ആമുഖം
നിങ്ങൾക്കു കൂടുതൽ ധൈര്യം നേടാനാകും!
1-3. “എഴുന്നേൽക്ക്, നമുക്കു പോകാം” എന്ന യേശുവിന്റെ വാക്കുകൾ ധീരമായ വാക്കുകളാണെന്നു പറയാവുന്നത് എന്തുകൊണ്ട്?
“എഴുന്നേൽക്ക്, നമുക്കു പോകാം.” ഒരുപക്ഷേ ഇതുവരെ ആരെങ്കിലും പറഞ്ഞിട്ടുള്ളതിലേക്കും ഏറ്റവും ധീരമായ വാക്കുകളാണ് അവ. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? ആരാണ് അതു പറഞ്ഞതെന്നും എന്തുകൊണ്ട് പറഞ്ഞെന്നും നോക്കുമ്പോൾ അതിനുള്ള ഉത്തരം കിട്ടും.—മത്താ. 26:46.
“എഴുന്നേൽക്ക്, നമുക്കു പോകാം.”—മത്താ. 26:46
2 തന്റെ വിശ്വസ്തരായ ശിഷ്യന്മാരോടു യേശുക്രിസ്തു പറഞ്ഞ വാക്കുകളാണ് അവ. മുമ്പും യേശു ഇതേ വാക്കുകൾ പറഞ്ഞിട്ടുണ്ട്. (യോഹ. 14:31) എന്നാൽ ഇത്തവണ അതു പറഞ്ഞതിന് ഒരു പ്രത്യേകതയുണ്ട്. യേശു ഇപ്പോൾ യരുശലേം നഗരത്തിനു തൊട്ടുവെളിയിലുള്ള ഗത്ത്ശെമന തോട്ടത്തിലാണ്. നല്ല നിലാവുള്ള രാത്രി. സമയം വളരെ വൈകിയിരുന്നു. ഒരു കൂട്ടം ആളുകൾ ആയുധങ്ങളുമായി യേശുവിന്റെ അടുത്തേക്കു വന്നുകൊണ്ടിരിക്കുകയാണ്. അവർ എന്തിനാണു വരുന്നതെന്നു യേശുവിനു കൃത്യമായി അറിയാം. ഇതുവരെ ഒരു മനുഷ്യനും ഉണ്ടായിട്ടില്ലാത്തത്ര കഠിനമായ പരീക്ഷണം യേശു നേരിടാൻപോകുകയാണ്, അതും ഒറ്റയ്ക്ക്.
3 അതിൽനിന്ന് രക്ഷപ്പെടാനൊന്നും യേശു ശ്രമിക്കുന്നില്ല. ഇനി, യേശുവിനു വേണമെങ്കിൽ തന്നെ സംരക്ഷിക്കാനായി ശക്തരായ ദൈവദൂതന്മാരെ വിളിച്ചുവരുത്താമായിരുന്നു. യേശു അതും ചെയ്തില്ല. (മത്താ. 26:53) പകരം യേശു ഇങ്ങനെ മാത്രം പറഞ്ഞു: “എഴുന്നേൽക്ക്, നമുക്കു പോകാം.” എങ്ങോട്ടു പോകാമെന്നാണു യേശു ഉദ്ദേശിച്ചത്? ആ വലിയ അപകടത്തിലേക്ക്, ആ ഉപദ്രവത്തിലേക്ക്, ആ മരണത്തിലേക്ക്. എന്തുകൊണ്ടാണു യേശു മനസ്സോടെ അതിനു തയ്യാറായത്? കാരണം യേശു തന്റെ പിതാവിനെയും തന്റെ ശിഷ്യന്മാരെയും ഒരുപാടു സ്നേഹിച്ചു.
4-5. യേശുവിനെപ്പോലെ ഒരാൾക്ക് എങ്ങനെ ധൈര്യം കാണിക്കാനാകും, അതു വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
4 ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും ധീരനായ വ്യക്തിയാണു യേശുക്രിസ്തു. നിങ്ങൾ യേശുവിന്റെ ഒരു അനുഗാമിയാണോ? എങ്കിൽ നിങ്ങളും നല്ല ധൈര്യമുള്ള ആളാണ്. കാരണം ഒരു യഥാർഥക്രിസ്ത്യാനി ആയിരിക്കാൻ ധൈര്യം കൂടിയേ തീരൂ. നമ്മൾ ഇന്നു ജീവിക്കുന്നതു പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നിറഞ്ഞ സമയത്താണ്. അതുകൊണ്ട് മുമ്പെന്നത്തെക്കാൾ അധികമായി ഈ ഗുണം നമുക്ക് ആവശ്യമാണ്.
5 യേശുവിനെപ്പോലെ ഒരാൾക്ക് എങ്ങനെ ധൈര്യം കാണിക്കാനാകും? ഒന്നിനെയും വകവെക്കാതെ അപകടങ്ങളിൽ ചെന്ന് തലയിടുന്നതോ തങ്ങൾക്ക് ഒരു ആപത്തും വരില്ലെന്നു ചിന്തിച്ച് മുന്നോട്ടു നീങ്ങുന്നതോ ഒന്നുമല്ല ധൈര്യം. ഇനി, തങ്ങൾ ശക്തരാണെന്നു മറ്റുള്ളവരെ കാണിക്കാൻവേണ്ടി അക്രമപ്രവർത്തനങ്ങൾ ചെയ്യുന്നതും ധൈര്യമല്ല. (സങ്കീ. 11:5) യേശു കാണിച്ച ധൈര്യം ഇങ്ങനെയുള്ളതൊന്നും ആയിരുന്നില്ല. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലോ പേടി തോന്നുമ്പോഴോ ദൈവം ശരിയെന്നു പറയുന്ന കാര്യങ്ങൾ ചെയ്യാനുള്ള കരുത്ത് കാണിക്കുന്നതാണു ശരിക്കുള്ള ധൈര്യം.
യേശുവിന്റെ ധൈര്യം നിങ്ങൾക്ക് അനുകരിക്കാനാകും!
6. നമുക്കു ധൈര്യം കുറവാണെന്നു തോന്നുന്നെങ്കിൽ ശിഷ്യന്മാരോടുള്ള യേശുവിന്റെ വാക്കുകൾ നമ്മളെ ആശ്വസിപ്പിക്കുന്നത് എങ്ങനെ?
6 ജീവിതത്തിൽ പരീക്ഷണങ്ങളുണ്ടാകുമ്പോൾ യേശുവിനെപ്പോലെ ധൈര്യം കാണിക്കാനാകുമോ എന്ന് ഒരുപക്ഷേ നിങ്ങൾ ചിന്തിച്ചേക്കാം. എങ്കിൽ ഇക്കാര്യം ഓർക്കുക: തന്റെ പിതാവിനെപ്പോലെതന്നെ യേശുവും നമ്മളിൽനിന്ന് നമുക്കു ചെയ്യാവുന്നതിലും അധികം പ്രതീക്ഷിക്കുന്നില്ല. (സങ്കീ. 103:14; യോഹ. 14:9) ഉദാഹരണത്തിന് ഗത്ത്ശെമന തോട്ടത്തിലായിരുന്ന ആ രാത്രിയിൽ യേശു തന്റെ അപ്പോസ്തലന്മാരോട് ഉണർന്നിരിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ അവർ ഉറങ്ങിപ്പോയി. എന്നിട്ടും യേശു ദയയോടെ അവരോടു പറഞ്ഞു: “ആത്മാവ് തയ്യാറാണെങ്കിലും ശരീരം ബലഹീനമാണ്.” (മത്താ. 26:41) യേശുവിനു തന്റെ അപ്പോസ്തലന്മാരുടെ പരിമിതികൾ മനസ്സിലായി. അതുപോലെ നിങ്ങളുടേതും അറിയാം.
7-8. തന്റെ അനുഗാമികളിലുള്ള വിശ്വാസം യേശു എങ്ങനെയാണു കാണിച്ചത്?
7 തന്റെ ശിഷ്യന്മാർ ശരിയായ കാര്യങ്ങൾ ചെയ്യുമെന്നു യേശുവിന് ഉറപ്പായിരുന്നു. യേശു അതു തുറന്നുപറയുകയും ചെയ്തു. “ധൈര്യമായിരിക്കുക! ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു” എന്ന യേശുവിന്റെ വാക്കുകൾ കേട്ടപ്പോൾ അവർക്ക് എത്ര പ്രോത്സാഹനവും ആശ്വാസവും തോന്നിയിരിക്കണം! (യോഹ. 16:33) അവർക്കു തന്റെ കാലടികൾ പിന്തുടരാനാകുമെന്നു യേശുവിന് അറിയാമായിരുന്നു. അതുതന്നെയാണ് അവർ ചെയ്തതും. “ധൈര്യമായിരിക്കുക” എന്ന ഈ വാക്ക് യേശു പല സന്ദർഭങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് ഒരു തളർവാതരോഗിയോട്, അദ്ദേഹത്തിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു എന്ന ഉറപ്പു കൊടുക്കുന്നതിനു തൊട്ടുമുമ്പ്, യേശു അതു പറഞ്ഞു. (മത്താ. 9:2) ഇനി, ഗുരുതരമായ ഒരു രോഗം പിടിപെട്ട ഒരു സ്ത്രീയെ സുഖപ്പെടുത്തിയതിനു ശേഷവും യേശു അതുതന്നെ പറഞ്ഞു. (മത്താ. 9:22) മറ്റൊരിക്കൽ ഒരു കൊടുങ്കാറ്റിന്റെ സമയത്ത് വെള്ളത്തിന്റെ മുകളിലൂടെ ഒരു രൂപം തങ്ങളുടെ അടുത്തേക്കു നടന്നുവരുന്നതു കണ്ട് ശിഷ്യന്മാർ പേടിച്ചപ്പോഴും യേശു ആ വാക്കുതന്നെയാണ് ഉപയോഗിച്ചത്. (മത്താ. 14:27) കൂടാതെ അപ്പോസ്തലനായ പൗലോസിനു ശത്രുക്കളിൽനിന്ന് കഠിനമായ ഉപദ്രവം നേരിട്ടപ്പോഴും യേശു സ്വർഗത്തിൽനിന്ന് ഇതേ വാക്ക് ഉപയോഗിച്ചു.—പ്രവൃ. 23:9-11.
8 ഒരർഥത്തിൽ, നിങ്ങളുടെ ധൈര്യശാലിയായ രാജാവ് അതുതന്നെ നിങ്ങളോടും പറയുന്നുണ്ട്. നിങ്ങൾ ‘ധൈര്യമുള്ളവരായിരിക്കാൻ’ യേശു ആഗ്രഹിക്കുന്നു. നിങ്ങൾക്ക് അതിനു കഴിയുമെന്നു യേശുവിന് ഉറപ്പുണ്ട്. കാരണം ധൈര്യമുള്ളവരായിരിക്കാൻ നിങ്ങൾക്ക് എന്താണോ വേണ്ടത് അതു തന്റെ പിതാവായ യഹോവ നിങ്ങൾക്കു തന്നിട്ടുണ്ടെന്നു യേശുവിന് അറിയാം.
കൂടുതൽ ധൈര്യമുള്ളവരായിരിക്കാൻ ബൈബിൾ നമ്മളെ സഹായിക്കുന്നത് എങ്ങനെ?
9. കൂടുതൽ ധൈര്യമുള്ളവരായിരിക്കാൻ ബൈബിളിനു നമ്മളെ എങ്ങനെ സഹായിക്കാനാകും?
9 കൂടുതൽ ധൈര്യമുള്ളവരായിരിക്കാൻ നമ്മളെ സഹായിക്കുന്ന അനേകരുടെ ജീവിതമാതൃക ബൈബിളിലൂടെ യഹോവ നമുക്കു തന്നിട്ടുണ്ട്. പല ജീവിതപശ്ചാത്തലങ്ങളിൽനിന്നുള്ള, പല പ്രായത്തിലുള്ള സ്ത്രീപുരുഷന്മാരുടെ ജീവിതാനുഭവങ്ങളാണ് അതിലുള്ളത്. അവരെല്ലാം ‘നമ്മുടേതുപോലുള്ള വികാരങ്ങളുള്ളവരായിരുന്നു,’ പ്രവാചകനായ ഏലിയയെപ്പോലെ. (യാക്കോ. 5:17) നമ്മളെപ്പോലെതന്നെ അവരും കുറ്റങ്ങളും കുറവുകളും പരിമിതികളും ഒക്കെയുള്ള അപൂർണമനുഷ്യരായിരുന്നു. അതുപോലെ ജീവിതത്തിൽ പലപല പ്രശ്നങ്ങളും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളും നേരിട്ടിട്ടുള്ളവർ. എങ്കിലും യേശുവിനെപ്പോലെ അവരും ജയിച്ചടക്കി, ധൈര്യം കാണിച്ചു. അവരുടെ ആ നല്ല മാതൃക നമുക്ക് എന്നും ഒരു പ്രോത്സാഹനമാണ്.
10-11. ഈ പുസ്തകം നിങ്ങളെ എങ്ങനെ സഹായിക്കും, ഈ പുസ്തകം നിങ്ങൾക്ക് എങ്ങനെ ഉപയോഗിക്കാം? (“വ്യക്തിപരമായ പഠനത്തിനും കുടുംബാരാധനയ്ക്കും ഈ പുസ്തകം എങ്ങനെ ഉപയോഗിക്കാം?” എന്ന ചതുരവും കാണുക.)
10 കൂടുതൽ ധൈര്യമുള്ളവരായിരിക്കാൻ നിങ്ങളെ സഹായിക്കുക എന്ന ഉദ്ദേശ്യത്തിലാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. തുടർന്നുള്ള 54 അധ്യായങ്ങളിലൂടെ, നിങ്ങളെപ്പോലെതന്നെയുള്ള അപൂർണമനുഷ്യരെ യഹോവ ആവശ്യമായ ധൈര്യം നേടാൻ സഹായിച്ചത് എങ്ങനെയെന്നു കാണാം. അതുകൊണ്ട് പാഠഭാഗം വായിക്കുക. ഓരോ കഥാപാത്രത്തിന്റെയും പശ്ചാത്തലം ആഴത്തിൽ പഠിക്കുക. നിങ്ങൾ അങ്ങനെ ചെയ്യുമ്പോൾ അവരെ നിങ്ങൾക്കു കൂടുതൽ അടുത്തറിയാനാകും.
11 അവരുടെ മാതൃക കൂടുതൽ ധൈര്യമുള്ളവരായിരിക്കാൻ നിങ്ങളെ സഹായിക്കട്ടെ. അങ്ങനെ ബുദ്ധിമുട്ടു നിറഞ്ഞ ഈ “അവസാനകാലത്ത്” സഹിച്ചുനിൽക്കാൻ നിങ്ങൾക്കു കഴിയും. (2 തിമൊ. 3:1) യഹോവ തന്നിരിക്കുന്ന ഈ ഉറപ്പ് ഓരോ ദിവസവും നമുക്ക് ഓർക്കാം: “‘ഞാൻ നിന്നെ ഒരിക്കലും കൈവിടില്ല; ഒരിക്കലും ഉപേക്ഷിക്കില്ല.’ അങ്ങനെ ധൈര്യത്തോടെ നമുക്കും പറയാം: “യഹോവ എന്നെ സഹായിക്കും. ഞാൻ പേടിക്കില്ല.”—എബ്രാ. 13:5, 6.