സത്യം വഴുതിപ്പോകാൻ അനുവദിക്കാതിരിക്കുക?
സത്യം സ്വീകരിച്ചാൽ ചില നഷ്ടങ്ങൾ സഹിക്കേണ്ടിവരും എന്ന് പൊന്തിയോസ് പീലാത്തോസ് തിരിച്ചറിഞ്ഞിരിക്കും. യേശുവിന്റെ അനുഗാമി ആയിത്തീരുക എന്നാൽ അവന്റെ രാജത്വം അംഗീകരിക്കുന്നതും ഒരു സമ്പൂർണ്ണ ധാർമ്മിക പരിവർത്തനത്തിന് വിധേയമാകുന്നതും അർത്ഥമാക്കുമായിരുന്നു. എന്നിരുന്നാലും സദൃശവാക്യങ്ങൾ 23:23-ൽ ശലോമോൻ ഇങ്ങനെ പറഞ്ഞു: “സത്യം തന്നെ വിലക്കു വാങ്ങുക. അത് വിൽക്കുകയും അരുത്—വിവേകവും ശിക്ഷണവും ഗ്രാഹ്യവും തന്നെ.”
“സത്യം വിലക്കു വാങ്ങുകയോ?” എന്ന് നിങ്ങൾ കൗതുകപൂർവ്വം ചോദിച്ചേക്കാം. ഉവ്വ്, ഒരുവൻ വിലനൽകി മാത്രമേ സത്യം, ജ്ഞാനം, ഗ്രാഹ്യം എന്നിവ സമ്പാദിക്കുകയുള്ളൂ എന്ന് വിലമതിക്കാൻ ബൈബിൾ ഇവിടെ നമ്മെ സഹായിക്കുന്നു! പക്ഷെ സങ്കൽപ്പിക്കാവുന്നതിൽ വച്ച് ഏററവും വിലയേറിയ വസ്തു സത്യം ആണ്. എന്തിന്, “അതു വിൽക്കരുത്” എന്ന് ശലോമോൻ പറയുകപോലും ചെയ്തില്ലേ! ആ പ്രസ്താവന മറെറാന്നിനും മൂല്യത്തിൽ അതിനോട് കിടപിടിക്കാൻ കഴിയുകയില്ല എന്ന് പറയുന്നതിന് തുല്യമാണ്.
‘പക്ഷെ എന്താണ് സത്യം?’ പീലാത്തോസിന്റെ ചോദ്യം അനുകരിച്ചുകൊണ്ട് പലരും ഇങ്ങനെ ചോദിക്കുന്നുണ്ട്. “സത്യം” എന്നത് പലർക്കും ഇന്നൊരു വഴുതിയകലുന്ന സങ്കൽപ്പം ആണ്. ദൃഷ്ടാന്തത്തിന്, ഒരിക്കൽ ആൽബർട്ട് ഐൻസ്ററീൻ പറഞ്ഞത് പരിഗണിക്കുക: “ശാസ്ത്രീയ സത്യം എന്ന പദപ്രയോഗത്തിന് ഇന്ന് ഒരു കൃത്യമായ അർത്ഥം കൽപ്പിക്കുക ബുദ്ധിമുട്ടാണ്. നാം ഒരു അനുഭവ യാഥാർത്ഥ്യം ആണോ ഒരു ഗണിത സിദ്ധാന്തമാണോ ശാസ്ത്രീയ സിദ്ധാന്തമാണോ കൈകാര്യം ചെയ്യുന്നത് എന്നതനുസരിച്ച് ‘സത്യം’ എന്ന പദത്തിന്റെ അർത്ഥം മാറിക്കൊണ്ടിരിക്കും. ‘മതപരമായ സത്യം’ എന്നതുകൊണ്ട് യാതൊരു വ്യക്തമായ ധാരണയും എനിക്കു കിട്ടുന്നില്ല.” (ആശയങ്ങളും അഭിപ്രായങ്ങളും, ആൽബർട്ട് ഐൻസ്ററീൻ എഴുതിയത്) സത്യം ഐൻസ്ററീന് പിടികിട്ടാതെപോയി എന്നതുകൊണ്ട് അത് നിങ്ങൾക്കും പിടിതരാതെ കടന്നുപോകും എന്നുണ്ടോ? അശേഷം ഇല്ല.
യേശു വ്യക്തമായി ഇങ്ങനെ പറഞ്ഞു: “ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു.” (യോഹന്നാൻ 14:6) അതെ “സത്യം” യേശുക്രിസ്തുവിലും പ്രവചനങ്ങൾ നിവൃത്തിയിലേക്ക് വരുത്തുന്നവൻ, പാപികളായ മനുഷ്യവർഗ്ഗത്തിന്റെ മറുവിലാദായകൻ, ദൈവരാജ്യത്തിന്റെ നിയുക്ത രാജാവ്, മഹാപുരോഹിതൻ, ദുഷ്ടൻമാരുടെ സംഹാരകൻ എന്നിങ്ങനെ യഹോവയാം ദൈവത്തിന്റെ ഉദ്ദേശ്യങ്ങളിലെ അവന്റെ സ്ഥാനത്തെയും കേന്ദ്രീകരിച്ചിരിക്കുന്നു. (റോമർ 15:8; 1 തിമൊഥെയോസ് 2:5, 6; യോഹന്നാൻ 3:16; എഫേസ്യർ 1:20, 22 ദാനിയേൽ 7:13, 14; മത്തായി 6:9, 10; എബ്രായർ 4:14; വെളിപ്പാട് 19:11-21; 2 തെസ്സലോനീക്യർ 1:7-9) പക്ഷെ ഒരുവന് സത്യം എങ്ങനെയാണ് “വിലക്ക് വാങ്ങാൻ” കഴിയുന്നത്?
“ജ്ഞാനം ഉൾക്കൊള്ളുക”
യോഹന്നാൻ 17:3-ലെ യേശുവിന്റെ പിൻവരുന്ന വാക്കുകൾ പിൻപററുന്നതിലൂടെയാണ് ഒരു വ്യക്തി സത്യം വിലക്ക് വാങ്ങാൻ തുടങ്ങുന്നത്: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും കുറിച്ചുള്ള അറിവ് ഉൾക്കൊള്ളുന്നതിന്റെ അർത്ഥം നിത്യജീവൻ എന്നാകുന്നു.” ഒരാൾക്ക് തനിയെ ചെയ്യേണ്ടതായി വന്നിരുന്നുവെങ്കിൽ ഇത് ഒരു ദുർവ്വഹമായ കൃത്യം ആകുമായിരുന്നു. ഒന്നാം നൂററാണ്ടിൽ ഇപ്രകാരം ചെയ്യാൻ ശ്രമിച്ച ഒരു ഷണ്ഡൻ അഥവാ രാജഭൃത്യനായ എത്യോപ്യക്കാരനുണ്ടായിരുന്നു. വിഷമമേറിയ ഒരു ബൈബിൾ പ്രവചനം പഠിക്കാൻ ആ ഷണ്ഡൻ ഒരുമ്പെടുന്നതു കണ്ടപ്പോൾ സുവിശേഷകനായ ഫിലിപ്പോസ് ഇങ്ങനെ ചോദിച്ചു: “നീ വായിക്കുന്നതെന്താണെന്ന് വാസ്തവമായി നീ മനസ്സിലാക്കുന്നുണ്ടോ?” ഇതിന് ആ മനുഷ്യൻ, “ഒരാൾ എന്നെ വഴിനയിച്ചില്ലെങ്കിൽ എനിക്ക് എങ്ങനെ അതിന് കഴിയും? എന്ന് മറുപടി നൽകി. (പ്രവൃത്തികൾ 8:28-31) നിങ്ങൾക്കും ഒരുപക്ഷേ അതുപോലെ തോന്നിയേക്കും.
യഹോവയുടെ സാക്ഷികൾ അതുകൊണ്ട് നിങ്ങളോടൊത്ത് നിങ്ങളുടെ ഭവനങ്ങളിൽ വച്ച് ബൈബിൾ പഠിക്കുന്നതിന് നിങ്ങളെ ക്ഷണിക്കുന്നുa. അത്തരം പഠനക്രമീകരണത്തിന് യാതൊരു ചെലവും ഉണ്ടായിരിക്കുകയില്ല. “സൗജന്യമായി നിങ്ങൾക്കു ലഭിച്ചു, സൗജന്യമായി നിങ്ങൾ കൊടുക്കുക” എന്ന് യേശു പറഞ്ഞു. പക്ഷെ “സത്യം വിലക്കു വാങ്ങുമ്പോൾ നിങ്ങൾ വില നൽകുന്നത് മറെറാരു വിധത്തിൽ ആണ്. അതിന് നിങ്ങളുടെ സമയവും പ്രയത്നവും ആവശ്യമായി വരും. എന്നുവരികിലും സ്വർഗ്ഗങ്ങളിൽ സജീവനും കർമ്മനിരതനുമായിരിക്കുന്ന യേശുക്രിസ്തു നിങ്ങൾ സത്യം ഗ്രഹിക്കാൻ തക്കവണ്ണം നിങ്ങളെ സഹായിക്കാൻ ആഗ്രഹിക്കുന്നു എന്ന് ഓർമ്മിക്കുക. (ലൂക്കോസ് 5:13 താരതമ്യം ചെയ്യുക.) ദൈവത്തിന്റെ ആത്മാവ് “സകല സത്യത്തിലേക്കും” അവരെ വഴിനയിക്കും എന്ന് അവൻ തന്റെ ആദിമ ശിഷ്യൻമാരോട് വാഗ്ദാനം ചെയ്തു (യോഹന്നാൻ 16:13) ഈ സൂചന അതിന്റെ അർത്ഥ വ്യാപ്തിയിൽ നിങ്ങൾക്കും ബാധകമായിത്തീരും. അതുകൊണ്ട് സത്യം ഗ്രഹിക്കുക എന്നത് നിങ്ങൾക്ക് അങ്ങേയററം പ്രയാസമായിരിക്കും എന്ന് കരുതാതിരിക്കുക.
യഹോവയുടെ സാക്ഷികൾ ഉത്പാദിപ്പിച്ചിരിക്കുന്ന ബൈബിൾ പഠന സഹായികൾ മുഖേന ബൈബിളിന്റെ ഗൗരവപൂർവ്വകമായ അദ്ധ്യയനവും അത്യന്തം എളുപ്പമായിത്തീർന്നിട്ടുണ്ട്. ഇവയിൽ ചില പ്രസിദ്ധീകരണങ്ങളുടെ ശീർഷകങ്ങൾ പിൻവരുന്ന പ്രകാരം ഒന്ന് നിരത്തിയാൽതന്നെ ആത്മാർത്ഥതയുള്ള സത്യാന്വേഷികളുടെ വിശപ്പിനെ അത് വർദ്ധിപ്പിക്കും: നിത്യജീവനിലേക്ക് നയിക്കുന്ന സത്യം, നിങ്ങൾക്ക് ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ സാധിക്കും, ഒരു പുതിയ ഭൂമിയിലേക്കുള്ള അതിജീവനം, ഏകസത്യദൈവത്തിന്റെ ആരാധനയിൽ ഏകീകൃതർ, ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ?—ഇവയെല്ലാം അവയിൽ ചിലതു മാത്രമാണ്.b
ഈ പ്രസിദ്ധീകരണങ്ങൾ നിങ്ങളുടെ യുക്തിബോധത്തിനു മാത്രമല്ല നിങ്ങളുടെ ഹൃദയത്തിനും പ്രിയം തോന്നുന്നവിധത്തിൽ എളുപ്പം മനസ്സിലാകുന്ന ഭാഷയിൽ നേരിട്ട് വിശദീകരിക്കുന്നു. തുറന്ന സത്യസന്ധത, ഗവേഷണമൂല്യം, പ്രായോഗിക ബുദ്ധിയുപദേശം എന്നിവയിലൂടെ സത്യത്തിന്റെ ധ്വനി മുഴങ്ങുന്നു എന്ന് സ്പഷ്ടമാണ്. ഈ പ്രസിദ്ധീകരണങ്ങളുടെ സഹായത്താൽ നിങ്ങൾ ബൈബിൾ സത്യങ്ങൾ പഠിക്കുമ്പോൾ യേശു തന്റെ പിൻവരുന്ന വാക്കുകളിലൂടെ സൂചിപ്പിച്ചത് എന്തായിരുന്നുവെന്ന് നിങ്ങൾ ഗ്രഹിക്കുന്നതിന് ഇടയായിത്തീരും: “നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” (യോഹന്നാൻ 8:32) ഇവിടെ സത്യം എന്ന പദം ദൈവത്തിന്റെ എഴുതപ്പെട്ട സത്യവചനമായ ബൈബിളിൽ കാണപ്പെടുന്ന ക്രിസ്തീയ പഠിപ്പിക്കലുകളുടെ ആകെത്തുകയെ അതിന്റെ വരുതിയിൽ കൊണ്ടുവരുന്നു. (2 തിമൊഥെയോസ് 2:15; എഫേസ്യർ 1:13) പക്ഷെ സത്യം ഗ്രഹിക്കുന്നത് അത്രമാത്രം വിമോചനാദായകമായിരിക്കുന്നത് എന്തുകൊണ്ടാണ്?
മരണഭീതി മനുഷ്യവർഗ്ഗത്തെ “അവരുടെ ജീവിതകാലം മുഴുവൻ അടിമകളാക്കി വച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് പരിഗണിക്കുക. (എബ്രായർ 2:15) സ്വർഗ്ഗീയാനന്ദ നിർഭരമായ ഒരു മരണാനന്തര ജീവന്റെ അവ്യക്തമായ പ്രത്യാശ മിക്കവരും അവകാശപ്പെട്ടിട്ടുപോലും സ്ഥിതി ഇങ്ങനെയാണ്. അത്തരം ഭീകര ഭയങ്ങളിൽ നിന്നും ബൈബിൾ സത്യം ഒരുവനെ സ്വതന്ത്രനാക്കുന്നു. “മരിച്ചവർ . . . ഒന്നിനെക്കുറിച്ചും ബോധവാൻമാരല്ലാത്തതുകൊണ്ട് ഏതോ ഒരു അഗ്നി ദണ്ഡന സ്ഥലത്ത് അവർ യാതന അനുഭവിക്കുന്നില്ല എന്ന് ഒരുവൻ ഗ്രഹിക്കുന്നു. (സഭാപ്രസംഗി 9:5, 10; സങ്കീർത്തനങ്ങൾ 146:4-ഉം സഭാപ്രസംഗി 3:19, 20-ഉം കൂടെ കാണുക. മരിക്കുന്നതിനും സ്വർഗ്ഗത്തിൽ പോകുന്നതിനും ജൻമസിദ്ധമായ ഉൾപ്രേരണ മനുഷ്യനിൽ ഇല്ല എന്ന് ബൈബിൾ കാണിക്കുന്നു. മറിച്ച്, ദൈവം ‘മനുഷ്യവർഗ്ഗത്തിന്റെ ഹൃദയത്തിൽ നിത്യത വച്ചിരിക്കുന്നു: ഒരു സാധാരണ വ്യക്തി എന്നേക്കും ജീവിക്കുന്നതിന് ആഗ്രഹിക്കുന്നു!—സഭാപ്രസംഗി 3:11; റോമർ 5:12; 6:23 എന്നിവ കാണുക.
ബൈബിൾ “പുതിയഭൂമിയെ”ന്നു വിളിക്കുന്നതെന്തോ അവിടെ ആ ആഗ്രഹം പൂർത്തീകരിക്കപ്പെടും. (2 പത്രോസ് 3:13; മത്തായി 6:9, 10 എന്നിവ താരതമ്യം ചെയ്യുക.) “പുതിയ ഭൂമി”യിൽ ജീവൻ പ്രാപിക്കുന്നവർ പറുദീസാ ആസ്വദിക്കും എന്ന് യേശു സൂചിപ്പിച്ചു. (ലൂക്കോസ് 23:43) ഇത് വേദനയും കണ്ണുനീരും ഇല്ലാത്ത ഒരു ലോകമായിരിക്കും എന്ന് വിലമതിക്കാൻ നമ്മെ സഹായിക്കുന്നു! (വെളിപ്പാട് 21:4; യെശയ്യാവ് 11:6-9) ഈ പ്രത്യാശ നിങ്ങളുടെ ജീവന് എന്ത് മാററം വരുത്തും എന്ന് ചിന്തിച്ചുനോക്കുക! പക്ഷെ നിങ്ങൾ ആദ്യമായി ജ്ഞാനം ഉൾക്കൊള്ളേണ്ടതുണ്ട്.
അഹന്ത ത്യജിക്കുക
ബൈബിൾ സങ്കീർത്തനങ്ങൾ 25:9-ൽ ഇങ്ങനെ പറയുന്നു: “സൗമ്യതയുള്ളവർ തന്റെ ന്യായതീർപ്പുകളിൽ നടക്കുന്നതിന് അവൻ ഇടയാക്കുകയും തന്റെ വഴികൾ സൗമ്യരെ അവൻ പഠിപ്പിക്കുകയും ചെയ്യും.” ഇല്ല, നിഗളികളും അഹങ്കാരികളും ആയ വ്യക്തികൾക്ക് അവൻ സത്യം പകർന്നു കൊടുക്കുകയില്ല. “ദൈവം നിഗളികളോട് എതിർത്തു നിൽക്കുന്നു, പക്ഷെ എളിയവർക്ക് അവൻ അനർഹദയ നൽകുന്നു.” (1 പത്രോസ് 5:5) സാദ്ധ്യതയനുസരിച്ച് പൊന്തിയോസ് പിലാത്തോസ് കുറഞ്ഞപക്ഷം സത്യത്തെക്കുറിച്ച് ജീജ്ഞാസു ആയിരുന്നു. പക്ഷെ പുരാതന എഴുത്തുകാർ പീലാത്തോസിനെ ഒരു അഹങ്കാരിയായിട്ടാണ് വർണ്ണിക്കുന്നത്. റോമാക്കാർക്ക്, യഹൂദൻമാർ ഒരു വിചിത്രമതത്തോടുകൂടിയ നിന്ദ്യജനം ആയിരുന്നു. അവരെ കാൽക്കീഴാക്കി വയ്ക്കുന്നതിൽ അവർ ആഹ്ലാദിച്ചു! നിഗളവും രാഷ്ട്രീയ ഉൽക്കർഷേച്ഛയും ആയിരുന്നു പീലാത്തോസിന്റെ വിലങ്ങുതടികൾ എന്ന് തോന്നുന്നു.—സദൃശവാക്യങ്ങൾ 16:18.
യഹോവയുടെ സാക്ഷികൾ വഹിക്കുന്ന സന്ദേശത്തിൽ ഇന്നും അതുപോലെ അനേകർ ജീജ്ഞാസയുള്ളവരാണ്. എങ്കിലും യഹോവയുടെ സാക്ഷികൾ പ്രായേണ സാമ്പത്തികമായി എളിയവരും, അവരുടെ എളിയ യോഗസ്ഥലങ്ങൾ (രാജ്യഹോളുകൾ) ക്രൈസ്തവലോകത്തിന്റെ ആർഭാഡപൂർവ്വകമായ പള്ളികളോട് ഒരു തരത്തിലും താരതമ്യം ചെയ്യാനാവാത്തവയും ആണെന്നും അവരിൽ ചുരുക്കം പേർക്കേ ഉന്നതവിദ്യാഭ്യാസത്തെച്ചൊല്ലി അഭിമാനിക്കാനുള്ളു എന്നും അവർ നിരീക്ഷിക്കുന്നു. എന്നാൽ 1 കൊരിന്ത്യർ 1:26-29-ൽ ബൈബിൾ പറയുന്നതെന്ത് എന്ന് നിരീക്ഷിക്കുക: “സഹോദരൻമാരെ അവൻ നിങ്ങളെ വിളിച്ച വിളിയെ നോക്കുവിൻ. ജഡീകവിധത്തിൽ ജ്ഞാനികളായ അനേകരെ വിളിച്ചിട്ടില്ല. ശക്തരേറെയില്ല, കുലീനരും ഏറെയില്ല; എന്നാൽ ജ്ഞാനികളായ മനുഷ്യരെ ലജ്ജിപ്പിക്കേണ്ടതിന് ദൈവം ലോകത്തിലെ ഭോഷത്വമായ കാര്യങ്ങളെ തിരഞ്ഞെടുത്തു; ശക്തമായവയെ ലജ്ജിപ്പിക്കേണ്ടതിന് ദൈവം ബലഹീനമായ കാര്യങ്ങളെ തെരഞ്ഞെടുത്തു; കൂടാതെ ദൈവം പ്രബലം ആയ കാര്യങ്ങളെ ഇല്ലായ്മ ചെയ്യേണ്ടതിന് ലോകത്തിൽ ബലഹീനവും നിന്ദ്യവും ഏതുമില്ലാത്തതും ആയകാര്യങ്ങളെ തെരഞ്ഞെടുത്തു. ദൈവ ദൃഷ്ടിയിൽ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിനുതന്നെ.”
അത്തരം എളിയ ആളുകളിൽ നിന്നും ഗ്രഹിക്കുന്നതിന് നിങ്ങളുടെ അഹന്ത കൈവെടിയേണ്ടതായി വന്നേക്കാം. എന്നാൽ സത്യത്തിന് നൽകേണ്ടിവരുന്ന അത്ര വലിയ ഒരു വിലയാണോ അത്?
ജ്ഞാനം പ്രാവർത്തികമാക്കുക
അറിവ്—സത്യംപോലും—കേവലം ആഗിരണം ചെയ്യുന്നത് മാത്രം മതിയാകുന്നില്ല. അതുകൊണ്ടാണ്; ‘വിവേകം വിലക്കുവാങ്ങാൻ നാം പ്രചോദിപ്പിക്കപ്പെടുന്നത്. (സദൃശവാക്യങ്ങൾ 23:23) വിവേകം അറിവിന്റെ ബാധകമാക്കലാണ്! വാസ്തവത്തിൽ വിവേകം തന്നെ പ്രഥമം എന്ന് ശലോമോൻ പറഞ്ഞു. (സദൃശവാക്യങ്ങൾ 4:5-7) അതെ, അറിവ്, പ്രവൃത്തിപഥത്തിൽ കൊണ്ടുവന്നില്ലെങ്കിൽ അതുകൊണ്ട് എന്തു പ്രയോജനം? അതുകൊണ്ട് ദൈവത്തിന്റെ മാർഗ്ഗങ്ങളും ആജ്ഞകളും നിയമങ്ങളും ഓർമ്മപ്പെടുത്തലുകളും ബുദ്ധിയുപദേശവും ഗ്രഹിച്ചശേഷം അവയെ നിങ്ങളുടെ ജീവിതത്തിൽ ബാധകമാക്കാൻ പഠിക്കുക. “ജ്ഞാനം അതിന്റെ പ്രവൃത്തികളാൽ നീതികരിക്കപ്പെടുന്നു.—മത്തായി 11:19.
പൊന്തിയോസ് പീലാത്തോസ് സത്യം ത്യജിച്ചു. പക്ഷെ, നിങ്ങൾ ആ അബദ്ധം ആവർത്തിക്കരുത്. അഹന്ത, ഉന്നമനേച്ഛ, തിരുവെഴുത്തുവിരുദ്ധമായ ഏതെങ്കിലും തിൻമയോടുള്ള പ്രിയം എന്നീകാരണങ്ങളാൽ സത്യം വഴുതിപ്പോകാൻ ഇടയാക്കുന്നത് തീർച്ചയായും മൗഢ്യം ആയിരിക്കും. “ഞാൻ ജീവിച്ചിരിക്കേണ്ടതിന് എന്നെ ഗ്രഹിപ്പിക്കേണമേ” എന്ന് പ്രാർത്ഥിച്ച സങ്കീർത്തനക്കാരനെപ്പോലെ ആയിരിക്കുക. (സങ്കീർത്തനങ്ങൾ 119:144) അതെ സത്യവും ജ്ഞാനവും ആർജ്ജിച്ചെടുക്കുന്നതിനുള്ള വിലനൽകാൻ സന്നദ്ധനായവന് “ജീവിച്ചിരിക്കാൻ സാധിക്കും. കാരണം അത് വാങ്ങുന്നവൻ “തീർച്ചയായും ജീവൻ കണ്ടെത്തുകയും ദൈവത്തിൽ നിന്നുള്ള പ്രസാദം അവന് ലഭിക്കുകയും ചെയ്യും.”—സദൃശവാക്യങ്ങൾ 8:35.
യഹോവയുടെ സാക്ഷികളോടോപ്പം ബൈബിൾ പഠിക്കാനൊരുങ്ങിയ ഒരു മനുഷ്യൻ ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ ജീവിതങ്ങൾക്ക് സത്യം മാററം വരുത്തി എന്ന് പറയുന്നത് ഒരനുഗ്രഹം ആണ്.” അതിന് നിങ്ങളുടേതിനെയും മാററാൻ കഴിയും. അതുകൊണ്ട് അത് വഴുതിപ്പോകാനിടയാക്കാതിരിക്കുക! സത്യവും ജ്ഞാനവും വിലക്കുവാങ്ങുന്നതിനുള്ള ഈ അപൂർവ്വ അവസരം ഉപയോഗപ്പെടുത്തുക. അത് ചെയ്യുന്നതിൽ നിങ്ങൾ ഒരിക്കലും ഖേദിക്കേണ്ടി വരികയില്ല. (w86 3/1)
[അടിക്കുറിപ്പുകൾ]
a അത്തരം ഒരു ബൈബിൾ പഠനം നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ മാസികയുടെ പ്രസാധകർക്കെഴുതാൻ മടിക്കരുത്. നിങ്ങളുടെ ഭവനം സന്ദർശിക്കാൻ ഒരു യോഗ്യതയുള്ള ശുശ്രൂഷകനെ അയക്കാൻ ഞങ്ങൾക്ക് സന്തോഷമുണ്ട്.
b വാച്ററവ്വർ ബൈബിൾ ആൻറ് ട്രാക്ററ് സൊസൈററി ഓഫ് ന്യൂയോർക്കിനാൽ പ്രസിദ്ധീകരിക്കപ്പെട്ടത്.
[4-ാം പേജിലെ ചിത്രം]
സത്യം വഴുതിപ്പോകുന്നതിന് പൊന്തിയോസ് പീലാത്തോസ് അനുവദിക്കാൻ ഇടയാക്കിയത് അഹന്ത ആയിരിക്കാം.