കൽക്കട്ടയിൽ ഒരു ദിവസം—സുവാർത്തയുമായി “എല്ലാത്തരം ആളുകളേയും” സമീപിച്ചുകൊണ്ട്
ഇന്ത്യയിലെ കൽക്കട്ട “എല്ലാത്തരം ആളുക”ളാലും നിറഞ്ഞുകവിയുന്ന ഒരു നഗരമാണ്. അതിന്റെ ഒരു കോടിയിലധികം വരുന്ന നിവാസികൾക്കിടയിൽ ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുന്നതിൽ യഹോവയുടെ സാക്ഷികൾ തിരക്കുള്ളവരാണ്. വർഗ്ഗം സമൂഹം, സംസ്ക്കാരം, മതം, സാമ്പത്തികം എന്നിവയിൽ തികച്ചും വൈരുദ്ധ്യമാർന്ന പശ്ചാത്തലങ്ങളിൽനിന്നുള്ള ഈ ആളുകളിലേക്കെല്ലാം എത്തിച്ചേരുന്നതിന്, വളരെയധികം പാടവവും സഹിഷ്ണതയും വേണ്ടിവരുന്നു. തന്റെ മിഷ്യനറിയാത്രകളിൽ അന്നത്തെ ലോകത്തിന്റെ വിദൂര കോണുകളിലേക്ക് യാത്ര ചെയ്ത അപ്പോസ്തലനായ പൗലോസിനെപ്പോലെ കൽക്കട്ടയിലെ യഹോവയുടെ സാക്ഷികൾ “എല്ലാവിധത്തിലും ചിലരെ രക്ഷിക്കേ”ണ്ടതിന് “എല്ലാത്തരം ആളുകൾക്കുംവേണ്ടി എല്ലാം ആയിത്തീർന്നിരിക്കുന്നു.”—1 കൊരിന്ത്യർ 9:22; കൊലോസ്യർ 1:23.
അവിടെയുള്ള സാക്ഷികൾ തങ്ങളുടെ പ്രസംഗവേലയ്ക്ക് പോകുന്നത് എങ്ങനെ? ഏതുതരത്തിലുള്ള വ്യക്തികളെയും സാഹചര്യങ്ങളെയുമാണ് അവർ തങ്ങളുടെ ശുശ്രൂഷയിൽ അഭിമുഖീകരിക്കുന്നത്? സമീപകാലത്ത് ഒരു സന്ദർശകനെന്ന നിലയിൽ ഒരു പയനിയർ അഥവാ ഒരു മുഴുസമയപ്രസംഗകനോടൊപ്പം ഞാൻ ഒരു ദിവസം കൽക്കട്ടയിൽ ചെലവഴിച്ചു. ആ അതുല്യ അനുഭവത്തിലേക്ക് ഒരു എത്തിനോട്ടത്തിന് നിങ്ങൾ ആഗ്രഹിക്കുന്നുവോ?
വിസ്തൃതവും വൈവിദ്ധ്യമാർന്നതുമായ ഒരു വയൽ
വീടുതോറുമുള്ള പ്രസംഗവേലയുടെ തിരക്കേറിയതും ആകർഷകവുമായ ഒരു ദിവസത്തിന്റെ അവസാനത്തിൽ എന്റെ സ്നേഹിതനും, ഞാനും വീട്ടിലേക്ക് മടങ്ങുവാൻ ഒരുങ്ങുകയായിരുന്നു. ബസ്സിന് കാത്തുനിൽക്കുമളവിൽ, ഈ ബൃഹത് നഗരത്തിൽ അദ്ദേഹവും മററു പയനിയർമാരും അഭിമുഖീകരിക്കുന്ന വെല്ലുവിളികളേക്കുറിച്ച് ഞങ്ങൾ സംസാരിക്കുവാൻ തുടങ്ങി.
“കൊള്ളാം” അദ്ദേഹം അഭിപ്രായപ്പെട്ടു, “ഇവിടെ മുഴുസമയപ്രസംഗ പ്രവർത്തനത്തിലുള്ള ഏതെങ്കിലുമൊരുവനോട്, കുറേക്കൂടി എളുപ്പമുള്ള ഒരു നിയമനത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവോ എന്നു ചോദിക്കുക. അതു സംബന്ധിച്ച് ആ വ്യക്തി അത്ര താത്പര്യമുള്ളവനായിരിക്കുമെന്ന് എനിക്കു തോന്നുന്നില്ല.”
അദ്ദേഹം പറഞ്ഞത് ശരിയായിരുന്നു. കൽക്കട്ടയിലെ പയനിയറൻമാർ തങ്ങളുടെ പ്രവർത്തനത്തെ ലോകത്തിലെ ഏററവും താത്പര്യജനകമായ തൊഴിലുകളിലൊന്നായി കാണുന്നു. വമ്പിച്ച വൈരുദ്ധ്യങ്ങളുടെ ഈ പട്ടണത്തിൽ അവർക്ക് വിസ്തൃതവും വൈവിദ്ധ്യമാർന്നതുമായ ഒരു വയൽ ഉണ്ട്.
ഹിന്ദുമതമാണ് പട്ടണത്തിൽ പ്രമുഖമെങ്കിലും പള്ളികളും മുഹമ്മദീയ മോസ്ക്കുകളും സുലഭമാണ്. അവിടവിടെ ബുദ്ധമതക്ഷേത്രങ്ങളും ഒരുവന് കാണാം. ചില ഭാഗങ്ങളിലെ രമ്യഹർമ്മങ്ങളിൽ ലോകത്തിലെ ഏററവും ധനികരായ ചിലർ വസിക്കുന്നു. അധികം അകലെയല്ലാതെ മാസത്തിൽ (ഏകദേശം $12, U.S) 150 രൂപയോളം ചെറിയ ഒരു തുകമാത്രം നേടാൻ കഴിയുന്ന കുടിയേററ തൊഴിലാളികളുടെ ചെററകുടിലുകളുമുണ്ട്. അവരുടെ ആചാരങ്ങളും, ഭാഷകളും, ആകാരങ്ങളും, അവരുടെ മതങ്ങളും ജീവിത സാഹചര്യങ്ങളും പോലെ അത്രതന്നെ വ്യത്യസ്തങ്ങളാണ്.
ഇതിനെല്ലാം മദ്ധ്യേ യഹോവയുടെ സാക്ഷികളുടെ, ഏതാണ്ട് നൂറോളം പ്രവർത്തനനിരതരായ രാജ്യപ്രഘോഷകരുള്ള ഒരു സഭ തഴച്ചുവളരുന്നു. വെല്ലുവിളി അതിശക്തമാണെങ്കിലും ആളുകളുടെ ആവശ്യങ്ങളോടു പ്രതികരിക്കുവാൻ തക്കവണ്ണം തങ്ങളെത്തന്നെ പൊരുത്തപ്പെടുത്താൻ കഴിയുന്നതിൽ സാക്ഷികൾ പ്രത്യേക സന്തോഷവും സംതൃപ്തിയും കണ്ടെത്തുന്നു.
അപ്പോൾ തന്നെ 45-ാം നമ്പർ ബസ് ഞങ്ങൾക്കു മുമ്പിൽ വന്നു നിന്നു. എന്റെ പെട്ടെന്നുള്ള പ്രതികരണം “എനിക്ക് കയറാൻ കഴിയാത്തവിധമാണ് സാദ്ധ്യതകൾ” എന്നായിരിക്കുവാൻ തക്കവണ്ണം അത്രയധികം അതു തിങ്ങിനിറഞ്ഞതായിരുന്നു. പിമ്പിൽ നിന്നും സൗഹൃദത്തോടുകൂടിയ ഒരു തള്ളൽ വരികയും, പെട്ടെന്ന് ഞങ്ങളിരുവരും, ബസിലേക്ക് കൈകളുടെയും ശരീരങ്ങളുടേയും ഒരു തരംഗത്താൽ വലിച്ചെടുക്കപ്പെടുകയും ചെയ്തു. ഞങ്ങൾക്കുശേഷം കുറഞ്ഞത് പത്തുപേർകൂടിയെങ്കിലും കയറി. അവർ ഫുട്ട്ബോർഡിൽ യാത്രചെയ്യുകയായിരുന്നു, വാതിലിനു ചുററും തേനീച്ചകളെപ്പോലെ കടിച്ചുതൂങ്ങികിടന്നുകൊണ്ട്. 46 പേർക്ക് ഇരിക്കുന്നതിനായി ക്രമീകരിച്ചിരുന്ന വാഹനത്തിനകത്ത് ഞാൻ നൂറിൽ കൂടുതൽ തലകൾ എണ്ണി അപ്പോഴേക്കും എന്റെ സ്നേഹിതനുമായുള്ള സംഭാഷണം പുനരാരംഭിക്കാൻ ഞാൻ എണ്ണമെടുക്കൽ അവസാനിപ്പിച്ചു.
“ബസുകൾ എല്ലായ്പ്പോഴും ഇങ്ങനെതന്നെയാണോ?” “അവ പലപ്പോഴും ഒരല്പം തിരക്കുനിറഞ്ഞവതന്നെയാണ്,” അദ്ദേഹം വിശദീകരിച്ചു, “എന്നാൽ അവ ചെലവുകുറഞ്ഞവയാണ്.” “അതിന്റെയർത്ഥം പ്രസംഗത്തിനായി പട്ടണത്തിന്റെ ദൂരമേറിയ ഭാഗങ്ങളിലേക്ക് പോകാൻ ഞങ്ങൾക്ക് ഓരോ ദിവസവും 6 മുതൽ 9 വരെ മൈലുകൾ പോലും (10-15 കി.മീ.) സഞ്ചരിക്കുന്നത് താങ്ങാൻ കഴിയുമെന്നാണ്.”
“വീടിനരികെയുള്ള ജനസമൂഹങ്ങൾക്കിടയിൽ കൂടെക്കൂടെ വേല ചെയ്യുന്നത് ഏറെ നന്നായിരിക്കുകയില്ലേ”?
“ഉവ്വ്, എന്നാൽ ഞങ്ങളിൽ ചില മുഴുസമയപ്രവർത്തകർ മററുസ്ഥലങ്ങളിലെ ആളുകളിലേക്ക് എത്തുന്നതിനു ശ്രമം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഞങ്ങളുടെ രേഖകൾ പ്രകടമാക്കുന്നത് കഴിഞ്ഞ 50 വർഷങ്ങൾക്കുള്ളിൽ കൽക്കട്ടയുടെ തൊട്ടടുത്ത പരിസരങ്ങളിൽ പലതും സുവാർത്തയുമായി സന്ദർശിക്കപ്പെട്ടിട്ടില്ല എന്നാണ്!”
എന്നുവരികിലും, ആളുകളുടെ പെരുപ്പം നിമിത്തം, നൽകപ്പെട്ടിരിക്കുന്ന ഒരു സ്ഥലത്തെ ഓരോരുത്തരേയും സമീപിക്കുന്നത് ഒരു യഥാർത്ഥ വെല്ലുവിളിയാണ്. ഒരിക്കൽ ഒരു സർവ്വേ കൽക്കട്ടയിലെ ജനസാന്ദ്രത ഇപ്പോഴത്തെ ന്യൂയോർക്കു സിററിയുടേതിന്റെ മൂന്നിരട്ടിയാണ് എന്നുകാണിച്ചു, സംഖ്യ സമീപകാലത്ത് വർദ്ധിച്ചിട്ടുമുണ്ട്.
കൽക്കട്ടയിലെ ജനങ്ങളിൽ കുറഞ്ഞത് മൂന്നിൽ ഒന്ന് പ്രാദേശികമായി ബസ്തികൾ എന്നറിയപ്പെടുന്ന തിങ്ങിനിറഞ്ഞ ചേരികളിൽ വസിക്കുന്നു. മാതൃകാബസ്തികൾ സാധാരണയായി കൈയെത്താവുന്ന അകലത്തിൽ ഉള്ള നിരനിരയായുള്ള കൊച്ചുകൂരകളാണ്. ഓരോ കുടിലും വൃത്തിഹീനമായ ഒരു തറയോടുകൂടിയതും, മണ്ണും ചാണകം പൂശിയ തടികൊണ്ടുള്ള ചട്ടക്കൂടും കൊണ്ടുള്ള മതിലുകളോടുകൂടിയതും ആണ്. എല്ലാം കളിമൺ ഓടുകൊണ്ടുള്ള ഒരു മേൽക്കൂരയുടെ മറവിൻ കീഴിൽ തന്നെ. അല്പം മാത്രം വായുസഞ്ചാരം ഉള്ളതോ തീരെ ഇല്ലാത്തതോ ആയ ഓരോ കുടിലും ഏഴോ എട്ടോ ആളുകൾ ഉറങ്ങുന്ന സ്ഥലമാണ്. സാധാരണയായി ഏകദേശം ഓരോ 150 ആൾക്കും വെള്ളത്തിനുവേണ്ടി ഒരു സ്ററാൻറ് പൈപ്പുവീതമുണ്ട്. കൂടാതെ നീണ്ടു കിടക്കുന്ന ബസ്തികളിൽ ഗവൺമെൻറ് ഏതാനും പൊതു കക്കൂസുകളും നൽകുന്നു.
ഒരു ബസ്തിയിൽ സന്ദർശിക്കുവാൻ ഒരുവൻ തുടങ്ങുമ്പോഴേക്കും കൂടുതലും കുട്ടികൾ നിറഞ്ഞ ഏകദേശം നൂറോളം ആകർഷകാനിർഭരരായ നിരീക്തകരുടെ ജനസഞ്ചയത്താൽ അയാൾ അകമ്പടിസേവിക്കപ്പെടുക അസാധാരണമല്ല. വിട്ടുമാറാതെ ഓരോ ഭവനത്തിലേക്കും തന്റെ വരവിനു മുന്നോടിയായി പോയി വിളിച്ചു പറഞ്ഞുകൊണ്ടിരുന്ന ഒരു യുവാവ് നിമിത്തം അല്പം അസ്വസ്ഥനായ ഒരു സാക്ഷി ആ യുവാവിനോട് സംഭാഷണത്തിന്റെ ശേഷിച്ചഭാഗവും കൂടി ചെയ്യാനാഗ്രഹിക്കുന്നുവോ എന്നു ചോദിച്ചു. ബാഹ്യമായ ഈ ക്ഷണത്തിൽ നിഷ്കളങ്കനായ ആ യുവാവ് സാക്ഷിയിൽ നിന്നും ലഘുലേഖ എടുക്കുകയും അവതരണത്തിന്റെ ഓരോ വാക്കും പറയുകയും വീക്ഷാഗോപുരവും ഉണരുക!യും സമർപ്പണത്തിനായി അവതരിപ്പിക്കുകയും ചെയ്തു.
വ്യത്യസ്ത പശ്ചാത്തലങ്ങളെ കൈകാര്യം ചെയ്യൽ
പട്ടണത്തിലെ ബസ്തികളിൽ ഏതാണ്ട് പകുതിയിലും ഇസ്ലാം മതാനുഗാമികൾ വസിക്കുന്നു. എന്നിരുന്നാലും പട്ടണത്തിൽ നിലവിലുള്ള സഹിഷ്ണതാമനോഭാവം അത്തരത്തിലുള്ള പ്രദേശങ്ങളിൽ വീടുതോറുമുള്ള പ്രസംഗം സാദ്ധ്യമാക്കിത്തീർക്കുന്നു, വലിയ മുസ്ലീം സമുദായങ്ങളുള്ള മററു രാജ്യങ്ങളിൽ എല്ലായ്പ്പോഴും ആസ്വദിക്കാത്ത ഒരു ആനുകൂല്യം തന്നെ. ഇത്തരം പശ്ചാത്തലമുള്ള ആളുകളോട് കൽക്കട്ടയിലെ പയനിയർമാർക്ക് ഒരു പ്രത്യേക സമീപനരീതിയുണ്ടോ എന്ന് ഞാൻ ചോദിച്ചു.
“ചിലർ ഏക ദൈവത്തിലുള്ള വിശ്വാസമോ (ഒരു ത്രിത്വമല്ല), മൂല ബൈബിൾ ദൈവനിശ്വസ്തമായിരുന്നു എന്നുള്ള നമ്മുടെ പൊതു വിശ്വാസമോ പോലെയുള്ള പൊതു ആശയങ്ങൾ ചർച്ചചെയ്തുകൊണ്ട് മതമുൻവിധികളെ മറികടക്കാൻ ശ്രമിക്കുമ്പോൾ, മററു ചിലർ തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മനുഷ്യന്റെ കഴിവുകേടിനെ വിശേഷവൽക്കരിക്കുവാൻ പ്രാദേശിക പ്രശ്നങ്ങളെ ഉപയോഗിക്കുന്നു,” എന്റെ കൂട്ടുകാരൻ മറുപടി പറഞ്ഞു.
“ഫലം?” ഞാൻ അതിശയം കൊണ്ടു.
“വളരെ കുറച്ചാളുകൾ മാത്രം ഒരു ബൈബിളദ്ധ്യയനം ആവശ്യപ്പെടാൻ തക്കവണ്ണം താത്പര്യമുള്ളവരാണ്. ഉപജീവനം തേടുന്നതും തങ്ങളുടെ ജീവിതാവസ്ഥകൾ മെച്ചപ്പെടുത്തുന്നതും മാത്രമാണ് അവരുടെ മനസ്സിലുള്ളതെന്നു തോന്നുന്നു. അതോടൊപ്പം നാമമാത്രമായ അഥവാ ഉണ്ടെങ്കിൽതന്നെ വിദ്യാഭ്യാസം സുവാർത്ത സ്വീകരിക്കുന്നത് അവർക്ക് വളരെ പ്രയാസകരമാക്കുന്നു.”
ഹൈന്ദവ വീക്ഷണങ്ങളെ വളരെ സാധാരണയായി ഈ പട്ടണത്തിൽ അഭിമുഖീകരിക്കേണ്ടിവരുന്നു. 19-ാം നൂററാണ്ടിന്റെ മദ്ധ്യത്തിൽ ജീവിക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്ന രാമകൃഷ്ണന്റെ വചനങ്ങളിൽ ഒന്ന് ഉദ്ധരിക്കുന്നതിൽ ബംഗാളികൾ വിശേഷാൽ താത്പര്യമുള്ളവരാണ്. “ജോട്ട മോത്ത് ടോട്ട പോത്ത്” എന്നതിന്റെ ഒരു സാധാരണ ഗതിയിലുള്ള പരിഭാഷ എല്ലാമതങ്ങളും ഒരേ ലക്ഷ്യത്തിലേക്കുള്ള വ്യത്യസ്ത പാതകളാണ് എന്നാണ്.
“ഈ വീക്ഷണഗതി തരണം ചെയ്യാൻ പ്രയാസമുള്ളതാണോ?” ഞാൻ ചോദിച്ചു.
“വ്യക്തി ന്യായത്തിനു ചെവി കൊടുക്കുന്നവനാണെങ്കിൽ പ്രയാസമില്ല. മനുഷ്യപൂർണ്ണതയിൽ ഭൂമിയിൽ എന്നേക്കും ജീവിക്കാൻ കഴിയുമെന്നുള്ള നമ്മുടെ ബൈബിൾ അധിഷ്ഠിത പ്രത്യാശപോലുള്ള ചില പ്രകടമായ വ്യത്യാസങ്ങൾ നമുക്ക് നയപൂർവ്വം വിശദീകരിക്കാം. അല്ലെങ്കിൽ വിപരീത കാഴ്ച്ചപ്പാടുകൾ ഒരേ സമയം സത്യമായിരിക്കുക സാദ്ധ്യമല്ല എന്നു നമുക്ക് ചൂണ്ടിക്കാണിക്കാം. ദൃഷ്ടാന്തത്തിന് ഒന്നുകിൽ ഒരു അമർത്ത്യദേഹിയുണ്ട് അല്ലെങ്കിൽ ഒന്നില്ല.”
“അത് ശക്തമായ ന്യായവാദം ആണ്”
“ഉവ്വ്, എന്നുവരികിലും പലപ്പോഴും ആളുകൾ നാം പറയുന്നത് ഗൗരവമായി എടുക്കാൻ വിസമ്മതിക്കുന്നു. നാം വിശ്വസിക്കുന്നതെന്തെന്ന് അവർക്കറിയാമെന്നും അതേ സംഗതി തന്നെ അവർ വിശ്വസിക്കുന്നു എന്നും അവർക്കുറപ്പുണ്ട്. ഏതൊരു ക്രിയാത്മക ചർച്ചയേയും തകർക്കുന്നതിന് ഈ മനോഭാവം ചായ്വു കാട്ടുന്നു. അതുകൊണ്ട് ചില സാഹിത്യങ്ങൾ നൽകിക്കൊണ്ട് അടുത്ത വ്യക്തിയുടെ സമീപത്തേക്ക് നീങ്ങാൻ ഞങ്ങൾ ശ്രമിക്കുന്നു.”
“ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച് ആഴമായ ഗ്രാഹ്യം നേടാൻ ശ്രമിക്കുന്ന ആരെങ്കിലും ഹൈന്ദവ സമുദായത്തിൽ നിന്നും ഉണ്ടായിട്ടുണ്ടോ?
“ഉവ്വ്, രാമകൃഷ്ണന്റെ പിൻഗാമികളുമായുള്ള സഹവാസത്താൽ അന്ധവിശ്വാസങ്ങളിൽനിന്നും വിമുക്തനാക്കപ്പെട്ട ഒരു യുവാവുമായി പയനിയറൻമാർ ബന്ധപ്പെട്ടു, “എന്റെ സുഹൃത്ത് കൂട്ടിച്ചേർത്തു. അയാൾ മാസികകൾ സ്വീകരിക്കുകയും രണ്ടു ദിവസങ്ങൾക്കുശേഷം വീണ്ടും സന്ദർശിക്കപ്പെട്ടപ്പോഴേക്കും അവ വായിക്കുകയും ചെയ്തിരുന്നു. ധാരാളം ചർച്ചകൾക്കുശേഷം വിമോചനത്തിലേക്കു നയിക്കുന്ന ദിവ്യസത്യത്തിന്റെ പാത എന്ന ചെറുപുസ്തകം അയാൾ പഠിക്കാൻ തുടങ്ങുകയും ചെയ്തു. അദ്ധ്യയന ചോദ്യങ്ങൾക്കുള്ള തന്റെ ഉത്തരങ്ങളും അഭിപ്രായങ്ങളും അയാൾ ഒരു നോട്ടുബുക്കിൽ എഴുതിവയ്ക്കും. അഞ്ചുമാസങ്ങൾക്കുള്ളിൽ ഈ മനുഷ്യൻ സ്നാനപ്പെടുകയും മററു പലരുമായി തന്റെ അറിവുകൾ പങ്കുവെയ്ക്കുന്നതിനായി സഹായ പയനിയർസേവനം തുടങ്ങുകയും ചെയ്തു.”
“അത് തികച്ചും ഒരനുഭവമാണ്! എന്നാൽ അയാളുടെ കുടുംബത്തിന്റെ പ്രതികരണം എന്തായിരുന്നു?”
“അയാൾ തന്റെ വിധവയായ അമ്മയോടും വല്ല്യമ്മയോടുമൊപ്പം ജീവിക്കുകയായിരുന്നു, ഇരുവരും ഹിന്ദുമത ഭക്തരുമായിരുന്നു. അവരും താത്പര്യം പ്രകടമാക്കാനും ബൈബിൾ പഠിക്കാനും തുടങ്ങി. പെട്ടെന്ന് സ്ത്രീകളിലെ മാററങ്ങൾ അയൽക്കാർ ശ്രദ്ധിച്ചു. തൽഫലമായി മററു മൂന്നുപേർ താത്പര്യമുള്ളവരായിത്തീർന്നു. അയാളുടെ അമ്മ ഇപ്പോൾ സ്നാനപ്പെട്ടു കഴിഞ്ഞിരിക്കുന്നു. 70 വയസ്സുള്ള വല്ല്യമ്മ പ്രായം കൊണ്ടുള്ള അമാന്തം ഉണ്ടെങ്കിലും ഉടനേ സ്നാനപ്പെടാനാവുമെന്നാശിക്കുന്നു.
ഈ കഥ വിവരിക്കുന്നതിലുള്ള എന്റെ കൂട്ടുകാരന്റെ ഉത്തേജനത്തിൽനിന്നും അത്തരം അനുഭവങ്ങൾ പയനിയറൻമാരുടെ ഒരു യഥാർത്ഥ പ്രചോദനമാണെന്ന് എനിക്കു കാണാൻ കഴിഞ്ഞു. ചിലപ്പോൾ വളരെ കുറച്ചുമാത്രം പുരോഗതിയെ ഉള്ളു എന്ന് കാണപ്പെട്ടേക്കാം, എന്നാൽ അപ്പോൾതന്നെ ചിലർ ഒരു അത്യധികമായ താത്പര്യം എടുക്കുന്നു. അങ്ങനെ താത്പര്യമുള്ള മററു ചിലർക്കുവേണ്ടി കൂടി തങ്ങളുടെ തിരച്ചിലിൽ ശക്തരായി തുടരാൻ പയനിയറൻമാർ പ്രോത്സാഹിതരാക്കപ്പെടുന്നു.
ഭാഷാ തടസ്സങ്ങളെ തരണം ചെയ്യൽ
ബസ്സിലെ തിരക്ക് അല്പം കുറയാൻ തുടങ്ങിയിരുന്നു ഏതാനും ഇംഗ്ലീഷ് പദങ്ങൾ ഞാൻ തിരിച്ചറിഞ്ഞു. “ടിക്കററ് അപ്പനാർ ടിക്കററ്,” വലതുകൈയിൽ കുറേ വർണ്ണപകിട്ടാർന്ന ബാങ്കുനോട്ടുകളും, ഒരു വശത്ത് താൻ കണ്ടക്ടർ ആണെന്നു പ്രകടമാക്കുന്ന ചില്ലറയുടെ ഒരു സഞ്ചിയുമുള്ള യൂണിഫോം ധരിക്കാത്ത ഒരു മനുഷ്യൻ ഉറക്കെപ്പറഞ്ഞു. ഞാൻ പണം നൽകാൻ ഒരുങ്ങി, പക്ഷേ എന്റെ സ്നേഹിതന്റെ ഭാരതീയ ആതിഥേയത്വം അത് കേൾക്കുമായിരുന്നില്ല. അദ്ദേഹം തന്റെ ബ്രീഫ് കെയ്സ് എന്റെ കൈകളിലേക്ക് തള്ളി ഇട്ടിട്ട് ചില്ലറയ്ക്കുവേണ്ടി തന്റെ പോക്കററിൽ തപ്പി.
“ഇതിനുള്ളിൽ എന്തൊക്കെ നിങ്ങൾ കയററിയിട്ടുണ്ട്? ഞാൻ അതിശയം കൊണ്ടു. ഇതിന് ഒരു ടൺ ഭാരമുണ്ടാവണം!”
“കൊള്ളാം, ബൈബിളിന്റെ ഭാരതീയ ഭാഷാ പതിപ്പുകൾ വളരെ വലിയവയാണ്. കൽക്കട്ടയിൽ പൂർണ്ണമായി സജ്ജീകൃതരായിരിക്കുന്നതിന് ഞങ്ങൾക്ക് മൂന്നു ഭാഷകളിലുള്ള ബൈബിളുകൾ—ബംഗാളി, ഹിന്ദി, ഇംഗ്ലീഷ്—കൊണ്ടുപോകേണ്ടതുണ്ട്, കൂടാതെ ബൈബിൾ സാഹിത്യങ്ങളും.”
“തീർച്ചയായും, നിങ്ങൾക്ക് കേവലം ഒരു ഇംഗ്ലീഷ് ബൈബിൾ മാത്രം എടുക്കാനും വാക്യങ്ങൾ പരിഭാഷപ്പെടുത്താനും കഴിയും.”
“ഞങ്ങൾക്ക് കഴിയുമെന്ന് ഞാൻ വിചാരിക്കുന്നു. എന്നിരുന്നാലും ബംഗാളിയോ, ഹിന്ദിയോ, മാത്രം വായിക്കുന്ന പലരും തങ്ങളുടെ ഭാഷയിൽ ഒരു പൂർണ്ണ ബൈബിൾ ഒരിക്കലും കണ്ടിട്ടില്ല. അവരെ ഒരു പ്രതികാണിക്കാനും, അതിൽ നിന്ന് അവർക്കു വായിച്ചുകൊടുക്കാനും കഴിയുമ്പോൾ അത് വിശേഷാൽ നല്ലതെന്ന് ഞങ്ങൾക്കു തോന്നുന്നു. അത് തീർച്ചയായും വർദ്ധിച്ച ഭാരത്തിനും ശ്രമത്തിനും തക്കവിലയുള്ളതുതന്നെയാണ്.”
ഇവിടത്തെ വ്യത്യസ്ത ഭാഷാവിഭാഗങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് മാറുന്നത് പയനിയർമാരെ തിരക്കുള്ളവരാക്കുന്നു. അവരിൽ അനേകരും മൂന്നു പ്രമുഖ ഭാഷകളിൽ ഫലകരമായി സാക്ഷ്യം നൽകുന്നതിന് സ്വയം പഠിക്കുന്നു. ചിലർ അസാധാരണമായ വൈദഗ്ദ്ധ്യത്തോടെ അഞ്ചോ ആറോ ഭാഷകൾ സംസാരിക്കുവാൻ പഠിച്ചിട്ടുണ്ട്. പ്രാദേശിക ജനങ്ങൾ, തങ്ങളുടെ സമുദായത്തിന്റെ ഭാഷയിൽ സംസാരിക്കുന്നതിന് സന്ദർശകർ നടത്തുന്ന ശ്രമത്തെ വിലമതിക്കുന്നു, മാത്രമല്ല അവരുടെ ശ്രദ്ധാപൂർവ്വമായ പ്രതികരണത്തിന് ഭാഷാ പഠനത്തിന്റെ നീണ്ട മണിക്കൂറുകൾക്ക് മതിയായ പ്രതിഫലമായിരിക്കുവാനും കഴിയും.
വെല്ലുവിളി നിറഞ്ഞ ഒരു പ്രദേശത്ത് സന്തുഷ്ടി കണ്ടെത്തൽ
അപ്പോൾതന്നെ ഞങ്ങളുടെ ബസ്സ് ഒരിക്കൽകൂടി, വളരെ പണ്ടേ തേഞ്ഞു പഴകിയ ബ്രേയ്ക്ക് ലൈനിംഗുകളിൻമേൽ ഞരങ്ങി നിൽക്കുകയും ഞാൻ പുറത്തേക്ക് തള്ളി ഇറക്കപ്പെടുകയും ചെയ്തു.
“എന്തുകൊണ്ടിവിടെ?” ഞാൻ ചോദിച്ചു. “ഇവിടെയല്ലല്ലോ നിങ്ങൾ താമസിക്കുന്നത്?
“അല്ല, ഇത് പഞ്ചാബികളുടെ ഒരു പ്രദേശമാണ്. ഈ ആളുകൾ ഏററവും നല്ല ചായ ഉണ്ടാക്കുന്ന ആളുകളാണെന്ന് നിങ്ങൾക്കറിയാമോ? ഒരു കപ്പ് ഒന്ന് പരീക്ഷിച്ചു നോക്കാൻ നിങ്ങൾ ആഗ്രഹിക്കുമെന്ന് ഞാൻ വിചാരിച്ചു.”
ചായ വിശിഷ്ടമായിരുന്നു.
“ഈ സ്ഥലത്തെക്കുറിച്ച് നിങ്ങൾ എങ്ങനെയറിഞ്ഞു?” ഞാൻ അന്വേഷിച്ചു.
“ഓരോ പ്രദേശത്തും പ്രവർത്തിക്കുമ്പോൾ പ്രാദേശികമായ പ്രത്യേകതകൾ എന്തൊക്കെയെന്നും, എവിടെയാണ് ഏററവും നല്ലതും വിലകുറഞ്ഞതുമായ കടകൾ സ്ഥിതി ചെയ്യുന്നതെന്നും ഞങ്ങൾ പയനിയറൻമാർ അറിയുന്നു. നിങ്ങളുടെ ഉദരം ആവശ്യത്തിന് ശക്തമാണെങ്കിൽ നമുക്ക് പോകാനും ചില രസകരമായ ഭക്ഷണ പദാർത്ഥങ്ങൾ ആസ്വദിക്കാനും കഴിയും.”
എന്റെ കൂടുതൽ ശ്രദ്ധാലുക്കളായ ചില സ്നേഹിതരുടെ ഉപദേശം ഓർത്തുകൊണ്ട് ഞാൻ ആ ക്ഷണം ഒഴിവാക്കി. പക്ഷേ ഞാൻ ചായ ആസ്വദിക്കുക തന്നെ ചെയ്തു. പയനിയറൻമാർ സമനിലയുള്ളവരും, തങ്ങളുടെ സാഹചര്യങ്ങൾ ഏററവും നന്നായി ഉപയോഗിക്കുവാൻ പഠിച്ചിട്ടുള്ളവരുമാണെന്ന് എനിക്കു കാണാൻ കഴിഞ്ഞു. ആദ്യം പ്രതിബന്ധങ്ങൾ എന്നു തോന്നുന്ന സംഗതികൾ പോലും തരണം ചെയ്യപ്പെടാവുന്നവയും, ആസ്വദിക്കപ്പെടാവുന്നവയുമാണ്.
“നിങ്ങളുടെ സേവനം സംബന്ധിച്ച് നിങ്ങൾ ആസ്വദിക്കാത്തതായി എന്തെങ്കിലുമുണ്ടോ?” ഞാൻ അന്തിമമായി ചോദിച്ചു.
അല്പ സമയത്തേക്ക് എന്റെ സ്നേഹിതൻ ഈ ചോദ്യം സംബന്ധിച്ച് ആഴമായി ചിന്തിച്ചു. “വേനൽക്കാലത്തേയും, വർഷകാലത്തേയും കാലാവസ്ഥ ഞങ്ങൾക്ക് ഒരിക്കലും യഥാർത്ഥമായി ഇണങ്ങിച്ചേരാൻ കഴിയാത്ത ഒന്നാണെന്ന് ഞാൻ കരുതുന്നു. എന്നിരുന്നാലും ഇത് ഒരുവൻ പയനിയർ സേവനം ചെയ്താലും ഇല്ലെങ്കിലും നേരിടേണ്ട പ്രശ്നമാണ്. ബൈബിൾ വായിക്കുമ്പോൾ നിങ്ങളുടെ മൂക്കിന്റെ അഗ്രത്തിൽനിന്നും വിയർപ്പുകണങ്ങൾ നിങ്ങളുടെ ബൈബിളിലേക്ക് വീഴാൻ തക്കവണ്ണം ചൂടും അന്തരീക്ഷത്തിലെ ഈർപ്പവും അത്രയധികം ഉയരുന്നു. എന്നിട്ടും അതിനോടൊപ്പം കഴിയാൻ ഞങ്ങൾ പഠിക്കുന്നു. എന്തിന്, വർഷത്തിലെ ഏററവും ചൂടുകൂടിയ മാസമായ മെയ് മാസത്തിൽ സഹായപയനിയറൻമാരുടെ ഏററവും ഉയർന്ന സംഖ്യ പ്രസംഗവേലയിൽ ഞങ്ങളോടു ചേരുന്നതായി ഞങ്ങൾ കാണുന്നു.”
ആ ദിവസത്തിലേക്കും എന്റെ പയനിയർ സ്നേഹിതനുമായുള്ള സംഭാഷണത്തിലേക്കും തിരിഞ്ഞുനോക്കുമ്പോൾ ആളുകളുടെ അടുത്തേക്ക് സുവാർത്തയുമായി തങ്ങൾക്ക് എത്താൻ കഴിയത്തക്കവണ്ണം അത്രയധികം വ്യത്യസ്ഥരായ ആളുകളോടും സാഹചര്യങ്ങളോടും ഇണങ്ങിച്ചേരാനുള്ള കൽക്കട്ടയിലെ പയനിയറൻമാരുടെ കഴിവിൽ ഞാൻ മതിപ്പുള്ളവനാണ്. തീർച്ചയായും ലോകവ്യാപകമായുള്ള പയനിയറൻമാരെല്ലാം ഇതുതന്നെയാണ് ചെയ്യുന്നതെന്ന് ഞാൻ തിരിച്ചറിയുന്നു. ‘എല്ലാത്തരം ആളുകൾക്കും എല്ലാമായിത്തീരാൻ’ അവർ യഥാർത്ഥത്തിൽ സന്തോഷമുള്ളവരാണ്.—സംഭാവനചെയ്യപ്പെട്ടത്. (w87 2/15)
[28-ാം പേജിലെ ഭൂപടം/ചിത്രം]
(For fully formatted text, see publication)
കൽക്കട്ട
ഇൻഡ്യ