പാഠം 29
മരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്?
നിങ്ങളുടെ പ്രിയപ്പെട്ട ആരെങ്കിലും മരിച്ചുപോയിട്ടുണ്ടോ? അത് ശരിക്കും വേദന തോന്നുന്ന ഒരു സാഹചര്യമാണ്. നിങ്ങൾ ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകും: മരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? മരിച്ചുപോയ പ്രിയപ്പെട്ടവരോടൊപ്പം പഴയതുപോലെ വീണ്ടും ഈ ഭൂമിയിൽ സന്തോഷത്തോടെ ജീവിക്കാനാകുമോ? നിങ്ങളെ ആശ്വസിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ ബൈബിളിൽ പറയുന്നുണ്ട്. ഈ പാഠത്തിലും അടുത്ത പാഠത്തിലും നമ്മൾ അതു മനസ്സിലാക്കും.
1. മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു?
മരണം ഉറക്കം പോലെയാണെന്ന് യേശു പറഞ്ഞു. നല്ല ഉറക്കത്തിലായിരിക്കുന്ന ഒരാൾക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളൊന്നും അറിയാൻ കഴിയില്ല. അതുപോലെ, മരിച്ചുപോയ ഒരാൾ കഷ്ടപ്പാടോ വേദനയോ അറിയുന്നില്ല. “മരിച്ചവർ ഒന്നും അറിയുന്നില്ല” എന്ന് ബൈബിൾ പറയുന്നു.—സഭാപ്രസംഗകൻ 9:5 വായിക്കുക.
2. മരിച്ചവരെക്കുറിച്ചുള്ള സത്യം അറിയുന്നത് ആശ്വാസം തരുന്നത് എങ്ങനെ?
മരണത്തെ മിക്കവർക്കും ഭയമാണ്. മരിച്ചുപോയവരെയും അനേകർ പേടിക്കുന്നു. എന്നാൽ മരിച്ചവരെക്കുറിച്ച് ബൈബിൾ പറയുന്ന സത്യം നിങ്ങളെ ആശ്വസിപ്പിക്കും. യേശു പറഞ്ഞു: ‘സത്യം നിങ്ങളെ സ്വതന്ത്രരാക്കും.’ (യോഹന്നാൻ 8:32) പല മതങ്ങളും പഠിപ്പിക്കുന്നത് മനുഷ്യന് ഒരു ആത്മാവുണ്ടെന്നും മരിച്ചതിനു ശേഷം അത് എവിടെയോ ജീവിച്ചിരിക്കുന്നുണ്ടെന്നും ആണ്. പക്ഷേ ബൈബിൾ അങ്ങനെ പഠിപ്പിക്കുന്നില്ല. മരിച്ചവർ ഒന്നും അറിയുന്നില്ലാത്തതുകൊണ്ട് അവർക്കു നമ്മളെ ഉപദ്രവിക്കാൻ കഴിയില്ല. അവർ ഒരു കഷ്ടപ്പാടും അനുഭവിക്കുന്നുമില്ല. അപ്പോൾപ്പിന്നെ, മരിച്ചവർക്കുവേണ്ടി പ്രാർഥിക്കുന്നതുകൊണ്ടും അവരെ ആരാധിക്കുന്നതുകൊണ്ടും പ്രയോജനമുണ്ടായിരിക്കുമോ? അതുപോലെ, മരിച്ചവരെ സന്തോഷിപ്പിക്കാൻവേണ്ടി എന്തെങ്കിലും ചെയ്യുന്നതുകൊണ്ട് കാര്യമുണ്ടായിരിക്കുമോ?
എന്നാൽ ചില ആളുകൾ പറയുന്നത് മരിച്ചവരോടു സംസാരിക്കാൻ കഴിയും എന്നാണ്. പക്ഷേ അതു സാധ്യമാണോ? നമ്മൾ ഇപ്പോൾ മനസ്സിലാക്കിയതു “മരിച്ചവർ ഒന്നും അറിയുന്നില്ല” എന്നാണല്ലോ. അപ്പോൾപ്പിന്നെ അവർ വാസ്തവത്തിൽ സംസാരിക്കുന്നത് ആരോടാണ്? മരിച്ചവരായിട്ട് നടിക്കുന്ന ഭൂതങ്ങളോടായിരിക്കില്ലേ? അതുകൊണ്ട് മരിച്ചവരെക്കുറിച്ചുള്ള സത്യം അറിയുന്നത് ഭൂതങ്ങളിൽനിന്ന് നമ്മളെ സംരക്ഷിക്കും. മരിച്ചവരോടു സംസാരിക്കുന്നതിനെക്കുറിച്ച് യഹോവ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാരണം, അതിനുപിന്നിൽ പ്രവർത്തിക്കുന്ന ഭൂതങ്ങൾ നമുക്കു ദോഷം വരുത്തുമെന്ന് യഹോവയ്ക്ക് അറിയാം.—ആവർത്തനം 18:10-12 വായിക്കുക.
ആഴത്തിൽ പഠിക്കാൻ
മരണത്തെക്കുറിച്ച് ബൈബിൾ പഠിപ്പിക്കുന്ന മറ്റു കാര്യങ്ങൾ എന്തൊക്കെയാണ്? സ്നേഹവാനായ ദൈവം മരിച്ചുപോയവരെ ശിക്ഷിക്കുമോ? നമുക്കു നോക്കാം.
3. മരിച്ചവരുടെ അവസ്ഥയെക്കുറിച്ചുള്ള സത്യം മനസ്സിലാക്കുക
മരിച്ചവരുടെ അവസ്ഥയെക്കുറിച്ച് ആളുകൾക്ക് വ്യത്യസ്ത വിശ്വാസങ്ങളാണുള്ളത്. എന്നാൽ ആ വിശ്വാസങ്ങളെല്ലാം സത്യമാകണമെന്നില്ല.
മരിച്ചവരുടെ അവസ്ഥയെക്കുറിച്ച് എന്തൊക്കെ വിശ്വാസങ്ങളാണ് ആളുകൾക്കുള്ളത്?
ബൈബിൾ എന്താണ് പഠിപ്പിക്കുന്നത്? വീഡിയോ കാണുക.
സഭാപ്രസംഗകൻ 3:20 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
ഈ വാക്യം അനുസരിച്ച്, മരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്?
ചിലർ പറയുന്നതുപോലെ, മരണശേഷം ആത്മാവ് എവിടെയെങ്കിലും ജീവിച്ചിരിക്കുന്നുണ്ടോ?
യേശുവിന്റെ അടുത്ത സുഹൃത്തായ ലാസറിന്റെ മരണത്തെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. യോഹന്നാൻ 11:11-14 വായിക്കുക. ലാസറിന്റെ അവസ്ഥയെക്കുറിച്ച് യേശു എന്താണ് പറയുന്നതെന്നു ശ്രദ്ധിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
മരണത്തെ എന്തിനോടാണ് യേശു താരതമ്യപ്പെടുത്തിയത്?
ഇത് മരിച്ചവരുടെ അവസ്ഥയെക്കുറിച്ച് എന്തു പഠിപ്പിക്കുന്നു?
മരിച്ചവരുടെ അവസ്ഥയെക്കുറിച്ച് ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങൾ ശരിയാണെന്നു തോന്നുന്നുണ്ടോ?
4. മരണത്തെക്കുറിച്ചുള്ള സത്യം അറിയുന്നത് പ്രയോജനം ചെയ്യും
മരണത്തെക്കുറിച്ചുള്ള സത്യം അറിയുന്നതു മരണഭയത്തിൽനിന്ന് നമ്മളെ സംരക്ഷിക്കും. സഭാപ്രസംഗകൻ 9:10 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
മരിച്ചവർക്കു നമ്മളെ ഉപദ്രവിക്കാൻ കഴിയുമോ?
മരിച്ചവരെ പ്രസാദിപ്പിക്കണമെന്നോ അവരെ ആരാധിക്കണമെന്നോ ഉള്ള തെറ്റായ വിശ്വാസങ്ങളിൽനിന്ന് ബൈബിൾസത്യം നമ്മളെ സംരക്ഷിക്കുന്നു. യശയ്യ 8:19; വെളിപാട് 4:11 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ആരെങ്കിലും മരിച്ചവരെ ആരാധിക്കുന്നതും അവരോടു സഹായം ചോദിക്കുന്നതും കാണുമ്പോൾ യഹോവയ്ക്ക് എന്താണ് തോന്നുന്നത്?
മരണത്തെക്കുറിച്ചുള്ള സത്യം മനസ്സിലാക്കുന്നത്, യഹോവയെ വിഷമിപ്പിക്കുന്ന പല ആചാരരീതികളും ഒഴിവാക്കാൻ നമ്മളെ സഹായിക്കും
5. മരണത്തെക്കുറിച്ചുള്ള സത്യം അറിയുന്നത് ആശ്വാസം തരും
ജീവിച്ചിരുന്നപ്പോൾ ചെയ്ത തെറ്റുകൾക്ക് മരിച്ചുകഴിഞ്ഞ് ശിക്ഷ അനുഭവിക്കുമെന്നാണ് പലയാളുകളെയും പഠിപ്പിച്ചിരിക്കുന്നത്. എന്നാൽ ഒരു വ്യക്തി എത്ര കടുത്ത തെറ്റു ചെയ്താലും മരണശേഷം അതിനുള്ള ശിക്ഷ അയാൾ അനുഭവിക്കുന്നില്ല എന്ന് അറിയുന്നത് ആശ്വാസകരമല്ലേ? റോമർ 6:7 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ഒരു വ്യക്തി മരിക്കുന്നതോടെ പാപത്തിൽനിന്ന് മോചിതനാകുന്നു എന്നാണ് ബൈബിൾ പറയുന്നത്. അതായത്, മരിക്കുന്നതിനു മുമ്പ് ആ വ്യക്തി ചെയ്ത തെറ്റുകൾ ദൈവം കണക്കിടുന്നില്ല. അങ്ങനെയാണെങ്കിൽ, മരിച്ചുപോയവർ മുമ്പ് ചെയ്ത തെറ്റിന്റെ ശിക്ഷ അനുഭവിക്കുന്നുണ്ടാകുമോ?
യഹോവയെക്കുറിച്ച് കൂടുതൽ പഠിക്കുന്തോറും യഹോവ ഒരിക്കലും മരിച്ചുപോയവരെ കഷ്ടപ്പെടുത്തില്ലെന്നു നമുക്കു വ്യക്തമാകും. ആവർത്തനം 32:4; 1 യോഹന്നാൻ 4:8 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
ഈ വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന ഗുണങ്ങളുള്ള ഒരു ദൈവം മരിച്ചുപോയവരെ ക്രൂരമായി ശിക്ഷിക്കുമെന്ന് തോന്നുന്നുണ്ടോ?
മരണത്തെക്കുറിച്ചുള്ള സത്യം മനസ്സിലാക്കിയപ്പോൾ നിങ്ങൾക്ക് ആശ്വാസം തോന്നിയോ? എന്തുകൊണ്ട്?
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ആത്മാവ് ഇപ്പോ അവിടെക്കിടന്ന് നരകിക്കുന്നുണ്ടാകും.”
ഏതു ബൈബിൾവാക്യം ഉപയോഗിച്ച് അവരെ സഹായിക്കാൻ കഴിയും?
ചുരുക്കത്തിൽ
മരണത്തോടെ ഒരു വ്യക്തിയുടെ ജീവിതം അവസാനിക്കുന്നു. മരിച്ചുപോയവർ ദുരിതമോ വേദനയോ അനുഭവിക്കുന്നില്ല. അവർക്കു മറ്റുള്ളവരെ ഉപദ്രവിക്കാനും കഴിയില്ല.
ഓർക്കുന്നുണ്ടോ?
മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു?
മരണത്തെക്കുറിച്ചുള്ള സത്യം അറിയുന്നതുകൊണ്ട് നമുക്ക് എന്താണു പ്രയോജനം?
മരണത്തെക്കുറിച്ചുള്ള സത്യം അറിയുന്നത് നമ്മളെ ആശ്വസിപ്പിക്കുന്നത് എങ്ങനെ?
കൂടുതൽ മനസ്സിലാക്കാൻ
ബൈബിളിൽ പറഞ്ഞിരിക്കുന്ന “ദേഹി” എന്ന പദത്തിന്റെ അർഥമെന്താണ്?
ദുഷ്ടന്മാരെ ദൈവം നരകത്തിലിട്ട് ശിക്ഷിക്കുമോ?
മരിച്ചവരുടെ അവസ്ഥയെക്കുറിച്ചുള്ള സത്യം മനസ്സിലാക്കിയപ്പോൾ ഒരു വ്യക്തിക്ക് ആശ്വാസം കിട്ടിയതെങ്ങനെയെന്ന് കാണാം.