ഞങ്ങളുടെ വായനക്കാരിൽ നിന്ന്
കൈകഴുകൽ എനിക്കു 11 വയസ്സുണ്ട്. “നിങ്ങളുടെ കൈകൾ കഴുകി ഉണക്കുക!” (നവംബർ 22, 1998) എന്ന ലേഖനത്തിനു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഭക്ഷണം കഴിക്കുന്നതിനു മുമ്പും കക്കൂസിൽ പോയ ശേഷവും കൈകഴുകാതിരിക്കരുതെന്ന് അതു വായിച്ചപ്പോൾ എനിക്കു മനസ്സിലായി. ഞങ്ങളുടെ പട്ടണത്തിൽ പകർച്ചവ്യാധികൾ സർവസാധാരണമാണ്. അതുകൊണ്ട് ആ ലേഖനം വളരെ പ്രയോജനപ്രദമായിരുന്നു.
എം. എഫ്., ഇറ്റലി
കൊച്ചു കൊച്ചു മോഹങ്ങൾ “ലോകത്തെ വീക്ഷിക്കൽ” എന്നതിലെ “കുട്ടികളുടെ കൊച്ചു കൊച്ചു മോഹങ്ങൾ” (നവംബർ 22,1998) എന്ന ഭാഗത്തിനു നന്ദി. എന്റെ കുട്ടികളിൽനിന്നു വേറിട്ടാണു ഞാൻ താമസിക്കുന്നത്. മൂന്നു മാസത്തിൽ ഒരിക്കൽ മാത്രമേ അവരെ കാണാൻ എനിക്ക് അനുവാദമുള്ളൂ. ഒരുമിച്ചു കൂടുമ്പോൾ എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ല, അതുകൊണ്ട് അവർക്ക് ബോറടിക്കുമോ എന്ന ഭയത്താൽ ഞാൻ ഒട്ടേറെ കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യാറുണ്ട്. വീണ്ടും ഒത്തു ചേരാനുള്ള ആ ദിവസം വന്നെത്തുന്നതിനു മുമ്പ് ഞാൻ ഈ ഭാഗം വായിച്ചു. തക്ക സമയത്തുതന്നെയാണ് ആ മാസിക കിട്ടിയത്!
എം. വൈ., ജപ്പാൻ
പാമ്പുകൾ “പാമ്പുകളെ സംബന്ധിച്ചു പൊതുവേയുള്ള അബദ്ധ ധാരണകൾ” (ഒക്ടോബർ 22, 1998) എന്ന ലേഖനത്തിനു വളരെ നന്ദി. നിങ്ങൾ പ്രതിപാദിച്ച ആ ഏഴു പോയിന്റുകൾ, കൗതുകമുണർത്തുന്ന ഈ ജന്തുക്കളെ കുറിച്ച് ആളുകൾക്കുള്ള ഒട്ടേറെ തെറ്റിദ്ധാരണകൾ നീക്കം ചെയ്യുകയുണ്ടായി.
ആർ. കെ., ഐക്യനാടുകൾ
പൊള്ളലേൽക്കുന്നതു തടയൽ “ലോകത്തെ വീക്ഷിക്ക”ലിലെ “പാചകസമയത്ത് മുൻകരുതലുകൾ” (ഡിസംബർ 8, 1998) എന്ന ശീർഷകത്തിൻ കീഴിലുള്ള വിവരങ്ങൾ വായിച്ചപ്പോൾ എനിക്ക് ഉത്കണ്ഠ തോന്നി. സ്റ്റൗവിന്റെ മുൻവശത്തെ ബർണറുകൾ ഉപയോഗിക്കാൻ നിർദേശിക്കുന്ന ഒരു പത്രവാർത്തയെ കുറിച്ച് അതിൽ പ്രതിപാദിച്ചിരുന്നു. എന്നാൽ ഈ നിർദേശം, കുട്ടികൾക്കു കയ്യെത്താതിരിക്കാൻ സ്റ്റൗവിന്റെ പിൻവശത്തെ ബർണറുകൾ ഉപയോഗിക്കാൻ മാതാപിതാക്കളോടു പറഞ്ഞുകേട്ടിട്ടുള്ള നിർദേശവുമായി യോജിക്കുന്നില്ല.
എം. ബി., ഇംഗ്ലണ്ട്
ഈ സുരക്ഷാ നിർദേശം ഞങ്ങൾ വിലമതിക്കുന്നു. ഞങ്ങൾ നൽകിയ നിർദേശം മുഖ്യമായും പ്രായമായവരെ ഉദ്ദേശിച്ചുള്ളതായിരുന്നു. സ്റ്റൗവിന്റെ പിൻവശത്തെ ബർണറിൽനിന്ന് പാത്രം എടുക്കാൻ ശ്രമിക്കവെ ചിലരുടെ വസ്ത്രത്തിന്റെ കൈയ്ക്കു തീ പിടിച്ചിട്ടുണ്ട്. എങ്കിലും കൊച്ചു കുട്ടികളുള്ള അമ്മമാർ കുട്ടികൾക്കു കയ്യെത്താത്ത വിധം പാത്രം വെക്കുന്നതു സ്വാഭാവികമാണ്.—പത്രാധിപർ
യേശു കാഴ്ചയ്ക്ക് എങ്ങനെയിരുന്നു? “യേശു—കാഴ്ചയ്ക്ക് യഥാർഥത്തിൽ എങ്ങനെയിരുന്നു? ഇപ്പോൾ എന്തു ചെയ്യുന്നു?” (ഡിസംബർ 8, 1998) എന്ന ലേഖന പരമ്പരയ്ക്കു വളരെ നന്ദി. പള്ളികളിലും ചിത്രങ്ങളിലും സിനിമകളിലുമൊക്കെ ശരിയായ വിധത്തിലല്ല യേശുവിനെ ചിത്രീകരിക്കുന്നത്. ദൈവോദ്ദേശ്യത്തിൽ യേശു ഇപ്പോൾ വഹിക്കുന്നതും ഭാവിയിൽ വഹിക്കാനിരിക്കുന്നതുമായ പങ്കിനെ കുറിച്ചുള്ള ഭാഗം എനിക്കു വിശേഷാൽ ഇഷ്ടപ്പെട്ടു. ഒരു പുൽത്തൊട്ടിയിൽ കിടക്കുന്ന കൊച്ചുകുഞ്ഞല്ല അവൻ.
എം. ഡബ്ളിയു., ഓസ്ട്രിയ
മറ്റൊരു ലേഖനവും വായിച്ചിട്ട് എനിക്ക് ഇത്രയേറെ സന്തോഷം തോന്നിയിട്ടില്ല! യഹോവയുടെ സാക്ഷികളെയും അവരുടെ മാസികകളെയും വിശ്വസിക്കാൻ ഈ ലേഖനപരമ്പര ആളുകളെ പ്രേരിപ്പിക്കും എന്ന് എനിക്ക് ഉറപ്പാണ്.
ബി. ഡി. യൂഗോസ്ലാവിയ
യേശു ഒരു ദുർബലനായിരുന്നില്ല എന്നും പ്രശസ്ത കലാസൃഷ്ടികൾ ചിത്രീകരിക്കുന്നതു പോലുള്ള സ്ഥായിയായ വിഷാദഭാവം അവന് ഉണ്ടായിരുന്നില്ല എന്നും മനസ്സിലാക്കാൻ കഴിഞ്ഞു. “സന്തുഷ്ട ദൈവ”മായ തന്റെ പിതാവിനെ അനുകരിച്ച, നല്ല കായികശേഷിയുള്ള ഒരു പൗരുഷശാലിയായിരുന്നു അവൻ.—1 തിമൊഥെയൊസ് 1:11.
ആർ. ഒ. ആർ., ബ്രസീൽ
‘ദൈവം യേശുവിന്റെ ജീവനെ ഒരു യഹൂദ കന്യകയുടെ ഗർഭാശയത്തിലേക്കു മാറ്റി’ എന്ന് 8-ാം പേജിൽ നിങ്ങൾ പറഞ്ഞിരുന്നുവല്ലോ. യേശു പൂർണ വ്യക്തിയായിരുന്നതുകൊണ്ട് ആദാമിൽനിന്നു കൈമാറിക്കിട്ടിയ ജീനുകളൊന്നും അവനിൽ ഉണ്ടായിരുന്നില്ല എന്ന് അതിനർഥമുണ്ടോ?
ജെ. ജി., ഐക്യനാടുകൾ
മറിയ യേശുവിനെ ഗർഭം ധരിക്കുന്നതിനു മുമ്പ് ഗബ്രീയേൽ ദൂതൻ അവളോട് ഇങ്ങനെ പറഞ്ഞു: “പരിശുദ്ധാത്മാവു നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കൊസ് 1:35) ദൈവം തന്റെ ആദ്യജാതന്റെ ജീവനെ ആത്മമണ്ഡലത്തിൽനിന്നു ഭൂമിയിലേക്കു മാറ്റുകവഴി മറിയയുടെ ഗർഭാശയത്തിലെ ഒരു അണ്ഡത്തെ പരിശുദ്ധാത്മാവ് മുഖാന്തരം സിക്താണ്ഡമാക്കി മാറ്റി. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ഈ പുത്രന്റെ പൂർണതയുള്ള പുരുഷജീവൻ, മറിയയുടെ അണ്ഡത്തിലെ ചില ജനിതക സവിശേഷതകൾ നിലനിർത്തവെതന്നെ എന്തെങ്കിലും ആദാമിക അപൂർണത ഉണ്ടായിരുന്നെങ്കിൽ അത് ഇല്ലാതാക്കാൻ നിശ്ചയമായും പ്രവർത്തിച്ചു.—പത്രാധിപർ