ബൈബിളും കൗമാരപ്രായ ധാർമ്മികതയും
“കൗമാരപ്രായക്കാർ ലൈംഗികത സംബന്ധിച്ച സന്ദേശങ്ങളോടുള്ള തങ്ങളുടെ ഇടപഴകൽ സംബന്ധിച്ച് സാധ്യതയനുസരിച്ച് ഏററവും മോശമായ മണ്ഡലത്തെ അവകാശപ്പെടുത്തിയിരിക്കുന്നതായി തോന്നുന്നു: ചലച്ചിത്രങ്ങളും സംഗീതപരിപാടികളും റേഡിയോയും ടെലിവിഷനും ലൈംഗികത സുഖസമൃദ്ധവും പുളകപ്രദവും ഉൻമേഷദായകവുമാണെന്ന് അവരോട് പറയുന്നു . . . എന്നിട്ടും, അതേസമയം തന്നെ, നല്ല പെൺകുട്ടികൾ ഇല്ല എന്നു പറയണം എന്ന സന്ദേശവും ചെറുപ്പക്കാർക്ക് ലഭിക്കുന്നു.”—ദി അലൻ ഗുട്ട്മാച്ചർ ഇൻസ്ററിററ്യൂട്ട്.
ഇന്നത്തെ യുവാക്കൾ ധാർമ്മികമായ ഒരു അനിശ്ചിതത്വത്തിന്റെ നാളുകളിൽ വളർന്നിരിക്കുന്നു. എന്നിരുന്നാലും ബൈബിൾ ലൈംഗിക ധാർമ്മികത സംബന്ധിച്ച് വ്യക്തവും അസന്നിഗ്ദ്ധവുമായ മാർഗ്ഗനിർദ്ദേശം പ്രദാനം ചെയ്തിരിക്കുന്നു. ലൈംഗികവിദ്യാഭ്യാസപരിപാടികൾ ഗർഭധാരണത്തെ ഒഴിവാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ചായ്വുകാണിക്കുമ്പോൾ ബൈബിൾ വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധംതന്നെയാണ് ഒഴിവാക്കേണ്ട സംഗതിയെന്ന് കാണിക്കുന്നു. “യഥാർത്ഥത്തിൽ ദുർവൃത്തിയിലോ [വിവാഹത്തിനുമുമ്പുള്ള ലൈംഗിക ബന്ധം ഉൾപ്പെടെ] അശുദ്ധിയിലൊ ക്രമരഹിതമായ ലൈംഗിക ബന്ധത്തിലൊ ഏർപ്പെടുന്ന യാതൊരുത്തനും . . . ദൈവത്തിന്റെ രാജ്യത്തിൽ യാതൊന്നും അവകാശമാക്കാൻ കഴിയുകയില്ല” എന്ന് ബൈബിൾ പറയുന്നു. (എഫേസ്യർ 5:5, ദി ജറുശലേം ബൈബിൾ) വ്യക്തമായും ലൈംഗിക ബന്ധങ്ങൾ വിവാഹത്തിൽ ഒതുക്കിനിർത്തണം.
അതുകൊണ്ട് കൗമാരപ്രായ ഗർഭധാരണപ്രശ്നത്തിനുള്ള പരിഹാരം യുവാക്കളെ ഗർഭനിരോധനമാർഗ്ഗം പഠിപ്പിക്കലല്ല, പകരം അവർക്ക് ധാർമ്മികവും ആത്മീയവുമായ മർഗ്ഗനിർദ്ദേശം കൊടുക്കലാണ്. ബൈബിൾ ഈ മാർഗ്ഗനിർദ്ദേശം കൊടുക്കുന്നതിനുള്ള ഉത്തരവാദിത്വം ആരുടേതാണെന്ന് വ്യക്തമാക്കുന്നു: “പിതാക്കൻമാരേ, നിങ്ങളുടെ കുട്ടികളെ പ്രകോപിപ്പിക്കാതെ യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവൽക്കരണത്തിലും അവരെ വളർത്തിക്കൊണ്ടുവരിക.”—എഫേസ്യർ 6:4.
ഒരു സർവെയിൽ, യുവാക്കളോട് “തങ്ങളുടെ മാതാപിതാക്കളെ ലൈംഗിക വിവരങ്ങളുടെ ഉറവിടങ്ങൾ എന്ന നിലയിൽ മോശം മുതൽ വളരെ തൃപ്തികരം വരെയുള്ള തോതിൽ വിലയിരുത്താൻ ആവശ്യപ്പെട്ടു. തങ്ങളുടെ മാതാക്കളെസംബന്ധിച്ച് കൗമാരപ്രായക്കാരുടെ വിലയിരുത്തൽ അധികവും തൃപ്തികരത്തിനു താഴെയായിരുന്നു. പിതാക്കളെ സംബന്ധിച്ച വിലയിരുത്തൽ വളരെ മോശമായിരുന്നു.” അപ്പോൾ, മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് ലൈംഗിക കാര്യങ്ങൾ സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ കൊടുക്കാൻ പ്രതീക്ഷിക്കുന്നത് യാഥാർത്ഥ്യമായിരിക്കുമോ?
യുവാക്കൾക്ക് ധാർമ്മിക മാർഗ്ഗനിർദ്ദേശം കൊടുക്കുന്നു
സദൃശവാക്യങ്ങൾ 4:1-4 വരെ ശലോമോൻ രാജാവ് യുവാക്കളെ ഇപ്രകാരം പ്രോൽസാഹിപ്പിക്കുന്നു: “മക്കളേ, ഒരു പിതാവിന്റെ ശിക്ഷണത്തിന് ശ്രദ്ധകൊടുക്കുക . . . എന്തുകൊണ്ടെന്നാൽ ഞാൻ എന്റെ പിതാവിന് ഒരു യഥാർത്ഥ മകൻ എന്ന് തെളിയിക്കപ്പെട്ടു, എന്റെ അമ്മയുടെ മുമ്പിൽ പ്രിയനും ഏകനുംതന്നെ. അവൻ എന്നെ പ്രബോധിപ്പിക്കുകയും ഇങ്ങനെ പറയുകയും ചെയ്യും: ‘നിന്റെ ഹൃദയം എന്റെ വാക്കുകളെ മുറുകെ പിടിക്കട്ടെ.’” ശലോമോന് സ്വകാര്യമായ കാര്യങ്ങൾപോലും തന്റെ പിതാവിനോടൊത്ത് ചർച്ചചെയ്യാൻ സാധിച്ചിരുന്നു എന്ന് വ്യക്തമാണ്; ശലോമോൻതന്നെ തുടർന്ന് ലൈംഗികദുർമ്മാർഗ്ഗത്തെ വളരെ തുറന്ന് ചർച്ച ചെയ്യുന്നു.—സദൃശവാക്യങ്ങൾ 5:1-19.
യഹോവയുടെ സാക്ഷികളുടെയിടയിൽ അനേകം കുടുംബങ്ങൾ തങ്ങളുടെ മക്കളുമായി സമാനമായ തുറന്ന സംഭാഷണം നടത്തുന്നു—വലിയ വിജയത്തോടെ! അവർ തങ്ങളുടെ മക്കളോട് ലൈംഗിക ബന്ധങ്ങൾ സംബന്ധിച്ച് കേവലം “അരുത്!” എന്ന് പറയുന്നതിലധികം ചെയ്യുന്നു. ക്രമരഹിതമായ ലൈംഗിക ബന്ധത്തെ ഒഴിവാക്കുന്നതിന് തങ്ങളുടെ കുട്ടികൾക്ക് ശരിയായ ന്യായങ്ങൾ പറഞ്ഞുകൊടുക്കുന്നതിന് ബൈബിൾ അവരെ സഹായിക്കുന്നു. ശലോമോന്റെ വാക്കുകൾ വീണ്ടും പരിചിന്തിക്കുക. സദൃശവാക്യങ്ങൾ 5:3, 4-ൽ അവൻ യുവാക്കളെ വ്യഭിചാരിണിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കാൻ പ്രോത്സാഹിപ്പിക്കുന്നു. “മധുകോശംപോലെ ഒരു അപരിചിതയുടെ [വ്യഭിചാരിണി] അധരങ്ങൾ തേൻ പൊഴിക്കുന്നു, അവളുടെ അണ്ണാക്ക് എണ്ണയെക്കാൾ മൃദുവുമാകുന്നു.” അതെ, ദുർന്നടത്തയുടെ സാധ്യത വളരെ വശ്യമായി തോന്നിയേക്കാം. എന്നിരുന്നാലും ശലോമോൻ ഇപ്രകാരം മുന്നറിയിപ്പു നൽകുന്നു: “അവളിൽനിന്നുള്ള അനന്തരഫലം കാഞ്ഞിരംപോലെ കൈപ്പുള്ളതാണ്; അത് ഒരു ഇരുവായ്തലയുള്ള വാൾപോലെ മൂർച്ചയുള്ളതാണ്.”
ശലോമോനെപ്പോലെ മാതാപിതാക്കൾക്ക് ലൈംഗിക ബന്ധങ്ങളുടെ അനന്തരഫലങ്ങൾ സംബന്ധിച്ച് തങ്ങളുടെ കുട്ടികളുമായി ന്യായവാദം ചെയ്യാൻ കഴിയും. ഒരു കുഴഞ്ഞ മനസ്സാക്ഷി, ആഗ്രഹിക്കാത്ത ഗർഭധാരണങ്ങൾ, എയ്ഡ്സ് പോലെയുള്ള ലൈംഗികമായി പകർത്തപ്പെടുന്ന രോഗങ്ങൾ—ഇവയാണ് ഏതാനും നിമിഷങ്ങളിലെ വശ്യമായ ഉല്ലാസത്തിന്റെ കയ്പ്പേറിയ തിരിച്ചടികൾ. കൂടുതലായി ശലോമോൻ യുവാക്കളെ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നു: “[നിങ്ങളുടെ] അന്തസ്സ് മററുള്ളവർക്ക് കൊടുക്കരുത്.” (സദൃശവാക്യങ്ങൾ 5:9) ഒരു യുവാവ് അല്ലെങ്കിൽ യുവതി വിവാഹത്തിന് താൽപ്പര്യമില്ലാത്ത ആർക്കെങ്കിലും തന്നെത്തന്നെ കൊടുക്കുന്നതിൽ ആത്മാഭിമാനത്തിന്റെ ഒരു കുറവ് ഇല്ലേ? ഒരുവന്റെ സ്വന്തമൊ അല്ലെങ്കിൽ മററാരുടെയെങ്കിലുമൊ സ്വാർത്ഥപൂർവകമായ ലൈംഗികാവേശങ്ങൾ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടിയുള്ള വെറും ഉപാധിയായി സേവിക്കുന്നത് അവമാനമല്ലേ? മാതാപിതാക്കൾക്ക് ഈ വസ്തുതകൾ വിലമതിക്കാൻ തങ്ങളുടെ കുട്ടികളെ സഹായിക്കാൻ കഴിയും.
ശലോമോൻ അസാൻമാർഗ്ഗിയുമായുള്ള ഇടപാടുകളെ സംബന്ധിച്ച് കൂടുതലായ ഉപദേശം നൽകി: “നിന്റെ വഴിയെ അവളിൽ നിന്ന് അകററുക, അവളുടെ വീടിന്റെ വാതിലിനോട് അടുക്കയുമരുത്.” (സദൃശവാക്യങ്ങൾ 5:8) അതുപോലെ മാതാപിതാക്കൾക്ക് അനുരഞ്ജന സാഹചര്യങ്ങളെ ഒഴിവാക്കുന്നതിനുള്ള പ്രായോഗിക ഉപദേശം കൊടുക്കാൻ കഴിയും. അവർക്ക് തത്വഹീനരായ വ്യക്തികളുമായി ഡേററിംഗിലേർപ്പെടാതിരിക്കാൻ പ്രോൽസാഹിപ്പിക്കാൻ കഴിയും. അവർ കോർട്ട്ഷിപ്പ് നടത്താൻ യോഗ്യതപ്രാപിക്കുന്ന ഘട്ടത്തിൽ എത്തുമ്പോൾ അവരെ പാപപൂർണ്ണമായ നടത്ത ഒഴിവാക്കുന്നതിന് പ്രായോഗിക പടികൾ എടുക്കാൻ പ്രോൽസാഹിപ്പിക്കാൻ കഴിയും. ദൃഷ്ടാന്തത്തിന്, കോർട്ടിംഗിലേർപ്പെടുന്ന ഇണകൾക്ക് ഡേററിംഗ് സമയങ്ങളിലെല്ലാം ആരെങ്കിലും തങ്ങളോടൊത്ത് ഉണ്ടായിരിക്കുന്നതിന് ക്രമീകരണം ചെയ്യാൻ കഴിയും. പഴഞ്ചൻ രീതിയോ? ഒരുപക്ഷേ. എന്നാൽ, “നിന്റെ മാംസവും ദേഹവും ക്ഷയിച്ചിട്ട് നീ ഭാവിയിൽ നെടുവീർപ്പിട്ടുകൊണ്ട്: ‘ഞാൻ ശിക്ഷണത്തെ എത്രത്തോളം വെറുത്തു . . . ഞാൻ എന്റെ പ്രബോധകരുടെ വാക്കിനു ശ്രദ്ധ കൊടുത്തില്ല’ എന്നു പറയാൻ ഇടയാകുന്ന”തിനേക്കാൾ, ന്യായമായ മുൻകരുതലുകൾ കൈക്കൊള്ളുന്നതാണ് നല്ലത്.—സദൃശവാക്യങ്ങൾ 5:11-13.
യഹോവയെ ഭയപ്പെടാൻ യുവാക്കളെ സഹായിക്കുക
ചില കണക്കുകൾ അനുസരിച്ച് ഐക്യനാടുകളിൽ മാത്രം ലൈംഗികമായി പ്രവർത്തനനിരതരായ 1 കോടി 20 ലക്ഷത്തിൽപരം യുവാക്കൾ ഉണ്ട്. എയ്ഡ്സ് എന്ന സാംക്രമികരോഗം പോലും ഈ അധാർമ്മിക വേലിയേററത്തെ തടയുന്നതിൽ വളരെ കുറച്ചുമാത്രമേ സഹായിച്ചിട്ടുള്ളു. എന്നിരുന്നാലും, യഹോവയുടെ സാക്ഷികൾ എയ്ഡ്സിന്റെയൊ ഗർഭധാരണത്തിന്റെയൊ ഭയത്തെക്കാൾ വളരെയധികം സ്വാധീനമുള്ള ഒന്ന് തങ്ങളുടെ കുട്ടികളുടെ മനസ്സിൽ കടത്തിവിടുന്നതിന് ശ്രമിക്കുന്നു: യഹോവയാം ദൈവത്തെക്കുറിച്ചുള്ള ഒരു ആരോഗ്യകരമായ ഭയം. ശലോമോൻ സദൃശവാക്യങ്ങൾ 5:21-ൽ യുവാക്കളെ ഇപ്രകാരം ഓർമ്മിപ്പിക്കുന്നു: “എന്തുകൊണ്ടെന്നാൽ മനുഷ്യരുടെ വഴികൾ യഹോവയുടെ കൺമുമ്പിൽ ഉണ്ട്, അവന്റെ പാതകളെയെല്ലാം അവൻ നോക്കുകയും ചെയ്യുന്നു.” യഹോവയുടെ സാക്ഷികളിലൊരുവനും നാലു കുട്ടികളുടെ പിതാവുമായ ജോൺ ഈ ബുദ്ധിയുപദേശം തരുന്നു: ‘കുട്ടികൾക്ക് സഹായകമായിട്ടുള്ളത് യഹോവയോട് ഒരു സ്നേഹപൂർവകമായ ഭയം ഉണ്ടായിരിക്ക എന്നതാണ്. നമ്മുടെ സ്വാർത്ഥപൂർവകമായ പ്രവർത്തനങ്ങളാൽ യഹോവയെ ദുഃഖിപ്പിക്കാൻ കഴിയും എന്ന് കുട്ടികളെ അറിയിക്കുന്നതിന് ഭയപ്പെടരുത്.’—സദൃശവാക്യങ്ങൾ 27:11 താരതമ്യപ്പെടുത്തുക.
തീർച്ചയായും ദൈവിക ഭയം അധാർമ്മികതക്ക് ഒരു ഫലപ്രദമായ തടസ്സമായിരിക്കുന്നതിന് ദൈവം ഒരു യുവാവിന് വളരെ യഥാർത്ഥമായിരിക്കണം. (എബ്രായർ 11:27 താരതമ്യപ്പെടുത്തുക.) മാതാപിതാക്കൾക്ക് ഒരു ക്രമമായ ബൈബിൾ അദ്ധ്യയനത്തിലൂടെയും ദൈനംദിന പ്രാർത്ഥനയിലൂടെയും ഒരു യഥാർത്ഥ ജീവിതാനുഭവത്തിലൂടെയും ദൈവവുമായി ഒരു യഥാർത്ഥ ബന്ധം നട്ടുവളർത്താൻ തങ്ങളുടെ കുട്ടികളെ സഹായിക്കാൻ കഴിയും. ഒരു യുവാവ്, ദൈവം തനിക്കുവേണ്ടി കരുതുന്നുണ്ടെന്ന് വിലമതിക്കാൻ തുടങ്ങുമ്പോൾ അവനെ അപ്രീതിപ്പെടുത്തുന്ന നടത്തയെ ഒഴിവാക്കാൻ അയാൾ പ്രേരിതനാകും.—1 പത്രോസ് 5:7.
രസാവഹമായി, ദൈവവുമായുള്ള ഒരു യുവാവിന്റെ ബന്ധത്തിന് മിക്കപ്പോഴും മററു യുവാക്കൾക്ക് നിറവേറാതെപോകുന്ന ചില ആവശ്യങ്ങൾ നിറവേററുന്നതിനു സഹായിക്കാനും കഴിയും. ദൃഷ്ടാന്തത്തിന്, ക്രമരഹിതമായ ലൈംഗികത പൊതുവെ ഒരു യുവാവിന്റെ അശക്തിയുടെയൊ ആത്മാഭിമാനത്തിന്റെയൊ വികാരത്തോട് പൊരുതുന്നതിനുള്ള ഒരു മാർഗ്ഗമാണെന്ന് വിദഗ്ദ്ധർ അവകാശപ്പെടുന്നു. എന്നാൽ യഹോവയോട് സൗഹൃദമുള്ളവർക്ക് അത്തരം വികാരങ്ങൾ ബാധിക്കയില്ല! അത്തരം ഒരു യുവാവിന് ഇപ്രകാരം പറയാൻ കഴിയും: “ദൈവം എന്റെ സഹായകനാകുന്നു; യഹോവ എന്റെ ദേഹിയെ പിൻതാങ്ങുന്നവരുടെ കൂട്ടത്തിലുണ്ട്.”—സങ്കീർത്തനം 54:4.
ലൈംഗികതയും വിവാഹവും സംബന്ധിച്ച ഒരു സമനിലയോടുകൂടിയ വീക്ഷണം
തീർച്ചയായും മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾ ലൈംഗിക ബന്ധങ്ങൾ സംബന്ധിച്ച് ഒരു ലജ്ജാഭിനയപരമൊ നിഷേധാത്മകമൊ ആയ വീക്ഷണം വികസിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. ബൈബിൾ ദുർവൃത്തിയെ കുററംവിധിക്കുമ്പോൾ, അത് ഗാഢ ലൈംഗികസൗഹൃദങ്ങൾ വളരെ മനോഹരമായിരിക്കാൻ കഴിയുമെന്നും കാണിക്കുന്നു—വിവാഹത്തിന്റെ ചട്ടക്കൂട്ടിൽ. കാവ്യാത്മക ഭാഷ ഉപയോഗിച്ചുകൊണ്ട്, ശലോമോൻ തുടരുന്നു: “നിന്റെ നീരുറവ് അനുഗ്രഹിക്കപ്പെട്ടതായിരിക്കട്ടെ, നിന്റെ യൗവനത്തിലെ ഭാര്യയോടുകൂടെ സന്തോഷിക്കുക . . . അവളുടെതന്നെ സ്തനങ്ങൾ എപ്പോഴും നിന്നെ ആവേശഭരിതനാക്കട്ടെ. അവളുടെ പ്രേമത്തിൽ നീ എപ്പോഴും ആനന്ദനിർവൃതികൊള്ളുക.”—സദൃശവാക്യങ്ങൾ 5:18, 19.
വിവാഹബന്ധത്തെ സംബന്ധിച്ച ഈ ഉന്നതവീക്ഷണം പരിഗണിക്കുമ്പോൾ മാതാപിതാക്കൾ സ്വകാര്യകാര്യങ്ങൾ ചർച്ചചെയ്യുന്നത് മോശമാണെന്ന് ചിന്തിക്കുന്നതിന് കാരണമില്ല. (നേരത്തെ പരാമർശിച്ച) ജോൺ പറയുന്നു: “ഞങ്ങൾ അവരുമായി എപ്പോഴും സത്യസന്ധമായി സംസാരിക്കുന്നു, അതുകൊണ്ട് ലൈംഗിക വിഷയം രഹസ്യമല്ല. ഇത് ഭാര്യാഭർത്താക്കൻമാർ ഉചിതമായ സമയത്ത് ആസ്വദിക്കുന്നതിന് സ്രഷ്ടാവായ യഹോവയിൽനിന്നുള്ള ഒരു ദാനമാണെന്ന് ഞങ്ങൾ എപ്പോഴും പ്രദീപ്തമാക്കുന്നു.” രണ്ടു കൗമാരപ്രായക്കാരായ ആൺകുട്ടികളുള്ള മറെറാരു പിതാവ് ഇപ്രകാരം പറയുന്നു: “അവരുടെ ചെറുപ്രായം മുതൽ ഞങ്ങൾ അവരുമായി ലൈംഗികവിഷയം തുറന്ന് ചർച്ച ചെയ്തിരുന്നു. ഞങ്ങൾ അവരെ പ്രേമവും ലൈംഗികതയും സംബന്ധിച്ച് ഒരു ബഹുമാന്യവും ശ്രേഷ്ഠവുമായ വീക്ഷണം പഠിപ്പിക്കുന്നതിന് ശ്രമിച്ചിരിക്കുന്നു. ഞങ്ങൾ ഒരു തുടർച്ചയായ സംഭാഷണം നടത്തുന്നു.” അർത്ഥവത്തായി, അവരുടെ കുട്ടികൾ ചാരിത്രശുദ്ധിയുള്ളവരായി നിലനിന്നിരിക്കുന്നു.
യുവാക്കളെ “രക്ഷക്ക് ജ്ഞാനികളാക്കി” ത്തീർക്കുക
“ദുഷ്ടമനുഷ്യരും വഞ്ചകൻമാരും വഷളത്വത്തിൽനിന്ന് കൂടുതൽ വഷളത്വത്തിലേക്ക് മുതിർന്നുവരും,” എന്ന് അപ്പോസ്തലനായ പൗലോസ് മുൻകൂട്ടിപ്പറഞ്ഞു. (2 തിമൊഥെയോസ് 3:13) അങ്ങനെ ധാർമ്മിക നിലവാരങ്ങൾ തുടർച്ചയായി അധഃപതിച്ചുകൊണ്ടിരിക്കും. കൗമാരപ്രായ ലൈംഗിക വൈകൃതവും ഗർഭധാരണവും സമൂഹത്തിന്റെ ബാധയായി തുടരും.
ദൈവഭക്തിയുള്ള മാതാപിതാക്കൾ തങ്ങളുടെ മക്കളെ “രക്ഷക്കു ജ്ഞാനിയാക്കു”വാൻ ബൈബിളിലേക്കു തിരിയും. (2 തിമൊഥെയോസ് 3:15) നിങ്ങൾക്കുതന്നെ ബൈബിളിൽ നിന്നുള്ള പ്രബോധനങ്ങൾ ആവശ്യമാണെന്ന് തിരിച്ചറിയുന്നുവെങ്കിൽ, ഈ മാസികയുടെ പ്രസാധകർക്ക് എഴുതിക്കൊണ്ട് യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുന്നതിന് മടികാണിക്കരുത്. അവർ നിങ്ങൾക്ക് അത്തരം വിവരങ്ങൾ സൗജന്യമായി ലഭ്യമാക്കുന്നതിന് ക്രമീകരണം ചെയ്യാൻ സന്തോഷമുള്ളവരായിരിക്കും. യഹോവയുടെ സാക്ഷികൾക്ക്, നങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുകa എന്ന പുസ്തകം പോലുള്ള പ്രസിദ്ധീകരണങ്ങൾ നിങ്ങൾക്ക് പ്രദാനം ചെയ്യുന്നതിനും കഴിയും. ഇതിൽ, ആയിരക്കണക്കിന് യുവാക്കളെ ലോകത്തിന്റെ അധാർമ്മിക കെണികളിൽ നിന്ന് രക്ഷിക്കുന്നതിന് സഹായിച്ച തിരുവെഴുത്തുവിവരങ്ങൾ അടങ്ങിയിരിക്കുന്നു.
എന്നിരുന്നാലും, ഒരു നിയമവിരുദ്ധ ഗർഭത്തിന്റെ ദുരന്തം അനുഭവിച്ചുകഴിഞ്ഞ പെൺകുട്ടികളെ സംബന്ധിച്ചെന്ത്? അത്തരം സാഹചര്യങ്ങൾ അശേഷം ആശയററവയല്ല. തന്റെ നടത്തയുടെ ഗതിയിൽ യഥാർത്ഥത്തിൽ ദുഃഖിക്കുന്ന ഒരാളോട് ദൈവം ‘ഒരു വിപുലമായ തോതിൽ ക്ഷമിക്കുന്നു.’ (യെശയ്യാവ് 55:7) ഒരു ഏകാകിയായ മാതാവായിരിക്കുന്നത് എളുപ്പമല്ലെങ്കിലും, ബൈബിൾതത്വങ്ങൾ ബാധകമാക്കിക്കൊണ്ട് ഇത് ഒരു വിജയമാക്കിത്തീർക്കാൻ കഴിയും. ഒരു ക്രിസ്ത്യാനിയായിത്തീരുന്നതിനു മുമ്പ് വിവാഹം കൂടാതെ മൂന്ന് കുട്ടികളുണ്ടായിരുന്ന ഒരു യുവതി ചെയ്തത് അതുതന്നെയാണ്. അവൾ തന്റെ കുടുംബത്തിൽ ദൈവത്തിന്റെ വചനം ബാധകമാക്കുന്നതിന് കഠിനശ്രമം ചെയ്യുന്നു. അവൾ യഹോവയുടെ സാക്ഷികളുടെ ഒരു സഭയുമായി അടുത്ത സമ്പർക്കം പുലർത്തിക്കൊണ്ട് വളരെ ആശ്വാസവും പിന്തുണയും നേടി. അവൾ പറയുന്നു: “വളരെയധികം ക്ഷമിക്കുന്ന ഒരു ദൈവത്തെ സേവിക്കുന്നതും വളരെയധികം ഗ്രാഹ്യമുള്ള സഹോദരീസഹോദരൻമാർ ഉണ്ടായിരിക്കുന്നതും നിശ്ചയമായും അത്ഭുതകരമാണ്. എന്റെ ജീവിതത്തിൽ ആദ്യമായി എനിക്ക് ആത്മീയവും ശാരീരികവുമായി ശുദ്ധിയും വെടിപ്പുമുള്ളതായി അനുഭവപ്പെട്ടു.”
തീർച്ചയായും, ഒന്നാമത് വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധം ഒഴിവാക്കുന്നതാണ് ഏററവും മെച്ചം. സന്തോഷകരമായി, ഇന്ന് ആയിരക്കണക്കിനു യുവാക്കൾ ബൈബിളിന്റെ കാലാതീതമായ ഉപദേശം പിൻപററുന്നതു നിമിത്തം അങ്ങനെ ചെയ്യുന്നു. (w88 4/15)
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ട് സൊസൈററി ഓഫ് ഇൻഡ്യയാൽ പ്രസിദ്ധീകരിക്കപ്പെട്ടത്.
[29-ാം പേജിലെ ആകർഷകവാക്യം]
യഹോവയുടെ സാക്ഷികൾ തങ്ങളുടെ കുട്ടികളിൽ എയ്ഡ്സിന്റെയൊ ഗർഭധാരണത്തിന്റെയൊ ഭയത്തെക്കാൾ ഉപരിയായ ഒന്ന് പ്രവേശിപ്പിക്കാൻ പരിശ്രമിക്കുന്നു: യഹോവയാം ദൈവത്തോടുള്ള ഒരു ആരോഗ്യകരമായ ഭയം
[29-ാം പേജിലെ ആകർഷകവാക്യം]
ചില കണക്കുകൾ അനുസരിച്ച് ഐക്യനാടുകളിൽമാത്രം ലൈംഗികമായി പ്രവർത്തനനിരതരായ 1 കോടി 20 ലക്ഷത്തിൽ പരം ചെറുപ്പക്കാർ ഉണ്ട്
[28-ാം പേജിലെ ചിത്രം]
ലൈംഗിക കാര്യങ്ങളെ സംബന്ധിച്ച് മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുമായി ക്രമമായി സംഭാഷണത്തിലേർപ്പെടാൻ കഴിയും
[30-ാം പേജിലെ ചിത്രം]
ക്രിസ്തീയ യുവാക്കൾ ദൈവവുമായുള്ള തങ്ങളുടെ ബന്ധത്തെ നശിപ്പിക്കാൻ കഴിയുന്ന നടത്തയെ ഒഴിവാക്കും