രാജ്യപ്രഘോഷകർ റിപ്പോർട്ട ചെയ്യുന്നു
ബൈബിൾ സത്യം ആത്മവിദ്യയിൽനിന്ന് സ്വതന്ത്രയാക്കുന്നു
ആത്മവിദ്യ സംബന്ധിച്ച യഹോവയുടെ വീക്ഷണം യിസ്രായേലിനോടുള്ള ഈ വാക്കുകളിൽ സ്പഷ്ടമാണ്. “നിങ്ങൾ ശകുനം നോക്കരുത്, നിങ്ങൾ മാന്ത്രിക വിദ്യ പ്രയോഗിക്കരുത്.” (ലേവ്യാപുസ്തകം 19:26) എന്നാൽ മാന്ത്രിക വിദ്യയിലും ആത്മവിദ്യയിലും ഉൾപ്പെട്ടിരിക്കുന്ന ഒരുവന് ഭൂതങ്ങളുടെ സ്വാധീനത്തിൽനിന്ന് സ്വതന്ത്രനാകാൻ കഴിയുന്നതെങ്ങനെ? യേശു ഇപ്രകാരം പറഞ്ഞു: “നിങ്ങൾ സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” (യോഹന്നാൻ 8:32) ഫ്രാൻസിലെ ഒരു സഹോദരിയുടെ പിൻവരുന്ന അനുഭവത്തിൽ ഇത് സത്യമെന്ന് തെളിഞ്ഞു.
“ഞാൻ എന്റെ പുതിയ വീട്ടിലേക്ക് മാറിത്താമസിച്ചപ്പോൾ ഒരു അയൽസുഹൃത്ത് എന്നെ സമീപിച്ച് എന്റെ ഗ്രഹനില നോക്കണമെന്നാവശ്യപ്പെട്ടു. ഉടൻതന്നെ അവളോടുള്ള എന്റെ സകല സൗഹൃദവും ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. അത് അത്ര നിസ്സാരമായിരുന്നില്ല. കാരണം അവൾ വാസ്തവത്തിൽ കൂട്ടുകൂടിക്കഴിയാൻ വളരെ ഇഷ്ടപ്പെടുന്ന ഒരു പ്രകൃതക്കാരിയായിരുന്നു.
“1980 നവംബറിൽ എനിക്ക് അസുഖം വന്നപ്പോൾ അവൾ എന്നെ സഹായിക്കാൻ വന്നു. ഞാൻ അവളുടെ ദയാലുത്വം വിലമതിച്ചു. അവൾ നിരാശയുടെ പിടിയിൽ നിന്ന് എപ്പോഴും രക്ഷപ്പെടുമെന്ന് എന്നോട് ഹൃദയം തുറന്ന് പറഞ്ഞപ്പോൾ എനിക്കവളോട് കൂടുതൽ അടുപ്പം തോന്നി. എന്നാൽ ഞാൻ വിചാരിച്ചിടത്തോളം അവൾ അത്ര സന്തുഷ്ടയല്ലെന്ന് പിന്നീട് ഞാൻ മനസ്സിലാക്കി. ഇനി ആത്മവിദ്യാപ്രശ്നം എങ്ങനെ കൈകാര്യം ചെയ്യും? ഇനി കാത്തിരിക്കുന്നത് ശരിയല്ലെന്ന് മനസ്സിലാക്കിക്കൊണ്ട്, സത്യത്തെക്കുറിച്ച് അവളോട് സംസാരിക്കാൻ ഞാൻ തീരുമാനിച്ചു.
ഏകാകികളായ സ്ത്രീകൾ അഭിമുഖീകരിക്കുന്ന വിചിത്രമായ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് ഞങ്ങൾ സംസാരിച്ചുതുടങ്ങി. അപ്പോൾ അവൾ ഇപ്രകാരം പറഞ്ഞു: ‘അതിനൊരു മാർഗ്ഗമുണ്ട്. ഞാൻ ടാറോട്ട് കാർഡ് വായിച്ചാണ് പണമുണ്ടാക്കുന്നത്.’ അപ്പോൾ ഞാൻ എന്റെ ബൈബിളെടുത്ത് ദുഷ്ടാത്മാക്കളുമായി സമ്പർക്കത്തിലാകുന്നത് എത്ര അപകടകരമാണെന്ന് അവളെ കാണിച്ചു.
“ആത്മവിദ്യയെക്കുറിച്ചുള്ള ഒരു വലിയ ചർച്ചയ്ക്കു കളമൊരുക്കി. അവൾ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതെല്ലാം സംഭവിച്ചിട്ടുണ്ടെന്ന് അവൾ വിവരിച്ചു. കാര്യങ്ങൾ വിവേചിച്ചറിയാൻ അവളെ സഹായിക്കാൻ ഞാൻ ശ്രമിച്ചു. ഞാൻ ആവർത്തനം 18:10, 11-ലെ മോശയുടെ വാക്കുകൾ അവളെ കാണിച്ചു: “നിങ്ങളുടെയിടയിൽ . . . പ്രശ്നം നോക്കുന്നവരും മാന്ത്രികവിദ്യ പ്രയോഗിക്കുന്നവരും ശകുനം നോക്കുന്നവരും . . . ആത്മമദ്ധ്യവർത്തികളുമായി സമ്പർക്കപ്പെടുന്നവരും ഭാവി മുൻകൂട്ടിപ്പറയുന്നവരും മരിച്ചവരോട് ആലോചന കഴിക്കുന്നവരും ഉണ്ടായിരിക്കരുത്.” ഞാൻ പോകുമളവിൽ അവൾ ഇപ്രകാരം പറഞ്ഞു: ‘ഞാൻ എന്റെ പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്തിയെന്ന് കരുതിയിരുന്നു.’ ഈ വാക്കുകൾ എനിക്ക് എത്ര പ്രോത്സാഹജനകമായിരുന്നു. കാരണം ഒരു പ്രാവശ്യത്തെ ചർച്ചയ്ക്കുശേഷം അവൾ ആത്മവിദ്യയെക്കുറിച്ച് ഭൂതകാലത്തിലാണ് സംസാരിക്കുന്നത്! അവൾ വാസ്തവത്തിൽ ആത്മവിദ്യയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കിയതായി എനിക്ക് തോന്നി.
“ആത്മീയാഹാരത്തിനുവേണ്ടിയുള്ള ഒരതീവ വിശപ്പോടെ അവൾ വെളുപ്പിന് മൂന്ന്, നാല് മണിവരെ ബൈബിൾ വായിക്കുമായിരുന്നു. തുടക്കത്തിൽ, അവൾക്ക് പ്രതിവാരം രണ്ട് അദ്ധ്യയനമുണ്ടായിരുന്നു. അവൾ മീററിംഗിന് വരുകയും വലിയ പുരോഗതി കൈവരുത്തുകയും ചെയ്തു. ഞങ്ങൾ ബൈബിളും വാച്ച്ടവർ പ്രസിദ്ധീകരണങ്ങളും ഉപയോഗിച്ചുകൊണ്ട് ആഴത്തിൽ ഗവേഷണം നടത്തി. അതിനുശേഷം ആത്മവിദ്യയോട് ബന്ധപ്പെട്ട തന്റെ സകല വസ്തുക്കളും കത്തിച്ചുകളയാൻ അവൾ വ്യക്തിപരമായി തീരുമാനിച്ചു.”
“ഈ സ്ത്രീ തുടർന്ന് പുരോഗമിക്കുകയും അധികം താമസിയാതെ മററുള്ളവരോട് ‘സുവാർത്ത’ പ്രസംഗിച്ചു തുടങ്ങുകയും ചെയ്തു. പലപ്പോഴും തന്റെ പൂർവ്വകാല പതിവുകാർ അവളെ ഫോണിൽ വിളിക്കാറുണ്ട്. തന്റെ ആത്മവിദ്യാപ്രവർത്തനങ്ങൾ ഉപേക്ഷിച്ചതായി വിശദീകരിച്ചശേഷം അതിലും രസകരമായ ചില കാര്യങ്ങൾ ശ്രദ്ധിക്കാൻ അവൾ അവരെ ക്ഷണിക്കും. അവൾ സ്നാനമേൽക്കുകയും ഇപ്പോൾ നമ്മുടെ ഒരു സഹോദരിയായിത്തീരുകയും ചെയ്തിരിക്കുന്നു.” (w87 9/1)