കഥകൾ പരിശോധിക്കൽ
മാലാഖമാരെ കണ്ടതായുള്ള ആധുനികകാല കഥകളോട് ആളുകൾ പ്രതികരിക്കുന്നതു പല വിധങ്ങളിലാണ്. അതു വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകളുണ്ട്. അത്തരം വളരെയധികം കഥകൾ ഉള്ളതുകൊണ്ടും അവ വളരെ പ്രചാരം സിദ്ധിച്ചിരിക്കുന്നതുകൊണ്ടും അവ സത്യമായിരിക്കണം എന്ന് അവർ വാദിക്കുന്നു. മറ്റൊരു കൂട്ടർ സന്ദേഹവാദികൾ ആണ്. അത്തരം അവകാശവാദങ്ങൾക്കു സുവ്യക്തമായ തെളിവുകളില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഒരു സംഗതി പരക്കെ വിശ്വസിക്കപ്പെടുന്നു എന്നുള്ളതുകൊണ്ട് അതു സത്യമായിക്കൊള്ളണമെന്നില്ല എന്നാണ് അവരുടെ വാദം. ആളുകൾ മത്സ്യകന്യകമാരിലും മറ്റും വിശ്വസിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നല്ലോ. ഇനി, രണ്ടിലും പെടാത്ത നിഷ്പക്ഷ നിലപാടു പുലർത്തുന്ന ഒരു വിഭാഗമുണ്ട്. മാലാഖമാർ—വിരുദ്ധ വീക്ഷണങ്ങൾ എന്ന ഇംഗ്ലീഷ് പുസ്തകം ഈ നിഷ്പക്ഷ നിലപാടിനെ കുറിച്ച് ഇങ്ങനെ പറയുന്നു: “മാലാഖമാരെ കണ്ടിട്ടുള്ളതായി പലരും അവകാശപ്പെടുന്നു. അതിനുള്ള തെളിവുകളൊന്നും നിരത്താനാവില്ല; വിശ്വാസമാണ് അതിന് ആധാരം. ഇനി ഈ അവകാശവാദം തെറ്റാണെന്നു തെളിയിക്കാൻ സന്ദേഹവാദികൾക്കും കഴിയില്ല, അധികമാരും അതിനൊട്ടു ശ്രമിക്കാറുമില്ല.”
ആത്മമണ്ഡലത്തെ സംബന്ധിച്ച വിവരങ്ങളുടെ ആശ്രയയോഗ്യമായ ഉറവിടം ബൈബിൾ ആണെന്നു പലരും സമ്മതിക്കുന്നു.a മാലാഖമാരെ പറ്റിയുള്ള ആധുനിക കഥകളെ അപഗ്രഥിക്കുന്നതിൽ അതിനു നമ്മെ സഹായിക്കാൻ കഴിയും. ഒരുപക്ഷേ നിങ്ങൾക്ക് അറിയാവുന്നതു പോലെ, മാലാഖമാർ അഥവാ ദൈവദൂതന്മാർ യഥാർഥത്തിൽ അസ്തിത്വത്തിലുള്ളവർ ആണെന്നും അവർ ശക്തിയും മഹത്ത്വവുമുള്ള ആത്മ ജീവികളാണെന്നും ബൈബിൾ നമ്മോടു പറയുന്നു. ദൈവദൂതന്മാർ സന്ദേശങ്ങൾ എത്തിച്ചുകൊടുക്കുന്നതും ദൈവദാസന്മാരെ ആപത്തിൽനിന്നു രക്ഷപ്പെടുത്തുന്നതും സംബന്ധിച്ച വിവരണങ്ങൾ ബൈബിളിലുണ്ട്.—സങ്കീർത്തനം 104:1, 4; ലൂക്കൊസ് 1:26-33; പ്രവൃത്തികൾ 12:6-11.
ദുഷ്ടരായ ദൂതന്മാരും ഉണ്ടെന്നു ബൈബിൾ സൂചിപ്പിക്കുന്നു. ഈ ആത്മ ജീവികൾ മനുഷ്യരെ വഞ്ചിക്കുകയും വഴിതെറ്റിക്കുകയും ദൈവത്തിൽനിന്ന് അകറ്റിക്കളയുകയും ചെയ്യുന്നു. (2 കൊരിന്ത്യർ 11:14) ബൈബിൾ ഇപ്രകാരം മുന്നറിയിപ്പു തരുന്നതു നല്ല കാരണത്തോടെയാണ്: “ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്വിൻ.” (1 യോഹന്നാൻ 4:1) ഉദാഹരണത്തിന്, പ്രവാചകനായി ചമയുന്ന ഒരു വ്യക്തി ദൈവവചനത്തെ അടിസ്ഥാനമാക്കി നടത്തുന്ന പ്രവചനങ്ങൾ ദൈവവചനവുമായി ചേർച്ചയിലാണോ എന്ന് നാം ബുദ്ധിപൂർവം ഒത്തുനോക്കും. മാലാഖമാരുടെ പ്രത്യക്ഷപ്പെടലിനെ കുറിച്ചുള്ള വിവരണങ്ങളെയും സമാനമായ ഒരു പരിശോധനയ്ക്കു നാം വിധേയമാക്കേണ്ടതുണ്ട്. മാലാഖമാരെ കണ്ടതായുള്ള ആധുനിക കഥകൾ, തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളോട് എത്രമാത്രം യോജിപ്പിലാണ്?
പലരും വിശ്വസിക്കുന്ന തരത്തിലുള്ളവരല്ല ദൈവദൂതന്മാർ
ആദ്യംതന്നെ, മാലാഖമാരെ സംബന്ധിച്ചുള്ള രണ്ടു തെറ്റിദ്ധാരണകൾ തിരുത്തിക്കൊള്ളട്ടെ. പരക്കെയുള്ള വിശ്വാസത്തിനു വിരുദ്ധമായി, മാലാഖമാർ തങ്ങളുടെ ജീവിതം ആരംഭിച്ചത് മനുഷ്യരെന്ന നിലയിലല്ല. ദൈവം ഭൂമിയിൽ ജീവൻ സൃഷ്ടിക്കുന്നതിനും വളരെ മുമ്പേ അവർ സ്വർഗത്തിൽ ഉണ്ടായിരുന്നു. ദൈവം ‘ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർത്തു’ എന്നു ബൈബിൾ പറയുന്നു.—ഇയ്യോബ് 38:4-7.
മാലാഖമാർ അനുവാദാത്മക സ്വഭാവക്കാരും ഏതു ദുഷ്പ്രവൃത്തിയും വകവെച്ചു കൊടുക്കുന്നവരും ആണെന്നാണ് ആധുനിക കാലത്തുള്ള മറ്റൊരു തെറ്റിദ്ധാരണ. എന്നാൽ, വിശ്വസ്തരായ മാലാഖമാർ ദൈവത്തിന്റെ നീതിനിഷ്ഠമായ നിലവാരങ്ങൾ ഉയർത്തിപ്പിടിക്കുകയും അവന്റെ മാർഗനിർദേശം അനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നു. അവർ ദൈവത്തെ സേവിക്കുന്നു, മനുഷ്യരെ അല്ല.—സങ്കീർത്തനം 103:20.
ദൂതന്മാർ നമ്മുടെ ആത്മീയ ക്ഷേമത്തിൽ തത്പരർ
മാലാഖമാരെ സംബന്ധിച്ച ആധുനിക പുസ്തകങ്ങളിൽ, അവർ മനുഷ്യരെ രക്ഷപ്പെടുത്തിയിട്ടുള്ള ധാരാളം വിവരണങ്ങൾ കാണാം. വളരെയധികം പ്രതികൾ വിറ്റഴിക്കപ്പെടുന്ന ഒരു പുസ്തകത്തിൽ, കത്തിയെരിയുന്ന ഒരു വീട്ടിൽനിന്ന് ഒരു കൊച്ചു പെൺകുട്ടിയെ അദൃശ്യമായ കരങ്ങൾ രക്ഷപ്പെടുത്തിയതിനെ കുറിച്ചു പറയുന്നു. മറ്റൊരു പുസ്തകത്തിൽ, കാറിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് കോളെജ് വിദ്യാർഥികളുടെ കഥ വിവരിക്കുന്നു. അവർ ഒരു ഹിമവാതത്തിൽ അകപ്പെട്ടു. എന്നാൽ പെട്ടെന്ന് എവിടെനിന്നോ ഒരു ട്രക്ക് പ്രത്യക്ഷപ്പെട്ട് അവരുടെ കാർ സുരക്ഷിത സ്ഥാനത്തേക്കു വലിച്ചുകൊണ്ടു പോയത്രേ! കാൻസർ ബാധിച്ച ആൻ എന്നൊരു പെൺകുട്ടിയുടെ കഥയാണ് മറ്റൊന്ന്. ശസ്ത്രക്രിയയ്ക്കു വിധേയയാകുന്നതിനു മൂന്നു ദിവസം മുമ്പ് നല്ല പൊക്കമുള്ള ഒരു അപരിചിതൻ അവളുടെ വാതിൽക്കൽ പ്രത്യക്ഷപ്പെടുന്നു. തോമസ് എന്ന പേരിൽ സ്വയം പരിചയപ്പെടുത്തിയ അയാൾ, താൻ ദൈവത്താൽ അയയ്ക്കപ്പെട്ടവനാണെന്നു പറയുന്നു. തോമസ് അയാളുടെ കൈ നീട്ടുന്നു. ചൂടുള്ള ധവളപ്രകാശം തന്റെ ശരീരത്തിലൂടെ കടന്നുപോകുന്നതായി ആനിനു തോന്നുന്നു. ശസ്ത്രക്രിയയ്ക്കായി അവളെ പ്രവേശിപ്പിച്ചപ്പോൾ ഡോക്ടർമാർ അമ്പരക്കുന്നു. അവളുടെ കാൻസർ അപ്രത്യക്ഷമായിരിക്കുന്നു!
ഈ കഥകൾ പ്രസക്തമായ ഒരു ചോദ്യം ഉയർത്തുന്നു: എല്ലാവർക്കും ഓരോ കാവൽമാലാഖ വീതം ഉണ്ടെങ്കിൽ, ചിലർ രക്ഷപ്പെടുകയും അതേസമയം അനേകർ അപകടത്തിൽ പെടുകയും ചെയ്യുന്നത് എന്തുകൊണ്ട്? ദശലക്ഷക്കണക്കിന് ആളുകൾ രോഗം, യുദ്ധം, ക്ഷാമം, പ്രകൃതി വിപത്തുകൾ എന്നിവയുടെ ഫലമായി മരണമടഞ്ഞിട്ടുണ്ട്. പലരും സഹായത്തിനായി ആത്മാർഥമായി പ്രാർഥിച്ചിട്ടുണ്ട് എന്നതു തീർച്ചയാണ്. ഒരു കാവൽമാലാഖ എന്തുകൊണ്ട് അവരെ രക്ഷപ്പെടുത്തിയില്ല?
ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ബൈബിൾ സഹായിക്കുന്നു. ദൈവം മുഖപക്ഷമുള്ളവനല്ല എന്ന് അതു ചൂണ്ടിക്കാട്ടുന്നു. (പ്രവൃത്തികൾ 10:34) കൂടാതെ, ദൈവത്തിന്റെ വിശ്വസ്ത ദൂതന്മാർ നമ്മുടെ ഭൗതിക ക്ഷേമത്തിൽ തത്പരരാണെങ്കിലും, നമ്മുടെ ആത്മീയ ക്ഷേമത്തിലാണ് അവർക്കു കൂടുതൽ താത്പര്യം. അപ്പൊസ്തലനായ പൗലൊസ് ചോദ്യരൂപത്തിൽ ഇതു സൂചിപ്പിക്കുകയുണ്ടായി: “[ദൂതന്മാർ] ഒക്കെയും രക്ഷ പ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?” (എബ്രായർ 1:14) ഭൗതിക സഹായം താത്കാലിക പ്രയോജനങ്ങളേ കൈവരുത്തുകയുള്ളൂ. എന്നാൽ ആത്മീയ സഹായം നിത്യമായ പ്രയോജനങ്ങൾ കൈവരുത്തും.
മാലാഖമാരെ സംബന്ധിച്ച പല കഥകളും കേട്ടാൽത്തന്നെ ചിരി വരും. മാലാഖമാർ ക്ഷീണിതയായ അമ്മയെ കിടക്കവിരി മാറ്റാൻ സഹായിച്ചതായും ഷോപ്പിങ്ങിനിടയിൽ തീപ്പെട്ടി വാങ്ങാൻ ഒരാളെ ഓർമിപ്പിച്ചതായും ഡ്രൈവർമാരെ വാഹനം പാർക്കു ചെയ്യാനുള്ള ഇടം കണ്ടെത്താൻ സഹായിച്ചതായും ഒക്കെയുള്ള കഥകളുണ്ട്. സ്കോട്ട്ലൻഡിൽ നിന്നുള്ള ഒരു യുവതി ചിരിച്ചുകൊണ്ട് പറയുന്നു: “കഴിഞ്ഞ മൂന്നാഴ്ചക്കാലം സെന്റ് മേരീസ് തെരുവിലെ, പാർക്കിങ് നിരോധിത മേഖലയിലാണു ഞാൻ എന്റെ കാർ നിറുത്തിയിട്ടിരുന്നത്. സ്നേഹവും അനുകമ്പയും കൊണ്ട് എന്റെ കാർ പൊതിയാൻ ഞാൻ എന്റെ മാലാഖയോട് ആവശ്യപ്പെട്ടു. ഗതാഗത ഉദ്യോഗസ്ഥർ ആരെങ്കിലും കണ്ടാൽത്തന്നെ അവരുടെ ഉള്ളിൽ സ്നേഹം നിറഞ്ഞു തുളുമ്പും എന്നതുകൊണ്ട് അവർ എന്നെ വെറുതെ വിടും. ഈ ട്രാഫിക് നിയമലംഘനത്തിന് എനിക്ക് ഇതുവരെയും ശിക്ഷയൊന്നും കിട്ടിയിട്ടില്ല.” ആധുനികനാളിൽ കാവൽമാലാഖയെ ചിലർ മുതിർന്നവരുടെ തലതൊട്ടമ്മയോ സാന്താക്ലോസോ ആയി കരുതുന്നതിൽ അത്ഭുതപ്പെടാനില്ല.
വിശ്വസ്തരായ ദൈവദൂതന്മാർ ദൈവവചനത്തിന് എതിരല്ല
ആത്മമണ്ഡലത്തിൽ നിന്നുള്ളതാണെന്നു കരുതപ്പെടുന്ന മൊഴികളും ഉപദേശങ്ങളുമാണ് മാലാഖമാരെ കുറിച്ചുള്ള പുസ്തകങ്ങളിൽ നിറയെ. ഉദാഹരണത്തിന്, യു.എസ്.എ.-യിലെ കൊളറാഡോയിലുള്ള ഒരു സ്ത്രീക്ക് പ്രധാന മാലാഖയായ മീഖായേൽ നൽകിയ പഠിപ്പിക്കലുകൾ അടങ്ങിയ ഒരു പുസ്തകം ഉണ്ടെന്നു പറയപ്പെടുന്നു. മീഖായേലിന്റെ “മൊഴിക”ളിൽ ഒന്ന് ഇതാണ്: “എല്ലാ പാതകളും ദൈവത്തിലേക്കു നയിക്കുന്നു. എല്ലാ വിശ്വാസങ്ങളും വെളിച്ചത്തെ കുറിച്ചുള്ള എല്ലാ സത്യങ്ങളും ദൈവത്തിലേക്കു നയിക്കുന്നു.” ഇതിനു വിരുദ്ധമായി, മതപരമായ അർഥത്തിൽ രണ്ടു പാതകളേ ഉള്ളൂവെന്നും അവയിൽ ഒന്നിനു മാത്രമേ ദൈവാംഗീകാരം ഉള്ളൂ എന്നും ആ പാത മാത്രമാണ് നിത്യജീവനിലേക്കു നയിക്കുന്നത് എന്നും യേശു പറഞ്ഞു. ദൈവത്തിന്റെ അപ്രീതി കൈവരുത്തുന്ന മറ്റേ പാത നിത്യ നാശത്തിലേക്കാണ് നയിക്കുന്നത്. (മത്തായി 7:13, 14) മേൽപ്പറഞ്ഞ ഈ രണ്ടു പ്രസ്താവനകളും ഒരേ സമയം സത്യമായിരിക്കുകയില്ലെന്നു വ്യക്തം.
വിവാഹവും ധാർമികതയും സംബന്ധിച്ച് “പുതിയ ആത്മീയത”യിലെ “മാലാഖമാ”രുടെ നിലപാട് എന്താണ്? ഒരു പുസ്തകത്തിൽ റോസാൻ എന്ന ഒരു സ്ത്രീയുടെ അനുഭവം വിവരിക്കുന്നു. അവളുടെ “മാലാഖ” അവളോട് ഇങ്ങനെ പറഞ്ഞുവത്രേ: “നിനക്കു സംസാരിക്കാൻ ഇഷ്ടംപോലെ ആളുകളുണ്ട്. ഇങ്ങനെ [ഭർത്താവിനോടൊപ്പം] നീ ജീവിതം തുടരേണ്ടതില്ല. നീ അയാളെയും അയാൾ നിന്നെയും സ്നേഹിക്കുന്നുണ്ടെന്നതു ശരിതന്നെ. പക്ഷേ ഇപ്പോൾ ആ ബന്ധം വേർപെടുത്താൻ സമയമായിരിക്കുന്നു.” അവൾ വിവാഹമോചനം നേടി. എന്നാൽ, ശരിയായ കാരണം കൂടാതെ നടത്തുന്ന വിവാഹമോചനത്തെ ദൈവം വെറുക്കുന്നുവെന്നു ബൈബിൾ പറയുന്നു. (മലാഖി 2:16) മാലാഖമാർ ആനന്ദപൂർവം തങ്ങളെ നോക്കിക്കാണുമെന്നും ഒരു പ്രത്യേക ദീപ്തികൊണ്ട് തങ്ങളെ വലയം ചെയ്യുമെന്നും വിശ്വസിച്ചുകൊണ്ട് ഒരു പുരുഷനും സ്ത്രീയും വ്യഭിചാരത്തിൽ ഏർപ്പെട്ടു. എന്നാൽ “വ്യഭിചാരം ചെയ്യരുതു” എന്നാണു ബൈബിൾ പറയുന്നത്.—പുറപ്പാടു 20:14.
എന്നാൽ ഈ ആധുനികകാല സന്ദേശങ്ങൾ ബൈബിൾ പുതുക്കപ്പെട്ടുവെന്ന് അർഥമാക്കുന്നുണ്ടോ? ഇല്ല, ദൈവവചനത്തിനു മാറ്റം സംഭവിക്കുന്നില്ല. അപ്പൊസ്തലനായ പൗലൊസ് ഒന്നാം നൂറ്റാണ്ടിലെ ചിലർക്ക് ഇങ്ങനെ എഴുതി: “ക്രിസ്തുവിന്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്ര വേഗത്തിൽ വേറൊരു സുവിശേഷത്തിലേക്കു മറിയുന്നതുകൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു. അതു വേറൊരു സുവിശേഷം എന്നല്ല, ചിലർ നിങ്ങളെ കലക്കി ക്രിസ്തുവിന്റെ സുവിശേഷം മറിച്ചുകളവാൻ ഇച്ഛിക്കുന്നു എന്നത്രേ. എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.”—ഗലാത്യർ 1:6-8.
“എല്ലാ മാലാഖമാരെയും വിളിച്ചപേക്ഷിക്കൽ”
ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളും അപകടങ്ങളും തരണം ചെയ്യാൻ നാം മാലാഖമാരെ വിളിച്ചപേക്ഷിക്കേണ്ടതുണ്ടോ? പല പുസ്തകങ്ങളുടെയും ശീർഷകംതന്നെ അതാണ്. രണ്ട് ഉദാഹരണങ്ങൾ ഇതാ: നിങ്ങളുടെ മാലാഖമാരോടു ചോദിക്കുക (ഇംഗ്ലീഷ്) എന്ന പുസ്തകം ‘തങ്ങളുടെ നഷ്ടപ്പെട്ട സ്വത്വം തിരിച്ചെടുക്കാനും ലക്ഷ്യത്തിൽ എത്തിച്ചേരാനുമായി മാലാഖമാരുടെ സഹായം തേടാൻ കഴിയുന്നത് എങ്ങനെയെന്ന്’ വായനക്കാർക്കു കാട്ടിക്കൊടുക്കുന്നതായി പറയപ്പെടുന്നു. സകല മാലാഖമാരോടും അപേക്ഷിക്കൽ: ഒരു മാലാഖയെ നിങ്ങളുടെ ജീവിതത്തിലേക്കു ക്ഷണിക്കാനുള്ള 57 വഴികൾ എന്ന പേരിൽ മറ്റൊരു പുസ്തകവും ഉണ്ട്.
എന്നാൽ, മാലാഖമാരെ വിളിച്ചപേക്ഷിക്കാൻ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നില്ല. മാതൃകാ പ്രാർഥനയിൽ യേശു ഇതു വ്യക്തമാക്കി. അവൻ പറഞ്ഞു: “നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, . . .” (മത്തായി 6:9) സമാനമായി അപ്പൊസ്തലനായ പൗലൊസ് എഴുതി: “എല്ലാററിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്ക.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.)—ഫിലിപ്പിയർ 4:6.
മാലാഖമാരുടെ നാമത്തിൽ
“പുതിയ ആത്മീയത” മാലാഖമാരുടെ പേരുകൾ മനസ്സിലാക്കുന്നതിനു വലിയ പ്രാധാന്യം കൽപ്പിക്കുന്നു. പ്രചാരമേറിയ പുസ്തകങ്ങൾ ആയിരക്കണക്കിനു മാലാഖമാരുടെ പേരുകൾ നൽകുന്നു. എന്തിനു വേണ്ടി? വെറും കൗതുകത്തിനു വേണ്ടിയല്ല; ആവശ്യമുള്ളപ്പോഴൊക്കെ അവരെ വിളിച്ചുവരുത്താൻ. ഇതു മന്ത്രവാദവുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. ആരാധനാ കർമങ്ങളോടും മാന്ത്രിക വസ്തുക്കളോടും സഹായ അപേക്ഷയോടുമൊപ്പം “‘ശക്തിയുള്ള പേരുകൾ’ അല്ലെങ്കിൽ ചില പ്രത്യേക ആത്മാക്കളുടെ പേരുകൾ ഉപയോഗിക്കുമ്പോൾ ഭൗതിക മണ്ഡലത്തിനും ആത്മമണ്ഡലത്തിനും ഇടയ്ക്കുള്ള വാതിൽ തുറക്കാൻ പ്രാപ്തമായ ശക്തമായ കമ്പനങ്ങൾ ഉണ്ടാകുന്നു, അങ്ങനെ . . . ആത്മ വ്യക്തികളുമായി ആശയവിനിമയം നടത്താൻ . . . മാന്ത്രികനു കഴിയുന്നു” എന്ന് മാലാഖാ എൻസൈക്ലോപീഡിയ പറയുന്നു. എന്നാൽ, “മന്ത്രവാദം ചെയ്യരുത്” എന്ന് ബൈബിൾ വ്യക്തമായി പറയുന്നു.—ലേവ്യപുസ്തകം 19:26, ഓശാന ബൈബിൾ.
രണ്ടു വിശ്വസ്ത ദൂതന്മാരുടെ പേരുകൾ മാത്രമേ ബൈബിൾ വെളിപ്പെടുത്തുന്നുള്ളൂ, മീഖായേലും ഗബ്രീയേലും. (ദാനീയേൽ 12:1; ലൂക്കൊസ് 1:26) ഈ പേരുകൾ വെളിപ്പെടുത്തുക വഴി, മാലാഖമാർ വ്യതിരിക്ത ആത്മ വ്യക്തികളാണെന്നു ബൈബിൾ കാട്ടിത്തരുന്നു. എന്തുകൊണ്ട് ബൈബിൾ കൂടുതൽ മാലാഖമാരുടെ പേരുകൾ നൽകുന്നില്ല? സാധ്യതയനുസരിച്ച്, ഉചിതമല്ലാത്ത ആദരവു നൽകിക്കൊണ്ട് ആളുകൾ മാലാഖമാരെ ഉയർത്തുന്നതു തടയാൻ—മാലാഖമാർതന്നെ അതിന് ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് പേരു വെളിപ്പെടുത്താൻ യാക്കോബ് ഒരു ദൈവദൂതനെ നിർബന്ധിച്ചപ്പോൾ അവൻ അതു ചെയ്യാൻ വിസമ്മതിച്ചത്. (ഉല്പത്തി 32:29) പിന്നീട്, യോശുവയ്ക്ക് പ്രത്യക്ഷപ്പെട്ട ദൈവദൂതൻ സ്വന്തം പേരു പറഞ്ഞുകൊണ്ടല്ല മറിച്ച്, “യഹോവയുടെ സൈന്യത്തിന്റെ അധിപതി” എന്നു പറഞ്ഞുകൊണ്ടാണ് സ്വയം തിരിച്ചറിയിച്ചത്. (യോശുവ 5:14) സമാനമായി, ശിംശോന്റെ പിതാവ് ഒരു ദൈവദൂതനോട് അവന്റെ പേരു ചോദിച്ചപ്പോൾ അവൻ അവരോടു പറഞ്ഞത് ഇങ്ങനെയാണ്: “എന്റെ പേർ ചോദിക്കുന്നതു എന്തു? അതു അതിശയമുള്ളതു.” (ന്യായാധിപന്മാർ 13:17, 18) നാം, ദൈവത്തെ മഹത്ത്വപ്പെടുത്താനും അവനെ വിളിച്ചപേക്ഷിക്കാനുമാണു ദൈവത്തിന്റെ വിശ്വസ്ത ദൂതന്മാർ ആഗ്രഹിക്കുന്നത്, അല്ലാതെ അവരെയല്ല.
[അടിക്കുറിപ്പ്]
a ബൈബിൾ ആശ്രയയോഗ്യമായ ഉറവിടം ആയിരിക്കുന്നത് എന്തുകൊണ്ടെന്നു വ്യക്തമാക്കുന്ന വിവരങ്ങൾക്കായി വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്ന ലഘുപത്രിക കാണുക.
[6-ാം പേജിലെ ആകർഷകവാക്യം]
“ദൈവത്തിന്റെ നിയമങ്ങൾ കൂച്ചുവിലങ്ങാണെന്നു തോന്നുന്നവരെ സംബന്ധിച്ചിടത്തോളം . . . അനുകമ്പയുള്ള, കുറ്റം വിധിക്കുകയില്ലാത്ത . . . [നവയുഗ] മാലാഖമാർ വലിയ ആശ്വാസമാണ്. മാത്രമല്ല, ആസ്പിരിൻ പോലെ അവർ എല്ലാവർക്കും ലഭ്യരാണ്.”—ടൈം മാസിക.
[5-ാം പേജിലെ ചതുരം]
മാലാഖമാരെയും ഭൗമേതര ജീവികളെയും “കണ്ടതാ”യുള്ള ആധുനിക കഥകൾ
തങ്ങൾ മാലാഖമാരെ കണ്ടിട്ടുണ്ടെന്നും അവരുമായി സംസാരിച്ചിട്ടുണ്ടെന്നും പലരും അവകാശപ്പെടുന്നു. ഭൗമേതര ജീവികളുമായി തങ്ങൾ ബന്ധം പുലർത്തിയിട്ടുള്ളതായി മറ്റു ചിലർ അവകാശപ്പെടുന്നു. മാലാഖമാർ—വംശനാശം സംഭവിക്കുന്ന വർഗങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്തകം ഈ വിവരണങ്ങൾ തമ്മിലുള്ള സാമ്യം നൽകുന്നു. രണ്ടിനും പൊതുവായ ഒരു വിശദീകരണം തന്നെ ആയിരിക്കുമെന്ന് അത് അവകാശപ്പെടുന്നു.b ആ പുസ്തകത്തിൽ നൽകിയിരിക്കുന്ന ചില സമാനതകളുടെ സംക്ഷിപ്തമാണ് താഴെ കൊടുത്തിരിക്കുന്നത്.
1. മാലാഖമാരും ഭൗമേതര ജീവികളും അന്യലോകത്തുനിന്നു വരുന്നവരാണ്.
2. ഇരുകൂട്ടരും ആത്മീയമായോ സാങ്കേതികമായോ മുന്തിയ ജീവരൂപങ്ങളാണ്.
3. ഇവരിൽ സൗഹൃദം കാട്ടുന്ന വിഭാഗത്തിൽ പെട്ടവർ കാഴ്ചയ്ക്ക് അതീവ യൗവനകാന്തി ഉള്ളവരും ദയയും അനുകമ്പയും നിറഞ്ഞവരുമാണ്.
4. ഇരുകൂട്ടർക്കും ഭാഷ ഒരു പ്രശ്നമല്ല, കേൾവിക്കാരനു മനസ്സിലാകുന്ന ഭാഷയിൽ അവർക്കു വ്യക്തമായി സംസാരിക്കാനാകും.
5. ഇരുകൂട്ടരും പറക്കൽ വിദഗ്ധരാണ്.
6. ഉജ്ജ്വലമായ പ്രകാശത്തിന്റെ അകമ്പടിയോടെയാണ് മാലാഖമാരും ഭൗമേതര ജീവികളും പ്രത്യക്ഷപ്പെടുന്നത്.
7. പൂർണമായി വസ്ത്രധാരണം ചെയ്ത രീതിയിൽ—സാധാരണമായി അങ്കികളോ ഇറുകിയ കുപ്പായങ്ങളോ ധരിച്ചാണ്—ആണ് അവർ പ്രത്യക്ഷപ്പെടുന്നത്. വെള്ളയോ നീലയോ ആണ് ഇഷ്ടവർണങ്ങൾ.
8. ഇരുകൂട്ടർക്കും മനുഷ്യരുടെ അതേ പൊക്കമാണ്.
9. ഇരുകൂട്ടരും മനുഷ്യവർഗത്തിന്റെയും മൊത്തത്തിൽ ഭൗമഗ്രഹത്തിന്റെയും ദുരവസ്ഥയിൽ ഉത്കണ്ഠാകുലരാണ്.
10. ഭൗമേതര ജീവികളെയും മാലാഖമാരെയും കണ്ടിട്ടുണ്ടെന്ന അവകാശവാദങ്ങൾക്കു തെളിവായി അവരെ കണ്ടതായി പറയപ്പെടുന്ന വ്യക്തിയുടെ സാക്ഷ്യം മാത്രമേയുള്ളൂ.
[അടിക്കുറിപ്പ്]
b മാലാഖമാരെ “കണ്ടതാ”യുള്ള പല സംഭവങ്ങളുടെയും പുറകിൽ പ്രവർത്തിക്കുന്നത് ദുഷ്ടാത്മാക്കൾ അഥവാ ഭൂതങ്ങളാണ് എന്നതാണു രണ്ടിനും പൊതുവായിട്ടുള്ള വിശദീകരണം. “സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നു” എന്നു ബൈബിൾ പറയുന്നു. (2 കൊരിന്ത്യർ 11:14)—1996 ജൂലൈ 8 ലക്കം ഉണരുക!യുടെ 26-ാം പേജ് കാണുക.
[7-ാം പേജിലെ ചിത്രം]
ദൈവദൂതന്മാർ മനുഷ്യർക്കു പ്രത്യക്ഷപ്പെട്ടതിനെ കുറിച്ചുള്ള യഥാർഥ വിവരണങ്ങൾ ബൈബിളിലുണ്ട്