പാഠം 28
യഹോവയും യേശുവും നിങ്ങളോട് കാണിച്ച സ്നേഹത്തിന് നന്ദിയുള്ളവരായിരിക്കുക
നിങ്ങൾ ഒരിക്കലും മറക്കാത്ത ഒരു വലിയ കാര്യം ഒരു സുഹൃത്തോ മറ്റാരെങ്കിലുമോ നിങ്ങൾക്കുവേണ്ടി ചെയ്തുതന്നിട്ടുണ്ടോ? അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ നിങ്ങൾക്ക് എന്തു തോന്നും? നിങ്ങൾക്ക് ഒരുപാട് സന്തോഷം തോന്നില്ലേ? അതിന് തിരിച്ച് നന്ദി കാണിക്കാനും നിങ്ങൾക്കു തോന്നും. നമ്മളോട് ഏറ്റവും വലിയ സ്നേഹപ്രവൃത്തി കാണിച്ചത് യഹോവയും യേശുവും ആണ്, മോചനവില എന്ന സമ്മാനം തന്നുകൊണ്ട്! അതിനു നമുക്ക് എങ്ങനെ നന്ദി കാണിക്കാം?
1. ദൈവത്തോടും ക്രിസ്തുവിനോടും നന്ദി കാണിക്കാവുന്ന ഒരു വിധം ഏതാണ്?
‘യേശുവിൽ വിശ്വസിക്കുന്ന എല്ലാവർക്കും’ എന്നേക്കും ജീവിക്കാൻ കഴിയുമെന്ന് ബൈബിൾ ഉറപ്പുതരുന്നു. (യോഹന്നാൻ 3:16) യേശുവിൽ വിശ്വസിക്കുക എന്നാൽ എന്താണ്? യേശു നമുക്കുവേണ്ടി മരിച്ചെന്നു ബോധ്യമുണ്ടായാൽ മാത്രം പോരാ. അതോടൊപ്പം നമ്മുടെ സംസാരം, നമ്മൾ ജീവിതത്തിൽ എടുക്കുന്ന തീരുമാനങ്ങൾ, ചെയ്യുന്ന കാര്യങ്ങൾ ഇവയെല്ലാം ആ ബോധ്യത്തിനു ചേർച്ചയിലായിരിക്കുകയും വേണം. (യാക്കോബ് 2:17) അങ്ങനെ, വിശ്വാസം പ്രവൃത്തിയിൽ കാണിക്കുമ്പോൾ നമ്മൾ യേശുവിനോടും യഹോവയോടും ഉള്ള സ്നേഹബന്ധം ശക്തമാക്കുകയാണ്.—യോഹന്നാൻ 14:21 വായിക്കുക.
2. യഹോവയോടും യേശുവിനോടും നന്ദി കാണിക്കാനുള്ള ഒരു പ്രത്യേക അവസരം ഏതാണ്?
യേശുവിന്റെ ബലിമരണത്തോട് വിലമതിപ്പ് കാണിക്കാനുള്ള മറ്റൊരു വിധം നോക്കാം. മരിക്കുന്നതിന്റെ തലേരാത്രി തന്റെ ശിഷ്യന്മാരുമൊത്ത് യേശു ഒരു പ്രത്യേക ആചരണം ഏർപ്പെടുത്തി. ബൈബിൾ അതിനെ “കർത്താവിന്റെ അത്താഴം” എന്നാണ് വിളിക്കുന്നത്. ‘ക്രിസ്തുവിന്റെ മരണത്തിന്റെ ഓർമ’ എന്നും ഇത് അറിയപ്പെടുന്നു. (1 കൊരിന്ത്യർ 11:20) യേശു തങ്ങൾക്കുവേണ്ടി ജീവൻ നൽകിയെന്ന കാര്യം അപ്പോസ്തലന്മാരും പിന്നീട് വരാനിരുന്ന ക്രിസ്ത്യാനികളും ഓർക്കാൻ വേണ്ടിയാണ് യേശു ഇങ്ങനെയൊരു ആചരണം ഏർപ്പെടുത്തിയത്. യേശു ഇങ്ങനെ കല്പിച്ചു: “എന്റെ ഓർമയ്ക്കുവേണ്ടി ഇതു തുടർന്നും ചെയ്യുക.” (ലൂക്കോസ് 22:19) ക്രിസ്തുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കാൻ കൂടിവരുമ്പോൾ നിങ്ങൾ യഹോവയും യേശുവും കാണിച്ച ആ വലിയ സ്നേഹത്തിനു നന്ദി കാണിക്കുകയാണ്.
ആഴത്തിൽ പഠിക്കാൻ
യഹോവയും യേശുവും കാണിച്ച ആ വലിയ സ്നേഹത്തിന് നന്ദി കാണിക്കാനുള്ള മറ്റു ചില വിധങ്ങളെക്കുറിച്ച് നോക്കാം. കൂടാതെ, ക്രിസ്തുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കുന്നതിന്റെ പ്രാധാന്യം എന്താണെന്നും മനസ്സിലാക്കാം.
3. പ്രവൃത്തികളിലൂടെ നന്ദി കാണിക്കുക
നിങ്ങൾ വെള്ളത്തിൽ മുങ്ങിത്താഴുകയാണെന്നു വിചാരിക്കുക. അപ്പോൾ ഒരാൾ നിങ്ങളെ രക്ഷിക്കുന്നു. നിങ്ങൾ ആ വ്യക്തിയെ എന്നെങ്കിലും മറക്കുമോ? ആ വ്യക്തിയോട് നന്ദി കാണിക്കാനായി നിങ്ങളാലാകുന്നതെല്ലാം ചെയ്യില്ലേ?
ജീവന് നമ്മൾ യഹോവയോട് കടപ്പെട്ടിരിക്കുന്നു. 1 യോഹന്നാൻ 4:8-10 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
യേശു നമുക്കുവേണ്ടി മരിച്ചത് ഒരു വലിയ സ്നേഹപ്രവൃത്തിയായി നിങ്ങൾ കാണുന്നത് എന്തുകൊണ്ട്?
യഹോവയും യേശുവും നിങ്ങൾക്കുവേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ നിങ്ങൾക്ക് എന്താണ് തോന്നുന്നത്?
യഹോവയും യേശുവും ചെയ്ത കാര്യങ്ങൾക്ക് നമുക്ക് എങ്ങനെ നന്ദി കാണിക്കാം? 2 കൊരിന്ത്യർ 5:15; 1 യോഹന്നാൻ 4:11; 5:3 എന്നീ വാക്യങ്ങൾ വായിക്കുക. ഓരോ വാക്യവും വായിച്ചതിനു ശേഷം ഈ ചോദ്യം ചർച്ച ചെയ്യുക:
ഈ വാക്യം അനുസരിച്ച് നമുക്ക് എങ്ങനെ നന്ദി കാണിക്കാം?
4. യേശുവിനെ അനുകരിക്കുക
നന്ദി കാണിക്കാനുള്ള മറ്റൊരു വിധം യേശുവിന്റെ മാതൃക അനുകരിക്കുന്നതാണ്. 1 പത്രോസ് 2:21 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
നിങ്ങൾക്ക് എങ്ങനെ യേശുവിന്റെ കാലടികൾക്ക് തൊട്ടുപിന്നാലെ ചെല്ലാൻ കഴിയും?
യേശു ദൈവവചനത്തെ സ്നേഹിച്ചു, ആളുകളോട് സന്തോഷവാർത്ത പ്രസംഗിച്ചു, മറ്റുള്ളവരെ സഹായിച്ചു
5. ക്രിസ്തുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കുക
യേശു ഏർപ്പെടുത്തിയ ‘കർത്താവിന്റെ അത്താഴം’ എന്ന ആചരണത്തിൽ ഉൾപ്പെടുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ ലൂക്കോസ് 22:14, 19, 20 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
‘കർത്താവിന്റെ അത്താഴം’ എന്ന ആചരണത്തിൽ എന്തൊക്കെ ഉൾപ്പെടുന്നു?
അപ്പവും വീഞ്ഞും എന്തിനെയാണ് സൂചിപ്പിക്കുന്നത്?—19, 20 വാക്യങ്ങൾ കാണുക.
‘കർത്താവിന്റെ അത്താഴം’ എല്ലാ വർഷവും തന്റെ അനുഗാമികൾ ആചരിക്കണമെന്ന് യേശു പറഞ്ഞു. അത് ആചരിക്കേണ്ടത് യേശു മരിച്ച ദിവസമായിരുന്നു. അതേ മാതൃക പിന്തുടർന്നുകൊണ്ട്, യഹോവയുടെ സാക്ഷികൾ യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കുന്നതിനുവേണ്ടി വർഷത്തിൽ ഒരിക്കൽ കൂടിവരുന്നു. ഈ പ്രധാനപ്പെട്ട ആചരണത്തെക്കുറിച്ച് കൂടുതൽ അറിയാൻ, വീഡിയോ കാണുക. അതിനു ശേഷം ഈ ചോദ്യം ചർച്ച ചെയ്യുക:
ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം ആചരിക്കുന്നത് എങ്ങനെയാണ്?
അപ്പവും വീഞ്ഞും ചിഹ്നങ്ങളാണ്. അപ്പം പ്രതിനിധാനം ചെയ്യുന്നത് യേശു നമുക്കുവേണ്ടി അർപ്പിച്ച പൂർണതയുള്ള ശരീരത്തെയാണ്, വീഞ്ഞ് യേശുവിന്റെ രക്തത്തെയും
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “രക്ഷപ്പെടണമെങ്കിൽ യേശുവിൽ വിശ്വസിച്ചാൽ പോരേ.”
യേശുവിൽ വെറുതെ വിശ്വസിച്ചാൽ മാത്രം പോരാ എന്ന കാര്യം യോഹന്നാൻ 3:16; യാക്കോബ് 2:17 എന്നീ വാക്യങ്ങൾ ഉപയോഗിച്ച് എങ്ങനെ നിങ്ങൾ തെളിയിക്കും?
ചുരുക്കത്തിൽ
യേശുവിൽ വിശ്വസിച്ചുകൊണ്ടും യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിച്ചുകൊണ്ടും നമുക്കുവേണ്ടി യേശു ചെയ്ത സ്നേഹപ്രവൃത്തിക്കു നന്ദി കാണിക്കാൻ കഴിയും.
ഓർക്കുന്നുണ്ടോ?
യേശുവിൽ വിശ്വസിക്കുക എന്നാൽ എന്താണ് അർഥം?
യഹോവയും യേശുവും നിങ്ങൾക്കുവേണ്ടി ചെയ്ത കാര്യങ്ങൾക്കു നിങ്ങൾ എങ്ങനെ നന്ദി കാണിക്കും?
ക്രിസ്തുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കുന്നതു വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
കൂടുതൽ മനസ്സിലാക്കാൻ
ക്രിസ്തു നമുക്കുവേണ്ടി മരിച്ചു എന്ന അറിവ് നമ്മളെ എന്തു ചെയ്യാൻ പ്രേരിപ്പിക്കണം?
യഹോവയെ മഹത്ത്വപ്പെടുത്താൻ യേശു തന്റെ ശരീരം ഉപയോഗിച്ചു (9:28)
വിശ്വാസം എന്താണെന്നും അത് പ്രവൃത്തിയിൽ എങ്ങനെ കാണിക്കാം എന്നതിനെക്കുറിച്ചും മനസ്സിലാക്കുക.
“എനിക്ക് ശുദ്ധമായ, അർഥവത്തായ, പുതിയൊരു ജീവിതം കിട്ടി” എന്ന ജീവിതകഥയിൽ യേശുവിന്റെ മരണത്തെക്കുറിച്ച് കൂടുതലായി പഠിച്ച ഒരു സ്ത്രീയുടെ അനുഭവം കാണാം.
“ബൈബിൾ ജീവിതത്തിന് മാറ്റം വരുത്തുന്നു” (വെബ്സൈറ്റിലെ ലേഖനം)
യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കുമ്പോൾ ചിലർ മാത്രം അപ്പവീഞ്ഞുകൾ കഴിക്കുന്നത് എന്തുകൊണ്ട്?