പ്രായമുള്ളവരുടെ താൽപ്പര്യങ്ങളിൽ ശ്രദ്ധിക്കൽ
“നിങ്ങളുടെ സ്വന്തം കാര്യങ്ങളിൽ മാത്രം വ്യക്തിപരമായ താൽപ്പര്യത്തോടെയല്ല, പിന്നെയോ മററുള്ളവരുടേതിലും വ്യക്തിപരമായ താൽപ്പര്യത്തോടെ ശ്രദ്ധിച്ചുകൊണ്ട്.”—ഫിലിപ്യർ 2:4.
1, 2. (എ)ഒന്നാം നൂററാണ്ടിലെ ഭരണസംഘം പ്രായമുള്ളവരുടെ ആവശ്യങ്ങളിൽ താൽപ്പര്യം പ്രകടമാക്കിയതെങ്ങനെ? (ബി) പ്രസംഗവേല അവഗണിക്കപ്പെട്ടില്ലെന്നുള്ളതിന് എന്തു തെളിവുണ്ട്?
ക്രി.വ. 33-ലെ പെന്തെക്കൊസ്തിനുശേഷം താമസിയാതെ, ക്രിസ്തീയസഭയിൽ “എബ്രായ സംസാരിക്കുന്ന യഹൂദൻമാർക്കെതിരെ ഗ്രീക്ക് സംസാരിക്കുന്ന യഹൂദൻമാരുടെ ഭാഗത്ത് ഒരു പിറുപിറുപ്പ് ഉയർന്നുവന്നു, എന്തുകൊണ്ടെന്നാൽ അവരുടെ വിധവമാർ അനുദിന [ദരിദ്രർക്കുള്ള ഭക്ത്യ] വിതരണത്തിൽ അവഗണിക്കപ്പെടുകയായിരുന്നു.” ഈ വിധവമാരിൽ പലരും പ്രായമുള്ളവരും സ്വയം ഉപജീവനം തേടാൻ അപ്രാപ്തരുമായിരുന്നുവെന്നതിനു സംശയമില്ല. ഏതായാലും, അപ്പോസ്തലൻമാർതന്നെ ഇടപെട്ടുകൊണ്ട് പറഞ്ഞു: “ഞങ്ങൾ ഈ അവശ്യകാര്യത്തിനു നിയമിക്കേണ്ടതിന് ആത്മാവും ജ്ഞാനവും നിറഞ്ഞ, സാക്ഷ്യമുള്ള ഏഴു പുരുഷൻമാരെ നിങ്ങൾതന്നെ നിങ്ങളുടെ ഇടയിൽനിന്ന് തെരയുവിൻ.”—പ്രവൃത്തികൾ 6:1-3.
2 ഇങ്ങനെ ആദിമ ക്രിസ്ത്യാനികൾ ദരിദ്രരുടെ പരിപാലനത്തെ “അവശ്യകാര്യ”മായിട്ടാണ് വീക്ഷിച്ചത്. വർഷങ്ങൾക്കുശേഷം ശിഷ്യനായ യാക്കോബ് ഇങ്ങനെ എഴുതി: “നമ്മുടെ ദൈവവും പിതാവുമായവന്റെ നിലപാടിൽ ശുദ്ധവും നിർമ്മലവുമായ ആരാധനാരീതി ഇതാണ്: അനാഥരെയും വിധവമാരെയും അവരുടെ ക്ലേശത്തിൽ പരിപാലിക്കുക.” (യാക്കോബ് 1:27) അപ്പോൾ സർവ്വപ്രധാനമായ പ്രസംഗവേല അവഗണിക്കപ്പെട്ടുവെന്ന് ഇതർത്ഥമാക്കിയോ? ഇല്ല, എന്തുകൊണ്ടെന്നാൽ വിധവമാർക്കുവേണ്ടിയുള്ള ദുരിതാശ്വാസവേല ഉചിതമായി സംഘടിപ്പിക്കപ്പെട്ടശേഷം “ദൈവവചനം വളർന്നുകൊണ്ടേയിരുന്നു, യെരുശലേമിൽ ശിഷ്യൻമാരുടെ എണ്ണം വളരെയധികം പെരുകിക്കൊണ്ടിരുന്നു”വെന്ന് പ്രവൃത്തികളിലെ വിവരണം പറയുന്നു.—പ്രവൃത്തികൾ 6:7.
3. ഫിലിപ്യർ 2:4-ൽ എന്തു പ്രോത്സാഹനം നൽകപ്പെട്ടിരിക്കുന്നു, ഇത് ഇന്ന് വിശേഷാൽ ഉചിതമായിരിക്കുന്നതെന്തുകൊണ്ട്?
3 ഇന്നു നാം “ഇടപെടാൻ പ്രയാസമായ ദുർഘട സമയങ്ങളെ” അഭിമുഖീകരിക്കുന്നു. (2 തിമൊഥെയോസ് 3:1) കുടുംബജീവിതത്തിന്റെയും ലൗകിക ജോലിയുടെയും ആവശ്യങ്ങളിൽ ശ്രദ്ധിക്കുമ്പോൾ പ്രായമുള്ളവരുടെ ആവശ്യങ്ങളിൽ താൽപ്പര്യമെടുക്കാൻ നമുക്ക് അധികം ഊർജ്ജമോ ആഗ്രഹമോ അവശേഷിക്കുകയില്ലായിരിക്കാം. അപ്പോൾ ഉചിതമായിത്തന്നെ “[നമ്മുടെ] സ്വന്തം കാര്യങ്ങളിൽ മാത്രം വ്യക്തിപരമായ താൽപ്പര്യത്തോടെയല്ല മററുള്ളവരുടേതിലും വ്യക്തിപരമായ താല്പര്യത്തോടെ ശ്രദ്ധിക്കാൻ” ഫിലിപ്യർ 2:4 നമ്മെ പ്രോത്സാഹിപ്പിക്കുന്നു. സന്തുലിതവും പ്രായോഗികവുമായ ഒരു വിധത്തിൽ ഇത് എങ്ങനെ ചെയ്യാൻ കഴിയും?
വിധവമാർക്കു ബഹുമാനം കൊടുക്കൽ
4. (എ) ഒന്നാം നൂററാണ്ടിലെ സഭ വിധവമാരെ എന്തുകൊണ്ട്, എങ്ങനെ, “ബഹുമാനിച്ചു”? (ബി) അങ്ങനെയുള്ള ഏർപ്പാടുകൾ എല്ലായ്പ്പോഴും ആവശ്യമായിരുന്നോ?
4 ആദിമ ക്രിസ്ത്യാനികൾ സഭയിലെ പ്രായമുള്ള വിധവമാരെ എങ്ങനെ പരിപാലിച്ചുവെന്ന് പൗലോസ് 1 തിമൊഥെയോസ് 5-ാം അദ്ധ്യായത്തിൽ പ്രകടമാക്കുന്നു. “യഥാർത്ഥത്തിൽ വിധവമാരായവരെ ബഹുമാനിക്കുക” എന്ന് അവൻ തിമൊഥെയോസിനെ ശക്തമായി ഉപദേശിച്ചു. (1 തിമൊ 5: വാക്യം 3) പ്രായമുള്ള വിധവമാർ നിരന്തര സാമ്പത്തിക സഹായത്തിന്റെ രൂപത്തിൽ ബഹുമാനം സ്വീകരിക്കാൻ വിശേഷാൽ യോഗ്യരായി വേർതിരിക്കപ്പെട്ടു. അങ്ങനെയുള്ളവർ സകല ദൃശ്യ ഉപജീവനമാർഗ്ഗത്തിൽനിന്നും വിച്ഛേദിക്കപ്പെട്ടിരുന്നു. അവർക്ക് ‘ദൈവത്തിൽ പ്രത്യാശവെക്കാനും രാവും പകലും അഭ്യർത്ഥനകളിലും പ്രാർത്ഥനകളിലും ഉററിരിക്കാനും’ മാത്രമേ കഴിയുമായിരുന്നുള്ളു. (വാക്യം 5) ഉപജീവനത്തിനായുള്ള അവരുടെ പ്രാർത്ഥനകൾക്ക് എങ്ങനെ ഉത്തരം ലഭിച്ചു? സഭ മുഖാന്തരം ഒരു സംഘടിതമായ രീതിയിൽ അർഹതയുള്ള വിധവമാർക്ക് ഒരു എളിയ ഉപജീവനം പ്രദാനം ചെയ്യപ്പെട്ടു. തീർച്ചയായും ഒരു വിധവക്ക് സാമ്പത്തിക വകകൾ ഉണ്ടായിരുന്നെങ്കിൽ, അല്ലെങ്കിൽ അവരെ പോററാൻ പ്രാപ്തിയുള്ള ബന്ധുക്കൾ ഉണ്ടായിരുന്നെങ്കിൽ അങ്ങനെയുള്ള സഭാപരമായ കരുതലുകൾ ആവശ്യമില്ലായിരുന്നു.—വാക്യങ്ങൾ 4,16.
5. (എ) ചില വിധവമാർ ‘ഇന്ദ്രിയ സംതൃപ്തിയുടെ പിന്നാലെ പോയിരിക്കാ’വുന്നതെങ്ങനെ? (ബി) അങ്ങനെയുള്ളവരെ സഹായിക്കാൻ സഭക്കു കടപ്പാടുണ്ടായിരുന്നോ?
5 “എന്നാൽ ഇന്ദ്രിയ സംതൃപ്തി തേടുന്ന [വിധവ] ജീവിച്ചിരിക്കുന്നുവെങ്കിലും [ആത്മീയമായി] മരിച്ചവളാണ്” എന്ന് പൗലോസ് മുന്നറിയിപ്പു കൊടുത്തു. (വാക്യം 6) രാജ്യവരിമദ്ധ്യ ഭാഷാന്തരം അക്ഷരീയമായി വിവർത്തനം ചെയ്യുന്നതുപോലെ ചിലർ എങ്ങനെ “വിഷയാസക്തരായി വർത്തിച്ചു”വെന്ന് പൗലോസ് വിശദീകരിക്കുന്നില്ല. ചിലർ തങ്ങളുടെ ലൈംഗിക ആവേശങ്ങളോട് ഒരു പോരാട്ടം നടത്തുകയായിരുന്നിരിക്കാം. (വാക്യം 11) എന്നിരുന്നാലും ലിഡ്ഡലിന്റെയും സ്കോട്ടിന്റെയും ഗ്രീക്ക് ഇംഗ്ലീഷ് ലക്സിക്കൻ അനുസരിച്ച് “വിഷയാസക്തരായി വർത്തി”ക്കുന്നതിൽ ‘ആയാസരഹിതമായോ അമിതസുഖാസക്തിയിലോ’ ജീവിക്കുന്നതും ഉൾപ്പെട്ടിരുന്നിരിക്കാം. ഒരുപക്ഷേ, അന്നു സഭ തങ്ങൾക്കു ആർഭാടപൂർവ്വകവും അമിതസ്വയാസക്തവുമായ ഒരു ജീവിതത്തിനു സാമ്പത്തിക സഹായം നൽകിക്കൊണ്ട് തങ്ങളെ സമ്പന്നരാക്കണമെന്ന് ചിലർ ആഗ്രഹിച്ചു. വാസ്തവമെന്തായിരുന്നാലും, സഭയിൽനിന്നുള്ള പിന്തുണ ലഭിക്കുന്നതിന് അങ്ങനെയുള്ളവർ അയോഗ്യരായിരുന്നുവെന്ന് പൗലോസ് സൂചിപ്പിക്കുന്നു.
6, 7. അടിക്കുറിപ്പ് (എ) “പട്ടിക” എന്തിന്റേതായിരുന്നു? (ബി) 60 വയസ്സിൽ താണവർ സഹായം ലഭിക്കാൻ അയോഗ്യരായിരുന്നതെന്തുകൊണ്ട്? (സി) പൗലോസ് ഒരു പ്രതികൂല “ന്യായവിധി” ലഭിക്കാതിരിക്കാൻ യുവ വിധവകളെ സഹായിച്ചതെങ്ങനെ?
6 അനന്തരം പൗലോസ് ഇങ്ങനെ പറഞ്ഞു: “അറുപതു വയസ്സിൽ കുറയാത്ത ഒരു വിധവയെ [സാമ്പത്തിക സഹായം ലഭിക്കേണ്ടവരുടെ] പട്ടികയിൽ ഉൾപ്പെടുത്തുക.” പൗലോസിന്റെ നാളിൽ 60 വയസ്സു കഴിഞ്ഞ ഒരു സ്ത്രീ സ്വയം പോററാൻ അപ്രാപ്തയും പുനർവിവാഹം ചെയ്യാനിടയില്ലാത്തവളുമായി വീക്ഷിക്കപ്പെട്ടിരുന്നു.a “മറിച്ച്, ഇളയവിധവമാരെ [പട്ടികയിൽ ചേർക്കുന്നതിൽനിന്ന്] ഒഴിവാക്കുക, എന്തുകൊണ്ടെന്നാൽ അവരുടെ ലൈംഗിക ആവേശങ്ങൾ അവർക്കും ക്രിസ്തുവിനും ഇടയ്ക്കുവരുമ്പോൾ, അവർ ആദ്യവിശ്വാസ പ്രകടനത്തെ തള്ളിയിരിക്കുന്നതുകൊണ്ട് ന്യായവിധിയിലായി വിവാഹം ചെയ്യാനാഗ്രഹിക്കുന്നു.”—വാക്യങ്ങൾ 9, 11, 12.
7 “പട്ടിക”യിൽ ഇളയ വിധവമാരെയും ഉൾപ്പെടുത്തിയിരുന്നെങ്കിൽ ചിലർ ഏകാകികളായി നിലകൊള്ളാനുള്ള തങ്ങളുടെ ഉദ്ദേശ്യം തിടുക്കത്തിൽ പ്രഖ്യാപിച്ചേനെ. കാലം കടന്നുപോയതോടെ അവർക്കു തങ്ങളുടെ ലൈംഗിക ആവേശങ്ങൾ നിയന്ത്രിക്കുന്നതിൽ പ്രയാസമനുഭവപ്പെട്ട് പുനർവിവാഹം ചെയ്യാനാഗ്രഹിച്ചിരുന്നിരിക്കാം, ഏകാകികളായി നിലകൊള്ളാനുള്ള ‘തങ്ങളുടെ ആദ്യവിശ്വാസപ്രകടന’ത്തെ തള്ളി അവർ വിവാഹം ചെയ്യാനാഗ്രഹിച്ചു. (സഭാപ്രസംഗി 5:2-6 താരതമ്യപ്പെടുത്തുക.) “ഇളയ വിധവമാർ വിവാഹം കഴിച്ച് മക്കളെ പ്രസവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു”വെന്ന് കൂടുതലായി പ്രഖ്യാപിച്ചുകൊണ്ട് പൗലോസ് അങ്ങനെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കി.—വാക്യം 14.
8. (എ)പൗലോസിന്റെ മാർഗ്ഗരേഖകൾ സഭയെ സംരക്ഷിച്ചതെങ്ങനെ? (ബി) ഞെരുക്കമുണ്ടായിരുന്ന യുവ വിധവമാരെയോ പ്രായമുള്ള പുരുഷൻമാരേയോ കൂടെ പരിപാലിച്ചിരുന്നോ?
8 അപ്പോസ്തലൻ ക്രിസ്തീയ സൽപ്രവൃത്തികളുടെ നീണ്ട രേഖകളുള്ളവർക്കായും പട്ടിക പരിമിതപ്പെടുത്തി. (വാക്യം 10) സഭ അങ്ങനെ മടിയർക്കോ അത്യാഗ്രഹികൾക്കോ ഉള്ള ഒരു “ക്തേമരാഷ്ട്രം” ആയിരുന്നില്ല. (2 തെസ്സലോനീക്യർ 3:10, 11) എന്നാൽ പ്രായമുള്ള പുരുഷൻമാരെ അല്ലെങ്കിൽ ഇളയ വിധവമാരെ സംബന്ധിച്ചെന്ത്? അങ്ങനെയുള്ളവർ ഞെരുക്കത്തിലായാൽ, സഭ വ്യക്തിപരമായ അടിസ്ഥാനത്തിൽ അവരെ പരിപാലിക്കുമായിരുന്നുവെന്നതിനു സംശയമില്ല.—1 യോഹന്നാൻ 3:17, 18 താരതമ്യപ്പെടുത്തുക.
9. (എ) ഇന്നത്തെ പ്രായമുള്ളവരുടെ സംരക്ഷണത്തിനുവേണ്ടിയുള്ള ക്രമീകരണങ്ങൾ ഒന്നാം നൂററാണ്ടിലേതിൽനിന്ന് വ്യത്യസ്തമായിരിക്കുന്നതെന്തുകൊണ്ട്? (ബി) വിധവമാരെ സംബന്ധിച്ച 1 തിമൊഥെയോസ് 5-ാം അദ്ധ്യായത്തിലെ പൗലോസിന്റെ ചർച്ച ഇന്ന് എന്തു വിലമതിക്കാൻ നമ്മെ സഹായിക്കുന്നു?
9 അങ്ങനെയുള്ള ക്രമീകരണങ്ങൾ ഒന്നാം നൂററാണ്ടിലെ സഭകളുടെ ആവശ്യങ്ങൾക്കു തികച്ചും പര്യാപ്തമായിരുന്നിരിക്കാനിടയുണ്ട്. എന്നാൽ ദ എക്സ്പോസിറേറഴ്സ് ബൈബിൾ കമൻററ പ്രസ്താവിക്കുന്ന പ്രകാരം “ഇന്ന് ഇൻഷുറൻസ് ആദായവും സാമൂഹ്യ സുരക്ഷിതത്വവും ഉദ്യോഗാവസരങ്ങളുമുള്ളതിനാൽ സാഹചര്യം വളരെ വത്യസ്തമാണ്.” മാററം ഭവിച്ച സാമൂഹ്യവും സാമ്പത്തികവുമായ ചിത്രത്തിന്റെ ഫലമായി സഭകൾ പ്രായമുള്ള ഗുണഭോക്താക്കളുടെ പട്ടികകൾ സൂക്ഷിക്കേണ്ടയാവശ്യം അപൂർവ്വമായേ ഉണ്ടാകുന്നുള്ളു. എന്നിരുന്നാലും, തിമൊഥെയോസിനോടുള്ള പൗലോസിന്റെ വാക്കുകൾ ഈ കാര്യങ്ങൾ വിലമതിക്കാൻ നമ്മെ സഹായിക്കുന്നു. (1) പ്രായമുള്ളവരുടെ പ്രശ്നങ്ങൾ മുഴുസഭയ്ക്കും താൽപ്പര്യമുള്ളവയാണ്, വിശേഷിച്ചു മൂപ്പൻമാർക്ക്. (2) പ്രായമുള്ളവരുടെ പരിപാലനം ഉചിതമായി ക്രമീകരിക്കേണ്ടതാണ്. (3) അങ്ങനെയുള്ള പരിപാലനം യഥാർത്ഥത്തിൽ ആവശ്യമുള്ളവർക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു.
മൂപ്പൻമാരെന്നനിലയിൽ അവരുടെ താൽപ്പര്യങ്ങളിൽ ശ്രദ്ധിക്കൽ
10. മൂപ്പൻമാർക്ക് പ്രായമുള്ളവരിൽ താൽപ്പര്യം പ്രകടമാക്കുന്നതിൽ ഇന്ന് നേതൃത്വമെടുക്കാൻ എങ്ങനെ കഴിയും?
10 ഇക്കാലത്തു മേൽവിചാരകൻമാർ പ്രായമേറിയവരിൽ താൽപ്പര്യം പ്രകടമാക്കുന്നതിൽ നേതൃത്വമെടുക്കുന്നതെങ്ങനെ? കാലാകാലങ്ങളിൽ മൂപ്പൻമാർക്ക് തങ്ങളുടെ യോഗങ്ങളുടെ അജൻഡായിൽ പ്രായമുള്ളവരുടെ ആവശ്യങ്ങൾ വിശേഷാൽ ഉൾപ്പെടുത്താവുന്നതാണ്. പ്രത്യേക സഹായം ആവശ്യമായിരിക്കുമ്പോൾ, അതു കൊടുക്കാൻ അവർക്ക് ക്രമീകരിക്കാവുന്നതാണ്. അവർ വ്യക്തിപരമായി പരിപാലിക്കേണ്ടതില്ലായിരിക്കാം—സഭയിൽ സഹായിക്കാൻ കഴിവുള്ള യുവാക്കൾ ഉൾപ്പെടെ മിക്കപ്പോഴും മനസ്സൊരുക്കമുള്ള അനേകർ ഉണ്ട്. എന്നിരുന്നാലും, ഒരു വ്യക്തിക്ക് കൊടുക്കപ്പെടുന്ന പരിപാലനത്തെ ഏകോപിപ്പിക്കുന്നതിന് ഒരുപക്ഷേ ഒരു സഹോദരനെ നിയോഗിച്ചുകൊണ്ട് അവർക്ക് അങ്ങനെയുള്ള പരിപാലനത്തിന്റെ മേൽനോട്ടം വഹിക്കാവുന്നതാണ്.
11. മൂപ്പൻമാർക്ക് പ്രായമുള്ളവരുടെ ആവശ്യങ്ങൾ പരിചിതമാക്കാൻ എങ്ങനെ കഴിയും?
11 ശലോമോൻ ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “നീ നിന്റെ ആട്ടിൻകൂട്ടത്തിന്റെ അവസ്ഥ സുനിശ്ചിതമായി അറിയേണ്ടതാണ്.” (സദൃശവാക്യങ്ങൾ 27:23) “അവരുടെ ആവശ്യങ്ങൾക്കനുസൃതമായി . . . പങ്കുവെക്കാൻ” ഏററവും നന്നായി എന്തു ചെയ്യാമെന്ന് നിശ്ചയിക്കാൻ മേൽവിചാരകൻമാർക്ക് പ്രായമുള്ളവരെ വ്യക്തിപരമായി സന്ദർശിക്കാൻ കഴിയും.” (റോമർ 12:13) ഒരു സഞ്ചാരമേൽവിചാരകൻ ഈ വിധത്തിൽ പ്രസ്താവിച്ചു: “ചില പ്രായമുള്ളവർ വളരെ സ്വതന്ത്രമനസ്ക്കരാണ്, അവരോട് എന്തു ചെയ്യണമെന്ന് ചോദിക്കുന്നതുകൊണ്ടു പ്രയോജനമില്ല. എന്തു ചെയ്യേണ്ടതുണ്ടെന്ന് മനസ്സിലാക്കി അതു ചെയ്യുന്നതാണ് ഏററവും നല്ലത്!” ജപ്പാനിൽ 80 വയസ്സുള്ള ഒരു സഹോദരിക്ക് വളരെ ശ്രദ്ധ ആവശ്യമാണെന്ന് ചില മേൽവിചാരകൻമാർ കണ്ടെത്തി. അവർ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “ദിവസം രണ്ടു പ്രാവശ്യം, രാവിലെയും രാത്രിക്കും, സന്ദർശനത്താലോ ടെലിഫോണിലൂടെയോ അവരുമായി ആരെങ്കിലും സമ്പർക്കം പുലർത്തുന്നതിൽ ഞങ്ങൾ ശ്രദ്ധിക്കുന്നു.”—മത്തായി 25:36 താരതമ്യപ്പെടുത്തുക.
12. (എ) പ്രായമുള്ളവർക്ക് സഭാമീററിംഗുകളുടെ പ്രയോജനം കിട്ടുന്നതിൽ ശ്രദ്ധിക്കുന്നതിന് മൂപ്പൻമാർക്ക് എങ്ങനെ കഴിയും? (ബി) സൊസൈററി ഉല്പാദിപ്പിച്ചിട്ടുള്ള റേറപ്പുകളെ എങ്ങനെ നന്നായി ഉപയോഗിക്കാം?
12 പ്രായമുള്ളവർക്ക് സഭാമീററിംഗുകളുടെ പ്രയോജനം കിട്ടുന്നതിലും മേൽവിചാരകൻമാർ തൽപ്പരരാണ്. (എബ്രായർ 10:24, 25) ചിലർക്ക് വാഹനസൗകര്യം ആവശ്യമാണോ? ചിലർ കേൾവിക്കുറവുനിമിത്തം കേവലം “കേൾക്കുന്നതിനും അർത്ഥം ഗ്രഹിക്കുന്നതിനും” അപ്രാപ്തരായിരിക്കുകയാണോ? (മത്തായി 15:10) ഒരുപക്ഷേ, അവർക്ക് ശ്രവണസഹായി പ്രദാനം ചെയ്യുന്നത് പ്രായോഗികമായിരിക്കാം. അതുപോലെതന്നെ, ഇപ്പോൾ നിരവധി സഭകൾക്ക്, വീട്ടിലിരുന്നു ശ്രദ്ധിക്കാൻ കഴിയുന്നവിധം ദുർബ്ബലർക്കായി ടെലിഫോൺ ലൈൻ വഴി യോഗങ്ങൾ എത്തിച്ചുകൊടുക്കുന്നരീതിയുണ്ട്. മററു ചിലർ ഹാജരാകാൻ കഴിയാത്തവിധം രോഗികളായവർക്കുവേണ്ടി യോഗങ്ങൾ റേറപ്പിൽ റെക്കോർഡ് ചെയ്യുന്നു—ചില കേസുകളിൽ അവർക്കുവേണ്ടി റേറപ്പ് റെക്കോർഡുകൾ വാങ്ങുന്നു. റേറപ്പുകളെക്കുറിച്ചു സംസാരിച്ചുകൊണ്ട് ജർമ്മനിയിലെ ഒരു മൂപ്പൻ ഇങ്ങനെ പ്രസ്താവിച്ചു: “ടെലിവിഷന്റെ മുമ്പിലിരുന്ന് ആത്മീയമായി പുഷ്ടിപ്പെടുത്തുന്നതെന്ന് അശേഷം പറയാൻ കഴിയാത്ത പരിപാടികൾ കാണുക മാത്രം ചെയ്യുന്ന പല പ്രായമുള്ളവരെയും ഞാൻ സന്ദർശിച്ചു.” പകരം രാജ്യകീർത്തനങ്ങളോ ബൈബിൾ വായനയോ അടങ്ങിയിരിക്കുന്ന, സൊസൈററിയുടെ റേറപ്പുകൾ ശ്രദ്ധിക്കാൻ അവരെ എന്തുകൊണ്ടു പ്രോത്സാഹിപ്പിച്ചുകൂടാ?
13. രാജ്യഘോഷകരെന്നനിലയിൽ പ്രവർത്തനനിരതരായിരിക്കാൻ പ്രായമുള്ളവരെ എങ്ങനെ സഹായിക്കാൻ കഴിയും?
13 സഭയിലെ പ്രായമുള്ള ചില അംഗങ്ങൾ പ്രസംഗകരെന്നനിലയിൽ ക്രമമില്ലാത്തവരോ നിഷ്ക്രിയരോ ആയിത്തീർന്നിട്ടുണ്ട്. പ്രായം “രാജ്യത്തിന്റെ സുവാർത്ത” ഘോഷിക്കുന്നതിൽ നിന്ന് ഒരുവനെ അവശ്യം തടയുന്നില്ല. (മത്തായി 24:14) ചിലർ നിങ്ങളോടൊത്ത് വയൽസേവനത്തിൽ ഏർപ്പെടാനുള്ള ഒരു ലളിതമായ ക്ഷണത്തോടു പ്രതികരിച്ചേക്കാം. ഒരുപക്ഷേ, അവരുമായി വയൽസേവനാനുഭവങ്ങൾ പങ്കുവെക്കുന്നതിനാൽ നിങ്ങൾക്ക് പ്രസംഗത്തോടുള്ള അവരുടെ പ്രിയത്തെ പുനർജ്ജ്വലിപ്പിക്കാൻ കഴിയും. കോവണിപ്പടികൾ കയറിപ്പോകുന്നത് അവർക്കു പ്രശ്നമാണെങ്കിൽ ലിഫ്ററുകൾ ഉള്ള ബഹുശാലാ ഭവനങ്ങളോ പടികളില്ലാത്ത നിവാസകേന്ദ്രങ്ങളോ അവർ പ്രവർത്തിക്കുന്നതിന് ക്രമീകരണം ചെയ്യുക. ചില പ്രസാധകർക്ക് പ്രായമുള്ളവരെ ബൈബിളദ്ധ്യയനങ്ങൾക്ക് കൂട്ടത്തിൽ കൊണ്ടുപോകാവുന്നതാണ്—അല്ലെങ്കിൽ പ്രായമുള്ളയാളുടെ വീട്ടിൽ വച്ച് അദ്ധ്യയനം നടത്താവുന്നതാണ്.
14. -ഉം ചതുരവും. (എ) ഒരു പ്രായമുള്ള സഹോദരനോ സഹോദരിയോ സാമ്പത്തിക ഞെരുക്കത്തിലായിത്തീരുന്നുവെങ്കിൽ മൂപ്പൻമാർക്ക് എന്തു ചെയ്യാൻ കഴിയും? (ബി) ചില സഭകൾ പ്രായമുള്ള പ്രസാധകരുടെ ആവശ്യങ്ങൾ നിർവ്വഹിച്ചിരിക്കുന്നതെങ്ങനെ?
14 ‘പണം ഒരു സംരക്ഷണമാണ്.’ (സഭാപ്രസംഗി 7:12) എന്നിരുന്നാലും, പ്രായമുള്ള അനേകം സഹോദരീസഹോദരൻമാർ കടുത്ത സാമ്പത്തിക പ്രയാസത്തിലാണ്, അവരെ സഹായിക്കാൻ മനസ്സുള്ള ബന്ധുക്കളില്ല. സഭയിലെ വ്യക്തികൾ ആവശ്യത്തെക്കുറിച്ച് അറിവു കൊടുക്കപ്പെടുമ്പോൾ സാധാരണയായി സഹായിക്കാൻ സന്തോഷമുള്ളവരാണ്. (യാക്കോബ് 2:15-17) ലഭ്യമായ ഗവൺമെൻറ് സേവനങ്ങളോ സാമൂഹ്യ സേവനങ്ങളോ ഇൻഷൂറൻസ് പോളിസികളോ പെൻഷനുകളോ മറേറാ ഉണ്ടോയെന്ന് മൂപ്പൻമാർക്ക് നോക്കാവുന്നതാണ്. എന്നിരുന്നാലും, ചില രാജ്യങ്ങളിൽ അങ്ങനെയുള്ള സേവനങ്ങൾ ലഭിക്കുക പ്രയാസമാണ്. 1 തിമൊഥെയോസ് 5-ലെ മാതൃക പിന്തുടരുകയും സഭ മൊത്തത്തിൽ ദുരിതാശ്വാസം പ്രദാനം ചെയ്യുന്നതിന് ക്രമീകരിക്കുകയുമല്ലാതെ ഗത്യന്തരമില്ലായിരിക്കാം. (നമ്മുടെ ശുശ്രൂഷ നിർവ്വഹിക്കാൻ സംഘടിതർ പേജ് 127-129 കാണുക.)
നൈജീറിയായിലെ പ്രസാധകർ 82 വയസ്സുള്ള ഒരു നിരന്തര പയനിയറെയും ഭാര്യയെയും സാമ്പത്തിക ദാനങ്ങൾ കൊടുത്തു ക്രമമായി സഹായിച്ചുപോന്നു. അവർ താമസിച്ചിരുന്ന വീടു പൊളിച്ചു മാററാൻ ഗവൺമെൻറ് തീരുമാനിച്ചശേഷം മററു താമസസൗകര്യങ്ങൾ ക്രമീകരിക്കാൻ കഴിയുന്നതുവരെ രാജ്യഹോളിനോടു ചേർന്ന ഒരു മുറിയിലേക്ക് മാറിപ്പാർക്കാൻ സഭ അവരെ ക്ഷണിച്ചു.
ബ്രസീലിൽ, പ്രായമുള്ള ഒരു ദമ്പതികളെ ശുശ്രൂഷിക്കുന്നതിന് സഭ ഒരു നേഴ്സിനെ കൂലിക്കു നിർത്തി. അതേസമയം, വീടു വൃത്തിയാക്കുന്നതിനും, ഭക്ഷണം തയ്യാറാക്കുന്നതിനും മററു ശാരീരികാവശ്യങ്ങളിൽ ശ്രദ്ധിക്കുന്നതിനുമായി ഒരു സഹോദരി നിയോഗിക്കപ്പെട്ടു. സഭ ഓരോ മാസവും അവർക്കുവേണ്ടി ഫണ്ട് കരുതുന്നു.
15. (എ) സഭക്കു കൊടുക്കാൻ കഴിയുന്ന സഹായത്തിന് പരിമിതികൾ ഉണ്ടോ? (ബി) അമിതമായ ആവശ്യങ്ങൾ ഉന്നയിക്കുന്ന ചിലർക്ക് ലൂക്കോസ് 11:34-ലെ ബുദ്ധിയുപദേശം ഉചിതമായിരുന്നേക്കാവുന്നതെങ്ങനെ?
15 ഒന്നാം നൂററാണ്ടിലേതുപോലെ, അങ്ങനെയുള്ള കരുതലുകൾ യഥാർത്ഥത്തിൽ അവ ആവശ്യമുള്ളവരും യോഗ്യതയുള്ളവരുമായവർക്കുവേണ്ടിയാണ്. അതിർകടന്ന അപേക്ഷകൾ സാധിക്കാനോ ശ്രദ്ധയ്ക്കുവേണ്ടിയുള്ള അന്യായമായ ആവശ്യങ്ങൾ നിറവേററാനോ മേൽവിചാരകൻമാർക്കു കടപ്പാടില്ല. പ്രായമുള്ളവരും ഒരു ‘ലഘുവായ കണ്ണ്’ ഉള്ളവരായിരിക്കണം.—ലൂക്കോസ് 11:34.
വ്യക്തികളെന്നനിലയിൽ അവരുടെ താൽപ്പര്യങ്ങളിൽ ശ്രദ്ധിക്കുക
16, 17. (എ) മൂപ്പൻമാർക്ക് പുറമേ മററുള്ളവരും പ്രായമുള്ളവരിൽ താൽപ്പര്യം പ്രകടമാക്കുന്നത് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്? (ബി) തിരക്കുള്ള പ്രസാധകർക്ക് പ്രായമുള്ളവർക്കുവേണ്ടി ‘സമയം വിലയ്ക്കു വാങ്ങാൻ’ എങ്ങനെ കഴിയും?
16 കുറേ കാലം മുമ്പ് ഒരു പ്രായമുള്ള സ്ത്രീ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. വികലപോഷണമായിരുന്നു രോഗകാരണം. “സഭയിൽ കൂടുതൽ പേർ അവരിൽ വ്യക്തിപരമായ താൽപ്പര്യം പ്രകടമാക്കിയിരുന്നെങ്കിൽ ഇത് ഒരുപക്ഷേ സംഭവിക്കുകയില്ലായിരുന്നു”വെന്ന് ഒരു മൂപ്പൻ എഴുതി. അതെ, പ്രായമുള്ളവരിൽ താൽപ്പര്യം പ്രകടമാക്കേണ്ടത് മൂപ്പൻമാർ മാത്രമല്ല. “നാം അന്യോന്യമുള്ള അവയവങ്ങളാകുന്നു”വെന്ന് പൗലോസ് പറഞ്ഞു.—എഫേസ്യർ 4:25.
17 നിങ്ങളിൽ ചിലർ ഇപ്പോൾത്തന്നെ വ്യക്തിപരമായ ഉത്തരവാദിത്തഭാരമുള്ളവരാണെന്നുള്ളതിനു സംശയമില്ല. എന്നാൽ ‘നിങ്ങളുടെ സ്വന്തം കാര്യങ്ങളിൽ മാത്രം വ്യക്തിപരമായ താൽപ്പര്യത്തോടെ’ ശ്രദ്ധിക്കുകയല്ല വേണ്ടത്. (ഫിലിപ്യർ 2:4) ഉചിതമായ വ്യക്തിപരമായ ക്രമീകരണത്തോടെ നിങ്ങൾക്കു മിക്കപ്പോഴും ‘സമയം വിലക്കുവാങ്ങാൻ’ കഴിയും. (എഫേസ്യർ 5:16) ദൃഷ്ടാന്തമായി, വയൽസേവനത്തിനുശേഷം നിങ്ങൾക്ക് ഒരു പ്രായമുള്ളയാളെ സന്ദർശിക്കാൻ കഴിയുമോ? ചിലർക്ക് വാരദിവസങ്ങൾ വിശേഷാൽ ഏകാന്ത ഘട്ടങ്ങളാണ്. യുവ പ്രായക്കാർക്കും പ്രായമുള്ളവരെ സന്ദർശിക്കുന്നതിലും അവർക്കുവേണ്ടി വീട്ടുജോലികൾ ചെയ്തുകൊടുക്കുന്നതിലും ഉൾപ്പെടാൻ കഴിയും. ഒരു യുവാവിനാൽ സഹായിക്കപ്പെട്ട ഒരു സഹോദരി ഇങ്ങനെ പ്രാർത്ഥിച്ചു: “യുവാവായ ജോൺ സഹോദരനുവേണ്ടി നന്ദി. പയ്യൻ എത്ര നല്ല ആളാണ്.”
18. (എ) ചിലപ്പോൾ പ്രായമുള്ള ഒരാളുമായുള്ള സംഭാഷണം വിഷമമായിരിക്കാവുന്നതെന്തുകൊണ്ട്? (ബി) പ്രായമേറിയ ഒരാളുമായുള്ള സന്ദർശനത്തെ അഥവാ സംഭാഷണത്തെ ഒരുവന് എങ്ങനെ പരസ്പരം പരിപുഷ്ടിപ്പെടുത്തുന്നതാക്കാൻ കഴിയും?
18 യോഗങ്ങളിൽ നിങ്ങൾ പ്രായമുള്ളവർക്ക് ഒരു ഉദാസീനമായ അഭിവാദനമാണോ കൊടുക്കുന്നത്? കേൾവിക്കുറവോ സംസാരിക്കാൻ പ്രയാസമോ ഉള്ള ഒരാളോട് സംഭാഷണം എളുപ്പമല്ലായിരിക്കാമെന്നു സമ്മതിക്കുന്നു. ആരോഗ്യക്കുറവു അതിന്റെ പ്രയാസം വരുത്തിക്കൂട്ടുന്നതിനാൽ എല്ലാ പ്രായമുള്ളവർക്കും ഉല്ലാസപ്രദമായ സ്വഭാവങ്ങളില്ല. എന്നിരുന്നാലും “ക്ഷമയുള്ളവൻ മെച്ചമാണ്.” (സഭാപ്രസംഗി 7:8) അല്പം ശ്രമത്താൽ, ഒരു യഥാർത്ഥ “പ്രോത്സാഹന കൈമാററം” പിന്തുടരാൻ കഴിയും. (റോമർ 1:12) ഒരു വയൽസേവന അനുഭവം പറയാൻ ശ്രമിക്കുക. വീക്ഷാഗോപുരത്തിലോ ഉണരുക!യിലോ നിങ്ങൾ വായിച്ച ഒരു പോയിൻറ് പങ്കുവെക്കുക. അല്ലെങ്കിൽ, കുറേക്കൂടെ മെച്ചമായി ശ്രദ്ധിക്കുക. (ഇയ്യോബ് 32:7 താരതമ്യപ്പെടുത്തുക.) നിങ്ങൾ അനുവദിക്കുന്നുവെങ്കിൽ പങ്കുവെക്കാൻ പ്രായമുള്ളവർക്ക് ധാരാളം കാര്യങ്ങളുണ്ട്. ഒരു മൂപ്പൻ ഇങ്ങനെ സമ്മതിച്ചു: “ആ പ്രായമുള്ള സഹോദരനെ സന്ദർശിച്ചത് എനിക്ക് വളരെ ഗുണം ചെയ്തു.”
19. (എ) പ്രായമുള്ളവരിലുള്ള നമ്മുടെ താൽപ്പര്യം ആരിലേക്കു വ്യാപിക്കുന്നു? (ബി) പ്രായമുള്ള ആളുകളെ പരിപാലിക്കുന്ന കുടുംബങ്ങളെ നമുക്കു സഹായിക്കാൻ കഴിയുന്ന ചില മാർഗ്ഗങ്ങളേവ?
19 പ്രായമുള്ളവരോടുള്ള നിങ്ങളുടെ താൽപ്പര്യം അവരെ പരിപാലിക്കുന്ന കുടുംബങ്ങളിലേക്കും വ്യാപിക്കേണ്ടതല്ലേ? വാർദ്ധക്യത്തിലേക്കു നീങ്ങിക്കൊണ്ടിരുന്ന മാതാപിതാക്കളെ പരിപാലിച്ചുകൊണ്ടിരുന്ന ഒരു ദമ്പതികൾ ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം സഭയിലെ ചിലർ തികച്ചും വിമർശിക്കുന്നവരായിത്തീർന്നു. ‘നിങ്ങൾ യോഗങ്ങൾ മുടക്കിക്കൊണ്ടിരുന്നാൽ, നിങ്ങൾ ആത്മീയരോഗികളായിത്തീരും!’ എന്ന് ഒരു സഹോദരി പറഞ്ഞു. എന്നാൽ കൂടുതൽ യോഗങ്ങൾക്കു ഹാജരാകാൻ ഞങ്ങളെ സഹായിക്കുന്നതിന് എന്തെങ്കിലും ചെയ്യാൻ അവൾക്കു മനസ്സില്ലായിരുന്നു.” നിങ്ങൾക്ക് എന്നെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്നെ അറിയിക്കുക എന്നുള്ള അവ്യക്തമായ വാഗ്ദാനവും തുല്യമായി നിരുത്സാഹകരമാണ്. ഇവ മിക്കപ്പോഴും “തണുപ്പകററി നന്നായി ആഹാരം കഴിക്കുക” എന്നു പറയുന്നതിലധികം മിക്കപ്പോഴും പ്രയോജനകരമല്ല. (യാക്കോബ് 2:16) നിങ്ങളുടെ താൽപ്പര്യം പ്രവർത്തനമായി മാറാൻ അനുവദിക്കുന്നത് എത്രയോ മെച്ചമാണ്! ഒരു ദമ്പതികൾ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “സ്നേഹിതർ ഏററവും നല്ലവരും സഹായ മനസ്ഥിതിയുള്ളവരുമായിരുന്നു! ചിലർ അമ്മയെ രണ്ടു ദിവസം പരിപാലിക്കുകയും ഞങ്ങൾക്ക് അങ്ങനെ ചിലപ്പോഴൊക്കെ ഒഴിവു നൽകുകയും ചെയ്യും. മററു ചിലർ അമ്മയെ ബൈബിളദ്ധ്യയനങ്ങൾക്കു കൊണ്ടുപോകുന്നു. മററുള്ളവർ അമ്മയുടെ ക്ഷേമത്തെക്കുറിച്ചു അന്വേഷിക്കുമ്പോൾ അത് ഞങ്ങൾക്ക് യഥാർത്ഥമായി പ്രോത്സാഹനം നൽകുന്നു.”
20, 21. തങ്ങൾക്കു ശുശ്രൂഷ ചെയ്യുന്നവരെ സഹായിക്കാൻ പ്രായമുള്ളവർക്ക് എന്തുചെയ്യാൻ കഴിയും?
20 നമ്മുടെ പ്രായമുള്ളവരിൽ അധികംപേരും നന്നായി പരിപാലിക്കപ്പെടുന്നുണ്ട്. എന്നിരുന്നാലും, അങ്ങനെയുള്ള വേല നെടുവീർപ്പോടെയല്ല, സന്തോഷത്തോടെ നിർവ്വഹിക്കാൻ പ്രായമുള്ള സാക്ഷികൾക്കുതന്നെ എന്തു ചെയ്യാൻ കഴിയും? (എബ്രായർ 13:17) താരതമ്യപ്പെടുത്തുക.) നിങ്ങളുടെ പരിപാലനത്തിനുവേണ്ടി മൂപ്പൻമാർ ചെയ്യുന്ന ക്രമീകരണങ്ങളോടു സഹകരിക്കുക. എന്തു ദയാപ്രവൃത്തികൾ ചെയ്യപ്പെട്ടാലും നന്ദിയും വിലമതിപ്പും പ്രകടമാക്കുക. അമിതമായി ആവശ്യങ്ങൾ ഉന്നയിക്കുന്നവരും അമിതമായി വിമർശിക്കുന്നവരുമായിരിക്കരുത്. വാർദ്ധക്യത്തിന്റെ നൊമ്പരങ്ങളും വേദനകളും തികച്ചും യഥാർത്ഥമാണെങ്കിലും പ്രസന്നവും ക്രിയാത്മകവുമായ ഒരു മനോഭാവം പ്രകടമാക്കാൻ ശ്രമിക്കുക.—സദൃശവാക്യങ്ങൾ 15:13.
21 ‘സഹോദരൻമാർ അതിശയകരമാം വിധം നല്ലവരാണ്. അവരെ കൂടാതെ ഞാൻ എന്തു ചെയ്യും എന്ന് എനിക്കറിയാൻ പാടില്ല’ എന്ന് അനേകം പ്രായമുള്ളവർ പറയുന്നതു കേട്ടിട്ടുണ്ട്. എന്നിരുന്നാലും, പ്രായമുള്ളവരെ പരിപാലിക്കാനുള്ള മുഖ്യ ഉത്തരവാദിത്തം അവരുടെ മക്കളുടെമേലാണ് സ്ഥിതി ചെയ്യുന്നത്. ഇതിൽ എന്തുൾപ്പെടുന്നു, ഈ വെല്ലുവിളിയെ ഏററവും നന്നായി എങ്ങനെ നേരിടാൻ കഴിയും? (w87 6/1)
[അടിക്കുറിപ്പുകൾ]
a ലേവ്യപുസ്തകം 27:1-7 (ഒരു നേർച്ച മുഖേന) ആലയത്തിലേക്ക് ‘അർപ്പിക്കപ്പെട്ട’ വ്യക്തികളുടെ വീണ്ടെടുപ്പിനെ പരാമർശിക്കുന്നു പ്രായമനുസരിച്ച് വീണ്ടെടുപ്പുവില വ്യത്യാസപ്പെട്ടിരുന്നു. 60-ാം വയസ്സിൽ ഈ വില കുത്തനെ താണു, പ്രസ്പഷ്ടമായി ആ പ്രായമുള്ള ഒരാൾക്ക് ഒരു ചെറുപ്പക്കാരനോളം കഠിനമായി വേല ചെയ്യാൻ പ്രാപ്തിയില്ലെന്ന് വിചാരിക്കപ്പെട്ടു. “തൽമൂദനുസരിച്ച് വാർദ്ധക്യം . . . 60-ൽ തുടങ്ങുന്നു”വെന്ന് ദ എൻസൈക്ലോപ്പീഡിയാ ജൂഡായ്ക്കാ കൂടുതലായി പറയുന്നു.
നിങ്ങൾ ഓർക്കുന്നുവോ?
◻ ഒന്നാം നൂററാണ്ടിൽ പ്രായമുള്ള വിധവമാർക്കുവേണ്ടി എന്തു കരുതലുകൾ ചെയ്തിരുന്നു?
◻ മേൽവിചാരകൻമാർക്ക് സഭയിലെ പ്രായമുള്ളവരുടെ പരിപാലനത്തെ എങ്ങനെ ക്രമീകരിക്കാൻ കഴിയും?
◻ സഭയിലെ വ്യക്തികൾക്ക് പ്രായമുള്ള സഹോദരീസഹോദരൻമാരിൽ എങ്ങനെ താൽപ്പര്യം പ്രകടമാക്കാൻ കഴിയും?
◻ തങ്ങളെ ശുശ്രൂഷിക്കുന്നവരെ സഹായിക്കാൻ പ്രായമുള്ളവർക്ക് എങ്ങനെ കഴിയും?
[13-ാം പേജിലെ ചതുരം]
പ്രായമുള്ളവരെ സഹായിക്കൽ—ചിലർ ചെയ്യുന്നത്
ബ്രസീലിലെ ഒരു സഭ അവരുടെ രാജ്യഹോളിനടുത്തു താമസിക്കുന്ന ഒരു സഹോദരന്റെ ശാരീരികാവശ്യങ്ങളിൽ ശ്രദ്ധിക്കുന്നതിന് ഒരു സൗകര്യപ്രദമായ മാർഗ്ഗം കണ്ടെത്തി: ഹാൾ വൃത്തിയാക്കാൻ നിയോഗിക്കപ്പെടുന്ന പുസ്തകാദ്ധ്യയനകൂട്ടം അയാളുടെ വീടും വൃത്തിയാക്കുന്നു.
അവിടത്തെ മറെറാരു സഭ ദിവ്യാധിപത്യ സ്കൂളിൽ സജീവമായി തുടരാൻ ഒരു ദുർബ്ബല സഹോദരനെ സഹായിക്കാൻ ഒരു ലളിതമാർഗ്ഗം കണ്ടെത്തി. ഒരു പ്രസംഗം ചെയ്യാനുള്ള അയാളുടെ തവണ വരുമ്പോൾ രണ്ടോ മൂന്നോ സഹോദരൻമാരോടുകൂടെ ആ സഹോദരനെ സന്ദർശിക്കാൻ ഒരു സഹോദരൻ നിയോഗിക്കപ്പെടുന്നു. പ്രാർത്ഥനയോടെ ഒരു ചെറിയ മീററിംഗ് തുടങ്ങുന്നു, ആ സഹോദരൻ തന്റെ പ്രസംഗനിയോഗം നിറവേററുന്നു. ആവശ്യമായ ബുദ്ധിയുപദേശം കൊടുക്കുന്നു. ഈ സന്ദർശനം എത്ര പ്രോത്സാഹനമായിരിക്കുന്നു!
സഞ്ചാരമേൽവിചാരകൻമാർ നേതൃത്വമെടുക്കുന്നതിൽ നല്ല ദൃഷ്ടാന്തം വെച്ചിരിക്കുന്നു. ഒരു സഭയിൽ ഒരു ചക്രക്കസേരയിൽ കഴിയുന്ന ഒരു പ്രായമുള്ള സഹോദരൻ വളരെ ശുണ്ഠിയായിത്തീരുകയും തന്നിമിത്തം സന്ദർശനം അപൂർവ്വമായിത്തീരുകയും ചെയ്തു. എന്നിരുന്നാലും, ഒരു സഞ്ചാരമേൽവിചാരകൻ ആ സഹോദരനെ സ്വകാര്യമായി തന്റെ സൈഡ്ള് പ്രസംഗം കാണിക്കാൻ ഏർപ്പാടു ചെയ്തു. പ്രായമുള്ള സഹോദരൻ കണ്ട കാഴ്ചയിൽ കണ്ണുനീർ പൊഴിക്കാൻ പ്രേരിതനായി മേൽവിചാരകൻ പറയുന്നു: “അല്പം ശ്രദ്ധക്കും സ്നേഹത്തിനും ഇങ്ങനെയുള്ള ഫലങ്ങൾ ഉളവാക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ പ്രതിഫലം കിട്ടിയതുപോലെ തോന്നി.”
നൈജീരിയായിലെ ചില മൂപ്പൻമാർ ഒരു വൃദ്ധസഹോദരനുവേണ്ടി ഇടയസന്ദർശനം നടത്തുകയും അയാൾക്കു ഗുരുതരമായ രോഗമുണ്ടെന്നു കണ്ടെത്തുകയും ചെയ്തു. അയാളെ പെട്ടെന്നുതന്നെ ആശുപത്രിയിൽ കൊണ്ടുപോയി. ആ വൃദ്ധ സഹോദരന് വിപുലമായ ചികിത്സ ആവശ്യമാണെന്നു കണ്ടെത്തി. എന്നാൽ ചെലവു വഹിക്കാൻ ആ സഹോദരനു കഴിവില്ലായിരുന്നു. അയാളുടെ ആവശ്യത്തെക്കുറിച്ചു സഭയെ അറിയിച്ചപ്പോൾ അയാളുടെ ചികിത്സാചെലവിന് വേണ്ടത്ര പണവുമായി പ്രസാധകർ എത്തി. രണ്ടു മൂപ്പൻമാർ മാറിമാറി അയാളെ ആശുപത്രിയിലേക്കും തിരിച്ചും കാറിൽ കൊണ്ടുപോകും. ഇതിന് അവർ ജോലിയിൽനിന്ന് സമയം എടുക്കേണ്ടിവന്നു. ഈ സഹോദരൻ രോഗവിമുക്തനാകുന്നതും ഏതാണ്ടു നാലുവർഷം കഴിഞ്ഞു മരിക്കുന്നതുവരെ സഹായ പയനിയറിംഗ് നടത്തുന്നതും കാണുന്നതിലുള്ള സന്തോഷം അവർക്കു ലഭിച്ചു.
ഫിലിപ്യൻസിൽ ഒരു പ്രായമുള്ള സ്ത്രീക്ക് കുടുംബമില്ലായിരുന്നു. സഭ അവരുടെ മൂന്നു വർഷത്തെ രോഗകാലത്ത് അവരെ പരിപാലിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു. അവർ താമസിക്കുന്നതിന് ഒരു ചെറിയ സ്ഥലം അവർക്ക് ഒരുക്കിക്കൊടുക്കുകയും ഓരോ ദിവസവും ഭക്ഷണം എത്തിച്ചുകൊടുക്കുകയും അവരുടെ ശുചിത്വപാലനത്തിൽ ശ്രദ്ധിക്കുകയും ചെയ്തു.
[12-ാം പേജിലെ ചിത്രം]
സഭയിലെ നമ്മുടെ പ്രായമുള്ളവരെ ബഹുമാനിക്കുന്നതിൽ എല്ലാവർക്കും പങ്കുണ്ടായിരിക്കാൻ കഴിയും