ബൈബിൾ—കേവലം മനുഷ്യ വചനമോ?
അത് സകലർക്കും ലഭ്യമാക്കിത്തീർക്കാനുള്ള പരിശ്രമത്തിൽ വില്യം ടിന്റെയിൽ തന്റെ ജീവിതം ഉഴിഞ്ഞുവച്ചു. അത് ജർമ്മൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നതിനുള്ള ശ്രമത്തിൽ മാർട്ടിൻ ലൂഥർ വമ്പിച്ച പ്രയത്നം ചെയ്തു. ജോൺ കാൽവിന്റെ അനുയായികൾക്ക് അത് “പ്രമാണവും സർവ്വ സത്യങ്ങളുടെയും ദിവ്യാംഗീകൃത സംക്ഷേപവും” ആയിരുന്നു. അതെ, ഒരു കാലത്ത് ബൈബിൾ ദൈവവചനം ആണ് എന്ന വസ്തുതയെ ചുരുക്കം ചിലരെ ചോദ്യം ചെയ്തിരുന്നുള്ളു. അത് റോമൻ കത്തോലിക്കാ സഭയുടെ ഒരു സിദ്ധാന്തവും ആയിരുന്നു.
പക്ഷെ ഇന്ന് കാര്യങ്ങൾ ഭിന്നമാണ്. സർവ്വകാലചരിത്രത്തിലെയും ഏററവുമധികം വിററഴിക്കപ്പെട്ടിട്ടുള്ള പുസ്തകമായ ബൈബിൾ വായിക്കുന്നവർ ചുരുക്കവും അത് പിൻതുടരുന്നവർ നന്നെ ചുരുക്കവും ആണ്. അനേകരുടെ വികാരങ്ങളെ പ്രതിഫലിപ്പിച്ചുകൊണ്ട് ഗ്രന്ഥകാരനായിരുന്ന ജെയിംസ് ബാർ പ്രസ്താവിച്ചത് ഇങ്ങനെയാണ്: “ബൈബിളിന്റെ പാരമ്പര്യത്തെപ്പററി എനിക്ക് പറയാനുള്ളത് അത് മനുഷ്യർ എഴുതിയുണ്ടാക്കിയ ഒരു വൃത്താന്തം ആണെന്നാണ്. അത് തന്റെ വിശ്വാസങ്ങളെക്കുറിച്ചുള്ള മമനുഷ്യന്റെ പ്രസ്താവനയാണ് . . . ബൈബിളിനു കൊടുക്കാൻ കഴിയുന്ന ഉചിതമായ നാമധേയം ഇസ്രായേലിന്റെ വചനം എന്നോ ചില പ്രമുഖ ക്രിസ്ത്യാനികളുടെ വചനം എന്നോ ഉള്ളതാണ്.”—ബൈബിൾ ആധുനികലോകത്തിൽ—ജെയിംസ് ബാറിനാലുള്ളത്.
ഈ മാററം എന്തുകൊണ്ടുണ്ടായി? ബൈബിൾ ദൈവത്തിന്റെ വചനമോ അതോ ചില മനുഷ്യരുടെ വചനമോ? അത് ഈ 20-ാം നൂററാണ്ടിൽ പ്രസക്തിയുള്ളതാണോ?
അതിന് പ്രസക്തിയുണ്ടോ?
അവസാന ചോദ്യം ആദ്യമെടുത്താൽ, ഉവ്വ് അതു ഇന്നു പ്രസക്തമാണ് എന്നുത്തരം പറയാം. എന്തുകൊണ്ട്? കൊള്ളാം, അതിനെ ‘നമ്മുടെ പാദത്തിന് ദീപവും നമ്മുടെ പാതക്ക് പ്രകാശവും’ എന്ന് വർണ്ണിച്ചിരിക്കുന്നു. (സങ്കീർത്തനം 119:105) ഇന്നു നമുക്ക് അങ്ങനെയുള്ള ഒരു വെളിച്ചത്തിന്റെ ആവശ്യം ഉണ്ട്. നമ്മുടെ മനോഹരഗ്രഹം ഇന്ന് നശിച്ചുകൊണ്ടിരിക്കുകയാണ്. അനേക ദശലക്ഷങ്ങൾ പട്ടിണിക്ക് അടിപ്പെട്ടുകൊണ്ടിരിക്കുന്നു. ഭാവിയെ സംബന്ധിച്ച് ശുഭപ്രതീക്ഷയുള്ളവർ തന്നെ വിരളമാണ്, മനുഷ്യവർഗ്ഗത്തിന്റെ ആസ്തിക്യം തന്നെ ഭീഷണിക്ക് വിധേയമായിരിക്കുന്നു. ഈ വഞ്ചനാഭരിതമായ കാലങ്ങളിലൂടെ ഒരു സുരക്ഷിതവും സന്തുഷ്ടവും ആയ ഭാവിയിലേക്ക് നമ്മെ വഴിനയിക്കുന്നതിന് ബൈബിൾ വാഗ്ദാനം ചെയ്യുന്നു. അത് വാസ്തവത്തിൽ ദൈവവചനം ആണെങ്കിൽ നമുക്ക് ആവശ്യമായിരിക്കുന്നതും അതു തന്നെയാണ്.
അതുകൊണ്ട്, ആളുകൾ അതിനെ സംശയിക്കാൻ ഇടവന്നിരിക്കുന്നത് എന്തുകൊണ്ടാണ്? ഈ ചോദ്യത്തിന്റെ ഉത്തരം ഈ പുസ്തകം വാസ്തവത്തിൽ ദൈവവചനമാണോ അല്ലയോ എന്ന് നിർണ്ണയിക്കുന്നതിന് നമ്മെ സഹായിക്കും.
വിശ്വാസത്തിന് എന്ത് ഭവിച്ചു?
പതിനേഴും പതിനെട്ടും നൂററാണ്ടുകളിൽ, ബൈബിളിൽ മിക്കവാറും സാർവ്വത്രികമായുണ്ടായിരുന്ന വിശ്വാസം അഭിപ്രായഗതിയുടെ മാറുന്ന കാലാവസ്ഥക്ക് ഇരയായിത്തീർന്നു. യൂറോപ്പിൽ സംശയവാദത്തിന്റെ മതവിച്ഛേദനത്തിന്റെയും ആത്മാവ് വികാസം പ്രാപിച്ചു. സർക്കാർ, സംമ്പദ് വ്യവസ്ഥ, പ്രകൃതി, മതം—എല്ലാം ചോദ്യം ചെയ്യപ്പെട്ടു. ബൈബിളും ഒഴിവായില്ല.
ബൈബിളിന്റെ ചരിത്രമൂല്യത്തെയും കാലഗണനയെയും ചോദ്യം ചെയ്ത മുൻ കത്തോലിക്കനായ പിയറെ ബെയ്ൽ 17-ാം നൂററാണ്ടിൽ ഗ്രന്ഥത്തെക്കുറിച്ച് പരസ്യമായി സംശയങ്ങൾ അവതരിപ്പിച്ചു. മററുള്ളവർ അയാളുടെ ചിന്താഗതി പിൻതുടരുകയും 19-ാം നൂററാണ്ടിൽ അമിതകൃത്തിപ്പിന്റെ ചിന്താധാരയിൽ സംശേയവാദം വളർന്ന് പുഷ്പ്പിക്കുകയും ചെയ്തു. ബൈബിൾ അത് പുറമെനിന്ന് തോന്നുന്നതുപോലുള്ള ഒരു ഗ്രന്ഥം അല്ല എന്ന് അമിത കൃത്തിപ്പുകാർ ശഠിക്കുന്നു. അവർ പറയുന്നതനുസരിച്ച് മോശെയല്ല പഞ്ചഗ്രന്ഥികൾ എഴുതിയത്. മോശെ ജീവിച്ചതിന് നൂററാണ്ടുകൾക്ക് ശേഷം എഴുതപ്പെട്ട ഉറവിടങ്ങളിൽ നിന്ന് യഹൂദചരിത്രത്തിന്റെ വളരെ വൈകിയ ഒരു വേളയിൽ അത് സമാഹരിക്കപ്പെടുകയാണുണ്ടായതത്രെ. നിവൃത്തിയേറിയ പ്രവചനം ഒരോന്നും അതിന്റെ നിവൃത്തിക്ക് ശേഷമാണ് രേഖപ്പെടുത്തപ്പെട്ടത്. അതുകൊണ്ട് യെശയ്യാവിന്റെ പുസ്തകം നൂറിലധികം വർഷങ്ങൾകൊണ്ട് നിരവധി ആളുകൾ ചേർന്ന് എഴുതിയതാണ്. ദാനിയേൽ എഴുതപ്പെട്ടത് ക്രിസ്തുവർഷത്തിന് മുമ്പ് 165-ലും ആയിരുന്നത്രെ.
ജർമ്മൻ ബൈബിൾ പണ്ഡിതനായ ഡേവിഡ് ഫ്രെഡറിക് സ്ട്രാവോസ്സിന്റെ വാക്കുകളിൽ അമിതകൃത്തിപ്പിന്റെ സ്വാധീനം കാണപ്പെടുന്നു: “നാം എന്നിട്ടും ക്രിസ്ത്യാനികളോ? അല്ല, കുറഞ്ഞപക്ഷം അമിത കൃത്തിപ്പിൽ ആമഗ്നരായിത്തീർന്ന നമ്മിൽ പെട്ടവർ അല്ല, കാരണം നമുക്ക് ബൈബിൾ ദൈവവചനമായി മേലാൽ അംഗീകരിക്കുന്നതിന് കഴിയുന്നില്ല എന്നതു തന്നെ.—മതവും സംശയവാദത്തിന്റെ വളർച്ചയും, ഫ്രാൻക്ലിൻ എൽ. ബോമറിനാലുള്ളത്.
അഭിനവ മതേതരയുഗം ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും നടത്തിയിട്ടുണ്ട്. അവയിൽ ചിലത് ബൈബിളിനെ പിന്താങ്ങി, പക്ഷെ മററുള്ളവ അതുമായി ഇടയുന്നു എന്ന ധാരണയുണ്ടായി. അതുകൊണ്ട് ബൈബിൾ കാലഹരണപ്പെട്ടതാണ് എന്ന് അനേകർ വിശ്വസിക്കാൻ ഇടവന്നു. പരിണാമസിദ്ധാന്തം പ്രചരിപ്പിക്കപ്പെട്ട 19-ാം നൂററാണ്ടിന്റെ മദ്ധ്യത്തിൽ ഈ ധാരണ ശക്തിയാർജ്ജിച്ചു—സൃഷ്ടിപ്പിന്റെ ഉത്പത്തി വൃത്താന്തവുമായി കടകവിരുദ്ധമായ ഒരു സിദ്ധാന്തം ശാസ്ത്രകാരൻമാരുടെ സമൂഹത്തിലെ മിക്കവരും അമിതകൃത്തിപ്പുകാരും ഈ സിദ്ധാന്തം ആകാംഷയോടെ ആശ്ലേഷിച്ചു. ഇന്ന് അത് അനേക പുരോഹിതൻമാരാൽ വിശ്വസിക്കപ്പെടുകയും സ്കൂളുകളിൽ ഒരു വസ്തുത എന്നവണ്ണം പഠിപ്പിക്കപ്പെടുകയും ചെയ്യുന്നു.
ബൈബിൾ തെററാണെന്ന് ശാസ്ത്രം ഏതെങ്കിലും വിധത്തിൽ തെളിയിച്ചുവെന്ന് ഇതെല്ലാം സൂചിപ്പിക്കുന്നുണ്ടോ? അല്ലെങ്കിൽ അമിതകൃത്തിപ്പുകാർ ബൈബിൾ ദൈവവചനം അല്ലെന്ന് തെളിയിച്ചിരിക്കുന്നുവോ? (w86 4/1)