വളർന്നിട്ടുണ്ടെന്ന് ചില മന്ത്രവാദിനികൾ കണക്കു കൂട്ടുന്നു. ജ്യോതിഷത്തിന്റെയും നിഗൂഢ വിദ്യയുടെയും മാസികയായ പ്രെഡിക്ഷന് 32,000 പ്രതികളുടെ പ്രചാരമുണ്ട്.”
സാത്താൻമതവും സംഗീതവും
മെഫിസ്റേറഫലസ്—ആധുനിക ലോകത്തിൽ പിശാച് എന്ന തന്റെ പുസ്തകത്തിൽ പ്രൊഫസ്സർ റസ്സൽ സാത്താന്റെ ഉദ്ദേശ്യങ്ങൾ പുരോഗമിപ്പിക്കപ്പെടുന്ന മറെറാരു വിധത്തിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. അദ്ദേഹം ഇങ്ങനെ എഴുതുന്നു: “1970കൾക്കു ശേഷം തെളിഞ്ഞ സാത്താൻമതം സത്വരം മങ്ങി, എന്നാൽ പിശാചിന്റെ നാമത്തോടു ചിലപ്പോഴൊക്കെയുള്ള അഭ്യർത്ഥനയും ക്രൂരത, മയക്കുമരുന്നുകൾ, വൈരൂപ്യം, മ്ലാനത, ഭോഗാസക്തി, അക്രമം, ശബ്ദവും വ്യാമിശ്രതയും, സന്തോഷമില്ലായ്മ എന്നിങ്ങനെയുള്ള സാത്താന്യ മൂല്യങ്ങളോടുള്ള ഗണ്യമായ ആദരവും സഹിതമുള്ള ‘ഹെവി മെററൽ’ റോക്ക് സംഗീതത്തിൽ സാംസ്ക്കാരിക സാത്താൻമതത്തിന്റെ മൂലകങ്ങൾ 1980കളിലേക്കും തുടർന്നിരിക്കുന്നു.”—ഇററാലിക്സ് ഞങ്ങളുടേത്.
ഒരുപക്ഷേ സാത്താന്യമതത്തിന്റെ മൂലകങ്ങളെ തങ്ങളുടെ സംഗീതത്തിൽ ഉൾപ്പെടുത്തിയ സംഗീത വിദഗ്ദ്ധർ ലാഘവ ബുദ്ധിയോടെ അങ്ങനെ ചെയ്തിരിക്കാം. അവർ കേവലം ഞെട്ടിക്കുന്നതിനോ വൈചിത്ര്യം കാട്ടുന്നതിനോ ശ്രമിക്കുകയായിരുന്നിരിക്കാം. എന്നിരുന്നാലും, ബോധനക്ഷമതയുള്ള ചില വ്യക്തികൾ ശക്തമായി സ്വാധീനിക്കപ്പെട്ടു. “തിൻമക്കായുള്ള അർദ്ധഗൗരവത്തോടുകൂടിയ നിരന്തരപ്രചാരണത്തിന് ബാലിശവും ദുർബ്ബലവുമായ മനസ്സുകളിൽ ദ്രവിക്കൽ ഫലങ്ങൾ ഉണ്ടായിട്ടുണ്ടെന്ന്” പ്രൊഫസ്സർ റസ്സൽ പ്രസ്താവിക്കുന്നു. “ഒരു ഫലം കുട്ടികളെയുള്ള മാനഭംഗപ്പെടുത്തലും മൃഗങ്ങളുടെ അംഗച്ഛേദനവും ഉൾപ്പെടെ ഭീതിജനകമാംവിധം അധഃപതിച്ച കുററകൃത്യങ്ങൾക്കുള്ള തിടുക്കമാണ്.”
അടുത്ത കാലത്തെ ഒരു കേസ് ന്യൂയോർക്ക് നിവാസികളെ ഞെട്ടിച്ചു. ഒരു പത്രറിപ്പോർട്ട് അനുസരിച്ച് “സാത്താൻമതത്താൽ ആവേശിതനായ” ഒരു 14വയസ്സുകാരൻ അവന്റെ അമ്മയെ കുത്തിക്കൊല്ലുകയും അനന്തരം ആത്മഹത്യ ചെയ്യുകയും ചെയ്തു. മക്ലീൻസ് മാസികയിൽ റിപ്പോർട്ടുചെയ്ത പ്രകാരം അസ്വസ്ഥരായ നിരവധി ചെറുപ്പക്കാർ “മയക്കുമരുന്നുകളും കൂടുതൽ ക്രൂരമായ ഹെവി-മെററൽ റോക്ക് സംഗീതയിനങ്ങളും സഹിതം സാത്താൻമതം” ആചരിക്കുന്നതായി ഏററുപറഞ്ഞു എന്ന് ഒരു കനേഡിയൻ കുടുംബോപദേശകൻ പ്രസ്താവിച്ചു.
ഒരു ഭ്രമം മാത്രമല്ല
ഇപ്പോൾത്തന്നെ ഐക്യനാടുകളിൽ അലയടിക്കുന്ന ഒരു ഭ്രമം ചാനലിംഗ് എന്നു വിളിക്കപ്പെടുന്നു. ഒരു “ചാനൽ” അതായത്, ഒരു മദ്ധ്യവർത്തി (ചാനലുകൾ സാധാരണയായി സ്ത്രീകളാണ്) തന്നേത്തന്നെ പണ്ടേ മരിച്ച ഒരു ആളുടെ ആത്മാവുമായി സമ്പർക്കത്തിൽ വരുത്തുന്നതായി അവകാശപ്പെടുന്ന യോഗങ്ങളിൽ പങ്കെടുക്കാൻ ആളുകൾ മിക്കപ്പോഴും ആയിരക്കണക്കിനു രൂപാ മുടക്കുന്നു. ഒരു ചാനലിന്റെ കാര്യത്തിൽ യോഗങ്ങൾ “കാലികമായി അര ഡസൻ നഗരങ്ങളിൽ ഏക സമയത്ത് ആയിരക്കണക്കിന് ആളുകളിലേക്ക് റെറലഫോൺ ഉപ്രഗഹ ശൃംഖലയാൽ റിലേ ചെയ്യപ്പെടുന്നു” എന്ന് വർത്തമാന പത്രങ്ങൾ റിപ്പോർട്ടുചെയ്തു. ഈ പ്രവണത ആത്മമദ്ധ്യവർത്തികളെയും സംഭവങ്ങൾ മുൻകൂട്ടിപ്പറയുന്ന തൊഴിൽക്കാരെയും ഒഴിവാക്കാനുള്ള ബൈബിളിന്റെ ബുദ്ധിയുപദേശത്തോടുള്ള പ്രകടമായ അനുസരണക്കേടാണ്. അങ്ങനെ, അത് ഭൂതാരാധനയായി തിരിച്ചറിയാൻ കഴിയുന്ന തരം ആരാധനയാണ്. എല്ലാ ആത്മവിദ്യയും പോലെ അത് മനുഷ്യദേഹി അമർത്ത്യമാണെന്നുള്ള സാത്താന്റെ വ്യാജത്തിലധിഷ്ഠിതമാണ്.—സഭാപ്രസംഗി 9:5; യെഹെസ്ക്കേൽ 18:4, 20.
വിദ്വേഷം നിറഞ്ഞ ഒരു ലോകത്തിൽ പിശാചിന്റെ സ്വാധീനം
ഈ 20-ാം നൂററാണ്ടിലെ മനുഷ്യവർഗ്ഗത്തിന്റെ ഭീതിദമായ സാഹചര്യം സാത്താന്റെ സ്വാധീനം കൂടുതലായി വ്യാപിക്കുന്നില്ലേയെന്ന് നാം സംശയിക്കാനിടയാക്കുന്നു. പ്രൊഫസ്സർ റസ്സൽ ഇങ്ങനെ പ്രസ്താവിച്ചുകൊണ്ട് ഇതിനെ പരാമർശിക്കുന്നു: “ഇക്കാലത്ത്, ഭൂമിയിൽ ജീവിക്കുന്ന നട്ടെല്ലുള്ള ഓരോ ജീവിയെയും കൊല്ലാൻ ആവശ്യമായതിന്റെ എഴുപതിരട്ടിയെന്നു കണക്കാക്കപ്പെട്ട അളവിൽ ന്യൂക്ലിയർ ആയുധശേഖരമുള്ളപ്പോൾ യാതൊരു വ്യക്തിക്കോ ജനതക്കോ പ്രത്യയശാസ്ത്രത്തിനോ ഗുണം ചെയ്യാതെ സഹസ്രലക്ഷങ്ങൾക്ക് ഭീകരമായ മരണശിക്ഷ വിധിക്കുന്ന ഒരു യുദ്ധത്തിന് നാം ശാഠ്യപൂർവം സന്നാഹം നടത്തുകയാണ്. അനുദിനം കൂടുതൽ അപകടകരമായിത്തീർന്നുകൊണ്ടിരിക്കുന്ന ഒരു പാതയിൽ നമ്മെ തള്ളിവിട്ടുകൊണ്ടിരിക്കുന്നത് ഏതു ശക്തിയാണ്? ഈ ഗോളത്തിന്റെ ന്യൂക്ലിയർനാശം ആർക്കാണ് ഗുണംചെയ്യുക? തുടക്കംമുതൽതന്നെ അനന്തമായ ക്രൂരതയോടും ദ്രോഹത്തോടുംകൂടെ വ്യവസ്ഥിതിയുടെ നാശത്തിന് ഇച്ഛിച്ചിട്ടുള്ള ആ ശക്തിക്കുതന്നെ.”
ആ ശക്തി ആരാണ്, അഥവാ എന്താണ്? പ്രൊഫസ്സർ ഈ വാക്കുകളിൽ തന്റെ സ്വന്തം ഉത്തരം നൽകുന്നു: “പിശാച് തന്റെ ശക്തിക്കനുസൃതമായി ദൈവത്തിന്റെ വ്യവസ്ഥിതിയെ നിരസിക്കാനും നശിപ്പിക്കാനും ശ്രമിക്കുന്ന ആത്മാവെന്ന് നിർവചിക്കപ്പെട്ടിരിക്കുന്നു. ന്യൂക്ലിയർ ആയുധങ്ങൾ വിന്യസിക്കാൻ നമ്മെ പ്രോൽസാഹിപ്പിക്കുന്ന ശക്തി എല്ലായ്പ്പോഴും ഒളിച്ചുകളി നടത്താൻ ശ്രമിക്കുന്ന ശക്തിതന്നെയായിരിക്കുകയില്ലേ? നമ്മുടെ ഗോളത്തിന്റെ ഈ അത്യധികമായ പ്രതിസന്ധിയിൽ നമുക്ക് അതിന്റെ സാദ്ധ്യതയെ തള്ളിക്കളയാവതല്ല.” തീർച്ചയായും ക്രിസ്ത്യാനികൾ ആ സാദ്ധ്യതയെ തള്ളിക്കളയുന്നില്ല! യേശുതന്നെ “ഈ ലോകത്തിന്റെ ഭരണാധിപൻ” എന്നു സാത്താനെ വിളിച്ചപ്പോൾ അവന് ഈ ലോകത്തിൻമേലുള്ള വലിയ സ്വാധീനത്തെ പ്രകടമാക്കി. (യോഹന്നാൻ 12:31) സാത്താന്റെ ഇന്നത്തെ മനോഭാവത്തെ വർണ്ണിച്ചുകൊണ്ട് അവന് “അല്പകാലഘട്ടമാണുള്ളതെന്നറിഞ്ഞുകൊണ്ട് വലിയ കോപം” ഉള്ളതായി വെളിപ്പാടുപുസ്തകം പറയുന്നു. (വെളിപ്പാട് 12:12) നമ്മുടെ കാലത്ത് സാത്താൻ ചെയ്യാൻ ശ്രമിക്കുന്നതിനെ പരാമർശിച്ചുകൊണ്ട് അതേ പുസ്തകം ഈ ലോകത്തിലെ ഭരണാധിപൻമാരെ “സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന് ഒരുമിച്ചു”കൂട്ടാൻ അവൻ ഭൂതപ്രചാരണത്തെ ഉപയോഗിക്കുകയാണെന്ന് പറയുന്നു. (വെളിപ്പാട് 16:14) അതെ, മനുഷ്യവർഗ്ഗത്തിന്റെ ഭ്രാന്തമായ സ്വവിനാശക ഗതിയുടെ കാരണം മനസ്സിലാക്കാൻ നാം ശ്രമിക്കുമ്പോൾ നമുക്ക് പിശാചായ സാത്താന്റെ സ്വാധീനത്തെ തള്ളിക്കളയാവുന്നതല്ല.
അപ്പോസ്തലനായ പൗലോസ് സാത്താനെ “അനുസരണക്കേടിന്റെ പുത്രൻമാരിൽ ഇപ്പോൾ പ്രവർത്തിക്കുന്ന ആത്മാവായ വായുവിന്റെ അധികാരത്തിന്റെ ഭരണാധിപൻ” എന്നും “ഈ ലോകത്തിന്റെ ദൈവം” എന്നും വിളിച്ചു. (എഫേസ്യർ 2:2; 2 കൊരിന്ത്യർ 4:4) ഈ “പ്രബുദ്ധ” ശാസ്ത്രീയ യുഗത്തിലെ സകല ക്രൂരതകളും—രണ്ടു ലോകമഹായുദ്ധങ്ങളും യൂറോപ്പിലും കംപൂച്ചിയായിലും നടന്ന വംശനാശങ്ങൾ, ആഫ്രിക്കയിലെ രാഷ്ട്രീയപ്രേരിതമായ ക്ഷാമം, മതപരവും വർഗ്ഗീയവുമായി ലോകവ്യാപകമായുള്ള അഗാധ ഭിന്നതകൾ, വിദ്വേഷം, കൊലപാതകം, വ്യവസ്ഥാപിതമായ ദണ്ഡനം, മയക്കുമരുന്നുകളിലൂടെയുള്ള മനുഷ്യവർഗ്ഗത്തിന്റെ കുററകരമായ ധ്വംസനം എന്നിവ ചുരുക്കം ചിലതു മാത്രം—മനുഷ്യവർഗ്ഗത്തെ ദൈവത്തിൽനിന്ന് ഒരുപക്ഷേ ആഗോള ആത്മഹത്യയിലേക്കു പോലും നയിക്കാൻ തുനിഞ്ഞിരിക്കുന്ന ഏതോ ശക്തമായ ദുഷ്ടശക്തിയുടെ വിദഗ്ദ്ധപദ്ധതി അനുസരിച്ചുകൊണ്ടായിരിക്കുകയില്ലേയെന്ന് അനേകർ ചോദിക്കുന്നത് ആശ്ചര്യമല്ല.
അപ്പോൾ സാത്താൻ ആരാണ്? അവൻ യഥാർത്ഥത്തിൽ എന്തിനാണ് തുനിഞ്ഞിരിക്കുന്നത്? അതുസംബന്ധിച്ച് നമുക്ക് വ്യക്തിഗതമായി എന്തു ചെയ്യാൻ കഴിയും? അടുത്ത ലേഖനത്തിൽ ഈ ചോദ്യങ്ങളുടെ ചർച്ച പരിചിന്തിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്. (w88 9/1)
[7-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ ജനം സാത്താന്യ സംഗീതം തള്ളിക്കളഞ്ഞു കൊണ്ട് ആരോഗ്യാവഹമായ വിനോദം തേടുന്നു