സാത്താൻ—അവൻ യഥാർത്ഥമോ?
സാത്താൻ സ്ഥിതിചെയ്യുന്നുവെന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ? വിശ്വസിക്കുന്നുവെങ്കിൽ നിങ്ങൾ കുറഞ്ഞുകൊണ്ടിരിക്കുന്ന ഒരു ന്യൂനപക്ഷത്തിന്റെ ഭാഗമാണ്. “1980കൾ ആയതോടെ പിശാചിനെക്കുറിച്ചുള്ള വിശ്വാസം അപ്രത്യക്ഷപ്പെടുകയും യാഥാസ്ഥിതികരായ കത്തോലിക്കരുടെയും കരിസ്മാററിക്കുകളുടെയും യാഥാസ്ഥിതിക പ്രോട്ടസ്ററൻറുകാരുടെയും പൗരസ്ത്യ ഓർത്തഡോക്സുകാരുടെയും മുസ്ലീങ്ങളുടെയും ചുരുക്കം ചില ഗൂഢതന്ത്രവിശ്വാസികളുടെയും ഇടയിൽ മാത്രമായി കാണപ്പെടുകയും ചെയ്തു.” ഇങ്ങനെയാണ് ജഫ്രി ബർട്ടൻ റസ്സൽ എഴുതിയ മെഫിസ്റേറഫെലസ്—ആധുനിക ലോകത്തിൽ പിശാച് എന്ന പുസ്തകം പ്രസ്താവിക്കുന്നത്.
എന്നിരുന്നാലും സാത്താൻ യഥാർത്ഥമാണെന്നുള്ള വിശ്വാസം എല്ലാവരും നിർത്തിയിട്ടില്ല. “സാത്താൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു, ലോകത്തിൽ പ്രവർത്തിച്ചുകൊണ്ടുമിരിക്കുന്നു”വെന്ന് ജോൺ പോൾ രണ്ടാമൻ ഇററലിയിൽ നടത്തിയ അടുത്ത കാലത്തെ ഒരു പ്രസംഗത്തിൽ പറയുകയുണ്ടായി.
പാപ്പാ പറഞ്ഞതു ശരിയാണോ? ആണെങ്കിൽ, സാത്താൻ ആഗ്രഹിക്കുന്നതു ചെയ്യാൻ അവൻ നല്ല ഒരു നിലയിലാണ്. ആളുകൾ അവന്റെ ആസ്തിക്യത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ അവർ അവനോട് എതിർക്കുകയില്ല. ഉപദേശം സംബന്ധിച്ച ഒരു പ്രമുഖ വത്തിക്കാൻ പ്രാമാണികനായ കാർഡിനൽ റാററ്സിംഗർ ഇങ്ങനെ പ്രസ്താവിച്ചു: “പിശാചിന് അവന്റെ പ്രിയങ്കരമായ ഘടകത്തിൽ, അജ്ഞാത നാമാവായിരിക്കുന്നതിൽ, അഭയം തേടാൻ കഴിയും.”
സാത്താൻ യഥാർത്ഥത്തിൽ സ്ഥിതിചെയ്യുന്നുവോ? നമ്മൾ ബൈബിൾ വിശ്വസിക്കുന്നുവെങ്കിൽ നാം ഉവ്വ് എന്ന് ഉത്തരം പറയേണ്ടിയിരിക്കുന്നു! ആ നിശ്വസ്ത രേഖയിൽ സാത്താനെ പല പ്രാവശ്യം പരാമർശിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ബൈബിളെഴുത്തുകാരനായ പൗലോസ് ക്രിസ്തീയ സഭയിലെ അണികളിലുള്ള “കള്ളയപ്പോസ്തലൻമാരെ”യും “ചതിയൻമാരായ പ്രവർത്തകരെ”യും കുറിച്ചു മുന്നറിയിപ്പു കൊടുത്തുകൊണ്ട് ഇങ്ങനെ എഴുതി: “സാത്താൻതന്നെ തന്നേത്തന്നെ ഒരു വെളിച്ചദൂതനായി രൂപാന്തരപ്പെടുത്തിക്കൊണ്ടിരിക്കുന്നത് അതിശയമല്ല.” പൗലോസ് സാത്താനെ ബുദ്ധിശക്തിയുള്ള, ഒരു ചതിയൻവ്യക്തിയായി വീക്ഷിച്ചു.—2 കൊരിന്ത്യർ 11:13, 14.
ആ സ്ഥിതിക്ക്, ഇന്ന് മിക്കയാളുകളും സാത്താന്റെ അസ്തിത്വത്തെ ഗൗരവമായി എടുക്കാത്തതെന്തുകൊണ്ട്? അത് ഈ യുഗത്തിന്റെ ആത്മാവ് ആയിരിക്കാനിടയുണ്ട്. നാം ചിലർ ക്രിസ്തീയാനന്തരയുഗം എന്നു വിളിക്കുന്നതിൽ ജീവിക്കുന്നതുകൊണ്ട് നിരീശ്വരത്വം, ആനന്ദാസക്ത നീതിശാസ്ത്രം, ഭൗതികത്വം, കമ്യൂണിസം, എന്നിവ അനേകം സമുദായങ്ങളിൽ മതവിശ്വാസത്തിനു പകരമായിത്തീർന്നിട്ടുണ്ട്. ദശലക്ഷക്കണക്കിനാളുകൾ മേലാൽ ദൈവത്തിൽ വിശ്വസിക്കുന്നില്ല, തങ്ങളുടെ വ്യക്തിപരമായ തത്വശാസ്ത്രങ്ങൾക്ക് അവന്റെ അസ്തിത്വം ആവശ്യമില്ലെന്നുള്ള വീക്ഷണമാണവർക്ക്. അവർ ദൈവത്തോടുകൂടെ സാത്താനെയും ത്യജിച്ചിരിക്കുകയാണ്. ക്രൈസ്തലോകത്തിലെ ചില മതസ്ഥർ ദൈവത്തിൽ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുന്നുവെങ്കിലും ഈ 20-ാം നൂററാണ്ടിൽ സാത്താനിലുള്ള വിശ്വാസം കാലഹരണപ്പെട്ടതാണെന്ന് വിചാരിക്കുന്നു.
ഏതായാലും, ദൈവത്തെ തള്ളിക്കളയുന്നത് ഒരു പ്രകാരത്തിലും പുതിയ കാര്യമല്ല. ഏതാണ്ട് 3,000 വർഷം മുമ്പ് എബ്രായ കവിയായ ദാവീദ് എഴുതി: “‘യഹോവ ഇല്ല’ എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറഞ്ഞിരിക്കുന്നു. അവർ വിനാശകരമായി പ്രവർത്തിച്ചിരിക്കുന്നു, അവർ തങ്ങളുടെ ഇടപെടലുകളിൽ നിന്ദ്യമായി പ്രവർത്തിച്ചിരിക്കുന്നു.” (സങ്കീർത്തനം 14:1; 53:1) അവൻ മറെറാരു സ്ഥലത്ത് ഇങ്ങനെ പ്രസ്താവിച്ചു: “ദുഷ്ടനായവൻ തന്റെ ഗർവ്വിൽ അന്വേഷണം നടത്തുന്നില്ല: അവന്റെ ആശയങ്ങളെല്ലാം ‘ദൈവം ഇല്ല’ എന്നാണ്.” (സങ്കീർത്തനം 10:4) അന്നുപോലും ആളുകൾ ദൈവം ഇല്ലെന്നുള്ള മട്ടിൽ പ്രവർത്തിച്ചു. ദൈവം ഇല്ലെങ്കിൽ സാത്താനും ഉണ്ടായിരിക്കാവുന്നതല്ല എന്നതായിരുന്നിരിക്കാം യുക്തിപൂർവകമായ നിഗമനം.
ചിലർ ഇപ്പോഴും വിശ്വസിക്കുന്നു
എന്നിരുന്നാലും, നാം കണ്ടുകഴിഞ്ഞതുപോലെ ചിലർ ഇപ്പോഴും ഒരു അക്ഷരീയ പിശാചിലുള്ള വിശ്വാസം അംഗീകരിക്കുന്നു. നൻമയും തിൻമയും ദൈവവും പിശാചും ഒപ്പത്തിനൊപ്പം സ്ഥിതിചെയ്തിരിക്കണമെന്ന് പറഞ്ഞുകൊണ്ട് പുരാതന ദ്വൈതവാദത്തിന്റെ സൊരോവാഷ്ട്രിയൻ ഉപദേശം വിശ്വസിക്കുന്നവരുണ്ട്. നൻമയും തിൻമയും ദൈവശിരസ്സിന്റെ മുഖങ്ങളാണെന്നു പോലും മററു ചിലർ പറയുന്നു. സാത്താന്റെ ആസ്തിക്യത്തിൽ വിശ്വസിക്കുന്ന അനേകർ ഇപ്പോഴും ക്രൈസ്തവലോകത്തിലും ഇസ്ലാമിലുമുണ്ട്. തീർച്ചയായും ഇവരിൽ അനേകർക്ക് അവൻ ഇപ്പോഴും ചിറകുകളും കൊമ്പുകളും വാലുമുള്ള ഒരു ആത്മീയജീവയാണ്, പ്രസിദ്ധ ഫ്രെഞ്ച് ചിത്രകാരനായ ഗസ്ററാവ് ഡോറേയുടെ നിർമ്മിതികളിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നതുപോലെ “നരകാഗ്നി”യിലേക്ക് വിടപ്പെടുന്ന ആ “അമർത്യദേഹികളുടെ” ഭാഗധേയത്തിന്റെ മേൽനോട്ടം വഹിക്കുന്നവനാണവൻ.
യഥാർത്ഥത്തിൽ, ചിലരെ സംബന്ധിച്ചിടത്തോളം, സാത്താനിലുള്ള വിശ്വാസം അതിലും കവിഞ്ഞുപോകുന്നു. അവർ അവനെ ആരാധിക്കുന്നു—ഒന്നുകിൽ പേർ വിളിച്ച് അല്ലെങ്കിൽ സാത്താന്യമോ ഭൂതസംബന്ധമോ ആയ കർമ്മങ്ങളാൽ. സഹസ്രാബ്ദങ്ങളിൽ മന്ത്രവാദവും ക്ഷുദ്രവും സാത്താന്യാരാധനയായി തിരിച്ചറിയപ്പെട്ടിട്ടുണ്ട്. നമ്മുടെ ആധുനിക സന്ദേഹാത്മകയുഗത്തിൽ പോലും സാത്താൻ സേവ തഴച്ചുവളരുകയാണ്. അതുകൊണ്ട്, സാത്താനെക്കുറിച്ചുതന്നെ ബൈബിൾ പറയുന്നതു നാം പരിചിന്തിക്കുന്നതിനുമുമ്പ് നമുക്ക് ആധുനിക സാത്താൻസേവയെ സംബന്ധിച്ച ചില വസ്തുതകൾ പരിചിന്തിക്കാം. (w88 9/1)
[3-ാം പേജിലെ ചിത്രം]
ഒരു സാത്താന്യ “നരക”ത്തിന്റെ ബുദ്ധമത ചിത്രീകരണം