മാതാപിതാക്കളേ, നിങ്ങളുടെ മക്കളെ സംരക്ഷിക്കുക
മയക്കുമരുന്നകൾ ഉപയോഗിക്കുന്നതിനു് സഹപാഠികൾ തന്നെ നിർബന്ധിക്കുന്നതായി നിങ്ങളുടെ മകൻ ഞങ്ങളോടു് പറഞ്ഞാൽ, നിങ്ങൾ കുട്ടിയെ എന്തു ചെയ്യും? അഥവാ, സ്ക്കൂളിൽ ആൺകുട്ടികൾ തന്നെ ശല്യപ്പെടുത്തുന്നതായി നിങ്ങളുടെ മകൾ നിങ്ങളോടു് പറഞ്ഞാൽ, നിങ്ങൾ എങ്ങനെ പ്രതികരിക്കും?
നിശ്ചയമായും, സമയം പാഴാക്കാതെ നിങ്ങൾ അതു സംബന്ധിച്ചു് എന്തെങ്കിലും ചെയ്യുകയില്ലേ? വസ്തുതകൾ മനസ്സിലാക്കാനും നിങ്ങളുടെ കുട്ടിയെ സംരക്ഷിക്കുന്നതിനു് എന്തുചെയ്യാൻ കഴിയുമെന്നു് നിർണ്ണയിക്കാനും നിങ്ങൾ ശ്രമിച്ചേക്കാം. ഒരു മാതാവോ പിതാവോ എന്ന നിലയിൽ നിങ്ങൾ അപ്രകാരം പ്രതികരിച്ചേക്കാം. എന്നാൽ വാസ്തവത്തിൽ കാര്യങ്ങൾ എല്ലായ്പോഴും ആ വിധത്തിൽ സംഭവിക്കുന്നില്ല. മിക്കപ്പോഴും, അത്തരം കാര്യങ്ങൾ മാതാപിതാക്കൾ മനസ്സിലാക്കുമ്പോഴേക്കും വളരെ വൈകിപ്പോയിരിക്കും. ഒട്ടു മിക്കപ്പോഴും പ്രതികരണം ഇങ്ങനെയാണു്: “എന്റെ മകനു് (അഥവാ മകൾക്കു്) ഇതു് എങ്ങനെ സംഭവിച്ചു?”
യുവജനങ്ങൾ സമ്മർദ്ദത്തിൻ കീഴിൽ
നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ നിങ്ങളുടെ മക്കളെ ബാധിക്കുന്ന സമ്മർദ്ദം ഏതു തത്തിലുള്ളതാണെന്നു് നിങ്ങൾക്കറിയാമോ? അവർ ഓരോ ദിവസവും എന്തിനെ അഭിമുഖീകരിക്കുന്നവെന്നു് നിങ്ങൾക്കു് അറിവുണ്ടോ? അപ്പോസ്തലനായ പത്രോസ് ഇപ്രകാരം മുന്നറിയിപ്പു നൽകി: “സുബോധമുള്ളവരായിരിക്കുക, ജാഗ്രത പാലിക്കുക! നിങ്ങളുടെ പ്രതിയോഗിയായ സാത്താൻ അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങേണ്ടു എന്നു് തിരക്കി ചുറ്റി നടക്കുന്നു. (1 പത്രോസ് 5:8) മുഴു മനുഷ്യവർഗത്തെയും, ചെറുപ്പക്കാരെയും മുതിർന്നവരെയും ഒരുപോലെ കീഴടക്കി അടിമകൾ ആക്കുന്നതിനു് സാത്താൻ ലക്ഷ്യം വെക്കുന്നെങ്കിലും അനുഭവജ്ഞാനമില്ലാത്ത ചെറുപ്പക്കാർക്കു് അവൻ സ്പഷ്ടമായും വലിയൊരു ഭീഷണിയാണു്, അതുകൊണ്ട് അവരെ കഠിന സമ്മർദ്ദത്തിൻ കീഴിലാക്കുകയും ചെയ്യുന്നു.
ഏതാനും ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക. കുറ്റകൃത്യം ചെയ്യുന്ന ഇളം പ്രായക്കാരിൽ “14 വയസ്സുകാർ ചെയ്യുന്ന കുറ്റകൃത്യങ്ങളാണു് എറ്റവും അധികം” എന്നു് മൈനർമാരുടെ കുറ്റകൃത്യം ഇപ്പോൾ മൊത്തത്തിന്റെ 52% എന്ന ശീർഷകത്തിൽ കീഴിൽ ജപ്പാനിലെ മെയ്നിഷി ഡെയ്ലി ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. ഐക്യനാടുകളിൽ 14-നും 17-നും ഇടയ്ക്കു പ്രായമുള്ളവരിൽ 33 ലക്ഷം പേർ കുടിച്ചു് പ്രശ്നമുണ്ടാക്കുന്നവരാണു്, കൗമാര പ്രായക്കാരിൽ ആറിൽ ഒരാൾ വീതം നിരന്തരം മയക്കുമരുന്നുകൾ ഉപയോഗിക്കുന്നു, ഓരോ വർഷവും അര ലക്ഷത്തോളം കുട്ടികൾ കൗമാര പ്രായത്തിലുള്ള അവിവാഹിത മാതാക്കൾക്കു് ജനിക്കുന്നു. നിങ്ങൾ ജീവിക്കുന്നതു് എവിടെയായിരുന്നാലും നിങ്ങളുടെ മക്കൾ ഭൂമിയിൽ വീശിയടിക്കുന്ന ബാലജന കുറ്റകൃത്യം, അക്രമം, അധാർമ്മികത, എന്നിവയുടെ തിരത്തള്ളലിനോടു് പ്രധിരോധശേഷിയുള്ളവരല്ല എന്നതാണു് വസ്തുത.
നിങ്ങൾക്കു് അവരെ സഹായിക്കാൻ കഴിയും
ഇന്നു് ചെറുപ്പക്കാർ വിഷമം പിടിച്ച ഒരു പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നുവെന്നുവെന്നതിനു് ഇതെല്ലാം ഊന്നൽ നൽകുന്നു. അവർ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും വിജയശ്രീലാളിതരായി പുറത്തുവരുന്നതിനു് അവർക്കു് പക്വതയും അനുഭവപരിചയവും ഉള്ള ആളുകളിൽനിന്നു് സഹായം ആവശ്യമാണു്. നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ നിങ്ങളുടെ മക്കൾക്കു് അത്തരം സഹായം നൽകാൻ നിങ്ങൾക്കു് കഴിയുമോ? അവരെ സഹായിക്കുന്നതിനു് വേണ്ടുവോളം ശ്രമിക്കാൻ
നിങ്ങൾ മനസ്സുള്ളയാളാണോ?
കുട്ടികളെ സഹായിക്കുന്നതു് സംബന്ധിച്ചു് വളരെയധികം സംസാരവും എഴുത്തും ഉണ്ടായിട്ടുണ്ടു്. ആ വിഷയം സംബന്ധിച്ചു ഉപദേശത്തിനു് യാതൊരു പഞ്ഞവുമില്ല. പരസ്പര വിരുദ്ധമായ അഭിപ്രായങ്ങളിൽ ഏതു് പിൻപറ്റും എന്നു് നിർണ്ണയിക്കന്നതിലാണു് വാസ്തവത്തിൽ പ്രശ്നം. ദൃഷ്ടാന്തത്തിന് അടിക്കുന്നതു് നല്ലതാണെന്നു് ഒരു വിദഗ്ദ്ധൻ പറഞ്ഞേക്കാം. ഒരിക്കലും അതു് ചെയ്യരുതെന്നു് മറ്റൊരാൾ പറയുന്നു. അഥവാ, നിങ്ങൾ കുട്ടിയെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, നേട്ടങ്ങൾ ഉണ്ടാക്കുമ്പോൾ കുട്ടിക്കു് സമ്മാനം കൊടുക്കരുതെന്നു് ഒരു വിദഗ്ദ്ധൻ നിങ്ങളോടു് പറഞ്ഞേക്കാം. എന്നാൽ നിങ്ങൾ ഭയശങ്കയുള്ള ഒരു കുട്ടിയെ ആഗ്രഹിക്കുന്നില്ലെങ്കിൽ, അഭിനന്ദനവും സമ്മാനവും അത്യന്താപേക്ഷിതമാണെന്നു് മറ്റൊരാൾ പറയുന്നു. നമുക്കുള്ളതു് “മാതാപിതാക്കളായിരിക്കാൻ ഭയപ്പെടുന്ന മാതാപിതാക്കളുടെ ഒരു തലമുറയാണു്” എന്നു കാനഡായിലെ ടൊറോന്റോയിൽ രോഗികളായ കുട്ടികൾക്കു് വേണ്ടിയുള്ള ആശുപത്രിയിലെ ഒരു സ്റ്റാഫ് അംഗം പറഞ്ഞതു് ഒട്ടും അതിശയമല്ല.
ഈ ഗുരുതരമായ സാഹചര്യവും അനേകരുടെ കാര്യത്തിൽ ഉണ്ടായ പരാജയവും കാണുകയിൽ, ഈ അന്ത്യനാളുകളിൽ പക്വതയും സമനിലയും എല്ലാറ്റിനുമുപരി ദൈവഭക്തിയും ഉള്ള വ്യക്തികളായി കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതു് യഥാർഥത്തിൽ സാധ്യമാണോ എന്നു് നിങ്ങൾ അതിശയിച്ചുപോയേക്കാം. ഇതു സാദ്ധ്യമല്ല എന്ന വീക്ഷണത്തിൽ സ്വയം പിൻമാറുന്നതിനു് മുമ്പു് അപ്പോസ്തലനായ പൗലോസ് പറഞ്ഞതെന്തെന്നു് ഓർമ്മിക്കുക: “പിതാക്കന്മാരെ, നിങ്ങളുടെ മക്കളെ പ്രകോപിപ്പിക്കാതെ യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവൽക്കരണത്തിലും വളർത്തിക്കൊണ്ടു വരുക.” (എഫെസ്യർ 6:4) ഇതു ചെയ്യാൻ കഴിയാത്ത ഒന്നായിരുന്നുവെങ്കിൽ ദൈവം നിശ്ചയമായും ഈ ഉത്തരവാദിത്വം മാതാപിതാക്കളെ ഏല്പിക്കുകയില്ലായിരുന്നു.
ഒരു മാതൃകായോഗ്യമായ കുടുംബം
നോഹയും അവന്റെ കുടുംബവും ജീവിച്ചിരുന്നതു് നമ്മുടേതിനോടു് വളരെ സമ്യമുള്ള ഒരു കാലത്താണു്. ബൈബിൾ രേഖ പറയുന്നതനുസരിച്ചു്, ആ കാലത്തു്, “മനുഷ്യന്റെ വഷളത്തം ഭൂമിയിൽ പെരുകിയിരിക്കുന്നവെന്നും അവന്റെ ഹൃദയചിന്തയുടെ ഓരോ ചായ്വും എല്ലായ്പ്പോഴും ചീത്ത മാത്രമാണെന്നും യഹോവ കണ്ടു. . . ദൈവം ഭൂമിയെ നോക്കിയപ്പോൾ അതു് അധഃപതിച്ചതായി കണ്ടു, എന്തെന്നാൽ സകല ജഡവും ഭൂമിയിൽ അതിന്റെ വഴി അധഃപതിപ്പിച്ചിരുന്നു. (ഉല്പത്തി 6:5,12) ആ സാഹചര്യത്തിൽ നിങ്ങൾക്കു് നിങ്ങളുടെ മക്കളെ വളർത്തേണ്ടതായി വന്നിരുന്നെങ്കിൽ നിങ്ങൾക്കു് എങ്ങനെ അനുഭവപ്പെടുമായിരുന്നു? ഉല്പത്തി 5:32, ഉല്പത്തി 7:6-നോടു് താരതമ്യപ്പെടുത്തുമ്പോൾ നോഹയുടെ പുത്രന്മാർ പ്രളയത്തിനു മുമ്പുള്ള ഒരു നൂറുവർഷകാലഘട്ടത്തിനുള്ളിലാണു് ജനിച്ചതെന്നു് നാം കുറിക്കൊള്ളുന്നു. എങ്കിലും പ്രളയത്തിനു് മുമ്പു് 120 വർഷങ്ങൾക്കു് മുമ്പു് തന്നെ അവസ്ഥകൾ വളരെ വഷളായിരുന്നു. അതുകൊണ്ടു് ദൈവം ഇപ്രകാരം പറഞ്ഞു:“എന്റെ ആത്മാവു് അനിശ്ചിതമായി മനുഷ്യനിൽ പ്രവർത്തിക്കുകയില്ല. അവൻ ജഡം തന്നെയല്ലോ. തദനുസൃതമായി അവന്റെ നാളുകൾ 120 സംവത്സരമാകും”—ഉല്പത്തി 6:3
അത്തരം പ്രതികൂല അവസ്ഥകൾ ഉണ്ടായിരുന്നിട്ടും നോഹയും അവന്റെ ഭാര്യയും ദൈവഭയമുള്ള ചെറുപ്പക്കാരായി അവരുടെ മൂന്നു പുത്രന്മാരെയും വളർത്തിക്കൊണ്ടുവന്നു. അനുസരണത്തോടെ തങ്ങളുടെ മാതാപിതാക്കളോടു് സഹകരിച്ചതിനാൽ ആ ഭക്തികെട്ട തലമുറയെ നശിപ്പിച്ച പ്രളയത്തെ അവർ അതിജീവിച്ചു.
നോഹയുടെ വിജയത്തിന്റെ താക്കോൽ എന്തായിരന്നു? എബ്രായർ 11:7-ൽ ഇങ്ങനെ എഴുതാൻ പൗലോസ് നിശ്വസ്തനാക്കപ്പെട്ടു:“ വിശ്വാസത്താൽ നോഹ അതുവരെ കാണാത്ത കാര്യങ്ങളേക്കുറിച്ചു ദിവ്യ മുന്നറിയിപ്പു് ലഭിച്ച ശേഷം ദൈവഭയം പ്രകടമാക്കുകയും തന്റെ കുടുംബത്തിന്റെ രക്ഷക്കായി ഒരു പെട്ടകം നിർമ്മിക്കുകയും ചെയ്തു.” വാസ്തവത്തിൽ ഉല്പത്തി 6:22 നമ്മോടിങ്ങനെ പറയുന്നു:“ദൈവം തന്നോടു് കല്പിച്ചതെല്ലാം നോഹ ചെയ്തു അങ്ങനെതന്നെ അവൻ ചെയ്തു.”
നിസ്സംശയമായും യഹോവയുടെ മുമ്പാകെയുള്ള നോഹയുടെ വിശ്വസ്തതയും ഉത്സാഹവും അവന്റെ പുത്രന്മാരുടെ മനസ്സുകളിൽ, അതേ ഗുണങ്ങൾ തങ്ങളുടെ ജീവിതത്തിൽ പ്രകടമാക്കുന്നതു എത്ര പ്രധാനമാണെന്നു് ദൃഢമായി പതിപ്പിച്ചു. പെട്ടകം പണിയുന്ന സമയത്തു അവരോടൊത്തു് സംസാരിച്ചുകൊണ്ടും ജോലി ചെയ്തുകൊണ്ടും ഒരുമിച്ചു് കാര്യങ്ങൾ ചെയ്തുകൊണ്ടും പങ്കുവെച്ചുകൊണ്ടും അവൻ ധാരാളം സമയം ചെലവഴിച്ചിരിക്കണം. “നീതിയുടെ ഒരു പ്രസംഗകൻ” എന്ന നിലയിൽ നോഹ യഹോവയുടെ നിയമങ്ങളും വ്യവസ്ഥകളും തന്റെ കുടുംബത്തെ പഠിപ്പിച്ചിട്ടുണ്ടാകണം. തൽഫലമായി, നോഹയുടെ കുടുംബം “ഭക്തികെട്ട ആളുകളുടെ” പുരാതന “ലോക”ത്തിന്റെ അന്ത്യത്തെ അതിജീവിച്ചു.—2 പത്രോസ് 2:5.
നിങ്ങൾക്കു് ചെയ്യാൻ കഴിയുന്നതു
അപ്പോൾ വിജയകരമായി കുട്ടികളെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നതിൽ, മാതാപിതാക്കളുടെ മാതൃക പ്രധാനമായ ഒരു പങ്കു വഹിക്കുന്നുവെന്നുള്ളതു് വളരെ സ്പഷ്ടമാണു്. കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ മാതാപിതാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രതിബന്ധം എന്താണെന്നു് ഒരു വർത്തമാനപ്പത്രത്തിലെ കോളമെഴുത്തുകാരനോടു് ചോദിച്ചപ്പോൾ, “അവർ തന്നെ” എന്നു് അയാൾ ഉത്തരം നൽകി. തങ്ങൾ പറയുന്നതു് പ്രാവർത്തികമാക്കാത്ത മാതാപിതാക്കൾ തങ്ങളുടെയും മക്കളുടെയും താല്പര്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു. (റോമർ 2:21-23 താരതമ്യപ്പെടുത്തുക.) ഈ ബന്ധത്തിൽ സ്ഥിരത അത്യന്താപേക്ഷിതമാണ്. അതുകൊണ്ടു് മാതാപിതാക്കൾ തങ്ങളോടുതന്നെ ഇപ്രകാരം ചോദിക്കേണ്ട ആവശ്യമുണ്ടു്. ജീവിതത്തിൽ അതിപ്രധാനമായ കാര്യങ്ങൾ എന്താണെന്നാണു് ഞാൻ വിശ്വസിക്കുന്നതു്? എന്റെ വ്യക്തിപരമായ ലാക്കുകൾ ഏവയാണു്?
ആവർത്തനം 6:7-ൽ മാതാപിതാക്കളോടു് ഇപ്രകാരം കല്പിച്ചിരിക്കുന്നു: “നീ അവ [യഹോവയിൽ നിന്നുള്ള വചനങ്ങൾ] നിന്റെ പുത്രനെ ഉദ്ബോധിപ്പിക്കുകയും നീ നിന്റെ വീട്ടിൽ ഇരിക്കുമ്പോഴും വഴിയിൽ നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു് സംസാരിക്കുകയും വേണം.” അതിന്റെ അർത്ഥം ആശയവിനിയമം എന്നാണു്. എന്നാൽ എല്ലാ സംസാരങ്ങളും ആവശ്യം ആശയവിനിമയമല്ല. താൻ സ്ക്കൂളിൽ അനുഭവിക്കുന്ന മയക്കുമരുന്നു പ്രശ്നം സംബന്ധിച്ചു് തന്റെ അമ്മയോടു് സംസാരിക്കാൻ രണ്ടുവട്ടം ശ്രമിച്ചുവെന്നു് പതിനേഴു വയസ്സുകാരനായ ഒരു കുട്ടി പറഞ്ഞു. [മയക്കുമരുന്നു വിൽക്കുന്നവരിൽനിന്നു] അകന്നു നിൽക്കാൻ എന്റെ അമ്മ എന്നോടു് പറഞ്ഞു” എന്നു് അവൻ പറഞ്ഞു. അതു് സഹായം ചെയ്തോ? പ്രത്യക്ഷത്തിൽ ഇല്ല, എന്തുകൊണ്ടെന്നാൽ, സമ്മർദ്ദത്താൽ കെണിയിൽ അകപ്പെട്ടിരിക്കുന്നതായി അപ്പോഴും കുട്ടിക്കു തോന്നി, അതു പൊട്ടിച്ചെറിഞ്ഞു് പുറത്തേക്കു് ചാടേണ്ടതെങ്ങനെയെന്നു് അവനു് അറിയില്ലതാനും
ചെറുപ്പക്കാർ തങ്ങൾക്കു് കൈകാര്യം ചെയ്യാൻ കഴിയാത്ത പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ അവരുടെ ആദ്യ ശരണം പരിഹാരത്തിനായി തങ്ങളുടെ മാതാപിതാക്കളിലേക്കു് തിരിയുകയെന്നതാണു്, അതു് നല്ലതുമാണു്. എന്നാൽ മാതാപിതാക്കൾ അവരുടെ സാഹചര്യം മനസ്സിലാക്കാൻ പരാജയപ്പെട്ടാൽ അത്തരം വിശ്വാസം എളുപ്പം തകർക്കപ്പെട്ടേക്കാം. ഉടൻ പരിഹാരം ലഭ്യമല്ലെങ്കിൽപോലും വിവേകം പ്രകടമാക്കുന്നിടത്തു് ആശയവിനിമയ മാർഗങ്ങൾ തുറന്നുകിടക്കും.
കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ തിരുത്തൽ മറ്റൊരു പ്രധാന ഘടകമാണു്. ബൈബിളിലെ ഒരു സദൃശവാക്യം ഇങ്ങനെ പറയുന്നു: “വടിയും ശാസനയുമാണു് ജ്ഞാനം നൽകുന്നതു്; എന്നാൽ അഴിച്ചു വിട്ടിരിക്കുന്ന ഒരു ബാലൻ അവന്റെ അമ്മയ്ക്കു ലജ്ജ വരുത്തുന്നതായിരിക്കും”—സദൃശ്യവാക്യങ്ങൾ 29:15.
കുറച്ചുനാൾ മുമ്പു ടെക്സാസിൽ ഹുസ്റ്റനിലുള്ള പോലീസ് ഡിപ്പാർട്ടുമെന്റു് “അപരാധികളായ കുട്ടികളെ വളർത്തുന്നതിനുള്ള 12 ചട്ടങ്ങൾ എന്ന അഭിധാനത്തിൽ ഒരു ലഘുലേഖ വിതരണം ചെയ്തു. ഗൗരവസ്വഭാവമില്ലാത്ത അതിന്റെ രീതി ചിരിച്ചു തള്ളാവുന്നതേ ഉള്ളൂ, എന്നാൽ ആ “ചട്ടങ്ങളിൽ” മിക്കവാറും എല്ലാം തിരുത്തലിനോടു് അഥവാ അതിന്റെ അഭാവത്തോടു് ബന്ധപ്പെട്ടതാണു്. അതിന്റെ ചില ദൃഷ്ടാന്തങ്ങൾ ഇതാ:
“ശൈശവം മുതൽ കുട്ടി ആഗ്രഹിക്കുന്ന സകലതും” അവനു നൽകിക്കൊണ്ടു് തുടക്കമിടുക. ഈ വിധത്തിൽ ലോകം അവനു് ഒരു ജീവിതമാർഗ്ഗം നൽകാൻ കടപ്പെട്ടിരിക്കുന്നുവെന്ന വിശ്വാസത്തിൽ അവൻ വളരും.”
“അവൻ ചീത്ത വാക്കുകൾ പറഞ്ഞുതുടങ്ങമ്പോൾ അവനെ കളിയാക്കുക. ഇതു അവൻ മിടുക്കനാണെന്നു ചിന്തിക്കൻ ഇടയാക്കും. . .”
ഒരിക്കലും അവനു് യാതൊരു ആത്മീയ പരിശീലനവും നൽകരുതു്. അവനു് 21 വയസ്സാകുന്നതുവരെ കാത്തിരിക്കുക, പിന്നീടു് ‘അവൻ തന്നെ തീരുമാനിക്കട്ടെ’”
“തെറ്റിപ്പോയി’ എന്ന പദം ഉപയോഗിക്കാതിരിക്കുക. അതു ഒരു കുറ്റബോധം വികസിപ്പിച്ചേക്കാം. . .”
ക്രിസ്തീയ മാതാപിതാക്കൾ തങ്ങളുടെ മക്കളെ “യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവൽക്കരണത്തിലും” വളർത്തിക്കൊണ്ടു വരുന്നതു സംബന്ധിച്ചു് ചിന്തയുള്ളവരാണു്. (എഫെസ്യർ 6:4) ശ്രമം കൂടാതെ—വളരെയധികം ശ്രമം കൂടാതെ—അതു സാദ്ധ്യമാകുന്നില്ല. എന്നാൽ അന്തിമഫലം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും ജീവൻ ആയിരിക്കുമ്പോൾ ചെലവഴിക്കുന്ന സമയവും ശ്രമവും ഒട്ടും കൂടുതലല്ല.—ആവർത്തനം 6:2.
പ്രതിഫലദായകമായ ഒരു നിയമം
“നോക്കൂ! പുത്രന്മാർ യഹോവയിൽ നിന്നുള്ള ഒരു അവകാശമാകുന്നു; ഉദരഫലം ഒരു പ്രതിഫലമാകുന്നു” എന്നു സങ്കീർത്തനക്കാരൻ പറയുന്നു. (സങ്കീർത്തനം 127:3) കാലം കടന്നുപോയിട്ടും, സാമൂഹ്യ ആചാരങ്ങൾ മാറിയിട്ടും, ആ പ്രസ്താവന ഇപ്പോഴും സത്യമാണ്. യഹോവയുടെ സാക്ഷികളുടെ ക്രിസ്തീയ സ്ഥാപനത്തിൽ ഒട്ടനേകം ചെറുപ്പക്കാരിൽ ഇതിനുള്ള തെളിവു് കാണാൻ കഴിയും. അവർ ഉത്തരവാദിത്വമുള്ളവരും ആദരണീയരും പ്രഗത്ഭരും ആയി വളർന്നുവന്നിരിക്കുന്നു. അവർ അവർക്കുതന്നെയും അവരുടെ മാതാപിതാക്കൾക്കും എല്ലാറ്റിനുമുപരി അവരുടെ സൃഷ്ടാവായ യഹോവയാം ദൈവത്തിനും ഒരു ബഹുമതിയാണു്.
നിങ്ങൾ ഇപ്പോൾ അവരെ പരിശീലിപ്പിക്കുന്നതിനും പഠിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും നടപടിയെടുക്കുന്നില്ലെങ്കിൽ അത്തരം സംതൃപ്തികരമായ ഫലങ്ങളോടെ നിങ്ങളുടെ മക്കളെ വളർത്തിക്കൊണ്ടുവരുന്നതിന്റെ പ്രതിഫലം നിങ്ങൾക്കു് കൊയ്തെടുക്കാൻ കഴിയും.