“ദിവ്യനീതി” ഡിസ്ട്രിക്ട് സമ്മേളനങ്ങൾ
നീതിയുടെ അഭാവത്താൽ ഈ ലോകത്തിൽ എത്രയധികം ദുരിതാനുഭവങ്ങൾ ഉണ്ട്! ചില രാഷ്ട്രീയ ഭരണാധിപൻമാരുടെ ഭാഗത്തെ വ്യാപകമായ അധികാരത്തിന്റെ ദുരുപയോഗം അനീതിപരമായ വളരെയധികം ദുരിതത്തിൽ കലാശിച്ചിട്ടുണ്ട്. അത്യാഗ്രഹത്തോടുകൂടിയ വ്യാപാരതാല്പര്യങ്ങൾ അധികം ദുരിതത്തിനിടയാക്കിക്കൊണ്ട് ആളുകളെ ഞെരുക്കുന്നു. കൂടാതെ, യേശുവിന്റെ നാളിലെ മതനേതാക്കളുടെ പകർപ്പായിരിക്കുന്ന ഇന്നത്തെ മതനേതാക്കളുടെ ഞെരുക്കലും ഉണ്ട്, അവരെപ്പററി യേശു ഇങ്ങനെ പറഞ്ഞു: “അവർ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വയ്ക്കുന്നു, എന്നാൽ അവരുടെ സ്വന്തം വിരലുകൊണ്ടുപോലും തൊടുവാൻ അവർക്ക് മനസ്സില്ല.” (മത്തായി 23:4) കൂടാതെ, കുടുംബവൃത്തത്തിലും അധികാരത്തിന്റെ ദുർവിനിയോഗവും തൽഫലമായുണ്ടാകുന്ന അനീതിയും ഉണ്ട്.
ഇങ്ങനെയുള്ള കാര്യങ്ങൾക്ക് പരിഹാരം കാണുന്നതിന്, എങ്ങനെതന്നെ സദുദ്ദേശ്യമുണ്ടായിരുന്നാലും, അപൂർണ്ണ മനുഷ്യരിലേക്ക് നോക്കുന്നതു വ്യർത്ഥമാണെന്ന് ചരിത്രം കാണിക്കുന്നു. എന്നാൽ അത്യുന്നതനും ന്യായാധിപനുമായ യഹോവ സ്വർഗ്ഗത്തിൽ സ്ഥിതിചെയ്യുന്നു. അവൻ നീതിയുടെ ദൈവമാണ്. മോശെ ശരിയായി പാടി: “പാറ, അവന്റെ പ്രവൃത്തികൾ പൂർണ്ണമാണ്, എന്തുകൊണ്ടെന്നാൽ അവന്റെ എല്ലാ വഴികളും നീതിയുള്ളതാണ്. വിശ്വസ്തതയുടെ ഒരു ദൈവം, അവനിൽ യാതൊരു അനീതിയും ഇല്ല; അവൻ നീതിയും നേരുമുള്ളവൻ ആകുന്നു.”—ആവർത്തനം 32:4
ഈ ലോകത്തിലെ എല്ലാ അനീതിയും യഹോവ ദീർഘകാലം അനുവദിച്ചു, എന്നാൽ അവൻ എല്ലാക്കാലവും അതു ചെയ്യുകയില്ല. നടപടിയെടുക്കുന്നതിന് അവനൊരു നിയമിത സമയമുണ്ട്. അപ്പോൾ യെശയ്യാവ് 14:4-7 വരെ കാണുന്ന പ്രവചനം നിവൃത്തിയേറും, എല്ലാ മർദ്ദകഭരണങ്ങളും അവസാനിക്കുമെന്നും ‘മുഴുഭൂമിയും ആശ്വാസം പ്രാപിക്കുമെന്നും’ അതു വാഗ്ദാനം ചെയ്യുന്നു.
ഈ പ്രാവചനിക വാഗ്ദാനങ്ങളിലുള്ള അടിയുറച്ച വിശ്വാസം നിമിത്തം, വളരെ പെട്ടെന്നുതന്നെ യഹോവ പരിപൂർണ്ണ രാജ്യഭരണം വരുത്തിക്കൊണ്ട് എല്ലാ അടിച്ചമർത്തലിനും അനീതിക്കും അന്യായത്തിനും അവസാനം വരുത്തുമെന്ന് പ്രഖ്യാപിക്കുന്നതിൽ യഹോവയുടെ സാക്ഷികൾ സന്തോഷിക്കുന്നു. അതിനുശേഷം ആരും യാതൊരു നാശമോ ഉപദ്രവമോ വരുത്തുകയില്ല, കാരണം ‘സമുദ്രം വെള്ളം കൊണ്ട് നിറഞ്ഞിരിക്കുന്നതുപോലെ മുഴുഭൂമിയും യഹോവയുടെ പരിജ്ഞാനം കൊണ്ട് നിറഞ്ഞിരിക്കും.’—യെശയ്യാവ് 11:9.
യഹോവയുടെ നീതിയുള്ള ന്യായവിധിയിൽ നമ്മുടെ വിശ്വാസം ബലിഷ്ഠമാക്കുന്നതിനുവേണ്ടി 1988-ലെ ഡിസ്ട്രിക്ട് സമ്മേളനത്തിന് “ദിവ്യനീതി” എന്ന വിഷയം ഉണ്ടായിരിക്കും. ഈ വിഷയത്തിന് ഊന്നൽ കൊടുക്കുന്നതു ദിവ്യനീതിക്ക് വേണ്ടിയുള്ള നമ്മുടെ പ്രത്യാശയെ ഘോഷിക്കുന്നതിന് നമ്മെ പ്രചോദിപ്പിക്കുക മാത്രമല്ല നമ്മുടെ എല്ലാ ഇടപെടലുകളിലും ദിവ്യനീതിക്കനുയോജ്യമായി പ്രവൃത്തിക്കുന്നതിന് നമ്മെ പ്രോൽസാഹിപ്പിക്കുകയും ചെയ്യും.
നമ്മുടെ ആദ്യ മാതാപിതാക്കളുടെ അതിക്രമം ഹേതുവായി നമ്മുടെയെല്ലാം ചായ്വ് സ്വാർത്ഥതയിലേക്കും അനീതിയിലേക്കും ആണെന്ന് യഹോവയുടെ ദാസൻമാരെന്നനിലയിൽ നാമെല്ലാവരും അറിയുന്നു. അതുകൊണ്ട് ദിവ്യനീതിയെ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യത്തെ എടുത്തു കാട്ടുന്ന ബൈബിൾ ഡ്രാമകളും, കൂടിക്കാഴ്ചകളും, പ്രകടനങ്ങളും, പ്രസംഗങ്ങളും മുഖാന്തരം ലഭിക്കുന്ന നല്ല വിവരങ്ങളെ നാം വിലമതിക്കും. ഇതു ‘നമ്മുടെ ദൈവത്തോടൊത്ത് എളിമയോടെ നടക്കുന്നതിനും, സ്നേഹദയയും, നീതിയും പാലിക്കുന്നതിനുമുള്ള’ മീഖാ 6:8-ലെ ആജ്ഞയോടുള്ള ചേർച്ചയിലാണ്. ഇതു യോജിപ്പും, സംതൃപ്തിയും, സന്തോഷവും ഉണ്ടാക്കുന്നു; കൂടാതെ മുഴുഭൂമിയിലും സുവാർത്ത പ്രസംഗിക്കുന്നതിനെ വ്യാപകമാക്കുന്നതിന് സഹായിക്കയും ചെയ്യുന്നു.
യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ അംഗങ്ങളാലുള്ള പ്രത്യേക പ്രസംഗങ്ങൾ കേൾക്കുന്നതിനുവേണ്ടി ചില രാജ്യങ്ങളിൽ അനേകനഗരങ്ങൾ തമ്മിൽ ബന്ധിപ്പിക്കപ്പെടുമെന്നുള്ളതാണ് ഈ സമ്മേളനത്തിന്റെ എടുത്തുപറയത്തക്ക ഒരു വശം. കൂടാതെ ലോകത്തെങ്ങുമുള്ള മിഷനറിമാർക്ക് ഈ സമ്മേളനത്തിനുവേണ്ടി യാത്രാസൗകര്യങ്ങൾ നൽകപ്പെടുന്നതായിരിക്കും; ഇതു വീണ്ടും അവരുടെ കുടുംബങ്ങളൊടൊത്ത് ചേരുന്നതിന് അവരെ പ്രാപ്തരാക്കും.
യഹോവയുടെ ഇഷ്ടമെങ്കിൽ, “ദിവ്യനീതി” ഡിസ്ട്രിക്ട് സമ്മേളനങ്ങൾ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 1:30-ന് ആരംഭിക്കുകയും ഞായാറാഴ്ച ഉച്ചകഴിഞ്ഞ് 4-ന് അവസാനിക്കുകയും ചെയ്യും. ഓരോ ദിവസവും പരിപാടി ആരംഭിക്കുമ്പോൾ തുടങ്ങി ഗീതത്തോടും പ്രാർത്ഥനയോടും കൂടെ അവസാനിക്കുന്നതു വരെ ഹാജരായിരിക്കുന്നതിന് നമുക്ക് നമ്മുടെ കാര്യാദികളെ ക്രമീകരിക്കാം. നല്ല ആത്മീയ വിശപ്പോടെയും കുറിപ്പുകൾ എടുക്കുന്നതിനു തയ്യാറായും വരിക. മുമ്പിലുള്ള വേലക്കുവേണ്ടി നമ്മെ ഉത്തേജിപ്പിക്കുന്നതിനും ശക്തീകരിക്കുന്നതിനും വേണ്ടി നല്ല വസ്തുക്കളാലുള്ള “ഒരു വിരുന്നു” യഹോവ നമുക്കുവേണ്ടി കരുതിയിട്ടുണ്ടെന്ന് ഉറപ്പുള്ളവരായിരിക്കുക.—യെശയ്യാവ് 25:6; ഉത്തമഗീതം 2:4.
അതെ, “ദിവ്യനീതി” ഡിസ്ട്രിക്ട് സമ്മേളനങ്ങളിൽ നിന്ന് ഏററവും കൂടുതൽ ആത്മീയ അനുഗ്രഹങ്ങൾ നേടുന്നതിന് നിർണ്ണയിച്ചുകൊണ്ട് ഓരോരുത്തരും വരട്ടെ.
1988 സെപ്ററംബർ മുതൽ 1989 ജനുവരി വരെ ഇൻഡ്യയിൽ നടത്തപ്പെടുന്ന “ദിവ്യനീതി” ഡിസ്ട്രിക്ട് സമ്മേളനങ്ങളുടെ സ്ഥലവും തീയതിയും സംബന്ധിച്ച വിവരങ്ങൾക്കുവേണ്ടി ദയവായി ഈ മാസികയുടെ പ്രസാധകർക്ക് എഴുതുക.