സത്യമതത്തിലേക്കുള്ള താക്കോൽ
ഈ ഇരുപതാം നൂററാണ്ടിൽ അധികം ആളുകൾ മറെറല്ലാററിനെയുംകാൾ ക്രിസ്തുമതത്തോട് ബന്ധപ്പെട്ടിരിക്കുന്നെന്ന് അവകാശവാദം ചെയ്യുന്നു. പക്ഷേ മനുഷ്യചരിത്രത്തിലെ ഏററവും കുഴപ്പം നിറഞ്ഞ കാലഘട്ടം ഈ നൂററാണ്ടായിരുന്നു. ഈ വൈരുദ്ധ്യം എന്തുകൊണ്ടാണ്?
പലരും അവരുടെ മതത്തെ അത്ര കാര്യമായെടുക്കുന്നില്ല എന്നുള്ളതാണ് ഒരു സംഗതി. അവർക്ക് ക്രിസ്ത്യാനിത്വം എന്നത് ഒരു നിസ്സാരകാര്യമാണ്, അവരുടെ ജീവിതങ്ങളെ ഭരിക്കുന്ന ഒരു ശക്തിയല്ലത്. ഇനിയും, തങ്ങളുടെ മതത്തെ കാര്യമായിട്ടെടുക്കുന്നവരാണെങ്കിൽ, അവർ പരസ്പര വിരുദ്ധങ്ങളായ വിശ്വാസങ്ങളോടും ഒന്നോടൊന്നു ഭിന്നമായ ധാർമ്മീക പ്രമാണങ്ങളോടുമാണ് വിധേയത്വം പുലർത്തുന്നത്. അവർ ദേശീയ, വർഗ്ഗീയ, സാമ്പത്തിക വ്യത്യാസങ്ങൾക്കടിപ്പെട്ടുമിരിക്കുന്നു. ഇതിനു പുറമെ അവർ അന്യോന്യം ദ്രോഹിക്കുകയും തമ്മിൽ യുദ്ധം ചെയ്തും പരസ്പരം കൊലചെയ്തുകൊണ്ടും പീഡിപ്പിക്കുകയും പോലും ചെയ്യുന്നു. അങ്ങനെ, ചരിത്രത്തിലെ ഏററവും വലിയ രണ്ടു യുദ്ധങ്ങൾ “ക്രൈസ്തവ” രാഷ്ട്രങ്ങൾക്കിടയിലായിരുന്നു അരങ്ങേറിയത്.
ഇതിൽ നിന്ന് നമുക്ക് എന്ത് നിഗമനത്തിലേക്കാണ് വരാൻ കഴിയുക? ആ ക്രിസ്ത്യാനിത്വങ്ങളിൽ ഒന്നും സത്യമതം അല്ലെന്നോ അല്ലെങ്കിൽ ഒരു ക്രിസ്ത്യാനി എന്ന് അവകാശപ്പെടുന്നതും യഥാർത്ഥത്തിൽ അങ്ങനെയായിരിക്കുന്നതും തമ്മിൽ ഒരു വലിയ വ്യത്യാസംതന്നെയുണ്ടെന്നോ ആണ്. ക്രിസ്ത്യാനിത്വത്തിന്റെ സ്ഥാപകനായ യേശുക്രിസ്തു പറഞ്ഞപ്രകാരമാണെങ്കിൽ രണ്ടാമത്തെ നിഗമനം ആയിരിക്കും ശരിയായത്. ഒരവസരത്തിൽ, തന്നെ “കർത്താവേ കർത്താവേ” എന്ന് വിളിക്കുന്ന ചിലരെക്കുറിച്ച് അവൻ സംസാരിച്ചു. മററുവാക്കുകളിൽ, യേശുവിനെ അവരുടെ കർത്താവായി സ്വീകരിച്ചുകൊണ്ട് അവർ ക്രിസ്ത്യാനികളെന്ന് സ്വയം അവകാശപ്പെടും. കൂടാതെ അവന്റെ നാമത്തിൽ പ്രധാനമെന്ന് പുറമേ തോന്നുന്നതെന്തോ ആ കാര്യങ്ങൾ അവർ തിരക്കോടെ ചെയ്യും. എങ്കിലും യേശു അവരോട് ഇങ്ങനെ പറയും: “ഞാൻ നിങ്ങളെ ഒരുനാളും അറിഞ്ഞിട്ടില്ല! അധർമ്മം പ്രവർത്തിക്കുന്നവരെ, എന്നെ വിട്ടു പോകുവിൻ.”—മത്തായി 7:22, 23.
തീർച്ചയായും നമ്മിലാരും അങ്ങനെ ഒരു സ്ഥിതിയിലാകാൻ ആഗ്രഹിക്കുന്നില്ല! അതുകൊണ്ട് നാം യഥാർത്ഥ ക്രിസ്ത്യാനികളാണോ അല്ലയോ എന്ന് നമുക്ക് എങ്ങനെ നിശ്ചയിക്കാനാവും? സത്യമതത്തിന് ഒരു താക്കോലുണ്ടോ?
താക്കോൽ
ഉവ്വ് അങ്ങനെയൊന്നുണ്ട്. തീർച്ചയായും ക്രിസ്ത്യാനിത്വം എന്നതിൽ ഒട്ടേറെ കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. ദൃഷ്ടാന്തത്തിന്, ഒരു യഥാർത്ഥ ക്രിസ്ത്യാനിക്ക് ദൈവത്തിൽ ഒരു നല്ല വിശ്വാസം ഉണ്ടായിരിക്കണം, കാരണം “വിശ്വാസം കൂടാതെ [ദൈവത്തെ] നന്നായി പ്രസാധിപ്പിക്കുക അസാദ്ധ്യമാണ്.” (എബ്രായർ 11:6) അയാൾ യുക്തമായ പ്രവൃത്തികളിൽ വ്യാപൃതനും ആയിരിക്കണം. ശിഷ്യനായ യാക്കോബ്, “പ്രവൃത്തിയില്ലാത്ത വിശ്വാസം മൃതമാണ്” എന്ന് താക്കീത് നൽകുകയും ചെയ്തു. (യാക്കോബ് 2:26) അതിനും പുറമേ “സകല ജ്ഞാനത്തിലും ആത്മീയ ഗ്രാഹ്യത്തിലും [ദൈവ] ഹിതത്തിന്റെ സൂക്ഷ്മപരിജ്ഞാനം” ഉണ്ടായിരിക്കുന്നതിന്റെ പ്രാധാന്യം അപ്പോസ്തലനായ പൗലോസ് ദൃഢീകരിച്ചു പറഞ്ഞു. (കൊലോസ്യർ 1:9) പക്ഷെ, ഇതൊന്നും തന്നെ ക്രിസ്ത്യാനിത്വത്തിലേക്കുള്ള താക്കോൽ പ്രദാനം ചെയ്യുന്നില്ല.
നല്ല ബൈബിൾ ജ്ഞാനവും ശക്തമായ വിശ്വാസവും ഉണ്ടായിരിക്കുകയും സൽപ്രവൃത്തികളിൽ തിരക്കുള്ളവരായിരിക്കുകയും ചെയ്താൽ പോലും നമുക്ക് വ്യാജക്രിസ്ത്യാനികളായിരിക്കാൻ സാധിക്കും എന്നതാണ് വസ്തുത. അതെങ്ങനെ സാദ്ധ്യമാകും? അപ്പോസ്തലനായ പൗലോസ് പിൻവരുന്ന പ്രകാരം വിശദീകരിച്ചു: “ഞാൻ മനുഷ്യരുടെയും ദൂതൻമാരുടെയും ഭാഷകളിൽ സംസാരിച്ചാലും എന്നിൽ സ്നേഹമില്ലെങ്കിൽ ഞാൻ വെറും മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ ആയിരിക്കും. എനിക്ക് പ്രവചനവരമുണ്ടായിട്ട് ഞാൻ സർവ്വ പാവന രഹസ്യങ്ങളും സകല ജ്ഞാനവും സംബന്ധിച്ച് അറിയുന്നവനായിരുന്നാലും മലകളെ മാററി സ്ഥാപിക്കാൻ വേണ്ട വിശ്വാസമത്രയും എനിക്കുണ്ടായിരുന്നാലും എനിക്ക് സ്നേഹമില്ലെങ്കിൽ ഞാൻ ഏതുമില്ല. ഞാൻ എനിക്കുള്ളതൊക്കെയും മററുള്ളവരെ പോററാൻ നൽകിയാലും എനിക്ക് പ്രശംസിപ്പാൻ തക്കവണ്ണം ഞാനെന്റെ ശരീരം വിട്ടുകൊടുത്താലും എനിക്ക് സ്നേഹമില്ലെങ്കിൽ യാതൊരു ലാഭവും എനിക്കില്ല.”—1 കൊരിന്ത്യർ 13:1-3.
അതെ, ശരിയായ മതം തിരിച്ചറിയാൻ ഉതകുന്ന താക്കോൽ, അത് യഥാർത്ഥ സ്നേഹത്തിൽ അധിഷ്ഠിതമാണെന്ന് വിലമതിക്കുന്നതാണ്. നമ്മുടെ വിശ്വാസം, സൽപ്രവൃത്തികൾ, സൂക്ഷ്മപരിജ്ഞാനം എന്നിവ മർമ്മപ്രധാനവും അനിവാര്യവും ആണ്. പക്ഷെ, നാം അവയൊന്നും സ്നേഹത്തിലല്ല പ്രയോഗിക്കുന്നതെങ്കിൽ നമ്മെ സംബന്ധിച്ചിടത്തോളം അവകൊണ്ട് യാതൊരു ലാഭവും ഇല്ല. എന്തുകൊണ്ട്? സ്നേഹം എന്ന ഗുണം അത്ര ഉന്നത പ്രാധാന്യമുള്ളതാക്കിത്തീർക്കുന്നതെന്ത്? (w86 6/1)