ആഗോള വ്യാപാരം—അതു നിങ്ങളെ ബാധിക്കുന്ന വിധം
ഒരു ബഹുരാഷ്ട്ര കോർപ്പറേഷനിൽ 20 വർഷമായി ജോലി ചെയ്തുകൊണ്ടിരുന്ന പീറ്ററിന് തൊഴിൽ നഷ്ടമായി. അതിനുള്ള ഏക കാരണമായി പിരിച്ചുവിടൽ നോട്ടീസിൽ സൂചിപ്പിച്ചിരുന്നത് “സമ്പദ്വ്യവസ്ഥയുടെ ആഗോളവത്കരണം” ആണ്. തായ്ലൻഡിലെ നാണയമായ ബാറ്റിന്റെ മൂല്യം പകുതിയിലധികം കുറഞ്ഞപ്പോൾ അതിനുള്ള കാരണം “ആഗോളവത്കരണം” ആണെന്ന് അവിടുത്തെ ധനകാര്യ മന്ത്രി ഒരു ടെലിവിഷൻ അഭിമുഖത്തിൽ കുറ്റപ്പെടുത്തി. തെക്കുകിഴക്കൻ ഏഷ്യയിലെ ഒരു രാജ്യത്ത് അരിയുടെ വില 60 ശതമാനം വർധിച്ചപ്പോൾ വർത്തമാനപത്രങ്ങളിലെ തലക്കെട്ടുകൾ അതിന്റെ കാരണം വ്യക്തമാക്കി: “ആഗോളവത്കരണം!”
സമ്പദ്വ്യവസ്ഥയുടെ ആഗോളവത്കരണം എന്നാൽ എന്താണ്? അതു നിങ്ങളുടെ രാജ്യത്തെയും നിങ്ങളുടെ പണത്തെയും എങ്ങനെ, എന്തുകൊണ്ട് ബാധിക്കുന്നു? ഈ പ്രവണതയ്ക്കു പിന്നിൽ എന്താണ്?
ആഗോളവത്കരണം എന്നാൽ എന്ത്?
ഒരു സാമ്പത്തിക പ്രതിഭാസം എന്ന നിലയിൽ ആഗോളവത്കരണം, ദേശീയ സമ്പദ്വ്യവസ്ഥകളിൽ നിന്ന് ഒരു ആഗോള സമ്പദ്വ്യവസ്ഥയിലേക്കുള്ള മാറ്റമാണ്. ഇന്നത്തെ “ആഗോള ഗ്രാമ”ത്തിൽ വസ്തുക്കളുടെ ഉത്പാദനം സാർവദേശീയം ആയിരിക്കുന്നു. തന്മൂലം, പണം ക്ഷണനേരം കൊണ്ട് അതിർ വരമ്പുകൾ കടന്നു നിർബാധം ഒഴുകുന്നു. വാസ്തവത്തിൽ, അത് അതിർത്തികൾ ഇല്ലാത്ത വ്യാപാരമാണ്. ഈ സമ്പ്രദായത്തിൽ ബഹുരാഷ്ട്ര കോർപ്പറേഷനുകളാണ് അധികാരം കയ്യാളുന്നത്. അതേസമയം, അതിലൂടെ അജ്ഞാത പണനിക്ഷേപകർക്കു ലോകത്തിന്റെ ഏതൊരു ഭാഗത്തിനും ഭൗതിക സമൃദ്ധിയോ നാശകരമായ സാമ്പത്തിക മാന്ദ്യമോ കൈവരുത്താൻ സാധിക്കും.
ആഗോളവത്കരണം വാർത്താവിനിമയ വിപ്ലവത്തിനു വഴിതെളിക്കുന്നു, അതുപോലെതന്നെ വാർത്താവിനിമിയ വിപ്ലവം ആഗോളവത്കരണത്തിനും. വാർത്താവിനിമയ രംഗത്തെയും കമ്പ്യൂട്ടർ രംഗത്തെയും വിസ്മയാവഹമായ പുരോഗതിയും ഇന്റർനെറ്റ് പോലുള്ള വിജ്ഞാന ശൃംഖലകളും മറ്റുമാണ് ഇതിനു പ്രേരകമായി വർത്തിക്കുന്നത്. ഈ സാങ്കേതിക വിദ്യകൾ മൂലം ദൂരം മേലാൽ ഒരു പ്രതിബന്ധം ആയിരിക്കുന്നില്ല. അതിന്റെ ഫലങ്ങളോ?
സമ്മിശ്ര ഫലങ്ങളോ?
ആഗോളവത്കരണത്തിന്റെ വക്താക്കൾ പറയുന്ന പ്രകാരം, അതിന് സമ്പദ്വ്യവസ്ഥകൾ പടുത്തുയർത്തുകയും ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽപ്പോലും പുരോഗതിക്ക് ഉത്തേജനമായി വർത്തിക്കുകയും ചെയ്യുന്ന വ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും ഒരു ചുഴലിക്കാറ്റ് ആയിരിക്കാൻ കഴിയും. ഉദാഹരണത്തിന്, 1990-കളിൽ മാത്രം വിദേശ നിക്ഷേപകർ വികസ്വര രാജ്യങ്ങളിലെ സമ്പദ്വ്യവസ്ഥകളിലേക്ക് ഒരു ലക്ഷംകോടി ഡോളർ ഒഴുക്കുകയുണ്ടായി. അന്താരാഷ്ട്ര നിക്ഷേപത്തിലുണ്ടായ അസാധാരണമായ ഈ വളർച്ച, ദരിദ്ര ദേശങ്ങളിൽ റോഡുകളും വിമാനത്താവളങ്ങളും ഫാക്ടറികളും പണിയുക സാധ്യമാക്കി. വാസ്തവത്തിൽ, ലോകത്തുടനീളമുള്ള ചില രാജ്യങ്ങളിൽ ജീവിത നിലവാരങ്ങൾ മെച്ചപ്പെടാൻ ആഗോളവത്കരണം ഇടയാക്കിയിട്ടുണ്ട്. “അടുത്തകാലംവരെ ജീവിത നിലവാരം ഇരട്ടിക്കുന്നതിനു ചുരുങ്ങിയത് രണ്ടു തലമുറകളെങ്കിലും എടുത്തിരുന്നു. എന്നാൽ, ചൈനയിൽ ഇന്ന് പത്തു വർഷം കൂടുമ്പോൾ ജീവിത നിലവാരം ഇരട്ടിക്കുന്നു” എന്ന് ഓവർസീസ് ഡെവലപ്മെന്റ് കൗൺസിലിന്റെ അധ്യക്ഷനായ പീറ്റർ സുതർലാൻഡ് പറയുന്നു. ആഗോളവത്കരണം കോടിക്കണക്കിന് ആളുകൾക്ക് അഭൂതപൂർവമായ അവസരങ്ങൾ പ്രദാനം ചെയ്യുന്നു. ആഗോള വ്യാപാരത്തിന്റെ വിസ്മയാവഹമായ ഈ വളർച്ച ഉത്പാദനത്തെയും കാര്യക്ഷമതയെയും അതിന്റെ പാരമ്യത്തിൽ എത്തിച്ചിരിക്കുന്നതോടൊപ്പം പുതിയ തൊഴിലുകളും സൃഷ്ടിച്ചിരിക്കുന്നു.
എന്നാൽ, ആഗോളവത്കരണത്തിനു സമ്പദ്വ്യവസ്ഥകളെ പൊടുന്നനെ താറുമാറാക്കാൻ കഴിയുമെന്ന് അതിനെ വിമർശിക്കുന്നവർ തിരിച്ചടിക്കുന്നു. കമ്പ്യൂട്ടർ മൗസ് ഏതാനും തവണ ക്ലിക്ക് ചെയ്യുന്നത് ഒരു ദേശീയ നാണയത്തിനു വളരെ പെട്ടെന്നുതന്നെ മൂല്യശോഷണം സംഭവിക്കാൻ ഇടയാക്കിയേക്കാം. അങ്ങനെ, അഹോവൃത്തിക്കു വകതേടുന്ന ദശലക്ഷങ്ങളുടെ ആയുഷ്കാല സമ്പാദ്യം വെള്ളത്തിലാകുന്നു. വാൾ സ്ട്രീറ്റിലെ സ്വാധീനശക്തിയുള്ള ഒരു വിശകലനവിദഗ്ധന്റെ അശുഭസൂചകമായ വാക്കുകൾക്ക്, സംഭ്രാന്തരായ ഒരു കൂട്ടം നിക്ഷേപകരെ ഏഷ്യയിലെ തങ്ങളുടെ ഓഹരികൾ ഉടനടി വിൽക്കാൻ പ്രേരിപ്പിക്കുന്നതിനു കഴിയും. അങ്ങനെ, ദശലക്ഷക്കണക്കിന് ആളുകളെ ഒടുവിൽ ദാരിദ്ര്യത്തിന്റെ കുണ്ടിൽ ആഴ്ത്തിയേക്കാവുന്ന മൂലധന ശൂന്യത സൃഷ്ടിക്കപ്പെടുന്നു. മെക്സിക്കോയിൽ ഉള്ള ഒരു ഫാക്ടറി അടച്ചുപൂട്ടിയിട്ട് പകരം തായ്ലൻഡിൽ ഒരു ഫാക്ടറി തുറക്കാൻ അതിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് തീരുമാനിച്ചേക്കാം. അത് ഏഷ്യയിലുള്ളവർക്കു തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെങ്കിലും ലാറ്റിൻ അമേരിക്കയിലുള്ള നൂറുകണക്കിനു കുടുംബങ്ങളെ വഴിയാധാരമാക്കും.
ആഗോളവത്കരണം മനുഷ്യ സമൂഹത്തിലെ സിംഹഭാഗത്തിന്റെയും ജീവിതം കൂടുതൽ ദുഷ്കരം ആക്കിയിരിക്കുന്നു. ഒപ്പംതന്നെ സമൂഹത്തിന്റെ ചില ഭാഗങ്ങൾ മറ്റുള്ളവയ്ക്കൊപ്പം പുരോഗമിക്കാനാവാതെ ലോകത്തിന്റെ പിൻമുറ്റങ്ങളിൽ കുടുങ്ങിപ്പോകാനും അത് ഇടയാക്കിയിരിക്കുന്നു എന്ന് പലരും പറയുന്നു. “സഹാറയുടെ തെക്കുള്ള മിക്ക ആഫ്രിക്കൻ പ്രദേശങ്ങളിലെയും സാമ്പത്തികസ്ഥിതി നിരാശാജനകം ആയിരിക്കുന്നതിനു കാരണം, പ്രസ്തുത പ്രദേശങ്ങൾ ലോക സമ്പദ്വ്യവസ്ഥയിൽ ഇഴുകിച്ചേരാത്തതും വിജയപ്രദമായി അവിടെ വ്യാപാരം നടത്താനും നിക്ഷേപകരെ ആകർഷിക്കാനും അവയ്ക്കു സാധിക്കാത്തതുമാണ്, അതു യാദൃച്ഛികമായി സംഭവിക്കുന്നതല്ല,” സുതർലാൻഡ് പറഞ്ഞു.
നിങ്ങളെ സമ്പന്നരോ ദരിദ്രരോ ആക്കാവുന്ന സാംക്രമിക ഫലങ്ങൾ
അതു നിങ്ങളെ എങ്ങനെയാണു ബാധിക്കുന്നത്? പ്രാദേശിക-ദേശീയ-മേഖലാ സമ്പദ്വ്യവസ്ഥകൾ പരസ്പരബന്ധിതവും പരസ്പരാശ്രിതവും ആയിത്തീർന്നിരിക്കുന്നു. അങ്ങനെ, ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ രോഗലക്ഷണങ്ങൾ നിങ്ങളുടെ രാജ്യത്തിന്റെ ഉൾപ്പെടെ ഇതര രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥകളിലേക്കു പെട്ടെന്നു വ്യാപിച്ചേക്കാം. ദൃഷ്ടാന്തത്തിന്, 1997-ൽ ഏഷ്യയെയും 1998-ലും 1999-ലും റഷ്യയെയും ലാറ്റിൻ അമേരിക്കയെയും തളർത്തിക്കളഞ്ഞ ആഗോള സാമ്പത്തിക പ്രതിസന്ധി ഇപ്പോൾ ഐക്യനാടുകളുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും സാമ്പത്തിക ഭദ്രതയുള്ള മറ്റു പല രാജ്യങ്ങളുടെയും സമ്പദ്സമൃദ്ധിക്കു കാര്യമായ കോട്ടം വരുത്തുമെന്ന ഭീഷണി ഉയരുന്നു. ഈ നിമിഷം ഭദ്രമായി കാണപ്പെടുന്ന സമ്പദ്വ്യവസ്ഥകൾ അടുത്ത നിമിഷം പ്രതിസന്ധിയിൽ ആകുന്നു. വ്യക്തമായും, അതതു രാജ്യത്തെ പുതിയ സംഭവവികാസങ്ങളല്ല, മറിച്ച് വിദേശ രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക ആഘാതമാണ് അതിനു കാരണം. സാമ്പത്തിക വിദഗ്ധർ ഈ പ്രതിഭാസത്തെ “സാമ്പത്തിക സാംക്രമികത” എന്നു വിളിക്കുന്നു. ഫിനാൻഷ്യൽ ടൈംസിലെ ലൈയൊനെൽ ബാർബർ ഇങ്ങനെ പറയുന്നു: “സാമ്പത്തിക ആഘാതങ്ങൾ ഒരേ സമയത്തു സംഭവിക്കുന്നെന്നു മാത്രമല്ല മിക്കപ്പോഴും അവ പരസ്പരം ദൃഢീകരിക്കുകയും ചെയ്യുന്നു. സാംക്രമികത സംഭവിക്കാനിരിക്കുന്ന ഒന്നല്ല; അത് ഒരു ജീവിത യാഥാർഥ്യം തന്നെയാണ്.”
ആഗോളവത്കരണം ഗോളവ്യാപകമായി ജീവിതങ്ങളെ ഒരേ സാമ്പത്തിക ചരടിൽ കോർത്തിരിക്കുന്നു. നിങ്ങൾ എവിടെ ജീവിക്കുന്നു എന്നതു ഗണ്യമാക്കാതെ അത്തരം സാംക്രമികത ഒന്നിലധികം വിധങ്ങളിൽ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു. പിൻവരുന്ന ഉദാഹരണങ്ങൾ പരിചിന്തിക്കുക. 1999 ജനുവരിയിൽ ബ്രസീൽ തങ്ങളുടെ നാണയത്തിന്റെ ആപേക്ഷിക മൂല്യം അസ്ഥിരമാക്കിയപ്പോൾ, ബ്യൂണസ് അയേഴ്സിലെ സൂപ്പർമാർക്കറ്റുകളിൽ ബ്രസീലുകാർ തങ്ങളുടെതിനെക്കാൾ കുറഞ്ഞ വിലയ്ക്കു കോഴികളെ വിൽക്കുന്നു എന്നറിഞ്ഞ് അർജന്റീനയിലെ കോഴിവളർത്തലുകാർ ഞെട്ടിപ്പോയി. അതിനോടകം തന്നെ അർജന്റീനയിലെ തടി, സോയാ സോസ്, പഴച്ചാർ, മാട്ടിറച്ചി, പാൽക്കട്ടി എന്നിവയുടെ വില കുത്തനെ ഇടിയാൻ അന്താരാഷ്ട്ര സാമ്പത്തിക തകർച്ച ഇടയാക്കിയിരുന്നു. വിലയിടിവും സാധനങ്ങൾ വാങ്ങാൻ ആളില്ലാത്തതും നിമിത്തം ഡയറികൾ അടച്ചുപൂട്ടേണ്ടിവന്നു. അങ്ങനെ, നൂറുകണക്കിനു ജോലിക്കാർ തൊഴിൽരഹിതരായി.
അതിനിടിയിൽ, സമൃദ്ധമായ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പന്നിയിറച്ചി കയറ്റുമതിയിൽ വൻ ലാഭം കൊയ്തിരുന്ന യു.എസ്.എ.-യിലെ ഇല്ലിനോയ്സിലുള്ള പന്നിവളർത്തലുകാർക്കും കനത്ത പ്രഹരമേറ്റു. പന്നിയിറച്ചിക്ക് ആവശ്യക്കാർ കുറഞ്ഞതിനാലും മത്സരം ശക്തമായിരുന്നതിനാലും അതിനു വില കുറയ്ക്കേണ്ടിവന്നു. “പന്നിയിറച്ചി വ്യവസായത്തിൽ ഇത്രയധികം നഷ്ടം ഇന്നുവരെ—സാമ്പത്തിക മാന്ദ്യത്തിന്റെ കാലയളവിൽ പോലും—ഉണ്ടായിട്ടില്ല,” ഒരു പന്നിവളർത്തുകാരൻ വിലപിച്ചു. അതേ രാജ്യത്തുതന്നെ, ഉരുക്കു തൊഴിലാളികളെ ജോലിയിൽ നിന്നു പിരിച്ചുവിട്ടു. കാരണം, ചൈന, ജപ്പാൻ, റഷ്യ, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് അവരുടെ രാജ്യത്തേക്ക് ഉരുക്ക് ഇറക്കുമതി ചെയ്യാൻ തുടങ്ങി, ആ രാജ്യങ്ങളിലെ നാണയങ്ങൾക്കു മൂല്യം കുറവായിരുന്നതിനാൽ ഇറക്കുമതി വളരെ ലാഭകരമായിരുന്നു. ധാന്യങ്ങൾ വാങ്ങാൻ ഏഷ്യൻ രാജ്യങ്ങൾ മുന്നോട്ടു വരാഞ്ഞതിനാൽ അവ ഐക്യനാടുകളിൽ കുന്നുകൂടി. അവിടുത്തെ കർഷകരെ അതു സംഭ്രാന്തിയിലാഴ്ത്തി.
ആഗോളവത്കരണത്തിന്റെ തിക്തഫലങ്ങളെ കൂടുതൽ രൂക്ഷമാക്കുന്ന വേറൊരു വസ്തുതയുണ്ട്. സമ്പന്ന രാഷ്ട്രങ്ങളിലെ ബാങ്കുകളും പെൻഷൻ ഫണ്ടുകളും, “ശൈശവദശയിലുള്ള വിപണിക”ളുടെ—വികസ്വര രാജ്യങ്ങളിലെ ചില സമ്പദ്വ്യവസ്ഥകളെ വർണിക്കാൻ ഉപയോഗിക്കുന്ന പ്രിയോക്തി—വികസനത്തിനായി കനത്ത തുക വായ്പ നൽകുകയോ നിക്ഷേപിക്കുകയോ ചെയ്തിരിക്കുന്നു. തന്മൂലം, 1997-99-ലെ സാമ്പത്തിക പ്രതിസന്ധിയിൽ അത്തരം സമ്പദ്വ്യവസ്ഥകൾ നിലംപതിച്ചപ്പോൾ അത് സാമാന്യ ജനങ്ങളെ, അതായത് പെൻഷൻ പറ്റിയിരുന്നവരെയും തകർച്ച സംഭവിച്ച ബാങ്കിൽ നിക്ഷേപം ഉണ്ടായിരുന്നവരെയും നേരിട്ടു ബാധിക്കുകയുണ്ടായി. മിക്കവാറും എല്ലാവർക്കുംതന്നെ നേരിട്ടോ അല്ലാതെയോ നഷ്ടം സഹിക്കേണ്ടിവന്നു.
സമ്പന്നരെ കൂടുതൽ സമ്പന്നരും ദരിദ്രരെ കൂടുതൽ ദരിദ്രരും ആക്കുന്നു
ആഗോളവത്കരണ പ്രക്രിയയെ അടുത്തു വീക്ഷിക്കുമ്പോൾ ഒരു കാര്യം വ്യക്തമാകുന്നു: അത് ദരിദ്ര രാജ്യങ്ങളിലെ സമ്പന്നരെ കൂടുതൽ സമ്പന്നരും സമ്പന്ന രാജ്യങ്ങളിലെ ദരിദ്രരെ കൂടുതൽ ദരിദ്രരും ആക്കുന്നു. അതെങ്ങനെ? കോർപ്പറേഷനുകൾ ലോകത്തെ ഭരിക്കുമ്പോൾ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഡേവിഡ് കോർട്ടൻ ഭാഗികമായി അതിന് ഉത്തരം നൽകുന്നു: “വരുമാനം കുറവുള്ള രാജ്യങ്ങളിൽ ദ്രുതഗതിയിൽ സാമ്പത്തിക വളർച്ച ഉണ്ടാകുമ്പോൾ അവിടങ്ങളിൽ ആധുനിക വിമാനത്താവളങ്ങൾ, ടെലിവിഷനുകൾ, എക്സ്പ്രസ് ഹൈവേകൾ എന്നിവയും സമ്പന്നരായ ചുരുക്കം ചിലർക്കു മാത്രം വാങ്ങാനാകുന്ന അത്യാധുനിക ഇലക്ട്രോണിക് വസ്തുക്കളും ആധുനിക ഫാഷനിലുള്ള വസ്ത്രങ്ങളും ഉള്ള എയർകണ്ടീഷൻ ചെയ്ത ഷോപ്പിങ് കേന്ദ്രങ്ങളും ഉയർന്നുവരുന്നു. അതു ഭൂരിപക്ഷത്തിന്റെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ഉതകുന്നില്ല. ഇത്തരം വളർച്ച, സമ്പന്നർ കരസ്ഥമാക്കാൻ ആഗ്രഹിക്കുന്ന വസ്തുക്കൾ വാങ്ങുന്നതിനായി വിദേശനാണയം നേടാനുള്ള ലക്ഷ്യത്തിൽ സമ്പദ്വ്യവസ്ഥയെ കയറ്റുമതിയിലേക്കു തിരിച്ചുവിടുന്നത് ആവശ്യമാക്കിത്തീർക്കുന്നു. അങ്ങനെ കയറ്റുമതി വിളകൾ ഉത്പാദിപ്പിക്കുന്നതിനായി ദരിദ്രരുടെ ഭൂമി കയ്യേറുന്നു. ഈ ഭൂമിയിൽ മുമ്പു കൃഷി ചെയ്തിരുന്നവർ കയറ്റുമതി സാധനങ്ങൾ ഉണ്ടാക്കുന്ന ഫാക്ടറികളിൽ നിസ്സാര കൂലിക്കു ചോര നീരാക്കിക്കൊണ്ടു ജോലിചെയ്യുകയും നഗരങ്ങളിലെ ചേരികളിൽ പട്ടിണിപ്പാവങ്ങളായി ജീവിതം കഴിച്ചുകൂട്ടുകയും ചെയ്യുന്നു. കുടുംബങ്ങൾ ഛിദ്രിക്കുന്നു. സാമൂഹിക ചട്ടക്കൂട് ശിഥിലമാകുന്നു. അക്രമം കൊടികുത്തി വാഴുന്നു. ആ സ്ഥിതിക്ക്, സാമ്പത്തിക വളർച്ചയിൽ നിന്നു പ്രയോജനം അനുഭവിക്കുന്ന ചുരുക്കം ചിലർക്ക്, നിർധനരുടെ ക്രോധത്തിന് ഇരയാകാതിരിക്കത്തക്കവണ്ണം വിദേശത്തു നിന്ന് ആയുധങ്ങൾ ഇറക്കുമതി ചെയ്യാൻ കൂടുതൽ വിദേശനാണയം ആവശ്യമായി വരുന്നു.”
ആഗോളവത്കരണം നിമിത്തം ലോകമെമ്പാടുമുള്ള അധ്വാനിക്കുന്ന ജനവിഭാഗം വലിയ സമ്മർദം അനുഭവിക്കുന്നു. കാരണം, കൂലിച്ചെലവു കുറവാണെന്നു കാണിച്ച് വിദേശ നിക്ഷേപകരെ ആകർഷിക്കാനായി ഗവൺമെന്റുകൾ തൊഴിൽ വേതനവും തൊഴിൽ സൗകര്യങ്ങളും വെട്ടിക്കുറയ്ക്കുന്നു. കൂടുതൽ സ്വതന്ത്രമായ ആഗോള വ്യാപാരത്തിന്റെ ഫലമായുള്ള വർധിച്ച കയറ്റുമതിയിൽ നിന്ന് ഏതാനും പുതിയ വ്യവസായവത്കൃത രാജ്യങ്ങൾ ലാഭം കൊയ്തിട്ടുണ്ടെങ്കിലും, മിക്ക ദരിദ്ര രാഷ്ട്രങ്ങൾക്കും അതുകൊണ്ടു യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല.
ആഗോള അസമത്വം എത്ര ഗൗരവാവഹമാണ്? കോർട്ടൻ ഉദ്ധരിച്ച ഒരു കണക്കു പരിചിന്തിക്കുക: “1991-ൽ വെറും 274 കോടീശ്വരന്മാരേ ഉണ്ടായിരുന്നുള്ളുവെങ്കിൽ ഇന്ന് [1998-ൽ] ലോകമെമ്പാടുമായി 477 കോടീശ്വരന്മാർ ഉണ്ട്. അവരുടെയെല്ലാം സമ്പാദ്യം കൂട്ടിച്ചേർത്താൽ അത് മനുഷ്യവർഗത്തിലെ പകുതി വരുന്ന പരമ ദരിദ്രരുടെ—280 കോടി ആളുകളുടെ—മൊത്തം വാർഷിക വരുമാനത്തിന് ഏകദേശം തുല്യമായിരിക്കും.” അതിന് ആരെ പഴിക്കണം? “കടിഞ്ഞാണില്ലാത്ത ആഗോള സമ്പദ്വ്യവസ്ഥ നേരിട്ടു വരുത്തിവെക്കുന്ന വിനയാണ് അത്.”
അത്യാഗ്രഹത്താൽ നയിക്കപ്പെടുന്നു—ആരോഗ്യാവഹമായ പ്രവണതയോ?
ആഗോളവത്കരണത്തിന്റെ അടിസ്ഥാന ന്യൂനത എന്താണ്? “നഷ്ടപ്പെട്ട അവസരങ്ങളുടെ ഒരു ശൃംഖലയും വികലമായ അന്താരാഷ്ട്ര സഹകരണവും മാനുഷ അത്യാഗ്രഹവും” ആയിരിക്കും ഭാവി ചരിത്രകാരന്മാർ “കണ്ടെത്തുന്നത്” എന്ന് 1997-98-ലെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് അഭിപ്രായപ്പെടവെ, പത്രാധിപനായ ജിം ഹോഗ്ലൻഡ് പറഞ്ഞു. ചിലർ ഇങ്ങനെ ചോദിച്ചേക്കാം: ‘ജീവന്മരണ പോരാട്ടത്തിൽ ഒരു സമ്പന്ന ന്യൂനപക്ഷത്തെ ദരിദ്ര ഭൂരിപക്ഷത്തിന് എതിരെ നിരത്തുന്ന ഒരു സമ്പദ്വ്യവസ്ഥയിൽ ആഗോള സമാധാനവും സമൃദ്ധിയും ഉണ്ടായിരിക്കുമോ? പരാജിതരുടെ വളരെ വലിയ ഒരു കൂട്ടം അങ്ങേയറ്റം ശോചനീയമായ ഇല്ലായ്മയിൽ കഴിഞ്ഞുകൂടാൻ നിർബന്ധിതരാകുമ്പോൾ ഒരു ചെറിയ കൂട്ടം ജേതാക്കൾ അസീമമായ സമ്പത്തു കുന്നുകൂട്ടുന്നതു ന്യായമാണോ?’
അനിയന്ത്രിതമായ അത്യാഗ്രഹവും ധാർമിക മൂല്യച്യുതിയും വലിയ സാമ്പത്തിക അസമത്വത്തിന്റെ ഒരു ലോകത്തിനു രൂപം നൽകിയിരിക്കുന്നു. 2,000 വർഷം മുമ്പ് ഒരു നിയമജ്ഞൻ പറഞ്ഞ വാക്കുകൾ ഇപ്പോഴും സത്യമായി നിലകൊള്ളുന്നു: “ദ്രവ്യാഗ്രഹം [“പണസ്നേഹം,” NW] സകലവിധ ദോഷത്തിന്നും മൂലമല്ലോ.” (1 തിമൊഥെയൊസ് 6:10) മനുഷ്യന്റെ പാരമ്പര്യസിദ്ധമായ അത്തരം ന്യൂനതകൾ വിജയപ്രദമായി കൈകാര്യം ചെയ്യാൻ മാനുഷ ഗവൺമെന്റുകൾ സജ്ജമാണോ? ബ്രസീലിന്റെ പ്രസിഡണ്ടായ ഫെർനാൻഡൂ കാർഡോസൂ ഈ വാക്കുകളിലൂടെ തന്റെ ഉത്കണ്ഠ പ്രകടമാക്കി: “ആഗോളവത്കരണ യുഗത്തിൽ മനുഷ്യ ക്ഷേമം കണക്കിലെടുത്തുകൊണ്ട് സാമ്പത്തിക വികസനം കൈവരിക്കുന്നത് ഒരു വലിയ വെല്ലുവിളി ആയിത്തീർന്നിരിക്കുന്നു. കാരണം, വ്യാപാരത്തിലുള്ള അമിതമായ താത്പര്യം ഉളവാക്കിയിരിക്കുന്ന സദാചാര ശൂന്യതയെ . . . നാം ഓരോരുത്തരും നേരിടേണ്ടതുണ്ട്.”
“അധികാര-മൂല്യങ്ങളുടെ ശക്തമായ പോരാട്ടം”
‘അന്താരാഷ്ട്ര വികസന സൊസൈറ്റി’യുടെ 22-ാമത് ലോക സമ്മേളനത്തിൽ പ്രസംഗിക്കവെ, ആഗോള സമ്പദ്വ്യവസ്ഥയുടെ ചില നേട്ടങ്ങളെ കുറിച്ചു കോർട്ടൻ സംശയങ്ങൾ പ്രകടമാക്കി. “എല്ലായിടത്തും തന്നെയുള്ള ആളുകളും ആഗോള സാമ്പത്തിക സ്ഥാപനങ്ങളും തമ്മിൽ അധികാര-മൂല്യങ്ങളുടെ ശക്തമായ പോരാട്ടം” നിലവിലുള്ളതായി അദ്ദേഹം പ്രസ്താവിച്ചു. “21-ാം നൂറ്റാണ്ടിൽ ഈ പോരാട്ടം മനുഷ്യവർഗത്തെ ഒന്നുകിൽ അത്യാഗ്രഹം, അക്രമം, ദാരിദ്ര്യം, പരിസ്ഥിതി നശീകരണം ഇവയെല്ലാം നിറഞ്ഞ അരാജകത്വത്തിന്റെ കുണ്ടിൽ ആഴ്ത്തിയേക്കാം, നമ്മുടെ വംശനാശത്തിന് ഇടയാക്കിക്കൊണ്ട്. അല്ലെങ്കിൽ, പ്രകൃതിയുമായി ഇണങ്ങി, പരസ്പര സമാധാനത്തിൽ യാതൊന്നിന്റെയും പോരായ്മ ഇല്ലാതെ സകലരും മനുഷ്യ ക്ഷേമത്തിനു പ്രാധാന്യം കൽപ്പിക്കുന്ന പരിഷ്കൃത സമൂഹത്തിൽ ജീവിക്കുന്ന ഒരവസ്ഥ അതു കൈവരുത്തിയേക്കാം,” അദ്ദേഹം പറഞ്ഞു.
[22-ാം പേജിലെ ചതുരം/ചിത്രം]
“ലോകം പൂർവാധികം കോർത്തിണക്കപ്പെടുന്നു”
1999 ഫെബ്രുവരി 26 ലക്കം ഏഷ്യാവീക്ക് മാസികയുടെ മുഖപ്രസംഗത്തിൽ ഉപയോഗിച്ചിരുന്ന പദപ്രയോഗങ്ങൾ ആയിരുന്നു അവ. അതിൽ ഇങ്ങനെ പ്രസ്താവിച്ചിരുന്നു: “സ്വതന്ത്ര വ്യാപാരത്തിന്റെയും ഉയർന്ന മൂലധന ചലനക്ഷമതയുടെയും വിജ്ഞാന-സാങ്കേതിക വിദ്യയുടെ സുഗമമായ പ്രവാഹത്തിന്റെയും ഫലമായി ലോകം പൂർവാധികം കോർത്തിണക്കപ്പെടുന്നു. . . . വിജയത്തിനുള്ള താക്കോൽ കൂട്ടിച്ചേർക്കലാണ്: ഭൂഗ്രഹത്തിലെ സാമ്പത്തിക ശൃംഖലയോടു കൂടുതൽ മേഖലകളും ദേശങ്ങളും കൂട്ടിച്ചേർക്കപ്പെടുമ്പോൾ ലോകത്തിലെ ഉത്പാദകരുടെ വാണിജ്യമേഖല വലുതായിത്തീരുന്നു.”
അത് ഇങ്ങനെയും പറഞ്ഞു: “സാമ്പത്തികവും സാങ്കേതികവുമായി കോർത്തിണക്കപ്പെടുന്ന ഈ ലോകത്തിൽ ഒരു പ്രദേശത്തെ മാത്രം കെട്ടിപ്പടുക്കുകയും മറ്റു പ്രദേശങ്ങളെ അവഗണിക്കുകയും ചെയ്യുന്നതു ദീർഘവീക്ഷണം ഇല്ലായ്മയാണ് എന്ന് പൂർവ ഏഷ്യ, റഷ്യ, ബ്രസീൽ എന്നിവിടങ്ങളിൽ [അടുത്തയിടെ] പൊടുന്നനെ ഉണ്ടായ സമ്പൂർണ സാമ്പത്തിക തകർച്ച വ്യക്തമാക്കി.”
ഏഷ്യയെ “സാമ്പത്തിക-രാഷ്ട്രീയ പിന്നോക്ക പ്രദേശം” ആയി പുറന്തള്ളുന്നതിനെതിരെ അതേ ലേഖനം മുന്നറിയിപ്പു നൽകി. “ഇപ്പോഴും ലോകത്തിൽ രണ്ടും മൂന്നും സ്ഥാനത്തു നിൽക്കുന്ന സാമ്പത്തിക ശക്തികൾ ജപ്പാനും ചൈനയും ആണ്” എന്ന് അതു വായനക്കാരെ ഓർമിപ്പിച്ചു. അത് ഇങ്ങനെ തുടർന്നു: “ഏഷ്യയിലെ ജനപ്പെരുപ്പംതന്നെ അവഗണിക്കാനാകാത്ത ഒരു ഘടകം ആയിത്തീരും എന്നതിൽ സംശയമില്ല.” ഏഷ്യയിൽ ശതകോടിക്കണക്കിന് ആളുകളാണ് ഉള്ളത്. തീർച്ചയായും, നമ്മുടേത് ഒരു ആഗോള സമ്പദ്വ്യവസ്ഥതന്നെ, വ്യാപാര അതിർവരമ്പുകൾ എടുത്തു മാറ്റപ്പെട്ടിരിക്കുന്നു.
[23-ാം പേജിലെ ചിത്രങ്ങൾ]
സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവു വർധിക്കുന്നതിന് ആഗോളവത്കരണം ഇടയാക്കുന്നതായി പറയപ്പെടുന്നു