യേശുവിന്റെ ജീവിതവും ശുശ്രൂഷയും
കഫർന്നഹൂമിൽ കൂടുതൽ അത്ഭുതങ്ങൾ
യേശു തന്റെ ആദ്യത്തെ നാല് ശിഷ്യൻമാരായ പത്രോസിനെയും അന്ത്രെയോസിനെയും യാക്കോബിനെയും യോഹന്നാനെയും വിളിച്ചശേഷം അവർ എല്ലാവരും ശബത്തുനാളിൽ കഫർന്നഹൂമിലെ ഒരു തദ്ദേശ സിന്നഗോഗിലേക്ക് പോകുന്നു. അവിടെ യേശു ഉപദേശിക്കാൻ തുടങ്ങുന്നു. ജനം സ്തബ്ധരാകുന്നു. എന്തുകൊണ്ടെന്നാൽ അവൻ ശാസ്ത്രിമാരെപ്പോലെയല്ല മറിച്ച് അധികാരമുള്ളവനായിട്ടാണ് അവരെ ഉപദേശിക്കുന്നത്.
ഈ ശബത്തു ദിവസം ഭൂതം ബാധിച്ച ഒരു മനുഷ്യൻ അവിടെയുണ്ട്. അല്പസമയം കഴിഞ്ഞ്, അവൻ വലിയസ്വരത്തിൽ വിളിച്ചുപറയുന്നു: “നസറായനായ യേശുവേ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്ത്? നീ ഞങ്ങളെ നശിപ്പിപ്പാൻ വന്നുവോ? നീ ആരെന്ന് ഞാൻ അറിയുന്നു. ദൈവത്തിന്റെ പരിശുദ്ധൻതന്നെ.”
ആ മനുഷ്യനെ നിയന്ത്രിക്കുന്ന ഭൂതം വാസ്തവത്തിൽ സാത്താന്റെ ഒരു ദൂതനാണ്. ഭൂതത്തെ ശാസിച്ചുകൊണ്ട് യേശു പറയുന്നു: “മിണ്ടരുത്, അവനെ വിട്ടുപോ!”
അതിങ്കൽ ഭൂതം ആ മനുഷ്യനെ സിരോക്ഷോഭത്തിലാഴ്ത്തുകയും ഉറക്കെ നിലവിളിക്കുകയും ചെയ്യുന്നു. എന്നാൽ ആ മനുഷ്യനെ ദ്രോഹിക്കാതെ അത് വിട്ടുപോകുന്നു. എല്ലാവരും ഒന്നും മനസ്സിലാകാതെ ആശ്ചര്യപ്പെടുന്നു! “ഇതെന്ത്?” അവർ ചോദിക്കുന്നു. “അവൻ അധികാരത്തോടെ അശുദ്ധാത്മാക്കളോടുപോലും കല്പ്പിക്കുന്നു, അവർ അവനെ അനുസരിക്കുകയും ചെയ്യുന്നു.” ഇത് സംബന്ധിച്ച വാർത്ത സമീപ പ്രദേശത്തെല്ലാം പരക്കുന്നു.
സിന്നഗോഗിൽനിന്ന് യേശുവും അവന്റെ ശിഷ്യൻമാരും ശിമോന്റെ അല്ലെങ്കിൽ പത്രോസിന്റെ വീട്ടിലേക്ക് പോകുന്നു. അവിടെ പത്രോസിന്റെ അമ്മാവിയമ്മ വലിയ പനിപിടിച്ച് കിടപ്പിലാണ്. ‘ദയവായി അവളെ സഹായിക്കു!’ എന്ന് അവർ അപേക്ഷിക്കുന്നു. അതിങ്കൽ യേശു അടുത്തുചെന്ന് അവളെ കൈക്കുപിടിച്ച് എഴുന്നേൽപ്പിക്കുന്നു. അപ്പോൾത്തന്നെ പനി അവളെ വിട്ടുമാറുകയും അവർക്കുവേണ്ടി അവൾ ആഹാരം തയ്യാറാക്കിത്തുടങ്ങുകയും ചെയ്യുന്നു!
പിന്നീട്, സൂര്യൻ അസ്തമിച്ചശേഷം, എല്ലായിടത്തുനിന്നുമുള്ള ആളുകൾ തങ്ങളുടെ ദീനക്കാരെ പത്രോസിന്റെ വീട്ടിലേക്ക് കൊണ്ടുവന്നുതുടങ്ങുന്നു. പെട്ടെന്നുതന്നെ ആ പട്ടണത്തിലുള്ളവരെല്ലാവരും പത്രോസിന്റെ വീട്ടുവാതിൽക്കൽ തടിച്ചുകൂടുന്നു! യേശു അവരുടെ രോഗം ഗണ്യമാക്കാതെ, അവരുടെ സകലവിധ ദീനക്കാരെയും സൗഖ്യമാക്കുന്നു. അവൻ ഭൂതബാധിതരെപ്പോലും വിമുക്തരാക്കുന്നു. ഭൂതങ്ങൾ പുറത്തുവരുമ്പോൾ ഇപ്രകാരം നിലവിളിക്കുന്നു: “നീ ദൈവപുത്രനാകുന്നു.” എന്നാൽ യേശു അവരെ ശാസിക്കുകയും സംസാരിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു. കാരണം അവൻ ക്രിസ്തുവാണെന്ന് അവർക്കറിയാം. മർക്കോസ് 1:21-34; ലൂക്കോസ് 4:31-41; മത്തായി 8:14-17.
◆ യേശു തന്റെ നാല് ശിഷ്യൻമാരെ വിളിച്ചശേഷം ശബത്തുദിവസം സിന്നഗോഗിൽവച്ച് എന്തു സംഭവിക്കുന്നു?
◆ സിന്നഗോഗിൽനിന്ന് യേശു എവിടേയ്ക്ക് പോകുന്നു, അവിടെ അവൻ ഏത് അത്ഭുതം പ്രവർത്തിക്കുന്നു?
◆ പിന്നീട് അതേ സായാഹ്നത്തിൽ എന്ത് സംഭവിക്കുന്നു? (w86 3/15)
[9-ാം പേജ് നിറയെയുള്ള ചിത്രം]