20 ശിംശോൻ
ശക്തി നഷ്ടപ്പെട്ടപ്പോഴും ധൈര്യം കാണിച്ചു
ശിംശോൻ ഇപ്പോൾ ബുദ്ധിമുട്ടേറിയ ഒരു സാഹചര്യത്തിലാണ്. അദ്ദേഹം തന്റെ ശക്തിയുടെ രഹസ്യം വെളിപ്പെടുത്തിയതിലൂടെ വലിയൊരു മണ്ടത്തരം കാണിച്ചു. അതുകൊണ്ട് ഫെലിസ്ത്യർ അദ്ദേഹത്തെ പിടിച്ച് കണ്ണുകൾ ചൂഴ്ന്നെടുത്തു, എന്നിട്ട് ബന്ധിച്ച് തടവറയിലാക്കി അടിമപ്പണി ചെയ്യിപ്പിച്ചു. ഇപ്പോൾ ശിംശോന് ഒന്നും കാണാൻ കഴിയുന്നില്ല. എങ്കിലും അദ്ദേഹത്തെയും ദൈവമായ യഹോവയെയും ഫെലിസ്ത്യർ പരിഹസിക്കുന്നതു കേൾക്കാം. ഇതെല്ലാം സംഭവിച്ചതു തന്റെ തെറ്റുകൊണ്ടാണെന്നു ശിംശോന് അറിയാമായിരുന്നു. എപ്പോഴും നല്ല ധൈര്യത്തോടെ പ്രവർത്തിച്ചിരുന്ന ഒരാളായിരുന്നു ശിംശോൻ. എന്നാൽ ശക്തി നഷ്ടപ്പെട്ട ഈ സാഹചര്യത്തിലും അദ്ദേഹം ധൈര്യം കാണിക്കുമായിരുന്നോ?
20 വർഷത്തോളം ശിംശോൻ ഇസ്രായേലിൽ ന്യായാധിപനായിരുന്നു. എന്നാൽ അദ്ദേഹം മറ്റു ന്യായാധിപന്മാരെപ്പോലെയായിരുന്നില്ല. ന്യായാധിപന്മാരായ ബാരാക്കും ഗിദെയോനും യിഫ്താഹും ഒക്കെ ദൈവത്തിന്റെ ശത്രുക്കൾക്കെതിരെ പോരാടിയിരുന്നത് ഒരു സൈന്യത്തെ ഉപയോഗിച്ചാണ്. എന്നാൽ ശിംശോൻ ഒറ്റയ്ക്കാണു പോരാടിയത്. യഹോവയുടെ സഹായത്താൽ അദ്ദേഹം അനേകം ഫെലിസ്ത്യരെ കൊന്നുകളഞ്ഞു. എങ്ങനെ?
ഒരിക്കൽ ശിംശോന്റെ മാതാപിതാക്കൾക്ക് ഒരു ദൈവദൂതൻ പ്രത്യക്ഷപ്പെട്ട്, അവർക്ക് ഒരു മകൻ ജനിക്കുമെന്നും അവൻ ജീവിതകാലം മുഴുവൻ ഒരു നാസീരായി ജീവിക്കാനാണ് യഹോവ ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. അതുകൊണ്ട് ശിംശോൻ മുടി മുറിക്കരുതായിരുന്നു. നാസീർവ്രതക്കാർക്കുള്ള നിബന്ധനകൾ അനുസരിച്ചിരുന്ന കാലത്തെല്ലാം യഹോവ ശിംശോന് അസാധാരണമായ ശക്തി നൽകി. ഒരു ദിവസം ശിംശോൻ തന്റെ നേരെ വന്ന സിംഹത്തെ ആയുധമൊന്നുമില്ലാതെ വെറുംകൈകൊണ്ട് രണ്ടായി വലിച്ചുകീറി. ഇസ്രായേൽ ജനത്തെ അടിച്ചമർത്തിയിരുന്ന ഫെലിസ്ത്യർക്കെതിരെ പോരാടാനും ശിംശോൻ യഹോവ നൽകിയ ശക്തി ഉപയോഗിച്ചു.
ശിംശോൻ കുറെ ഫെലിസ്ത്യരെ കൊന്നതിനു മറ്റു ഫെലിസ്ത്യർ തങ്ങളോടു പ്രതികാരം ചെയ്യുമോ എന്ന് ഇസ്രായേല്യർ ഭയപ്പെട്ടു. അതുകൊണ്ട് അവർ ശിംശോനെ കയറുകൊണ്ട് ബന്ധിച്ച് ഫെലിസ്ത്യർക്കു കൈമാറി. എന്നാൽ ശിംശോൻ ആ കയർ നൂലുപോലെ പൊട്ടിച്ചുകളഞ്ഞു. എന്നിട്ട് ഒരു കഴുതയുടെ പച്ചത്താടിയെല്ലുകൊണ്ട് 1,000 ഫെലിസ്ത്യരെ കൊന്നു. പിന്നീട് ശിംശോൻ ഗസ്സയിലായിരുന്നപ്പോൾ ശത്രുക്കൾ രാത്രി മുഴുവൻ നഗരകവാടത്തിൽ പതിയിരുന്നു. നേരം പുലരുമ്പോൾ ശിംശോനെ കൊല്ലാനായിരുന്നു അവരുടെ പദ്ധതി. എന്നാൽ ശിംശോൻ അർധരാത്രിയിൽത്തന്നെ എഴുന്നേറ്റ് നഗരകവാടത്തിന്റെ കൂറ്റൻ വാതിലുകളും ഇരുവശത്തുമുള്ള തൂണുകളും ഓടാമ്പൽ സഹിതം പറിച്ചെടുത്തു. എന്നിട്ട് അതും തോളിലേറ്റി ഏതാണ്ട് 60 കിലോമീറ്റർ അകലെ, ഹെബ്രോന് അടുത്തുള്ള മലയുടെ മുകളിലേക്കു പോയി.
തന്നെ പരാജയപ്പെടുത്താനാകില്ലെന്നു ശിംശോൻ വീണ്ടുംവീണ്ടും തെളിയിച്ചു. ദാഗോനെപ്പോലുള്ള ഫെലിസ്ത്യരുടെ ദൈവങ്ങൾക്ക് യഹോവയുടെ വിശ്വസ്തദാസർക്കെതിരെ പ്രവർത്തിക്കാനുള്ള ശക്തിയില്ലെന്നു ശിംശോൻ കാണിച്ചുകൊടുത്തു. എന്നാൽ, ശിംശോനെ പരാജയപ്പെടുത്താൻ ഫെലിസ്ത്യർ ദലീല എന്ന സ്ത്രീയെ ഉപയോഗിച്ചു.
ശിംശോൻ ദലീലയുമായി സ്നേഹത്തിലായിരുന്നെങ്കിലും അവൾ അദ്ദേഹത്തെ ചതിച്ചു. ഫെലിസ്ത്യർ പണം നൽകാമെന്നു പറഞ്ഞപ്പോൾ അതു മോഹിച്ച് ശിംശോന്റെ ശക്തിയുടെ രഹസ്യം ചോർത്തിക്കൊടുക്കാമെന്നു ദലീല സമ്മതിച്ചു. രഹസ്യം അറിയാൻ ദലീല ദിവസവും ശിംശോനെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. സഹികെട്ട് ശിംശോൻ അവസാനം ആ രഹസ്യം വെളിപ്പെടുത്തി. തന്റെ മുടി മുറിച്ചാൽ ശക്തി നഷ്ടപ്പെട്ട് താൻ ഒരു സാധാരണമനുഷ്യനെപ്പോലെയാകുമെന്നു ശിംശോൻ പറഞ്ഞു. പിന്നെ, ശിംശോൻ ഉറങ്ങുന്നതുവരെ ദലീല കാത്തിരുന്നു. എന്നിട്ട് ഒരാളെ വിളിച്ച് ശിംശോന്റെ മുടി മുറിപ്പിച്ചു. അതോടെ “യഹോവ” ശിംശോനെ ‘വിട്ടുപോയി.’ അദ്ദേഹത്തിന്റെ ശക്തി നഷ്ടപ്പെട്ടു. പെട്ടെന്നുതന്നെ ഫെലിസ്ത്യർ വന്ന് ശിംശോനെ കീഴ്പെടുത്തി, കണ്ണുകൾ ചൂഴ്ന്നെടുത്തു.
പിന്നെ ഫെലിസ്ത്യർ ശിംശോനെക്കൊണ്ട് പണിയെടുപ്പിക്കാൻതുടങ്ങി. ഭാരമുള്ള കല്ല് ഉപയോഗിച്ച് ധാന്യം പൊടിക്കുന്ന കഠിനമായ ഒരു ജോലിയായിരുന്നു അത്. മുമ്പ് അവരെ ഉപദ്രവിച്ചിരുന്ന ശത്രു ഇതാ, ഇപ്പോൾ അവരുടെ അടിമയായിരിക്കുന്നു! അവർ സന്തോഷംകൊണ്ട് മതിമറന്നു. ശിംശോനെ പിടിക്കാൻ സഹായിച്ചതിന് അവരുടെ ദൈവമായ ദാഗോനെ സ്തുതിക്കാനായി ഒരു ഉത്സവം നടത്താൻ അവർ തീരുമാനിച്ചു. അങ്ങനെ ആ ദിവസം വന്നെത്തി. ആയിരക്കണക്കിന് ആളുകൾ ആ വലിയ ക്ഷേത്രത്തിൽ തടിച്ചുകൂടി. കൂടാതെ, ഏകദേശം 3,000 ഫെലിസ്ത്യർ കെട്ടിടത്തിന്റെ മുകളിലുമുണ്ടായിരുന്നു. തങ്ങളെ രസിപ്പിക്കാനായി ശിംശോനെ കൊണ്ടുവരാൻ ഫെലിസ്ത്യർ തീരുമാനിച്ചു. അവർ തടവറയിൽനിന്ന് ശിംശോനെ കൊണ്ടുവന്ന് കെട്ടിടത്തെ താങ്ങിനിറുത്തുന്ന വലിയ രണ്ടു തൂണുകൾക്കിടയിൽ നിറുത്തി. അപ്പോഴേക്കും ശിംശോന്റെ തലയിൽ മുടി വളർന്നിരുന്നു.
തെറ്റു ചെയ്തതുകൊണ്ട് ശിംശോൻ തടവറയിലായി. ഒടുവിൽ ശിംശോന് അതു തിരുത്താൻ കഴിഞ്ഞു
തൂണുകളിൽ തൊട്ടിട്ട് ശിംശോൻ, മുമ്പുണ്ടായിരുന്ന ശക്തി തനിക്കു വീണ്ടും നൽകാൻ യഹോവയോട് അപേക്ഷിച്ചു. തന്റെ തെറ്റിനെക്കുറിച്ച് ഓർത്ത് ശിംശോനു പശ്ചാത്താപം തോന്നുന്നുണ്ടായിരുന്നു. അദ്ദേഹം ഇങ്ങനെ പ്രാർഥിച്ചു: “ദയവായി ഈ ഒരു പ്രാവശ്യംകൂടി എന്നെ ഓർക്കേണമേ. ദൈവമേ, . . . എനിക്കു ശക്തി നൽകേണമേ.” എന്നിട്ട് “ഞാൻ ഫെലിസ്ത്യരോടുകൂടി മരിക്കട്ടെ!” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. തന്റെ സർവശക്തിയുമെടുത്ത് ആ വലിയ തൂണുകൾ തള്ളാൻ ശ്രമിക്കുന്ന ശിംശോനെ ഒന്നു ഭാവനയിൽ കാണുക. ആ തൂണുകൾ പതിയെ ഇളകാൻതുടങ്ങി, ഫെലിസ്ത്യർക്കു ശിംശോനെ തടയാൻ കഴിയുന്നതിനു മുമ്പുതന്നെ തൂണുകൾ നിലംപൊത്തി. ക്ഷേത്രം തകർന്നടിഞ്ഞു! അങ്ങനെ ശിംശോൻ തന്റെ അസാധാരണശക്തി അവസാനമായി ഉപയോഗിച്ചു. ഇതിലൂടെ ശിംശോൻ താൻ മുമ്പ് കൊന്നതിനെക്കാൾ കൂടുതൽ ശത്രുക്കളെ ഒറ്റയടിക്കു കൊന്നു.
നൂറ്റാണ്ടുകൾക്കു ശേഷം അപ്പോസ്തലനായ പൗലോസ് ശക്തമായ വിശ്വാസമുള്ളവരുടെ പട്ടികയിൽ ശിംശോന്റെ പേരും ഉൾപ്പെടുത്തി. ‘ബലഹീനരായിരുന്നപ്പോൾ ശക്തി നേടിയവരെക്കുറിച്ച്’ പൗലോസ് എഴുതിയപ്പോൾ, ഉറപ്പായും ധൈര്യശാലിയായ ഈ ന്യായാധിപന്റെ പേരും പൗലോസിന്റെ മനസ്സിലുണ്ടായിരുന്നിരിക്കാം.—എബ്രാ. 11:32-34.
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
ശിംശോൻ എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. ശവശരീരങ്ങളിൽ സ്പർശിച്ചിട്ടും ഒരു നാസീരായി തുടരാൻ ശിംശോനു കഴിഞ്ഞത് എങ്ങനെ? (w05 1/15 പേ. 30 ഖ. 1–പേ. 31 ഖ. 1)
2. പരിശുദ്ധാത്മാവിന്റെ സഹായത്താലാണു ശിംശോൻ ഗസ്സയിൽനിന്ന് ഹെബ്രോനിലേക്കു വാതിലുകളും തൂണുകളും ചുമന്നുകൊണ്ട് പോയതെന്നു നമുക്ക് എങ്ങനെ അറിയാം? (w04 10/15 പേ. 15 ഖ. 7-8) A
ചിത്രം A
3. ദലീല ഒരു ഇസ്രായേല്യസ്ത്രീ ആയിരിക്കാമെന്നു പറയുന്നത് എന്തുകൊണ്ട്? (w05 3/15 പേ. 28 ഖ. 3)
4. “(തന്റെ) കണ്ണുകളിൽ ഒന്നിനുവേണ്ടി” മാത്രം പ്രതികാരം ചെയ്യാൻ ശിംശോൻ പ്രാർഥിച്ചത് എന്തുകൊണ്ട്? (ന്യായാ. 16:28; it “ശിംശോൻ” ഖ. 10-wcgr)
നമുക്കുള്ള പാഠങ്ങൾ
സമ്മർദം നേരിട്ടപ്പോൾ ശിംശോൻ ദലീലയോടു തന്റെ രഹസ്യം മുഴുവൻ വെളിപ്പെടുത്തി. മൂപ്പന്മാർക്കും ഭാര്യമാർക്കും ഇതിൽനിന്ന് എന്തു പഠിക്കാം? B
ചിത്രം B
ശിംശോൻ ഗുരുതരമായ തെറ്റു ചെയ്തു. എങ്കിലും യഹോവ അദ്ദേഹത്തെ വലിയൊരു വിധത്തിൽ ഉപയോഗിച്ചു. ഇന്ന് ഒരു ക്രിസ്ത്യാനിക്കു തെറ്റുകൾ പറ്റിയാലും മടുത്തുപിന്മാറാതിരിക്കാൻ ശിംശോന്റെ മാതൃക എങ്ങനെ സഹായിക്കും?
നിങ്ങൾക്ക് എങ്ങനെ ശിംശോന്റെ ധൈര്യം അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പുനരുത്ഥാനപ്പെട്ടുവരുന്ന ശിംശോനോട് എന്തു ചോദിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്?
കൂടുതൽ അറിയാൻ
ശിംശോനെ ചരിത്രത്തിലെ അതിശക്തന്മാരിൽ ഒരാളാക്കിയത് എന്താണെന്നു മക്കളെ പഠിപ്പിക്കുക.
“പരിശുദ്ധാത്മാവ് ശിംശോനെ ശക്തിപ്പെടുത്തുന്നു” (ijwis ലേഖനം 14)
ശിംശോന്റെ കഥയിൽനിന്ന് മറ്റ് എന്തെല്ലാം പാഠങ്ങൾ പഠിക്കാനാകും?