ബ്രിട്ടനിൽ മതങ്ങൾ ക്ഷയിക്കുന്നു
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
ഓരോ ആഴ്ചയും 1,500 ബ്രിട്ടീഷുകാർ വീതം മുഖ്യധാരാ സഭകൾ ഉപേക്ഷിച്ചു പോകുന്നതായി ലണ്ടനിലെ ദ സൺഡേ ടൈംസ് റിപ്പോർട്ടു ചെയ്തു. 1980 മുതലുള്ള കാലയളവിൽ റോമൻ കത്തോലിക്കാ സഭയ്ക്ക് 6,00,000 അംഗങ്ങളെ നഷ്ടമായിട്ടുണ്ട്. ആഴ്ചയിൽ 600 അംഗങ്ങളെ വീതം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ ഇപ്പോൾ പത്തു ലക്ഷത്തിൽ താഴെ വിശ്വാസികളേ ഉള്ളൂ, അതായത് 50 വർഷം മുമ്പുണ്ടായിരുന്നതിന്റെ പകുതിയിൽ താഴെ. സ്ത്രീകൾക്കു വൈദികപട്ടം നൽകാൻ 1992-ൽ പൊതു സുന്നഹദോസ് തീരുമാനിച്ചതിനെ തുടർന്ന് ഏതാണ്ട് 500 പുരോഹിതന്മാർ ചർച്ച് ഓഫ് ഇംഗ്ലണ്ട് വിട്ടുപോയി.
സഭകൾ വിട്ടു പോരുമ്പോൾ ആരും തങ്ങളെ തടയുകയോ പോന്നശേഷം, സഹായിക്കാൻ എന്തു ചെയ്യാൻ കഴിയും എന്നു മനസ്സിലാക്കുന്നതിന് തങ്ങളുമായി ബന്ധപ്പെടുകയോ ചെയ്യാഞ്ഞതിൽ പലരും രോഷാകുലരും നിരാശരുമാണെന്നു ദ ടൈംസ് റിപ്പോർട്ടു ചെയ്തു. “സഭ അതിന്റെ അംഗങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു” എന്നും പത്രം അഭിപ്രായപ്പെട്ടു.
ബ്രിട്ടീഷ് സമൂഹത്തെ പരിപോഷിപ്പിക്കേണ്ട “ആത്മീയ, ധാർമിക മൂല്യങ്ങളുടെ ഉറവുകൾ വറ്റിക്കൊണ്ടിരിക്കുകയാണ്” എന്ന് വെസ്റ്റ്മിൻസ്റ്ററിലെ റോമൻ കത്തോലിക്കാ ആർച്ച്ബിഷപ്പായ കർദിനാൾ ബാസിൽ ഹ്യൂം തറപ്പിച്ചു പറഞ്ഞു. അങ്ങനെ സംഭവിക്കാനുള്ള കാരണം? “ദൈവവചന ക്ഷാമം,” കാത്തലിക് ഹെറാൾഡിൽ പ്രത്യക്ഷപ്പെട്ട ഒരു ശീർഷകമായിരുന്നു അത്. അത് ഇങ്ങനെ പറഞ്ഞു: “കുർബാനസമയത്ത് പുതിയ നിയമത്തിലെയും പഴയ നിയമത്തിലെയും ഭാഗങ്ങൾ വായിച്ചു കേൾപ്പിക്കാറുണ്ട്, എന്നാൽ ആ വാക്യങ്ങളുടെ പശ്ചാത്തലത്തെ കുറിച്ച് യാതൊന്നും പറഞ്ഞു കേൾക്കാറില്ല. . . . വിശുദ്ധന്മാരുടെ ജീവിതത്തെയും ആധ്യാത്മിക വിഷയങ്ങളെയും കുറിച്ചുള്ള പുസ്തകങ്ങളെല്ലാം നല്ലതുതന്നെ, പക്ഷേ തിരുവെഴുത്തുകൾ മനസ്സിലാക്കിത്തരാൻ അവ പര്യാപ്തമല്ല.” “ആത്മീയ കരുതൽ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ കാലോചിതമായി ബൈബിൾ വിവരങ്ങൾ അവതരിപ്പിക്കുന്നതിന്റെ അഭാവം പ്രകടമാണ്” എന്ന് ലേഖനം ഉപസംഹാരത്തിൽ പറഞ്ഞു.
ലിങ്കൺഷയറിലെ വർത്തമാനപത്രമായ ബോസ്റ്റൺ ടാർഗറ്റിന് എഴുതിയ കത്തിൽ ഒരു വായനക്കാരൻ ഇങ്ങനെ പറഞ്ഞു: “ആളുകൾക്ക് മതങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് . . . ഈ സഭാ ശുശ്രൂഷകരെല്ലാം ദിവസം മുഴുവൻ എന്താണു ചെയ്യുന്നത്? അവരാരും ക്രിസ്തു ചെയ്തതു പോലെ പുറത്തു പോയി ആളുകളെ സന്ദർശിക്കുന്നില്ല . . . ആളുകളോടു കരുതൽ പ്രകടമാക്കുന്ന ഒരേ ഒരു മതം യഹോവയുടെ സാക്ഷികളുടേതാണെന്നു തോന്നുന്നു. അവർ പുറത്തു പോയി ആളുകളെ സന്ദർശിക്കുന്നു, സത്യം പ്രസംഗിക്കുന്നതിൽ അവർ യഥാർഥമായി മുഴുകിയിരിക്കുന്നു—തങ്ങളുടെ ആരാധനാസ്ഥലത്തേക്കു വരാൻ അവർ നിങ്ങളെ ക്ഷണിക്കുന്നു, അവർ പരിസ്ഥിതി സംബന്ധമായ പ്രശ്നങ്ങളെ കുറിച്ചു സംസാരിക്കുന്നു, അതു സംബന്ധമായി ചിലതൊക്കെ ചെയ്യുന്നു. ഞാൻ ഒരു യഹോവയുടെ സാക്ഷിയല്ല, പക്ഷേ ഞാൻ അവരെ ആദരിക്കുന്നു, അവർ പറയുന്നതു ശ്രദ്ധിക്കുന്നു.”
നിങ്ങളുടെ പ്രദേശത്തുള്ള രാജ്യഹാളിൽ നടക്കുന്ന യോഗങ്ങളിൽ നിങ്ങൾ എപ്പോഴെങ്കിലും പങ്കെടുത്തിട്ടുണ്ടോ? പ്രചോദനാത്മകവും പ്രയോജനപ്രദവുമായ നിർദേശങ്ങൾ നിങ്ങൾക്ക് അവിടെ നിന്നു ലഭിക്കും. ബൈബിൾ സംബന്ധമായ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ബൈബിൾ മനസ്സിലാക്കാൻ ആളുകളെ സൗജന്യമായി സഹായിച്ചുകൊണ്ടും നാൽപ്പതു ലക്ഷത്തിലധികം ഭവന ബൈബിളധ്യയനങ്ങൾ നടത്തിക്കൊണ്ടും കഴിഞ്ഞ വർഷം, 233 രാജ്യങ്ങളിലായി യഹോവയുടെ സാക്ഷികൾ 100 കോടിയിലധികം മണിക്കൂർ ചെലവഴിച്ചു. ഈ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട വേലയായി യഹോവയുടെ സാക്ഷികൾ ഈ ബൈബിൾ വിദ്യാഭ്യാസ പ്രവർത്തനത്തെ വീക്ഷിക്കുന്നു. അതിന്റെ കാരണം അറിയാൻ ഞങ്ങൾ നിങ്ങളെയും ക്ഷണിക്കുന്നു.—മത്തായി 24:14; 28:19, 20.