യൂറോപ്യൻ ആരോഗ്യവും സുരക്ഷയും
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയുടെ ലോകാസ്ഥാനത്തും 109 ബ്രാഞ്ച് ഓഫീസുകളിലുമായി 16,000-ത്തിലധികം സ്ത്രീപുരുഷന്മാർ ജോലി ചെയ്യുന്നു. ഈ സ്വമേധയാ സേവകരിൽ ചിലർ അച്ചടിശാലകളിലും വർക്ക്ഷാപ്പുകളിലും ജോലി ചെയ്യുമ്പോൾ മറ്റു ചിലർ യന്ത്രങ്ങളുടെ പരിപാലന ചുമതല വഹിക്കുന്നു. നിയമനങ്ങൾ എന്തുതന്നെ ആയിരുന്നാലും അവർ ഓരോരുത്തരും ജീവനും ആരോഗ്യത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്ന നല്ല ജോലിശീലങ്ങൾ ഉള്ളവരാണ്.
1997-ലെ യൂറോപ്യൻ സുരക്ഷാ-ആരോഗ്യ വാരത്തെ തുടർന്ന് 1998-ൽ, ബ്രിട്ടൻ ബ്രാഞ്ച് ലണ്ടനിലെ മിൽ ഹില്ലിലുള്ള അതിന്റെ ഫാക്ടറിയിൽ പുലർത്തുന്ന ഉയർന്ന നിലവാരത്തിന് പരസ്യമായ അംഗീകാരം ലഭിച്ചു. “യൂറോപ്യൻ സുരക്ഷാ-ആരോഗ്യ വാരം—1997-ലെ അവാർഡ് ജേതാവ്” എന്ന് ആലേഖനം ചെയ്ത ഒരു പളുങ്കു പാത്രം സൊസൈറ്റിക്കു സമ്മാനിക്കപ്പെട്ടു. മഹത്തായ ഈ അവാർഡ് ലഭിക്കുന്നതിലേക്കു നയിച്ചത് എന്താണ്?
1994-ൽ വാച്ച് ടവർ സൊസൈറ്റി, ജോലി ചെയ്യുമ്പോൾ പുറത്തിനുണ്ടാകുന്ന തകരാറുകൾ എങ്ങനെ കുറയ്ക്കാം എന്നതിനെ കുറിച്ചുള്ള വിശദമായ ഒരു അപഗ്രഥന റിപ്പോർട്ട് ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവിന് (എച്ച്എസ്ഇ) സമർപ്പിക്കുകയുണ്ടായി. അതിന്റെ ഫലമായി സൊസൈറ്റിക്ക് ഒരു എച്ച്എസ്ഇ സർട്ടിഫിക്കറ്റ് ലഭിച്ചു. പിന്നീട് 1996-ൽ സൊസൈറ്റിയോട് ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടി അതു കൈക്കൊള്ളുന്ന നടപടികളെ കുറിച്ച് ഒരു ചെറിയ റിപ്പോർട്ടു തയ്യാറാക്കാൻ ആവശ്യപ്പെട്ടു. അതേ തുടർന്ന്, ആരോഗ്യ-സുരക്ഷാ രംഗത്തെ “വിലപ്പെട്ട സംഭാവനകൾക്കായി വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിക്ക്” ഒരു സർട്ടിഫിക്കറ്റ് ലഭിച്ചു.
അടുത്ത വർഷം, അതായത് 1997-ൽ, എച്ച്എസ്ഇ അതിന്റെ യൂറോപ്യൻ ആരോഗ്യ-സുരക്ഷാ പ്രചാരണപരിപാടിയിൽ പങ്കുചേരാൻ വാച്ച് ടവറിനെ ക്ഷണിച്ചു. പ്രതികരണമെന്ന നിലയിൽ, ഒരു മരപ്പണിശാലയിൽ ഉപയോഗിക്കുന്ന ഓരോ യന്ത്രോപകരണവും പൊടി നീക്കം ചെയ്യുന്നതിനുള്ള ഒരു മുഖ്യ സംവിധാനത്തോടു ഘടിപ്പിച്ചുകൊണ്ട് 90 ശതമാനം പൊടിയും 100 ശതമാനം മരക്കണികകളും നീക്കംചെയ്യാൻ കഴിയുമെന്ന് കാണിച്ചുകൊണ്ടുള്ള വിശദമായ ഒരു പ്രബന്ധം സൊസൈറ്റി സമർപ്പിച്ചു. 250 പൗണ്ടിൽ (16,000 രൂപ) താഴെ മാത്രം ചെലവു വരുന്ന ഈ സജ്ജീകരണങ്ങളുടെ ചിത്രങ്ങളും മറ്റും പ്രബന്ധത്തിൽ ഉൾപ്പെടുത്തിയിരുന്നു.
അങ്ങനെ, മറ്റ് 29 അവാർഡു ജേതാക്കളോടൊപ്പം യൂറോപ്യൻ കമ്മീഷന്റെയും ബ്രിട്ടീഷ് ഗവൺമെന്റിന്റെയും പ്രതിനിധികളെയും ആരോഗ്യ-സുരക്ഷാ കമ്മീഷൻ ചെയർമാനെയും കാണാനുള്ള ക്ഷണം സൊസൈറ്റിക്കു ലഭിച്ചു. ആലേഖനം ചെയ്ത പാത്രം സമ്മാനിക്കവെ ആരോഗ്യ-സുരക്ഷാ കമ്മീഷൻ ചെയർമാൻ പറഞ്ഞു: “വാച്ച് ടവർ, നിങ്ങൾ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു!”
[31-ാം പേജിലെ ചിത്രങ്ങൾ]
വാച്ച് ടവറിന് അതിന്റെ ഉയർന്ന ആരോഗ്യ-സുരക്ഷാ നിലവാരങ്ങൾക്ക് ലഭിച്ചിട്ടുള്ള അവാർഡുകൾ