21 ശമുവേൽ
യഹോവയ്ക്കുവേണ്ടി സംസാരിച്ച ഒരു ബാലൻ
ഒരർഥത്തിൽ ശമുവേൽ യിഫ്താഹിന്റെ മകളെയും ശിംശോനെയും പോലെ ആയിരുന്നെന്നു പറയാം. മൂന്നു പേരുടെയും കാര്യത്തിൽ പൊതുവായ ഒന്നുണ്ടായിരുന്നു: അവരുടെ മാതാപിതാക്കൾ യഹോവയെ അനുസരിച്ചു; അതു മക്കളുടെ ജീവിതത്തിൽ വലിയ സ്വാധീനംചെലുത്തി. യിഫ്താഹിന്റെ മകളെപ്പോലെ ശമുവേലും യഹോവയ്ക്കുള്ള പ്രത്യേകസേവനത്തിനായി തന്നെത്തന്നെ വിട്ടുകൊടുത്തു. (1 ശമു. 2:11) ഇനി, ശിംശോനെപ്പോലെ ശമുവേൽ ജീവിതകാലം മുഴുവൻ ഒരു നാസീരായിരുന്നു. (ന്യായാ. 13:7) ഈ രണ്ടു പേരെയുംപോലെ ശമുവേലിനും നല്ല ധൈര്യം ആവശ്യമായിരുന്നു.
ശമുവേലിന്റെ മുലകുടി നിറുത്തിയ ഉടനെ ഹന്ന, താൻ യഹോവയ്ക്കു വാക്കു കൊടുത്തതുപോലെ ശീലോയിലെ വിശുദ്ധകൂടാരത്തിൽ സേവിക്കുന്നതിന് അവനെ കൊണ്ടുവന്നു. ആ സമയത്ത് ശമുവേലിന് ഒരുപക്ഷേ മൂന്നു വയസ്സോ അതിൽ അൽപ്പം കൂടുതലോ പ്രായമേ ഉണ്ടായിരുന്നുള്ളൂ. ഹന്ന വർഷത്തിൽ ഒരിക്കൽ പുതിയ ഉടുപ്പുമായി മകനെ കാണാൻ പോകുമായിരുന്നു. ശമുവേൽ വിശുദ്ധകൂടാരത്തിൽ മഹാപുരോഹിതനായ ഏലിയോടൊപ്പം താമസിച്ചു. ഏലിക്ക് അപ്പോൾ നല്ല പ്രായമുണ്ടായിരുന്നു. ഒരുപക്ഷേ വിശുദ്ധകൂടാരത്തിൽ സേവിച്ചിരുന്ന ചില സ്ത്രീകൾ കുഞ്ഞുശമുവേലിനു വേണ്ട സഹായമൊക്കെ ചെയ്തുകൊടുത്തു കാണും.
എന്നാൽ വിശുദ്ധകൂടാരത്തിൽ ആളുകൾ മോശമായ പല കാര്യങ്ങളും ചെയ്യുന്നുണ്ടായിരുന്നു. ഒരു പരിധിവരെ ഏലിയും അതിൽ കുറ്റക്കാരനായിരുന്നു. അദ്ദേഹത്തിന്റെ രണ്ടു മക്കളായ ഹൊഫ്നിയും ഫിനെഹാസും ദുഷ്ടന്മാരായിരുന്നു. യഹോവയുടെ വിശുദ്ധഭവനത്തിൽ സേവിച്ചിരുന്ന ചില സ്ത്രീകളുമായി അവർ അധാർമികപ്രവൃത്തികൾ ചെയ്തിരുന്നു. ഇനി, യഹോവയ്ക്ക് അർപ്പിച്ചിരുന്ന ബലികളോടും അവർ അനാദരവ് കാണിച്ചു. സാധ്യതയനുസരിച്ച് ആളുകൾ ബലി അർപ്പിക്കാനുള്ള മൃഗങ്ങളെയുംകൊണ്ട് വിശുദ്ധകൂടാരത്തിൽ വരുമ്പോൾ അവയുടെ ഏറ്റവും നല്ല ഭാഗം യഹോവയ്ക്ക് അർപ്പിക്കുന്നതിനു പകരം അതു കൈക്കലാക്കാൻ ഹൊഫ്നിയും ഫിനെഹാസും പരിചാരകരോട് ആവശ്യപ്പെട്ടിരുന്നു. മക്കൾ ഇങ്ങനെയൊക്കെ ചെയ്യുന്നുണ്ടെന്ന് ഏലിക്ക് അറിയാമായിരുന്നു. എന്നിട്ടും അദ്ദേഹം അവരെ ചെറുതായിട്ടു തിരുത്തിയതേ ഉള്ളൂ. അവർ അതു കാര്യമായെടുത്തുമില്ല. ഇത്രയെല്ലാം മോശമായ കാര്യങ്ങൾ അവിടെ നടന്നിരുന്നെങ്കിലും ശമുവേൽ യഹോവയുടെയും ജനത്തിന്റെയും പ്രീതിയിൽ വളർന്നുവന്നു. ശീലോയിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കാനുള്ള യഹോവയുടെ സമയം വന്നപ്പോൾ അതെക്കുറിച്ചുള്ള സന്ദേശം അറിയിക്കാൻ യഹോവ തിരഞ്ഞെടുത്തതു ബാലനായ ശമുവേലിനെയാണ്.
ഒരു രാത്രി ആരോ വിളിക്കുന്ന ശബ്ദം കേട്ട് ശമുവേൽ ഉറക്കമുണർന്നു. യഹോവ ശമുവേലിനെ വിളിച്ചതായിരുന്നു. എന്നാൽ ശമുവേൽ വിചാരിച്ചത് ഏലിയാണു തന്നെ വിളിക്കുന്നതെന്നാണ്. വൃദ്ധനായ ഏലിക്ക് അപ്പോൾ കാഴ്ച മങ്ങിയിരുന്നു. ശമുവേൽ ഓടിച്ചെന്ന് മഹാപുരോഹിതനോട്, തന്നെ വിളിച്ചത് എന്തിനാണെന്നു ചോദിച്ചു. എന്നാൽ അദ്ദേഹം ശമുവേലിനെ വിളിച്ചില്ലായിരുന്നു. അതുകൊണ്ട് പോയി കിടന്നുകൊള്ളാൻ ഏലി പറഞ്ഞു. രണ്ടു പ്രാവശ്യംകൂടെ അങ്ങനെതന്നെ സംഭവിച്ചു. എന്നാൽ മൂന്നാം തവണ ഏലിക്കു മനസ്സിലായി, യഹോവയാണു ശമുവേലിനെ വിളിക്കുന്നതെന്ന്. അതുകൊണ്ട് പോയി കിടന്നുകൊള്ളാൻ അദ്ദേഹം വീണ്ടും പറഞ്ഞു. ഇനി വിളിച്ചാൽ, “യഹോവേ, പറഞ്ഞാലും. അങ്ങയുടെ ഈ ദാസൻ ശ്രദ്ധിക്കുന്നുണ്ട്” എന്നു പറയാനും ഏലി ശമുവേലിനോട് ആവശ്യപ്പെട്ടു. ഏലി പറഞ്ഞതുപോലെതന്നെ ശമുവേൽ ചെയ്തു.
നാലാം തവണ യഹോവ വീണ്ടും, “ശമുവേലേ! ശമുവേലേ!” എന്നു വിളിച്ചു. അപ്പോൾ ശമുവേൽ, ‘പറഞ്ഞാലും, അങ്ങയുടെ ദാസൻ ശ്രദ്ധിക്കുന്നുണ്ട്’ എന്നു പറഞ്ഞു. യഹോവ ശമുവേലിനോടു ശീലോയിലെ പ്രശ്നങ്ങളൊക്കെ താൻ പരിഹരിക്കാൻ പോകുകയാണെന്നും മക്കളെ വേണ്ട രീതിയിൽ ശാസിക്കാത്തതുകൊണ്ട് ഏലിയെ ശിക്ഷിക്കുമെന്നും പറഞ്ഞു. ഏലിയുടെ മക്കളെയും അദ്ദേഹത്തിന്റെ ഭവനത്തെ മുഴുവനും യഹോവ ന്യായം വിധിച്ചിരിക്കുന്നു എന്ന കാര്യം ശമുവേൽ ഏലിയെ അറിയിക്കണമായിരുന്നു.
ശമുവേൽ രാവിലെവരെ കിടന്നെങ്കിലും ഉറങ്ങാൻ കഴിഞ്ഞോ എന്നൊന്നും ബൈബിൾ പറയുന്നില്ല. നേരം പുലർന്നപ്പോൾ വിശുദ്ധകൂടാരത്തിന്റെ മുറ്റത്തേക്കുള്ള വാതിലുകൾ തുറക്കാൻ ശമുവേൽ എഴുന്നേറ്റു. സ്വാഭാവികമായും “ദിവ്യദർശനത്തെക്കുറിച്ച് ഏലിയോടു പറയാൻ ശമുവേലിനു പേടി” തോന്നിയിട്ടുണ്ടാകും. അത് ഏലിക്കും മനസ്സിലായിക്കാണും. അതുകൊണ്ട് ഏലി ശമുവേലിനെ അടുത്ത് വിളിച്ച് ദൈവം എന്താണു പറഞ്ഞതെന്നു ചോദിച്ചു. “ദയവായി എന്നോട് ഒന്നും ഒളിക്കരുത്” എന്നും പറഞ്ഞു.
ഒരു കുട്ടിയായിരുന്നെങ്കിലും ശമുവേലിന് യഹോവയുടെ ന്യായവിധിസന്ദേശം മഹാപുരോഹിതനായ ഏലിയെ അറിയിക്കേണ്ടിവന്നു
സാധ്യതയനുസരിച്ച് ശമുവേലിന് അത് ഒട്ടും എളുപ്പമായിരുന്നില്ല. സ്വന്തം മുത്തച്ഛനോട് എന്നപോലുള്ള ഒരു ബഹുമാനം ശമുവേലിന് ഏലിയോടുണ്ടായിരുന്നോ? അത് എന്തുതന്നെയായാലും ഇസ്രായേലിലെ മഹാപുരോഹിതനെന്ന നിലയിൽ ശമുവേൽ ഏലിയെ ബഹുമാനിച്ചിരുന്നു. എന്നിട്ടും “ശമുവേൽ ഒന്നും മറച്ചുവെക്കാതെ എല്ലാം ഏലിയോടു പറഞ്ഞു.” ഒരു വലിയ ദുരന്തം തനിക്കു നേരിടാൻ പോകുകയാണെന്ന് ഏലിക്ക് അപ്പോൾ മനസ്സിലായി. അപ്പോഴെങ്കിലും മക്കളെ തിരുത്താൻ അദ്ദേഹം തയ്യാറായോ? അങ്ങനെ ചെയ്തെന്നതിന് ഒരു തെളിവുമില്ല.
ഇത്തരത്തിൽ ധൈര്യം കാണിച്ചതിന് യഹോവ ശമുവേലിനെ സമൃദ്ധമായി അനുഗ്രഹിച്ചു. ‘യഹോവ ശമുവേലിന്റെകൂടെയുണ്ടായിരുന്നു’ എന്നാണു ബൈബിളിൽ വായിക്കുന്നത്. അതു മാത്രമല്ല യഹോവ ശമുവേലിലൂടെ ജനത്തോടു സംസാരിക്കാനും തുടങ്ങി. ‘ശമുവേലിന്റെ ഒരു വാക്കുപോലും നിറവേറാതെപോയതുമില്ല.’ ഏലിയെയും മക്കളെയും കുറിച്ച് ശമുവേൽ മുൻകൂട്ടിപ്പറഞ്ഞതെല്ലാം അങ്ങനെതന്നെ സംഭവിച്ചു. തുടർന്ന് വർഷങ്ങളോളം ഇസ്രായേൽ ജനതയെ നയിക്കാനും അവർക്കു വേണ്ട ഉപദേശങ്ങൾ നൽകാനും യഹോവ ശമുവേലിനെയാണ് ഉപയോഗിച്ചത്. ശമുവേൽ യഹോവയുടെ ഒരു പ്രവാചകനും ന്യായാധിപനും ആയി വർഷങ്ങളോളം വിശ്വസ്തമായി പ്രവർത്തിച്ചു. ദൈവത്തിന്റെ സഹായത്താൽ കുട്ടിക്കാലത്തുതന്നെ ധൈര്യം കാണിക്കാൻ പഠിച്ച ശമുവേൽ തന്റെ ജീവിതകാലത്തെല്ലാം ധൈര്യത്തോടെ യഹോവയെ സേവിച്ചു.
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
ശമുവേൽ എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. യഹോവയുടെ വിശുദ്ധകൂടാരം സ്ഥിതിചെയ്തിരുന്ന ശീലോയെക്കുറിച്ച് വിവരിക്കുക. (w93 2/1 പേ. 8-9) A
Todd Bolen/BiblePlaces.com
ചിത്രം A: പുരാതന ശീലോ സ്ഥിതിചെയ്തിരുന്ന സ്ഥലം
2. വിശുദ്ധകൂടാരത്തിൽ ശമുവേലിന്റെ ജീവിതം എങ്ങനെയുള്ളതായിരുന്നു? (ia പേ. 70-71 ഖ. 9-13) B
ചിത്രം B
3. ശമുവേൽ “യഹോവയെ അടുത്ത് അറിഞ്ഞിരുന്നില്ല” എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥം എന്താണ്? (1 ശമു. 3:7; w02 12/15 പേ. 8 ഖ. 5-6)
4. ഏലിയുടെ കുടുംബത്തെക്കുറിച്ചുള്ള പ്രവചനം എങ്ങനെയാണു നിറവേറിയത്? (it “ഏലി, 1” ഖ. 5-7-wcgr)
നമുക്കുള്ള പാഠങ്ങൾ
ശമുവേലിൽനിന്ന് കുട്ടികൾക്ക് എങ്ങനെ പിൻവരുന്ന കാര്യങ്ങളെക്കുറിച്ച് പഠിക്കാം. . .
അനുസരണം കാണിക്കുന്നതിനെക്കുറിച്ച്? (1 ശമു. 3:5)
മര്യാദയും ആദരവും കാണിക്കുന്നതിനെക്കുറിച്ച്? (1 ശമു. 3:6-10)
ആശ്രയയോഗ്യർ ആയിരിക്കുന്നതിനെക്കുറിച്ച്? (1 ശമു. 3:15) C
ചിത്രം C
ചെറുപ്രായത്തിലുള്ള ഒരാൾക്ക് എപ്പോൾ ധൈര്യത്തോടെ സംസാരിക്കേണ്ടിവന്നേക്കാം? ഇക്കാര്യത്തിൽ ശമുവേലിന്റെ മാതൃക എങ്ങനെ സഹായിക്കും?
ശമുവേലിന്റെ ധൈര്യം മറ്റ് ഏതെല്ലാം വിധങ്ങളിൽ നിങ്ങൾക്ക് അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പുനരുത്ഥാനപ്പെട്ടുവരുന്ന ശമുവേലിനോട് എന്തു ചോദിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്?
കൂടുതൽ അറിയാൻ
കുട്ടികൾക്കും മുതിർന്നവർക്കും ശരിയായതു ചെയ്യാനുള്ള ധൈര്യം എപ്പോൾ ആവശ്യമായിവന്നേക്കാം?
ചുറ്റുമുള്ളവർ ദൈവത്തോട് അനുസരണക്കേടു കാണിച്ചപ്പോഴും ശമുവേൽ ശരിയായതു ചെയ്തു.
“യഹോവയെ സേവിക്കാൻ ശമുവേൽ തീരുമാനിക്കുന്നു” (ijwis ലേഖനം 15)