ഒരു സന്തുഷ്ടജനം—എന്തുകൊണ്ട്?
സത്യ ക്രിസ്ത്യാനികൾ ഇന്ന് ഒരു സന്തുഷ്ട ജനമാണ്. എന്തൊക്കെയായാലും, “സന്തുഷ്ടനായ ദൈവ”മായ യഹോവയെയാണ് നാം സേവിക്കുന്നത്. (1 തിമൊഥെയോസ് 1:11) അവൻ നമുക്ക് അവന്റെ ആത്മാവിനെ നൽകുന്നു, ആ ആത്മാവിന്റെ ഒരു ഫലം സന്തോഷമാണ്.—ഗലാത്യർ 5:22.
അത്തരം, ആഴത്തിൽ സ്ഥിതിചെയ്യുന്ന സന്തോഷം പെട്ടെന്നു വീണ്ടെടുക്കാൻ കഴിയുന്നതും സമ്മർദ്ദത്തെ ചെറുത്തുനിൽക്കുന്നതുമാണ്. ദൃഷ്ടാന്തത്തിന്, യേശുക്രിസ്തു തറയ്ക്കപ്പെട്ടതിന്റെ വേദനയ്ക്കു വശംവദനായിത്തീരുകയും ഒരു അപവാദിയെപ്പോലെ ശിക്ഷിക്കപ്പെട്ടതിന്റെ നിന്ദ അനുഭവിക്കയും ചെയ്തു. എന്നിട്ടും, “അവൻ തന്റെ മുമ്പാകെ വെച്ചിരുന്ന സന്തോഷം ഓർത്ത് ഒരു ദണ്ഡന സ്തംഭത്തെ സഹിച്ചു.” (എബ്രായർ 12:2) യേശു തന്റെ യഹോവാ സേവനത്തോടുള്ള ബന്ധത്തിൽ മഹത്തായ അവസരങ്ങളും പദവികളും തന്റെ മുമ്പാകെ സ്ഥിതിചെയ്തിരുന്നു എന്ന് അറിഞ്ഞിരുന്നു. ഈ ഭാവി പദവികളിലുള്ള ശ്രദ്ധാകേന്ദ്രീകരണം പ്രയാസത്തിൻ മദ്ധ്യേ തന്റെ സന്തോഷം കാത്തുസൂക്ഷിക്കാൻ അവനെ സഹായിച്ചു.
യേശു തന്റെ ശിഷ്യൻമാരും സന്തുഷ്ടരായിരിക്കാൻ ആഗ്രഹിക്കുന്നു. അവൻ ഇങ്ങനെ പറഞ്ഞു: “എന്റെ സന്തോഷം നിങ്ങളിൽ ആകേണ്ടതിനും നിങ്ങളുടെ സന്തോഷം പൂർണ്ണമാകുന്നതിനും ഈ കാര്യങ്ങൾ ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നു.” (യോഹന്നാൻ 15:11) ഇന്ന് യഹോവയുടെ സാക്ഷികൾക്ക് ഇതു സത്യമെന്നു തെളിഞ്ഞിരിക്കുന്നു. നാം ഒരു സന്തുഷ്ട ജനമായിരിക്കുന്നതിനുള്ള കാരണങ്ങൾ അനേകമാണ്. അന്ധവിശ്വാസത്തിന്റെയും വ്യാജമത വിശ്വാസങ്ങളുടെയും പിടിയിൽനിന്ന് നമ്മെ സ്വതന്ത്രമാക്കിയ സത്യം നമുക്ക് അറിയാം. (യോഹന്നാൻ 8:32) കൂടാതെ, കാലത്തിന്റെ നീരൊഴുക്കിൽ നാം എവിടെയാണെന്ന് അറിയുകയും പെട്ടെന്നുതന്നെ സാക്ഷാത്ക്കരിക്കപ്പെടുന്ന രക്ഷയുടെ പ്രത്യാശയിൽ സന്തോഷിക്കുകയും ചെയ്യുന്നു. (ലൂക്കോസ് 21:28) നാം അനേകം പ്രശ്നങ്ങളിൽനിന്നും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു—അവയിൽ, ബൈബിളധിഷ്ഠിത ധാർമ്മികത പാലിക്കാത്തവർ അഭിമുഖീകരിക്കുന്ന ലൈംഗികതയിലൂടെ പകരുന്ന രോഗങ്ങളും ഉണ്ട്. നാം യഹോവയുടെ ഇഷ്ടം ചെയ്യുന്നതിൽ തല്പരരായ ആളുകളുടെ ഏററവും ഉത്തമമായ സഹവാസം ആസ്വദിക്കുന്നു. ഉവ്വ്, നമുക്ക് രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുകയും ചെമ്മരിയാടുതുല്യരെ ശിഷ്യരാക്കുകയും ചെയ്യുന്നതിൽ പങ്കുപററുന്നതിനുള്ള മഹത്തായ പദവിയും ഉണ്ട്.—മത്തായി 24:14; 28:19, 20.
എന്നാൽ, യഹോവയുടെ സാക്ഷികളെ സംബന്ധിച്ച് മൊത്തത്തിൽ ഇതു സത്യമായിരിക്കെ, ഒരു വ്യക്തി എന്നനിലയിൽ നിങ്ങളെ സംബന്ധിച്ചെന്ത്? യഹോവയുടെ സാക്ഷികളിൽ ശേഷിച്ചവരോടൊത്ത് നിങ്ങൾക്കും സന്തോഷിക്കാൻ കാരണമുണ്ടെന്ന് പറയാൻ കഴിയുന്നതെന്തുകൊണ്ട്?
സുവിശേഷിക്കൽ വേലയിൽ സന്തോഷം കണ്ടെത്തൽ
ചിലർ വീടുതോറുമുള്ള പ്രസംഗപ്രവർത്തനത്തിൽ പങ്കെടുക്കുന്നത് പ്രയാസമെന്നു കണ്ടെത്തുന്നു. ഒരുപക്ഷേ അവർ അപരിചിതരെ സമീപിക്കുന്നതും സംഭാഷണം ആരംഭിക്കുന്നതും സംബന്ധിച്ച് അസ്വസ്ഥരായിരിക്കാം. അല്ലെങ്കിൽ അവർ മററുള്ളവരെ പഠിപ്പിക്കുന്ന കാര്യം വരുമ്പോൾ തങ്ങൾ അപര്യാപ്തരാണെന്നു കേവലം വിചാരിച്ചേക്കാം. നിങ്ങൾ ചിലപ്പോൾ അങ്ങനെ വിചാരിക്കുന്നുവോ? അങ്ങനെയെങ്കിൽ, നിങ്ങൾക്ക് സുവിശേഷിക്കൽ വേലയിൽ എങ്ങനെ സന്തോഷം കണ്ടെത്താൻ കഴിയും?
ഒന്നാമതായി, ഒരു ക്രിയാത്മക മനോഭാവം വെച്ചുപുലർത്തുക. അനേകമാളുകളും ഏതെങ്കിലും പ്രശസ്തരാലോ കീർത്തികേട്ട രാഷ്ട്രീയനേതാക്കൻമാരാലോ ജോലിക്കു നിയമിക്കപ്പെടുന്നതിൽ പുളകിതരായിരിക്കും. എന്നാൽ “നിത്യതയുടെ രാജാവായ” യഹോവയാം ദൈവത്താൽ തന്നെ ഉപയോഗിക്കപ്പെടുന്നതിൽ നാം എത്രയധികം സന്തോഷം കണ്ടെത്തും!—1 തിമൊഥെയോസ് 1:17.
ഇത് ഒരിക്കലും ആവർത്തിക്കപ്പെടുകയില്ലാത്ത ഒരു വേലയാണെന്നും ഓർമ്മിക്കുക. കേവലം ചിന്തിക്കുക! ക്രിസ്ത്യാനികളെ ഇവിടെ ഭൂമിയിൽ ചെമ്മരിയാടുതുല്യരായ ആളുകളെ കണ്ടെത്തുന്നതിനുള്ള തങ്ങളുടെ പ്രയത്നത്തിൽ ദൂതൻമാർ തന്നെ നയിക്കയും വഴികാട്ടുകയും ചെയ്യുന്നു. (വെളിപ്പാട് 14:6) ഇതു നിങ്ങളുടെ ഹൃദയത്തിനു സന്തോഷം കൈവരുത്തുന്നില്ലേ?
രാജ്യവർദ്ധനയിൽ സന്തോഷം കണ്ടെത്തൽ
പ്രസംഗ വേലയെക്കുറിച്ച് ഒരു ക്രിയാത്മക വീക്ഷണം ഉണ്ടായിരിക്കേണ്ടതിന്റെ മറെറാരു കാരണം അതിനുണ്ടായിരിക്കുന്ന ഉത്തമഫലമാണ്. ബൈബിൾ ഇങ്ങനെ മുൻകൂട്ടി പറഞ്ഞു: “കുറഞ്ഞവൻതന്നെ ആയിരവും ചെറിയവൻ ഒരു മഹാജാതിയും ആയിത്തീരും. യഹോവയായ ഞാൻ തന്നെ അതിന്റെ തക്ക സമയത്ത് അതിനെ ത്വരിതപ്പെടുത്തും.” (യെശയ്യാവ് 60:22) യഹോവയുടെ ഈ വാഗ്ദത്തം ഈ അടുത്ത കാലത്ത് സത്യമായിത്തീർന്നിരിക്കുന്നു. ദൃഷ്ടാന്തത്തിന്, 1986 സേവനവർഷത്തിൽ 2,25,868 പേർ യഹോവയാം ദൈവത്തിന് തങ്ങളുടെ മുഴുദേഹിയോടുകൂടിയ സമർപ്പണത്തെ ലക്ഷ്യപ്പെടുത്തിക്കൊണ്ട് സ്നാനമേററു. ബൈബിൾ സത്യങ്ങൾ മററുള്ളവരുടെ ഇടയിൽ പരത്തുന്നതിൽ പങ്കുപററുന്നവരുടെ ശരാശരി സംഖ്യയിൽ 6.9 ശതമാനം വർദ്ധന ഉണ്ടായിരുന്നു.
നിങ്ങളുടെ സ്വന്തം സഭയിൽ അല്ലെങ്കിൽ സർക്കിട്ടിൽ ഈ വർദ്ധനയ്ക്കു തെളിവുണ്ടെന്നുള്ളതിനു സംശയമില്ല. പുതിയവർ ദൈവത്തെ സേവിക്കുന്നതിനു പ്രാപ്തരാകേണ്ടതിന് യോഗങ്ങൾക്കു വരികയും തങ്ങളുടെ ജീവിതത്തിൽ ആവശ്യമായ മാററങ്ങൾ വരുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. പ്രസംഗവേലയ്ക്കു യഹോവയുടെ അനുഗ്രഹം ഉണ്ടെന്ന വസ്തുതയിലേക്ക് ഇത് വിരൽ ചൂണ്ടുന്നില്ലേ? ഈ വർദ്ധനയിൽ ഒരു പങ്കുണ്ടായിരിക്കുന്നത് നിങ്ങൾക്കും അങ്ങനെ വലിയ സന്തോഷത്തിന്റെ ഒരു ഉറവിടമായിരിക്കാൻ കഴിയും. ഒരു വ്യക്തി സ്നാനപ്പെടുന്ന ഘട്ടം വരെ നിങ്ങൾ വ്യക്തിപരമായി അയാളുമായി അദ്ധ്യയനം നടത്തിയിട്ടില്ലെന്നുള്ളത് സത്യമായിരിക്കാം. ആരെയെങ്കിലും സത്യത്തിൽ കൊണ്ടുവന്നതിനുള്ള മഹത്വം എടുക്കാൻ ഒരു വിധത്തിലും നമുക്കു സാദ്ധ്യമല്ല. ‘ദൈവം അതു വളരുമാറാക്കുന്നു,’ എന്ന് പൗലോസ് പറഞ്ഞു. (1 കൊരിന്ത്യർ 3:6-9) പുതിയവരെ സഹായിക്കുന്നതിൽ സഭയിലെ എല്ലാ അംഗങ്ങൾക്കും ഒരു പങ്കുണ്ട്. എങ്ങനെ? യോഗങ്ങളിൽ ഹാജരാകുന്നതിനാലും ഉത്തരം പറയുന്നതിനാലും പുതിയവരെ സൗഹാർദ്ദപൂർവ്വം സ്വാഗതം ചെയ്യുന്നതിനാലും സത്യം ആകർഷകമാക്കുന്ന ഒരു വിധത്തിൽ തങ്ങൾ തന്നേ നടക്കുന്നതിനാലും തന്നെ.
എന്നിരുന്നാലും, വീടുതോറുമുള്ള പ്രസംഗ പ്രവർത്തനത്തിലും ഭവന ബൈബിൾ അദ്ധ്യയന വേലയിലും നിങ്ങൾക്ക് കൂടുതൽ നേരിട്ടുള്ള പങ്കുണ്ടെങ്കിൽ അധികം സന്തോഷം ലഭ്യമാക്കാൻ കഴിയും. കഴിഞ്ഞവർഷം ശരാശരി 27,26,252 പ്രതിവാര ബൈബിൾ അദ്ധ്യയനങ്ങൾ നിർവ്വഹിക്കപ്പെട്ടു. ഈ സന്തുഷ്ടവേലയിൽ ഒരു പങ്കുണ്ടായിരിക്കാൻ എന്തുകൊണ്ട് അധികമായ ഒരു ശ്രമം ചെയ്തുകൂടാ? നിങ്ങൾ അറിയുന്ന ആർക്കെങ്കിലും, ഒരുപക്ഷേ ഒരു അയൽവാസിക്കോ നിങ്ങൾ സാഹിത്യം സമർപ്പിച്ച ആർക്കെങ്കിലുമോ ഒരു ബൈബിളദ്ധ്യയനം വാഗ്ദാനം ചെയ്യുക. അത്തരം ചെമ്മരിയാടുതുല്യനായ ഒരു ആളെ കണ്ടെത്തുന്നതിന് യഹോവയുടെ സഹായത്തിനായി അപേക്ഷിക്കുക.
സന്തുഷ്ടിക്കുള്ള തടസ്സങ്ങളെ തരണം ചെയ്യുക
ഒരുവൻ മററുള്ളവരെ പഠിപ്പിക്കുന്നതിന് അപ്രാപ്തനാണെന്നു വിചാരിക്കുന്നെങ്കിൽ നിശ്ചയമായും വയൽശുശ്രൂഷയിൽ സന്തോഷം കണ്ടെത്തുന്നതിൽ അതിന് ഒരു യഥാർത്ഥ തടസ്സമായിരിക്കാൻ കഴിയും. എന്നിരുന്നാലും “നാം വേണ്ടവിധം പ്രാപ്തരായിരിക്ക എന്നത് ദൈവത്തിൽനിന്നു ലഭിക്കുന്നു.” (2 കൊരിന്ത്യർ 3:5) നാം ഫലപ്രദരായ ശുശ്രൂഷകർ എന്നനിലയിൽ യോഗ്യരായിത്തീരുന്നതിന് യഹോവ തന്റെ സ്ഥാപനം മുഖാന്തരം അനേകം ഉത്തമ സഹായങ്ങൾ പ്രദാനം ചെയ്തിട്ടുണ്ട്.
ഒന്നാമതായി, നമ്മുടെ ഇടയിൽ അനേകർ യഹോവയെ ദീർഘകാലമായി സേവിച്ചുകൊണ്ടിരിക്കുന്നവരാണ്, വയൽശുശ്രൂഷയിൽ വളരെ പരിചയവും ഉണ്ട്. നമുക്ക് ഈ പരിചയ സമ്പന്നരായ ശുശ്രൂഷകരോടൊത്ത് അവരുടെ പ്രവർത്തനത്തിൽ കൂടുകയും അവരിൽ നിന്നു പഠിക്കുകയും ചെയ്യാൻ കഴിയും. കൂടാതെ, നമ്മുടെ രാജ്യ ശുശ്രൂഷയിൽ ഓരോ മാസവും പ്രത്യക്ഷപ്പെടുന്ന ഉത്തമ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ട്. നമ്മുടെ പ്രസംഗ വൈദഗ്ദ്ധ്യത്തിനു മൂർച്ചകൂട്ടുന്ന വിവരങ്ങൾ സമൃദ്ധമായി ഉൾക്കൊള്ളുന്ന തിരുവെഴുത്തിൽ നിന്നു ന്യായവാദം ചെയ്യുക എന്ന പ്രസിദ്ധീകരണവും ഉണ്ട്. ഈ ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് വയൽശുശ്രൂഷയ്ക്കുവേണ്ടി കൂടുതൽ പൂർണ്ണമായി ഒരുങ്ങുക. വാതുക്കൽ നിങ്ങളെ പരിചയപ്പെടുത്തുന്നതിനുള്ള നൂതനവും രസകരവുമായ വിധങ്ങൾ പരിഗണിക്കുക. അല്ലെങ്കിൽ വീട്ടുകാരെ സംഭാഷണത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള വിവിധ മാർഗ്ഗങ്ങൾ പരിഗണിക്കുക. നിങ്ങൾ വയലിൽ കൂടുതൽ ഫലപ്രദരാകുന്നതിനനുസരിച്ച് പ്രസംഗവേലയിലുള്ള നിങ്ങളുടെ ഉത്സാഹവും സന്തോഷവും നിസ്സംശയമായും വർദ്ധിക്കും.
നമുക്കു ആളുകളോട് സംസാരിക്കാൻ സാധിക്കുമ്പോൾ ശുശ്രൂഷ കൂടുതൽ ആസ്വാദ്യകരമാണ്. ചില പ്രദേശങ്ങളിൽ ഇത് ഒരു പ്രശ്നമാണെന്നത് അംഗീകരിക്കണം. അപരാഹ്ന സമയത്തെന്നപ്പോലെ അധികംപേരും ഭവനത്തിലുള്ള ഒരു സമയത്ത് വയൽസേവനത്തിൽ പങ്കെടുക്കാൻ നിങ്ങൾക്കു ക്രമീകരിക്കാൻ കഴിയുമോ? അനേകർ അങ്ങനെ ചെയ്യുന്നത് തികച്ചും ഫലപ്രദമാണെന്നു കണ്ടെത്തുന്നു. നിങ്ങൾക്കും ആളുകളെ എവിടെയെല്ലാം കണ്ടെത്താൻ കഴിയുമോ—തെരുവുകളിലോ പാർക്കിലെ ബഞ്ചിലോ തങ്ങളുടെ കാറുകൾ കഴുകികൊണ്ടിരിക്കുന്നിടത്തോ—അവിടെയെല്ലാം മുൻകൈയെടുത്ത് അവരോട് സംസാരിക്കാൻ കഴിയും. ആളുകൾക്ക് സത്യം ആവശ്യമാണെന്നും ജീവൻ ഉൾപ്പെട്ടിരിക്കുന്നു എന്നും ഓർക്കുക. ഇതിന് ലജ്ജയ്ക്കുള്ള ചായ്വുകളെ തരണം ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കാൻ സഹായിക്കാൻ കഴിയും. ബഹുഭൂരിപക്ഷം ആളുകളും അനുകൂല പ്രതികരണം കാണിക്കയില്ലെന്നുള്ളതു സത്യമായിരിക്കെ, അപ്രകാരം ചെയ്യുന്നവർ നമുക്കു വളരെ സന്തോഷം കൈവരുത്തുന്നു.
എന്നിരുന്നാലും, നമ്മുടെ സന്തോഷം നിലനിർത്തുന്നതിനുള്ള ഏററവും വലിയ സഹായങ്ങളിലൊന്ന് പ്രാർത്ഥനയാണ്. നിങ്ങളെ ശക്തിപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും യഹോവയോട് അവന്റെ ആത്മാവിനുവേണ്ടി അപേക്ഷിക്കുക. പൗലോസ് ഇപ്രകാരം പറഞ്ഞു: “എനിക്കു ശക്തി നൽകുന്നവന്റെ പ്രഭാവത്താൽ എനിക്കു എല്ലാത്തിനും ശക്തിയുണ്ട്.” (ഫിലിപ്യർ 4:13) നമുക്കും, യഹോവയിൽ അധികം പൂർണ്ണമായി ആശ്രയിക്കാൻ പഠിക്കുന്നതിനാൽ ആ വിധത്തിൽ വിചാരിക്കാൻ കഴിയും.
ഒരു സന്തുഷ്ട ജനമെന്നനിലയിൽ സഹിച്ചു നിൽക്കൽ
അനേകമാളുകളും നമ്മുടെ വേലയെ വിലമതിക്കുന്നില്ല. അവസ്ഥയിതായിരിക്കുമെന്ന് യേശുവിനറിയാമായിരുന്നു. അതുകൊണ്ട് അവൻ തന്റെ അനുഗാമികളെ പ്രസംഗിക്കാൻ അയച്ചപ്പോൾ അവൻ അവരെ ഇപ്രകാരം ബുദ്ധിയുപദേശിച്ചു: “ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേൾക്കാതെയുമിരുന്നാൽ ആ വീടോ നഗരമോ വിട്ടുപോകുമ്പോൾ നിങ്ങളുടെ പാദങ്ങളിലെ പൊടി കൂടഞ്ഞു കളയുവിൻ. . . . നോക്കൂ! ചെന്നായ്ക്കളുടെ നടുവിൽ ആടുകളെപ്പോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു; അതുകൊണ്ട് പാമ്പിനെപ്പോലെ ജാഗ്രതയുള്ളവരും എന്നാൽ പ്രാവിനെപ്പോലെ നിഷ്കളങ്കരും എന്നു തെളിയിക്കുവിൻ.” യേശു ഇപ്രകാരവും പറഞ്ഞു: “നിങ്ങളുടെ തലയിലെ രോമംപോലും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഭയപ്പെടേണ്ടാ.”—മത്തായി 10:11-16, 30, 31.
ഈ വാക്കുകൾ സന്തോഷത്തോടെ സഹിക്കുന്നതിനു നമ്മെ സഹായിക്കുന്നു. തങ്ങൾക്കുവേണ്ടിയുള്ള നമ്മുടെ ശ്രമങ്ങളെ വിലമതിക്കുന്നില്ലാത്ത ആളുകളെ നാം കണ്ടുമുട്ടുമ്പോൾ, നാം അപ്പോഴും യഹോവയുടെ നാമം പ്രസിദ്ധമാക്കുകയാണ്, നാം അപ്പോഴും അവനെ പുകഴ്ത്തുകയാണ് എന്നു തിരിച്ചറിയാൻ അവ നമ്മെ സഹായിക്കുന്നു. (സങ്കീർത്തനം 100:4, 5) രസാവഹമായി, കതകു തുറക്കാൻ വിസമ്മതിക്കുന്ന വീട്ടുകാർ ചിലപ്പോൾ മററുള്ളവരോട് ഇപ്രകാരം പറയുന്നതു കേൾക്കാൻ കഴിയും: “അത് യഹോവയുടെ സാക്ഷികൾ ആയിരുന്നു.” ഉവ്വ്, നാം ഒററവാക്കു പറയാതെ തന്നെ യഹോവയുടെ നാമം പ്രസിദ്ധമാകയും ആളുകൾക്ക് സത്യം സ്വീകരിക്കയോ തിരസ്കരിക്കയോ ചെയ്യുന്നതിനുള്ള അവസരം ലഭിക്കയും ചെയ്തിരിക്കുന്നു. (മത്തായി 25:31, 32) അതുകൊണ്ട് പ്രതികരിക്കാത്ത പ്രദേശങ്ങൾ പോലും സന്തോഷത്തോടെ സഹിക്കാൻ കഴിയും.
കൂടാതെ, അത്തരം വ്യക്തികൾക്ക് മനോഭാവത്തിൽ ഒരു മാററം വന്നേക്കാവുന്നതെപ്പോഴെന്നും നമുക്ക് ഒരിക്കലും അറിഞ്ഞുകൂടാ. ഒരു ക്രിസ്തീയ സഹോദരിയെ തന്റെ വാതുക്കൽ നിന്ന് അനേകം പ്രാവശ്യം പറഞ്ഞയച്ച ഒരു സ്ത്രീ ഒരു ദിവസം, തന്റെ കൈയിൽ എന്തെങ്കിലും സാഹിത്യമുണ്ടോ എന്ന് സഹോദരിയോട് ചോദിച്ചു. ആ സഹോദരി അതിശയിക്കയും ആ സ്ത്രീ മുമ്പ് ഒരിക്കലും ബൈബിൾ സാഹിത്യങ്ങൾ സ്വീകരിച്ചിട്ടില്ലെന്ന് പറയുകയും ചെയ്തു. തന്റെ ഭർത്താവ്, യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിച്ചുകൊണ്ടിരുന്ന ഒരാളുടെ കൂടെ ജോലി ചെയ്തു എന്ന് ആ സ്ത്രീ വിശദീകരിച്ചു. അയാൾ തനിക്കും തന്റെ ഭർത്താവിനും വാച്ച്ടവർ സൊസൈററിയുടെ പ്രസിദ്ധീകരണങ്ങളിലൊന്ന് നൽകി. ആകാംക്ഷകൊണ്ട്, ആ സ്ത്രീ അതു വായിക്കുകയും അതിലെ ദൂത് സത്യമാണെന്ന് തിരിച്ചറിയുകയും ചെയ്തു. അതുകൊണ്ട് അടുത്ത പ്രാവശ്യം ഒരു സാക്ഷി സന്ദർശിക്കുമ്പോൾ അയാളെ സ്വീകരിക്കും എന്ന് അപ്പോൾ അവിടെ വെച്ചുതന്നെ തീരുമാനിച്ചു. ഒരു ഭവന ബൈബിൾ അദ്ധ്യയനം ആരംഭിക്കയും ആ സ്ത്രീ പിന്നീട് യഹോവയുടെ ഒരു സമർപ്പിത സാക്ഷിയായിതീരുകയും ചെയ്തു!
നമുക്ക് അതുകൊണ്ട് ലോകത്തിൽ പ്രത്യാശ നൽകുന്ന ഏക ദൂതു ഘോഷിക്കുന്നതിനുള്ള മഹത്തായ പദവി—ഒരു സന്തുഷ്ട പദവി ഉണ്ട്. പ്രസംഗവേല ഈ അന്ത്യനാളുകളിലേക്ക് ദൈവം നമുക്കു നൽകിയിരിക്കുന്ന നിയമനവുമാണ്. അന്ത്യം വരുന്നതിനുമുമ്പ് അതു പൂർത്തിയാക്കയും വേണം. (മത്തായി 24:14) സാത്താന്റെ ദുഷ്ടവ്യവസ്ഥിതി അവസാനിക്കുന്നതിനു മുമ്പ് എത്രകാലം കൂടിയുണ്ട്? അന്ത്യം താമസിച്ചു വരികയില്ല എന്നു നമുക്കറിയാം. (ഹബക്കൂക്ക് 2:3 താരതമ്യപ്പെടുത്തുക.) അതിനിടയിൽ മററുള്ളവർക്ക് സത്യം പഠിക്കുന്നതിനുള്ള സമയം ഇപ്പോഴും ഉണ്ട്. നമുക്കു ശേഷിച്ചിരിക്കുന്ന ഈ സമയം പ്രയോജനപ്പെടുത്തുകയും തീക്ഷ്ണതയോടെ പ്രസംഗവേലയിൽ ഏർപ്പെടുകയും ചെയ്യാം. ‘നമ്മെത്തന്നെയും നമ്മെ ശ്രദ്ധിക്കുന്നവരെയും രക്ഷിക്കുവാൻ’ തക്കവണ്ണം കഠിനവേല ചെയ്തുകൊണ്ട് നമുക്ക് ഒരു ക്രിയാത്മക മനോഭാവം വെച്ചുപുലർത്താം. (1 തിമൊഥെയോസ് 4:16) അപ്രകാരം ചെയ്തുകൊണ്ട് നാം രാജ്യവർദ്ധനയിൽ പങ്കുചേർന്നുകൊണ്ട് ഒരു സന്തുഷ്ട ജനമായി നിലനിൽക്കും. (w87 3/15)
[31-ാം പേജിലെ ചതുരം]
രാജ്യദൂതിനു ആളുകൾ പ്രതികരണം കാണിക്കാത്തപ്പോൾപോലും നമ്മുടെ സുവിശേഷിക്കൽ പ്രവർത്തനം യഥാർത്ഥ സന്തുഷ്ടിയുടെ ഉറവിടമാണ്