“നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു”
“നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; എന്നാൽ ഉപ്പിന് അതിന്റെ വീര്യം നഷ്ടപ്പെടുന്നുവെങ്കിൽ അതിന്റെ ഉപ്പുരസം എങ്ങനെ പുനഃസ്ഥിതീകരിക്കപ്പെടും?”—മത്തായി 5:13.
1. കറിയുപ്പ് എന്താണ്?
ഉപ്പ് ഒരു അത്ഭുതകരമായ വസ്തു ആകുന്നു. രാസപരമായി അത് അസാധാരണ ലോഹമൂലകമായ സോഡിയവും ഒരു വിഷവാതകമായ ക്ലോറിനും ചേർന്നുണ്ടാകുന്നതാണ്. ഈ രണ്ട് അപകടകരമായ മൂലകങ്ങൾ ചേർന്ന് പ്രയോജനകരമായ ഒരു സംയുക്തമായിത്തീരാൻ കഴിയുമെന്നുള്ള വസ്തുത മനുഷ്യ വർഗ്ഗത്തിന്റെ നൻമക്കുവേണ്ടിയുള്ള സ്രഷ്ടാവിന്റെ ഒരു അത്ഭുതകരമായ കരുതലാണ്.—സങ്കീർത്തനം 104:24.
2. ഉപ്പ് ദ്രവിക്കലിനെ തടയുന്നുവെന്നും ഒരു സംരക്ഷക വസ്തു ആയിരിക്കാവുന്നതാണെന്നും ദൃഷ്ടാന്തീകരിക്കുക.
2 ഒരു വസ്തുത, ദ്രവിക്കൽ തടയുന്നതിന് വളരെ ഫലകരമാണ് ഉപ്പ് എന്നതാണ്. ദൃഷ്ടാന്തത്തിന്, ഒരു മനുഷ്യൻ അറുത്ത രണ്ട് ആടുകളുടെ തോലുകൾ തന്റെ കാറിന്റെ ട്രങ്കിൽ വച്ചുകൊണ്ട് ആഫ്രിക്കയിലെ ഉഗ്രമായ ചൂടിൽ ഒരു ദീർഘയാത്ര പുറപ്പെട്ടു. അയാൾ ഒടുവിൽ ട്രങ്കു തുറന്നപ്പോൾ അറയ്ക്കത്തക്ക നാററമായിരുന്നു. തോലുകളിലൂടെ പുഴുക്കൾ ഇഴയുകയായിരുന്നു! എന്നിരുന്നാലും രോമമെല്ലാം കഴുകിയശേഷം നന്നായി ഉപ്പു തിരുമ്മി. ഫലമോ? അവ മയമുള്ള തറവിരിപ്പുകളായിത്തീർന്നു. അവ വർഷങ്ങളോളം ഉപയോഗിക്കപ്പെട്ടു.
3. ഉപ്പിന്റെ മൂല്യത്തെയും ലഭ്യതയെയും കുറിച്ച് എന്തു പറയാൻ കഴിയും?
3 അപ്പോൾ, ഒരു സംരക്ഷകവസ്തു എന്ന നിലയിൽ ഉപ്പ് വിലയേറിയതാണ്. അതിന് മററു മൂല്യങ്ങളുമുണ്ട്. യഥാർത്ഥത്തിൽ പുരാതന ചൈനയിൽ അതിന് സ്വർണ്ണത്തിന്റെ അടുത്ത വിലയാണുണ്ടായിരുന്നത്. “ഉപ്പി”ന്റെ ലത്തീൻപദം സാൽ ആണ്, സാമ്രാജ്യത്വ റോമയുടെ നാളുകളിൽ സൈന്യത്തിന് അവരുടെ ശമ്പളത്തിന്റെ (സലേറിയം) ഒരു ഭാഗം ഉപ്പായിട്ടാണ് കിട്ടിയിരുന്നത്. ഇതിൽനിന്നാണ് “സാലറി” (ശമ്പളം) എന്ന ഇംഗ്ലീഷ് പദം ഉണ്ടായത്. തീർച്ചയായും ഇന്നു മിക്ക സ്ഥലങ്ങളിലും ഉപ്പ് സാധാരണവും ചെലവുകുറഞ്ഞതുമാണ്. സമുദ്രങ്ങളിൽ നാല്പത്തഞ്ചു ലക്ഷം ഘനമൈൽ (190 ലക്ഷം ഘന കി.മീ.) ഉപ്പുണ്ട്—അമേരിക്കൻ ഐക്യനാടുകളെ ഒരു മൈൽ ആഴത്തിൽ (1.6 കി.മീ.) കുഴിച്ചിടാനും മാത്രം! യേശുക്രിസ്തു ഭൂമിയിൽ ആയിരുന്നപ്പോൾ പോലും ഉപ്പു സമൃദ്ധമായിരുന്നു. ഉദാഹരണത്തിന്, ചാവുകടലിലെ വെള്ളം ധാരാളം ഉപ്പു പ്രദാനം ചെയ്തിരുന്നു. ലോത്തിന്റെ ഭാര്യ “ഉപ്പുതൂൺ” ആയിപ്പോയ സ്ഥലത്തിനടുത്ത് ഉപ്പ് നിറഞ്ഞകുന്നുകളുണ്ടായിരുന്നു.—ഉല്പത്തി 19:26.
4. ജീവന്റെ കാര്യത്തിൽ ഉപ്പു പ്രധാനമാണെന്ന് നമുക്ക് പറയാൻ കഴിയുന്നതെന്തുകൊണ്ട്?
4 ഉപ്പിന് ഔഷധമൂല്യമുണ്ട്. നമ്മുടെ ശരീരത്തിൽ ഏതാണ്ട് എട്ട് ഔൺസ് (230 ഗ്രം) ഉപ്പ് അടങ്ങിയിരിക്കുന്നു. അതില്ലെങ്കിൽ നാം മരിച്ചുപോകും. അതുകൊണ്ട് ഉപ്പ് ജീവന് അത്യന്താപേക്ഷിതമാണ്. എന്നാൽ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന പ്രകാരം ഉപ്പിന് ആലങ്കാരിക പ്രാധാന്യമുണ്ട്, അതിന് ക്രിസ്തീയ ജീവിതത്തോടും പ്രവർത്തനങ്ങളോടും ബന്ധമുണ്ട്.
“ഉപ്പിനാൽ രുചി വരുത്തിയത്”
5. ആഹാരം സംബന്ധിച്ച് ഉപ്പ് എന്ത് ഉദ്ദേശ്യം സാധിക്കുന്നു?
5 ഒരു ഭക്ഷണം പാകം ചെയ്യുമ്പോൾ പാചകക്കാരൻ ഉപ്പ് ഉപയോഗിക്കാൻ മറന്നുപോകുമ്പോൾ ഭക്ഷണത്തിന് രുചിയില്ലാത്തതിനാൽ ആളുകൾ ഭക്ഷിക്കാൻ വിസമ്മതിക്കുന്നു. ഇയ്യോബ് പറഞ്ഞതുപോലെ “രുചിയില്ലാത്ത വസ്തുക്കൾ ഉപ്പു കൂടാതെ തിന്നാമോ?” (ഇയ്യോബ് 6:1, 6) ഉപ്പു ഭക്ഷണത്തിന് രുചി വർദ്ധിപ്പിക്കുന്നു. ഉപ്പിന്റെ ഈ ഗുണവും ഒരു സംരക്ഷകവസ്തു എന്ന നിലയിലുള്ള അതിന്റെ പ്രയോജനവും തിരുവെഴുത്തുകളിൽ ആലങ്കാരികമായി ബാധകമാക്കപ്പെട്ടിരിക്കുന്നു. വിശേഷിച്ച് ശരിയായ സംസാരത്തെ വർണ്ണിക്കുന്നതിന് ഉപ്പ് ഉപയോഗിക്കപ്പെടുന്നു.
6. കൊലോസ്യർ 4:6 യഹോവയുടെ സാക്ഷികളുടെ ശുശ്രൂഷക്ക് എങ്ങനെ ബാധകമാകുന്നു?
6 അപ്പോസ്തലനായ പൗലോസ് എഴുതി: “ഓരോരുത്തർക്കും നിങ്ങൾ എങ്ങനെ ഉത്തരം കൊടുക്കേണ്ടതാണെന്നു അറിയുന്നതിന് നിങ്ങളുടെ മൊഴി എല്ലായ്പ്പോഴും കൃപയോടുകൂടിയത്, ഉപ്പിനാൽ രുചിവരുത്തിയത്, ആയിരിക്കട്ടെ.” മറെറാരു ഭാഷാന്തരം ഇങ്ങനെ വായിക്കപ്പെടുന്നു: “നിങ്ങളുടെ സംഭാഷണം എല്ലായ്പ്പോഴും കൃപയോടുകൂടിയതായിരിക്കട്ടെ, ഒരിക്കലും രുചിയില്ലാത്തതായിരിക്കരുത്.” (കൊലോസ്യർ 4:6; ദി ന്യൂ ഇംഗ്ലീഷ് ബൈബിൾ) സത്യക്രിസ്ത്യാനികൾ ദൈവരാജ്യത്തെക്കുറിച്ച് ആളുകളോടു സംസാരിച്ചുകൊണ്ട് അനേകം മണിക്കൂർ ചെലവഴിക്കുന്നു. തീർച്ചയായും, എല്ലാ യഹോവയുടെ സാക്ഷികളും സ്വാഭാവികമായി ഒഴുക്കുള്ള പ്രസംഗകരല്ല. എന്നിരുന്നാലും അവർ ദൂതിനെ ആഴമായി വിലമതിക്കുകയും ബോധ്യത്തോടും ഔൽസുക്യത്തോടുംകൂടെ സംസാരിക്കുകയുമാണെങ്കിൽ അവർക്ക് അനേകരുടെ ഹൃദയങ്ങളെ ദൈവവചനത്തിലെ സത്യത്തിലേക്കു തിരിക്കാൻ കഴിയും. അപ്പോൾ യഹോവയുടെ ദാസൻമാരുടെ സംസാരം കൃപയോടുകൂടിയതും ഹൃദ്യവുമായിരിക്കുന്നത് എത്ര മർമ്മപ്രധാനം!
7. ഒരു ക്രിസ്ത്യാനിയുടെ “ഉപ്പിനാൽ രുചി വരുത്തിയ” വാക്കുകൾക്ക് എന്തു നല്ല ഫലം ഉണ്ടായിരിക്കാൻ കഴിയും?
7 ഒരു ക്രിസ്ത്യാനിയുടെ “രുചിവരുത്തിയ” വാക്കുകൾ ബൈബിൾ സന്ദേശത്തിന്റെ നല്ല സ്വാദ് ലഭിക്കുന്നതിന് കേൾവിക്കാരനെ പ്രാപ്തനാക്കുന്നുവെന്നു മാത്രമല്ല, അത് ശ്രദ്ധിക്കുന്നവരുടെ ജീവനെ കാത്തുസൂക്ഷിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, ഉപ്പ് ജീവന് അത്യന്താപേക്ഷിതമായിരിക്കുന്നതുപോലെ, യഹോവയുടെ ദാസൻമാരുടെ സംസാരത്തിന്, ദൈവത്തിന്റെ ഉദ്ദേശ്യത്തെയും രാജ്യത്തെയും കുറിച്ച് അവർ പറയുന്നത് വിലമതിപ്പോടെ ശ്രദ്ധിക്കുന്നവർക്ക് ജീവൻ കൈവരുത്താൻ കഴിയും.—യോഹന്നാൻ 6:63, 68 താരതമ്യപ്പെടുത്തുക.
8. കൃപ ക്രിസ്തീയ ശുശ്രൂഷകരുടെ സംസാരത്തിന്റെ ലക്ഷണമായിരിക്കേണ്ടതെന്തുകൊണ്ട്?
8 അതിൻപ്രകാരം, ക്രിസ്ത്യാനികൾ അവിശ്വാസികളോടു സംസാരിക്കുമ്പോൾ അവരുടെ സംസാരത്തിന്റെ ലക്ഷണമായിരിക്കണം കൃപ. ചില സമയങ്ങളിൽ രാജ്യസന്ദേശത്തിന്റെ ശ്രോതാക്കൾ പരുഷമായ ഒരു രീതിയിൽ മറുപടി പറഞ്ഞേക്കാം. എന്നാൽ യഹോവയുടെ ദാസൻമാർ ഒരിക്കലും ആ വിധത്തിൽ തിരിച്ച് ഉത്തരം പറയരുത്. പകരം അവർ എപ്പോഴും കൃപയുള്ളവരായിരിക്കണം. കൃപയുള്ളവരായിരിക്കുകയെന്നാൽ അർത്ഥമെന്താണ്? അതിന്റെ അർത്ഥം ദയയും പ്രീതിയും മര്യാദയും കരുണയും ഉള്ളവരായിരിക്കുകയെന്നാണ്. ചോദ്യങ്ങളും തടസ്സവാദങ്ങളും വിമർശനവും ദുശ്ശീലങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള ക്രിസ്ത്യാനിയുടെ ദയാപൂർവ്വകവും ക്ഷമാപൂർവ്വകവുമായ വിധം മിക്കപ്പോഴും മർമ്മപ്രധാനമായ ഒരു വ്യത്യസ്തഫലം ഉളവാക്കുന്നു. സദൃശവാക്യങ്ങൾ പറയുന്നതുപോലെ, “ഒരു ഉത്തരം ശാന്തമായിരിക്കുമ്പോൾ, ക്രോധം അകററിക്കളയുന്നു.” (സദൃശവാക്യങ്ങൾ 15:1) ക്രിസ്തീയ ശുശ്രൂഷയിലെ കൃപക്കും മര്യാദയ്ക്കും നയപരമായ മറുപടികൾക്കും, കഠിനമായ കോപശീലമുള്ളവരെങ്കിലും യഥാർത്ഥത്തിൽ നല്ല ഹൃദയമുള്ള ആളുകളെ മയപ്പെടുത്താൻ കഴിയും.—സദൃശവാക്യങ്ങൾ 25:15.
9. ക്രിസ്ത്യാനികൾ സഹവിശ്വാസികളുമായി എങ്ങനെ ആശയവിനിയമം ചെയ്യണം, എന്തുകൊണ്ട്?
9 അപ്പോൾ ക്രിസ്ത്യാനികൾ സഹവിശ്വാസികളോട് എങ്ങനെ ആശയവിനിയമം നടത്തണം? കൃപയില്ലാതെയോ? ഒരിക്കലും പാടില്ല! എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ യഹോവയുടെ ഈ സമർപ്പിതദാസൻമാർ യഹോവയുടെ “ആട്ടിൻ കൂട്ട”ത്തിന്റെ ഭാഗംകൂടെയാണ്, അതിനോട് ദയയോടെ പെരുമാറേണ്ടതാണ്.—1 പത്രോസ് 5:2-4; പ്രവൃത്തികൾ 20:29 താരതമ്യപ്പെടുത്തുക.
10. എഫേസ്യർ 4:29-32 ന് യഹോവയുടെ ദാസൻമാർ ഉപയോഗിക്കുന്ന ഭാഷയുടെ മേൽ എന്തു ഫലമുണ്ടായിരിക്കണം?
10 യഹോവയുടെ ഒരു ദാസൻ തന്നെ പ്രകോപിപ്പിച്ചിരിക്കാവുന്ന ഒരു കൂട്ടു ജോലിക്കാരനോട് സംസാരിക്കുമ്പോൾ അസഭ്യഭാഷ ഉപയോഗിക്കണമോ? ഒരു ക്രിസ്തീയ ഫോർമാൻ തന്നെ ജോലിക്കാർ നിരാശപ്പെടുത്തുമ്പോൾ അശുദ്ധഭാഷ ഉപയോഗിക്കുന്നത് ഉചിതമായിരിക്കുമോ? ക്രിസ്തീയ ഭർത്താക്കൻമാരും ഭാര്യമാരും കുറെ മുഷിയുമ്പോൾ അന്യോന്യമോ കുട്ടികളുടെ നേരെയോ പുലഭ്യം പറയണമോ? ഒരിക്കലും പാടില്ല! പൗലോസ് എഴുതി: “ഒരു ചീത്ത മൊഴി നിങ്ങളുടെ വായിൽനിന്ന് പുറപ്പെടാതിരിക്കട്ടെ . . . ദ്രോഹപൂർവ്വകമായ സകല കയ്പും കോപവും ക്രോധവും അലർച്ചയും അസഭ്യസംസാരവും സകല ദുഷ്ടതയും നിങ്ങളിൽനിന്ന് നീക്കപ്പെടട്ടെ. എന്നാൽ ക്രിസ്തു മൂലം ദൈവവും നിങ്ങളോടു സൗജന്യമായി ക്ഷമിച്ചതുപോലെ അന്യോന്യം സൗജന്യമായി ക്ഷമിച്ചുകൊണ്ട് അന്യോന്യം ദയയും സ്നേഹനിർഭരമായ അനുകമ്പയുമുള്ളവരായിത്തീരുക.”—എഫേസ്യർ 4:29-32.
“നിങ്ങളിൽത്തന്നെ ഉപ്പുണ്ടായിരിക്കുക”
11, 12. യേശു മർക്കോസ് 9:50-ൽ ഏതുതരം “ഉപ്പി”നെയാണു പരമാർശിച്ചത്, ആ വാക്കുകൾ ഏതുതരം സംസാരത്തിനും പ്രവർത്തനത്തിനും ആഹ്വാനം ചെയ്യുന്നു?
11 നാം അപൂർണ്ണരായതുകൊണ്ട്, ഒരു ക്രിസ്ത്യാനിക്ക് യോജിക്കാത്ത രീതിയിൽ നാം സംസാരിക്കുന്ന സമയങ്ങളുണ്ട്. ശിഷ്യനായ യാക്കോബ് പരമാർത്ഥതയോടെ സമ്മതിച്ച പ്രകാരം: “നമ്മളെല്ലാം പലപ്രാവശ്യം തെററിപ്പോകുന്നു. ഒരുവൻ വാക്കിൽ തെററുന്നില്ലെങ്കിൽ അവൻ തന്റെ മുഴു ശരീരത്തെയും കടിഞ്ഞാണിടാൻ പ്രാപ്തനായ ഒരു പൂർണ്ണ മനുഷ്യനാകുന്നു.” (യാക്കോബ് 3:2, 8-10) യേശുവിന്റെ ആദിമ ശിഷ്യർ ഇതിൽനിന്ന് വ്യത്യസ്തരാല്ലായിരുന്നു. അവർ അന്യോന്യം കൃപാപൂർവ്വം സംസാരിക്കുന്നതിൽ പരാജയപ്പെട്ടതിന് അവരെ ശാസിക്കേണ്ടിവന്നു. ദൃഷ്ടാന്തത്തിന്, അവരുടെ ഇടയിൽ ഏററവും വലിയവൻ ആരെന്ന് ഒരു സന്ദർഭത്തിൽ ശിഷ്യൻമാർ ഉഗ്രമായി വാദിച്ചു. മററുള്ളവർക്ക് ഇടർച്ച വരുത്തുക നിമിത്തം “തീ കൊണ്ട് ഉപ്പിടുന്ന”തിനെതിരെ അഥവാ ഗിഹെന്നായിൽ നശിപ്പിക്കപ്പെടുന്നതിനെതിരെ യേശു മുഴുകൂട്ടത്തിനും നല്ല കുറെ ബുദ്ധിയുപദേശം കൊടുത്തു. അനന്തരം അവൻ ഈ വാക്കുകളോടെ ഉപസംഹരിച്ചു: “നിങ്ങളിൽത്തന്നെ ഉപ്പുണ്ടായിരിക്കുകയും അന്യോന്യം സമാധാനം നിലനിർത്തുകയും ചെയ്യുക.”—മർക്കോസ് 9:33-50.
12 പ്രസ്പഷ്ടമായി, യേശു അവിടെ തന്റെ ശിഷ്യൻമാരുടെ ഭൗതിക ശരീരത്തിൽ കാണപ്പെടുന്ന ചെറിയ അളവിലുള്ള അക്ഷരീയ ഉപ്പിനെ പരമാർശിക്കുകയല്ലായിരുന്നു. എന്നാൽ അവർ പരിഗണനയും നയവും ഔചിത്യവും സഹിതം വാക്കിലും നടത്തയിലും സമാധാനകാംക്ഷികൾ ആയിരിക്കുന്നതിനെ—മററുള്ളവരോട് ഹൃദ്യമായി പ്രവർത്തിക്കുന്നതിനെ—പരാമർശിക്കുകയായിരുന്നു. സത്യക്രിസ്ത്യാനികൾ അന്യോന്യം സമാധാനത്തിലിരിക്കുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്.
“ഭൂമിയുടെ ഉപ്പ്”
13. “നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു” എന്നു യേശു തന്റെ അനുഗാമികളോട് പറഞ്ഞപ്പോൾ അവൻ എന്തർത്ഥമാക്കി?
13 തന്റെ അനുഗാമികളെ സംബന്ധിച്ച് “നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു” എന്നും യേശു പറയുകയുണ്ടായി. (മത്തായി 5:13) ഇതു പറഞ്ഞപ്പോൾ, തന്റെ ശിഷ്യൻമാർ അക്ഷരീയമായി ഉപ്പാണെന്ന് യേശു അർത്ഥമാക്കിയില്ല. പകരം, ഉപ്പ് ഒരു സംരക്ഷകവസ്തു ആണ്. യേശുവിന്റെ അനുഗാമികൾ ആളുകളിലേക്കെത്തിച്ച ദൂത് അനേകരുടെ ജീവനെ കാത്തുസൂക്ഷിക്കുമായിരുന്നു. തീർച്ചയായും, ശിഷ്യൻമാരുടെ സന്ദേശം ശ്രദ്ധിച്ചവരുടെ മേൽ അവർക്ക് ഒരു സംരക്ഷകസ്വാധീനം ഉണ്ടായിരുന്നു, അങ്ങനെയുള്ള വ്യക്തികളുടെ ഇടയിലെ ആത്മീയവും ധാർമ്മികവുമായ ദുഷിപ്പിനെ അവർ തടയുമായിരുന്നു. യേശുവിന്റെ അനുഗാമികൾ ഘോഷിച്ച സുവാർത്ത ജീവനെ കാത്തുസൂക്ഷിക്കുമെന്നുള്ള വസ്തുത സംശയമില്ലാത്തതായിരുന്നു.—പ്രവൃത്തികൾ 5:20; 13:46-48.
ഉപ്പ് ദ്രവത്വത്തിൽനിന്ന് സംരക്ഷിക്കുന്നു
14. ലൗകികദുഷിപ്പിനെ ചെറുത്തു നിൽക്കാൻ എന്താവശ്യമാണ്?
14 യഹോവയാം ദൈവത്തിന്റെ ഉയർന്ന നിർമ്മലമായ നിലപാടിൽ ഈ മുഴു ദുഷ്ടവ്യവസ്ഥിതിയും ഏറെയും നേരത്തെ പറഞ്ഞ ആട്ടിൻ തോലുകൾ പോലെയാണ് കാണപ്പെടുന്നത്. ശുദ്ധീകരണ പ്രക്രിയയ്ക്കും ഉപ്പിന്റെ ഉപയോഗത്തിനും മുമ്പ് അവയിൽ പുഴു നുരയ്ക്കുകയായിരുന്നു, ദുർഗന്ധം വമിക്കുകയായിരുന്നു. ശരി, കുറെ അളവിൽ ഈ ലോകത്തിലെ അവസ്ഥകൾ ഓരോരുത്തരെയും ബാധിക്കുന്നു. ജീവിതത്തിന്റെ എല്ലാ വശങ്ങളിലേക്കുമെത്തുന്ന ദുഷിപ്പിനെ ചെറുത്തുനിൽക്കാൻ ഒരു വ്യക്തിക്ക് ധൈര്യം ആവശ്യമാണ്, അയാൾ ദൈവത്തോടുള്ള നിർമ്മലത പാലിക്കേണ്ടതാണ്. ഈ വിധത്തിൽ മാത്രമേ ഒരു വ്യക്തിക്ക് ധാർമ്മിക ദുഷിപ്പിൽനിന്ന് തന്നേത്തന്നെ കാത്തു സൂക്ഷിക്കാൻ കഴിയൂ. അയാൾക്ക് സംസാരത്തിന്റെ ഹൃദ്യത മാത്രമല്ല, സകല രൂപത്തിലുമുള്ള ദുഷിപ്പിനോട് ഇല്ല എന്നു പറയുന്നതിന് തന്നെ പ്രാപ്തനാക്കുന്ന സംരക്ഷകഗുണവും ആവശ്യമാണ്. അയാളുടെ സംഗതിയിൽ “ഉപ്പി”ന്റെ അടിയന്തിരാവശ്യമുണ്ട്.—1 പത്രോസ് 4:1-3.
15. യേശുവും ദാനിയേലും എന്തു നല്ല ദൃഷ്ടാന്തങ്ങൾ വെച്ചു?
15 യഹോവയുടെ ഒരു വിശ്വസ്തദാസൻ ദുരാചാരങ്ങളോടും പ്രലോഭനങ്ങളോടും ഇല്ല എന്നു പറയാൻ അറിഞ്ഞിരിക്കണം. യേശു മരുഭൂമിയിൽ വച്ച് സാത്താനാൽ പരീക്ഷിക്കപ്പെട്ടപ്പോൾ മൂന്നു പ്രാവശ്യവും അവൻ ഇല്ല എന്നു പറഞ്ഞതായി ഓർക്കുക. (മത്തായി 4:1-10) ദാനിയേൽ പ്രവാചകൻ വെച്ച ദൃഷ്ടാന്തം പരിഗണിക്കുക. അവൻ താരതമ്യേന ഇളം പ്രായത്തിൽതന്നെ ഇല്ല എന്നു പറയാൻ പഠിച്ചിരുന്നു. ദാനിയേൽ ബാബിലോനിലെ രാജകൊട്ടാരത്തിൽ ഒരു യുവാവായിരുന്നപ്പോൾ അവനും അവന്റെ കൂട്ടുകാർക്കും “രാജാവിന്റെ വിശിഷ്ട ഭോജ്യങ്ങളിൽ നിന്ന് ഒരു പ്രതിദിന വിഹിതം” വാഗ്ദാനം ചെയ്യപ്പെട്ടു. എന്നാൽ ദാനിയേലും അവന്റെ കൂട്ടുകാരും നിരസിച്ചു. ഇത് അതിഥ്യം നിരസിക്കുന്ന സംഗതിയായിരുന്നില്ല. പകരം, യഹോവയുടെ ന്യായപ്രമാണം വിലക്കിയിരുന്നതോ പുറജാതികർമ്മങ്ങളാൽ അശുദ്ധമാക്കപ്പെട്ടതോ ആയ ആഹാരം ഒഴിവാക്കാൻ അവർ ആകാംക്ഷയുള്ളവരായിരുന്നതുകൊണ്ട് ആ നാല് യുവ എബ്രായർ സസ്യവും വെള്ളവും മാത്രം ഉൾപ്പെടുന്ന ആഹാരക്രമം മതിയെന്ന് നിർബ്ബന്ധം പിടിച്ചു. ആ ഗതി സ്വീകരിക്കുന്നതിന് യഥാർത്ഥ ധൈര്യം ആവശ്യമായിരുന്നു. പരിണതഫലം പ്രതിഫലദായകമായിരുന്നു, എന്തുകൊണ്ടെന്നാൽ പരിശോധനാ കാലഘട്ടത്തിന്റെ അന്ത്യത്തിൽ അവരുടെ ശാരീരികനില രാജകീയ ഭോജനം സ്വീകരിച്ചവരുടേതിനെക്കാൾ മെച്ചമായിരുന്നു. ആത്മീയമായി, ആ എബ്രായർ യഹോവയുടെ അനുഗ്രഹവും പ്രീതിയും അനുഭവിച്ചു.—ദാനിയേൽ 1:5-17.
16. ദാനിയേൽ “നല്ല ഉപ്പുള്ള” യഹോവയുടെ ഒരു ദാസനായിരുന്നുവെന്ന് പറയാൻ കഴിയുന്നതെന്തുകൊണ്ട്?
16 ‘തങ്ങളിൽതന്നെ ഉപ്പുണ്ടായിരുന്നതു’ നിമിത്തം ദാനിയേലും അവന്റെ കൂട്ടുകാരും സംരക്ഷിക്കപ്പെടുന്നതിൽ യഹോവയാം ദൈവം ശ്രദ്ധിച്ചു. എന്നാൽ നമുക്ക് ദാനിയേലിൽനിന്ന് കൂടുതൽ പഠിക്കാൻ കഴിയും. അവൻ ബാബിലോന്യ ഭരണകൂടത്തിലെ ഒരു ഉയർന്ന സ്ഥാനത്തു നിയമിക്കപ്പെട്ടു. ഈ സാഹചര്യങ്ങളിൽ അവന് പല സമയങ്ങളിലും ഇല്ല എന്നു പറയേണ്ടിവന്നിരിക്കും, എന്തുകൊണ്ടെന്നാൽ അവനു ചുററുമുണ്ടായിരുന്നത് വിഗ്രഹാരാധികളായ ആളുകളായിരുന്നു. രാജകൊട്ടാരത്തിൽ ദുർമ്മാർഗ്ഗവും കള്ളംപറച്ചിലും കൈക്കൂലിയും രാഷ്ട്രീയ തന്ത്രവും മററ് ദുഷിച്ച നടപടികളും നിറഞ്ഞിരുന്നുവെന്നതിനു സംശയമില്ല. ദാനിയേലിനു പലപ്പോഴും കനത്ത സമ്മർദ്ദം അനുഭവപ്പെട്ടിരുന്നു. അവൻ അക്കാലത്തെ “ലോക”ത്തിൻമദ്ധ്യേ ആയിരുന്നെങ്കിലും അവൻ “ലോകത്തിന്റെ ഭാഗ”മായിരുന്നില്ല. (യോഹന്നാൻ 17:16) ദാനിയേൽ വിശ്വസ്തനും “നല്ല ഉപ്പുള്ള”വനുമായിരുന്ന, യഹോവയുടെ ഒരു ദാസനായിരുന്നു. എന്തിന്, ദാനിയേലിന്റെ ശത്രുക്കള, ഒരുപക്ഷേ അവന്റെ നിർമ്മലതയും സത്യസന്ധതയും അവരുടെമേൽ മോശമായി പ്രതിഫലമുളവാക്കിയതുകൊണ്ട് പ്രകോപിതരായി അവനെ നശിപ്പിക്കാൻപോലും ശ്രമിച്ചു! എന്നിരുന്നാലും, “അവൻ വിശ്വസ്തനാണെന്നും അവനിൽ ഉദാസീനതയോ അഴിമതിയോ അശേഷം കണ്ടെത്തപ്പെട്ടില്ലെന്നും” അവർ സമ്മതിക്കേണ്ടിവന്നു. (ദാനിയേൽ 6:4, 5) എത്ര നല്ല ദൃഷ്ടാന്തം!
17. ഇന്നത്തെ ക്രിസ്തീയ ചെറുപ്പക്കാരെ ഏതു പ്രയാസമുള്ള പരീക്ഷകൾ അഭിമുഖീകരിക്കുന്നു?
17 യുവദാനിയേലിനെയും അവന്റെ കൂട്ടുകാരെയും പോലെ, ഇന്നത്തെ ക്രിസ്തീയ ചെറുപ്പക്കാർ പ്രയാസമുള്ള പരീക്ഷകളെ അഭിമുഖീകരിക്കുന്നുണ്ട്. വിശേഷിച്ച് സ്കൂളുകളിൽ അവർക്ക് മയക്കുമരുന്നുകളോടും പുകയിലയോടും ലഹരിപാനീയങ്ങളോടും അശുദ്ധ സംസാരത്തോടും ദുർമ്മാർഗ്ഗത്തോടും വഞ്ചനയോടും മത്സരാത്മാവിനോടും വ്യാജാരാധനയോടും ദേശീയത്വത്തോടും ദുഷിച്ച സഹവാസങ്ങളോടും പരിണാമംപോലെയുള്ള വ്യാജോപദേശങ്ങളോടും മററ് ശക്തമായ സ്വാധീനങ്ങളോടും പോരാടേണ്ടതുണ്ട്. ആ പ്രലോഭനങ്ങളെയെല്ലാം തൃണവൽഗണിച്ചുകൊണ്ട് ഒരു ശുദ്ധിയുള്ള നിർമ്മലതാപാലകനായി നിലകൊള്ളാൻ “നല്ല ഉപ്പുള്ള” ഒരു ചെറുപ്പക്കാരനേ കഴിയൂ.
18. (എ) ക്രിസ്തീയ മാതാപിതാക്കൾ ഏതു ചോദ്യങ്ങൾ പരിചിന്തിക്കുന്നത് നന്നായിരിക്കും? (ബി) തങ്ങളുടെ മക്കളെ സഹായിക്കുന്നത് പ്രയാസമാണെന്നു കണ്ടെത്തുന്ന മാതാപിതാക്കളോട് എന്തു ശുപാർശ ചെയ്യപ്പെടുന്നു?
18 അതുകൊണ്ട്, ക്രിസ്തീയ മാതാപിതാക്കളേ, നിങ്ങളുടെ കുടുംബത്തിന്റെ അവസ്ഥ ശ്രദ്ധാപൂർവ്വം പരിഗണിക്കുക. അതിലെ എല്ലാ അംഗങ്ങളും ആത്മീയ അഭിവൃദ്ധി നേടുന്നുണ്ടോ? നിങ്ങളുടെ സ്വന്തം ചെറുപ്പക്കാരെ ലൗകിക ദുഷിപ്പ് മലിനമാക്കുന്നതിൽനിന്ന് നിങ്ങൾ തടഞ്ഞിട്ടുണ്ടോ? അവർ എന്തു ചെയ്യുന്നുവെന്നും സത്യാരാധന സംബന്ധിച്ച് അവർ യഥാർത്ഥത്തിൽ എന്തു ചിന്തിക്കുന്നുവെന്നും വിചാരിക്കുന്നുവെന്നും നിങ്ങൾക്കറിയാമോ? അവർക്ക് ഈ ലോകത്തിലെ അശുദ്ധകാര്യങ്ങളോട് ഒരു വെറുപ്പുണ്ടോ, അതോ അവർ അവയ്ക്കു കീഴ്പ്പെടുന്നതിന്റെ അപകടത്തിലാണോ? (ആമോസ് 5:14, 15) മാതാപിതാക്കളെന്ന നിലയിൽ നിങ്ങളുടെ മക്കളെ സഹായിക്കത്തക്കവണ്ണം നിങ്ങൾ അവരോട് അടുത്തു നിൽക്കുന്നില്ലെങ്കിൽ, അല്ലെങ്കിൽ അതു പ്രയാസമാണെന്ന് നിങ്ങൾ കണ്ടെത്തുന്നുവെങ്കിൽ അത് യഹോവയോടുള്ള ആത്മാർത്ഥമായ പ്രാർത്ഥനയുടെ വിഷയമാക്കാൻ പാടില്ലേ? തീർച്ചയായും ഈ തടസ്ഥം തരണംചെയ്യാൻ അവനു നിങ്ങളെ സഹായിക്കാൻ കഴിയും.—1 യോഹന്നാൻ 5:14.
19. ക്രിസ്തീയ മാതാപിതാക്കൾ ഇല്ല എന്നു പറയേണ്ട ചില കാര്യങ്ങളേവ?
19 ക്രിസ്തീയ മാതാപിതാക്കളെന്ന നിലയിൽ നിങ്ങൾ ഏതുതരം ദൃഷ്ടാന്തമാണു വെക്കുന്നത്? നിങ്ങൾ ഹാനികരമായ അതിഭക്ഷണത്തോടും ഭാരിച്ചകുടിയോടും നിങ്ങൾക്കു ചുററും ആചരിക്കപ്പെടുന്ന അനേക രൂപങ്ങളിലുള്ള ദുർമ്മാർഗ്ഗത്തോടും അശുദ്ധിയോടും ദൃഢമായി ഇല്ല എന്നു പറയുന്നുണ്ടോ? കൈക്കൂലിയോടും നിസ്സാരമോഷണത്തോടും ലൗകികജനങ്ങളുടെ അശ്ലീല തമാശകളോടും സംസാരത്തോടും ഇല്ല എന്നു പറയുന്നുണ്ടോ? ജോലി സ്ഥലത്തും നിങ്ങളുടെ അയൽസ്ഥലത്തും നിങ്ങൾ ശുദ്ധിയും സത്യസന്ധതയും നേരുമുള്ള വ്യക്തികളായിട്ടാണോ അറിയപ്പെടുന്നത്? തക്ക സമയത്ത് ഇല്ല എന്നു പറയുന്നത് “ഭൂമിയുടെ ഉപ്പാ”യിരിക്കുന്നതിനു മർമ്മപ്രധാനമാണ്.
സ്ഥിരതയും വിശ്വസ്തതയും
20. പുരാതന യിസ്രായേലിൽ യഹോവയുടെ ആരാധനയോടുള്ള ബന്ധത്തിൽ ഉപ്പ് എങ്ങനെ ഉപയോഗിക്കപ്പെട്ടിരുന്നു?
20 ഉപ്പ് ദ്രവത്വത്തിൽനിന്നുള്ള വിമുക്തിയെ പ്രതിനിധാനം ചെയ്തതുകൊണ്ടായിരിക്കണം നിസ്സംശയമായി അത് യിസ്രായേലിന്റെ യഹോവാരാധനയിൽ ഉപയോഗിക്കപ്പെട്ടത്. ദൃഷ്ടാന്തമായി, യാഗപീഠത്തിലെ സകല യാഗങ്ങൾക്കും ഉപ്പു ചേർക്കണമായിരുന്നു. മോശ മുഖാന്തരം കൊടുക്കപ്പെട്ട ന്യായപ്രമാണത്തിൽ ഇങ്ങനെ പ്രസ്താവിക്കപ്പെട്ടിരുന്നു: “നിന്റെ ദൈവത്തിന്റെ ഉടമ്പടിയുടെ ഉപ്പ് നിന്റെ ധാന്യവഴിപാടിൽ ഇല്ലാതെ വരാൻ നീ അനുവദിക്കരുത്. നിന്റെ എല്ലാ വഴിപാടുകളോടും കൂടെ നീ ഉപ്പ് അർപ്പിക്കണം.” ഒരു “ലവണയുടമ്പടി” ബാധകമാണെന്ന് പരിഗണിക്കപ്പെട്ടിരുന്നു.—ലേവ്യപുസ്തകം 2:13; സംഖ്യാപുസ്തകം 18:19; 2 ദിനവൃത്താന്തം 13:4, 5.
21. “ഭൂമിയുടെ ഉപ്പ്” എന്ന നിലയിൽ യഹോവയുടെ ഇന്നത്തെ ദാസൻമാരിൽനിന്ന് എന്താവശ്യപ്പെട്ടിരിക്കുന്നു?
21 യഹോവയുടെ സാക്ഷികളെന്ന നിലയിൽ ഇന്നത്തെ അവന്റെ ദാസൻമാർ “ഭൂമിയുടെ ഉപ്പാകുന്നു.” ഇത് അവർ അഴിമതി തീണ്ടാത്തവരും വിശ്വസ്തരും ഭക്തരുമായിരിക്കേണ്ടതാവശ്യമാക്കിത്തീർക്കുന്നു. ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ഫലങ്ങളായ സ്നേഹവും സന്തോഷവും സമാധാനവും ദീർഘക്ഷമയും ദയയും നൻമയും വിശ്വാസവും സൗമ്യതയും ആത്മനിയന്ത്രണവും നട്ടുവളർത്തുന്നതിൽ അവർ ഉത്സുകരായിരിക്കണം. (ഗലാത്യർ 5:22, 23) ആത്മാവിന്റെ ഫലങ്ങളാണ് ആത്മീയവും ഉപ്പു തുല്യവുമായ ഗുണങ്ങളുടെ ഉറവ്. എന്നാൽ ചിലർ യഹോവയെ വർഷങ്ങളായി സേവിച്ചിട്ടുണ്ടെന്നുള്ള വസ്തുത, അതിൽത്തന്നെ, അവർ വീണുപോകുകയില്ലെന്നുള്ളതിന്റെ ഉറപ്പല്ല. (1 കൊരിന്ത്യർ 10:12) യേശുതന്നെ നമുക്ക് ഇതു സംബന്ധിച്ച് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
22. മത്തായി 5:13 ന്റെ ഒടുവിലത്തെ ഭാഗത്തിന്റെ പ്രാധാന്യമെന്ത്?
22 “നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു”വെന്നു പറഞ്ഞശേഷം ഉടൻതന്നെ അവൻ ഇങ്ങനെ കൂട്ടിച്ചേർത്തതായി ഓർക്കുക: “എന്നാൽ ഉപ്പിന് അതിന്റെ വീര്യം നഷ്ടപ്പെടുന്നുവെങ്കിൽ, അതിന്റെ ഉപ്പുരസം എങ്ങനെ പുനഃസ്ഥിതീകരിക്കപ്പെടും? അതു പുറത്ത് എറിഞ്ഞുകളഞ്ഞിട്ട് മനുഷ്യരാൽ ചവിട്ടപ്പെടുന്നതിനല്ലാതെ മറെറാന്നിനും മേലാൽ ഉപയോഗക്ഷമമല്ല.” (മത്തായി 5:13) യേശു ഭൂമിയിലായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന ഉപ്പിൽ കുറെ അന്യപദാർത്ഥവുമായി കലർത്തിയിരുന്നു. അങ്ങനെ മഴയാൽ അല്ലെങ്കിൽ മറേറതെങ്കിലും വിധത്തിൽ ശുദ്ധമായ ഉപ്പ് ഒലിച്ചുപോയാൽ ശേഷിക്കുന്നത് പുറത്ത് എറിഞ്ഞു കളയാൻ, ഒരു പക്ഷേ വഴിയിൽ നിരത്തിയിട്ട് വഴിയാത്രക്കാർ ചവിട്ടിക്കളയാൻ, മാത്രമേ കൊള്ളുമായിരുന്നുള്ളു. ശരിയായ അവസ്ഥയിൽ സൂക്ഷിക്കാത്തപക്ഷം അത് അനായാസം ഉപയോഗശൂന്യമായിപ്പോകുമായിരുന്നു.
23. യഹോവയുടെ സാക്ഷികളെന്ന നിലയിൽ “നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു” എന്ന യേശുവിന്റെ വാക്കുകൾ സംബന്ധിച്ച നമ്മുടെ വീക്ഷണം എന്തായിരിക്കണം?
23 യഹോവയുടെയും അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെയും വിശ്വസ്തദാസൻമാരെന്ന നിലയിൽ നമുക്ക് നമ്മുടെ ‘വീര്യം നഷ്ടപ്പെടാതിരിക്കാൻ,’ അല്ലെങ്കിൽ ശുദ്ധമായ ഉപ്പു തുല്യഗുണങ്ങൾ ഒരിക്കലും നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധയുള്ളവരായിരിക്കാം. എന്നാൽ, ദൈവാത്മാവിന്റെ ഫലങ്ങൾ നട്ടുവളർത്താൻ നമുക്കു സകല ശ്രമവും ചെയ്യാം. നമുക്ക് രാജ്യസന്ദേശം തീക്ഷ്ണമായി ഘോഷിച്ചുകൊണ്ടും അങ്ങനെ മററുള്ളവരുടെ ജീവനെ കാത്തുസൂക്ഷിക്കാൻ സഹായിച്ചുകൊണ്ടും സംസാരത്തിൽ എല്ലായ്പ്പോഴും കൃപയുള്ളവരായിരിക്കാം. ഈ ദുഷിച്ച ലോകം നമ്മെ ഒരിക്കലും കീഴ്പ്പെടുത്താതിരിക്കട്ടെ. എന്നാൽ നമുക്ക് “നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു”വെന്ന യേശുവിന്റെ വാക്കുകളുടെ അർത്ഥത്തിന്റെ ആഴവും ബന്ധപ്പെട്ട വലിയ പദവിയും എല്ലായ്പ്പോഴും മനസ്സിൽ കരുതിക്കൊള്ളാം. (w85 5/15)
നിങ്ങളുടെ ഓർമ്മ പരിശോധിക്കുക
◻ നമുക്ക് എങ്ങനെ ‘നമ്മുടെ മൊഴികളെ ഉപ്പിനാൽ രുചിവരുത്തിയവ’യാക്കാൻ കഴിയും?
◻ ക്രിസ്ത്യാനികൾക്ക് ‘തങ്ങളിൽത്തന്നെ ഉപ്പുണ്ടായിരിക്കുന്നത്’ മർമ്മപ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
◻ യേശുവിന്റെ അനുഗാമികൾ “ഭൂമിയുടെ ഉപ്പായിരിക്കുന്ന”തെങ്ങനെ?
◻ “നല്ല ഉപ്പുള്ള” ക്രിസ്ത്യാനികൾ ഒഴിവാക്കുന്ന ചില കാര്യങ്ങളേവ?
◻ മത്തായി 5:13-ന്റെ വീക്ഷണത്തിൽ, യഹോവയുടെ ഇന്നത്തെ ദാസൻമാരുടെ വീക്ഷണഗതി എന്തായിയിരിക്കണം?
[13-ാം പേജിലെ ചിത്രം]
ഒരു ഇളം പ്രായത്തിൽതന്നെ ദാനിയേൽ ഇല്ല എന്നു പറയാൻ പഠിച്ചു