നമ്മുടെ ഭയപൂർണ്ണമായ കാലങ്ങളിൽ, നിങ്ങൾക്ക് യഥാർത്ഥത്തിൽ ആരെ ആശ്രയിക്കാൻ കഴിയും?
“പ്രഭുക്കൻമാരിലോ ഭൗമിക മമനുഷ്യന്റെ പുത്രനിലോ ആശ്രയിക്കരുത്, രക്ഷ അവരുടെ വകയല്ല.”—സങ്കീർത്തനം 146:3.
1. നമ്മുടെ കാലത്തിന്റെ ഒരു ലക്ഷണമെന്താണ്, അത് എന്ത് ആവശ്യം പ്രകടമാക്കുന്നു?
നമ്മൾ കുട്ടികളായിരുന്നപ്പോൾ പേടിച്ച സമയങ്ങളിൽ ആശ്വാസത്തിനും സംരക്ഷണത്തിനും വേണ്ടി നാം കരുതലുള്ള നമ്മുടെ മാതാപിതാക്കളുടെ അടുക്കലേക്കു പോയി, എന്തുകൊണ്ടെന്നാൽ നാം അവരെ ആശ്രയിച്ചു. മുതിർന്നവർ എന്ന നിലയിലും നമുക്ക് ആശ്രയിക്കാൻ കഴിയുന്നവരുടെ ആവശ്യമുണ്ട്. പേടിപ്പെടുത്തുന്ന അനേകം കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ നാളുകളിൽ വിശേഷാൽ ഇതു വാസ്തവമാണ്. നമ്മുടെ കാലങ്ങളെ സംബന്ധിച്ച് ഒരു ജർമ്മൻ വർത്തമാനപ്പത്രം ഇങ്ങനെ പറഞ്ഞു: “ലോകം മുമ്പെന്നത്തേതിലുമധികം ഭയത്താൽ നിറഞ്ഞിരിക്കുന്നു.” ഭരണതന്ത്രജ്ഞൻമാരും പത്രപ്രവർത്തകരും മററുള്ളവരും ഇപ്പോൾ മനുഷ്യവർഗ്ഗത്തെ അഭിമുഖീകരിക്കുന്ന ഗൗരവമുള്ള പ്രശ്നങ്ങളെ സംബന്ധിച്ച തങ്ങളുടെ ഭയങ്ങളെ പലപ്പോഴും പ്രകടമാക്കിയിട്ടുണ്ട്.
2. ഈ തലമുറയിലെ ഭയവും ആശ്രയരാഹിത്യവും മുൻകൂട്ടിപ്പറയപ്പെട്ടതെങ്ങനെ?
2 അങ്ങനെയുള്ള പ്രസ്താവനകൾ നമ്മുടെ കാലത്തെ സംബന്ധിച്ച് യേശുക്രിസ്തു മുൻകൂട്ടിപ്പറഞ്ഞതിനെ പ്രതിഫലിപ്പിക്കുന്നു. ഈ കാലം “പോംവഴി അറിയാത്ത ജനതകളുടെ അതിവേദന”യാൽ അടയാളപ്പെടുത്തപ്പെടുമെന്ന് അവൻ പറയുകയുണ്ടായി. “അതേ സമയം നിവസിതഭൂമിമേൽ ഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഭയത്താലും പ്രതീക്ഷയാലും മനുഷ്യർ മോഹാലസ്യപ്പെടുകയാണ്.” (ലൂക്കോസ് 21:25,26) ഈ “അന്ത്യനാളുകളിൽ ഇടപെടാൻ പ്രയാസമായ നിർണ്ണായക സമയങ്ങൾ വരു”മെന്നും ആളുകൾ ‘സ്വസ്നേഹികളും ഭക്തികെട്ടവരും ഏഷണിക്കാരും ദ്രോഹികളു’മായിരിക്കുമെന്നും ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. നമ്മുടെ യുഗത്തിന്റെ ഒരു ലക്ഷണം വിശ്വാസത്തിന്റെ ഗുരുതരമായ അഭാവമായിരിക്കുമെന്ന് ഈ പ്രസ്താവനകൾ പ്രകടമാക്കുന്നു.—2 തിമൊഥെയോസ് 3:1-4.
കുറഞ്ഞുവരുന്ന വിശ്വാസം
3. ആശ്രയം നമ്മുടെ യുഗത്തിലെ ഒരു നഷ്ടം ആണെന്നുള്ളതിന് എന്തു തെളിവുണ്ട്?
3 ഈ ഭയംനിറഞ്ഞ നാളുകളിൽ, നമുക്കാശ്രയിക്കാൻ കഴിയുന്ന മററുള്ളവരെ, വിശ്വസ്തരെ, വേണ്ട സമയത്ത് ഒരു സഹായമായവരെ, നമുക്ക് വളരെയധികം ആവശ്യമാണ്. എന്നാൽ തങ്ങൾ ആശ്രയിച്ചവരാൽ തങ്ങൾ നിരാശപ്പെടുത്തപ്പെട്ടുവെന്ന് അനേകർ വിചാരിക്കുന്നു. ഒരു രാജ്യത്തെ ഒരു വർത്തമാനപ്പത്രം ഇങ്ങനെ പ്രഖ്യാപിച്ചു: “ആളുകൾ മിക്ക പൊതു സ്ഥാപനങ്ങളെയും വിശ്വസിക്കുന്നില്ല.” ഏററവും കുറച്ചു വിശ്വസിക്കപ്പെട്ടത് രാഷ്ട്രീയ നേതാക്കളും വ്യാപാരനേതാക്കളുമായിരുന്നു. കുടുംബത്തിലും വിശ്വാസമില്ലായ്മ വർദ്ധിച്ചിട്ടുണ്ട്, ഉയർന്ന വിവാഹമോചനനിരക്കാണ് അതിന്റെ തെളിവ്. ചില രാഷ്ട്രങ്ങളിൽ, ഓരോ മൂന്നു വിവാഹങ്ങൾക്കും അല്ലെങ്കിൽ ഓരോ രണ്ടു വിവാഹങ്ങൾക്കു പോലും ഒരു വിവാഹമോചനം നടക്കുന്നു. ഒരു രാജ്യത്ത്, എല്ലാ പുതുവിവാഹങ്ങളുടെയും 70 ശതമാനം പത്തു വർഷത്തിനുള്ളിൽ വിവാഹമോചനത്തിൽ കലാശിക്കുന്നു! അതുകൊണ്ട് വിശ്വാസം വർദ്ധിതമായി കുറയുകയാണ്. വിശ്വാസക്കുറവാണ് നിലവിലിരിക്കുന്നത്. “ഞാൻ മേലാൽ ആരെയും വിശ്വസിക്കുന്നില്ല” എന്ന ഒരാളുടെ പ്രസ്താവന മേലാൽ അസാധാരണമല്ല.
4. അനേകം യുവജനങ്ങൾ ഭയത്താൽ ബാധിക്കപ്പെടുന്നതെങ്ങനെ?
4 സകല മനുഷ്യചരിത്രത്തിലും വച്ച് അത്യന്തം ഭയം നിറഞ്ഞ സമയം ഇതായിരിക്കുന്നതുകൊണ്ട് വളരെയധികം അവിശ്വാസമുണ്ട്. ഈ നൂററാണ്ട് രണ്ടു ലോകമഹായുദ്ധങ്ങളെയും പത്തുകോടിയാളുകളെ കൊന്നൊടുക്കിയ ബഹുദശം മററു യുദ്ധങ്ങളെയും കണ്ടു. ഇപ്പോൾ ന്യൂക്ലിയർ ആയുധങ്ങൾ ഭൂമിയിലെ സകല ജീവനെയും നിർമ്മൂലമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. ഇത് വളരെ ചെറുപ്പമായിരിക്കുന്നവരുടെ വിശ്വാസത്തെപ്പോലും ബാധിക്കുന്നു. ഒരു മെഡിക്കൽ മാസിക ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “ന്യൂക്ലിയർ വിപത്തിന്റെ ഭീഷണിയാൽ അധികമധികം കുട്ടികൾ, പിച്ചവച്ചു നടക്കുന്ന കുഞ്ഞുങ്ങൾ പോലും, ഭയപ്പെടുകയാണ്.” ഇപ്പോൾ, അനേകം യുവജനങ്ങളിൽ ഒരു പുച്ഛഭാവം, ഒരു ദു:ഖം, ഒരു പിണക്കം, ഒരു നിസ്സഹായ ബോധം” ഉണ്ടെന്ന് ഒരു കനേഡിയൻ വർത്തമാനപ്പത്രം പറയുകയുണ്ടായി. “മുതിർന്നവരാൽ ഞങ്ങൾ സംരക്ഷിക്കപ്പെടുന്നതായി ഞങ്ങൾക്കു തോന്നുന്നേയില്ല. ഞങ്ങൾ എന്നെത്തേതിലും ഏററം പുച്ഛഭാവമുള്ള തലമുറയായി വളർന്നേക്കാം” എന്ന് ഒരു യുവാവു പറഞ്ഞു.
5. ഏററം നിഷ്ക്കളങ്കരും നിസ്സഹായരുമായ കുഞ്ഞുങ്ങളുടെ ഒരു സമൂഹത്തിനു സംസാരിക്കാൻ കഴിയുമെങ്കിൽ അവർ എങ്ങനെ വിചാരിച്ചേക്കാം?
5 മുതിർന്നവരാൽ സംരക്ഷിക്കപ്പെടാത്തതു സംബന്ധിച്ച് കുഞ്ഞുങ്ങളുടെ മറെറാരു സമൂഹം എന്തു പറയും—അവർക്കു സംസാരിക്കാൻ കഴിയുമെങ്കിൽ? ജനിക്കുന്നതിനു മുമ്പേ ഗർഭച്ഛിദ്രത്താൽ കൊല്ലപ്പെടുന്നവരെയാണ് ഞങ്ങൾ അർത്ഥമാക്കുന്നത്. ലോകവ്യാപകമായി ഓരോ വർഷവും നടക്കുന്ന ഗർഭച്ഛിദ്രങ്ങളുടെ എണ്ണം 5 കോടി 50 ലക്ഷമെന്നാണ് ഒരു കണക്ക്. മനുഷ്യ വർഗ്ഗത്തിലെ ഏററം നിഷ്ക്കളങ്കവും നിസ്സഹായവുമായ ഭാഗത്തോട് എന്തോരു ദ്രോഹം!
6. കുററകൃത്യം നമ്മുടെ കാലത്തെ വിശ്വാസമില്ലായ്മയെ വർദ്ധിപ്പിച്ചിരിക്കുന്നതെങ്ങനെ?
6 നമ്മുടെ നാളിൽ വളർന്നുവരുന്ന മറെറാരു ഭയത്താലും അവിശ്വാസം വർദ്ധിച്ചിട്ടുണ്ട്: കുററകൃത്യത്തിന് ഇരയാകുന്നതിലുള്ള ഭയം. തലയിണക്കു കീഴിൽ ഒരു കൈത്തോക്കു വെച്ചുകൊണ്ടാണ് താൻ ഉറങ്ങുന്നതെന്നു പറഞ്ഞ സ്ത്രീയെപ്പോലെയാണ് ഇന്ന് അനേകർ പ്രവർത്തിക്കുന്നത്. “എനിക്ക് അത് ഇഷ്ടമല്ല . . . എന്റെ വല്യമ്മ ഒരിക്കലും കതകുകൾ പൂട്ടിയിരുന്നില്ല” എന്ന് ഭയം നിറഞ്ഞ മറെറാരു സ്ത്രീ പറഞ്ഞു. പ്യൂർട്ടോറിക്കോയിലെ ഒരു വർത്തമാനപ്പത്ര മുഖ പ്രസംഗം “നമ്മളാണ് തടവിലാക്കപ്പെട്ടിരിക്കുന്നത്” എന്നു പ്രഖ്യാപിച്ചു. അതെ, തഴുതിട്ടു പൂട്ടിയ നമ്മുടെ സ്വന്തം ഭവനങ്ങളിൽ ഈ ഭയങ്ങൾക്കു നല്ല അടിസ്ഥാനമുണ്ട്. ദൃഷ്ടാന്തമായി, ഐക്യനാടുകളിൽ, മൂന്നു സ്ത്രീകളിൽ ഒരാൾ വീതം തന്റെ ആയുഷ്ക്കാലത്ത് ആക്രമിക്കപ്പെടാൻ സാദ്ധ്യതയുണ്ട്. “കൊലപാതകം, ഭാര്യാപ്രഹരം, ബാല-ദുരുപയോഗം, പിടിച്ചുപറി എന്നിങ്ങനെയുള്ള ഗുരുതരമായ അക്രമത്തിന് ഏതാണ്ട് നാൽപ്പതു ലക്ഷം അമേരിക്കക്കാർ ഇരയാകുന്നുണ്ടെന്ന്” അവിടത്തെ സർജൻ ജനറൽ പ്രസ്താവിക്കുകയുണ്ടായി. ആളുകൾക്കു മററുള്ളവരിൽ കൂടുതലായി വിശ്വാസം നഷ്ടപ്പെടുത്തിക്കളയുന്ന അത്തരം കുററകൃത്യങ്ങൾ അനേകം രാജ്യങ്ങളിൽ സാധാരണമാണ്.
7. മോശമായ സാമ്പത്തികാവസ്ഥകൾ അവിശ്വാസത്തിനു സംഭാവന ചെയ്യുന്നതെങ്ങനെ?
7 അൽപ്പവികസിത രാഷ്ട്രങ്ങളിൽ മിക്കവരും ദാരിദ്ര്യത്തിലാണു ജീവിക്കുന്നത്. തങ്ങളെ അതിൽനിന്നു വിമുക്തരാക്കാൻ ആരും ആരെയും വിശ്വസിക്കുന്നില്ല. ഒരു പ്രവിശ്യയിൽ ജനിക്കുന്ന 1,000 ശിശുക്കളിൽ 270 ഒരു വയസ്സു പ്രായമാകുന്നതിനു മുൻപ് മരിക്കുന്നുവെന്ന് അങ്ങനെയുള്ള ഒരു രാജ്യത്തെ പ്രസിഡണ്ട് പറയുകയുണ്ടായി. 100 വീടുകളിൽ ഒന്നിനു മാത്രമേ വെള്ളമുള്ളു. കുട്ടികളിൽ 60 ശതമാനം ഞെരുക്കത്തിലാണെന്നും ഉപേക്ഷിക്കപ്പെട്ട എഴുപതുലക്ഷം കുട്ടികൾ “നിരക്ഷരരും അന്യപ്പെട്ടവരും തൊഴിൽ ചെയ്യാൻ പ്രാപ്തിയില്ലാത്തവരുമായ നിഷ്ക്കാസിതരായി വളരുന്നു”വെന്ന് മറെറാരു രാജ്യത്തെ ഗവൺമെൻറ് പറയുന്നു. ഐക്യനാടുകളിൽ വീടില്ലാത്ത യുവാക്കളുടെ എണ്ണം 5,00,000 ആണെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ യഥാർത്ഥ സംഖ്യ വളരെ കൂടിയതാണെന്ന് ചിലർ പറയുന്നു. അങ്ങനെയുള്ള ചെറുപ്പക്കാർക്ക് തങ്ങളുടെ മാതാപിതാക്കളിലും സമുദായത്തിലും, നിയമത്തിലും ക്രമത്തിലും, അല്ലെങ്കിൽ നേതാക്കൻമാരുടെ വാഗ്ദത്തങ്ങളിൽ, എന്തു വിശ്വാസമുണ്ടായിരിക്കാൻ കഴിയും?
8. (എ) സമ്പന്നരാഷ്ട്രങ്ങളുടെ സ്ഥിരതയും ആഗോള സമ്പദ്സ്ഥിതിയും ഭീഷണിപ്പെടുത്തപ്പെടുന്നതെങ്ങനെ? (ബി) സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദഗ്ദ്ധരെ എത്രത്തോളം ആശ്രയിക്കാൻ കഴിയും?
8 സാമ്പത്തിക പ്രശ്നങ്ങൾ സമ്പന്നരാഷ്ട്രങ്ങളെപ്പോലും ബാധിക്കുന്നു. അടുത്ത കാലത്ത് ഐക്യനാടുകളിൽ, 1930-കളിലെ വലിയ സാമ്പത്തിക മാന്ദ്യത്തിനു ശേഷം ഏററവുമധികം ബാങ്കുതകർച്ചകൾ ഉണ്ടായി. ഒരു സാമ്പത്തിക വിദഗ്ദ്ധൻ എഴുതി: “അന്തിമഫലം” തകർച്ചക്കു തൊട്ടുമുൻപ് “1920-കളിലേതു പോലെതന്നെ തീർച്ചയായും ദുർബ്ബലമായ ഒരു ബാങ്കിംഗ് പദ്ധതിയാണ്.” ലോകസമ്പദ്ഘടനയിൽ “വിനാശസാദ്ധ്യതയോടെ അടുത്തുവരുന്ന ഒരു കൊടുങ്കാററിനെക്കുറിച്ച് ഒരു നിരീക്ഷകൻ പ്രസ്താവിച്ചു. “അന്താരാഷ്ട്രവ്യവസ്ഥയിലെ ഈ സമ്മർദ്ദങ്ങൾ മേലാൽ അവ്യക്തമായി കാണപ്പെടുകയല്ല, പിന്നെയോ അവ വന്നെത്തിയിരിക്കുന്നുവെന്നതുകൊണ്ട് ഒരു അടിയന്തിരതാബോധം ഉണ്ടാകുന്നു”വെന്ന് മറെറാരാൾ പറഞ്ഞു. ഈ കുഴപ്പങ്ങളിൽ നിന്ന് രാഷ്ട്രങ്ങളെ പുറത്തേക്കു നയിക്കാൻ സാമ്പത്തിക വിദഗ്ദ്ധരെ ആശ്രയിക്കാൻ കഴിയുമോ? തങ്ങളുടെ പ്രവചനരേഖ “വളരെ ഭീതിദമാകയാൽ തങ്ങൾ ഏറെയും കുഴപ്പമാണു പരത്തുന്നതെന്നുള്ളതിനു സംശയമില്ലെന്ന്” അവരിൽ ഒരാൾ പറയുകയുണ്ടായി.
ശുഭാപ്തി വിശ്വാസം അസ്ഥാനത്ത്
9. (എ) നൂററാണ്ടിന്റെ ആരംഭത്തിലുണ്ടായിരുന്ന ശുഭാപ്തി വിശ്വാസത്തിന് എന്തു സംഭവിച്ചിരിക്കുന്നു? (ബി) യഹോവയുടെ സാക്ഷികൾ 1945-ൽ ഒരു ഐക്യരാഷ്ട്രപ്രമാണത്തിൽ ഒപ്പുവെക്കാൻ ആഗ്രഹിക്കുകയില്ലാഞ്ഞതെന്തുകൊണ്ട്?
9 ഇതെല്ലാം ലോകം 20-ാം നൂററാണ്ടിലേക്കു പ്രവേശിച്ചപ്പോൾ നിലവിലിരുന്ന ശുഭാപ്തി വിശ്വാസത്തിൽ നിന്ന് എത്ര വ്യത്യസ്തം. താരതമ്യേനയുള്ള സമാധാനത്തിന്റെ ദശാബ്ദങ്ങൾ ഉണ്ടായിരുന്നു, സമാധാനവും ഐശ്വര്യവും പുതിയ ഉന്നതങ്ങളിലെത്തുമെന്ന് വിചാരിക്കപ്പെട്ടിരുന്നു. എന്നാൽ 1914-ൽ ആ വീക്ഷണം തകർന്നു. കൂടുതൽ ഭയങ്കരമായ ഒരു രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, 1945-ൽ ഐക്യരാഷ്ട്ര ചാർട്ടറിൽ ഒപ്പു വയ്ക്കപ്പെട്ടു. സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും നീതിയുടെയും ഒരു യുദ്ധാനന്തര ലോകത്തെക്കുറിച്ചുള്ള തങ്ങളുടെ ദർശനത്തെ അവർ രേഖയിലാക്കി. ഒരു സമീപകാല റിപ്പോർട്ട് ഇങ്ങനെ പറഞ്ഞു: “ഓരോ ഭൂഖണ്ഡത്തെയും വർഗ്ഗത്തെയും മതത്തെയും പ്രതിനിധാനം ചെയ്യുന്ന 51 രാജ്യങ്ങൾ അന്തിമ പ്രമാണത്തിൽ ഒപ്പുവച്ചു.” എന്നാൽ പ്രതിനിധാനം ചെയ്യപ്പെടാഞ്ഞ ഒരു മതമുണ്ടായിരുന്നു—യഹോവയുടെ സാക്ഷികൾ. പ്രതിനിധാനം ചെയ്യപ്പെടാൻ അവർ ആഗ്രഹിച്ചുമില്ല. സമാധാനവും ഐശ്വര്യവും നീതിയും സംബന്ധിച്ച ആ വാഗ്ദാനങ്ങൾ ഈ ലോകത്തിലെ ഏതെങ്കിലും രാഷ്ട്രത്താലോ, ഐക്യരാഷ്ട്രങ്ങൾ പോലെയുള്ള അവയുടെ ഏതെങ്കിലും സംഘടനയാലോ സാക്ഷാത്ക്കരിക്കപ്പെടുകയില്ലെന്ന് അവർക്ക് അറിയാമായിരുന്നു.
10. ഐക്യരാഷ്ട്രങ്ങളുടെ 1945-ലെ സ്വപ്നത്തോടു താരതമ്യപ്പെടുത്തുമ്പോൾ ഇന്നത്തെ യാഥാർത്ഥ്യമെന്താണ്?
10 അതേ റിപ്പോർട്ട് ഇങ്ങനെ പറയുന്നു: ‘നാൽപ്പതു വർഷത്തിനുശേഷം, ആദർശങ്ങൾക്കെതിരെ യാഥാർത്ഥ്യങ്ങളെ പുനരവലോകനം ചെയ്യുന്നത് ഉചിതമാണെന്നു തോന്നുന്നു. തെളിവ് ഗൗരവമുള്ളതാണ്. നീതിയും സുരക്ഷിതത്വവും കുറഞ്ഞ ഒരു ലോകവും വർദ്ധിക്കുന്ന അക്രമവുമാണ് യാഥാർത്ഥ്യങ്ങൾ. ആഹാരവും വെള്ളവും അഭയവും ആരോഗ്യ ശുശ്രൂഷയും വിദ്യാഭ്യാസവും ഇല്ലാത്ത ജനസംഖ്യ നിരന്തരം പെരുകുകയാണ്. ഇത് 1945-ലെ സ്വപ്നത്തിൽ ഉൾപ്പെട്ടിരുന്നില്ല.’ അത് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: ‘സകല ജനങ്ങൾക്കും ഭയത്തിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും വിമുക്തമായി ജീവിക്കാൻ കഴിയുമെന്ന് ഉറപ്പു വരുത്താൻ രാഷ്ട്രങ്ങൾ ഒരുമിച്ചു കൂടിയശേഷം നാൽപ്പതു വർഷം കഴിഞ്ഞ് 1980-കളിലെ യഥാർത്ഥ ലോകം മനുഷ്യരാശിയുടെ നാലിലൊന്നിനെങ്കിലും ഞെരിക്കുന്ന ദാരിദ്ര്യമുള്ളതാണ്. വിശപ്പിനോടു ബന്ധപ്പെട്ട മരണങ്ങൾ ദിവസേന ശരാശരി 50,000 ആണ്.’ എന്നിരുന്നാലും, രാഷ്ട്രങ്ങൾ ഓരോ മണിക്കൂറിലും യുദ്ധത്തിന് 130 കോടി രൂപയിലധികം ചെലവഴിക്കുന്നു!
11. ഒരു മെച്ചപ്പെട്ട ലോകത്തെ സംബന്ധിച്ച മാനുഷ വാഗ്ദത്തങ്ങൾ എത്ര ആശ്രയയോഗ്യമാണ്?
11 അവസരത്തിന്റെ നൂററാണ്ടുകൾക്കു ശേഷമുള്ള ഈ ഭീതിജനകമായ രേഖയുടെ വീക്ഷണത്തിൽ ഈ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് നമുക്ക് മാനുഷ വാഗ്ദത്തങ്ങളെ ആശ്രയിക്കാൻ കഴിയുമോ? അങ്ങനെയുള്ള വാഗ്ദത്തങ്ങൾ ഒരു വലിയ സമുദ്രയാനത്തിന്റെ ക്യാപ്ററന്റെ വാക്കുകളോളമേ ആശ്രയയോഗ്യമായിരിക്കുന്നുള്ളു. അദ്ദേഹം പറഞ്ഞു: “ഒരു [വലിയ] കപ്പൽ മുങ്ങാനിടയാക്കുന്ന യാതൊരു അവസ്ഥയെക്കുറിച്ചും എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നില്ല . . . ആധുനിക കപ്പൽ നിർമ്മാണം അതിനുപരി പുരോഗമിച്ചിരിക്കുന്നു.” “ഈ കപ്പലിനെ മുക്കാൻ ദൈവത്തിനു പോലും കഴിയുകയില്ല” എന്ന് ആ കപ്പലിലെ ഒരു ജോലിക്കാരൻ ഒരു യാത്രക്കാരനോട് പറയുകയുണ്ടായി. എന്നിരുന്നാലും, റൈറററനിക്ക് എന്ന ആ കപ്പൽ 1912-ൽ മുങ്ങി, 1,500 ജീവനാണ് നഷ്ടമായത്. “വിദ്യാഭ്യാസം മുഖേന കുററകൃത്യം 1950-ന് മുമ്പ് യഥാർത്ഥമായി നീക്കം ചെയ്യപ്പെടു”മെന്ന് 1931-ൽ ഐക്യനാടുകളിലെ നാഷനൽ എഡ്യൂക്കേഷൻ അസോസിയേഷൻ പറയുകയുണ്ടായി. 1960 ആകുമ്പോഴേക്ക് “ആഹാരത്തിനും വസ്ത്രത്തിനും ഭവനത്തിനും വായുവിനേപ്പോലെ കുറഞ്ഞ ചെലവേ വരുകയുള്ളു”വെന്ന് ഒരു ബ്രിട്ടീഷ് പത്രപ്രവർത്തകൻ എഴുതി. ഇന്നത്തെ യാഥാർത്ഥ്യങ്ങൾ ആ വാഗ്ദാനങ്ങളെ പൊളിയാക്കുന്നുവെന്നതിനോടു നിങ്ങൾ യോജിക്കുന്നില്ലേ?
പൂർണ്ണമായി ആശ്രയിക്കാവുന്നവൻ
12. നമുക്ക് ആരെ പൂർണ്ണമായി ആശ്രയിക്കാൻ കഴിയും, അവൻ നമുക്ക് എന്തു വഴികാട്ടിയെ പ്രദാനം ചെയ്തിരിക്കുന്നു?
12 അങ്ങനെ, ഈ ഭയപൂർണ്ണമായ കാലങ്ങളിൽ നമ്മെ സഹായിക്കുന്നതിന് നമുക്കാശ്രയിക്കാൻ കഴിയുന്ന ഒരു കേന്ദ്രം നമുക്ക് അത്യന്തം ആവശ്യമാണ്. ആ കേന്ദ്രം മാനുഷികമായിരിക്കാവുന്നതല്ല. മനുഷ്യവർഗ്ഗം സ്വയം പുറത്തുകടക്കാൻ കഴിയാത്തത്ര വലിയ പ്രശ്നങ്ങളിൽ അകപ്പെട്ടിരിക്കുകയാണ്. പൂർണ്ണമായി ആശ്രയിക്കാൻ കഴിയുന്ന കേന്ദ്രം മനുഷ്യരുടെ സ്രഷ്ടാവായ യഹോവയാം ദൈവമാണ്. ലോകം അതിന്റെ ഇപ്പോഴത്തെ അവസ്ഥയിലെത്തിയിരിക്കുന്നതെന്തുകൊണ്ടെന്നും അത് എങ്ങോട്ടു പോകുന്നുവെന്നും അവൻ അതു സംബന്ധിച്ച് എന്തു ചെയ്യുമെന്നും അവന് അറിയാം. അവൻ നമ്മുടെ മാർഗ്ഗനിർദ്ദേശത്തിനായി നൽകിയിരിക്കുന്ന പുസ്തകമായ ബൈബിളിൽ അവൻ ഈ വിവരം വെളിപ്പെടുത്തിയിട്ടുമുണ്ട്. 2 തിമൊഥെയോസ് 3:16,17 അതു സംബന്ധിച്ച് പറയുന്നു: “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പഠിപ്പിക്കലിനും ശാസിക്കലിനും കാര്യങ്ങൾ നേരെയാക്കുന്നതിനും നീതിയിൽ ശിക്ഷണം കൊടുക്കുന്നതിനും പ്രയോജനപ്രദവുമാകുന്നു, ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും പൂർണ്ണമായി സജ്ജനായി തികച്ചും മതിയായവനായിരിക്കേണ്ടതിനുതന്നെ.”
13. യഹോവയുടെ സാക്ഷികൾ ബൈബിളിനെ സംബന്ധിച്ച് എന്തു വിലമതിക്കുന്നു?
13 ആ ദൃഢമായ പ്രസ്താവനകൾ കാണുക. ദൈവത്തിന്റെ നിശ്വസ്തവചനം കാര്യങ്ങളെ നേരെയാക്കുന്നു. ശരിയെന്തെന്ന് അതു നമ്മോടു പറയുന്നു. അതു നമ്മെ തികച്ചും മതിയായവരാക്കുന്നു. അത് നൻമക്കുവേണ്ടി നമ്മെ പൂർണ്ണ സജ്ജരാക്കുന്നു. അനേകർ ബൈബിളിനെ അത് ആയിരിക്കുന്നപ്രകാരം ദൈവവചനമായി സ്വീകരിക്കുന്നില്ല. എന്നാൽ യഹോവയുടെസാക്ഷികൾ സ്വീകരിക്കുന്നു. (1 തെസ്സലോനിക്യർ 2:13) ശതകോടിക്കണക്കിന് നക്ഷത്ര പംക്തികളോടും കോടാനുകോടിക്കണക്കിന് നക്ഷത്രങ്ങളോടും കൂടിയ ഈ ഭയജനകമായ പ്രപഞ്ചത്തിന്റെ സ്രഷ്ടാവിന് തീർച്ചയായും ഒരു പുസ്തകം ഉളവാക്കാനുള്ള പ്രാപ്തിയുണ്ട്. സത്യാന്വേഷികളുടെ പ്രയോജനത്തിനായി അതിന്റെ കൃത്യതയെ കാത്തുസൂക്ഷിക്കാനുള്ള പ്രാപ്തിയും അവനുണ്ട്.—1 പത്രോസ് 1:25.
14. ബൈബിൾ ഇന്നത്തെ യാഥാർത്ഥ്യങ്ങളോട് എങ്ങനെ പൊരുത്തപ്പെടുന്നു?
14 നമ്മുടെ ഭയപൂർണ്ണമായ കാലങ്ങളിൽ ആശ്രയത്തിന്റെ ഈ കാര്യം സംബന്ധിച്ച് ദൈവവചനത്തിന് എന്തു പറയാനുണ്ട്? അതിലെ പ്രസ്താവനകൾ നിലവിലുള്ള യഥാർത്ഥ അവസ്ഥകളോട് പൂർണ്ണയോജിപ്പിലാണ്. യിരെമ്യാവ് 10:23 സൂക്ഷ്മമായി ഇങ്ങനെ പറയുന്നു: “യഹോവേ, ഭൗമിക മനുഷ്യനുള്ളതല്ല അവന്റെ വഴിയെന്ന് എനിക്ക് നന്നായി അറിയാം. തന്റെ ചുവടിനെ നയിക്കുന്നതുപോലും നടക്കുന്ന മനുഷ്യനുള്ളതല്ല.” സങ്കീർത്തനം 146:3 ഇങ്ങനെ ശക്തമായി ഉപദേശിക്കുന്നു: “പ്രഭുക്കൻമാരിലോ ഭൗമിക മമനുഷ്യന്റെ പുത്രനിലോ ആശ്രയം വെക്കരുത്, രക്ഷ അവന്റെ വകയല്ല.”
15. വിശ്വാസം സംബന്ധിച്ച് ബൈബിൾ നമുക്ക് എന്തു ബുദ്ധിയുപദേശം നൽകുന്നു?
15 മനുഷ്യർ അപൂർണ്ണരായതുകൊണ്ട് നമ്മിൽത്തന്നെ പോലും ആശ്രയിക്കരുതെന്ന് ദൈവവചനം നമുക്കു മുന്നറിയിപ്പു നൽകുന്നു. (റോമർ 5:12) യിരെമ്യാവ് 17:9 “ഹൃദയം മറെറന്തിനേക്കാളും വഞ്ചകമാണ്” എന്നു പറയുന്നു. ഈ കാരണത്താൽ സദൃശവാക്യങ്ങൾ 28:26 ഇങ്ങനെ പ്രഖ്യാപിക്കുന്നു: “സ്വന്ത ഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢനാണ്, എന്നാൽ ജ്ഞാനപൂർവ്വം നടക്കുന്നവനാണ് രക്ഷപ്പെടുന്നത്.” രക്ഷ നൽകാൻ കഴിവുള്ള ഈ ജ്ഞാനം നമുക്ക് എവിടെ കണ്ടെത്താൻ കഴിയും? സദൃശവാക്യങ്ങൾ 9:10 ഉത്തരം നൽകുന്നു: “യഹോവയോടുള്ള ഭയമാണ് ജ്ഞാനത്തിന്റെ തുടക്കം, അത്യുന്നതനെക്കുറിച്ചുള്ള പരിജ്ഞാനമാണ് വിവേകമായിരിക്കുന്നത്.” അതെ, സ്രഷ്ടാവിന്റെ ജ്ഞാനത്തിനു മാത്രമേ ഈ ഭയപൂർണ്ണമായ കാലങ്ങളിൽ നമ്മെ നയിക്കാൻ കഴിയൂ. അങ്ങനെ, സദൃശവാക്യങ്ങൾ 3:5,6 നമ്മെ ബുദ്ധിയുപദേശിക്കുന്നു: “നിന്റെ മുഴുഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക, നിന്റെ സ്വന്തം വിവേകത്തിൽ ഊന്നരുത്. നിന്റെ എല്ലാ വഴികളിലും അവനെ പരിഗണിക്കുക., അവൻതന്നെ നിന്റെ പാതകളെ നേരെയാക്കും.”
ലോകമതത്തെ സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം
16. യേശുവിന്റെ കാലത്തെ പരീശൻമാർ ചെയ്തതുപോലെ ഈ ലോകത്തിലെ മതങ്ങൾ എന്തു തെററായ സങ്കൽപ്പം വെച്ചു പുലർത്തുന്നു?
16 ദൈവത്തിൽ നിന്നുള്ള ഈ ജ്ഞാനം ഈ ലോകത്തിലെ മതങ്ങൾ വീണുപോയിരിക്കുന്ന മരണകരമായ കുരുക്കിനെ ഒഴിവാക്കാൻ നമ്മെ പ്രാപ്തരാക്കും. തങ്ങൾ മതഭക്തിയുള്ളവരായതുകൊണ്ട് തങ്ങൾ നീതിമാൻമാരാണെന്ന് അവർ സങ്കൽപ്പിക്കുന്നു. അവരുടെ മനോഭാവം ഏറെയും ലൂക്കോസ് 18:9-ൽ വർണ്ണിക്കപ്പെട്ടിരിക്കുന്നതുപോലെയാണ്: “തങ്ങൾ നീതിമാൻമാരാണെന്ന് സ്വയം വിശ്വസിച്ച ചിലരോടും അവൻ [യേശു] ഈ ദൃഷ്ടാന്തം പറഞ്ഞു.” താൻ ഒരു പാപിയല്ലാത്തതുകൊണ്ട് ഒരു പരീശൻ ദൈവത്തിന് നന്ദികൊടുത്തു, എന്നാൽ ഒരു കരംപിരിവുകാരൻ “ദൈവമേ, പാപിയായ എന്നോടു കൃപ കാട്ടേണമേ” എന്നു യാചിച്ചുകൊണ്ടിരുന്നു. “ഈ മനുഷ്യൻ [പാപി] ആ മനുഷ്യനെക്കാൾ [പരീശൻ] നീതിമാനെന്നു തെളിഞ്ഞവനായി വീട്ടിലേക്കു പോയി എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു യേശു പറഞ്ഞു, “എന്തുകൊണ്ടെന്നാൽ തന്നെത്താൻ ഉയർത്തുന്ന ഏവനും താഴ്ത്തപ്പെടും, എന്നാൽ തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും.”—ലൂക്കോസ് 18:10-14.
17. ദൈവം പരീശൻമാരേപ്പോലെയുള്ളവരുടെ മതശ്രമങ്ങളെ എങ്ങനെ വീക്ഷിക്കുന്നു.
17 പരീശൻ ദൈവമുമ്പാകെ തന്നെത്താൻ താഴ്ത്തിയില്ല. പകരം, തന്റെ സ്വന്തം പ്രമാണപ്രകാരം താൻ നീതിമാനാണെന്ന് അയാൾ വിചാരിച്ചു. എന്നാൽ ദൈവം അതിനെ വീക്ഷിച്ചത് അങ്ങനെയല്ലായിരുന്നു. (മത്തായി 23:25-28) താഴ്മയുള്ള പാപിയായിരുന്നു ദൈവവചനം യെശയ്യാവ് 66:2-ൽ പറയുന്നതിനെ പ്രതിഫലിപ്പിച്ചത്: “അപ്പോൾ, പീഡിതനും ആത്മാവിൽ തകർന്നവനും എന്റെ വചനത്തിൽ വിറക്കുന്നവനുമായവനെ ഞാൻ കടാക്ഷിക്കും.” യഹൂദമതനേതാക്കൻമാർ ദൈവവചനത്തിങ്കൽ വിറച്ചില്ല. അവർ അതിനെ അവഗണിച്ചു. അവർ ആഗ്രഹിച്ചത് അവർ ചെയ്തു, അനന്തരം ദൈവം തങ്ങളെ അംഗീകരിച്ചതായി അവർ വിചാരിച്ചു. എന്നിരുന്നാലും, യേശു അവരോട് ഇങ്ങനെ പറഞ്ഞു: “എന്നോട് ‘കർത്താവേ, കർത്താവേ’ എന്നു പറയുന്ന ഏവനുമല്ല, പിന്നെയോ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നത്. അന്നാളിൽ അനേകർ എന്നോട് ‘കർത്താവേ, കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ പ്രവചിക്കുകയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ അനേകം വീര്യപ്രവൃത്തികൾ ചെയ്യുകയും ചെയ്തില്ലയോ?’ എന്ന് എന്നോടു പറയും. എന്നാലും, ഞാൻ ഒരിക്കലും നിങ്ങളെ അറിഞ്ഞിട്ടില്ല! അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ എന്ന് ഞാൻ അവരോട് തീർത്തു പറയും.”—മത്തായി 7:21-23.
18. തന്നെ സേവിക്കുന്നതായി അവകാശപ്പെടുന്നതും എന്നാൽ അവന്റെ നിയമങ്ങളോട് അനുരൂപപ്പെടാത്തതുമായ മതങ്ങളെ ദൈവം എങ്ങനെ വിധിക്കും?
18 ഒന്നാം നൂററാണ്ടിലെ ആ മതനേതാക്കൻമാർ ദൈവത്തെ ആശ്രയിച്ചില്ല. പകരം, അവർ ദൈവനിയമങ്ങളെ ലംഘിച്ച പാരമ്പര്യങ്ങളിൽ ആശ്രയിച്ചു. (മത്തായി 15:3,9) അതുകൊണ്ട് “നിങ്ങളുടെ ഭവനം നിങ്ങൾക്ക് ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു” എന്ന് യേശു അവരോട് പറഞ്ഞു. (മത്തായി 23:38) ദൈവം അവരുടെ യഹൂദമതത്തെ തീർച്ചയായും ഉപേക്ഷിച്ചതിന്റെ തെളിവായി, നമ്മുടെ പൊതുയുഗത്തിന്റെ 70-ാമാണ്ടിൽ അവരും അവരുടെ ദേശീയ തലസ്ഥാനമായ യരൂശലേമും അവരുടെ ആലയവും റോമാസൈന്യങ്ങളാൽ നശിപ്പിക്കപ്പെട്ടു. ഇന്നു വ്യത്യസ്തമല്ല. ഈ ലോകത്തിലെ മതങ്ങൾ ദൈവത്തിന്റെ പ്രമാണങ്ങളോട് അനുരൂപപ്പെടാത്ത തങ്ങളുടെ സ്വന്തം ആരാധനാ പ്രമാണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് അവർ അവന്റെ ഇഷ്ടമല്ല, പിന്നെയോ സ്വന്തം ഇഷ്ടമാണ് ചെയ്യുന്നത്. തന്നിമിത്തം ദൈവത്തിന്റെ ദൃഷ്ടിയിൽ അവർ അധർമ്മം പ്രവർത്തിക്കുന്നവരായി പരിഗണിക്കപ്പെടുന്നു. (തീത്തോസ് 1:16) ദൈവം ഈ മതങ്ങളെ ഉപേക്ഷിച്ചിരിക്കുന്നുവെന്നതിന്റെ തെളിവായി അവ പെട്ടെന്നുതന്നെ രാഷ്ട്രങ്ങളാൽ നശിപ്പിക്കപ്പെടും, ഒന്നാം നൂററാണ്ടിൽ യരൂശലേമും അതിലെ ആലയവും റോമാ സൈന്യങ്ങളാൽ നശിപ്പിക്കപ്പെട്ടതുപോലെതന്നെ.—വെളിപ്പാട് 17,18 അദ്ധ്യായങ്ങൾ കാണുക.
19. മതത്തെ സംബന്ധിച്ച് ഏതു ചോദ്യങ്ങൾ ചോദിക്കപ്പെട്ടേക്കാം?
19 ഈ ലോകത്തിലെ മതങ്ങളെ സംബന്ധിച്ച ഈ വിലയിരുത്തൽ വളരെ കഠിനമാണോ? ദൈവത്തിന്റെ ന്യായവിധികൾ താമസിയാതെ അവർക്കെതിരെ തിരിയുമെന്ന് നമുക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും? ദൈവത്തിന്റെ അംഗീകാരം നേടാൻ ഒരു മതം എന്തു ചെയ്യണം? തന്നിലേക്ക് ആത്മാർത്ഥമായി തിരിയുകയും തന്റെ നിയമങ്ങൾക്കു കീഴ്പ്പെടുകയും ചെയ്യുന്നവരെ യഹോവ സംരക്ഷിക്കുന്നുവെന്നു പ്രകടമാക്കാൻ ചരിത്രപരമായ മുൻവഴക്കങ്ങൾ ഉണ്ടോ? അടുത്ത ലേഖനം ഈ ചോദ്യങ്ങൾ ചർച്ച ചെയ്യും. (w88 4/15)
പുനരവലോകന ചോദ്യങ്ങൾ
◻ നമ്മുടെ കാലത്തെ അവിശ്വാസത്തിന് സംഭാവന ചെയ്തിരിക്കുന്നതെന്ത്?
◻ ഈ ലോകത്തിലെ ശുഭാപ്തി വിശ്വാസം വഴിതെററിക്കപ്പെട്ടതായിരുന്നതെന്തുകൊണ്ട്?
◻ നമുക്ക് ആരെ പൂർണ്ണമായി ആശ്രയിക്കാൻ കഴിയും? അവൻ നമുക്ക് എന്തു വഴികാട്ടിയെ തന്നിരിക്കുന്നു?
◻ നാം നമ്മിൽത്തന്നെയോ മററു മനുഷ്യരിലോ ആശ്രയിക്കരുതാത്തതെന്തുകൊണ്ട്?
◻ ദൈവം ഈ ലോകത്തിലെ മതങ്ങളെ എങ്ങനെ വീക്ഷിക്കുന്നു?
[13-ാം പേജിലെ ചിത്രങ്ങൾ]
താൻ നീതിമാനാണെന്ന് പരീശൻ സങ്കൽപ്പിച്ചു, എന്നാൽ പാപിയായ മനുഷ്യൻ ദൈവകരുണക്കു വേണ്ടി വിനീതമായി യാചിച്ചു.
[15-ാം പേജിലെ ചിത്രം]
റോമാസൈന്യങ്ങൾ യരൂശലേമിനെ നശിപ്പിച്ച ഒന്നാം നൂററാണ്ടിൽ ദൈവം യഹൂദമതത്തെ കുററം വിധിച്ചതുപോലെ അവൻ തന്റെ ഇഷ്ടം ചെയ്യാത്ത മതങ്ങളെ കുററം വിധിക്കുന്നു.