ആശ്രയം പ്രകടമാക്കുന്ന യഹോവയുടെ സഹപ്രവർത്തകർ
“ഭൗമിക മനുഷ്യാ, നല്ലതെന്തെന്ന് അവൻ നിന്നോടു പറഞ്ഞിരിക്കുന്നു. നീതി നടത്താനും ദയയെ സ്നേഹിക്കാനും നിന്റെ ദൈവത്തോടുകൂടെ നടക്കുന്നതിൽ എളിയവനായിരിക്കാനുമല്ലാതെ എന്താണ് യഹോവ നിന്നിൽ നിന്ന് തിരിച്ചു ചോദിക്കുന്നത്?“—മീഖാ 6:8.
1. ഏതു തിരുവെഴുത്തടിസ്ഥാനത്തിൽ യഹോവയുടെ ഇന്നത്തെ സകല ദാസൻമാർക്കും അവന്റെ “സഹപ്രവർത്തകർ” എന്നു വിളിക്കപ്പെടാൻ കഴിയും?
ക്രിസ്തീയ അപ്പോസ്തലനായ യോഹന്നാൻ ഇങ്ങനെ എഴുതി: “നാം ദൈവമക്കൾ എന്നു വിളിക്കപ്പെടാൻ പിതാവ് ഏതുതരം സ്നേഹമാണ് നമുക്ക് നൽകിയിരിക്കുന്നത്; നാം അങ്ങനെയുള്ളവർ ആകുന്നു.” (1 യോഹന്നാൻ 3:1) അപ്പോസ്തലനായ പൗലോസ് തന്നെയും തന്റെ കൂട്ടാളിയായിരുന്ന അപ്പല്ലോസിനെയും കുറിച്ച് “ഞങ്ങൾ ദൈവത്തിന്റെ സഹപ്രവർത്തകരാകുന്നു” എന്നു പറയുകയുണ്ടായി. (1 കൊരിന്ത്യർ 3:9) ഈ രണ്ടു പ്രസ്താവനകളും യേശുക്രിസ്തുവിന്റെ അഭിഷിക്താനുഗാമികളാലും അവരെ സംബന്ധിച്ചും ചെയ്യപ്പെട്ടവയാണ്. എന്നാൽ തത്വത്തിൽ അവ സകല സത്യദൈവദാസൻമാർക്കും ബാധകമാകുന്നു. തന്നിമിത്തം, ‘നാം യഹോവയുടെ സഹപ്രവർത്തകരായിരിക്കത്തക്കവണ്ണം പിതാവ് ഏതുതരം സ്നേഹം നമുക്കു നൽകിയിരിക്കുന്നു’ എന്ന് അവ പരാവർത്തനം ചെയ്യാൻ കഴിയും.
2. യഹോവയുടെ ദാസൻമാർക്ക് അവന്റെ സഹപ്രവർത്തകരായിരിക്കുന്നത് സാദ്ധ്യമായിരിക്കുന്നതെന്തുകൊണ്ട്?
2 ദുർബ്ബലരും അപൂർണ്ണരുമായ മനുഷ്യർക്ക് ശക്തിയിലും ജ്ഞാനത്തിലും അതിരററവനും നീതിയിൽ പൂർണ്ണനും സ്നേഹത്തിന്റെ മൂർത്തീകരണവുമായ മഹാസ്രഷ്ടാവിന്റെ സഹപ്രവർത്തകരായിരിക്കുക സാദ്ധ്യമാകുന്നതെങ്ങനെ? നമ്മുടെ ആദ്യമാതാപിതാക്കൾ സ്രഷ്ടാവിന്റെയും അവന്റെ സഹപ്രവർത്തകനായിരുന്ന വചനത്തിന്റെയും അഥവാ ലോഗോസിന്റെയും പ്രതിച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടതുകൊണ്ട് ഇതു സാദ്ധ്യമാണ്. (ഉല്പത്തി 1:26, 27; യോഹന്നാൽ 1:1) അങ്ങനെ നമ്മുടെ ആദ്യമാതാപിതാക്കൾക്ക് ജ്ഞാനത്തിന്റെയും നീതിയുടെയും ശക്തിയുടെയും സ്നേഹത്തിന്റെയും ഒരു അളവു കൊടുക്കപ്പെട്ടു. അതുകൊണ്ടാണ് യഹോവക്ക് തന്റെ പ്രവാചകൻ മുഖാന്തരം തന്റെ ഭൗമിക ദാസൻമാരെക്കുറിച്ച് ഇങ്ങനെ പറയാൻ കഴിഞ്ഞത്: “ഭൗമിക മനുഷ്യാ, നല്ലതെന്തെന്ന് അവൻ നിന്നോടു പറഞ്ഞിരിക്കുന്നു. നീതി നടത്താനും ദയയെ സ്നേഹിക്കാനും നിന്റെ ദൈവത്തോടുകൂടെ നടക്കുന്നതിൽ എളിയവനായിരിക്കാനുമല്ലാതെ എന്താണ് യഹോവ നിന്നിൽ നിന്നു തിരിച്ചു ചോദിക്കുന്നത്?”—മീഖാ 6:8.
3. മീഖാ 6:8-ൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നതെന്താണ്, ഒരു വ്യക്തിക്ക് യഹോവയുടെ സഹപ്രവർത്തകരിലൊരാളായിരിക്കാൻ കഴിയുന്നതിനു മുമ്പ് അയാളിൽനിന്ന് ആവശ്യപ്പെട്ടിരിക്കുന്നതെന്ത്?
3 “. . . അല്ലാതെ എന്താണ് യഹോവ നിന്നിൽ നിന്ന് തിരിച്ചു ചോദിക്കുന്നത്?” എന്ന വാക്കുകൾ നാം വായിക്കുമ്പോൾ മുൻപറഞ്ഞത് ദൈവത്തോടും സഹമനുഷ്യനോടുമുള്ള ‘ഭൗമിക മനുഷ്യന്റെ’ ഉത്തരവാദിത്തത്തെ വളരെ നന്നായി സംഗ്രഹിക്കുന്നുവെന്നാണ് സൂചനയെന്നു തോന്നുന്നു. ഇത് യഥാർത്ഥത്തിൽ എത്രത്തോളം അങ്ങനെതന്നെയാണെന്ന് നമ്മുടെ ചർച്ച തുടരുമ്പോൾ സ്പഷ്ടമാകും. തീർച്ചയായും ഏതൊരാൾക്കും യഹോവയോടുകൂടെ നടക്കാവുന്നതല്ല. ആ പദവി ‘ഏർപ്പാടു ചെയ്തിട്ട് അവനെ കണ്ടുമുട്ടുന്നവർക്കായി’ സംവരണം ചെയ്യപ്പെട്ടിരിക്കുകയാണ്, എന്നു തന്നെ പറയട്ടെ. (ആമോസ് 3:3) അതെങ്ങനെ? യഹോവക്ക് സമ്പൂർണ്ണമായ ഒരു സമർപ്പണം ചെയ്യുകയും മുൻലേഖനത്തിൽ സൂചിപ്പിച്ചതുപോലെ ജലസ്നാനത്താൽ അതിനെ ലക്ഷ്യപ്പെടുത്തുകയും ചെയ്യുന്നതിനാൽതന്നെ. അതുകൊണ്ട്, ഈ വ്യക്തികൾക്ക് മീഖാ 6:8 എന്ത് അർത്ഥമാക്കുന്നു?
‘നീതി നടത്തുക’
4. അടിസ്ഥാനപരമായി, “നീതിനടത്തുക” എന്നതിന്റെ അർത്ഥമെന്ത്?
4 ആദ്യമായി, “നീതി നടത്തുക” എന്ന വ്യവസ്ഥയുണ്ട്. യഹോവയാം ദൈവത്തിന്റെ സഹപ്രവർത്തകരെന്ന നിലയിൽ നമുക്ക് ഒരു നല്ല മനഃസാക്ഷി ഉണ്ടായിരിക്കണം. “നീതി നടത്തുക” എന്നതിന്റെ അടിസ്ഥാന അർത്ഥം ശരിയായതു ചെയ്യുക, ദൈവം നമ്മോട് ആവശ്യപ്പെടുന്നതു ചെയ്യുക എന്നാണ്. അതിന്റെ അർത്ഥം നാം നമ്മുടെ കടപ്പാടുകൾ നിറവേററണം എന്നാണ്, മുഖ്യമായത് യഹോവക്ക് അനന്യമായ ഭക്തികൊടുക്കുന്നതുതന്നെ. (നാഹും 1:2) അവൻ കിടമത്സരം പൊറുക്കുന്നില്ല. നമുക്ക് കേവലം രണ്ട് യജമാനൻമാരെ സേവിക്കാൻ കഴിയുകയില്ല.—1 കൊരിന്ത്യർ 10:22; മത്തായി 6:24.
5. താൻ നീതിയെ സ്നേഹിച്ചുവെന്നും ദുഷ്ടതയെ വെറുത്തുവെന്നും യേശുക്രിസ്തു പ്രകടമാക്കിയതെങ്ങനെ?
5 തന്നെയുമല്ല, “നീതി നടത്തുന്ന”തിന് നാം യേശുക്രിസ്തു ചെയ്തതുപോലെ നീതിയെ സ്നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും വേണം. അവന്റെ നീതിസ്നേഹം നിമിത്തം അവൻ “നിഷ്ക്കളങ്കനും നിർമ്മലനും പാപികളിൽനിന്ന് വേർപെട്ടവനുമായി” നിലകൊണ്ടു. (സങ്കീർത്തനം 45:7; എബ്രായർ 7:26) യേശു ദുഷ്ടതയെ ദ്വേഷിച്ചതുകൊണ്ട് അവൻ കപടഭക്തരും അത്യാഗ്രഹികളുമായിരുന്ന തന്റെ നാളിലെ മതനേതാക്കൻമാരെ ശാസിച്ചത് നീതിപൂർവ്വകമായ രോഷത്തോടെയായിരുന്നു.—മത്തായി 23:13-36; യോഹന്നാൻ 8:44.
6. വിലക്കപ്പെട്ടിരിക്കുന്നത് ചീത്തയായതുകൊണ്ട് നാം അതൊഴിവാക്കണമെന്നുള്ള ഒരു മാനസിക സമ്മതത്തെക്കാളധികം നമുക്കാവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
6 യേശുവിന്റെ ദൃഷ്ടാന്തത്തിൽനിന്ന് കാണാൻ കഴിയുന്നതുപോലെ നീതിയെ സ്നേഹിക്കുന്നതുമാത്രം പോരാ. നാം വഷളത്വത്തെ വെറുക്കണം—അതെ, കഠിനമായി ദ്വേഷിക്കുകയും അതിനോടു വിപ്രതിപത്തി പ്രകടമാക്കുകയും വേണം. നമ്മുടെ ചായ്വുകൾ നമ്മുടെ ബാല്യം മുതൽ ചീത്തയാകയാലും നമ്മുടെ ഹൃദയങ്ങൾ വഞ്ചനയും ചതിയും നിറഞ്ഞതാകയാലും വഷളത്വം വിലക്കപ്പെട്ടിരിക്കുകയാണെന്നുള്ള ഒരു മാനസിക സമ്മതത്തെക്കാളധികം നമുക്കാവശ്യമാണ്. (ഉല്പത്തി 8:21; യിരെമ്യാവ് 17:9) നാം പാപപ്രവണതകളെയും പ്രലോഭനങ്ങളെയും ശക്തമായി എതിർക്കാത്തപക്ഷം നാം അവയുടെ വിലോഭനങ്ങൾക്ക് അടിപ്പെടും. പെയോരിലെ ബാലിന്റെ അസാൻമാർഗ്ഗിക ആരാധനയിൽ ഒത്തുചേർന്ന ഇണകളെ ഒരു കുന്തംകൊണ്ട് കുത്തിത്തുളച്ചപ്പോൾ ഫിനെഹാസ് പ്രകടമാക്കിയ, വഷളത്തത്തോടുള്ള അതേ ശക്തമായ വെറുപ്പ് നമുക്കുണ്ടായിരിക്കണം.—സംഖ്യാപുസ്തകം 25:5-8.
7. ദുഷ്ടരായ ആരെയും തന്റെ സഹപ്രവർത്തകരായി യഹോവ ഉപയോഗിക്കുന്നില്ലെന്നുള്ളതിന് നമുക്ക് എന്തു സാക്ഷ്യമുണ്ട്?
7 യഹോവ ദുഷ്ടരായ ഏതെങ്കിലും വ്യക്തികളെ തന്റെ സഹപ്രവർത്തകരായി ആഗ്രഹിക്കുന്നില്ല, ഉപയോഗിക്കുന്നുമില്ല. ഇത് സങ്കീർത്തനം 50:16-18-ൽ വ്യക്തമാക്കപ്പെട്ടിരിക്കുന്നു, അവിടെ നാം ഇങ്ങനെ വായിക്കുന്നു: “എന്നാൽ ദുഷ്ടനോടു ദൈവം ഇങ്ങനെ പറയേണ്ടിവരും: ‘എന്റെ ചട്ടങ്ങളെ വിവരിക്കാനും നിന്റെ വായിൽ എന്റെ ഉടമ്പടി വഹിക്കാനും നിനക്ക് എന്തവകാശമാണുള്ളത്? എന്തിന്, നീ—നീ ശിക്ഷണത്തെ വെറുത്തിരിക്കുന്നു, നീ എന്റെ വാക്കുകളെ നിന്റെ പിമ്പിൽ തള്ളിക്കളഞ്ഞുകൊണ്ടിരിക്കുന്നു. നീ ഒരു കള്ളനെ കണ്ടപ്പോഴൊക്കെ, നിനക്ക് അവനോട് ഇഷ്ടംപോലുമായിരുന്നു; നിന്റെ പങ്കാളിത്തം വ്യഭിചാരികളോടായിരുന്നു.’”
8. ദുഷ്പ്രവൃത്തിക്ക് അടിപ്പെടുന്നതിനാൽ നമുക്കു വരുത്തിക്കൂട്ടാൻ കഴിയുന്ന നിന്ദക്ക് ഏതു സംഭവം അടിവരയിടുന്നു?
8 നാം ദൈവരാജ്യസുവാർത്ത പ്രസംഗിച്ചുകൊണ്ട് യഹോവയുടെ സേവനത്തിൽ തിരക്കുള്ളവരായിരുന്നേക്കാം. എന്നാൽ ആത്മനിയന്ത്രണം പാലിക്കാൻ നാം വളരെ ശ്രദ്ധ ചെലുത്തുന്നില്ലെങ്കിൽ ജഡിക ദൗർബ്ബല്യങ്ങൾ നിമിത്തം നാം ലംഘനം ചെയ്യുകയും യഹോവയുടെ നാമത്തിൻമേൽ നിന്ദവരുത്തുകയും ചെയ്തേക്കാം. അങ്ങനെ, ഏതാനും വർഷങ്ങൾക്കു മുമ്പ്, ഒരു അവിശ്വാസിയായ ഭർത്താവുണ്ടായിരുന്ന ഒരു ആത്മീയ സഹോദരിയുമായി ഒരു മൂപ്പൻ വ്യഭിചാരം ചെയ്തു. മുൻമൂപ്പന്റെ പുറത്താക്കൽ പ്രഖ്യാപിക്കപ്പെട്ട സായാഹ്നത്തിൽ കോപാകുലനായ ഭർത്താവ് ഒരു തോക്കുമായി രാജ്യഹാളിലേക്ക് നടന്നു ചെല്ലുകയും കുററക്കാരായ രണ്ടുപേരുടെയും നേരെ നിറയൊഴിക്കുകയും ചെയ്തു. അവരിൽ ആരും കൊല്ലപ്പെട്ടില്ല. എന്നാൽ അടുത്ത ദിവസം ഇത് ഐക്യനാടുകളിലെ ഏററവും വലിയ വർത്തമാനപ്പത്രത്തിന്റെ മുൻപേജിലെ വാർത്തയായിരുന്നു! സത്യമായി ദുഷ്പ്രവൃത്തി നിന്ദവരുത്തിക്കൂട്ടുന്നു.—സദൃശവാക്യങ്ങൾ 6:32.
9. സദൃശവാക്യങ്ങൾ 4:23 അനുസരിച്ച് നാം എന്തിനെ കാത്തുസൂക്ഷിക്കണം, എന്തുകൊണ്ട്?
9 തന്നിമിത്തം ഉചിതമായി നാം ഇങ്ങനെ ബുദ്ധിയുപദേശിക്കപ്പെട്ടിരിക്കുന്നു: “സൂക്ഷിക്കേണ്ട മറെറല്ലാററിനെക്കാളുമധികമായി നിന്റെ ഹൃദയത്തെ കാത്തുസൂക്ഷിക്കുക, എന്തെന്നാൽ ജീവന്റെ ഉറവുകൾ അതിൽനിന്നാകുന്നു.” (സദൃശവാക്യങ്ങൾ 4:23) അതെ, നാം നമ്മുടെ ആലങ്കാരികഹൃദയങ്ങൾ വ്യാപരിക്കാൻ അനുവദിക്കുന്നതു സംബന്ധിച്ച് നമുക്കുതന്നെ ശിക്ഷണം കൊടുക്കേണ്ടതാണ്. റെറലിവിഷനും മാസികകളും മററു മാദ്ധ്യമരൂപങ്ങളും അശ്ലീലമുൾപ്പെടെ അശുദ്ധകാര്യങ്ങളെയാണ് അധികമധികം വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് നാം വായിക്കുന്നതും ശ്രദ്ധിക്കുന്നതും കാണുന്നതും സംബന്ധിച്ച് വളരെ സൂക്ഷ്മതയുള്ളവരായിരിക്കണം. വ്യക്തിപരമായ ചിന്താനിയന്ത്രണം വളരെ പ്രധാനമാണ്! ഉദാഹരണത്തിന്, നമ്മുടെ മനസ്സിൽ ലൈംഗികമായ വിചിത്ര സങ്കൽപ്പങ്ങൾക്കു രൂപം കൊടുക്കുന്നതിൽനിന്ന് ഉല്ലാസം തേടുക എളുപ്പമായിരിക്കാം. അവ യഥാർത്ഥജീവിതത്തിൽ പ്രവർത്തനപഥത്തിലാക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ച് നാം ചിന്തിക്കുകയില്ലാത്ത കാര്യങ്ങളായിരിക്കാം. (മത്തായി 5:28) എന്നാൽ മിക്കപ്പോഴും അത്തരം ചിന്ത ദുഷ്പ്രവൃത്തികളിൽ കലാശിക്കുന്നു. അങ്ങനെയുള്ള കാര്യങ്ങളിൽ മാനസികമായി വ്യാപരിക്കുന്നതിനു പകരം നമുക്ക് പരിശുദ്ധാത്മാവിന്റെ ഫലമായ ആത്മനിയന്ത്രണം പ്രകടമാക്കുകയും ഫിലിപ്യർ 4:8-ൽ പട്ടികപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളിൽ വ്യാപരിക്കുകയും ചെയ്യാം.—ഗലാത്യർ 5:22, 23.
“ദയയെ സ്നേഹിക്കുക”
10, 11. (എ) വിശ്വസ്തതയും ഭക്തിയും തമ്മിൽ എന്തു വ്യത്യാസം കൽപ്പിക്കാൻ കഴിയും? (ബി) ദൈവപുത്രൻ വിശ്വസ്തതയും ഭക്തിയും പ്രകടമാക്കിയതെങ്ങനെ?
10 നാം “ദയയെ സ്നേഹിക്കണ”മെന്നുള്ളതാണ് മീഖാ 6:8-ൽ പറഞ്ഞിരിക്കുന്ന രണ്ടാമത്തെ വ്യവസ്ഥ. ദ ന്യൂ ഇംഗ്ലീഷ് ബൈബിളിൽ ഇവിടെ വായിക്കപ്പെടുന്നത് “ഭക്തിയെ സ്നേഹിക്കുക” എന്നാണ്. പുതിയ ലോക ഭാഷാന്തരം സംശോധക ബൈബിളിന്റെ ഒരു അടിക്കുറിപ്പ് ദയ എന്നു വിവർത്തനം ചെയ്തിരിക്കുന്ന കെസദ് എന്ന എബ്രായ പദത്തെ “സ്നേഹദയ” എന്നോ “ഭക്തിപുരസ്സരമായ സ്നേഹം” എന്നോ കൂടെ വിവർത്തനം ചെയ്യാൻ കഴിയുമെന്നു പ്രകടമാക്കുന്നു. ശബ്ദകോശ നിർമ്മാതാക്കൾ പറയുന്നതനുസരിച്ച് “ഭക്തിപുരസ്സരമെന്നത് ഉപേക്ഷിക്കുന്നതിനോ തള്ളിപ്പറയുന്നതിനോ ഉള്ള ഏതു പ്രലോഭനത്തോടുമുള്ള ഉറച്ച ചെറുത്തുനിൽപ്പിനെ സൂചിപ്പിക്കുന്നു.” “വമ്പിച്ച പ്രാതികൂല്യങ്ങൾക്കെതിരെപോലും ഒരു വ്യക്തിയോടോ കാര്യത്തോടോ പററിനിന്നു പോരാടാൻ ആഗ്രഹിക്കുക എന്ന ആശയം വിശ്വസ്തം എന്നതിനോടു കൂട്ടുന്നതാണ് ഭക്തിപുരസ്സരം.” രസാവഹമായി, ആ വാക്കുകളുടെ ഉപയോഗത്തിൽ അല്പമായ വ്യത്യാസവും നാം തിരുവെഴുത്തുകളിൽ കാണുന്നു. ദൃഷ്ടാന്തത്തിന്, “ഭക്തി” എന്ന പദം നിർജ്ജീവവസ്തുക്കൾക്ക് ഒരിക്കലും ഉപയോഗിക്കപ്പെട്ടിട്ടില്ല. എന്നാൽ “വിശ്വസ്തം” എന്ന പദം അങ്ങനെ ആവർത്തിച്ച് ഉപയോഗിക്കുന്നുണ്ട്. അങ്ങനെ, ചന്ദ്രൻ “ആകാശങ്ങളിലെ ഒരു വിശ്വസ്ത സാക്ഷി” എന്നു വിളിക്കപ്പെട്ടിരിക്കുന്നു. (സങ്കീർത്തനം 89:37) കൂടാതെ, ദൈവവചനങ്ങൾ വിശ്വസ്തമാണെന്ന്, അതായത്, ആശ്രയയോഗ്യമാണെന്ന്, പറയപ്പെട്ടിരിക്കുന്നു.a (വെളിപ്പാട് 21:5; 22:6) എന്നിരുന്നാലും ഭക്തി യഹോവയാം ദൈവത്തിനും അവന്റെ അംഗീകൃത ദാസൻമാർക്കും മാത്രമുള്ളതായി പറയപ്പെടുന്നു. അതിൻപ്രകാരം, യഹോവയെ സംബന്ധിച്ച് “ഭക്തിയുള്ള ഒരുവനോട് നീ ഭക്തിയോടെ പെരുമാറും” എന്നു നാം വായിക്കുന്നു.—2 ശമുവേൽ 22:26.
11 ദൈവപുത്രൻ സ്വർഗ്ഗത്തിൽ യഹോവയോട് വിശ്വസ്തനും ഭക്തിയുള്ളവനും ആയിരുന്നു. ഭൂമിയിൽ മനുഷ്യനായ യേശുക്രിസ്തു എന്ന നിലയിൽ അവൻ പരിശോധനകൾക്കു വിധേയനായി. അവൻ ഒരു മനുഷ്യനെന്ന നിലയിൽ വിശ്വസ്തനും ഭക്തിയുള്ളവനുമാണെന്ന് തന്റെ അനുസരണത്താൽ തെളിയിച്ചു. ഇത് എബ്രായർ 5:7-9-നാൽ സൂചിപ്പിക്കപ്പെടുന്നു. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “ക്രിസ്തു തന്റെ ജഡിക നാളുകളിൽ തന്നെ മരണത്തിൽനിന്നു രക്ഷിക്കാൻ കഴിവുണ്ടായിരുന്നവനോട് ശക്തമായ മുറവിളികളോടും കണ്ണുനീരോടും കൂടെ അഭ്യർത്ഥനകളും അപേക്ഷകളും നടത്തുകയും അവന്റെ ദൈവിക ഭക്തിനിമിത്തം അനുകൂലമായി ഉത്തരം കിട്ടുകയും ചെയ്തു. അവൻ ഒരു പുത്രനായിരുന്നിട്ടും അവൻ അനുഭവിച്ച കാര്യങ്ങളിൽനിന്ന് അവൻ അനുസരണം പഠിച്ചു; അവൻ പൂർണ്ണനാക്കപ്പെട്ടശേഷം തന്നെ അനുസരിക്കുന്ന ഏവർക്കും അവൻ നിത്യരക്ഷക്ക് ഉത്തരവാദിയായിത്തീർന്നു.”
ഭക്തിയുടെ പരിശോധനകൾ
12. ചില സമയങ്ങളിൽ നമ്മുടെ ഭക്തിയെ എന്തു പരീക്ഷിച്ചേക്കാം, ചിലർ അങ്ങനെയുള്ള പരീക്ഷകളോട് എങ്ങനെ പ്രതികരിച്ചിരിക്കുന്നു?
12 യഹോവയാം ദൈവത്തോടുള്ള ഭക്തി നമ്മുടെ സഹക്രിസ്ത്യാനികളായ ഭൂമിയിലെ അവന്റെ ദാസൻമാരോടും നാം ഭക്തിയുള്ളവരായിരിക്കണമെന്നാവശ്യപ്പെടുന്നു. “താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന് താൻ കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിക്കാൻ കഴിയുന്നതല്ല” എന്ന് നമ്മെ ഓർമ്മിപ്പിക്കുമ്പോൾ അപ്പോസ്തലനായ യോഹന്നാൻ ഇതു വ്യക്തമാക്കുന്നു. (1 യോഹന്നാൻ 4:20) മററുള്ളവരുടെ അപൂർണ്ണതകൾ ഈ കാര്യത്തിൽ നമ്മുടെ ഭക്തിയെ പരീക്ഷിച്ചേക്കാം. ഉദാഹരണത്തിന്, തങ്ങൾക്ക് ഇടർച്ചയുണ്ടായപ്പോൾ ചിലർ ക്രിസ്തീയ യോഗങ്ങളിൽനിന്ന് അകന്നുനിന്നുകൊണ്ട് യഹോവയുടെ സ്ഥാപനത്തോടുള്ള തങ്ങളുടെ ഭക്തി സംബന്ധിച്ച് ഒരു ദൗർബ്ബല്യം പ്രകടമാക്കിയിരിക്കുന്നു. നമ്മുടെ സഹോദരൻമാരോടുള്ള നമ്മുടെ കൂറിന്റെ അഥവാ ഭക്തിയുടെ മറെറാരു പരീക്ഷ സംജാതമാകുന്നത് നേതൃത്വമെടുക്കുന്നതിന് യഹോവ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവർക്ക് ന്യായവിധിയിൽ തെററു പററുമ്പോഴാണ്. ചിലർ ചിലപ്പോഴൊക്കെ നീരസപ്പെടാനും യഹോവയുടെ ദൃശ്യസ്ഥാപനത്തിൽനിന്ന് നിസ്സഹവസിക്കാനും ഒരു ഒഴികഴിവായി അങ്ങനെയുള്ള തെററുകളെ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ അവരുടെ പ്രവർത്തനഗതി ന്യായീകരിക്കപ്പെടുന്നുണ്ടോ? യാതൊരു പ്രകാരത്തിലും ഇല്ല!
13. യഹോവയുടെ സ്ഥാപനത്തിൽനിന്ന് വേർപെടുന്നതിന് ന്യായീകരണമില്ലാത്തതെന്തുകൊണ്ട്, അങ്ങനെയുള്ള അഭക്തർക്ക് എന്തു ഗത്യന്തരമാണുള്ളത്?
13 ദൈവസ്ഥാപനത്തെ ഉപേക്ഷിക്കുന്നതിൽ അങ്ങനെയുള്ളവർ ന്യായീകരിക്കപ്പെടാത്തതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവന്റെ വചനം നമുക്ക് ഇങ്ങനെ ഉറപ്പു നൽകുന്നു: “സമൃദ്ധമായ സമാധാനം [യഹോവയുടെ] നിയമത്തെ പ്രിയപ്പെടുന്നവർക്ക് ഉള്ളതാണ്, അവർക്ക് ഇടർച്ചക്ക് കാരണമില്ല.” (സങ്കീർത്തനം 119:165) മാത്രവുമല്ല, “സ്നേഹം ബഹുപാപങ്ങളെ മറയ്ക്കുന്നതുകൊണ്ട് അന്യോന്യം ഉററ സ്നേഹമുണ്ടായിരിക്കാൻ” നമ്മോടു കൽപ്പിക്കപ്പെട്ടിരിക്കുന്നു. (1 പത്രോസ് 4:8; സദൃശവാക്യങ്ങൾ 10:12) കൂടാതെ, ഒരു വ്യക്തി യഹോവയുടെ ജനത്തിൽനിന്ന് വേർപെടുന്നുവെന്നിരിക്കട്ടെ. അയാൾക്ക് എവിടെ പോകാൻ കഴിയും? യേശുവിന്റെ അപ്പോസ്തലൻമാരും തന്നെ വിട്ടുപോകാനാഗ്രഹിക്കുന്നുവോയെന്ന് അവൻ അവരോട് ചോദിച്ചപ്പോൾ അവരെ അഭിമുഖീകരിച്ച അതേ പ്രശ്നം അയാളെയും അഭിമുഖീകരിക്കുകയില്ലേ? “കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽപോകും? നിനക്ക് നിത്യജീവന്റെ മൊഴികൾ ഉണ്ട്” എന്ന് അപ്പോസ്തലനായ പത്രോസ് ശരിയായി മറുപടി പറഞ്ഞു. (യോഹന്നാൻ 6:68) വ്യാജമതലോകസാമ്രാജ്യമായ മഹാബാബിലോനിലേക്കോ സാത്താന്റെ രാഷ്ട്രീയ കാട്ടുമൃഗത്തിന്റെ പിടിയിലേക്കോ അല്ലാതെ മറെറാരിടത്തും പോകാനില്ല. (വെളിപ്പാട് 13:1;18:1-5) യഹോവയുടെ ദൃശ്യസ്ഥാപനത്തെ വിട്ട ഭക്തികെട്ടവർ, ഏറെയും ദൈവത്തെ അപമാനിക്കുന്ന “മഹാബാബിലോനു”മായി പൊതുലക്ഷ്യം വെച്ചു പ്രവർത്തിക്കുകയാണ്.
“നിന്റെ ദൈവത്തോടുകൂടെ നടക്കുന്നതിൽ എളിയവനായിരിക്കുക”
14, 15. (എ) മോഡസ്ററ് എന്ന ഇംഗ്ലീഷ് പദത്തിന് (എളിയ) എന്തർത്ഥങ്ങളുണ്ട്? (ബി) “എളിയ” (മോഡസ്ററ്) എന്നതിന്റെ ഏതർത്ഥത്തിലാണ് നമുക്ക് ഇവിടെ താൽപ്പര്യമുള്ളത്, ഏതു കാരണങ്ങളാൽ? (സി) ക്രിസ്ത്യാനികൾ ‘തങ്ങളുടെ പ്രാപ്തികളെ അഥവാ മൂല്യത്തെ മിതമായി വിലയിരുത്തേണ്ട’തെന്തുകൊണ്ട്?
14 “എളിയ” എന്നതിന്റെ ഇംഗ്ലീഷ് വാക്കായ മോഡസ്ററ് എന്നതിന് പല അർത്ഥങ്ങളുണ്ട്. അതിന് “പരിമിതമായ വലിപ്പമോ തുകയോ വ്യാപ്തിയോ” ഉള്ളതിനെ, നാട്യമില്ലാത്തതിനെ, പരാമർശിക്കാൻ കഴിയും. അല്ലെങ്കിൽ അതിന് “വേഷത്തിന്റെയോ പെരുമാററത്തിന്റെയോ ഔചിത്യങ്ങൾ പാലിക്കുന്ന” വിനയമെന്ന അർത്ഥമുണ്ടായിരിക്കാൻ കഴിയും. (1 തിമൊഥെയോസ് 2:9) ഇനി നമുക്ക് വിശേഷാൽ താത്പര്യമുള്ള “എളിയ” എന്നതിന്റെ അർത്ഥമുണ്ട്, അതായത് ഒരുവന്റെ പരിമിതികളെക്കുറിച്ച് ബോധവാനായിരിക്കുന്ന അല്ലെങ്കിൽ “ഒരുവന്റെ പ്രാപ്തികളെയോ മൂല്യത്തെയോ കുറിച്ച് മിതമായ വിലയിരുത്തൽ നടത്തുന്ന” എന്ന അർത്ഥം. മുഖ്യമായി യഹോവയാം ദൈവത്തിലേക്ക് ശ്രദ്ധതിരിക്കുന്നതിനു പകരം നമ്മിലേക്കുതന്നെ ശ്രദ്ധ ആകർഷിച്ചുകൊണ്ട് നമ്മേക്കുറിച്ചുതന്നെ വളരെ ഉയർന്ന അഭിപ്രായം പുലർത്തുന്നുവെങ്കിൽ, നമുക്ക് ഒരിക്കലും യഹോവയുടെ സഹപ്രവർത്തകരിലൊരാളായിരിക്കാൻ കഴികയില്ല.
15 മീഖാ 6:8-ൽ “എളിയ” എന്നു വിവർത്തനം ചെയ്തിരിക്കുന്ന എബ്രായപദത്തിന് നാം കൊടുക്കേണ്ട പ്രത്യക്ഷമായ അർത്ഥം നമ്മുടെ ‘പ്രാപ്തികളെയോ മൂല്യത്തെയോ കുറിച്ചു മിതമായ വിലയിരുത്തൽ നടത്തുന്ന’ എന്നാണ്. എബ്രായ തിരുവെഴുത്തുകളിൽ ഈ പദം വരുന്ന വേറെ ഏക സ്ഥലത്ത് അത് ഉപയോഗിച്ചിരിക്കുന്ന വിധത്തിൽ നിന്ന് ഇതു തെളിയുന്നു. സദൃശവാക്യങ്ങൾ 11:2-ൽ ലൈംഗിക അശുദ്ധിയുടെ എതിരായിട്ടല്ല, പിന്നെയോ തന്നേക്കുറിച്ചുതന്നെ വളരെ ഉയർന്ന ഭാവത്തിൽ കലാശിക്കുന്ന ധിക്കാരത്തിന്റെ എതിരായിട്ടാണ് അത് ഉപയോഗിച്ചിരിക്കുന്നത്. അവിടെ നാം ഇങ്ങനെ വായിക്കുന്നു. “ധിക്കാരം വന്നിരിക്കുന്നുവോ? അപ്പോൾ അപമാനം വരും; എന്നാൽ ജ്ഞാനമുള്ളത് എളിയവർക്കാണ്.” എളിമ യഹോവാഭയത്തോട് ഒത്തുപോകുന്നു, അത് ജ്ഞാനത്തോടും ബന്ധപ്പെട്ടിരിക്കുന്നു. (സങ്കീർത്തനം 111:10) ഒരു എളിയ ആളിന് യഹോവാഭയമുണ്ട്, എന്തുകൊണ്ടെന്നാൽ തനിക്കും ദൈവത്തിനും തമ്മിൽ, യഹോവയുടെ നീതിക്കും ശക്തിക്കും തന്റെ സ്വന്തം അപൂർണ്ണതക്കും ദൗർബ്ബല്യത്തിനും തമ്മിൽ, എത്ര വലിയ വ്യത്യാസമുണ്ടെന്ന് അയാൾ തിരിച്ചറിയുന്നു. തന്നിമിത്തം, എളിയ ആൾ ഭയത്തോടും വിറയലോടും കൂടെ തന്റെ രക്ഷക്കായി പ്രവർത്തിക്കുന്നു.—ഫിലിപ്യർ 2:12.
16. ക്രിസ്ത്യാനികൾ എളിയവരായിരിക്കണമെന്നു പ്രകടമാക്കുന്ന ചില തിരുവെഴുത്തുകളേവ?
16 യഹോവയുടെ സഹപ്രവർത്തകർ എളിയവരായിരിക്കുന്നതിന് ഒട്ടേറേ കാരണങ്ങളുണ്ട്. നമുക്കുള്ള ജ്ഞാനമോ, നമുക്കു ലഭിച്ചിട്ടുള്ള ശാരീരികബലമോ , നമുക്കു കൈവശമുണ്ടായിരിക്കാവുന്ന ഭൗതികസ്വത്തോ എന്തായിരുന്നാലും നമുക്ക് വീമ്പിളക്കുന്നതിന് കാരണങ്ങളില്ല. (യിരെമ്യാവ് 9:23) എന്തുകൊണ്ടില്ല? 1 കൊരിന്ത്യർ 4:7-ൽ പ്രസ്താവിച്ചിരിക്കുന്ന തത്വം നിമിത്തം. “നിങ്ങളെ മറെറാരുവനിൽ നിന്ന് വ്യത്യസ്തനാക്കുന്നത് ആരാണ്? തീർച്ചയായും, നിങ്ങൾ സ്വീകരിക്കാത്ത എന്താണ് നിങ്ങൾക്കുള്ളത്? ഇപ്പോൾ, തീർച്ചയായും നിങ്ങൾ അതു സ്വീകരിച്ചുവെങ്കിൽ, നിങ്ങൾ അതു സ്വീകരിച്ചില്ലെന്നുള്ള മട്ടിൽ നിങ്ങൾ വീമ്പിളക്കുന്നതെന്ത്?” നമ്മുടെ ശുശ്രൂഷയുടെ ഫലം നിമിത്തവും നമുക്ക് വീമ്പിളക്കുന്നതിനു യാതൊരു കാരണവുമില്ല. എന്തുകൊണ്ടെന്നാൽ നാം 1 കൊരിന്ത്യർ 3:6, 7-ൽ എന്താണു വായിക്കുന്നത്? അവിടെ പൗലോസ് ഇങ്ങനെ പറഞ്ഞു: “ഞാൻ നട്ടു, അപ്പല്ലോസ് നനച്ചു, എന്നാൽ ദൈവം വളർത്തിക്കൊണ്ടിരുന്നു; തന്നിമിത്തം നടുന്നവൻ ഏതുമില്ല, നനയ്ക്കുന്നവനും ഏതുമില്ല, എന്നാൽ വളർത്തുന്ന ദൈവമത്രെ.” ലൂക്കോസ് 17:10-ലെ യേശുവിന്റെ വാക്കുകളും നമ്മെ എളിയവരായിരിക്കാൻ സഹായിക്കേണ്ടതാണ്. എന്തുകൊണ്ടെന്നാൽ അവൻ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ നിങ്ങൾക്ക് നിയോഗിക്കപ്പെട്ട സകല കാര്യങ്ങളും ചെയ്തശേഷം ‘ഞങ്ങൾ ഒന്നിനും കൊള്ളാത്ത അടിമകൾ, ഞങ്ങൾ ചെയ്തിട്ടുള്ളത് ഞങ്ങൾ ചെയ്യേണ്ടതുതന്നെയാണ്’ എന്ന് പറയുവിൻ.”
17. എളിയവരായിരിക്കുന്നത് യഥാർത്ഥമായി ജ്ഞാനമാർഗ്ഗമായിരിക്കുന്നതെന്തുകൊണ്ട്?
17 യഥാർത്ഥത്തിൽ എളിയവരായിരിക്കുന്നതാണ് ജ്ഞാനമാർഗ്ഗം. എളിമ എവിടെ സേവിക്കാൻ നമുക്കു പദവി ലഭിച്ചാലും സംതൃപ്തരായിരിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. നാം എളിയവരാണെങ്കിൽ നാം അതിമോഹത്തോടെ തിളങ്ങാൻ ശ്രമിക്കുകയില്ല, പിന്നെയോ “ഒരു ചെറിയവൻ” ആയി നടക്കുന്നതിൽ നാം തൃപ്തരായിരിക്കും. (ലൂക്കോസ് 9:48) കൂടാതെ, നമുക്ക് സങ്കീർത്തനക്കാരന്റെ മനോഭാവവും ഉണ്ടായിരിക്കും, അവൻ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “നിന്റെ പ്രാകാരങ്ങളിലെ ഒരു ദിവസം മറെറവിടെയെങ്കിലുമുള്ള ഒരു ആയിരത്തെക്കാൾ മെച്ചമാണ്. ദുഷ്ടതയുടെ കൂടാരങ്ങളിൽ ചുററിനടക്കാതെ എന്റെ ദൈവത്തിന്റെ ആലയത്തിൻ കവാടത്തിങ്കൽ നിൽക്കുന്നതിനെ ഞാൻ തെരഞ്ഞെടുത്തിരിക്കുന്നു.” (സങ്കീർത്തനം 84:10) തന്നെയുമല്ല, നാം എളിയവരാണെങ്കിൽ, നാം മററുള്ളവരെ ബഹുമാനിക്കുന്നതിൽ മുന്നിട്ടുനിൽക്കുന്നതിന് നമ്മെ പ്രേരിപ്പിക്കുന്ന സ്നേഹം നമുക്കുണ്ടായിരിക്കും.—റോമർ 12:10.
യുവാക്കൾക്ക് യോഗ്യമായ എളിമ
18. (എ) യുവാക്കൾക്ക് എളിമ വിശേഷാൽ യോഗ്യമായിരിക്കുന്നതെന്തുകൊണ്ട്? (ബി) ആധുനികയുവാക്കൾ ഉൾപ്പെടുന്ന ഏതു രേഖ എളിമയുടെ ആവശ്യത്തെ തെളിയിക്കുന്നു?
18 ക്രിസ്തീയ യുവാക്കൾ എളിമയാകുന്ന വസ്ത്രംകൊണ്ട് അണിഞ്ഞൊരുങ്ങുന്നത് വിശേഷാൽ ഉചിതമാണ്. എലീഹൂ അവർക്കുവേണ്ടി എത്ര വിശിഷ്ടമായ ദൃഷ്ടാന്തം വെച്ചു! അവന് ശരിയായ ഉത്തരങ്ങൾ ഉണ്ടായിരുന്നിട്ടും പ്രായമേറിയവർ സംസാരിച്ചുതീരുന്നതുവരെ സാദരം കാത്തിരിക്കാൻ അവൻ സന്നദ്ധനായിരുന്നു. (ഇയ്യോബ് 32:6, 7) മിക്കപ്പോഴും, യുവാക്കൾ ആത്മധൈര്യമുള്ളവരായിരിക്കാൻ , തങ്ങളുടെ പരിമിതികളെക്കുറിച്ച് ബോധമില്ലാത്തവരായിരിക്കാൻ പ്രവണത കാട്ടുന്നു. അവർക്ക് ശരീരബലമുള്ളതുകൊണ്ടും കുറെ അറിവു സമ്പാദിച്ചിട്ടുള്ളതുകൊണ്ടും അവർ തങ്ങളെക്കാൾ പ്രായമുള്ളവരെ തുച്ഛീകരിക്കാൻ പ്രവണത കാട്ടിയേക്കാം. എന്നാൽ അറിവ് ജ്ഞാനത്തിന്റെ പര്യായമല്ല, ജ്ഞാനം അറിവിന്റെ ബാധകമാക്കലാണ്. ഐക്യനാടുകളിൽ ആധുനിക യുവാക്കൾ സൃഷ്ടിക്കുന്ന സങ്കടകരമായ രേഖ ദൃഷ്ടാന്തമാണ്. അവിടെ വലിയ കുററകൃത്യങ്ങളെ പ്രതിയുള്ള അറസ്ററുകളുടെ 63 ശതമാനത്തിൽ ഉൾപ്പെട്ടിരിക്കുന്നത് 24 വയസ്സുവരെയുള്ള യുവാക്കളാണ്. അറസ്ററുകളുടെ 30 ശതമാനം 18 വയസ്സിൽ താന്നവരുടേതാണ്. “15-24 വരെ വയസ്സുള്ള അമേരിക്കക്കാരുടെ ഇടയിലെ മരണത്തിന്റെ മുഖ്യകാരണം മദ്യപിച്ചുകൊണ്ടോ മയക്കുമരുന്നിന്റെ ദൗർബ്ബല്യത്തോടെയോ ഉള്ള ഡ്രൈവിംഗ് ആണ്” എന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ആ രാജ്യത്ത് “കൗമാരപ്രായക്കാരുടെ അധികമധികം വിവാഹങ്ങൾ വിവാഹമോചനത്തിൽ കലാശിക്കുന്നു.” അതേസമയം “മണവാളനും മണവാട്ടിയും വിവാഹവേദിയിലേക്കു പോകുമ്പോൾ അവർക്കു പിമ്പിൽ ജ്ഞാനത്തിന്റെ കുറേക്കൂടെ വർഷങ്ങൾ ഉണ്ടെങ്കിൽ ദാമ്പത്യബന്ധങ്ങൾ നീണ്ടുനിൽക്കാൻ കൂടുതൽ സാദ്ധ്യതയുണ്ടെ”ന്ന് റിപ്പോർട്ടു ചെയ്യപ്പെടുന്നു.
19. യുവാക്കൾ ഏതു തിരുവെഴുത്തു ബുദ്ധിയുപദേശത്തെ കാര്യമായി എടുക്കുന്നത് നന്നാണ്?
19 അപ്പോൾ, ദൈവവചനത്തിലെ ബുദ്ധിയുപദേശം എത്ര ജ്ഞാനപൂർവ്വകം! ഉചിതമായി അത് തങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കാനും സകലത്തിലും അവരെ അനുസരിക്കാനും യുവാക്കളെ ഉദ്ബോധിപ്പിക്കുന്നു. (എഫേസ്യർ 6:1-3; കൊലോസ്യർ 3:20) വിശേഷിച്ച് യുവാക്കൾ ഈ ജ്ഞാനപൂർവ്വകമായ ഉപദേശം കാര്യമായി എടുക്കേണ്ടതാണ്. “നിന്റെ മുഴുഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക, നിന്റെ സ്വന്ത വിവേകത്തിൽ ഊന്നരുത്. നിന്റെ എല്ലാ വഴികളിലും അവനെ പരിഗണിക്കുക, അവൻതന്നെ നിന്റെ പാതകളെ നേരെയാക്കും.”—സദൃശവാക്യങ്ങൾ 3:5, 6.
20. സമർപ്പിതരും സ്നാനമേററവരുമായ എല്ലാവർക്കും, മീഖാ 6:8 അനുസരിക്കുന്നുവെങ്കിൽ, എന്തു പ്രതിഫലങ്ങൾ പ്രതീക്ഷിക്കാം?
20 സമർപ്പണവും ജലസ്നാനവും മുഖേന യഹോവയിലുള്ള ആശ്രയം പ്രകടമാക്കിയശേഷം നാം ‘നീതി നടത്തുകയും ഭക്തിപുരസ്സരമായ സ്നേഹം പ്രകടമാക്കുകയും നമ്മുടെ ദൈവത്തോടുകൂടെ നടക്കുന്നതിൽ എളിമയുള്ളവരായിരിക്കുകയും ചെയ്യുന്നു’വെങ്കിൽ നമുക്കെല്ലാം എന്തു പ്രതിഫലം പ്രതീക്ഷിക്കാം? എല്ലാററിലും വച്ച് അതിപ്രധാനമായി, യഹോവയുടെ വ്യവസ്ഥകൾ പാലിക്കുന്നതിനാൽ നമുക്ക് അവന്റെ അംഗീകാരം ലഭിക്കും, അങ്ങനെ അവന്റെ വലുതും ഭയജനകവുമായ നാമത്തിന്റെ വിശുദ്ധീകരണത്തിൽ പങ്കുപററുന്നതിനാൽ അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുകയും ചെയ്യും. (സദൃശവാക്യങ്ങൾ 27:11) മാത്രവുമല്ല, “ദൈവികഭക്തി ഇപ്പോഴത്തെ ജീവന്റെയും വരാനുള്ളതിന്റെയും വാഗ്ദത്തമുള്ളതാകയാൽ അത് സകലത്തിനും പ്രയോജനകരമാകുന്നു”വെന്ന തത്വത്തിന്റെ സത്യം നാം നമ്മുടെ സ്വന്ത ജീവിതത്തിൽ സാക്ഷാത്കരിക്കും.—1 തിമൊഥെയോസ് 4:8. (w88 3/15)
[അടിക്കുറിപ്പുകൾ]
a ഐക്യനാടുകളുടെ പശ്ചിമ ഭാഗത്ത്, അനേകം വർഷങ്ങളിൽ, ഓരോ 65 മിനിററിലും പ്രവഹിക്കുന്ന ഒരു ഉഷ്ണജല സ്രോതസ്സുണ്ട്. അങ്ങനെ അത് പഴയ വിശ്വസ്തൻ എന്ന നാമം സമ്പാദിച്ചിരിക്കുന്നു.
നിങ്ങളുടെ ഉത്തരങ്ങൾ എന്താണ്?
◻ മീഖാ 6:8-ന് ചേർച്ചയായി “നീതി നടത്താൻ” എന്താണാവശ്യമായിരിക്കുന്നത്?
◻ യഹോവയോടുള്ള ഭക്തിക്ക് സഹക്രിസ്ത്യാനികളോടുള്ള നമ്മുടെ ബന്ധവുമായി എന്തു ബന്ധമാണുള്ളത്?
◻ നാം ‘ദൈവത്തോടുകൂടെ നടക്കുന്ന’തിൽ എളിമയുള്ളവരായിരിക്കേണ്ടതെന്തുകൊണ്ട്?
◻ വിശേഷാൽ യുവാക്കൾക്ക് എളിമ യോഗ്യമായിരിക്കുന്നതെന്തുകൊണ്ട്?
[24-ാം പേജിലെ ചിത്രം]
നിങ്ങൾ വായിക്കുന്നതും ശ്രദ്ധിക്കുന്നതും കാണുന്നതും സംബന്ധിച്ച് സൂക്ഷ്മത പാലിക്കുന്നതിനാൽ നിങ്ങൾ നിങ്ങളുടെ ഹൃദയത്തെ കാത്തുസൂക്ഷിക്കുന്നുവോ?
[25-ാം പേജിലെ ചിത്രം]
യേശുവിന് “നിത്യജീവന്റെ മൊഴികൾ” ഉണ്ടായിരുന്നതുകൊണ്ട് മറെറങ്ങും പോകാനില്ലെന്ന് പത്രോസ് അറിഞ്ഞിരുന്നു. നിങ്ങൾ യഹോവയുടെ സ്ഥാപനത്തോടു ഭക്തിയുള്ളവരായി നിലകൊള്ളാൻ അത്രയും ദൃഢനിശ്ചയമുള്ളവരോ?