“ധൈര്യമുള്ളവനും സുശക്തനും ആയിരിക്ക”
“നിങ്ങൾ അവരെ ഭയപ്പെടരുത്, കാരണം നിങ്ങളുടെ ദൈവമായ യഹോവയാണ് നിങ്ങൾക്ക് വേണ്ടി യുദ്ധം ചെയ്യുന്നത്.”—ആവർത്തനം 3:22.
1. (എ) മരുഭൂമിയിലെ യാത്രയുടെ അവസാനം യിസ്രായേൽ ജനത്തിലെ അവസ്ഥ എന്തായിരുന്നു? (ബി) മോശെ അപ്പോൾ എന്തു പ്രബോധനം നൽകി?
യിസ്രായേല്യ ചരിത്രത്തിൽ അതിപ്രധാനമായ സംഭവങ്ങൾക്കുള്ള സമയമായിരുന്നു. ഇപ്പോൾ ദൈവത്തിന്റെ വിശുദ്ധ ജനത വാഗ്ദത്ത ദേശത്ത് പ്രവേശിക്കാൻ ഒരുങ്ങണമായിരുന്നു! ഏതാണ്ട് 40 വർഷങ്ങളായി മോശെ വലുതും ഭയജനകവുമായ ഒരു മരുഭൂമിയിലൂടെ യിസ്രായേല്യരെ നയിച്ചിരുന്നു. എന്നാൽ ഇപ്പോൾ, മോവാബ്യദേശത്ത് യോർദ്ദാൻ നദിയുടെ മേഖലയിൽ അവൻ അവസാനമായി ദൈവജനങ്ങളെ അഭിസംബോധന ചെയ്തു. അവന് 120 വയസ്സ് പ്രായമുള്ളപ്പോഴും “അവന്റെ കണ്ണ് മങ്ങിയിരുന്നില്ല, അവന്റെ ഓജസ് ക്ഷയിച്ചിരുന്നുമില്ല,” അവന്റെ സംസാരശേഷിയും നശിച്ചിരുന്നില്ല. മോശെ നടത്തിയ യഹോവയുടെ നിയമത്തിന്റെ സമർത്ഥമായ വിശദീകരണങ്ങളും ദേശം കൈവശമാക്കാൻ നീങ്ങുമ്പോൾ ധൈര്യശാലികളായിരിക്കാനുള്ള അവന്റെ ശക്തമായ പ്രബോധനവും കേട്ടതിൽ അവന്റെ പിൻഗാമിയാകാനിരുന്ന യോശുവയും എല്ലാ യിസ്രായേലും പുളകിതരായിരിക്കണം.—ആവർത്തനം 1:1-5, 19, 21, 30; 3:22; 31:6, 7, 23; 34:7.
2. ഈ കാര്യങ്ങളുടെ രേഖ ഇന്ന് നമ്മുടെ പ്രബോധനത്തിനുവേണ്ടിയാണെന്ന് നാം എങ്ങനെ അറിയുന്നു?
2 വളരെ ദീർഘനാൾ മുമ്പ് നടന്ന ആ സംഭവങ്ങൾ വെറും ചരിത്രപരമാണോ? ഒരിക്കലും അല്ല! അപ്പോസ്തലനായ പൗലോസ് നമ്മോട് ഇപ്രകാരം പറയുന്നു: “മുമ്പ് എഴുതപ്പെട്ടവയെല്ലാം നമ്മുടെ പ്രബോധനത്തിനുവേണ്ടി എഴുതപ്പെട്ടു, നമ്മുടെ സഹിഷ്ണതയാലും തിരുവെഴുത്തുകളിൽ നിന്നുള്ള ആശ്വാസത്താലും നമുക്ക് പ്രത്യാശ ഉണ്ടാകേണ്ടതിനുതന്നെ.” (റോമർ 15:4) ആ രേഖക്ക് ആധുനികനാളിൽ സമാന്തരങ്ങളുണ്ട്. ആത്മീയയുദ്ധത്തിനുവേണ്ടി അതിന് ഇന്ന് നമ്മെ ശക്തരാക്കാൻ കഴിയും. അത് “വ്യവസ്ഥിതിയുടെ സമാപനം വന്നെത്തിയിരിക്കുന്ന നമുക്ക് ഒരു മുന്നറിയിപ്പായും” ഉതകുന്നു, സാത്താന്റെ കെണികളെ ഒഴിവാക്കുന്നതിന് നമ്മെ സഹായിച്ചുകൊണ്ടുതന്നെ.—1 കൊരിന്ത്യർ 10:11; 1 പത്രോസ് 4:7.
യോശുവയുടെ ബലം—ഏതുറവിൽനിന്ന്?
3, 4. (എ) നാം ഭയരാഹിത്യം നട്ടുവളർത്തേണ്ടതിന്റെ ആവശ്യമുള്ളതെന്തുകൊണ്ട്? (ബി) നമുക്ക് ഇത് എങ്ങനെ ചെയ്യാൻ കഴിയും?
3 ഇപ്പോൾ വളരെ പെട്ടെന്നുതന്നെ ദൈവത്തിന്റെ ജനം യഹോവയുടെ പുതിയ വ്യവസ്ഥിതിയിലേക്ക് പ്രവേശിക്കും. ലോകത്തിൽ രൂപംകൊള്ളുന്ന സംഭവങ്ങളുടെ വീക്ഷണത്തിൽ നാം ഭയരാഹിത്യം നട്ടുവളർത്തേണ്ട ആവശ്യമുണ്ട്. നമുക്ക് ഇതെങ്ങനെ ചെയ്യാൻ കഴിയും? യോശുവ വാഗ്ദത്ത ദേശത്ത് പ്രവേശിക്കാൻ ഒരുങ്ങുമളവിൽ ദൈവം അവന് ഇപ്രകാരം നിർദ്ദേശം നൽകി: “എന്റെ ദാസനായ മോശെ നിന്നോടു കൽപ്പിച്ച നിയമമെല്ലാം അനുസരിച്ച് പ്രവർത്തിക്കാൻ ശ്രദ്ധിക്കേണ്ടതിന് ധൈര്യമുള്ളവനും സുശക്തനും ആയി മാത്രം ഇരിക്ക. നീ പോകുന്നിടത്തൊക്കെയും ജ്ഞാനപൂർവ്വം പ്രവർത്തിക്കേണ്ടതിന് അതിൽനിന്ന് ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത്. ഈ നിയമപുസ്തകം നിന്റെ വായിൽനിന്ന് നീങ്ങിപ്പോകരുത്, അതിൽ എഴുതിയിരിക്കുന്നതെല്ലാം അനുസരിക്കാൻ ശ്രദ്ധിക്കേണ്ടതിന് നീ രാവും പകലും ഒരു മന്ദസ്വരത്തിൽ അത് വായിക്കണം; അപ്പോൾ നീ നിന്റെ വഴി വിജയിപ്പിക്കും നീ ജ്ഞാനപൂർവ്വം പ്രവർത്തിക്കുകയും ചെയ്യും.”—യോശുവ 1:7, 8.
4 അതാണ് രഹസ്യം! ബൈബിൾ ദൈനംദിനം വായിക്കുക. അതിൽ നമുക്കുവേണ്ടിയുള്ള ദൈവത്തിന്റെ നിയമം അടങ്ങുന്നു. അതു സംബന്ധിച്ച് ധ്യാനിക്കുക. അതിന്റെ ഓർമ്മിപ്പിക്കലുകൾ അനുസരിക്കുക. നിങ്ങൾക്കു ചുററുമുള്ള അധാർമ്മികവും ഭൗതികാസക്തവുമായ ലോകത്തിലേക്ക് തിരിയാൻ നിങ്ങളെത്തന്നെ അനുവദിക്കരുത്. നിങ്ങൾ ഏതു സാഹചര്യത്തിൽ ആയാലും ജ്ഞാനത്തോടെ പ്രവർത്തിക്കുക. നിങ്ങൾ ദൈവവചനത്തിന്റെ പഠനത്തിലൂടെ സംമ്പാധിച്ച സൂക്ഷമപരിജ്ഞാനവും ആത്മീയ വിവേകവും പ്രയോഗത്തിൽ കൊണ്ടുവരുക. അതിനേക്കുറിച്ച് മററുള്ളവരോടു സംസാരിക്കുക. അങ്ങനെ ചെയ്യുന്നതിനാലും യഹോവയിൽ ആശ്രയിക്കുന്നതിനാലും നിങ്ങൾക്ക് ‘ധൈര്യമുള്ളവരും സുശക്തരും ആയിരിക്കാനും നിങ്ങളുടെ വഴി വിജയപ്രദമാക്കാനും’ കഴിയും.—സങ്കീർത്തനം 1:1-3 താരതമ്യപ്പെടുത്തുക; 93:5; 119:165-168.
5. (എ) യോശുവയേപ്പോലെ ഇന്ന് യുവശുശ്രൂഷകർക്ക് ബലം ആർജ്ജിക്കാൻ കഴിയുന്നതെങ്ങനെ? (ബി) ഇന്ന് യുവ സാക്ഷികൾക്ക് ഏത് ഉത്തമലക്ഷ്യം ഉണ്ടായിരിക്കാവുന്നതാണ്?
5 യോശുവ “അവന്റെ യൗവന കാലം മുതൽ മോശെയുടെ ശുശ്രൂഷക”നായിരുന്നു. (സംഖ്യാപുസ്തകം 11:28) ഈ അടുത്ത സഹവാസം ആത്മീയബലം ആർജ്ജിക്കാൻ അവനെ സഹായിച്ചുവെന്നതിന് സംശയമില്ല. അതുപോലെതന്നെ ഇന്നുള്ള യുവശുശ്രൂഷകർക്കും അർപ്പിതരായ മാതാപിതാക്കളോടും പയനിയർമാരോടും ദീർഘകാലം സാക്ഷികളായിരുന്നവരോടും യഹോവയുടെ മററ് വിശ്വസ്തദാസൻമാരോടുമൊത്ത് വേല ചെയ്യുന്നതിലൂടെ ബലം ആർജ്ജിക്കാൻ കഴിയും. തീഷ്ണതയുള്ള അത്തരക്കാരോടുകൂടെ വീടുതോറുമുള്ള സാക്ഷീകരണത്തിൽ ഏർപ്പെടുന്നത് ഒരു സന്തോഷമായിരിക്കാൻ കഴിയും, നമ്മുടെ യുവാക്കളിൽ പക്വതയും ശുശ്രൂഷയിൽ മുന്നേറാനുള്ള ആഗ്രഹവും കെട്ടുപണിചെയ്യാൻ സഹായിക്കുന്നതിനും കഴിയും. (പ്രവൃത്തികൾ 20:20, 21; യെശയ്യാവ് 40:28-31) യുവസാക്ഷികൾക്ക് യഹോവയുടെ രാജ്യത്തിനുവേണ്ടിയുള്ള മുഴുസമയസേവനത്തേക്കാൾ ഉത്തമമായ ഏതു ലക്ഷ്യം ഉണ്ടായിരിക്കാൻ കഴിയും!—സങ്കീർത്തനം 35:18; 145:10-12.
6. അമാലേക്യർക്കെതിരായ യുദ്ധത്തിൽ യോശുവ നമുക്കൊരു മാതൃകയായിരുന്നതെങ്ങനെ?
6 അമാലേക്യർക്കെതിരെ യുദ്ധം ചെയ്യുന്നതിന് മോശെ യോശുവയെ അയച്ചപ്പോൾ “മോശെ അവനോടു പറഞ്ഞിരുന്നതുപോലെതന്നെ യോശുവ ചെയ്തു.” അവൻ അനുസരണമുള്ളവനായിരുന്നു; അതുകൊണ്ട് അവൻ വിജയം നേടി. നമുക്ക് അവന്റെ സ്ഥാപനത്തിലൂടെ ലഭിക്കുന്ന യുദ്ധ നിർദ്ദേശങ്ങൾക്ക് നാം സൂക്ഷ്മശ്രദ്ധ നൽകുന്നെങ്കിൽ നാമും യഹോവയുടെ സംസ്ഥാപനത്തിൽ പങ്കു വഹിക്കും. അമാലേക്യർക്കെതിരെയുള്ള തന്റെ വിജയം ഒരു പുസ്തകത്തിൽ എഴുതിക്കൊണ്ടും യോശുവയുടെ ചെവിയിൽ പറഞ്ഞുകൊണ്ടും അത് സ്മരിക്കാൻ യഹോവ മോശെയോടു പറഞ്ഞു. അതിനേക്കുറിച്ച് മററുള്ളവരോട് സംസാരിച്ചുകൊണ്ട് യോശുവ വീണ്ടും യഹോവയുടെ വിജയത്തെ മഹത്വീകരിച്ചുവെന്നതിന് സംശയമില്ല. അതേ വിധത്തിൽ ഇന്ന് നമുക്കും പരമാധീശകർത്താവായ യഹോവയുടെ വീര്യപ്രവൃത്തികളെ അറിയിക്കാൻ കഴിയും, നമുക്ക് ദുഷ്ടൻമാരുടെ മേലുള്ള അവന്റെ ആസന്നമായ “പ്രതികാരദിവസം” ഘോഷിക്കാനും കഴിയും.—പുറപ്പാട് 17:10, 13,14; യെശയ്യാവ് 61:1,2; സങ്കീർത്തനം 145:1-4.
7, 8. (എ) കനാനിൽ നിന്ന് തിരിച്ചുവന്നപ്പോൾ യോശുവയും കാലേബും എന്തു വിശ്വാസം പ്രകടമാക്കി? (ബി) ആ സമയത്ത് യഹോവ കാര്യങ്ങൾ കൈകാര്യം ചെയ്തതിൽ നാം ഏതു മുന്നറിയിപ്പും പ്രോത്സാഹനവും കണ്ടെത്തുന്നു?
7 വാഗ്ദത്തദേശം ഒററുനോക്കുന്നതിന് മോശെ 12 പ്രഭുക്കൻമാരെ അയച്ചപ്പോൾ അവൻ അവരുടെ കൂട്ടത്തിൽ യോശുവയെ ഉൾപ്പെടുത്തി. തിരിച്ചു വന്നപ്പോൾ 10 ഒററുകാർ ദേശത്തിലെ കനാന്യനിവാസികളെ സംബന്ധിച്ച് വലിയ ഭയം പ്രകടമാക്കുകയും ഈജിപ്തിലേക്ക് തിരിച്ചുപോകുന്നതിനുള്ള ഒരു പ്രചാരണത്തിന് ജനത്തെ വശീകരിക്കുകയും ചെയ്തു. എന്നാൽ യോശുവയും കാലേബും ധൈര്യപൂർവ്വം ഇപ്രകാരം പ്രഖ്യാപിച്ചു: “യഹോവ നമ്മിൽ പ്രസാദിച്ചിരിക്കുന്നെങ്കിൽ അവൻ തീർച്ചയായും നമ്മെ ഈ ദേശത്തേക്ക് കൊണ്ടുവരുകയും പാലും തേനും ഒഴുകുന്ന ആ ദേശം നമുക്ക് നൽകുകയും ചെയ്യും. യഹോവക്കെതിരെ മത്സരിക്കുക മാത്രമരുത്; നിങ്ങൾ ആ ദേശത്തെ ആളുകളെ ഭയപ്പെടുകയുമരുത്, കാരണം അവർ നമുക്ക് ഇരയാകുന്നു. അവരുടെ ശരണം പൊയ്പ്പോയിരിക്കുന്നു, യഹോവ നമ്മോടു കൂടെയുണ്ട്. അവരെ ഭയപ്പെടരുത്.”—സംഖ്യാപുസ്തകം 13:1-14:38.
8 എന്നിരുന്നാലും, യിസ്രായേൽ സഭ തുടർന്നും പിറുപിറുത്തു, അതുകൊണ്ട് യഹോവ വരുകയും ഭീരുക്കളായ ആ യിസ്രായേല്യരെ 40 വർഷം മരുഭൂമിയിൽ അലയുന്നതിന് വിധിക്കുകയും ചെയ്തു. യോശുവയും കാലേബും ഒഴികെ യുദ്ധപ്രായമെത്തിയ അവരുടെ പുരുഷൻമാരെല്ലാം വാഗ്ദത്ത ദേശം കാണാതെ മരിച്ചുപോയി. ഇന്ന് നമുക്ക് എന്തൊരു മുന്നറിയിപ്പ്! നമുക്ക് യഹോവയുടെ ക്രമീകരണങ്ങൾക്കെതിരെ ഒരിക്കലും പിറുപിറുക്കാതിരിക്കാം. സാക്ഷീകരണത്തിന് വിഷമം പിടിച്ച പ്രദേശങ്ങളാണ് നമുക്ക് ലഭിക്കുന്നതെങ്കിൽ തന്നെയും ജീവരക്ഷാകരമായ രാജ്യദൂതുമായി ആളുകളുടെ ഭവനങ്ങളിലേക്ക് പോകുന്നതിൽ നമുക്ക് ധൈര്യവും ഉറപ്പുമുള്ളവരായിരിക്കാം. ഒരു പരസ്യസാക്ഷ്യം നൽകുന്നതിനേക്കാൾ തങ്ങളുടെ സഹോദരങ്ങളേക്കുറിച്ച് ദുഷിപറയാനും ലോകത്തിന്റെ വഴികളിലേക്ക്—പ്രതിമാതൃകയിലെ ഈജിപ്തിലേക്ക്—പിന്തിരിയാനും കൂടുതൽ ഇഷ്ടപ്പെടുന്ന ആധുനികനാളിലെ വിശ്വാസത്യാഗികളേപ്പോലെ നമുക്ക് ഒരിക്കലും ആകാതിരിക്കാം.—സംഖ്യാപുസ്തകം 14:1-4, 26-30; ലൂക്കോസ് 12:45, 46; പ്രവൃത്തികൾ 5:27-29, 41, 42 താരതമ്യപ്പെടുത്തുക.
യഹോവയുടെ നാമം മുൻപന്തിയിലേക്ക്!
9. യോശുവ അവന്റെ പുതിയ പേരിനു യോഗ്യമായി ജീവിച്ചതെങ്ങനെ?
9 പന്ത്രണ്ട് ഒററുകാരുടെ ബൈബിൾ പട്ടിക യോശുവയുടെ നാമം “രക്ഷ” എന്നർത്ഥമുള്ള ഹോശേയ എന്നെഴുതുന്നു. എന്നാൽ ഇവിടെ രേഖ ഇപ്രകാരം പറയുന്നു: “മോശെ നൂന്റെ മകനായ ഹോശേയക്ക് [‘യഹോവ രക്ഷയാകുന്നു’ എന്നർത്ഥമുള്ള] യെഹോശുവ എന്നു പേരിട്ടു.” മോശെ അങ്ങനെ യഹോവയുടെ നാമത്തിന് ഊന്നൽ നൽകിയതെന്തുകൊണ്ട്? അത് യോശുവ ആ നാമ സംസ്ഥാപനത്തിനുവേണ്ടി മുഖ്യമായും സേവ ചെയ്തതുകൊണ്ടായിരുന്നു. മോശെ പിൽക്കാലത്ത് യിസ്രായേല്യരോട് ഊന്നിപ്പറഞ്ഞ ഈ കല്പന അനുസരിക്കുന്നതിൽ യോശുവ ഒരു ജീവിക്കുന്ന മാതൃകയായിത്തീർന്നു: “നീ നിന്റെ ദൈവമായ യഹോവയെ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴു ജീവശക്തിയോടുംകൂടെ സ്നേഹിക്കണം.” അങ്ങനെ ചെയ്യുകയിൽ ‘യഹോവ രക്ഷയാകുന്നു’ എന്ന് പ്രകടമാക്കാൻ അവന് പദവി ലഭിച്ചു.—സംഖ്യാപുസ്തകം 13:8, 16; ആവർത്തനം 6:5.
10. (എ)യഹോവയുടെ നാമം നിങ്ങളെ സംബന്ധിച്ച് എന്തർത്ഥമാക്കുന്നു? (ബ) യോശുവയോടുള്ള യഹോവയുടെ അടുത്ത വാക്കുകളിൽനിന്ന് നമുക്ക് എന്തു ബലം നേടാൻ കഴിയും?
10 അത്യന്തം വിലപ്പെട്ടതും സകല സ്തുതിക്കും അർഹമായതുമെന്ന നിലയിൽ നാമും യഹോവയുടെ നാമത്തെ കണക്കാക്കാനിടയായിട്ടില്ലേ? അവന്റെ വിശ്രുതമായ നാമം അവന്റെ വാഗ്ദത്തങ്ങൾ നിറവേററുന്നതിനോടുള്ള ബന്ധത്തിൽ “ആയിത്തീരാൻ ഇടയാക്കുന്നവൻ” എന്നർത്ഥമാക്കുന്നു. അവന്റെ രാജ്യവാഗ്ദത്തങ്ങൾ എത്ര സ്നേഹനിർഭരമാണ്! യോശുവയുടേതുപോലുള്ള തീഷ്ണതയോടെ നാം, ഇനിയും യഹോവയുടെ ശുദ്ധവും സ്വീകരിച്ചേക്കാവുന്ന എല്ലാവരുടേയും മുമ്പാകെ അവന്റെ നാമവും ഉദ്ദേശ്യങ്ങളും മഹത്വീകരിക്കാൻ ആഗ്രഹിക്കേണ്ടതാണ്. യോശുവയോടുള്ള യഹോവയുടെ അടുത്ത വാക്കുകളിൽനിന്ന് ഈ പ്രയാസകാലത്ത് നമുക്ക് ബലം നേടാൻ കഴിയും: “ഞാൻ നിന്നോടു കല്പിച്ചിട്ടില്ലയോ? ധൈര്യവും ഉറപ്പുമുള്ളവനായിരിക്കുക. ഞെട്ടുകയോ ഭയപ്പെടുകയോ അരുത്, കാരണം നിന്റെ ദൈവമായ യഹോവ നീ പോകുന്നിടത്തൊക്കെയും നിന്നോടുകൂടെയുണ്ട്.”—യോശുവ 1:9.a
11. (എ) യേശു യരൂശലേമിലേക്ക് യാത്ര ചെയ്തപ്പോൾ അവന്റെ നാമത്തിന്റെ അർത്ഥം ദൃഢീകരിക്കപ്പെട്ടതെങ്ങനെ? (ബി) യേശു യഹോവയുടെ നാമത്തെ എങ്ങനെ കണക്കാക്കി, അത് എങ്ങനെ മനസ്സിലാക്കാം?
11 യോശുവ അഥവാ യെഹോശുവ എന്ന നാമത്തിന്റെ ഗ്രീക്ക് സമാനാർത്ഥപദം യേശു എന്നതാണ്, അതിന്റേയും അർത്ഥം “യഹോവ രക്ഷയാകുന്നു” എന്നാണ്. യേശുക്രിസ്തുവിലൂടെയാണ് യഹോവ മനുഷ്യവർഗ്ഗത്തിന് രക്ഷ നൽകുന്നത്. യേശു പൊ.യു.33-ൽ ഒരു കഴുതക്കുട്ടിയുടെ പുറത്ത് യെരൂശലേമിലേക്ക് സവാരി ചെയ്തപ്പോൾ ജനക്കൂട്ടം ഇപ്രകാരം ആർത്തു വിളിച്ചുകൊണ്ടിരുന്നു: “രക്ഷിക്കേണമേയെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു! യഹോവയുടെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ!” (മർക്കോസ് 11:9; സെഖര്യാവ് 9:9) ‘നമുക്ക് തന്റെ കാൽച്ചുവടുകളെ അടുത്തുപിൻപററാൻ ഒരു മാതൃക വെച്ചിട്ടുപോയ’ യേശുവിന്റെ മുൻകുറിയിലെ ഒരു യഥാർത്ഥ പകർപ്പായി യോശുവ. (1 പത്രോസ് 2:21) യോശുവയേപ്പോലെ, യേശു യഹോവയുടെ നാമം വിലപ്പെട്ടതായി കണക്കാക്കുകയും ആ നാമത്തെ ഉന്നതമാക്കുകയും ചെയ്തു. തന്റെ ശിഷ്യൻമാരോടൊത്തുള്ള തന്റെ അന്തിമ പ്രാർത്ഥനയിൽ അവൻ ഇപ്രകാരം പറഞ്ഞുകൊണ്ട് രണ്ടുപ്രാവശ്യം ദൈവത്തിന്റെ നാമം ഊന്നിപ്പറഞ്ഞു: “നീ ലോകത്തിൽനിന്ന് എനിക്കു നൽകിയ മനുഷ്യർക്ക് ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. . . . നീ എന്നെ സ്നേഹിച്ച സ്നേഹം അവരിൽ ആകുവാനും ഞാൻ അവരോട് ഐക്യത്തിൽ ആകുവാനും ഞാൻ അവർക്ക് നിന്റെ നാമം അറിയിച്ചുകൊടുത്തിരിക്കുന്നു, അറിയിച്ചുകൊടുക്കുകയും ചെയ്യും.” (യോഹന്നാൻ 17:6, 26) ആ നാമം മററുള്ളവർക്ക് അറിയിച്ചു കൊടുക്കാൻ നമുക്ക് എന്തൊരു പദവിയാണുള്ളത്!
12. നാം ഇന്ന് ഏത് അത്ഭുത പ്രവൃത്തികൾക്കായി കാത്തിരിക്കുന്നു, എന്തുകൊണ്ട്?
12 നാം യോശുവയുടെ വിശ്വസ്തമായ നായകത്വത്തേക്കുറിച്ചുള്ള ബൈബിൾ രേഖ വായിക്കുമളവിൽ വലിപ്പമേറിയ യോശുവയായ യേശുക്രിസ്തു ഇന്ന്, ദൈവജനങ്ങളെ നയിച്ചുകൊണ്ടിരിക്കുന്നുവെന്ന സംഗതി നമുക്ക് മനസ്സിൽ പിടിക്കാൻ കഴിയും. “യഹോവയുടെ” സംസ്ഥാപന “നാൾ” ഇപ്പോൾ ആസന്നമാണ്. ആ ദിവസത്തേതുടർന്ന് വരുന്ന നീതിയുള്ള ഒരു പുതിയ വ്യവസ്ഥിതിയേക്കുറിച്ചുള്ള അവന്റെ വാഗ്ദത്ത നിവൃത്തിക്കായി നാം എത്ര ആകാംക്ഷയോടെ കാത്തിരിക്കുന്നു! (2 പത്രോസ് 3:10-13, 17, 18) അപ്പോൾ, യഹോവയുടെ കൂടുതലായ വീര്യപ്രവൃത്തികൾക്കായി, യോശുവ മുഖാന്തരം അവൻ നിർവ്വഹിച്ചതിനേക്കാൾ കൂടുതൽ വിസ്മയകരമായവക്കായി നാം വിശ്വാസത്തോടെ നോക്കിപ്പാർത്തിരിക്കുന്നു.
യോർദ്ദാനിലെ യഹോവയുടെ അത്ഭുതം
13. (എ) യോർദ്ദാന്റെ കിഴക്കേക്കരയിൽവെച്ച് പ്രഥമ ദൃഷ്ടിയിൽ അസാദ്ധമായ ഏതു സാഹചര്യം യിസ്രായേല്യർ അഭിമുഖികരിച്ചു? (ബി) യിസ്രായേല്യരുടെ അനുസരണത്തിന് എങ്ങനെ പ്രതിഫലം ലഭിച്ചു?
13 അത് പൊ.യു.മു. 1473-ലെ കൊയ്ത്തു കാലമായിരുന്നു, യോർദ്ദാൻ നദിയിൽ വെള്ളപ്പൊക്കവും ആയിരുന്നു. പ്രായമുള്ളവരും ചെറുപ്പക്കാരും സ്ത്രീകളും പുരുഷൻമാരും കുട്ടികളും അടങ്ങുന്ന അനേകലക്ഷം ആളുകളെ, കുത്തിയൊഴുകുന്ന ആ ഉഗ്രജലപ്രവാഹത്തിലൂടെ എങ്ങനെ മറുകരകടത്തും? എങ്കിലും യഹോവ യോശുവയോട് ഇപ്രകാരം കല്പിച്ചിരുന്നു: “ഇപ്പോൾ എഴുന്നേററ്, നീയും എല്ലാജനങ്ങളും യോർദ്ദാൻ കടക്കുക.” ക്രമത്തിൽ ജനം യോശുവയോട് ഇപ്രകാരം പറഞ്ഞു: നീ ഞങ്ങളോട് കൽപ്പിച്ചവയെല്ലാം ഞങ്ങൾ ചെയ്യാം.” യിസ്രായേൽ ജനം പാളയത്തിൽനിന്ന് പുറപ്പെട്ടു. അവരോടുകൂടെയുള്ള യഹോവയുടെ സാന്നിദ്ധ്യത്തെ പ്രതിനിധീകരിച്ച നിയമപ്പെട്ടകം നന്നായി മൂടി, അതും വഹിച്ചുകൊണ്ട് പുരോഹിതൻമാർ ആദ്യം യാത്രചെയ്തു. അപ്പോൾ യഹോവ ‘അവരുടെ മദ്ധ്യേ അത്ഭുതകാര്യങ്ങൾ ചെയ്യാൻ’ തുടങ്ങി, എന്തെന്നാൽ “പെട്ടകം ചുമന്നിരുന്നവർ യോർദ്ദാന്റെ സമീപം വന്ന് പെട്ടകം വഹിച്ചിരുന്ന പുരോഹിതൻമാരുടെ കാലുകൾ വെള്ളത്തിന്റെ അരികിൽ മുങ്ങിയ ഉടനെ . . . മുകളിൽ നിന്ന് ഒഴുകിവന്നിരുന്ന വെള്ളം നിശ്ചലമായി നിൽക്കാൻ തുടങ്ങി.” കീഴെയുള്ള വെള്ളം ചാവകടലിലേക്ക് ഒഴുകുന്നതിന് “വിഛേദിക്കപ്പെട്ടു,” “ജനം മറുകര കടക്കുകയും ചെയ്തു.” (യോശുവ 1:2, 16; 3:5-16) വാസ്തവത്തിൽ ഒരു അത്യത്ഭുതംതന്നെ!
14. ഈ നാളിൽ എന്തു സമാന്തരം സ്ഥിതിചെയ്യുന്നു, നൽകപ്പെട്ട സാക്ഷ്യത്തിന്റെ ഫലം എന്തായിരുന്നു?
14 കുത്തിയൊഴുകുന്ന യോർദ്ദാൻ നദിക്ക്, ഇപ്പോൾ അർമ്മഗെദ്ദോനിലെ നാശത്തിലേക്ക് രണ്ടും കല്പിച്ച് മുന്നോട്ടുനീങ്ങുന്ന മനുഷ്യപ്രളയത്തിൽ ഒരു സമാന്തരം കാണുന്നു. (യെശയ്യാവ് 57:20; വെളിപ്പാട് 17:15 ഇവ താരതമ്യപ്പെടുത്തുക) ഇന്ന് മനുഷ്യവർഗ്ഗം ആ അന്തിമ അനർത്ഥത്തിന്റെ വക്കിൽ നിലകൊള്ളുമ്പോൾ ഇപ്പോൾ 30,00,000-ലധികം വരുന്ന തന്റെ ജനത്തെ യഹോവ ശക്തീകരിക്കുന്നു—യോശുവയോടുകൂടെ യാത്രചെയ്ത ദൈവജനങ്ങളോട് ഉപമിക്കാവുന്ന ഒരു സംഖ്യതന്നെ.—ഹബക്കൂക്ക് 2:3 താരതമ്യപ്പെടുത്തുക.
15. (എ) അവിടെ ധൈര്യത്തോടെയുള്ള പുരോഹിതൻമാരുടെ പ്രവർത്തനം ആധുനികകാലത്തെ എന്തിന് സാദൃശമായിരിക്കുന്നു? (ബി) ഈ ചിത്രത്തിൽ “മഹാപുരുഷാരം” പ്രതിനിധീകരിക്കപ്പെടുന്നതെങ്ങനെ?
15 ലക്ഷക്കണക്കിന് യിസ്രായേല്യർ നദീതടത്തിലൂടെ കടന്നുപോകുമളവിൽ യഹോവയാം ദൈവത്തിന്റെ ഇടപെടലിനെ പ്രതിനിധീകരിക്കുന്നതിന് “യഹോവയുടെ നിയമപെട്ടകം വഹിക്കുന്ന പുരേഹിതൻമാർ യോർദ്ദാന്റെ നടുവിൽ ഉണങ്ങിയ നിലത്ത് നിശ്ചലരായി നിന്നു.” (യോശുവ 3:17) അഭിഷിക്ത സാക്ഷികളുടെ ചെറിയ കൂട്ടം മനുഷ്യവർഗ്ഗത്തിന്റെ “വെള്ള”ത്തിലേക്ക് ധൈര്യപൂർവ്വം കാലെടുത്തുവെച്ചത് 1919-ൽ ആയിരുന്നു. അവർ 1922-ൽ ‘രാജാവിനെയും അവന്റെ രാജ്യത്തെയും പ്രസിദ്ധമാക്കുക, പ്രസിദ്ധമാക്കുക, പ്രസിദ്ധമാക്കുക’ എന്ന ക്ഷണത്തിന് ധൈര്യപൂർവ്വം ഉത്തരം നൽകി, ഫലത്തിൽ ഇപ്രകാരം പറഞ്ഞുകൊണ്ടുതന്നെ: “ഞാൻ ഇതാ! എന്നെ അയയ്ക്കു.” യഹോവ അവർക്ക് ഇപ്രകാരം ഉറപ്പു നൽകുന്നു: “നീ വെള്ളത്തിലൂടെ കടന്നുപോകേണ്ടി വരുന്നെങ്കിൽ, ഞാൻ നിന്നോടുകൂടെയുണ്ടായിരിക്കും; നദികളിലൂടെയെങ്കിൽ അവ നിന്റെ മേൽ കവിഞ്ഞൊഴുകുകയില്ല.” അവൻ 1931-ൽ അവർക്ക് യഹോവയുടെ സാക്ഷികൾ എന്ന നാമം നൽകിക്കൊണ്ട് അവരെ ആദരിച്ചു. (യെശയ്യാവ് 6:8; 43:2, 12) യോർദ്ദാൻ കുറുകെ കടന്നവരിൽ ലേവ്യരല്ലാത്ത യിസ്രായേല്യരല്ലാത്ത “വലിയ സമ്മിശ്രപുരുഷാര”ത്തിന്റെ വംശജരും ഉണ്ടായിരുന്നു. അതുപോലെതന്നെ, ഇന്ന് ആത്മീയ പുരോഹിതവർഗ്ഗത്തിൽ ശേഷിപ്പുള്ളവർ “ഉറപ്പുള്ളവരും അചഞ്ചലരും “തങ്ങളുടെ വിശ്വാസത്തിൽ മാതൃകായോഗ്യരും ആയി നിലകൊള്ളുമ്പോൾ ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയിലേക്ക് അപ്പുറം കടക്കുന്നതിൽ “മഹാപുരുഷാരം” പങ്കുകൊള്ളുന്നു.—പുറപ്പാട് 12:38; വെളിപ്പാട് 7:9; 1 കൊരിന്ത്യർ 15:58.
ആ അത്ഭുതം സ്മരിക്കുന്നു
16. (എ) യോർദ്ദാനിലെ അത്ഭുതം സ്മരിക്കപ്പെട്ടതെങ്ങനെ? (ബി) ഇന്നത്തെ യഹോവയുടെ അത്ഭുത പ്രവൃത്തികൾ സംബന്ധിച്ച് ഇത് എന്തു സൂചനനൽകുന്നു?
16 യിസ്രായേൽ ഗോത്രങ്ങളെ പ്രതിനിധീകരിക്കുന്ന 12 പുരുഷൻമാർ നദീതടത്തിൽ നിന്ന് 12 കല്ലുകൾ എടുക്കാനും പശ്ചിമ തീരത്ത് ഗിൽഗാലിൽ അവ പ്രതിഷ്ഠിക്കാനും കല്പിച്ചുകൊണ്ട് യോർദ്ദാനിലെ ഈ അത്ഭുതത്തിന്റെ സ്മാരകം ഉണ്ടാക്കാൻ യഹോവ തുടർന്ന് പറഞ്ഞു. ആ കല്ലുകൾ യഹോവയുടെ നാമത്തിനും അവന്റെ അത്ഭുത പ്രവൃത്തികൾക്കും ഒരു നിലനിൽക്കുന്ന സ്മാരകമായി അവിടെ നിലകൊള്ളുമായിരുന്നു. ഈ സ്മാരകം “യഹോവയുടെ കരം കരുത്തുററതാണെന്ന് ഭൂമിയിലെ എല്ലാ ജനങ്ങളും അറിയേണ്ടതിന്; നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ എക്കാലവും ഭയപ്പെടേണ്ടതിന്” ആയിരുന്നുവെന്ന് യിസ്രായേലിന്റെ ഭാവിപുത്രൻമാരോട് പറയേണ്ടതുണ്ടായിരുന്നു. (യോശുവ 4:1-8, 20-24) ആധുനിക കാലത്ത് മത—രാഷ്ട്രീയ നേതാക്കൻമാരുടെ ഹീനമായ ആക്രമണങ്ങൾ ഗണ്യമാക്കാതെ തന്റെ ജനത്തെ കാത്തുരക്ഷിക്കുന്നതിലുള്ള യഹോവയുടെ അത്ഭുത പ്രവൃത്തികൾ അവൻ തന്റെ ജനത്തോടുകൂടെ ഉണ്ടെന്നുള്ളതിന്റെ ഒരു സ്മാരകമായി നിലകൊള്ളുന്നു. തന്റെ നാമം സംസ്ഥാപിക്കുന്നതിലുള്ള ആധുനികനാളിലെ അവന്റെ മഹത്തായ പ്രവർത്തനങ്ങൾ അവന്റെ പുതിയ വ്യവസ്ഥിതിയിൽ എന്നേക്കും സ്മരിക്കപ്പെടുമെന്നതിന് സംശയമില്ല.—വെളിപ്പാട് 12:15, 16; സങ്കീർത്തനം 135:6, 13.
17. (എ) കൂടുതലായ ഏതു സ്മാരകം യോശുവ സ്ഥാപിച്ചു? (ബി) ഇന്ന് സമാനമായ ഏതു സാക്ഷ്യത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ മനുഷ്യവർഗ്ഗത്തിന് കഴിയില്ല?
17 കൂടുതലായ ഒരു സ്മാരകം ക്രമീകരിച്ചിരുന്നു: “നിയമപെട്ടകം വഹിച്ചിരുന്ന പുരോഹിതൻമാർ കാലുറപ്പിച്ചു നിന്ന സ്ഥാനത്ത് യോർദ്ദാന്റെ മദ്ധ്യത്തിൽ യോശുവ പ്രതിഷ്ഠിച്ച പന്ത്രണ്ടു കല്ലുകളും ഉണ്ടായിരുന്നു, അവ ഈ ദിവസംവരെ അവിടെ ഇരിക്കുന്നു.” പുരോഹിതൻമാർ നദീതടത്തിൽനിന്ന് കരേറുകയും യഹോവ ചിറകെട്ടിനിർത്തിയിരുന്ന വെള്ളം അഴിച്ചുവിടുകയും ചെയ്തപ്പോൾ ഇവ 12 സാക്ഷ്യകല്ലുകൾക്കുചുററമായി ചുഴിയായി വന്നു. (യോശുവ 4:9) മേലാൽ, പ്രളയത്തിന് ആ കല്ലുകളുടെ സാന്നിദ്ധ്യത്തെ തെററി ഒഴിയാൻ കഴിഞ്ഞില്ല. അതുപോലെതന്നെ ഇന്നും, മനുഷ്യവർഗ്ഗം അർമ്മഗെദ്ദോൻ ആകുന്ന “ചാവുകടലിലേക്ക്” എന്നത്തേക്കാൾ വേഗത്തിൽ ചെന്നുചാടുന്നു. എന്നാൽ അതിന് യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി കൂനകൂട്ടിയിരിക്കുന്ന സാക്ഷ്യത്തെ ഒഴിഞ്ഞുമാറാൻ കഴിയില്ല, അവർ “സുവാർത്തയുടെ വിശ്വാസത്തിനുവേണ്ടി ഏകദേഹിയോടെ ഒത്തുചേർന്ന് കഠിനശ്രമം ചെയ്യുകയും ഏകാത്മാവിനാൽ ഉറച്ചു” നിൽക്കുകയും ചെയ്യുമളവിൽ തന്നെ. (ഫിലിപ്പിയർ 1:27, 28) സാക്ഷികൾ 1986 വരെയുള്ള 67 വർഷങ്ങളിൽ ഭൂവ്യാപകമായ വിതരണത്തിനായി 570,000,000 ലധികംപുസ്തകങ്ങളും ചെറുപുസ്തകങ്ങളും വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ 6,400,000,000 ലധികം പ്രതികളും അതുപോലെതന്നെ അനേകം സൗജന്യ ലഘുലേഖകളും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ലഭ്യമായ രേഖകൾ പ്രകടമാക്കുന്നു—വാസ്തവത്തിൽ ഒരു മഹത്തായ സാക്ഷ്യം തന്നെ!
18. (എ) പൗരോഹിത്യ ഗണം ഇന്ന് ഏതു ഗുണങ്ങൾ പ്രകടമാക്കിയിരിക്കുന്നു? (ബി) ദൈവജനങ്ങളെല്ലാം ഉത്തേജിപ്പിക്കപ്പെട്ടിരിക്കുന്നതെങ്ങനെ?
18 ആ സാക്ഷ്യം 1987 എന്ന ഈ വർഷംവരെ തുടർന്നിരിക്കുന്നുവെന്നതിൽ നമുക്ക് സന്തുഷ്ടരായിരിക്കാൻ കഴിയും. ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നത് കഠിന വേലയായിരുന്നു, 12 പുരുഷൻമാർ സ്മാരകക്കല്ല് ചുമലിൽ ഏററി ഗിൽഗാൽ വരെ ചുമന്നുകൊണ്ടു വന്നപ്പോഴെന്നപ്പോലെ തന്നെ. എന്നാൽ ദൈവത്തിന്റെ ആധുനിക നാളിലെ ജനത്തെ “ധൈര്യമുള്ളവരും സുശക്തരും ആയിരിക്കാൻ” സ്ഥിരമായി ഉത്തേജിപ്പിക്കുന്ന ഒരു മഹത്തായ പയനിയർ ആത്മാവ് അവരെ ഏകീകരിച്ചിരിക്കുന്നു.—സങ്കീർത്തനം 27:14; 31:24; സെഫന്യാവ് 3:9.
19. യോശുവയുടെ നാളിലെ കൂടുതലായ സംഭവങ്ങൾ പുനശോധന ചെയ്യുമളവിൽ നമുക്ക് എന്തു വിശ്വാസം ഉണ്ടാകും?
19 തന്റെ ജനത്തിനുവേണ്ടി യഹോവ കൂടുതലായ അത്ഭുതങ്ങൾ പ്രവർത്തിക്കും എന്ന ദൃഢവിശ്വാസത്തോടെ മുന്നേറാൻ യോശുവയുടെ നാളിലെ മററു സംഭവങ്ങൾ നമ്മെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. നമ്മുടെ അടുത്ത ലേഖനം ഇവയിൽ ചിലത് പുനശോധന ചെയ്യും. (w86 12/15)
[അടിക്കുറിപ്പുകൾ]
a ആദ്യത്തെ ആലയ കാലഘട്ടത്തിൽ യഹോവയോടുള്ള ഭക്തിസൂചിപ്പിക്കുന്നതിന് ദൈവനാമത്തിന്റെ ഭാഗം ഉൾപ്പെടുത്തി സംജ്ഞാനാമങ്ങളക്ക് സാധാരണയായി ഒരു ദീർഘരൂപം നൽകിയിരുന്നു എന്ന് അപ്പോൾ ഗോൾഡൻ ബർഗ്ഗ് വൃത്തവും ബൈബിളിൽ അതിന്റെ പ്രാധാന്യവും (എബ്രായ) എന്ന ഗ്രന്ഥത്തിൽ എഴുതുന്നു. “പഞ്ചഗ്രന്ഥത്തിൽ, മോശെ ഒററുനോക്കുന്നതിനയക്കുമ്പോൾ നൂന്റെ മകനായ ഹോശയയുടെ നാമം ‘യഹോശുവ’ എന്നു മാററുന്നു; അങ്ങനെ [യോശുവ യഹോവയോട്] വിശ്വാസ വഞ്ചന കാണിക്കുകയില്ലെന്ന് അവൻ മുൻകൂട്ടികണ്ടു,” എന്ന് അയാൾ അഭിപ്രായപ്പെടുന്നു.
യോശുവയുടെ നാളിലെ സംഭവങ്ങളുടെ പരിചിന്തനം
◻ ഇവ വെറും ചരിത്രത്തേക്കാൾ കവിഞ്ഞതായി വീക്ഷിക്കേണ്ടതെന്തുകൊണ്ട്?
◻ നമുക്ക് ധൈര്യവും ആത്മീയ ബലവും നട്ടുവളർത്താവുന്നതെങ്ങനെ?
◻ യോശുവ നമുക്കുവേണ്ടി എന്തു ശ്രേഷ്ഠമാതൃക നൽകി?
◻ യോശുവ ഏതു വിധങ്ങളിൽ യേശുവിനെ മുൻനിഴലാക്കി?
◻ ഇന്നത്തെ ഏതു സംഭവങ്ങൾ യോർദ്ദാനിലേതിനോട് സമാന്തരത്വം വഹിക്കുന്നു?