യഹോവയിങ്കലെ സന്തോഷം നമ്മുടെ ശക്തിദുർഗം
1, 2. (എ) ശക്തിദുർഗം എന്നാലെന്ത്? (ബി) താൻ യഹോവയിൽ അഭയം പ്രാപിച്ചുവെന്നു ദാവീദ് പ്രകടമാക്കിയതെങ്ങനെ?
“ഈ ദിവസം നമ്മുടെ കർത്താവിന്നു വിശുദ്ധമാകുന്നു; നിങ്ങൾ ദുഃഖിക്കരുത്; യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ”.—നെഹെമ്യാവ് 8:10.
യഹോവ അനുപമമായ ഒരു ശക്തിദുർഗമാണ്. ശക്തിദുർഗമെന്നാൽ എന്താണ്? പ്രതിരോധസജ്ജീകരണങ്ങളാൽ സുരക്ഷിതമാക്കപ്പെട്ടിരിക്കുന്ന ഒരു സ്ഥലമാണത്. സുരക്ഷിതത്വത്തിനോ അതിജീവനത്തിനോ വേണ്ടിയുള്ള ഒരു സ്ഥലം. പുരാതന ഇസ്രായേലിലെ ദാവീദ് ദൈവത്തെ തന്റെ ശക്തിദുർഗമായി കരുതി. ഉദാഹരണത്തിന്, “യഹോവ അവനെ സകലശത്രുക്കളുടെ കയ്യിൽനിന്നും” ഇസ്രായേലിന്റെ രാജാവായ “ശൌലിന്റെ കയ്യിൽനിന്നും വിടുവിച്ച കാലത്തു” ദാവീദ് അത്യുന്നതനുവേണ്ടി ആലപിച്ച ഗീതം പരിചിന്തിക്കുക.—സങ്കീർത്തനം 18, മേലെഴുത്ത്.
2 മനംകവരുന്ന ആ ഗീതം ദാവീദ് ഈ വാക്കുകളോടെ ആരംഭിച്ചു: “എന്റെ ബലമായ യഹോവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു. യഹോവ എന്റെ ശൈലവും എന്റെ കോട്ടയും [‘ശക്തിദുർഗവും,’ NW] എന്റെ രക്ഷകനും എന്റെ ദൈവവും ഞാൻ ശരണമാക്കുന്ന എന്റെ പാറയും എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും ആകുന്നു.” (സങ്കീർത്തനം 18:1, 2) ശൗൽ രാജാവ് ദാവീദിനെ അന്യായമായി നിയമഭ്രഷ്ടനാക്കുകയും വേട്ടയാടുകയും ചെയ്തപ്പോൾ, ഒരാൾ ഏതെങ്കിലുമൊരു ദുരന്തത്തെ അതിജീവിക്കാൻവേണ്ടി പ്രതിരോധസജ്ജമായ സുരക്ഷിത സ്ഥലത്തേക്ക് ഓടുന്നതുപോലെ, ധർമിഷ്ഠനായ ദാവീദ് യഹോവയിൽ അഭയം പ്രാപിച്ചു.
3. എസ്രായുടെ നാളിലെ യഹൂദൻമാർ ‘അത്യന്തം സന്തോഷം’ അനുഭവിച്ചത് എന്തുകൊണ്ട്?
3 നിർമലതാ പാലകരായി അവന്റെ വഴിയിൽ നടക്കുന്നവർക്കു യഹോവ നൽകുന്ന സന്തോഷം പരാജയമടയാത്ത ഒരു ശക്തിദുർഗമാണ്. (സദൃശവാക്യങ്ങൾ 2:6-8; 10:29) ദൈവദത്തമായ സന്തോഷം ലഭിക്കാൻ ആളുകൾ തീർച്ചയായും ദിവ്യേഷ്ടം ചെയ്യണം. ഇതിനോടുള്ള ബന്ധത്തിൽ, പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) 468-ൽ യെരുശലേമിൽ സംഭവിച്ചതു പരിചിന്തിക്കുക. പകർപ്പെഴുത്തുകാരനായ എസ്രായും മററുള്ളവരും ന്യായപ്രമാണത്തിന്റെ അർഥവത്തായ വായനയിലൂടെ പൊരുൾ തിരിച്ചുകൊടുത്തു. എന്നിട്ട് ആളുകളെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “നിങ്ങൾ ചെന്നു മൃഷ്ടാന്നഭോജനവും മധുരപാനീയവും കഴിച്ചു തങ്ങൾക്കായി വട്ടംകൂട്ടീട്ടില്ലാത്തവർക്കു പകർച്ച കൊടുത്തയപ്പിൻ; ഈ ദിവസം നമ്മുടെ കർത്താവിന്നു വിശുദ്ധമാകുന്നു; നിങ്ങൾ ദുഃഖിക്കരുതു; യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം [‘ശക്തിദുർഗം,’ NW] ആകുന്നുവല്ലോ.” തങ്ങൾക്കു ലഭിച്ച പരിജ്ഞാനം യഹൂദൻമാർ ബാധകമാക്കി കൂടാരപ്പെരുന്നാൾ കൊണ്ടാടിയപ്പോൾ അത് ‘അത്യന്തം സന്തോഷത്തിൽ’ കലാശിക്കുകയുണ്ടായി. (നെഹെമ്യാവു 8:1-12) ‘യഹോവ ശക്തിദുർഗമായിരിക്കുന്നതിൽ സന്തോഷ’മുണ്ടായിരുന്നവർക്ക് അവനെ ആരാധിക്കുന്നതിനും സേവിക്കുന്നതിനുമുള്ള ശക്തി ലഭിച്ചു. യഹോവയിങ്കലെ സന്തോഷം ശക്തിദുർഗമായിരുന്നതുകൊണ്ട്, ഇന്നത്തെ ദൈവജനത സന്തോഷഭരിതരായിരിക്കുമെന്നു നാം പ്രതീക്ഷിക്കണം. അങ്ങനെയെങ്കിൽ, അവരുടെ സന്തോഷത്തിനുള്ള ഇന്നത്തെ ചില കാരണങ്ങൾ എന്തെല്ലാമാണ്?
‘തികച്ചും സന്തോഷഭരിതർ’
4. യഹോവയുടെ ജനത്തിനുള്ള സന്തോഷത്തിന്റെ ഒരു പ്രമുഖ ഉറവ് എന്താണ്?
4 ഒരുമിച്ചുകൂടുന്നതിനു യഹോവ ചെയ്തിരിക്കുന്ന കരുതലാണു സന്തോഷത്തിനുള്ള ഒരു പ്രമുഖ കാരണം. ഇസ്രായേല്യർ കൊണ്ടാടിയിരുന്ന വാർഷികോത്സവങ്ങൾ അവരുടെ ഹൃദയത്തിനു സന്തോഷം പകർന്നുകൊടുത്തതുപോലെ, ഇന്നു സമ്മേളനങ്ങളും കൺവെൻഷനുകളും യഹോവയുടെ സാക്ഷികൾക്കു സന്തോഷം കൈവരുത്തുന്നു. ഇസ്രായേൽ ജനത്തോട് ഇങ്ങനെ പറഞ്ഞു: “യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു നിന്റെ ദൈവമായ യഹോവെക്കു ഏഴു ദിവസം [കൂടാര]പെരുന്നാൾ ആചരിക്കേണം; നിന്റെ അനുഭവത്തിൽ ഒക്കെയും നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും; അതുകൊണ്ടു നീ വേണ്ടുംവണ്ണം സന്തോഷിക്കേണം [‘തികച്ചും സന്തോഷഭരിതനായിരിക്കണം,’ NW].” (ആവർത്തനപുസ്തകം 16:13-15) അതേ, അവർ ‘തികച്ചും സന്തോഷഭരിതരായിത്തീരണ’മെന്നു ദൈവം ആഗ്രഹിച്ചു. ക്രിസ്ത്യാനികളുടെ കാര്യത്തിലും ഇതു സത്യമാണ്. കാരണം “കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്നു ഞാൻ പിന്നെയും പറയുന്നു” എന്നാണു പൗലോസ് സഹവിശ്വാസികളെ ഉദ്ബോധിപ്പിച്ചത്.—ഫിലിപ്പിയർ 4:4.
5. (എ) സന്തോഷം എന്നാലെന്ത്, ക്രിസ്ത്യാനികൾ അതു നേടുന്നതെങ്ങനെ? (ബി) പരിശോധനകളുണ്ടെങ്കിലും നമുക്കു സന്തോഷമുണ്ടായിരിക്കാൻ കഴിയുന്നതെങ്ങനെ?
5 നാം സന്തോഷമുള്ളവരായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നതുകൊണ്ട്, തന്റെ പരിശുദ്ധാത്മാവിന്റെ ഫലങ്ങളിലൊന്നായി അവൻ നമുക്കു സന്തോഷത്തെ നൽകുന്നു. (ഗലാത്യർ 5:22, 23) എന്താണു സന്തോഷം? നൻമയെക്കുറിച്ചുള്ള പ്രതീക്ഷയാലോ അതു നേടിയെടുക്കലിനാലോ ഉളവാകുന്ന ആഹ്ലാദകരമായ ഒരു വികാരമാണത്. ശരിയായ സന്തുഷ്ടിയുടേതായ, ഉല്ലാസത്തിന്റേതുപോലുമായ ഒരവസ്ഥയാണു സന്തോഷം. ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ഈ ഫലം പരിശോധനയിൻ കീഴിലായിരിക്കുമ്പോൾ നമ്മെ താങ്ങിനിർത്തുന്നു. “തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ [യേശു] അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.” (എബ്രായർ 12:2) ശിഷ്യനായ യാക്കോബ് എഴുതി: “എന്റെ സഹോദരൻമാരേ, നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ.” എന്നാൽ ഒരു പ്രത്യേക പരിശോധനയിൽ എന്തു ചെയ്യണമെന്നു നമുക്ക് അറിയില്ലെങ്കിലോ? അപ്പോൾ അതു കൈകാര്യം ചെയ്യാനുള്ള ജ്ഞാനത്തിനുവേണ്ടി നമുക്കു ദൃഢവിശ്വാസത്തോടെ പ്രാർഥിക്കാനാവും. സ്വർഗീയ ജ്ഞാനത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നതു യഹോവയിങ്കലെ സന്തോഷം നഷ്ടപ്പെടുത്താതെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനോ അനുഭവിച്ചുകൊണ്ടിരിക്കുന്ന പരിശോധനകൾ നേരിടുന്നതിനോ നമ്മെ പ്രാപ്തരാക്കുന്നു.—യാക്കോബ് 1:2-8.
6. സന്തോഷത്തിനും സത്യാരാധനയ്ക്കുമിടയിൽ എന്തു ബന്ധം സ്ഥിതിചെയ്യുന്നു?
6 യഹോവ നൽകുന്ന സന്തോഷം സത്യാരാധനയെ പുരോഗമിപ്പിക്കാൻ നമ്മെ ശക്തിപ്പെടുത്തുന്നു. നെഹെമ്യാവിന്റെയും എസ്രായുടെയും നാളുകളിൽ സംഭവിച്ചത് അതായിരുന്നു. യഹോവ ശക്തിദുർഗമായിരിക്കുന്നതിൽ സന്തോഷമുണ്ടായിരുന്ന അക്കാലത്തെ യഹൂദൻമാർ സത്യാരാധനയുടെ താത്പര്യങ്ങൾ ഉന്നമിപ്പിക്കാൻ ശക്തരാക്കപ്പെട്ടു. അവർ യഹോവയുടെ ആരാധന പുരോഗമിപ്പിച്ചപ്പോൾ അവരുടെ സന്തോഷം വർധിച്ചു. അത് ഇന്നും ശരിയാണ്. യഹോവയുടെ ആരാധകർ എന്നനിലയിൽ, നമുക്കു വലിയ ആഹ്ലാദത്തിനു വകയുണ്ട്. നമ്മുടെ സന്തോഷത്തിനുള്ള അനേകം കാരണങ്ങളിൽ ഏതാനും ചിലതു കൂടി ഇപ്പോൾ നമുക്കു പരിചിന്തിക്കാം.
ക്രിസ്തുവിലൂടെ ദൈവവുമായുള്ള ബന്ധം
7. ക്രിസ്ത്യാനികൾക്കു യഹോവയെ സംബന്ധിച്ചു സന്തോഷിക്കാൻ എന്തു കാരണമുണ്ട്?
7 യഹോവയുമായുള്ള നമ്മുടെ അടുത്ത ബന്ധം നമ്മെ ഭൂമിയിലെ ഏററവും സന്തോഷമുള്ള ജനതയാക്കിമാററുന്നു. ക്രിസ്ത്യാനികളായിത്തീരുന്നതിനുമുമ്പ്, ‘ദൈവത്തിന്റെ ജീവനിൽനിന്ന് അകന്നു മനംതഴമ്പിച്ചുപോയ [“മാനസികമായി അന്ധകാരത്തിലായിരുന്ന,” NW]’ അനീതിയുള്ള മനുഷ്യസമൂഹത്തിന്റെ ഭാഗമായിരുന്നു നാം. (എഫെസ്യർ 4:18) നാം ഇനി യഹോവയിൽനിന്ന് അകന്നവരല്ലെന്ന് അറിയുന്നതിൽ നമുക്ക് എന്തൊരു ആഹ്ലാദമാണ്! അവന്റെ പ്രീതിയിൽ നിലനിൽക്കാൻ ശ്രമം ആവശ്യമാണെന്നതു തീർച്ചയാണ്. “സുവിശേഷത്തിന്റെ പ്രത്യാശയിൽനിന്നു” നാം “ഇളകാതെ അടിസ്ഥാനപ്പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തിൽ നില”നിൽക്കണം. (കൊലൊസ്സ്യർ 1:21-23) “എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴിയില്ല” എന്ന യേശുവിന്റെതന്നെ വാക്കുകളോടുള്ള ചേർച്ചയിൽ യഹോവ തന്റെ പുത്രന്റെ അടുക്കലേക്കു നമ്മെ ആകർഷിച്ചതിൽ നമുക്ക് ആഹ്ലാദിക്കാനാവും. (യോഹന്നാൻ 6:44) ക്രിസ്തുവിലൂടെ ദൈവവുമായുള്ള നമ്മുടെ വിലയേറിയ ബന്ധത്തെ നാം വാസ്തവത്തിൽ വിലമതിക്കുന്നെങ്കിൽ, അതിനു ഹാനികരമാകുന്ന എന്തിനെക്കുറിച്ചും നാം ജാഗ്രത പാലിക്കും.
8. നമ്മുടെ സന്തോഷകരമായ അവസ്ഥക്കു യേശു സംഭാവന ചെയ്തിരിക്കുന്നതെങ്ങനെ?
8 യേശുവിന്റെ മറുവിലയാഗത്തിൽ വിശ്വസിക്കുന്നതിലൂടെയുള്ള പാപമോചനം സന്തോഷത്തിനുള്ള ഒരു വലിയ കാരണമാണ്. എന്തെന്നാൽ ഇതാണു ദൈവവുമായുള്ള നമ്മുടെ ബന്ധം സാധ്യമാക്കുന്നത്. പാപത്തിന്റേതായ ഒരു ജീവിതഗതി മനഃപൂർവം പിൻപററിയ നമ്മുടെ പൂർവപിതാവായ ആദാം സകല മനുഷ്യവർഗത്തിന്റെമേലും മരണം വരുത്തിവെച്ചു. എന്നുവരികിലും അപ്പോസ്തലനായ പൗലോസ് ഇങ്ങനെ വിശദമാക്കുകയുണ്ടായി: “ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കു വേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.” പിന്നെ പൗലോസ് ഇങ്ങനെയും എഴുതി: “അങ്ങനെ ഏകലംഘനത്താൽ സകലമനുഷ്യർക്കും ശിക്ഷാവിധി വന്നതുപോലെ ഏകനീതിയാൽ സകലമനുഷ്യർക്കും ജീവകാരണമായ നീതീകരണവും വന്നു. ഏകമമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാൻമാരായിത്തീരും.” (റോമർ 5:8, 18, 19) അത്തരം സ്നേഹപുരസ്സരമായ വ്യവസ്ഥയെ പ്രയോജനപ്പെടുത്തുന്ന ആദാമിന്റെ സന്തതികളിൽപ്പെട്ടവരെ വീണ്ടെടുക്കാൻ യഹോവയാം ദൈവം സംപ്രീതനായതിൽ നമുക്ക് എത്ര സന്തോഷമുള്ളവരായിരിക്കാൻ കഴിയും!
മതപരമായ സ്വാതന്ത്ര്യവും പ്രബുദ്ധതയും
9. മതപരമായ ഒരു കാഴ്ചപ്പാടിൽനിന്നു നോക്കുമ്പോൾ നാം സന്തോഷമുള്ളവരായിരിക്കുന്നത് എന്തുകൊണ്ട്?
9 വ്യാജമത ലോകസാമ്രാജ്യമായ മഹാബാബിലോനിൽനിന്നുള്ള സ്വാതന്ത്ര്യം സന്തോഷത്തിനുള്ള മറെറാരു കാരണമാണ്. ദിവ്യസത്യമാണു നമ്മെ സ്വതന്ത്രമാക്കിയത്. (യോഹന്നാൻ 8:32) ഈ മതവേശ്യയിൽനിന്നുള്ള സ്വാതന്ത്ര്യം എന്നുപറയുമ്പോൾ നാം അവളുടെ പാപങ്ങളിൽ പങ്കുപററുന്നില്ല, അവളുടെ ബാധകൾ അനുഭവിക്കുന്നില്ല, അവളുടെ നാശത്തിൽ നാമും ഒടുങ്ങിപ്പോകുന്നില്ല എന്നൊക്കെയാണ് അതിന്റെ അർഥം. (വെളിപ്പാടു 18:1-8) അതിൽനിന്നെല്ലാം രക്ഷപെടുന്നതിൽ ദുഃഖിക്കാൻ യാതൊന്നുമില്ല!
10. യഹോവയുടെ ജനം എന്നനിലയിൽ നാം എന്തു പ്രബുദ്ധത ആസ്വദിക്കുന്നുണ്ട്?
10 ദൈവവചനം ഗ്രഹിക്കുന്നതും അതു ജീവിതത്തിൽ ബാധകമാക്കുന്നതും വലിയ ആഹ്ലാദത്തിനുള്ള കാരണങ്ങളാണ്. വ്യാജമത സ്വാധീനത്തിൽനിന്നു സ്വതന്ത്രരായ നാം “വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെ നമ്മുടെ സ്വർഗീയ പിതാവു നൽകുന്ന എന്നെന്നും കൂടുതൽക്കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുന്ന ആത്മീയ ഉൾക്കാഴ്ച ആസ്വദിക്കുകയാണ്. (മത്തായി 24:45-47, NW) ഭൂമിയിൽ ജീവിക്കുന്ന സകലയാളുകളിലുംവെച്ച് യഹോവക്കു മാത്രം സമർപ്പിച്ചിരിക്കുന്നവർക്കേ അവന്റെ പരിശുദ്ധാത്മാവും അവന്റെ വചനം, ഇഷ്ടം എന്നിവയെക്കുറിച്ചുള്ള അനുഗൃഹീതഗ്രാഹ്യവും ലഭിക്കുന്നുള്ളൂ. അതു പൗലോസ് പറഞ്ഞതുപോലെയാണ്: “നമുക്കോ [താൻ സ്നേഹിക്കുന്നവർക്കായി ഒരുക്കിവെച്ചിരിക്കുന്ന കാര്യങ്ങൾ] ദൈവം തന്റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു.” (1 കൊരിന്ത്യർ 2:9, 10) “നീതിമാൻമാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു”വെന്ന സദൃശവാക്യങ്ങൾ 4:18-ലെ വാക്കുകളിൽ സൂചിപ്പിച്ചിരിക്കുന്ന ക്രമാനുഗതമായ ഗ്രാഹ്യം നാം ആസ്വദിക്കുന്നതിൽ നമുക്കു നന്ദിയും സന്തോഷവും ഉള്ളവരായിരിക്കാനാവും.
രാജ്യപ്രത്യാശയും നിത്യജീവനും
11. സന്തോഷകരമായ രാജ്യപ്രത്യാശ മററുള്ളവരുമായി പങ്കുവെച്ചിരിക്കുന്നതെങ്ങനെ?
11 നമ്മുടെ രാജ്യപ്രത്യാശയും നമ്മെ സന്തോഷഭരിതരാക്കുന്നു. (മത്തായി 6:9, 10) യഹോവയുടെ സാക്ഷികൾ എന്നനിലയിൽ നാം മനുഷ്യവർഗത്തിന്റെ ഒരേ ഒരു പ്രത്യാശയായി ദൈവരാജ്യത്തെ ദീർഘനാളായി പ്രഘോഷിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ലോകമെമ്പാടും 51 കൺവെൻഷനുകളിലായി നാം യഹോവയുടെ സാക്ഷികളെന്ന പേർ ഒരു പ്രമേയത്തിലൂടെ സസന്തോഷം സ്വീകരിച്ച 1931 എന്ന വർഷമെടുക്കുക. (യെശയ്യാവു 43:10-12) ആ പ്രമേയവും (വാച്ച് ടവർ സൊസൈററിയുടെ അന്നത്തെ പ്രസിഡൻറായിരുന്ന) ജെ. എഫ്. റതർഫോർഡിന്റെ ഒരു പ്രധാനപ്പെട്ട കൺവെൻഷൻ പ്രസംഗവും രാജ്യം, ലോകത്തിന്റെ പ്രത്യാശ (ഇംഗ്ലീഷ്) എന്ന ചെറുപുസ്തകത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. അതേ കൺവെൻഷനിൽ പാസാക്കിയ മറെറാരു പ്രമേയവും അതിലുണ്ടായിരുന്നു. ക്രൈസ്തവലോകത്തിന്റെ വിശ്വാസത്യാഗം, യഹോവയുടെ ബുദ്ധ്യുപദേശത്തെ വെറുപ്പോടെ വീക്ഷിക്കൽ എന്നിവയുടെപേരിൽ അവളെ കുററപ്പെടുത്തുന്നതായിരുന്നു അത്. “ലോകത്തിന്റെ പ്രത്യാശ ദൈവരാജ്യമാണ്, വേറൊരു പ്രത്യാശയുമില്ല” എന്നും അതു പ്രഖ്യാപിച്ചു. ഏതാനും മാസങ്ങൾകൊണ്ട് യഹോവയുടെ സാക്ഷികൾ ഈ ചെറുപുസ്തകത്തിന്റെ 50 ലക്ഷം പ്രതികൾ ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും വിതരണം ചെയ്തു. മനുഷ്യവർഗത്തിന്റെ ഒരേ ഒരു പ്രത്യാശ രാജ്യമാണെന്ന് അന്നുമുതൽ നാം തറപ്പിച്ചുപറഞ്ഞുകൊണ്ടാണിരിക്കുന്നത്.
12. യഹോവയെ സേവിക്കുന്നവരുടെ മുമ്പാകെ ജീവന്റെ സന്തുഷ്ടകരമായ ഏതു പ്രത്യാശയാണു വെച്ചിരിക്കുന്നത്?
12 രാജ്യഭരണത്തിൻ കീഴിൽ ലഭിക്കാനിരിക്കുന്ന നിത്യജീവന്റെ പ്രതീക്ഷയിലും നാം ആഹ്ലാദിക്കുന്നു. അഭിഷിക്ത ക്രിസ്ത്യാനികളുടെ “ചെറിയ ആട്ടിൻകൂട്ട”ത്തിനു സന്തോഷനിർഭരമായ സ്വർഗീയ പ്രത്യാശയുണ്ട്. അപ്പോസ്തലനായ പത്രോസ് എഴുതി: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി, . . . നിങ്ങൾക്കുവേണ്ടി സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും ക്ഷയം, മാലിന്യം, വാട്ടം, എന്നിവ ഇല്ലാത്തതുമായ അവകാശത്തിന്നായി തന്നേ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.” (ലൂക്കൊസ് 12:32; 1 പത്രൊസ് 1:3, 4) ഇന്ന്, യഹോവയുടെ സാക്ഷികളിൽ വൻഭൂരിപക്ഷവും രാജ്യഭരണപ്രദേശത്തെ പറുദീസയിലെ നിത്യജീവനുവേണ്ടി നോക്കിപ്പാർത്തിരിക്കുകയാണ്. (ലൂക്കൊസ് 23:43; യോഹന്നാൻ 17:3) നമ്മുടെ സന്തോഷകരമായ പ്രതീക്ഷകളുമായി താരതമ്യപ്പെടുത്താവുന്നതൊന്നും ഭൂമിയിൽ വേറൊരു ജനത്തിനുമില്ല. നാം അതിനെ എത്ര മതിപ്പോടെ കാത്തുകൊള്ളേണ്ടതാണ്!
ഒരു അനുഗൃഹീത സാഹോദര്യം
13. നമ്മുടെ സാർവദേശീയ സാഹോദര്യത്തെ നാം എങ്ങനെ വീക്ഷിക്കണം?
13 ദൈവാംഗീകാരമുള്ള ഒരേ ഒരു സാർവദേശീയ സാഹോദര്യത്തിന്റെ ഭാഗമായിരിക്കലും വലിയ സന്തോഷത്തിനുള്ള ഒരു ഉറവാണ്. സന്തോഷകരമെന്നു പറയട്ടെ, ഭൂമിയിലുള്ളതിലേക്കും ഏററവും അഭികാമ്യമായ സഹകാരികളാണു നമുക്കുള്ളത്. നമ്മുടെ നാളുകളെ ചൂണ്ടിക്കാട്ടിക്കൊണ്ട്, യഹോവയാം ദൈവംതന്നെ ഇങ്ങനെ പറയുകയുണ്ടായി: “ഞാൻ സകല ജാതികളെയും ഇളക്കും. സകല ജാതികളുടെയും മനോഹരവസ്തു [‘അഭികാമ്യ വസ്തുക്കൾ,’ NW] വരികയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്വപൂർണ്ണമാക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” (ഹഗ്ഗായി 2:7) എല്ലാ ക്രിസ്ത്യാനികളും അപൂർണരാണെന്നതു സത്യംതന്നെ. എന്നിരുന്നാലും, അത്തരം വ്യക്തികളെ യഹോവ യേശുക്രിസ്തുവിലൂടെ തന്നിലേക്ക് ആകർഷിച്ചിരിക്കുന്നു. (യോഹന്നാൻ 14:6) അഭികാമ്യരായി താൻ കരുതുന്ന ആളുകളെ യഹോവ തന്നിലേക്ക് ആകർഷിച്ചിരിക്കുന്നതുകൊണ്ട്, നാം അവരോടു സഹോദരസ്നേഹം പ്രകടമാക്കുന്നെങ്കിൽ, ഉന്നതരോടെന്നോണം അവരോട് ഇടപെടുന്നെങ്കിൽ, ദൈവിക പ്രവർത്തനങ്ങളിൽ അവരുമായി സഹകരിക്കുന്നെങ്കിൽ, പരിശോധനകളിൽ അവരെ താങ്ങുന്നെങ്കിൽ, അവർക്കുവേണ്ടി നാം പ്രാർഥിക്കുന്നെങ്കിൽ നമ്മുടെ സന്തോഷം വർധിക്കുന്നതായിരിക്കും.
14. ഒന്നു പത്രൊസ് 5:5-11-ൽനിന്നു നമുക്ക് എന്തു പ്രോത്സാഹനം ലഭിക്കാവുന്നതാണ്?
14 ഇതെല്ലാം നമ്മുടെ സന്തോഷത്തെ ഊട്ടിവളർത്തും. യഹോവയിങ്കലെ സന്തോഷമാണു ഭൂമിയിലുടനീളമുള്ള നമ്മുടെ ആത്മീയസാഹോദര്യത്തിന്റെ ശക്തിദുർഗം. അതേ, നാമെല്ലാം പീഡനങ്ങളും പ്രയാസങ്ങളും സഹിക്കുന്നുണ്ട്. എന്നാൽ ഭൂമിയിൽ ദൈവത്തിന്റെ ഒരേ ഒരു യഥാർഥ സ്ഥാപനത്തിന്റെ ഭാഗമെന്ന നിലയിൽ ഇതെല്ലാം നമ്മെ ഒരുമിപ്പിക്കുകയും നമുക്ക് ഒരു ഐക്യബോധം നൽകുകയും ചെയ്യണം. പത്രോസ് പറഞ്ഞതുപോലെ, ദൈവം നമുക്കുവേണ്ടി കരുതുന്നുവെന്ന് അറിഞ്ഞ് നമ്മുടെ ഉത്കണ്ഠകളെല്ലാം അവന്റെമേൽ എറിഞ്ഞുകൊണ്ട് അവന്റെ ശക്തമായ കരങ്ങൾക്കുകീഴിൽ നാം സ്വയം താണിരിക്കണം. പിശാചു നമ്മെ വിഴുങ്ങാൻ ശ്രമിക്കുന്നതുകൊണ്ട്, നാം ജാഗരിക്കേണ്ടയാവശ്യമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ നാം തനിച്ചല്ല, എന്തെന്നാൽ പത്രോസ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ലോകത്തിൽ നിങ്ങൾക്കുള്ള സഹോദരവർഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകൾ തന്നേ പൂർത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോടു എതിർത്തു നില്പിൻ.” ഈ സന്തോഷകരമായ സാർവദേശീയ സാഹോദര്യം ഒരിക്കലും തകർന്നുവീഴില്ല. കാരണം ‘അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നമ്മെ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി [“നമ്മുടെ പരിശീലനം അവസാനിപ്പിച്ച്,” NW] ഉറപ്പിച്ചു ശക്തീകരിക്കും’ എന്ന ഉറപ്പു നമുക്കുണ്ട്. (1 പത്രൊസ് 5:5-11) ഒന്നാലോചിച്ചുനോക്കുക. എന്നെന്നും നിലനിൽക്കുന്നതാണു നമ്മുടെ സന്തുഷ്ട സാഹോദര്യം!
ഉദ്ദേശ്യമുള്ള ഒരു ജീവിതം
15. യഹോവയുടെ സാക്ഷികൾക്ക് ഉദ്ദേശ്യപൂർണമായ ഒരു ജീവിതമുണ്ടെന്നു പറയാൻ സാധിക്കുന്നതെന്തുകൊണ്ട്?
15 ഉദ്ദേശ്യപൂർണമായ ഒരു ജീവിതം നമുക്കുള്ളതുകൊണ്ട്, കലങ്ങിമറിഞ്ഞ ഈ ലോകത്തിൽ നമുക്കു സന്തോഷമുണ്ട്. നമ്മെയും മററുള്ളവരെയും സന്തുഷ്ടരാക്കുന്ന ഒരു ശുശ്രൂഷയാണു നമ്മെ ഏൽപ്പിച്ചിരിക്കുന്നത്. (റോമർ 10:10) ദൈവത്തിന്റെ കൂട്ടുവേലക്കാരായിരിക്കുന്നതു തീർച്ചയായും സന്തോഷകരമായ ഒരു പദവിയാണ്. ഇതിനോടുള്ള ബന്ധത്തിൽ പൗലോസ് പറഞ്ഞു: “അപ്പൊല്ലോസ് ആർ? പൌലോസ് ആർ? തങ്ങൾക്കു കർത്താവു നല്കിയതുപോലെ നിങ്ങൾ വിശ്വസിപ്പാൻ കാരണമായിത്തീർന്ന ശുശ്രൂഷക്കാരത്രേ. ഞാൻ നട്ടു, അപ്പൊല്ലോസ് നനെച്ചു, ദൈവമത്രേ വളരുമാറാക്കിയതു. ആകയാൽ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനെക്കുന്നവനും ഏതുമില്ല. നടുന്നവനും നനെക്കുന്നവനും ഒരുപോലെ; ഓരോരുത്തന്നു താന്താന്റെ അദ്ധ്വാനത്തിന്നു ഒത്തവണ്ണം കൂലികിട്ടും. ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ; നിങ്ങൾ ദൈവത്തിന്റെ കൃഷി, ദൈവത്തിന്റെ ഗൃഹനിർമ്മാണം.”—1 കൊരിന്ത്യർ 3:5-9.
16, 17. ഉദ്ദേശ്യമുള്ള സന്തുഷ്ടമായ ജീവിതമാണു യഹോവയുടെ ജനത്തിനുള്ളത് എന്നു തെളിയിക്കാൻ ഏതെല്ലാം ദൃഷ്ടാന്തങ്ങൾ നിരത്താനാവും?
16 നാം യഹോവയെ വിശ്വസ്തതയോടെ സേവിക്കുന്നതു സന്തോഷത്താൽ നിറയ്ക്കുന്ന ഉദ്ദേശ്യപൂർണമായ ഒരു ജീവിതത്തിൽ കലാശിക്കുന്നുവെന്നതിന് അനേകം ദൃഷ്ടാന്തങ്ങൾ നിരത്താനാവും. അതിനു പററിയ ഒരു പ്രസ്താവന ഇതാ: “[സമർപ്പണച്ചടങ്ങിന്റെ ദിവസം] ആളുകൾ നിറഞ്ഞ രാജ്യഹാളിൽ ഞാനൊന്നു കണ്ണോടിച്ചു. ഞാനും ഭാര്യയും ഞങ്ങളുടെ മക്കളിൽ മൂന്നുപേരും അവരുടെ ഇണകളും ഉൾപ്പെടെ ഞങ്ങളുടെ എട്ടു കുടുംബാംഗങ്ങളെ എനിക്കു കാണാറായി. . . . ദൈവസേവനത്തിൽ എനിക്കും ഭാര്യക്കും വാസ്തവത്തിൽ സന്തുഷ്ടമായ, ഉദ്ദേശ്യപൂർണമായ ഒരു ജീവിതമുണ്ടായിരുന്നു.”
17 യഹോവയുടെ സേവനത്തിൽ യഥാർഥ ഉദ്ദേശ്യമുള്ള സന്തോഷകരമായ ഒരു ജീവിതം തുടങ്ങാൻ ഏതു പ്രായത്തിലുള്ളവർക്കും കഴിയുമെന്നു തിരിച്ചറിയുന്നതും ഹൃദയോഷ്മളമായ സംഗതിയാണ്. ഉദാഹരണത്തിന്, ആശുപത്രിയിൽവെച്ചു ബൈബിൾ സത്യങ്ങൾ പഠിച്ച ഒരു സ്ത്രീ 102-ാമത്തെ വയസ്സിൽ സ്നാപനമേററ് ഒരു യഹോവയുടെ സാക്ഷിയായിത്തീർന്നു. അങ്ങനെ ‘ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചു’കൊണ്ട് അവർ സന്തോഷകരമായ ഉദ്ദേശ്യത്തോടെയുള്ള ജീവിതം തികച്ചു.—സഭാപ്രസംഗി 12:13.
പരാജയപ്പെടാത്ത ഒരു ശക്തിദുർഗം
18. നിരാശയെ മറികടന്നു നമ്മുടെ സന്തോഷത്തെ വർധിപ്പിക്കാൻ എന്തു ചെയ്യാനാവും?
18 യഹോവയിങ്കലെ സന്തോഷം വിശ്വസ്തരെ സംബന്ധിച്ചു പരാജയപ്പെടാത്ത ഒരു ശക്തിദുർഗമാണ്. ഈ സന്തോഷമുണ്ടായിരിക്കുന്നതിനാൽ നമുക്ക് ഒരിക്കലും ഇരുണ്ട മണിക്കൂറുകൾ അനുഭവപ്പെടുകയില്ലെന്നൊന്നും അർഥമാക്കുന്നില്ല. കാരണം, ഗെത്ശെമനയിൽവെച്ച് “എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു” എന്നു പറയാൻ യേശു നിർബന്ധിതനായി. (മർക്കൊസ് 14:32-34) നാം സ്വാർഥഗതി പിൻപററിയതിന്റെ ഫലമായി നിരാശയിലാണെന്നു വിചാരിക്കുക. അങ്ങനെയെങ്കിൽ നമുക്കു ജീവിതശൈലിക്കു മാററം വരുത്താം. തിരുവെഴുത്തുപരമായ ഉത്തരവാദിത്വങ്ങളുടെ ഒരു വൻഭാരം നിസ്വാർഥമായി വഹിക്കുന്നതുകൊണ്ട് നമ്മുടെ സന്തോഷത്തിനു കോട്ടംതട്ടിയിട്ടുണ്ടെങ്കിൽ, ഒരുപക്ഷേ സമ്മർദത്തെ കുറച്ച് നമ്മുടെ സന്തോഷകരമായ ആത്മചൈതന്യം പുനഃസ്ഥാപിക്കുന്ന പൊരുത്തപ്പെടുത്തലുകൾ നമുക്കു വരുത്താനാവും. കൂടാതെ, പാപപൂരിതമായ ജഡത്തെയും ദുഷ്ടലോകത്തെയും പിശാചിനെയും ശക്തമായി എതിർത്തുകൊണ്ട് യഹോവയെ പ്രീതിപ്പെടുത്താൻ നാം ശ്രമിക്കുന്നെങ്കിൽ അവൻ നമ്മെ സന്തോഷം നൽകി അനുഗ്രഹിക്കും.—ഗലാത്യർ 5:24; 6:14; യാക്കോബ് 4:7.
19. ദൈവത്തിന്റെ സ്ഥാപനത്തിൽ നമുക്കുള്ള ഏതു പദവികളെയും നാം എങ്ങനെ വീക്ഷിക്കണം?
19 നാം ചർച്ചചെയ്ത കാരണങ്ങളാലും മററ് അനേകം കാരണങ്ങളാലും നമുക്കു വലിയ സന്തോഷമുണ്ട്. നാം സഭയിൽ പ്രസാധകരായാലും ഏതെങ്കിലും മുഴുസമയ ശുശ്രൂഷയിൽ പങ്കുപററുന്നവരായാലും നമുക്കെല്ലാം കർത്താവിന്റെ വേലയിൽ വളരെയധികം ചെയ്യാനുണ്ട്, അതു നിശ്ചയമായും നമ്മുടെ സന്തോഷത്തെ ഊട്ടിവളർത്തും. (1 കൊരിന്ത്യർ 15:58) യഹോവയുടെ സ്ഥാപനത്തിൽ നമുക്ക് എന്തെല്ലാം പദവികൾ ഉണ്ടെങ്കിലും അതിനെല്ലാം നന്ദിയുള്ളവരായിരുന്നുക്കൊണ്ട് നമ്മുടെ സ്നേഹവാനും സന്തുഷ്ടനുമായ ദൈവത്തിനു വിശുദ്ധ സേവനം അർപ്പിക്കുന്നതിൽ നമുക്ക് ആഹ്ലാദപൂർവം തുടരാം.—1 തിമൊഥെയൊസ് 1:11.
20. നമ്മുടെ ഏററവും വലിയ പദവിയെന്ത്, നമുക്ക് എന്തിനെക്കുറിച്ച് ഉറപ്പുള്ളവരായിരിക്കാൻ കഴിയും?
20 അവന്റെ സാക്ഷികൾ എന്നനിലയിൽ യഹോവയുടെ മഹത്തായ നാമം വഹിക്കുന്നതിനു നമുക്കുള്ള പദവിയിൽ ആഹ്ലാദിക്കാൻ നമുക്കു വിശേഷിച്ചും കാരണമുണ്ട്. അതേ, നാം അപൂർണരാണ്, അനേകം പരിശോധനകളും നേരിടുന്നുണ്ട്. എന്നാൽ യഹോവയുടെ സാക്ഷികൾ എന്നനിലയിൽ നമുക്കുള്ള മഹത്തായ അനുഗ്രഹങ്ങൾ നമുക്കു മനസ്സിൽപ്പിടിക്കാം. ഓർക്കുക, നമ്മുടെ പ്രിയപ്പെട്ട സ്വർഗീയ പിതാവു നമ്മെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല. യഹോവയിങ്കലെ സന്തോഷം നമ്മുടെ ശക്തിദുർഗമാണെങ്കിൽ, നാം എന്നെന്നും അനുഗ്രഹിക്കപ്പെടുമെന്നതിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാനാവും.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ “യഹോവയിങ്കലെ സന്തോഷം” എന്നാലെന്ത്?
◻ ക്രിസ്ത്യാനികൾ യഥാർഥ സന്തോഷം നേടുന്നതെങ്ങനെ?
◻ യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരായിരിക്കുന്നതിന്റെ ഏതാനും ചില കാരണങ്ങൾ ഏവ?
◻ യഹോവയിങ്കലെ സന്തോഷം പരാജയപ്പെടാത്ത ഒരു ശക്തിദുർഗമായിരിക്കുന്നത് എന്തുകൊണ്ട്?