ക്രിസ്തുമസ്സ്—പൗരസ്ത്യർക്ക് ഒരുത്സവകാലം
ഭീമാകാരങ്ങളായ ക്രിസ്തുമസ്സ് ട്രീകൾ, ഉജ്ജ്വല പ്രകാശദീപങ്ങൾ, വർണ്ണമനോഹരങ്ങളായ ബാനറുകൾ—ഏതു കച്ചവടകേന്ദ്രങ്ങളിലും ഡിപ്പാർട്ടുമെൻറ് സ്റേറാറുകളിലും ഇവ കാണപ്പെടുന്നു. ക്രിസ്തുമസ്സ് കരോളുകളുടെ ഗാനശകലങ്ങൾ ഉച്ചഭാഷണിയിലൂടെ മുഴങ്ങുകയും പരസ്യവിജ്ഞാപനങ്ങൾ അധികം വാങ്ങിക്കൂട്ടുന്നതിന് ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. സാൻറാക്ലോസ്സിന്റെ വേഷവും ധരിച്ച് സ്ത്രീകളും പുരുഷൻമാരും തെരുവുകളിലങ്ങോട്ടുമിങ്ങോട്ടും നടന്ന് ജീവരക്തകരുടെ മട്ടിൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നു. ഇത് ഒരു “ക്രിസ്ത്യൻ” രാജ്യത്തെ രംഗമാണോ? അല്ല, ക്രിസ്ത്യാനികളെന്ന് മൊത്തം ജനസംഖ്യയിൽ കേവലം ഒരു ശതമാനത്തിൽ കുറവ് മാത്രം അവകാശപ്പെടുന്ന ജപ്പാനിൽ ആണിത്.
അതുപോലെ അയൽ ദ്വീപായ തൈവാനിൽ ക്രിസ്ത്യാനികളും ക്രിസ്തീയേതരരും തങ്ങളുടെ പരമ്പരാഗത സമ്മാനദാനാചാരത്തോടെ ക്രിസ്തുമസ്സ് ആഘോഷിക്കുന്നു. മലേഷ്യയിലെ ചൈനീസ് സമൂഹങ്ങൾക്കിടയിൽ കരിമരുന്നു പ്രയോഗം ക്രിസ്ത്യൻ വിശേഷദിനാഘോഷത്തിന് ഒരു പുതിയ മാനം പകർന്നുകൊടുക്കുന്നു.
ഈ ആളുകൾ ക്രിസ്തുമസ്സ് ആഘോഷിക്കുന്നത് എന്തുകൊണ്ടാണ്? അവർ ക്രിസ്തുമസ്സിൽ വിശ്വസിക്കുന്നുണ്ടോ? അതോ അവർ ക്രിസ്തുമസ്സിന്റെ ആഘോഷവിശേഷങ്ങളിൽ വിശ്വസിക്കുന്നുവോ? ക്രിസ്തുമസ്സ് ആഘോഷങ്ങളിൽ നിന്നു അവർക്ക് ലഭിക്കുന്ന സന്ദേശം “തിന്നുകുടിച്ച് മേളിക്കുക” എന്നതത്രെ എന്നാണ് തെളിവുകൾ കാണിക്കുന്നത്. പലരും ഡിസംബർ 24, 25 തീയതികളിൽ “ക്രിസ്ത്യാനിത്വം” ആചരിക്കുകയും പക്ഷെ പിറേറ ദിവസം അവരുടെ വഴിക്ക്—ബുദ്ധമതം, ഷിന്റോമതം, താവോമതം അല്ലെങ്കിൽ മറെറന്തെങ്കിലും—മടങ്ങുകയും ചെയ്യുന്നു. എങ്കിലും, ഇത്രമാത്രം ഭിന്ന മത പശ്ചാത്തലങ്ങളിലുള്ള ആളുകൾക്ക് ഒരു “ക്രിസ്ത്യൻ” വിശേഷദിവസത്തിൽ പങ്കുകൊള്ളാൻ എങ്ങനെ കഴിയും?
ജപ്പാനിലെ ഒരു ബാലനോട് അവൻ സാൻറാക്ലോസ്സിൽ വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ “സാൻറാക്ലോസ്സ് എനിക്ക് പല കളിക്കോപ്പുകളും തന്നതുകൊണ്ട് ഞാൻ അദ്ദേഹത്തിൽ വിശ്വസിക്കുന്നുണ്ട്” എന്ന് അവൻ മറുപടി നൽകി. അവന്റെ ഉത്തരം പൗരസ്ത്യദേശത്തെ അനേകരുടെ പിൻവരുന്ന ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നു: “തുറന്ന മനസ്സുള്ളവരായിരിക്കുക. മതവിഷയത്തിൽ അങ്ങേയററം കർക്കശരായിരിക്കരുത്. നിങ്ങൾക്ക് അതിൽനിന്ന് എന്തെങ്കിലും നേടാനാകുമെങ്കിൽ ആസ്വദിച്ചുകൊള്ളുക. പക്ഷെ ജീവിതത്തിന്റെ മററുവശങ്ങളെ ബാധിക്കാതെവണ്ണം അതിനെ അതിന്റെ സ്ഥാനത്ത് നിർത്തുക.”
ഒരു പ്രമുഖ ജാപ്പനീസ് വർത്തമാനപ്പത്രം നടത്തിയ സർവ്വേയിൽ ഈ ചിന്താഗതി വ്യക്തമായി പ്രതിഫലിക്കുന്നു. ചോദ്യങ്ങളിലൊന്ന് ഇതാണ്: “ജപ്പാനിൽ ഒരേ വ്യക്തിതന്നെ ഓമിയാമയ്റി [കുട്ടികളുടെ വളർച്ച ആഘോഷിക്കുന്നതിനുള്ള ഒരു ഷിന്റോ മതോത്സവം] ഓഹിഗൻ [മരിച്ചവരെ അനുസ്മരിക്കുന്നതിനുള്ള ഒരു അർദ്ധ വാർഷിക ബുദ്ധമതാനുഷ്ഠാനം] ക്രിസ്തുമസ്സ് എന്നിങ്ങനെ വിവിധ മതാഘോഷങ്ങളിൽ പങ്കുപററുകയെന്നത് സാധാരണമാണ്. ഇത് അയോഗ്യമെന്ന് നിങ്ങൾ കരുതുന്നുവോ?” വെറും 19 ശതമാനം മാത്രമേ “അയോഗ്യം” എന്നു മറുപടി നൽകിയുള്ളു. ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരുടെ ഇടയിൽപോലും 60 ശതമാനം പേർ വിഭിന്ന മതങ്ങളുടെ ഉത്സവങ്ങളിൽ പങ്കുപററുന്നതിൽ യാതൊരു തെററുമില്ല എന്ന് അഭിപ്രായപ്പെട്ടു.
ഈ മനോഗതി മതസംബന്ധമായ ഒരു വിചിത്ര പ്രതിഭാസത്തിന് കാരണമാകുന്നു—അനവധിപേർ ഒന്നിൽ കൂടുതൽ മതങ്ങളുടെ അനുകർത്താക്കളായി അവകാശപ്പെടുന്നു. സാംസ്ക്കാരിക കാര്യ ഏജൻസി അഭിപ്രായപ്പെടുന്നതനുസരിച്ച് 1982-ലെ ജപ്പാന്റെ ജനസംഖ്യ കേവലം 11,86,00,000 ആയിരുന്നപ്പോൾ മതസംഘങ്ങളോട് പററിനിൽക്കുന്നവരുടെ ആകെത്തുക 1982 ഒടുവിൽ 20,70,80,000 ആയിരുന്നു. ഇതിന്റെയർത്ഥം ജപ്പാനിലെ മത അംഗത്വം മൊത്തം ജനസംഖ്യയുടെ 170 ശതമാനം ആണ് എന്നത്രെ!
“അസാദ്ധ്യം!” എന്ന് ഏകദൈവാരാധനാ സംസ്ക്കാരങ്ങളിലെ ആളുകൾ ആശ്ചര്യം പ്രകടിപ്പിച്ചേക്കാം. പക്ഷെ ക്രിസ്തുമസ്സ് ആഘോഷിക്കുന്ന പാശ്ചാത്യ സമ്പ്രദായത്തിലും മതമനോഗതികളിൽ ഇതേ പരാഭിമുഖ്യം നിലനിൽക്കുന്നു. ഇതെങ്ങനെ കഴിയും? ഇത് അപ്രകാരമാണെങ്കിൽ നിങ്ങൾ ക്രിസ്തുമസ്സ് ആഘോഷിക്കേണ്ടതുണ്ടോ? (w86 12/15)
[3-ാം പേജിലെ ചിത്രം]
ജാപ്പനീസ് മതങ്ങളിലെ അംഗത്വത്തിന്റെ ആകെത്തുക: 20,70,80,000
മൊത്തം ജാപ്പനീസ് ജനസംഖ്യ: 11,86,00,000