“നോഹയുടെ നാളുകൾ” പോലെയുള്ള നാളുകൾ
“ഭൂമി അക്രമംകൊണ്ടു നിറഞ്ഞു . . . അത് അധഃപതിച്ചിരുന്നു, എന്തുകൊണ്ടെന്നാൽ ഭൂമിയിൽ സകല ജഡവും അതിന്റെ വഴി അധഃപതിപ്പിച്ചിരുന്നു.”—ഉല്പത്തി 6:11, 12.
1, 2. (എ) യഹോവയുടെ സാക്ഷികൾ ഇന്ന് ഏതുതരം അക്രമവുമായി പൊരുതേണ്ടിയിരിക്കുന്നു? (ബി) ഏതു സാഹചര്യങ്ങളിൽ ദൈവജനം പുനരുത്ഥാന പ്രത്യാശയാൽ ആശ്വസിപ്പിക്കപ്പെട്ടിരിക്കുന്നു?
അക്രമം! നോഹയുടെ നാളിലെപ്പോലെ ഇന്ന് അക്രമം ഒരു സർവ്വസാധാരണ പദമായിത്തീർന്നിരിക്കുകയാണ്. നോഹയെപ്പോലെ സത്യദൈവത്തോടുകൂടെ നടക്കുന്നവർപോലും അക്രമത്തിൽനിന്ന് വിമുക്തരല്ല. കഴിഞ്ഞവർഷം ജൂലൈ 21-ാം തീയതി ആസ്ത്രേലിയായിലെ സിഡ്നിയിൽ ദൈവത്തോടും കുടുംബത്തോടുമുള്ള വിശ്വസ്തതയെക്കുറിച്ച് ഒരു പരസ്യപ്രസംഗം നടക്കവേ, യഹോവയുടെ സാക്ഷികളുടെ ഒരു രാജ്യഹാൾ ബോംബിനാൽ നിലംപരിചാക്കപ്പെട്ടപ്പോൾ ഇത് ശക്തമായി ലോകശ്രദ്ധയിലേക്കു വരുത്തപ്പെട്ടു. ഒരു സാക്ഷി കൊല്ലപ്പെട്ടു. 40-ൽപരം പേർ ആശുപത്രിയിലാക്കപ്പെട്ടു. അവരെല്ലാം സൗഖ്യം പ്രാപിച്ചു. എന്നിരുന്നാലും, ഈ കുററകരമായ കൊടുംദ്രോഹത്തിന്റെ ഫലമായി ചിലർ ഗുരുതരമായ വടുക്കൾ വഹിക്കുന്നു. ഒരു പോലീസ് കുററാന്വേഷണോദ്യോഗസ്ഥൻ ഇങ്ങനെ പറയുകയുണ്ടായി: “110 പേരാണ് അകത്തുണ്ടായിരുന്നത്, 110 പേരും മരിക്കാഞ്ഞത് കേവലം ഒരു അത്ഭുതമാണ്.”
2 വടക്കൻ അയർലണ്ട്, ലബനോൻ, എൽ സാൽവഡോർ എന്നിങ്ങനെയുള്ള ഭൂമിയുടെ മററു ഭാഗങ്ങളിൽ അക്രമം തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യഹോവയുടെ സാക്ഷികൾ “സുവാർത്ത” ഘോഷിച്ചുകൊണ്ടിരിക്കുന്നത്. ചുരുക്കം ചിലർ കൊല്ലപ്പെട്ടിട്ടുണ്ട്, ചിലർ ശുശ്രൂഷയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് കൊല്ലപ്പെട്ടത്. അനേകം രാജ്യങ്ങളിൽ അപകടങ്ങളും ഭൂകമ്പങ്ങളുംപോലെ “മുൻകൂട്ടിക്കാണാത്ത സംഭവ”വും വിലപ്പെട്ട ജീവൻ ഹനിച്ചിട്ടുണ്ട്. അങ്ങനെയുള്ള സന്ദർഭങ്ങളിൽ യഹോവയുടെ ജനം പുനരുത്ഥാനപ്രത്യാശയാൽ ആശ്വസിക്കപ്പെട്ടിരിക്കുന്നു.—സഭാപ്രസംഗി 9:11; 1 തെസ്സലോനീക്യർ 4:13, 14.
3. (എ) അടുത്തകാലത്തെ സംഭവങ്ങളാലും ലൂക്കോസ് 21:16-നാലും സൂചിപ്പിക്കപ്പെട്ടിരിക്കുന്നതുപോലെ, യഹോവയുടെ ജനത്തിൽപെട്ട ചിലർക്ക് എന്തു സംഭവിച്ചേക്കാം? (ബി) “മഹോപദ്രവ” കാലത്ത് നമുക്ക് ദൈവ സംരക്ഷണം ലഭിക്കുമെന്ന് എന്ത് ഉറപ്പുണ്ട്?
3 അടുത്ത കാലത്ത് മെക്സിക്കോയിൽ ഒരു വിപൽക്കരമായ ഭൂകമ്പത്തിൽ കൊല്ലപ്പെട്ട 5000 ത്തിൽപരം പേരിൽ മൊത്തം 23 സാക്ഷികളും സഹകാരിളും ഉൾപ്പെട്ടിരുന്നു. പോർട്ടോ റിക്കോയിൽ പ്രളയങ്ങളിലും ഉരുൾപൊട്ടലുകളിലും ജീവൻ നഷ്ടപ്പെട്ട 300 പേരിൽ വേറെ ഏഴു സാക്ഷികൾ ഉൾപ്പെട്ടിരുന്നു. യഹോവ തന്റെ ദാസൻമാരിൽ ചിലർക്ക് സംരക്ഷണം നൽകുന്നതിൽ പരാജയപ്പെട്ടുവെന്നാണോ അതിന്റെ അർത്ഥം? അശേഷമല്ല. നാം അപകടങ്ങളിൽനിന്നും വിപത്തുകളിൽനിന്നും വിമുക്തരല്ല. പീഡനം സംബന്ധിച്ചാണെങ്കിൽ “അവർ നിങ്ങളിൽ ചിലരെ വധിക്കും” എന്ന് യേശു തന്റെ ശിഷ്യൻമാർക്ക് മുന്നറിയിപ്പ് കൊടുക്കുകയുണ്ടായി. നാസി ഹിററ്ലറിന്റെ ഘോരകൈകളാൽ നമ്മുടെ ശതക്കണക്കിന് സഹോദരൻമാർ മരണമടഞ്ഞു. യഹോവ അങ്ങനെയുള്ളവരെയെല്ലാം പുനരുത്ഥാനത്തിൽ ഓർക്കും. എന്നിരുന്നാലും, മുൻകൂട്ടിപ്പറയപ്പെട്ട “മഹോപദ്രവം” ഭൂമിയിൽ വീശിയടിക്കുമ്പോൾ യഹോവ, നോഹയുടെ നാളിൽ ചെയ്തതുപോലെ, തന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ രക്ഷിക്കാൻ പ്രാപ്തനാണെന്ന് പ്രകടമാക്കും.—ലൂക്കോസ് 21:16-19; മത്തായി 24:14, 21, 22, 37-39; യെശയ്യാ 26:20, 21; യോവേൽ 2:32; റോമർ 10:13.
4. ഇക്കാലത്തെ അവസ്ഥകൾ ഉല്പത്തി 6:11, 12-ൽ വർണ്ണിച്ചിരിക്കുന്നവയോട് എങ്ങനെ ഒത്തുവരുന്നു?
4 ആയിരത്തിത്തൊള്ളായിരിത്തിപ്പതിന്നാലു മുതൽ അക്രമം ആഗോളമായി പ്രബലപ്പെട്ടിരിക്കുകയാണ്. ഈ നൂററാണ്ടിൽ പത്തുകോടിയോളം പേർ യുദ്ധങ്ങളിലും വിപത്തുകളിലുമായി കൊല്ലപ്പെട്ടു. മനുഷ്യവർഗ്ഗം, കടലിലും വായുവിലും നടത്തപ്പെടുന്ന റാഞ്ചലിനാലും ഭീകരപ്രവർത്തകരുടെ ബോംബിംഗിനാലും കൂട്ടക്കൊലകളാലും വർഗ്ഗീയ വിദ്വേഷങ്ങളാലും കഠോര യാതനയനുഭവിച്ചിരിക്കുന്നു, ഒപ്പം ന്യൂക്ലിയർ ആയുധ വ്യാപനത്താലും ദ്രോഹിക്കപ്പെട്ടിരിക്കുന്നു. സത്യത്തിൽ, ഇവ “പോംവഴിയറിയാത്ത ജനതകളുടെ അതിവേദന”യുള്ള “ദുർഘടസമയങ്ങളാ”കുന്നു. (2 തിമൊഥെയോസ് 3:5, 13; ലൂക്കോസ് 21:25) എന്നുവരികിലും, യഹോവയുടെ ജനം അക്രമത്തെക്കാൾ വളരെയേറെ അപകടകരമായ ഒരു കഠോരവിപത്തിൻമദ്ധ്യേയാണ് ജീവിക്കുന്നത്, മിക്കപ്പോഴും അത് അക്രമത്തോടു ബന്ധപ്പെട്ടാണിരിക്കുന്നത്. അത് തുടങ്ങിയത് 4300-ൽപരം വർഷം മുമ്പ് നോഹയുടെ നാളിലാണ്. എന്താണത്?
ദുഷിപ്പിൻമദ്ധ്യേ നോഹയുടെ വിശ്വാസം
5, 6. (എ) സാത്താൻ മനുഷ്യവർഗ്ഗത്തെ ദുഷിപ്പിക്കാൻ എങ്ങനെ പുറപ്പെട്ടു? (ബി) നോഹയും അവന്റെ കുടുംബവും ആ ലോകത്തിന്റെ ഭാഗമായിരിക്കാതെ എങ്ങനെ മുന്തിനിന്നു?
5 ഏദനിലെ മത്സരം മുതൽ പിശാചായ സാത്താൻ “മുഴുനിവസിതഭൂമിയേയും വഴിതെററിക്കുന്ന”തിന് തുനിഞ്ഞിരിക്കയാണ്. (വെളിപ്പാട് 12:9) തങ്ങളുടെ വർഗ്ഗത്തെക്കൊണ്ട് “ഭൂമിയെ നിറയ്ക്കാൻ” വിവാഹക്രമീകരണത്തിനുള്ളിൽ തങ്ങളുടെ ദൈവദത്ത ലൈംഗികപ്രാപ്തികൾ മാന്യമായി ഉപയോഗിക്കാൻ യഹോവ പുരുഷനോടും സ്ത്രീയോടും കൽപ്പിച്ചിരുന്നു. (ഉല്പത്തി 1:28; എബ്രായർ 13:4) എന്നാൽ പിശാച് അസ്വാഭാവിക ലൈംഗികതകൊണ്ട് മനുഷ്യവർഗ്ഗത്തെ ദുഷിപ്പിക്കുന്നതിലേക്കു തിരിഞ്ഞു. എങ്ങനെ? ദൈവത്തിന്റെ ആത്മപുത്രൻമാർ മത്സരത്തിൽ സാത്താനോടു ചേർന്നു. അവർ “ഭൂതങ്ങൾ” ആയിത്തീർന്നു, സാത്താൻ അവരുടെ “ഭരണാധികാരിയും”. (ലൂക്കോസ് 11:15) ഭൂതങ്ങളുടെ അന്നത്തെ പ്രവർത്തനത്തിൽ എന്താണുൾപ്പെട്ടിരുന്നത്? അവർ ഭൂമിയിലേക്കു വരികയും മാനുഷപുത്രിമാരോട് സഹവസിക്കുകയും ചെയ്തു. പരിണിതഫലം ഭീതിജനകമായിരുന്നു!
6 അങ്ങനെ സങ്കരസന്തതികൾ ഉളവാക്കപ്പെട്ടു. അവർ പകുതിഭൂതവും പകുതിമനുഷ്യനുമായ ജഡികരാക്ഷസൻമാർ ആയിരുന്നു. രേഖ പ്രകടമാക്കുന്നപ്രകാരം ഇവരായിരുന്നു നെഫിലിം, ഹിംസാത്മകമായി മനുഷ്യവർഗ്ഗത്തെ “വീഴിക്കുന്നവർ.” “സത്യദൈവത്തിന്റെ ദൃഷ്ടിയിൽ ഭൂമി അധ:പതിക്കാനിടയായി, ഭൂമി അക്രമം കൊണ്ട് നിറഞ്ഞു. ദൈവം ഭൂമിയെ നോക്കി, അതാ! അത് അധ:പതിച്ചിരുന്നു, എന്തുകൊണ്ടെന്നാൽ ഭൂമിയിൽ സകല ജഡവും അതിന്റെ വഴി അധ:പതിപ്പിച്ചിരുന്നു.” അക്രമവും ലൈംഗിക ദുഷിപ്പും വളരെ വ്യാപകമായിത്തീർന്നിരുന്നതുകൊണ്ട് നോഹയെക്കുറിച്ചു മാത്രമേ ഇങ്ങനെ പറയാൻ കഴിയുമായിരുന്നുള്ളു: “അവൻ തന്റെ തലമുറകൾക്കിടയിൽ നിഷ്ക്കളങ്കനെന്നു തെളിഞ്ഞു. നോഹ സത്യദൈവത്തോടുകൂടെ നടന്നു.” അവന്റെ ഭാര്യയും പുത്രൻമാരും അവരുടെ ഭാര്യമാരും—സകല മനുഷ്യവർഗ്ഗത്തിലും അവർ മാത്രം—വിശ്വാസവും ദൈവികഭയവും പ്രകടമാക്കി. പ്രത്യക്ഷത്തിൽ, നോഹയുടെ നാളിലെ ലൈംഗികദുഷിപ്പിനാൽ അവന്റെ കുടുംബവംശം മാത്രമേ മലിനപ്പെടാതിരുന്നുള്ളൂ.—ഉല്പത്തി 6:4, 9-12; റെഫ. ബൈ. അടിക്കുറിപ്പ്.
7. നോഹയുടെ നാളിൽ പ്രകടമാക്കപ്പെട്ടതുപോലെ, യഹോവ ദുഷ്ടരെയും നീതിമാൻമാരെയും എങ്ങനെ ന്യായം വിധിക്കുന്നു? (മത്തായി 25:40, 45, 46 താരതമ്യപ്പെടുത്തുക)
7 അക്രമാസക്തവും ലൈംഗികഭ്രാന്തുപിടിച്ചതും ഭൂതനിയന്ത്രിതവുമായ ആ ലോകത്തെ യഹോവ തുടച്ചുനീക്കി. വലിയ ജലപ്രളയം വരുത്തി ദുഷിച്ച സകലത്തെയും അവൻ നീക്കം ചെയ്തു. സങ്കര നെഫിലിമും ദുഷിച്ച മനുഷ്യരും വിസ്മൃതിയിലേക്കു തുടച്ചുനീക്കപ്പെട്ടു. അതേ സമയം ഭൂതങ്ങളായിത്തീർന്ന ദൈവത്തിന്റെ മുൻപുത്രൻമാർ തിരികെ ആത്മലോകത്തിലേക്കു രക്ഷപെട്ടു—അവരുടെ ദൈവത്താലുള്ള ന്യായവിധിക്കായി കാത്തിരിക്കാൻ തന്നെ. എന്നാൽ അതിജീവിച്ചവർ ഉണ്ടായിരുന്നു! നോഹയും അവന്റെ അടുത്ത കുടുംബവൃത്തവും നാശത്തിൽനിന്ന് ഒഴിവാക്കപ്പെട്ടു. എന്തുകൊണ്ട്? അവരുടെ വിശ്വാസം നിമിത്തം. പെട്ടകം പണിതതിനാലും ആ കുററം വിധിക്കപ്പെട്ട ലോകത്തോട് പ്രസംഗിച്ചതിനാലും അവരുടെ വിശ്വാസം പ്രവൃത്തികളാൽ പിന്താങ്ങപ്പെട്ടു.—2 പത്രോസ് 2:4, 5.
ആധുനികരേ, സൂക്ഷിക്കുക!
8. നോഹയുടെ നാൾ ഏതു വിധങ്ങളിൽ നമ്മുടെ നാളിനെ മുൻനിഴലാക്കി?
8 നോഹയുടെ നാൾ നമ്മുടേതിന്റെ മുൻനിഴലായിരുന്നു. നാം എങ്ങനെ അറിയുന്നു.? കൊള്ളാം, “ലോകാരംഭം മുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും, ഇല്ല, വീണ്ടും സംഭവിക്കുകയില്ലാത്തതുമായ മഹോപദ്രവ”ത്തിന്റെ വക്കിലാണ് നാം നിൽക്കുന്നതെന്നുള്ളതിന്റെ “അടയാള”ത്തിന്റെ ഭാഗമായി യേശു സമാനമായ അക്രമത്തിന്റെയും അധർമ്മത്തിന്റെയും സ്നേഹരാഹിത്യത്തിന്റെയും ഒരു സമയത്തെ മുൻകൂട്ടിപ്പറയുകയുണ്ടായി. “നോഹയുടെ നാളുകളെപ്പോലെയായിരിക്കും മനുഷ്യപുത്രന്റെ സാന്നിദ്ധ്യം. നോഹ പെട്ടകത്തിൽ പ്രവേശിച്ച ദിവസം വരെയുള്ള പ്രളയത്തിനു മുമ്പത്തെ ആ നാളുകളിൽ അവർ തിന്നുകയും കുടിക്കുകയും പുരുഷൻമാർ വിവാഹം കഴിക്കുകയും സ്ത്രീകൾ വിവാഹത്തിനു കൊടുക്കപ്പെടുകയുമായിരുന്നല്ലോ; പ്രളയം വന്ന് അവരെയെല്ലാം ഒഴുക്കിക്കൊണ്ടുപോകുന്നതുവരെ അവർ ഗൗനിച്ചില്ല; മനുഷ്യപുത്രന്റെ സാന്നിദ്ധ്യം അങ്ങനെ ആയിരിക്കും.”—മത്തായി 24:3-21, 36-39.
9. നാം ‘ഗൗനിക്കാത്ത’വരുടെ ഭാഗധേയത്തെ ഒഴിവാക്കുന്നതെങ്ങനെ?
9 അതെ, “അവർ ഗൗനിച്ചില്ല.” എന്നാൽ നിങ്ങൾ അവരെപ്പോലെ ആയിരിക്കേണ്ടതില്ല. കർത്താവായ യേശു സ്വർഗ്ഗത്തിൽനിന്ന് വെളിപ്പെടുകയും “ദൈവത്തെ അറിയാത്തവരെയും നമ്മുടെ കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവാർത്ത അനുസരിക്കാത്തവരെയും” നിത്യമായി നശിപ്പിച്ചുകൊണ്ട് ദൈവത്തിന്റെ പ്രതികാരം നടപ്പിലാക്കുകയും ചെയ്യുമ്പോൾ നിങ്ങൾക്ക് രക്ഷപെടാൻ കഴിയും. (2 തെസ്സലോനീക്യർ 1:7,8) നിങ്ങൾ ലോകജനങ്ങളെപ്പോലെ ആയിരിക്കേണ്ടതില്ല. അവരുടെ മുഖ്യജീവിതതാല്പര്യം സ്വയം പ്രസാദിപ്പിക്കലാണ്, ദൈവത്തെക്കുറിച്ചുള്ള ചിന്തയില്ലാതെ ഒരു പ്രശസ്ത ജീവിതവൃത്തിയോ ഭൗതികസ്വത്തോ പിന്തുടരുകയാണ്. സത്യത്തിൽ, “അവരുടെ ദൈവം അവരുടെ വയറാണ്.”—ഫിലിപ്യർ 3:19.
“തിൻമയെ വെറുക്കുക”
10, 11. (എ) ദൈവാംഗീകാരം നേടുന്നതിന്, നാം ഏത് ദുഃശീലങ്ങൾ ഒഴിവാക്കണം? (ബി) നാം ഏതു പടച്ചട്ട ധരിക്കണം, എന്തുകൊണ്ട്?
10 ഈ അന്തിമനാളുകളിൽ അനേകരുടെ ജീവിതം വിവാഹത്തിന്റെ പ്രയോജനത്തോടെയോ അല്ലാതെയോ ലൈംഗികതയെ ചുററിത്തിരിയുന്നു. വിവാഹിതരായിരിക്കുന്ന അനേകരെ സംബന്ധിച്ചടത്തോളം വിവാഹമോചനമോ വിവാഹറദ്ദാക്കലോ ഒരു സാധാരണ നടപടിയായിരിക്കുകയാണ്. യേശുവിന്റെ ശിഷ്യൻമാരുടെ വ്യക്തമായ മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ട് ക്രൈസ്തവലോകത്തിലെ അനേകർ സ്വവർഗ്ഗരതിയിലേർപ്പെടുന്നു. ഇപ്പോൾതന്നെ അവരിൽ ചിലർക്ക് എയിഡ്സിന്റെയോ ലൈംഗികമായി പകരുന്ന മററുരോഗങ്ങളുടെയോ രൂപത്തിൽ “തങ്ങളിൽത്തന്നെ പൂർണ്ണപ്രതിഫലം കിട്ടുന്നു”ണ്ട്. എന്നിരുന്നാലും, അങ്ങനെയുള്ളവർക്കുപോലും രക്ഷയുടെ പ്രത്യാശ ഉണ്ടായിരിക്കാൻ കഴിയും. യേശുവിൻറ നാളിലെ അഹങ്കാരികളും അനുതാപമില്ലാഞ്ഞവരുമായ മതനേതാക്കളിൽനിന്ന് വ്യത്യസ്തരായി, തങ്ങളുടെ ജീവിതത്തെ ശുദ്ധീകരിച്ച് യേശുവിൽ വിശ്വസിച്ച വേശ്യകൾക്കനുകൂലമായി അവൻ സംസാരിച്ചുവെന്നോർക്കുക.—റോമർ 1:26, 27; 2 പത്രോസ് 2:9, 10; യൂദാ 6, 7; മത്തായി 21:31, 32.
11 അധാർമ്മികനടപടികളാൽ കളങ്കപ്പെട്ടിരിക്കുന്നവരോ, അവയിൽ ഏർപ്പെടാൻ പ്രേരിതരാകുന്നവരോ ആയി യഹോവയുടെ ജനത്തിൽപെട്ട ആരും ഉണരുകയും ദൈവം നൽകുന്ന സമ്പൂർണ്ണപടച്ചട്ട ധരിക്കുകയും വേണം! (എഫേസ്യർ 6:11-18) ഈ നാളുകൾ വാസ്തവമായി “നോഹയുടെ നാളുകൾ പോലെ”തന്നെയാണ്. പിശാചായ ആ “അലറുന്ന സിംഹവും അവന്റെ ദുഷിച്ച ഭൂതങ്ങളും ദൈവദാസൻമാരെ ഒററപ്പെടുത്തി കുരുക്കിലാക്കാൻ അഹോരാത്രം പണിപ്പെട്ടുകൊണ്ടിരിക്കുകയാണ്. നാം വിശ്വാസത്തിൽ ഉറച്ചവരായി ആ ശത്രുക്കൾക്കെതിരെ നിലയുറപ്പിക്കേണ്ടതാണ്.—1 പത്രോസ് 5:8, 9.
12. സങ്കീർത്തനം 97:10 ലെ ബുദ്ധിയുപദേശം അനുസരിക്കുന്നത് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
12 ഞെട്ടിക്കുന്നതെങ്കിലും, യഹോവയുടെ സ്ഥാപനത്തിൽ പ്രമുഖരായിരുന്ന ചിലർപോലും സ്വവർഗ്ഗസംഭോഗം, ഭാര്യാകൈമാററം, ശിശുദ്രോഹം എന്നിവ ഉൾപ്പെടുന്ന ദുർമ്മാർഗ്ഗ നടപടികൾക്ക് വശംവദരായിട്ടുണ്ട്. കഴിഞ്ഞവർഷം ക്രിസ്തീയസഭയിൽനിന്ന് 36,638 പേർ പുറത്താക്കപ്പെടേണ്ടിവന്നുവെന്നും കുറിക്കൊള്ളേണ്ടതാണ്. അവരിൽ അധികപങ്കും ദുർമ്മാർഗ്ഗത്തിലേർപ്പെട്ടതുകൊണ്ടാണ് പുറത്താക്കപ്പെട്ടത്. യഹോവയുടെ സ്ഥാപനത്തെ ശുദ്ധമായി സൂക്ഷിക്കേണ്ടതാണ്! (1 കൊരിന്ത്യർ 5:9-13) സഭാമൂപ്പൻമാരും ശുശ്രൂഷാദാസൻമാരും, തീർച്ചയായും നമ്മുടെ സഹോദരീസഹോദരൻമാരെല്ലാം, ദുർമ്മാർഗ്ഗത്തിലേക്കു നയിക്കാവുന്ന ഏതു സാഹചര്യങ്ങളെയും ഒഴിവാക്കേണ്ട സമയമാണ് ഇത്. യഹോവയുടെ പ്രമാണങ്ങളോടുള്ള വിശ്വസ്തതക്ക് പ്രതിഫലം ലഭിക്കും. സങ്കീർത്തനം 97:10 പ്രസ്താവിക്കുന്ന പ്രകാരം: “യഹോവയെ സ്നേഹിക്കുന്നവരേ, തിൻമയെ വെറുക്കുക. അവൻ തന്റെ വിശ്വസ്തരുടെ ദേഹികളെ കാക്കുന്നു; ദുഷ്ടൻമാരുടെ കൈയിൽനിന്ന് അവൻ അവരെ വിടുവിക്കുന്നു.”
13. അപ്പോസ്തലൻമാരായ പൗലോസും പത്രോസും ഏതു നല്ല ബുദ്ധിയുപദേശം നൽകുന്നു?
13 ഏററവും താമസിച്ചാൽ, “മഹോപദ്രവ”ത്തിങ്കൽ “തങ്ങളുടെ മാലിന്യത്തിൽ അറെയ്ക്കത്തക്കവർ” ആയിരിക്കുന്ന സകലരും നീക്കം ചെയ്യപ്പെടും. ലൗകിക ദുഷിപ്പിനെ വെറുക്കുന്നതിലും, അതെ, കഠിനമായി വെറുക്കുന്നതിലും ഒഴിവാക്കുന്നതിലും നാം എത്ര തൽപ്പരരായിരിക്കണം! നാം “ദുർവൃത്തി വിട്ട് ഓടിപ്പോകേണ്ട”താണ്. (വെളിപ്പാട് 21:8; 1 കൊരിന്ത്യർ 6:9, 10, 11, 18) അപ്പോസ്തലനായ പത്രോസ് സംശയത്തിന്റെ വിത്തുപാകുന്ന വിശ്വാസത്യാഗികൾക്കെതിരെയും “യഹോവയുടെ ദിവസ”ത്തിന്റെ യാഥാർത്ഥ്യത്തെ സംബന്ധിച്ചും മുന്നറിയിപ്പു നൽകിയശേഷം “നടത്തയുടെ വിശ്വാസപ്രവർത്തനങ്ങൾക്കും ദൈവീകഭക്തിപ്രവൃത്തികൾക്കും” നമ്മെ പ്രോത്സാഹിപ്പിക്കുന്നു. അവൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “എന്നാൽ നാം അവന്റെ വാഗ്ദത്ത പ്രകാരം കാത്തിരിക്കുന്ന പുതിയ ആകാശങ്ങളും ഒരു പുതിയ ഭൂമിയുമുണ്ട്, ഇവയിൽ നീതി വസിക്കേണ്ടതാണ്. അതുകൊണ്ട്, പ്രിയരേ, നിങ്ങൾ ഈ കാര്യങ്ങൾക്കായി കാത്തിരിക്കുന്നതിനാൽ, ഒടുവിൽ കറയററവരും നിഷ്ക്കളങ്കരുമായി അവനാൽ സമാധാനത്തിൽ കണ്ടെത്തപ്പെടേണ്ടതിന് പരമാവധി പ്രവർത്തിക്കുക.” അങ്ങനെ ദൈവം ‘സകലവും പുതുതും’ ശുദ്ധവുമാക്കുന്ന “പുതിയ ഭൂമി”യിൽ എത്തുപെടുന്നത് എന്തോരു സന്തോഷമായിരിക്കും!—2 പത്രോസ് 3:3-7, 10-14; വെളിപ്പാട് 21:1, 4, 5.
കൂടുതലായ ‘മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ’ അനുസരിക്കുക
14. പ്രളയത്താലുള്ള ശുദ്ധികരണം താൽക്കാലികം മാത്രമായിരുന്നതെന്തുകൊണ്ട്?
14 വലിയ പ്രളയം ഭൂതസംബന്ധവും മാനുഷവുമായ സകല മാലിന്യവും നീക്കി ഭൂമിയെ ശുദ്ധീകരിച്ച ശേഷം, ആദിയിൽ ആദാമിനു കൊടുത്തിരുന്ന അനുശാസനം ആവർത്തിച്ചുകൊണ്ട് യഹോവ നോഹയോടും പുത്രൻമാരോടും ഇങ്ങനെ പറഞ്ഞു: “സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയെ നിറയ്ക്കുക.” (ഉല്പത്തി 9:1) അവർ ഒരു സൂചകാർത്ഥത്തിൽ അതു ചെയ്തു. ഒരു ആലങ്കാരിക പൂർണ്ണ സംഖ്യയായ 70 “കുടുംബങ്ങൾ” ഉല്പത്തി 10-ാം അദ്ധ്യായത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്നു. എന്നാൽ മനുഷ്യവർഗ്ഗം അപ്പോഴും ആദാമിൽനിന്ന് അവകാശപ്പെടുത്തിയ പാപത്തിന്റെ ഫലങ്ങൾ അനുഭവിക്കുന്നുണ്ടായിരുന്നു. പ്രത്യക്ഷത്തിൽ ഭൂതസ്വാധീനം വീണ്ടും ലൈംഗികദുഷിപ്പിൽ ആണ്ടുപോകുന്നതിലേക്ക് മനുഷ്യവർഗ്ഗത്തെ നയിച്ചു.
15. സോദോമിൻമേലുള്ള ദൈവത്തിന്റെ ന്യായവിധിയിൽ നിന്ന് നാം എന്തു പഠിക്കുന്നു?
15 കാലക്രമത്തിൽ, യഹോവയുടെ സ്നേഹിതനായ അബ്രാഹാമും, അവന്റെ സഹോദരപുത്രനായ ലോത്തും കനാൻ പ്രദേശത്തേക്കു നീങ്ങി. ലോത്ത് യോർദ്ദാൻ ഡിസ്ട്രിക്ററിലേക്ക് മാറുന്നതിനിഷ്ടപ്പെട്ടു. അത് “യഹോവയുടെ തോട്ട”ത്തെപ്പോലെയായിരുന്നു. എന്നാൽ അത് ധാർമ്മികമായി അങ്ങനെയായിരുന്നോ? അശേഷമല്ലായിരുന്നു! ലോത്ത് പാർത്ത സോദോം നഗരവും സമീപത്തെ ഗോമോറയും സ്വവർഗ്ഗസംഭോഗത്തിൽ മുഴുകിയിരുന്നു. പത്തു നീതിമാൻമാർ പോലും അവിടെ ഇല്ലായിരുന്നു. ഈ കാരണത്താൽ യഹോവ ആ നഗരങ്ങളിൻമേൽ “നിത്യാഗ്നിയുടെ ന്യായമായ ശിക്ഷ” വരുത്തി. ആ ദുഷിച്ച നഗരങ്ങൾ ഒരിക്കലും പുനഃസ്ഥിതീകരിക്കപ്പെടുകയില്ല! നാം ജാഗ്രതപാലിക്കേണ്ടതിന്റെ ആവശ്യത്തിന് അടിവരയിട്ടുകൊണ്ട് യേശു സോദോമിൻമേലുള്ള ദൈവത്തിന്റെ ന്യായവിധിയെയും “നോഹയുടെ നാളുകളിൽ” സംഭവിച്ചതിനെയും ഉദ്ധരിക്കുകയുണ്ടായി!—ഉല്പത്തി 13:10; 18:32; യൂദാ 7, ലൂക്കോസ് 17:26-30.
16. ഏതു ഭൂതപ്രവർത്തനം നാം വിശ്വാസത്തിനുവേണ്ടി കഠിനപോരാട്ടം നടത്തേണ്ടതാവശ്യമാക്കിത്തീർക്കുന്നു?
16 തെററുവരുത്തരുത്! സാത്താനും അവന്റെ ഭൂതങ്ങളും ഇപ്പോഴും ചീറിനടക്കുകയാണ്! ആലങ്കാരിക “കൂരിരുട്ടിൻകൂപ”ങ്ങളിൽ എറിയപ്പെട്ടിരിക്കുകയും ജഡശരീരം എടുക്കുന്നതിൽനിന്ന് തടയപ്പെട്ടിരിക്കുകയുമാണെങ്കിലും, ആ ദുഷിച്ച ആത്മാക്കൾ മനുഷ്യരെ, വിശേഷാൽ യഹോവയുടെ ദാസൻമാരെ, ദുഷിപ്പിക്കാൻ ലക്ഷ്യംവെച്ചിരിക്കുകയാണ്. (2 പത്രോസ് 2:4-6) നിസ്സംശയമായി, തന്റെ വല്യപ്പനായ നോഹയോട് ദുർമ്മാർഗ്ഗപ്രവൃത്തി ചെയ്യാൻ കനാനെ സ്വാധീനിച്ചത് ഭൂതങ്ങളായിരുന്നു. (ഉല്പത്തി 9:22-25) തീർച്ചയായും ‘കനാൻ ദേശത്തെ രീതി’യായിത്തീർന്ന വികടത്തരങ്ങൾക്ക് ജൻമംകൊടുത്തത് അവരായിരിക്കണം, തന്നിമിത്തം ദേശം അതിലെ നിവാസികളെ ഒടുവിൽ ഛർദ്ദിച്ചുകളഞ്ഞു. (ലേവ്യപുസ്തകം 18:3-25) അതുപോലെതന്നെ, ഇന്ന് അനേകം ജനസമുദായങ്ങളെ ബാധിച്ചിരിക്കുന്ന അസ്വാഭാവിക ലൈംഗിക നടപടികളെ ഊട്ടിവളർത്തുന്നത് ഭൂതങ്ങളാണ്. വിശ്വാസത്തിനുവേണ്ടി കഠിനപോരാട്ടം നടത്തുമ്പോൾ, ‘അത്യധികമായി ദുർവൃത്തിയിലേർപ്പെടുകയും അസ്വാഭാവിക ഉപയോഗത്തിനായി ജഡത്തിന്റെ പിന്നാലെ പോകുകയും ചെയ്യുന്ന’ മനുഷ്യരെ പ്രേരിപ്പിക്കുന്ന ആ വീണുപോയ ദൂതൻമാരുടെ ഏത് ആക്രമണങ്ങളെയും നാം ചെറുത്തുനിൽക്കേണ്ടതാണ്.—യൂദാ 3, 6, 7.
സംരക്ഷണത്തിനായി കെട്ടുപണിചെയ്ക
17. നോഹയേയും അവന്റെ കുടുംബത്തെയും പോലെ, നമുക്ക് ലോകത്തിന്റെ ഭാഗമല്ല നാമെന്ന് എങ്ങനെ പ്രകടമാക്കാം?
17 നമ്മുടെ കാലത്തിന്റെ ഗൗരവത്തിന്റെ വീക്ഷണത്തിൽ, നമുക്ക് വിടുതലിന്റെ മാർഗ്ഗം എങ്ങനെ കണ്ടെത്താം? ശരി, നോഹയും അവന്റെ കുടുംബവും എങ്ങനെയാണ് അതിജീവിച്ചത്? “വിശ്വാസത്താൽ നോഹ . . . ലോകത്തെ കുററം വിധിച്ചു.” (എബ്രായർ 11:7) അതുപോലെ, ഇന്ന് യഹോവയുടെ സാക്ഷികൾ ദുഷ്ടലോകത്തിന്റെ “ഭാഗമല്ല.” തന്നെയുമല്ല, നാം നമ്മുടെ ജീവിതത്തെ യഹോവക്കു സമർപ്പിച്ചുകൊണ്ടും യേശുക്രിസ്തുവിന്റെ ശിഷ്യരായിത്തീരാൻ ജലസ്നാനത്തിനു വിധേയരായിക്കൊണ്ടും നമ്മുടെ വിശ്വാസത്തെ പ്രകടമാക്കിയിരിക്കുന്നു.—യോഹന്നാൻ 17:14, 16; മത്തായി 28:19.
18. പെട്ടകത്തിന്റെ നിർമ്മാണത്താൽ പ്രതിരൂപപ്പെടുത്തപ്പെട്ടതെന്ത്?
18 കൂടാതെ, നാം ഇന്നത്തേക്കുള്ള യഹോവയുടെ വേലയിലും പങ്കെടുക്കുന്നു. അത് വലിപ്പമേറിയ നോഹയായ യേശുക്രിസ്തുവിനാൽ നയിക്കപ്പെടുന്ന ഒരു ആത്മീയ നിർമ്മാണവേലയാണ്. സുരക്ഷിതത്വത്തിന്റെയും അതിജീവനത്തിന്റെയും ഒരു സ്ഥലമെന്ന നിലയിൽ പെട്ടകം പ്രതിനിധാനം ചെയ്യുന്നത് 1919 മുതൽ യഹോവയുടെ ആരാധകരുടെ ഇടയിൽ അവൻ കെട്ടുപണിചെയ്തുകൊണ്ടിരിക്കുന്ന ആത്മീയ പരദീസയെയാണ്. അത് പുനഃസ്ഥിതീകരിക്കപ്പെട്ട, ദൈവവുമായുള്ള ഒരു സമാധാനബന്ധത്തിന്റെ അവസ്ഥയാണ്. അത് വലിപ്പമേറിയ നോഹയുടെ പ്രതിമാതൃകയിലെ കുടുംബത്തെ “മഹോപദ്രവ”ത്തിൽ സംരക്ഷിക്കാനുള്ള അവന്റെ ക്രമീകരണമാണ്.—മത്തായി 24:21; 1 കൊരിന്ത്യർ 3:4, 11; 2 കൊരിന്ത്യർ 12:3, 4; വെളിപ്പാട് 7:13, 14.
19. നോഹയും അവന്റെ കുടുംബാംഗങ്ങളും അവരുടെ വേലയും എന്തിനെ മുൻനിഴലാക്കി?
19 “നോഹ യഹോവയുടെ ദൃഷ്ടികളിൽ പ്രീതികണ്ടെത്തി.” അവൻ സ്വന്തമായി മുൻകൈയെടുത്തു യാതൊന്നും ചെയ്യാതെ ഇവിടെ ഭൂമിയിൽ ദൈവത്തോടുകൂടെ നടന്ന യേശുക്രിസ്തുവിനെ എത്ര നന്നായി ചിത്രീകരിക്കുന്നു! (ഉല്പത്തി 6:8; മത്തായി 17:1, 5; യോഹന്നാൻ 8:28) രണ്ടുപേരും നീതിപ്രസംഗികളായിരുന്നു—യഹോവയുടെ സകല സാക്ഷികൾക്കും നല്ല ദൃഷ്ടാന്തം! ഇന്നു ഭൂമിയിലുള്ള അഭിഷിക്ത ശേഷിപ്പിനെ മുൻനിഴലാക്കിയ, നോഹയുടെ ഭാര്യ താഴ്മയുടെ ഒരു മാതൃകയായിരുന്നുവെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. (2 പത്രോസ് 2:5; ലൂക്കോസ് 4:14-19; എഫേസ്യർ 5:21-24) സംരക്ഷണത്തിനുള്ള പെട്ടകത്തിന്റെ നിർമ്മാണം എത്ര ബൃഹത്തായിരുന്നുവെന്നു പരിചിന്തിക്കുമ്പോൾ ഊർജ്ജസ്വലരായ മൂന്നു പുത്രൻമാരും അവരുടെ ഭാര്യമാരും സഹായികളായി ഉണ്ടായിരുന്നതിൽ വൃദ്ധനായ നോഹ എത്ര സന്തുഷ്ടനായിരുന്നുവെന്ന് നമുക്ക് സങ്കൽപ്പിക്കാൻ കഴിയും! പ്രതിമാതൃകയിലെ പ്രളയത്തിലേക്കുള്ള അന്തിമദിനങ്ങൾ ചുരുങ്ങിവരുന്ന ഈ കാലത്ത് ആത്മീയനിർമ്മാണവേലയുടെ അധിക പങ്കും നിർവ്വഹിക്കുന്ന ഇക്കാലത്തെ “മഹാപുരുഷാര”ത്തെയാണ് അവർ ഉചിതമായി ചിത്രീകരിക്കുന്നത്.—വെളിപ്പാട് 7:9, 15.
20, 21. (എ) യഹോവയുടെ ആരാധകർക്ക് ശുദ്ധീകരിക്കപ്പെട്ട ഭൂമിയിൽ എന്തു ശോഭന പ്രതീക്ഷകൾ കാത്തിരിക്കുന്നു? (ബി) ഇപ്പോൾപോലും ഏതു സന്തോഷം അനുഭവിക്കാനുണ്ട്?
20 ഈ ഭൂമിയെ ശുദ്ധീകരിച്ച് ഒരു അക്ഷരീയ പരദീസയായി രൂപാന്തരപ്പെടുത്താൻ സജ്ജമാക്കപ്പെട്ടിരിക്കുമ്പോൾ നോഹയുടെ പുത്രൻമാരാലും അവരുടെ ഭാര്യമാരാലും ചിത്രീകരിക്കപ്പെട്ടവർക്ക് കുറെ കാലത്തേക്ക് നീതിയിൽ മക്കൾ ജനിച്ചേക്കാം. അനന്തരം പുനരുത്ഥാനത്തിന്റെ അത്ഭുത ഭൂമിയെ മനുഷ്യരെക്കൊണ്ടു നിറയ്ക്കുന്ന പ്രക്രിയ പൂർത്തിയാക്കും. യേശുവിന്റെ “വേറെ ആടുകളാ”യിത്തീരാനുള്ള പദവി സ്വീകരിക്കുന്ന എല്ലാവരും പൂർണ്ണതയിലേക്കു പുനഃസ്ഥിതീകരിക്കപ്പെടും. ക്രിസ്തു തന്റെ പിതാവിനു രാജ്യം കൈമാറിക്കൊടുത്ത ശേഷമുള്ള അന്തിമപരിശോധനയെ അതിജീവിച്ചു കഴിയുമ്പോൾ അവർ നിത്യജീവനു വേണ്ടി നീതിമാൻമാരെന്നു പ്രഖ്യാപിക്കപ്പെടും.—യോഹന്നാൻ 5:28, 29; 10:16; 1 കൊരിന്ത്യർ 15:24-26; സങ്കീർത്തനം 37:29; വെളിപ്പാട് 20:7, 8.
21 യഹോവയുടെ വിശ്വസ്താരാധകർക്ക് എത്ര സന്തോഷമാണ് മുമ്പിൽ സ്ഥിതിചെയ്യുന്നത്! എന്നാൽ അതി ജീവനത്തിനു വേണ്ടിയുള്ള ആധുനികപെട്ടകത്തിന്റെ നിർമ്മാണത്തിൽ മുഴുഹൃദയത്തോടെ പങ്കെടുക്കുന്നതിനാൽ ഇപ്പോൾപോലും വലിയ സന്തോഷം കണ്ടെത്താവുന്നതാണ്. ആ വേല എങ്ങനെ അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുന്നു? നമ്മുടെ അടുത്ത പാഠം ഉത്തരം നൽകും. (w86 1/1)
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ പ്രളയത്തിനു മുമ്പത്തെ സംഭവങ്ങൾ നമുക്ക് എങ്ങനെ മുന്നറിയിപ്പു നൽകണം?
◻ നാം മത്തായി 24:37-39-ൽ നിന്ന് എന്തു പാഠം പഠിക്കണം?
◻ “തിൻമയെ വെറുക്കുന്ന”ത് വളരെ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
◻ നാം പ്രതിമാതൃകയിലെ പെട്ടകം പണിയുന്നതിൽ പങ്കെടുക്കേണ്ടതെങ്ങനെ?
[16-ാം പേജിലെ ചതുരം]
‘നോഹയുടെ നാളിലെ’പ്പോലെ—
“ഒരു അവിവാഹിതാനായ പുരുഷനും സ്ത്രീയും ലൈംഗികതയിലേർപ്പെടുന്നത് അധാർമ്മികമാണെന്ന് . . . കോളജ് മതാദ്ധ്യാപകരിൽ 40 ശതമാനം മാത്രമേ വിശ്വസിക്കുന്നുള്ളു.”—സാററർഡേ ഓക്ലഹോമൻ & റൈറംസ്, ഡിസംബർ 29, 1984
[17-ാം പേജിലെ ചതുരം]
ബൈബിൾ തത്വങ്ങൾ ഗണ്യമോ?
ഒരു എപ്പിസ്ക്കോപ്പാലിയൻ പുരോഹിതൻ യഹോവയുടെ സാക്ഷികളിലൊരാൾ നടത്തിയ ഒരു ശവസംസ്ക്കാര ശുശ്രൂഷ ശ്രദ്ധിക്കുകയുണ്ടായി. പിന്നീട്, പുരോഹിതന്റെ ക്ഷണമനുസരിച്ച്, ന്യൂയോർക്ക് നഗരത്തിലെ ബ്രൂക്ക്ളിൻ ഹൈററ്സിലെ പല വൈദീകരുമായി നടന്ന ഒരു ചർച്ചയിൽ വാച്ച്ററവർ സൊസൈററിയിൽനിന്നുള്ള രണ്ടു ശുശ്രൂഷകർ പങ്കെടുത്തു.
സ്വവർഗ്ഗസംഭോഗത്തിന്റെ പ്രശ്നം പൊന്തിവന്നു. ബൈബിൾ ഇതിനെ വിലക്കുന്നുവെന്നും ഏതുതരം ദുർമ്മാർഗ്ഗത്തിലും ഏർപ്പെടുന്നവരെ സാക്ഷികൾ സഭയിൽനിന്നും പുറത്താക്കുന്നുവെന്നും സാക്ഷികൾ വ്യക്തമാക്കി. (റോമർ 1:24-27; 1 കൊരിന്ത്യർ 6:9, 10; യൂദാ 7) ഈ സംഗതിയിൽ വൈദീകരുടെ നിലപാട് എന്താണെന്ന് സാക്ഷികൾ വൈദീകരോട് ചോദിച്ചു. ചുവടെ ചേർക്കുന്ന മറുപടികളാണ് ലഭിച്ചത്:
ഒരു കോൺഗ്രിഗേഷനൽ ശുശ്രൂഷകൻ: “ഞങ്ങളുടെ സഭയുടെ നിബന്ധനകളിൽ എവിടെയോ ബഹിഷ്ക്കരണചട്ടം ഉണ്ടെന്നു ഞാൻ വിചാരിക്കുന്നു. എന്റെ ആയുസ്സിൽ ഞങ്ങൾ എന്നെങ്കിലും ആ നിയമത്തെ ആശ്രയിച്ചതായി എനിക്ക് ഓർക്കാൻ കഴിയുന്നില്ല!”
എപ്പിസ്ക്കോപ്പാലിയൻ പുരോഹിതൻ: “ഞങ്ങൾ ആ നിയമത്തെ ആശ്രയിക്കുകയാണെങ്കിൽ, ഞങ്ങൾക്ക് ഇടവകക്കാരാരും ശേഷിക്കുകയില്ല.”
ഒരു കത്തോലിക്കാ മോൺസിന്യോർ: “ഞങ്ങൾ ആ നിയമത്തെ ആശ്രയിക്കുകയാണെങ്കിൽ ഞങ്ങൾക്ക് പുരോഹിതൻമാരും ശേഷിക്കുകയില്ല.”
ഈ വൈദീകരുടെ പ്രസ്താവനകൾ അതിശയോക്തിപരമായിരിക്കാമെങ്കിലും, സഭയെ ശുദ്ധമായി സൂക്ഷിക്കുന്നതിലുള്ള തങ്ങളുടെ സ്വന്തം ഉറച്ച നിലപാട് സംബന്ധിച്ച് യഹോവയുടെ സാക്ഷികൾ സന്തുഷ്ടരാണ്. അവർ “ലോകത്തിന്റെ ഭാഗമല്ല.”—യോഹന്നാൻ 15:19.
[18-ാം പേജിലെ ചതുരം]
‘നോഹയുടെ നാളിലെ’പ്പോലെ—
“മൻഹാററനിൽ സ്വവർഗ്ഗസംഭോഗികളായ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുവേണ്ടി ഒരു ന്യൂയോർക്ക് സിററി പബ്ലിക്ക് സ്കൂൾ തുറന്നിരിക്കുന്നു.” അതിലെ അദ്ധ്യാപകർ ഇങ്ങനെ പറഞ്ഞു: “സ്വവർഗ്ഗ സംഭോഗത്തിലേർപ്പെടുന്ന ബാലികാബാലൻമാർ പക്വതയില്ലാത്ത യുവപ്രായക്കാർക്കു വിധേയപ്പെടാത്ത ഒരു ചുററുപാടാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.”—ദി ന്യൂയോർക്ക് റൈറംസ്, ജൂൺ 6, 1985
[19-ാം പേജിലെ ചതുരം]
‘നോഹയുടെ നാളിലെ’പ്പോലെ—
“റിവർസൈഡ് പള്ളിയിലെ അംഗങ്ങൾ സ്വവർഗ്ഗ സംഭോഗങ്ങളെ ക്രിസ്തീയ കുടുംബജീവിത സങ്കല്പത്തിന്റെ ഭാഗമായി അംഗീകരിക്കുന്ന ഒരു സ്വവർഗ്ഗകേളീ നയത്തെ ഇന്നലെ അംഗീകരിച്ചു.”—ന്യൂയോർക്ക് പോസ്ററ്, ജൂൺ 3, 1985