അധ്യായം 26
‘ക്ഷമിക്കാൻ സന്നദ്ധനായ’ ഒരു ദൈവം
1-3. (എ) സങ്കീർത്തനക്കാരനായ ദാവീദ് ഭാരമുള്ള ഏതു ചുമടു വഹിച്ചിരുന്നു, അസ്വസ്ഥമായ തന്റെ ഹൃദയത്തിന് ദാവീദ് ആശ്വാസം കണ്ടെത്തിയത് എങ്ങനെ? (ബി) പാപം ചെയ്യുമ്പോൾ നമുക്ക് എന്തു സഹിക്കേണ്ടിവന്നേക്കാം, എന്നാൽ യഹോവ നമുക്ക് എന്ത് ഉറപ്പുനൽകുന്നു?
“എന്റെ തെറ്റുകൾ എന്റെ തലയ്ക്കു മീതെ കുമിഞ്ഞുകൂടിയിരിക്കുന്നു; അത് എനിക്കു താങ്ങാനാകാത്ത കനത്ത ഭാരമാണ്. ഞാൻ ആകെ മരവിച്ചിരിക്കുന്നു; ഞാൻ പാടേ തകർന്നുപോയി; ഹൃദയവേദനയാൽ ഞാൻ ഉച്ചത്തിൽ ഞരങ്ങുന്നു,” സങ്കീർത്തനക്കാരനായ ദാവീദ് എഴുതി. (സങ്കീർത്തനം 38:4, 8) കുറ്റബോധത്താൽ നീറുന്ന ഒരു മനസ്സാക്ഷിയുടെ ഭാരം എത്ര വലുതായിരിക്കാമെന്ന് ദാവീദിന് അറിയാമായിരുന്നു. എന്നാൽ അസ്വസ്ഥമായ തന്റെ ഹൃദയത്തിന് ദാവീദ് ആശ്വാസം കണ്ടെത്തി. യഹോവ പാപത്തെ വെറുക്കുന്നെങ്കിലും, പാപിയായ ഒരു വ്യക്തി യഥാർഥ പശ്ചാത്താപം പ്രകടമാക്കുകയും തന്റെ പാപഗതി ഉപേക്ഷിക്കുകയും ചെയ്യുന്നെങ്കിൽ, യഹോവ ആ വ്യക്തിയെ വെറുക്കുന്നില്ലെന്ന് ദാവീദ് മനസ്സിലാക്കി. പശ്ചാത്താപമുള്ളവരോടു കരുണ കാണിക്കാനുള്ള യഹോവയുടെ സന്നദ്ധതയിലുള്ള പൂർണവിശ്വാസത്തോടെ ദാവീദ് ഇങ്ങനെ പറഞ്ഞു: ‘യഹോവേ, അങ്ങ് ക്ഷമിക്കാൻ സന്നദ്ധനല്ലോ.’—സങ്കീർത്തനം 86:5.
2 പാപം ചെയ്യുമ്പോൾ നമ്മുടെ മനസ്സാക്ഷിയും നമ്മെ കുത്തിനോവിച്ചേക്കാം. ഈ കുറ്റബോധം പ്രയോജനകരമാണ്. നമ്മുടെ തെറ്റുകൾ തിരുത്താൻ ക്രിയാത്മക നടപടികൾ സ്വീകരിക്കാൻ അതിനു നമ്മെ പ്രേരിപ്പിക്കാൻ കഴിയും. എന്നിരുന്നാലും, ശ്രദ്ധിക്കാത്തപക്ഷം കുറ്റബോധം നമ്മെ വിഴുങ്ങിക്കളഞ്ഞേക്കാം. സ്വയം കുറ്റംവിധിക്കുന്ന നമ്മുടെ ഹൃദയം, നാം എത്ര പശ്ചാത്താപം കാണിച്ചാലും യഹോവ നമ്മോടു ക്ഷമിക്കുകയില്ലെന്നു മന്ത്രിച്ചുകൊണ്ടിരുന്നേക്കാം. നമ്മൾ കുറ്റബോധത്തിൽ ‘ആണ്ടുപോകുന്നെങ്കിൽ,’ മടുത്ത് പിന്മാറാൻ, യഹോവ നമ്മെ വിലകെട്ടവരും ദൈവസേവനത്തിനു യോഗ്യതയില്ലാത്തവരുമായി വീക്ഷിക്കുന്നുവെന്നു തോന്നിക്കാൻ സാത്താൻ ശ്രമിച്ചേക്കാം.—2 കൊരിന്ത്യർ 2:5-11.
3 കാര്യങ്ങളെ അങ്ങനെയാണോ യഹോവ വീക്ഷിക്കുന്നത്? തീർച്ചയായും അല്ല! ക്ഷമ യഹോവയുടെ ഉത്കൃഷ്ട സ്നേഹത്തിന്റെ ഒരു വശമാണ്. നാം യഥാർഥവും ഹൃദയംഗമവുമായ പശ്ചാത്താപം പ്രകടമാക്കുമ്പോൾ, താൻ ക്ഷമിക്കാൻ സന്നദ്ധനാണെന്ന് തന്റെ വചനത്തിലൂടെ യഹോവ നമുക്ക് ഉറപ്പുനൽകുന്നു. (സുഭാഷിതങ്ങൾ 28:13) യഹോവയുടെ ക്ഷമ നമുക്ക് അപ്രാപ്യമാണെന്ന ചിന്ത ഒഴിവാക്കാൻ യഹോവ ക്ഷമിക്കുന്നത് എന്തുകൊണ്ടെന്നും എങ്ങനെയെന്നും നമുക്കു പരിശോധിക്കാം.
യഹോവ ‘ക്ഷമിക്കാൻ സന്നദ്ധൻ’ ആയിരിക്കുന്നതിന്റെ കാരണം
4. നമ്മുടെ പ്രകൃതിയെക്കുറിച്ച് യഹോവ എന്ത് ഓർക്കുന്നു, ഇത് യഹോവ നമ്മോടു പെരുമാറുന്ന വിധത്തെ സ്വാധീനിക്കുന്നത് എങ്ങനെ?
4 യഹോവയ്ക്കു നമ്മുടെ പരിമിതികൾ അറിയാം. “നമ്മെ ഉണ്ടാക്കിയിരിക്കുന്നത് എങ്ങനെയെന്നു ദൈവത്തിനു നന്നായി അറിയാം; നാം പൊടിയെന്നു ദൈവം ഓർക്കുന്നു,” സങ്കീർത്തനം 103:14 പറയുന്നു. അപൂർണതയുടെ ഫലമായി നാം ദൗർബല്യങ്ങൾ അഥവാ ബലഹീനതകൾ ഉള്ള, പൊടികൊണ്ടുള്ള ജീവികളാണെന്ന് ദൈവം മറക്കുന്നില്ല. “നമ്മെ ഉണ്ടാക്കിയിരിക്കുന്നത് എങ്ങനെയെന്നു ദൈവത്തിനു നന്നായി അറിയാം” എന്ന പ്രയോഗം, യഹോവയെ ബൈബിൾ ഒരു കുശവനോടും നമ്മെ യഹോവ നിർമിക്കുന്ന കളിമൺ പാത്രങ്ങളോടും ഉപമിക്കുന്നതായി നമ്മെ അനുസ്മരിപ്പിക്കുന്നു. (യിരെമ്യ 18:2-6) വലിയ കുശവനായ യഹോവ നമ്മുടെ പാപപ്രകൃതിയും യഹോവയുടെ മാർഗനിർദേശത്തോടു നാം പ്രതികരിക്കുന്ന വിധവും കണക്കിലെടുത്തുകൊണ്ട് നമ്മോടുള്ള ഇടപെടലുകളെ മയപ്പെടുത്തുന്നു.
5. റോമർക്കുള്ള ലേഖനം പാപത്തിന്റെ ശക്തമായ പിടിയെ വർണിക്കുന്നത് എങ്ങനെ?
5 പാപം എത്ര ശക്തമാണെന്ന് യഹോവയ്ക്ക് അറിയാം. ദൈവവചനം പാപത്തെ മനുഷ്യന്റെമേൽ മാരകമായി പിടിമുറുക്കിയിരിക്കുന്ന ശക്തമായ ഒരു സ്വാധീനമായി വർണിക്കുന്നു. പാപത്തിന്റെ പിടി എത്ര ശക്തമാണ്? റോമർക്കുള്ള ലേഖനത്തിൽ പൗലൊസ് വിവരിക്കുന്നു: പടയാളികൾ അവരുടെ സേനാപതിയുടെ കീഴിലായിരിക്കുന്നതുപോലെ നാം “പാപത്തിൻകീഴിലാണ്” (റോമർ 3:9); പാപം ഒരു രാജാവിനെപ്പോലെ മനുഷ്യവർഗത്തിന്മേൽ ‘വാണിരിക്കുന്നു’ (റോമർ 5:21); അതു നമ്മിൽ ‘വസിക്കുന്നു’ (റോമർ 7:17, 20); അതിന്റെ “നിയമം” ഫലത്തിൽ നമ്മുടെ പ്രവർത്തനഗതിയെ നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ട് നമ്മിൽ വ്യാപരിക്കുന്നു. (റോമർ 7:23, 25) നമ്മുടെ വീഴ്ച ഭവിച്ച ജഡത്തിന്മേൽ പാപത്തിന് എത്ര ശക്തമായ പിടിയാണ് ഉള്ളത്!—റോമർ 7:21, 24.
6, 7. (എ) പശ്ചാത്താപമുള്ള ഒരു ഹൃദയത്തോടെ തന്റെ കരുണ തേടുന്നവരെ യഹോവ എങ്ങനെ വീക്ഷിക്കുന്നു? (ബി) നാം ദൈവത്തിന്റെ കരുണയെ നിസ്സാരീകരിക്കരുതാത്തത് എന്തുകൊണ്ട്?
6 അതുകൊണ്ട്, നാം എത്ര ആത്മാർഥമായി ആഗ്രഹിച്ചാലും യഹോവയെ പൂർണമായി അനുസരിക്കാൻ നമുക്കു സാധിക്കില്ലെന്ന് യഹോവയ്ക്ക് അറിയാം. പശ്ചാത്താപമുള്ള ഒരു ഹൃദയത്തോടെ നാം യഹോവയുടെ കരുണ തേടുന്നെങ്കിൽ യഹോവ നമ്മോടു ക്ഷമിക്കുമെന്ന് സ്നേഹപൂർവം നമുക്ക് ഉറപ്പുനൽകുന്നു. സങ്കീർത്തനം 51:17 പറയുന്നു: “തകർന്ന മനസ്സാണല്ലോ അങ്ങയ്ക്കു സ്വീകാര്യമായ ബലി; ദൈവമേ, തകർന്ന് നുറുങ്ങിയ ഹൃദയത്തെ അങ്ങ് ഉപേക്ഷിക്കില്ലല്ലോ.”കുറ്റഭാരത്താൽ ‘തകർന്ന് നുറുങ്ങിയിരിക്കുന്ന’ ഹൃദയത്തെ യഹോവ ഒരിക്കലും ഉപേക്ഷിക്കില്ല, അല്ലെങ്കിൽ തള്ളിക്കളയില്ല.
7 എന്നാൽ, നമ്മുടെ പാപപ്രകൃതിയെ, പാപം ചെയ്യാനുള്ള ഒഴികഴിവായി ഉപയോഗിച്ചുകൊണ്ട് ദൈവത്തിന്റെ കരുണയെ നിസ്സാരീകരിക്കാമെന്നാണോ? തീർച്ചയായുമല്ല! കേവലം വികാരത്താലല്ല യഹോവ നയിക്കപ്പെടുന്നത്. യഹോവയുടെ കരുണയ്ക്ക് അതിരുകളുണ്ട്. കഠിന ഹൃദയത്തോടെ, യാതൊരു പശ്ചാത്താപവും പ്രകടമാക്കാതെ, മനഃപൂർവം പതിവായി പാപം ചെയ്തുകൊണ്ടിരിക്കുന്നവരോട് യഹോവ തീർച്ചയായും ക്ഷമിക്കുകയില്ല. (എബ്രായർ 10:26) മറിച്ച്, പശ്ചാത്താപമുള്ള ഒരു ഹൃദയം കാണുമ്പോൾ, യഹോവ ക്ഷമിക്കാൻ തയ്യാറാകുന്നു. ഇപ്പോൾ നമുക്ക് യഹോവയുടെ സ്നേഹത്തിന്റെ അതിശ്രേഷ്ഠമായ ഈ വശത്തെ വർണിക്കാൻ ബൈബിൾ ഉപയോഗിക്കുന്ന ചില പ്രയോഗങ്ങൾ പരിചിന്തിക്കാം.
യഹോവ എത്ര പൂർണമായി ക്ഷമിക്കുന്നു?
8. നമ്മുടെ പാപങ്ങൾ ക്ഷമിക്കുമ്പോൾ യഹോവ ഫലത്തിൽ എന്തു ചെയ്യുന്നു, ഇത് നമുക്ക് എന്ത് ഉറപ്പുനൽകുന്നു?
8 പശ്ചാത്തപിച്ച ദാവീദ് രാജാവ് ഇങ്ങനെ പറഞ്ഞു: “ഒടുവിൽ ഞാൻ എന്റെ പാപം അങ്ങയോട് ഏറ്റുപറഞ്ഞു; ഞാൻ എന്റെ തെറ്റു മറച്ചുവെച്ചില്ല. . . . എന്റെ തെറ്റുകൾ, എന്റെ പാപങ്ങൾ, അങ്ങ് ക്ഷമിച്ചുതരുകയും ചെയ്തു.” (സങ്കീർത്തനം 32:5) “ക്ഷമിച്ചു” എന്ന പ്രയോഗം, അടിസ്ഥാനപരമായി “എടുക്കുക,” “വഹിക്കുക” തുടങ്ങിയ അർഥങ്ങളുള്ള ഒരു എബ്രായ പദത്തിന്റെ പരിഭാഷയാണ്. ഇവിടെ അത് ‘കുറ്റം, പാപം, ലംഘനം’ എന്നിവ നീക്കംചെയ്യുന്നതിനെ അർഥമാക്കുന്നു. അതുകൊണ്ട്, ഒരർഥത്തിൽ പറഞ്ഞാൽ, യഹോവ ദാവീദിന്റെ പാപങ്ങൾ എടുത്തുമാറ്റി. ദാവീദ് അനുഭവിച്ചുകൊണ്ടിരുന്ന കുറ്റബോധത്തെ അതു ലഘൂകരിച്ചു എന്നതിൽ സംശയമില്ല. (സങ്കീർത്തനം 32:3) യേശുക്രിസ്തുവിന്റെ മോചനവിലയിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ക്ഷമ തേടുന്നവരുടെ പാപങ്ങൾ എടുത്തുമാറ്റുന്ന, ക്ഷമിക്കുന്ന ദൈവത്തിൽ നമുക്കും പൂർണ വിശ്വാസമുള്ളവരായിരിക്കാൻ കഴിയും.—മത്തായി 20:28.
9. യഹോവ നമ്മുടെ പാപങ്ങളെ എത്ര ദൂരെ അകറ്റുന്നു?
9 യഹോവയുടെ ക്ഷമയെ വർണിക്കാൻ ദാവീദ് ഉജ്ജ്വലമായ മറ്റൊരു പദപ്രയോഗം ഉപയോഗിച്ചു:“സൂര്യോദയം സൂര്യാസ്തമയത്തിൽനിന്ന് എത്ര അകലെയാണോ അത്ര അകലേക്കു ദൈവം നമ്മുടെ ലംഘനങ്ങളെ നമ്മിൽനിന്ന് അകറ്റിയിരിക്കുന്നു.” (സങ്കീർത്തനം 103:12) സൂര്യൻ ഉദിക്കുന്നത് കിഴക്കും അസ്തമിക്കുന്നത് പടിഞ്ഞാറും ആണല്ലോ. കിഴക്കും പടിഞ്ഞാറും തമ്മിൽ എത്ര അകലമുണ്ട്? ഒരർഥത്തിൽ പറഞ്ഞാൽ പടിഞ്ഞാറിൽനിന്ന്, സങ്കൽപ്പിക്കാവുന്നതിലേക്കും ഏറ്റവും അകലെയാണ് കിഴക്ക്. ഒരിക്കലും അവയ്ക്ക് കൂട്ടിമുട്ടാനാകില്ല. ഈ പദപ്രയോഗത്തിന്റെ അർഥം “ഏറ്റവും ദൂരെ; നമുക്കു സങ്കൽപ്പിക്കാവുന്നതിലേക്കും ഏറ്റവും ദൂരെ” എന്നാണ് എന്ന് ഒരു പണ്ഡിതൻ പറയുന്നു. യഹോവ ക്ഷമിക്കുമ്പോൾ, നമുക്കു സങ്കൽപ്പിക്കാവുന്നതിലേക്കും ഏറ്റവും ദൂരത്തേക്ക് യഹോവ നമ്മുടെ പാപങ്ങളെ അകറ്റുന്നു എന്ന് ദാവീദിന്റെ ദൈവപ്രചോദിതമായ വാക്കുകൾ വ്യക്തമാക്കുന്നു.
“നിങ്ങളുടെ പാപങ്ങൾ . . . മഞ്ഞുപോലെ വെളുക്കും”
10. യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിക്കുമ്പോൾ, ശേഷിച്ച ജീവിതകാലത്ത് നാം ആ പാപങ്ങളുടെ കറ വഹിക്കുന്നുവെന്ന് വിചാരിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്?
10 ഇളംനിറമുള്ള ഒരു വസ്ത്രത്തിൽനിന്ന് ഒരു കറ നീക്കം ചെയ്യാൻ നിങ്ങൾ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ? എത്ര ശ്രമിച്ചിട്ടും കറ മാഞ്ഞുപോയിരുന്നിരിക്കില്ല. ക്ഷമിക്കാനുള്ള തന്റെ പ്രാപ്തിയെ യഹോവ വർണിക്കുന്നത് എങ്ങനെയെന്നു കാണുക: “നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പാണെങ്കിലും അവ മഞ്ഞുപോലെ വെളുക്കും; രക്തവർണത്തിലുള്ള വസ്ത്രംപോലെയാണെങ്കിലും വെളുത്ത കമ്പിളിപോലെയാകും.”a (യശയ്യ 1:18) ചായം മുക്കാൻ ഉപയോഗിച്ചിരുന്ന കടുത്ത നിറങ്ങളിൽ ഒന്നായിരുന്നു ‘രക്തവർണം’ അഥവാ രക്തച്ചുവപ്പ്. (നഹൂം 2:3) നമ്മുടെ സ്വന്തം ശ്രമങ്ങളാൽ നമുക്ക് ഒരിക്കലും പാപക്കറ നീക്കാൻ സാധ്യമല്ല. എന്നാൽ കടുംചുവപ്പോ രക്തവർണമോ പോലുള്ള പാപങ്ങളെ നീക്കാനും അവ ഹിമമോ പഞ്ഞിയോ പോലെ തൂവെള്ള നിറമാക്കാനും യഹോവയ്ക്കു കഴിയും. യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിക്കുമ്പോൾ, നമ്മുടെ ശേഷിച്ച ജീവിതകാലത്ത് ആ പാപങ്ങളുടെ കറ നാം വഹിക്കുന്നുണ്ടെന്നു വിചാരിക്കേണ്ടതില്ല.
11. യഹോവ നമ്മുടെ പാപങ്ങളെ പിന്നിലേക്ക് എറിഞ്ഞുകളയുന്നത് ഏതർഥത്തിൽ?
11 മാരകമായ ഒരു രോഗത്തിൽനിന്ന് സൗഖ്യമാക്കപ്പെട്ടശേഷം ഹിസ്കിയ രചിച്ച ഹൃദയസ്പർശിയായ ഒരു കൃതജ്ഞതാഗീതത്തിൽ അദ്ദേഹം യഹോവയോട്, ‘അങ്ങ് എന്റെ പാപങ്ങളെല്ലാം അങ്ങയുടെ പിന്നിലേക്ക് എറിഞ്ഞുകളഞ്ഞു’ എന്നു പറഞ്ഞു. (യശയ്യ 38:17) പശ്ചാത്താപമുള്ള ഒരു ദുഷ്പ്രവൃത്തിക്കാരന്റെ പാപങ്ങൾ യഹോവ എടുത്ത് മേലാൽ അവ കാണുകയോ ശ്രദ്ധിക്കുകയോ ചെയ്യുകയില്ലാത്തവിധം തന്റെ പിന്നിലേക്ക് എറിഞ്ഞുകളയുന്നതായി ഇവിടെ ചിത്രീകരിച്ചിരിക്കുന്നു. ഒരു ബൈബിൾ നിഘണ്ടു പറയുന്നതനുസരിച്ച് പ്രസ്തുത വാക്യം ഇങ്ങനെ ഒരു ആശയം നൽകുന്നു: “അങ്ങ് (എന്റെ പാപങ്ങളെ) അവ സംഭവിച്ചിട്ടില്ലാത്തതുപോലെ ആക്കിയിരിക്കുന്നു.” അത് ആശ്വാസപ്രദമല്ലേ?
12. യഹോവ ക്ഷമിക്കുമ്പോൾ നമ്മുടെ പാപങ്ങളെ സ്ഥിരമായി നീക്കം ചെയ്യുന്നുവെന്നു പ്രവാചകനായ മീഖ സൂചിപ്പിക്കുന്നത് എങ്ങനെ?
12 ഒരു പുനഃസ്ഥാപന വാഗ്ദാനത്തിൽ പ്രവാചകനായ മീഖ പശ്ചാത്താപമുള്ള തന്റെ ജനത്തോടു യഹോവ ക്ഷമിക്കുമെന്നുള്ള ബോധ്യം പ്രകടമാക്കി: “അങ്ങയെപ്പോലെ വേറൊരു ദൈവമുണ്ടോ? അങ്ങ് അങ്ങയുടെ അവകാശത്തിൽ ശേഷിക്കുന്നവരുടെ തെറ്റുകൾ ക്ഷമിക്കുകയും അവരുടെ ലംഘനങ്ങൾ പൊറുക്കുകയും ചെയ്യുന്നു. . . . അങ്ങ് അവരുടെ പാപങ്ങളെല്ലാം കടലിന്റെ ആഴങ്ങളിലേക്ക് എറിഞ്ഞുകളയും.” (മീഖ 7:18, 19) ബൈബിൾക്കാലങ്ങളിൽ ജീവിച്ചിരുന്നവരെ സംബന്ധിച്ചിടത്തോളം ആ വാക്കുകൾ എന്തർഥമാക്കി എന്നു ചിന്തിക്കുക. ‘കടലിന്റെ ആഴങ്ങളിൽ’ എറിഞ്ഞുകളഞ്ഞ എന്തെങ്കിലും തിരിച്ചെടുക്കാൻ കഴിയുമായിരുന്നോ? ആ വിധത്തിൽ, യഹോവ ക്ഷമിക്കുമ്പോൾ നമ്മുടെ പാപങ്ങളെ സ്ഥിരമായി നീക്കം ചെയ്യുന്നുവെന്ന് മീഖയുടെ വാക്കുകൾ സൂചിപ്പിക്കുന്നു.
13. “ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കേണമേ” എന്ന യേശുവിന്റെ വാക്കുകളുടെ അർഥമെന്ത്?
13 യഹോവയുടെ ക്ഷമയെ ചിത്രീകരിക്കാൻ യേശു കടം കൊടുക്കുന്നവരുടെയും കടം വാങ്ങുന്നവരുടെയും ബന്ധത്തെ ഉപയോഗിച്ചു. “ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കേണമേ” എന്നു പ്രാർഥിക്കാൻ യേശു നമ്മെ ഉദ്ബോധിപ്പിച്ചു. (മത്തായി 6:12) യേശു അങ്ങനെ പാപങ്ങളെ കടങ്ങളോട് ഉപമിച്ചു. (ലൂക്കോസ് 11:4) പാപം ചെയ്യുമ്പോൾ നാം യഹോവയുടെ ‘കടക്കാർ’ ആയിത്തീരുന്നു. ‘ക്ഷമിക്കുക’ എന്നു ഭാഷാന്തരപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് ക്രിയാപദത്തിന്റെ അർഥത്തെക്കുറിച്ച് ഒരു പരാമർശഗ്രന്ഥം പറയുന്നത്, “ഒരു കടം തിരികെ തരാൻ ആവശ്യപ്പെടാതെ അത് വേണ്ടെന്നുവെക്കുക, ഉപേക്ഷിക്കുക” എന്നാണ്. ഒരർഥത്തിൽ, യഹോവ ക്ഷമിക്കുമ്പോൾ, വാസ്തവത്തിൽ നമ്മുടെ കണക്കിൽ ചുമത്തേണ്ടിയിരുന്ന കടം റദ്ദാക്കുന്നു. അങ്ങനെ പശ്ചാത്താപമുള്ള പാപികൾക്ക് ആശ്വാസം പ്രാപിക്കാൻ കഴിയും. താൻ റദ്ദാക്കിയ ഒരു കടം യഹോവ ഒരിക്കലും തിരിച്ചുചോദിക്കുകയില്ല!—സങ്കീർത്തനം 32:1, 2.
14. “നിങ്ങളുടെ പാപങ്ങൾ മായ്ച്ചുകിട്ടാൻ” എന്ന പദപ്രയോഗം നമ്മുടെ മനസ്സിൽ ഏതു ചിത്രം ഉണർത്തുന്നു?
14 ക്ഷമിക്കാനുള്ള യഹോവയുടെ മനസ്സൊരുക്കത്തെ പ്രവൃത്തികൾ 3:19-ൽ കൂടുതലായി വർണിക്കുന്നു. “അതുകൊണ്ട് നിങ്ങളുടെ പാപങ്ങൾ മായ്ച്ചുകിട്ടാൻ മാനസാന്തരപ്പെട്ട് ദൈവത്തിലേക്കു തിരിയുക” എന്ന് ആ വാക്യം പറയുന്നു. മായ്ച്ചുകിട്ടുക എന്ന പദപ്രയോഗം “തുടച്ചു നീക്കുക, . . . റദ്ദാക്കുക, അല്ലെങ്കിൽ നശിപ്പിക്കുക” എന്ന അർഥം ഉണ്ടായിരിക്കാവുന്ന ഒരു ഗ്രീക്ക് ക്രിയയുടെ പരിഭാഷയാണ്. ചില പണ്ഡിതന്മാർ പറയുന്നതനുസരിച്ച്, കൈയെഴുത്തു മായ്ക്കുന്നതിന്റെ ഒരു ചിത്രം ഭാവനയിൽ കാണാൻ സഹായിക്കുന്ന ഒരു പദപ്രയോഗമാണ് അവിടെ ഉപയോഗിച്ചിരിക്കുന്നത്. അതെങ്ങനെ? പുരാതന കാലങ്ങളിൽ സാധാരണമായി ഉപയോഗിച്ചിരുന്ന മഷി ഉണ്ടാക്കിയിരുന്നത് കരി, മരക്കറ, വെള്ളം എന്നിവ ഉൾപ്പെട്ടിരുന്ന ഒരു മിശ്രിതംകൊണ്ട് ആയിരുന്നു. അത്തരം മഷികൊണ്ട് എഴുതിയശേഷം ഉടനെ ഒരാൾക്ക് ഒരു നനഞ്ഞ സ്പഞ്ച് എടുത്ത് എഴുത്തു തുടച്ചുമാറ്റാമായിരുന്നു. ഇവിടെ യഹോവയുടെ കരുണയുടെ മനോഹരമായ ഒരു ചിത്രം നമുക്കു കാണാൻ കഴിയുന്നു. യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിക്കുമ്പോൾ, അത് യഹോവ ഒരു സ്പഞ്ച് എടുത്ത് അവ മായ്ച്ചുകളയുന്നതുപോലെയാണ്.
15. തന്നെക്കുറിച്ച് നാം എന്തറിയാൻ യഹോവ ആഗ്രഹിക്കുന്നു?
15 ഈ വാങ്മയ ചിത്രങ്ങളെക്കുറിച്ച് നാം വിചിന്തനം ചെയ്യുമ്പോൾ, നാം ആത്മാർഥമായി പശ്ചാത്തപിക്കുന്നെങ്കിൽ നമ്മുടെ പാപങ്ങൾ ക്ഷമിക്കാൻ യഹോവ ഒരുക്കമുള്ളവൻ ആണെന്നു നാം അറിയാൻ യഹോവ ആഗ്രഹിക്കുന്നു എന്നതു വ്യക്തമല്ലേ? ഭാവിയിൽ യഹോവ ആ പാപങ്ങൾക്കു നമ്മെ കുറ്റംവിധിക്കുമെന്നു ഭയപ്പെടേണ്ടതില്ല. യഹോവയുടെ വലിയ കരുണയെക്കുറിച്ച് ബൈബിൾ വെളിപ്പെടുത്തുന്ന മറ്റൊരു സംഗതി ഇതുതന്നെ തെളിയിക്കുന്നു. അതായത്, ഒരിക്കൽ ഒരു പാപം ക്ഷമിച്ചുകഴിഞ്ഞാൽ പിന്നെ യഹോവ അത് മറന്നുകളയുന്നു.
താൻ ‘ക്ഷമിക്കാൻ സന്നദ്ധൻ’ ആണെന്നു നാം അറിയാൻ യഹോവ ആഗ്രഹിക്കുന്നു
“അവരുടെ പാപം പിന്നെ ഓർക്കുകയുമില്ല”
16, 17. യഹോവ നമ്മുടെ പാപങ്ങൾ മറക്കുന്നു എന്ന് ബൈബിൾ പറയുന്നത് ഏത് അർഥത്തിലാണ്, നിങ്ങൾ അങ്ങനെ ഉത്തരം പറയുന്നത് എന്തുകൊണ്ട്?
16 പുതിയ ഉടമ്പടിയിൽ ഉള്ളവരെ സംബന്ധിച്ച് യഹോവ ഇങ്ങനെ വാഗ്ദാനം ചെയ്തു: “ഞാൻ അവരുടെ തെറ്റു ക്ഷമിക്കും; അവരുടെ പാപം പിന്നെ ഓർക്കുകയുമില്ല.” (യിരെമ്യ 31:34) യഹോവ ക്ഷമിക്കുമ്പോൾ, മേലാൽ അവരുടെ പാപങ്ങൾ ഓർമിക്കാൻ യഹോവ അപ്രാപ്തനാണെന്ന് അതിന് അർഥമുണ്ടോ? തീർച്ചയായും അത് സത്യമായിരിക്കില്ല. ദാവീദ് ഉൾപ്പെടെ യഹോവയിൽനിന്ന് പാപമോചനം ലഭിച്ച അനേകം വ്യക്തികളെക്കുറിച്ച് ബൈബിൾ നമ്മോടു പറയുന്നു. (2 ശമുവേൽ 11:1-17; 12:13) അവർ ചെയ്ത തെറ്റുകളെക്കുറിച്ച് യഹോവയ്ക്ക് ഇപ്പോഴും അറിവുണ്ടെന്നു സ്പഷ്ടമാണ്. അവരുടെ പാപങ്ങളെയും അവർ പ്രകടമാക്കിയ പശ്ചാത്താപത്തെയും ആ പാപങ്ങൾ ക്ഷമിക്കാൻ യഹോവ കാണിച്ച മനസ്സൊരുക്കത്തെയും സംബന്ധിച്ച രേഖ നമ്മുടെ പ്രയോജനത്തിനുവേണ്ടി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. (റോമർ 15:4) അങ്ങനെയെങ്കിൽ താൻ ക്ഷമിക്കുന്നവരുടെ പാപങ്ങൾ യഹോവ ‘ഓർക്കില്ല’ എന്നു പറയുമ്പോൾ ബൈബിൾ എന്താണ് അർഥമാക്കുന്നത്?
17 ‘ഓർക്കുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ ക്രിയാപദം കഴിഞ്ഞകാല കാര്യങ്ങൾ കേവലം മനസ്സിലേക്കു കൊണ്ടുവരുന്നതിനെക്കാൾ അധികം അർഥമാക്കുന്നു. പഴയനിയമത്തിന്റെ ദൈവശാസ്ത്ര നിഘണ്ടു (ഇംഗ്ലീഷ്) പറയുന്നതനുസരിച്ച്, “ഉചിതമായ നടപടി സ്വീകരിക്കുകയെന്ന കൂടുതലായ അർഥം” അതിൽ ഉൾക്കൊള്ളുന്നു. അതനുസരിച്ച്, പാപം ‘ഓർക്കുന്നതിൽ’ പാപികൾക്കെതിരായി നടപടി സ്വീകരിക്കുന്നത് ഉൾപ്പെടുന്നു. (ഹോശേയ 9:9) എന്നാൽ, ‘അവരുടെ പാപം പിന്നെ ഓർക്കുകയുമില്ല’ എന്ന് പറയുകവഴി യഹോവ, പശ്ചാത്താപമുള്ള ഒരു പാപിയോട് താൻ ഒരിക്കൽ ക്ഷമിച്ചാൽപ്പിന്നെ ആ പാപങ്ങളെപ്രതി ഭാവിയിൽ എന്നെങ്കിലും അയാൾക്കെതിരെ നടപടിയെടുക്കുകയില്ലെന്ന് ഉറപ്പുതരുന്നു. (യഹസ്കേൽ 18:21, 22) അങ്ങനെ, വീണ്ടും നമ്മെ കുറ്റപ്പെടുത്തുന്നതിനോ ശിക്ഷിക്കുന്നതിനോ വേണ്ടി നമ്മുടെ പാപങ്ങളെ കുത്തിപ്പൊക്കുകയില്ല എന്ന അർഥത്തിൽ യഹോവ അതു മറക്കുന്നു. നമ്മുടെ ദൈവം ക്ഷമിക്കുകയും മറക്കുകയും ചെയ്യുന്നു എന്ന് അറിയുന്നത് ആശ്വാസകരമല്ലേ?
പരിണതഫലങ്ങൾ സംബന്ധിച്ചെന്ത്?
18. ക്ഷമിക്കാനുള്ള യഹോവയുടെ സന്നദ്ധത പശ്ചാത്താപമുള്ള പാപി തന്റെ തെറ്റായ ഗതിയുടെ എല്ലാ ഭവിഷ്യത്തുകളിൽനിന്നും ഒഴിവാക്കപ്പെടുന്നുവെന്ന് അർഥമാക്കുന്നില്ലാത്തത് എന്തുകൊണ്ട്?
18 ക്ഷമിക്കാനുള്ള യഹോവയുടെ സന്നദ്ധത പശ്ചാത്താപമുള്ള പാപി തന്റെ തെറ്റായ ഗതിയുടെ എല്ലാ ഭവിഷ്യത്തുകളിൽനിന്നും ഒഴിവാക്കപ്പെടുന്നുവെന്ന് അർഥമാക്കുന്നുണ്ടോ? തീർച്ചയായുമില്ല. പാപം ചെയ്താൽ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് ഉറപ്പാണ്. “ഒരാൾ വിതയ്ക്കുന്നതുതന്നെ കൊയ്യും” എന്നു പൗലോസ് എഴുതി. (ഗലാത്യർ 6:7) നമ്മുടെ ചില പ്രവർത്തനങ്ങളുടെ ഭവിഷ്യത്തുകൾ നാം അഭിമുഖീകരിച്ചേക്കാം. എന്നാൽ നമ്മോടു ക്ഷമിച്ചശേഷം, നമുക്ക് അനർഥം ഭവിക്കാൻ യഹോവ ഇടയാക്കുന്നു എന്ന് അതിന് അർഥമില്ല. പ്രശ്നങ്ങൾ ഉയർന്നുവരുമ്പോൾ, ‘കഴിഞ്ഞകാല പാപങ്ങളെപ്രതി യഹോവ എന്നെ ശിക്ഷിക്കുകയായിരിക്കാം’ എന്ന് ഒരു ക്രിസ്ത്യാനി വിചാരിക്കരുത്. (യാക്കോബ് 1:13) എന്നാൽ അതേസമയം നമ്മുടെ തെറ്റായ പ്രവർത്തനങ്ങളുടെ എല്ലാ ഫലങ്ങളിൽനിന്നും യഹോവ നമ്മെ സംരക്ഷിക്കുന്നില്ല. വിവാഹമോചനം, ആഗ്രഹിക്കാത്ത ഗർഭധാരണം, ലൈംഗികരോഗങ്ങൾ, വിശ്വാസവും ആദരവും നഷ്ടമാകൽ—ഇവയെല്ലാം പാപത്തിന്റെ ദുഃഖകരമായ, ഒഴിവാക്കാനാകാത്ത ഭവിഷ്യത്തുകളായിരിക്കാം. ബത്ത്ശേബയോടും ഊരിയാവിനോടുമുള്ള ബന്ധത്തിൽ ദാവീദ് ചെയ്ത പാപങ്ങൾ യഹോവ ക്ഷമിച്ചെങ്കിലും തുടർന്നുണ്ടായ അനർഥകരമായ ഭവിഷ്യത്തുകളിൽനിന്ന് യഹോവ ദാവീദിനെ സംരക്ഷിച്ചില്ലെന്ന് ഓർമിക്കുക.—2 ശമുവേൽ 12:9-12.
19-21. (എ) ലേവ്യ 6:1-7-ൽ രേഖപ്പെടുത്തിയിരിക്കുന്ന നിയമം കുറ്റക്കാരനും അയാളുടെ ദുഷ്പ്രവൃത്തിക്ക് ഇരയായ വ്യക്തിക്കും ഒരുപോലെ പ്രയോജനം ചെയ്തത് എങ്ങനെ? (ബി) നമ്മുടെ പാപങ്ങൾ മറ്റുള്ളവരെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, നമ്മുടെ ഏതു നടപടി യഹോവയെ പ്രസാദിപ്പിക്കുന്നു?
19 നമ്മുടെ പാപങ്ങൾക്ക് മറ്റു ഭവിഷ്യത്തുകളും ഉണ്ടായിരുന്നേക്കാം, വിശേഷിച്ച് നമ്മുടെ പ്രവൃത്തികളാൽ മറ്റുള്ളവർ ദ്രോഹിക്കപ്പെട്ടിട്ടുണ്ടെങ്കിൽ. ദൃഷ്ടാന്തത്തിന്, ലേവ്യ 6-ാം അധ്യായത്തിലെ വിവരണം പരിചിന്തിക്കുക. മോഷണത്തിലൂടെയോ ബലപ്രയോഗത്തിലൂടെയോ തട്ടിപ്പിലൂടെയോ സഹഇസ്രായേല്യന്റെ വസ്തുക്കൾ കൈവശപ്പെടുത്തിക്കൊണ്ട് ഗുരുതരമായ തെറ്റുചെയ്യുന്ന ഒരു വ്യക്തി ഉൾപ്പെടുന്ന സാഹചര്യത്തെ കുറിച്ചാണ് മോശൈക നിയമം ഇവിടെ പ്രതിപാദിക്കുന്നത്. ഈ പാപി തന്റെ കുറ്റം നിഷേധിക്കുന്നു, കള്ളസത്യം ചെയ്യാൻ പോലും അയാൾ മടിക്കുന്നില്ല. ഇത് രണ്ടു വ്യക്തികൾ തമ്മിലുള്ള തെളിവില്ലാത്ത തർക്കമാണ്. എന്നാൽ പിന്നീട്, കുറ്റക്കാരന് മനസ്സാക്ഷിക്കുത്ത് അനുഭവപ്പെട്ടിട്ട് അയാൾ തന്റെ പാപം ഏറ്റുപറയുന്നു. ദൈവത്തിന്റെ ക്ഷമ ലഭിക്കുന്നതിന് അയാൾ മൂന്നു കാര്യങ്ങൾകൂടി ചെയ്യേണ്ടതുണ്ട്: എടുത്തതു തിരിച്ചുകൊടുക്കുക, മോഷണവസ്തുവിന്റെ വിലയുടെ 20 ശതമാനം ഉടമസ്ഥനു പിഴയായി നൽകുക, അപരാധയാഗമായി ഒരു ആൺചെമ്മരിയാടിനെ അർപ്പിക്കുക. അപ്പോൾ, നിയമം പ്രസ്താവിക്കുന്ന പ്രകാരം, “പുരോഹിതൻ യഹോവയുടെ മുന്നിൽവെച്ച് അവനു പാപപരിഹാരം വരുത്തും. അങ്ങനെ അവന്റെ മേൽ കുറ്റം വരുത്തിവെച്ച അവന്റെ ഏതൊരു പ്രവൃത്തിക്കും ക്ഷമ കിട്ടും.”—ലേവ്യ 6:1-7.
20 ഈ നിയമം യഹോവയിൽനിന്നുള്ള കരുണാപൂർവകമായ ഒരു കരുതലായിരുന്നു. ദ്രോഹപ്രവൃത്തിക്ക് ഇരയായവന് അതു പ്രയോജനം ചെയ്തു, അയാളുടെ വസ്തുവകകൾ തിരിച്ചുകിട്ടി. അതുപോലെ അയാൾക്ക്, കുറ്റക്കാരൻ ഒടുവിൽ പാപം ഏറ്റുപറഞ്ഞപ്പോൾ വളരെയേറെ ആശ്വാസവും തോന്നിയിരിക്കും. അതേസമയം, മനസ്സാക്ഷിയുടെ പ്രേരണയാൽ ഒടുവിൽ കുറ്റം സമ്മതിക്കുകയും തെറ്റുതിരുത്തുകയും ചെയ്തവനും ആ നിയമം പ്രയോജനം ചെയ്തു. തീർച്ചയായും, അങ്ങനെ ചെയ്യാൻ അയാൾ വിസമ്മതിച്ചിരുന്നെങ്കിൽ അയാൾക്കു ദൈവത്തിൽനിന്നുള്ള ക്ഷമ ലഭിക്കുമായിരുന്നില്ല.
21 നാം മോശൈക നിയമത്തിൻ കീഴിലല്ലെങ്കിലും അത്, തെറ്റുകൾ ക്ഷമിക്കുന്നതു സംബന്ധിച്ച യഹോവയുടെ വീക്ഷണഗതി ഉൾപ്പെടെ, യഹോവയുടെ മനസ്സിനെപ്പറ്റി നമുക്ക് അമൂല്യമായ ഉൾക്കാഴ്ച പ്രദാനം ചെയ്യുന്നു. (കൊലോസ്യർ 2:13, 14) നമ്മുടെ പാപങ്ങൾ മറ്റുള്ളവരെ വ്രണപ്പെടുത്തുന്നെങ്കിൽ, തെറ്റ് തിരുത്താൻ നമ്മളാലാകുന്നതെല്ലാം ചെയ്യുന്നത് യഹോവയെ സന്തോഷിപ്പിക്കുന്നു. (മത്തായി 5:23, 24) നമ്മുടെ പാപം തിരിച്ചറിയുന്നതും കുറ്റം സമ്മതിക്കുന്നതും മാത്രമല്ല ദ്രോഹപ്രവൃത്തിക്ക് ഇരയായവനോടു ക്ഷമ ചോദിക്കുന്നതുപോലും ഇതിൽ ഉൾപ്പെട്ടേക്കാം. അപ്പോൾ നമുക്ക് യേശുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ യഹോവയോട് അപേക്ഷിക്കാനും ദൈവം നമ്മോടു ക്ഷമിച്ചിരിക്കുന്നെന്ന് ഉറപ്പുണ്ടായിരിക്കാനും കഴിയും.—എബ്രായർ 10:21, 22.
22. യഹോവ പാപങ്ങൾ ക്ഷമിക്കുമ്പോൾ പോലും എന്തു സംഭവിച്ചേക്കാം?
22 സ്നേഹവാനായ ഏതൊരു പിതാവിനെയുംപോലെ, യഹോവ ക്ഷമിക്കുന്നതിനൊപ്പം ഉചിതമായ അളവിലുള്ള ശിക്ഷണവും നൽകിയേക്കാം. (സുഭാഷിതങ്ങൾ 3:11, 12) പശ്ചാത്താപമുള്ള ക്രിസ്ത്യാനിക്ക് ഒരു മൂപ്പനോ ശുശ്രൂഷാദാസനോ മുഴുസമയ ശുശ്രൂഷകനോ എന്ന നിലയിലുള്ള തന്റെ സേവനപദവി ഉപേക്ഷിക്കേണ്ടിവന്നേക്കാം. തനിക്കു വളരെ മൂല്യവത്തായിരുന്ന പദവികൾ ഒരു കാലഘട്ടത്തേക്കു നഷ്ടപ്പെടുന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വേദനാജനകമായിരുന്നേക്കാം. എന്നാൽ, അത്തരം ശിക്ഷണം യഹോവ അദ്ദേഹത്തോടു ക്ഷമിച്ചിട്ടില്ലെന്ന് അർഥമാക്കുന്നില്ല. യഹോവയിൽനിന്നുള്ള ശിക്ഷണം നമ്മോടുള്ള യഹോവയുടെ സ്നേഹത്തിന്റെ തെളിവാണെന്നു നാം ഓർമിക്കണം. അതു സ്വീകരിക്കുകയും അതിന് അനുസൃതമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നത് നമുക്കു വലിയ പ്രയോജനം കൈവരുത്തും.—എബ്രായർ 12:5-11.
23. നാം യഹോവയുടെ കരുണയുടെ എത്തുപാടിന് അതീതരാണെന്ന് ഒരിക്കലും നിഗമനം ചെയ്യരുതാത്തത് എന്തുകൊണ്ട്, ക്ഷമിക്കാനുള്ള യഹോവയുടെ സന്നദ്ധതയെ നാം അനുകരിക്കേണ്ടത് എന്തുകൊണ്ട്?
23 നമ്മുടെ ദൈവം ‘ക്ഷമിക്കാൻ സന്നദ്ധൻ’ ആണെന്ന് അറിയുന്നത് എത്ര നവോന്മേഷപ്രദമാണ്! നാം ചെയ്തിട്ടുള്ള തെറ്റുകൾ എന്തുമായിക്കൊള്ളട്ടെ, നാം യഹോവയുടെ കരുണയുടെ എത്തുപാടിന് അതീതരാണെന്ന് ഒരിക്കലും നിഗമനം ചെയ്യരുത്. നാം യഥാർഥമായി പശ്ചാത്തപിക്കുകയും തെറ്റു തിരുത്താൻ നടപടികൾ സ്വീകരിക്കുകയും യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിന്റെ അടിസ്ഥാനത്തിൽ യഹോവയുടെ ക്ഷമയ്ക്കായി ആത്മാർഥമായി പ്രാർഥിക്കുകയും ചെയ്യുന്നെങ്കിൽ യഹോവ നമ്മോടു ക്ഷമിക്കുമെന്നു നമുക്കു പൂർണ വിശ്വാസമുണ്ടായിരിക്കാൻ കഴിയും. (1 യോഹന്നാൻ 1:9) അന്യോന്യമുള്ള ഇടപെടലുകളിൽ, ക്ഷമിക്കാനുള്ള ദൈവത്തിന്റെ സന്നദ്ധതയെ നമുക്ക് അനുകരിക്കാം. പാപം ചെയ്യാത്ത യഹോവയ്ക്ക് ഇത്ര സ്നേഹപൂർവം നമ്മോടു ക്ഷമിക്കാമെങ്കിൽ പാപികളായ നാം അന്യോന്യം ക്ഷമിക്കാൻ നമ്മുടെ പരമാവധി ശ്രമിക്കേണ്ടതല്ലേ?
a കടുഞ്ചുവപ്പ് “ഇളകാത്ത ഒരു നിറമായിരുന്നു. അലക്കിയാലും മഴ നനഞ്ഞാലും ദീർഘകാലം ഉപയോഗിച്ചാലുമൊന്നും ആ നിറം പോകില്ലായിരുന്നു” എന്ന് ഒരു പണ്ഡിതൻ പറയുന്നു.