ക്രൈസ്തവലോകം വ്യാജാരാധനയെ പ്രോത്സാഹിപ്പിക്കുന്നതായി തുറന്നുകാട്ടപ്പെടുന്നു
“ഈ ജനതയിലെ ആളുകളാണ് അതിന്റെ ദൈവമായ യഹോവയുടെ ശബ്ദം അനുസരിച്ചിട്ടില്ലാത്തതും ശിക്ഷണം സ്വീകരിച്ചിട്ടില്ലാത്തതും.”—യിരെമ്യാവ് 7:28.
1, 2. യിരെമ്യാവ് ദൈവദത്ത നിയോഗത്തോട് എങ്ങനെ പ്രതികരിച്ചു?
“അവനിൽ യഥാർത്ഥ ബോദ്ധ്യത്തിന്റെ തീ ജ്വലിച്ചു; സത്യം സംസാരിക്കുന്നതിനും ശകാരിക്കുന്നതിനും എന്നാൽ താങ്ങിനിർത്തുന്നതിനും ഒരു നിർബ്ബന്ധശക്തി ഉണ്ടായിരുന്നു.” ആ വാക്കുകളിലാണ് രണ്ടു എബ്രായ പണ്ഡിതൻമാർ യിരെമ്യാവിന്റെ റോളിനെ വർണ്ണിക്കുന്നത്. ദൈവത്തിൽനിന്നുള്ള അവന്റെ നിയോഗം ഭയജനകമായിരുന്നെങ്കിലും താൻ യഹൂദജനതയോടുള്ള തന്റെ ഉത്തരവാദിത്തം നിവർത്തിക്കേണ്ടതാണെന്ന് അവൻ അറിഞ്ഞിരുന്നു. അവൻതന്നെ പ്രസ്താവിച്ച പ്രകാരം: “യഹോവയുടെ വചനം എനിക്ക് ദിവസം മുഴുവൻ നിന്ദക്കും പരിഹാസത്തിനും കാരണമായിത്തീർന്നിരിക്കുന്നു. ‘ഞാൻ അവനെക്കുറിച്ച് പറയാൻ പോകുന്നില്ല, ഞാൻ മേലാൽ അവന്റെ നാമത്തിൽ സംസാരിക്കുകയില്ല’ എന്നു ഞാൻ പറഞ്ഞു.” അതെ, സമ്മർദ്ദവും പീഡനവും അവന് മിക്കവാറും അസഹനീയമായി. എന്നാൽ അവൻ വിരമിച്ചോ?—യിരെമ്യാവ് 20:8, 9.
2 യിരെമ്യാവു തുടർന്നു: “എന്റെ ഹൃദയത്തിൽ അത് എന്റെ അസ്ഥികളിൽ അടയ്ക്കപ്പെട്ടിരിക്കുന്ന എരിയുന്ന തീപോലെയെന്നു തെളിഞ്ഞു, ഞാൻ ഉള്ളിലൊതുക്കി മടുത്തു, അത് എനിക്കു സഹിക്കാൻ കഴിയാതെയായി.” (യിരെമ്യാവ് 20:9ബി) യിരെമ്യാവ് യഹൂദയോട് ദൈവത്തിന്റെ ന്യായവിധി ദൂത് പ്രഖ്യാപിക്കാനുള്ള തന്റെ ദൗത്യത്തിൽനിന്ന് ഒഴിഞ്ഞുമാറിയില്ല.—യിരെമ്യാവ് 6:10, 11.
ആധുനിക യിരെമ്യാവ്
3. യേശുവും അവന്റെ ശിഷ്യൻമാരും തങ്ങളുടെ നിയോഗത്തോട് എന്തു മനോഭാവം പ്രകടമാക്കി?
3 യിരെമ്യാവിനെപ്പോലെ യേശുക്രിസ്തുവും ആദിമ ക്രിസ്തീയ ശിഷ്യൻമാരും ദൈവരാജ്യത്തെക്കുറിച്ചുള്ള ജനപ്രീതിയില്ലാഞ്ഞ സന്ദേശം യഹൂദൻമാരോടും ജനതകളോടും നിർഭയം ഘോഷിച്ചു. പ്രസംഗിച്ചതു നിമിത്തം നേരത്തെ ജയിലിലടയ്ക്കപ്പെട്ടെങ്കിലും പത്രോസും മററപ്പോസ്തലൻമാരും “ഞങ്ങൾ മനുഷ്യരെക്കാളധികം ദൈവത്തെ ഭരണാധികാരിയായി അനുസരിക്കേണ്ടതാണ്” എന്ന് സധൈര്യം തങ്ങളുടെ മത കുററാരോപകരോടു മറുപടി പറഞ്ഞു. അവരുടെ ധൈര്യം നിമിത്തം മതാധികാരികളുടെ കല്പന പ്രകാരം അവർ പ്രഹരിക്കപ്പെട്ടു. അപ്പോസ്തലൻമാർ എങ്ങനെ പ്രതികരിച്ചു? “എല്ലാ ദിവസവും അവർ ആലയത്തിലും വീടുതോറും പഠിപ്പിക്കുന്നതിലും ക്രിസ്തുയേശുവിനെക്കുറിച്ചുള്ള സുവാർത്ത ഘോഷിക്കുന്നതിലും നിർത്താതെ തുടർന്നു.”—പ്രവൃത്തികൾ 5:29, 40-42; മത്തായി 23:13-33.
4. ഈ 20-ാം നൂററാണ്ടിൽ ആർ യിരെമ്യാവിന്റെ ദൃഷ്ടാന്തം പിന്തുടർന്നിരിക്കുന്നു, അവർ ഇത് എങ്ങനെ ചെയ്തിരിക്കുന്നു?
4 അങ്ങനെ ആദിമ അഭിഷിക്ത ക്രിസ്ത്യാനികൾ യിരെമ്യാവിനെപ്പോലെ പ്രവർത്തിച്ചു. ശക്തമായ ഒട്ടേറെ പ്രാതികൂല്യങ്ങളെയും ശാഠ്യക്കാരായ മതശത്രുക്കളെയും അഭിമുഖീകരിച്ചുവെങ്കിലും അവർ ദൈവത്തിന്റെ ന്യായവിധികൾ പ്രഖ്യാപിച്ചു. ഇക്കാലത്ത്, ഈ 20-ാം നൂററാണ്ടിൽ ആർ അതേ മാതൃക പിന്തുടർന്നിരിക്കുന്നു? ഈ വ്യവസ്ഥിതിയുടെമേലും വിശേഷാൽ യെരൂശലേമിന്റെ പകർപ്പായ ക്രൈസ്തവലോകത്തിൻമേലുമുള്ള ദൈവത്തിന്റെ ന്യായവിധികൾ പരസ്യമായും വീടുതോറും പ്രഖ്യാപിച്ചിരിക്കുന്നതാരാണ്? ആധുനിക യിരെമ്യാവർഗ്ഗം യഹോവയുടെ അഭിഷിക്തസാക്ഷികളുടെ ചെറുതെങ്കിലും ധൈര്യമുള്ള സംഘമാണെന്നു തെളിയിക്കാൻ 68-ലധികം വർഷമായി ചരിത്രപരമായ തെളിവു കുന്നുകൂടിക്കൊണ്ടാണിരിക്കുന്നത്. 1935 മുതൽ വളർന്നുവരുന്ന സന്നദ്ധകൂട്ടാളികളുടെ ദശലക്ഷക്കണക്കിനുള്ള “മഹാപുരുഷാരം” അവരോടു കൂടിച്ചേരുകയും അവരെ സഹായിക്കുകയും ചെയ്തിരിക്കുന്നു. അവരും യഹോവയുടെ സാക്ഷികൾ എന്നുതന്നെ അറിയപ്പെടുന്നു. വ്യാജമതത്തെ ഒരു കെണിയും വഞ്ചനയുമെന്ന് അപലപിച്ചുകൊണ്ട് ഒരു ഏകീകൃത ശബ്ദത്തോടെ അവർ തങ്ങളുടെ യിരെമ്യാ റോൾ നിവർത്തിച്ചിരിക്കുന്നു.—വെളിപ്പാട് 7:9, 10; 14:1-5.
ക്രൈസ്തവലോകം—യെരൂശലേമിന്റെ ആധുനിക സമാന്തരമായിരിക്കുന്നതെന്തുകൊണ്ട്?
5. ക്രൈസ്തവലോകം ഏതു വിധങ്ങളിൽ പുരാതന യെരൂശലേമിനോടു സദൃശമായിരിക്കുന്നു?
5 എന്നാൽ പുരാതന യെരൂശലേമും ക്രൈസ്തവലോകവും തമ്മിൽ നാം എവിടെയാണ് ഒരു സമാന്തരം കാണുന്നത്? എന്ന് ഒരുവൻ ചോദിച്ചേക്കാം. അഹംഭാവമുള്ള ക്രൈസ്തവലോകത്തിൽ ഇന്നു നിലവിലിരിക്കുന്ന സമാനമായ മനോഭാവങ്ങളും അവസ്ഥകളും നിമിത്തം. അവർ റോമാ, യെരൂശലേം, കാൻറർബറി, ഫാത്തിമാ, ഗ്വാഡലൂപ്, സാരഗോസാ എന്നിങ്ങനെയുള്ള അവരുടെ ‘വിശുദ്ധനഗരങ്ങളിലും’ ആലയങ്ങളിലും ആശ്രയംവെക്കുന്നു, ഇവ ചുരുക്കം ചിലതുമാത്രമാണ്. അവർ തങ്ങളുടെ കത്തീഡ്രലുകളെയും ബസിലീക്കാകളെയും ആലയങ്ങളെയും പള്ളികളെയും പുകഴ്ത്താനും അവ അവർക്ക് ദൈവത്തിങ്കൽ ഏതോ പ്രത്യേക നില കൊടുത്തിരിക്കുന്നുവെന്ന മട്ടിൽ അവയുടെ പുരാതനത്വത്തെയും ശില്പഭംഗിയെയും കുറിച്ചു പൊങ്ങച്ചം പറയാനും ഇഷ്ടപ്പെടുന്നു. തങ്ങളുടെ മത സൗധങ്ങൾ ‘ദൈവമഹത്വത്തിനായി’ട്ടാണ് നിർമ്മിച്ചിരിക്കുന്നതെന്ന് അവർ പറയുകപോലും ചെയ്യുന്നു. എന്നാൽ ഈ കെട്ടിടങ്ങളിൽ എത്രയെണ്ണം യഥാർത്ഥത്തിൽ യഹോവയാം ദൈവത്തിന്റെ നാമം വഹിക്കുന്നുണ്ട്? മറിച്ച് അവ രൂപകല്പന ചെയ്ത ശില്പികളെയും അവയെ അലങ്കരിച്ച കലാകാരൻമാരെയും കൊത്തുപണിക്കാരെയും അവയുടെ ചെലവു വഹിച്ച സമ്പന്നരായ രക്ഷാധികാരികളെയും അല്ലെങ്കിൽ അവ സമർപ്പിക്കപ്പെട്ടിരിക്കുന്ന “വിശുദ്ധൻമാ”രെയും കുറിച്ചാണ് ഒരുവൻ അനുസ്മരിപ്പിക്കപ്പെടുന്നത്. യഹൂദായിക്ക് അതിന്റെ വിശുദ്ധമന്ദിരത്തിലുണ്ടായിരുന്ന ആശ്രയത്തെപ്പോലെതന്നെ വഞ്ചകമാണ് ക്രൈസ്തവലോകത്തിന് പുരാതനത്വത്തിലും പാരമ്പര്യത്തിലുമുള്ള ആശ്രയം.—യിരെമ്യാവ് 7:4.
6. യഹൂദ വൈദികരെ സംബന്ധിച്ച യേശുവിന്റെ അപലപനം ക്രൈസ്തവലോകത്തിലെ വൈദികർക്കു ബാധകമാകുന്നതെങ്ങനെ?
6 യഹൂദ്യ പുരോഹിതൻമാരെയും പ്രവാചകൻമാരെയും കുറിച്ചുള്ള യിരെമ്യാവിന്റെ അപലപനത്തിന് അനുസൃതമായി ക്രൈസ്തവലോകത്തിന്റെ ഇന്നത്തെ മതനേതാക്കൻമാരെക്കുറിച്ച് എന്തു പറയാൻ കഴിയും? യിരെമ്യാതുല്യമായ ധൈര്യത്തോടെ യേശു യഹൂദ വൈദികരുടെ ഒരു വർണ്ണന നൽകി, അത് ക്രൈസ്തവലോകത്തിലെ വൈദികർക്ക് ഇന്നോളം യോജിക്കുന്നു: “അവർ പ്രസംഗിക്കുന്നത് പ്രവർത്തിക്കുന്നില്ല . . . അവർ ചെയ്യുന്നതെല്ലാം ശ്രദ്ധ ആകർഷിക്കാൻ വേണ്ടിയാണു ചെയ്യുന്നത് . . . വിരുന്നുകളിൽ മാന്യസ്ഥാനവും സിന്നഗോഗുകളിൽ മുൻസീററുകളും സ്വീകരിക്കാൻ ആഗ്രഹിക്കുന്നതുപോലെ.” (മത്തായി 23:3-7, യെരൂശലേം ബൈബിൾ) പ്രമുഖരായ വൈദികരും പ്രസംഗകരും തങ്ങളുടെ സാന്നിദ്ധ്യത്താൽ രാഷ്ട്രീയവും ദേശീയവുമായ മീററിംഗുകളെയും പൊതുയോഗങ്ങളെയും അനുഗ്രഹിക്കുന്നതും രാജ്യതന്ത്രജ്ഞൻമാരോടുകൂടെ മാദ്ധ്യമ പ്രാമുഖ്യതയിൽ പങ്കുപററുന്നതും നാം എത്ര കൂടെക്കൂടെ കാണുന്നു!
7. (എ) ചില പ്രസംഗകർ ജന സമൂഹങ്ങളെ വഴിതെററിക്കുന്നതെങ്ങനെ? (ബി) വൈദികർ ഏത് വെല്ലുവിളിയെ ഒഴിവാക്കിയിരിക്കുന്നു?
7 ഇപ്പോൾ, റെറലിവിഷൻ യുഗത്തിൽ, ജനസമൂഹങ്ങളെ കബളിപ്പിക്കുന്നതിനും ആട്ടിൻകൂട്ടത്തിന്റെ പോക്കററുകൾ ശൂന്യമാക്കുന്നതിനുമുള്ള സകലതരം നാടകീയ സൂത്രങ്ങളും മനഃശാസ്ത്രതന്ത്രങ്ങളും പ്രയോഗിച്ച് ററി വി മാദ്ധ്യമത്തെ ചൂഷണം ചെയ്യുന്ന ററി വി പ്രസംഗകർ നമുക്കുണ്ട്. ഇപ്പോൾ പോലും, ഏതാണ്ടു 2600 വർഷം കഴിഞ്ഞിട്ടും, യിരെമ്യാവിന്റെ അപലപനം എത്ര ഉചിതമാണ്! “എന്തെന്നാൽ അവരിൽ ഏററവും ചെറിയവൻ മുതൽ അവരിൽ ഏററവും വലിയവൻവരെപോലും ഓരോരുത്തരും തനിക്കുവേണ്ടി അന്യായമായ നേട്ടമുണ്ടാക്കുകയാണ്; പ്രവാചകൻ മുതൽ പുരോഹിതൻവരെപോലും ഓരോരുത്തരും വഞ്ചനാത്മകമായി പ്രവർത്തിക്കുകയാണ്.” അതേസമയം, അവരിൽ ആരും വീടുതോറും ജനവുമായി മുഖാമുഖമുള്ള സത്യക്രിസ്തീയ ശുശ്രൂഷയുടെ വെല്ലുവിളി സ്വീകരിക്കാനാഗ്രഹിക്കുന്നില്ല. യഹോവയുടെ സാക്ഷികൾ—അഭിഷിക്ത യിരെമ്യാവർഗ്ഗവും “മഹാപുരുഷാരവും”—മാത്രമേ ആ ഉത്തരവാദിത്തം സ്വീകരിച്ചിട്ടുള്ളു.—യിരെമ്യാവ് 6:13; പ്രവൃത്തികൾ 20:20, 21.
ക്രൈസ്തവലോകം രക്ഷിക്കപ്പെട്ടിരിക്കുന്നുവോ?
8. ക്രൈസ്തവലോകം അർമ്മഗെദ്ദോന്റെ എത്തുപാടിന് അതീതമാണെന്ന് അതു വിശ്വസിക്കുന്നതെന്തുകൊണ്ട്?
8 ഇതേ ററി വി പ്രസംഗകർ “വീണ്ടും ജനിക്കുക,” “ഒരിക്കൽ രക്ഷിക്കപ്പെട്ടാൽ എപ്പോഴും രക്ഷിക്കപ്പെട്ടിരിക്കുന്നു” എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളുടെ വിവേചനാരഹിതമായ ഉപയോഗത്താൽ പൊതുജനങ്ങളെ ഒരു വ്യാജസുരക്ഷിത ബോധത്തിലേക്ക് മയക്കുകയാണ്. ക്രൈസ്തവലോകത്തിലെ മിക്കവാറും എല്ലാ മതങ്ങളിൽനിന്നും മതവിഭാഗങ്ങളിൽ നിന്നും ദശലക്ഷക്കണക്കിനാളുകൾ തങ്ങൾ “വീണ്ടും ജനിച്ചിരിക്കുന്നു”വെന്നും “രക്ഷിക്കപ്പെട്ടിരിക്കുന്നു”വെന്നും വിശ്വസിക്കാൻ നയിക്കപ്പെട്ടിരിക്കുന്നു. ലജ്ജയില്ലാത്ത രാജ്യതന്ത്രജ്ഞൻമാർ ഉല്ലാസപൂർവ്വം അതേ അവകാശവാദം നടത്തുന്നു. തങ്ങൾ “രക്ഷിക്കപ്പെട്ടിരിക്കുന്ന”തുകൊണ്ട് ദൈവവുമായി സമാധാനത്തിലാണെന്ന് അവരുടെ ഇഷ്ടപ്പെട്ട പ്രസംഗകർ അവരോടു പറയുന്നു—അവരുടെ മതപരവും രാഷ്ട്രീയവും ദേശീയവുമായ ഭിന്നതകൾ ഉണ്ടായിട്ടും! യിരെമ്യാവിന്റെ നാളിലെപ്പോലെ ജനത്തിന് അത് ഇഷ്ടമാണ്! (യിരെമ്യാവ് 5:31; 14:14) ദൈവത്തിന്റെ അർമ്മഗെദ്ദോൻ ന്യായവിധിയുടെ എത്തുപാടിന് അതീതരാണ് തങ്ങൾ എന്ന് അവർ വിചാരിക്കുന്നു.—യിരെമ്യാവ് 6:14; 23:17; 1 കൊരിന്ത്യർ 1:10; വെളിപ്പാട് 16:14, 16.
9. (എ) യഥാർത്ഥത്തിൽ “വീണ്ടും ജനനം” ആർക്കാണ് ബാധകമാകുന്നത്? (ബി) ദേഹിയെ സംബന്ധിച്ച് ബൈബിൾ എന്തു പറയുന്നു? (രണ്ടു ചോദ്യങ്ങൾക്കും തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ പുസ്തകത്തിൽനിന്ന് കൂടുതൽ തെളിവു നൽകുക.)
9 ഏതായാലും, ഒരു പരിമിതസംഖ്യമാത്രമേ ക്രിസ്തുവിന്റെ സ്വർഗ്ഗീയ ഭരണാധിപത്യത്തിൽ പങ്കുചേരാൻ ‘വെള്ളത്തിൽനിന്നും ആത്മാവിൽനിന്നും’ ജനിച്ച് “വീണ്ടും ജനിക്കുന്ന”തിന്റെ പദവിയിൽ പങ്കുപററുന്നുള്ളുവെന്ന് ദൈവവചനത്തിന്റെയും ക്രിസ്തുവിന്റെ ഉപദേശങ്ങളുടെയും ശ്രദ്ധാപൂർവ്വകമായ ഒരു പഠനം തെളിയിക്കുന്നു. (യോഹന്നാൻ 3:3-5; റോമർ 8:16, 17; വെളിപ്പാട് 14:1-3) ഇന്നത്തെ സത്യക്രിസ്ത്യാനികളിലെ “മഹാപുരുഷാര”ത്തിന് നിത്യജീവന്റെ പ്രത്യാശ സ്വർഗ്ഗീയമല്ല, ഭൗമികമായിരിക്കുന്നതുകൊണ്ട് അവർ വീണ്ടും ജനിക്കേണ്ട ആവശ്യമില്ല. (2 പത്രോസ് 3:13; വെളിപ്പാട് 21:3, 4) കൂടാതെ, ക്രൈസ്തവലോകത്തിന്റെ ഉപദേശം മനുഷ്യന് രക്ഷ ആവശ്യമുള്ള ഒരു അമർത്ത്യ ദേഹിയുണ്ടെന്നുള്ള ഒരു വ്യാജ സങ്കൽപ്പത്തിലധിഷ്ഠിതമാണ്. ബൈബിളിൽ അങ്ങനെയുള്ള ഒരു ഉപദേശത്തിന് ഒരിടത്തും തെളിവില്ല. യഥാർത്ഥത്തിൽ അത് പുരാതന ഗ്രീക്ക് തത്വശാസ്ത്രത്തിൽനിന്ന് ഉത്ഭുതമായിട്ടുള്ളതാണ്.a
അവന്റെ വചനത്തിലോ നാമത്തിലോ സന്തോഷമില്ല
10. അനേകം വൈദികർ ബൈബിളിനെ വീക്ഷിക്കുന്നതെങ്ങനെ?
10 പുരാതന യെരൂശലേമും ആധുനിക ക്രൈസ്തവലോകവും തമ്മിൽ മററ് സമാനതയുടെ പോയിൻറുകളുമുണ്ട്. യിരെമ്യാവ് ഇങ്ങനെ പ്രസ്താവിച്ചു: “നോക്കു! യഹോവയുടെ വചനംതന്നെ അവർക്ക് ഒരു നിന്ദയായിത്തീർന്നിരിക്കുന്നു, ആ വചനത്തിൽ അവർക്ക് ഉല്ലസിക്കാൻ കഴിയുന്നില്ല.” (യിരെമ്യാവ് 6:10) യഹോവയുടെ വചനത്തിനു പകരം തത്വജ്ഞാനികളെയും ശാസ്ത്രജ്ഞൻമാരെയും ഉദ്ധരിക്കാനാണ് വൈദികർ കൂടുതലിഷ്ടപ്പെടുന്നത്. അനേകർക്കും ബൈബിളിനെക്കുറിച്ചു ലജ്ജയാണ്, അവർ തങ്ങളുടെ “അമിത കൃത്തിപ്പി”നാൽ അതിനെ പരിഹസിക്കുകപോലും ചെയ്യുന്നു. അത് നല്ല സാഹിത്യമായി കാഴ്ചവച്ചിരിക്കുന്ന കെട്ടുകഥകളും ഐതിഹ്യങ്ങളുമാണെന്ന് അവർ അവകാശപ്പെടുന്നു. (യിരെമ്യാവ് 7:28) അതിന്റെ ഗ്രൻഥകർത്താവിന്റെ പേർ സംബന്ധിച്ചാണെങ്കിൽ അവർ അതിനെ പുച്ഛിക്കുകയാണ്. ഈ പ്രസ്താവനക്ക് നമുക്ക് എന്തുതെളിവാണുള്ളത്?
11. ദൈവനാമത്തിന്റെ ഉപയോഗം സംബന്ധിച്ച് ക്രൈസ്തവലോകവും യിരെമ്യാവും തമ്മിൽ എന്തു വൈപരീത്യം സ്ഥിതിചെയ്യുന്നു?
11 എബ്രായ തിരുവെഴുത്തുകളിൽ എബ്രായ ചതുരക്ഷരങ്ങൾ (יהוה) ഏതാണ്ട് 7000 പ്രാവശ്യം കാണുന്നുണ്ടെങ്കിലും അനേകം ഇംഗ്ലീഷ് ബൈബിളുകളിൽ “യഹോവ” എന്നോ “യാഹ്വെ” എന്നോ ഉള്ള നാമത്തിനു പകരം അജ്ഞാതനാമവായ “കർത്താവ്” എന്നു വച്ചിരിക്കുകയാണ്. ദൃഷ്ടാന്തമായി, ആഫ്രിക്കാൻസിലേക്കുള്ള ബൈബിളിന്റെ ഇപ്പോഴത്തെ വിവർത്തനങ്ങളിൽനിന്ന് നാമം മുഴുവനായി വിട്ടുകളഞ്ഞിരിക്കുകയാണ്. സ്പാനീഷ് ഫ്രാൻക്വസാ-സോൾ ഭാഷാന്തരത്തിന്റെ മൂല പതിപ്പിൽ നാമം ഉപയോഗിച്ചിരുന്നു. പരിഷ്ക്കരിച്ച വിവർത്തനം പ്രസിദ്ധീകരിച്ചപ്പോൾ ദിവ്യനാമം അപ്രത്യക്ഷപ്പെട്ടു, പകരം സെനർ (കർത്താവ്) എന്നു വെച്ചു. ക്രൈസ്തവലോകത്തിന്റെ ഭാഷാന്തരങ്ങൾ ദൈവനാമത്തെ ഉൾപ്പെടുത്തുമ്പോൾ പോലും വൈദികർ അപൂർവ്വമായേ അത് ഉപയോഗിക്കുന്നുള്ളു. എന്നിരുന്നാലും യിരെമ്യാവ് തന്റെ പ്രാവചനിക സന്ദേശത്തിൽ ദൈവത്തിന്റെ വ്യതിരിക്തനാമം 726 പ്രാവശ്യം ഉപയോഗിച്ചു.b
“ആകാശരാജ്ഞിയും” വിഗ്രഹാരാധനയും”
12-14. (എ) യഹൂദ കുടുംബങ്ങൾ ഏതു തീക്ഷ്ണമായ പ്രവർത്തനത്തിൽ ഉൾപ്പെട്ടിരുന്നു? (ബി) യഹോവ അവരുടെ ആരാധനയെ എങ്ങനെ വീക്ഷിച്ചു?
12 യെരൂശലേമിനുവേണ്ടിയുള്ള യിരെമ്യാവിന്റെ സന്ദേശം നാം പരിശോധിക്കുമ്പോൾ നാം മറെറാരു സമാന്തരം കാണുന്നു. ജനത്തിനുവേണ്ടി പ്രാർത്ഥിക്കരുതെന്ന് യഹോവ തന്റെ പ്രവാചകനോടു പറഞ്ഞപ്പോൾ എന്തുകൊണ്ടെന്ന് അവൻ ചൂണ്ടിക്കാണിച്ചു. “യഹൂദയിലെ നഗരങ്ങളിലും യെരൂശലേമിലെ തെരുവുകളിലും അവർ ചെയ്തുകൊണ്ടിരിക്കുന്നത് നിങ്ങൾ കാണുന്നില്ലേ? പുത്രൻമാർ വിറകുചുള്ളികൾ പെറുക്കുന്നു, അപ്പൻമാർ തീ കത്തിക്കുന്നു, ഭാര്യമാർ മാവു കുഴക്കുന്നു.” ഏതു തീക്ഷ്ണമായ പദ്ധതിയിലാണ് മുഴു കുടുംബവും ഉൾപ്പെട്ടിരുന്നത്? “‘ആകാശരാജ്ഞി’ക്ക് ബലിയപ്പങ്ങൾ ഉണ്ടാക്കു”ന്നതിൽ!—യിരെമ്യാവ് 7:16-18; 44:15, 19.
13 ഒരു യഹൂദ ഭാഷ്യം ഇങ്ങനെ പ്രസ്താവിക്കുന്നു: “‘ആകാശരാജ്ഞി’യുടെ പൂജ ആകാംക്ഷയോടെയും പരസ്യമായും നടത്തപ്പെട്ടിരുന്നു.” അവിശ്വസനീയമെന്നോണം, യഹൂദാ ജനത ഒരു പുറജാതി ദേവിക്ക്, ഒരുപക്ഷേ, ബാബിലോന്യ നക്ഷത്ര ത്രിത്വത്തിലെ മൂന്നാമത്തെ ദേവതയും ബാബിലോന്യ ഫലപുഷ്ഠി ദേവതയുമായിരുന്ന ഇഷ്ടാറിന്, ആരാധന അർപ്പിച്ചുകൊണ്ട് വിഗ്രഹാരാധന നടത്തിയിരുന്നു. അല്ലെങ്കിൽ ഈ “രാജ്ഞി” തത്തുല്യ കനാന്യദേവിയായിരുന്ന അസ്തോരെത്ത് ആയിരുന്നിരിക്കാം.—1 രാജാക്കൻമാർ 11:5, 33.
14 ഈ ദേവിയാരാധനക്കു പുറമേ, അവർ മററു വിഗ്രഹാരാധനയിലും ഏർപ്പെട്ടിരുന്നു. ഇതു നിമിത്തം യഹോവ അവരെ കുററംവിധിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “അവർ തങ്ങളുടെ കൊത്തപ്പെട്ട പ്രതിമകൾകൊണ്ട്, തങ്ങളുടെ വ്യർത്ഥരായ അന്യദൈവങ്ങളെക്കൊണ്ട് എന്നെ മുഷിപ്പിച്ചിരിക്കുന്നതെന്തുകൊണ്ട്?” കുററാരോപണം തുടർന്നു: “അവർ എന്റെ ശബ്ദം അനുസരിച്ചിട്ടില്ല, അതിൽ നടന്നിട്ടുമില്ല, എന്നാൽ അവർ തങ്ങളുടെ ഹൃദയ ശാഠ്യപ്രകാരവും അവരുടെ പിതാക്കൻമാർ ആരെക്കുറിച്ചു പഠിപ്പിച്ചിരുന്നോ ആ ബാൽ പ്രതിമകൾക്കു പിന്നാലെയും തുടർന്നു നടന്നു.” (യിരെമ്യാവ് 8:19; 9:13, 14) ക്രൈസ്തവലോകം അതേ കുരുക്കിൽ വീണുപോയിരിക്കുന്നുവോ?
15. (എ) ക്രൈസ്തവലോകത്തിൽ വിഗ്രഹാരാധന സംബന്ധിച്ച എന്തു സാഹചര്യം നാം കാണുന്നു? സ്ഥലപരമായ ദൃഷ്ടാന്തങ്ങൾ നൽകുക. (ബി) മറിയയെ സംബന്ധിച്ച് സത്യക്രിസ്ത്യാനികൾ എന്തു നിലപാടാണ് സ്വീകരിക്കുന്നത്? (തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ പേജ് 254-61 കൂടെ കാണുക.)
15 പ്രോട്ടസ്ററൻറുകാരുടെയോ കത്തോലിക്കരുടെയോ ഓർത്തഡോക്സുകാരുടെയോ ഏതെങ്കിലും പള്ളിയോ കത്തീഡ്രലോ സന്ദർശിക്കുക. നിങ്ങൾ കുറഞ്ഞപക്ഷം കുരിശിന്റെ പ്രതിമകളെങ്കിലും കാണും. എന്നാൽ കത്തോലിക്കാ, ഓർത്തഡോക്സ് മണ്ഡലങ്ങളിൽ അനന്ത വൈവിദ്ധ്യമാർന്ന രംഗവിധാനങ്ങളിലും നിലകളിലുമുള്ള “സത്യദൈവമാതാവായ നിത്യകന്യകയാം വിശുദ്ധ മറിയ”ത്തിന്റെ പ്രതിമകളുണ്ട്.c “ആകാശരാജ്ഞി” “പ്രപഞ്ച രാജ്ഞി” എന്നിവ ഉൾപ്പെടെ ഏത് പരമോൽകൃഷ്ട സ്ഥാനപ്പേരും അവളുടെമേൽ കുന്നിക്കപ്പെടുന്നു!d മറിച്ച്, യിരെമ്യാവർഗ്ഗം മറിയയെ യേശുവിന്റെ അമ്മയും ഒരു അഭിഷിക്ത വിശ്വാസിയുമെന്നനിലയിൽ ആദരിക്കെ, “വിഗ്രഹങ്ങളിൽനിന്ന് അകന്നു സൂക്ഷിച്ചുകൊള്ളുക” എന്ന അപ്പോസ്തലിക ബുദ്ധിയുപദേശം അവർ ശ്രദ്ധാപൂർവ്വം അനുസരിച്ചിരിക്കുന്നു.—1 യോഹന്നാൻ 5:21; യിരെമ്യാവ് 10:14.
ഏകപരമാധികാര കർത്താവാം യഹോവക്കു പകരം ത്രിത്വം സ്ഥാപിക്കപ്പെടുന്നു
16. ഏത് ഉപദേശം മറിയയുടെ പൂജയ്ക്ക് വഴിയൊരുക്കി, എങ്ങനെ?
16 ‘എന്നാൽ മറിയയെയുള്ള ഈ ആരാധനയും പൂജയും എങ്ങനെ ഉണ്ടായി’ എന്ന് നിങ്ങൾ ചോദിച്ചേക്കാം. പുറജാതി ആരാധകരെ ഉൾക്കൊള്ളാനുള്ള ആദിമ അവിശ്വസ്ത സഭയുടെ മറെറാരു നീക്കത്താൽത്തന്നെ. ത്രിയേക ദൈവത്തിന്റെ സങ്കല്പം പുറജാതിലോകത്തിൽ പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു. പുരാതന റോമാക്കാർക്ക് “വിശ്വാസങ്ങളിലും ആരാധനയിലും ബന്ധപ്പെട്ടിരുന്ന ദൈവങ്ങളുടെ ഒരു ത്രിത്വത്തിന് സമർപ്പിതമായിരുന്ന” മൂന്നറകളുടെ കൂട്ടങ്ങളോടുകൂടിയ ക്ഷേത്രങ്ങളുണ്ടായിരുന്നു. കാപ്പിറേറാളിൽ കാപ്പിറേറാളിയൻ ത്രിത്വമായ ജൂപ്പിററർ—ജൂണോ—മിനർവാകൾക്ക് പ്രതിഷ്ഠിക്കപ്പെട്ടിരുന്ന റോമാ ക്ഷേത്രത്തിന്റെ സംഗതിയിൽ അങ്ങനെയായിരുന്നു.”e
17, 18. (എ) ത്രിത്വോപദേശം അഭിവൃദ്ധിപ്പെടാൻ അനുവദിച്ചുകൊണ്ട് എന്ത് അടിച്ചമർത്തപ്പെട്ടിരിക്കുന്നു? (ബി) തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യലിൽനിന്ന് കൂടുതൽ വാദങ്ങൾ നൽകുക.
17 മൂന്നും നാലും നൂററാണ്ടുകളിൽ “അതിവിശുദ്ധ ത്രിത്വ”ത്തിന്റെ ഉപദേശം രൂപം പ്രാപിച്ചു വന്നപ്പോൾ അതിനെ പ്രോത്സാഹിപ്പിക്കാൻ, യിരെമ്യാവിന്റെ വാക്കുകളിൽ വളരെ വ്യക്തമായി പ്രസ്താവിക്കപ്പെട്ടിരുന്ന എബ്രായ ധാരണയെ റോമൻ കത്തോലിക്കാസഭ അടിച്ചമർത്തേണ്ടതാവശ്യമായിരുന്നു: “യഹോവേ, യാതൊരു പ്രകാരത്തിലും നിന്നേപ്പോലെ ആരുമില്ല. നീ വലിയവനാകുന്നു, നിന്റെ നാമം ശക്തിയിൽ വലുതാകുന്നു. എന്നാൽ യഹോവ സത്യമായി ദൈവമാകുന്നു. അവൻ ജീവനുള്ള ദൈവവും അനിശ്ചിതകാലത്തോളം രാജാവുമാകുന്നു.” “യിസ്രായേലേ, കേൾക്കുക, നമ്മുടെ ദൈവമായ യഹോവ ഏക യഹോവയാകുന്നു” എന്ന് യേശു മോശെയുടെ വാക്കുകളിൽനിന്ന് ഉദ്ധരിച്ചപ്പോൾ ആ ഗ്രാഹ്യത്തെ സ്ഥിരീകരിച്ചു.—യിരെമ്യാവ് 10:6, 10; മർക്കോസ് 12:29; ആവർത്തനം 6:4.
18 “യാഹ്വെ” എന്നോ “യഹോവ” എന്നോ ഉച്ചരിക്കാതിരിക്കുക എന്ന യഹൂദ അന്ധവിശ്വാസത്താൽ സഹായിക്കപ്പെട്ട് വിശ്വാസത്യാഗിയായ ക്രൈസ്തവലോകം ദൈവനാമത്തിന്റെ ഉപയോഗം വിട്ടുകളഞ്ഞു. ഇതു ദൈവശാസ്ത്രപരമായ ഒരു ശൂന്യതക്ക് അനുവദിച്ചു, അതു ‘വിശുദ്ധ ത്രിത്വ’ത്തിനു നികത്താൻ കഴിഞ്ഞു.f
19. (എ) ക്രൈസ്തവലോകം ത്രിത്വം സ്വീകരിച്ചതിന്റെ ഫലം എന്താണ്? (ബി) ത്രിത്വവാദത്തെ താങ്ങിനിർത്താൻ ഏതു വഞ്ചന പ്രയോഗിക്കപ്പെട്ടു?
19 അങ്ങനെ, ക്രൈസ്തവലോകം ത്രിത്വദൈവമായ ‘മറെറാരു ദൈവത്തിന്റെ പിന്നാലെ പോകുന്ന’തിനെ തെരഞ്ഞെടുത്തു, അത് യഹൂദൻമാർക്കും ക്രിസ്തുവിനും സത്യക്രിസ്ത്യാനികൾക്കും തികച്ചും അറിയപ്പെടാത്തതായിരുന്നു. ഈ ത്രിയേക മർമ്മത്തെ താങ്ങിനിർത്താൻ ക്രൈസ്തവലോകത്തിലെ വിവർത്തകൻമാർ തങ്ങളുടെ കിംഗ് ജയിംസ് വേർഷനിൽ വഞ്ചന പ്രയോഗിക്കുകപോലും ചെയ്തു.g കൂടാതെ, ത്രിത്വോപദേശത്തിന്റെ ഒരു യുക്ത്യാനുസൃത പരിണതഫലമെന്നനിലയിൽ “ആകാശരാജ്ഞി”യുടെ ആരാധനയിലേക്കോ പൂജയിലേക്കോ ക്രൈസ്തവലോകത്തിന്റെ ഒരു വലിയഭാഗം വീണുപോയിരിക്കുന്നു.—യിരെമ്യാവ് 7:17, 18, ന്യൂ ഇൻറർ നാഷനൽ വേർഷൻ
വൈദികർ പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നു
20, 21. ക്രൈസ്തവലോകത്തിലെ വൈദികർ ഏതു ഗതി പിൻതുടർന്നിരിക്കുന്നു, ഏതു ചോദ്യങ്ങൾ ഇപ്പോൾ ഉചിതമാണ്?
20 മേൽ പ്രസ്താവിച്ചതിന്റെ വീക്ഷണത്തിൽ, യിരെമ്യാവിന്റെ ചോദ്യം ക്രൈസ്തവലോകത്തിലെ വൈദികർക്ക് യോജിച്ചതാണ്: “‘ഞങ്ങൾ ജ്ഞാനികളാണ്, യഹോവയുടെ നിയമം ഞങ്ങളുടെ പക്കലുണ്ട്’ എന്നു നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും? തീർച്ചയായും, ഇപ്പോൾ, കാര്യദർശിയുടെ നാരായം ശുദ്ധ കൃത്രിമത്വത്തോടെ പ്രവർത്തിച്ചിരിക്കുന്നു. . . . നോക്കു! അവർ യഹോവയുടെ വചനത്തെത്തന്നെ തള്ളിക്കളഞ്ഞിരിക്കുന്നു, അവർക്ക് എന്തു ജ്ഞാനമാണുള്ളത്?” (യിരെമ്യാവ് 8:8, 9) അവർ യഹോവയെയും അവന്റെ പ്രതിനിധികളായ അവന്റെ സാക്ഷികളെയും തള്ളിക്കളഞ്ഞിരിക്കുന്നു. പുരോഹിതൻമാരും പ്രവാചകൻമാരും യിരെമ്യാവിനെ പീഡിപ്പിച്ചതുപോലെ, ഈ നൂററാണ്ടിലുടനീളമുണ്ടായ യഹോവയുടെ സാക്ഷികളുടെ ക്രൂരപീഡനത്തിന്റെ അധികപങ്കിനും പിമ്പിൽ ക്രൈസ്തവലോകത്തിലെ വൈദികരാണുണ്ടായിരുന്നത്.
21 അവർ ഈ പീഡനത്തെ പ്രോത്സാഹിപ്പിച്ചിരിക്കുന്നതെന്തുകൊണ്ട്? അവരെ പ്രകോപിപ്പിക്കാനും അവരുടെ വിമർശനത്തിനിടയാക്കാനും സാക്ഷികൾ എന്താണു ചെയ്തിരിക്കുന്നത്? ഈ പരമ്പരയിലെ അന്തിമ ലേഖനം അടുത്ത ലക്കത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ അവയും ബന്ധപ്പെട്ട ചോദ്യങ്ങളും പരിചിന്തിക്കും. (w88 4/1)
[അടിക്കുറിപ്പുകൾ]
a ഈ പോയിൻറുകളുടെ ഒരു വിശദമായ ചർച്ചക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ന്യൂയോർക്ക്, ഇൻകോ. പ്രസിദ്ധപ്പെടുത്തിയ തിരുവെഴുത്തുകളിൽനിന്ന് ന്യായവാദം ചെയ്യലിന്റെ 76-80, 356-61, 379-80 എന്നീ പേജുകൾ കാണുക.
b ദിവ്യനാമത്തിന്റെ അടിച്ചമർത്തൽ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ന്യൂയോർക്ക്, ഇൻകോ. പ്രസിദ്ധപ്പെടുത്തിയ എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം എന്ന 32 പേജുള്ള ലഘുപത്രിക കാണുക.
c ജോഡി ബ്രാൻറ് സ്മിത്ത് രചിച്ച ഗ്വാഡലൂപിലെ പ്രതിമ—കെട്ടുകഥയോ അത്ഭുതമോ, പേജ് 6.
d അൽഫോൻസസ് ഡി ലിഗ്വോറി രചിച്ച മറിയയുടെ മഹത്വങ്ങൾ, പേജ് 424.
e ലാസ് ഗ്രാൻഡസ് റിലിജിയൻസ് ഇലസ്ററ്റഡസ് (വലിയ മതങ്ങളുടെ ചിത്രീകരണം) പേജ് 408.
f ത്രിത്വോപദേശത്തിന്റെ ഒരു പഠനത്തിന് തിരുവെഴുത്തുകളിൽനിന്ന് ന്യായവാദം ചെയ്യൽ പേജ് 405-26 കാണുക.
g 1 യോഹന്നാൻ 5:7 ഒരു വ്യാജ കൂട്ടിച്ചേർപ്പാണ്, “പുത്രനോകൂടെ” എന്നില്ലാത്ത മത്തായി 24:36 വഞ്ചനാപരമായ ഒഴിവാക്കലാണ്. വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ന്യൂയോർക്ക്, ഇൻകോ. പ്രസിദ്ധപ്പെടുത്തിയ എംഫാററക്ക് ഡയഗ്ലട്ടിന്റെ 803-ാം പേജിലെ അടിക്കുറിപ്പും കോഡക്സ് സൈനാററക്കസും കോഡക്സ് അലക്സാണ്ട്രിയാനസും പേജ് 27-ഉം കാണുക, ട്രസ്ററീസ് ഓഫ് ദ ബ്രിട്ടീഷ് മ്യൂസിയം പ്രസിദ്ധപ്പെടുത്തിയത്.
നിങ്ങൾ ഓർമ്മിക്കുന്നുവോ?
◻ ആധുനിക യിരെമ്യാവർഗ്ഗം എങ്ങനെ തിരിച്ചറിയപ്പെട്ടിരിക്കുന്നു?
◻ പുരാതന യെരൂശലേമും ക്രൈസ്തവലോകവും തമ്മിലുള്ള ചില സമാന്തരങ്ങളേവ?
◻ വൈദികർ ജനങ്ങൾ ദൈവവുമായി സമാധാനത്തിലാണെന്നു വിശ്വസിക്കാൻ തക്കവണ്ണം അവരെ മയക്കിയിരിക്കുന്നതെങ്ങനെ?
◻ ഏത് അവഗണനയും വിഗ്രഹാരാധനയും ക്രൈസ്തവലോകത്തിന്റെ ലക്ഷണമാണ്?
[27-ാം പേജിലെ ചിത്രം]
സാക്ഷികൾ 1938-ൽ വ്യാജമതത്തെ അപലപിച്ചുകൊണ്ടിരുന്നു
[28-ാം പേജിലെ ചിത്രം]
യഹൂദൻമാർ ആലയത്തെ ആശ്രയിച്ചതുപോലെ ക്രൈസ്തവലോകം അതിന്റെ പഴക്കംകൊണ്ടു മാനിക്കപ്പെടുന്ന ദേവാലയങ്ങളിൽ ആശ്രയിക്കുന്നു
[29-ാം പേജിലെ ചിത്രം]
ക്രൈസ്തവലോകത്തിലെ ററി വി പ്രസംഗകർ തങ്ങൾ “രക്ഷിക്കപ്പെട്ടവരോ” “വീണ്ടും ജനിച്ചവരോ” ആണെന്നു വിശ്വസിക്കുന്നതിലേക്ക് ദശലക്ഷങ്ങളെ മയക്കിയിരിക്കുന്നു