സൂര്യപ്രകാശത്തിൽനിന്ന്—നിങ്ങളുടെ ചർമത്തെ സംരക്ഷിക്കുക!
ബ്രസീലിലെ ഉണരുക! ലേഖകൻ
ഒഴിവുകാലം കടലോരത്തു ചെലവിടാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? അതോ മലകയറ്റമാണോ നിങ്ങൾ ഇഷ്ടപ്പെടുന്നത്? എങ്കിൽ വീടിനു വെളിയിലെ പ്രവർത്തനങ്ങൾ ഇഷ്ടപ്പെടുന്ന ദശലക്ഷക്കണക്കിന് ആളുകളിൽ ഒരാളാണു നിങ്ങളും. എങ്കിലും ഒരു മുന്നറിയിപ്പ്: ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ നിങ്ങളുടെ ശരീരത്തിൽ കൂടുതൽ സൂര്യപ്രകാശം ഏൽക്കുന്നു. അതിൽ എന്തെങ്കിലും അപകടമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾക്ക് എങ്ങനെ സ്വയം സംരക്ഷിക്കാൻ സാധിക്കും?
“ശരീരത്തിലെ ഏറ്റവും വലിയതും അതുപോലെതന്നെ എളുപ്പത്തിൽ കാണാൻ കഴിയുന്നതുമായ അവയവമാണ് ത്വക്ക്,” ഡോ. ഡബ്ളിയു. മിച്ചെൽ സാംസ്, ജൂനിയർ എഴുതുന്നു. ത്വക്ക്, ശരീരത്തെ ചൂടുള്ളതായി സൂക്ഷിക്കുകയും അതിനെ നിർജലീകരണത്തിൽനിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. തണുപ്പ്, ചൂട്, വേദന, കമ്പനം എന്നിവ അനുഭവിച്ചറിയാൻ നിങ്ങളെ പ്രാപ്തമാക്കുന്നതു ത്വക്കാണ്, അതുപോലെതന്നെ പരുപരുത്തതോ മിനുസമുള്ളതോ ആയ പ്രതലങ്ങൾ തിരിച്ചറിയാനും. അസ്ഥികൾ രൂപംകൊള്ളുന്നതിന് അനിവാര്യമായ വിറ്റാമിൻ ഡി-യുടെ ഉത്പാദനത്തിലും ത്വക്ക് ഒരു സുപ്രധാന പങ്കു വഹിക്കുന്നു. വിറ്റാമിൻ ഡി-യുടെ ഉത്പാദനം നടക്കുന്നതു സൂര്യപ്രകാശത്തിന്റെ സഹായത്താലാണ്.
എന്നാൽ ത്വക്കിൽ അമിതമായി സൂര്യപ്രകാശമടിക്കുന്നതു കൊണ്ട് വലിയ അപകടമുണ്ട്. ഭൂമുഖത്ത് എത്തുന്ന വികിരണത്തിൽ ഇൻഫ്രാറെഡ് കിരണങ്ങളും ദൃശ്യപ്രകാശവും അൾട്രാവയലറ്റ് എ, ബി കിരണങ്ങളും (യുവിഎ-യും യുവിബി-യും) അടങ്ങിയിട്ടുണ്ട്. എന്നാൽ സൂര്യൻ പുറപ്പെടുവിക്കുന്ന കോസ്മിക്ക് കിരണങ്ങളെയും ഗാമാ കിരണങ്ങളെയും എക്സ് കിരണങ്ങളെയും അന്തരീക്ഷം ആഗിരണം ചെയ്യുന്നു. അന്തരീക്ഷത്തിലെ ഓസോൺ പാളി അൾട്രാവയലറ്റ് സി വികിരണത്തെ (യുവിസി) ഫലപ്രദമായി തടഞ്ഞുനിറുത്തുകയും അൾട്രാവയലറ്റ് എ, ബി കിരണങ്ങളിൽ അധികത്തെയും അരിച്ചുമാറ്റുകയും ചെയ്യുന്നു. ഖേദകരമെന്നു പറയട്ടെ, ഈ ഓസോൺ പാളിയുടെ പല ഭാഗങ്ങൾക്കും ശോഷണം സംഭവിച്ചിരിക്കുന്നു. ചില ശീതീകരണ പദാർഥങ്ങളും സ്പ്രേ കാനുകളിലും മറ്റും നിറച്ചിരിക്കുന്ന വാതകങ്ങളും ആണ് പ്രശ്നം ഉണ്ടാക്കുന്നതെന്ന് ഒട്ടേറെ ശാസ്ത്രജ്ഞന്മാർ പറയുന്നു. എന്തുതന്നെയായാലും, വെയിൽ കൊള്ളുന്നത് ആരോഗ്യത്തിനു മുമ്പത്തെക്കാളും അപകടകരമായിക്കൊണ്ടിരിക്കുകയാണ്.
അൾട്രാവയലറ്റ് കിരണങ്ങൾ ശരീരത്തെ കരിവാളിപ്പിക്കുന്നതിനു പുറമേ ത്വക്കിൽ തവിട്ടു നിറത്തിലുള്ള പുള്ളികളും ഉണ്ടാക്കുന്നു. ത്വക്കിൽ തടിപ്പുണ്ടാകുന്നതിനും ത്വക്ക് വരണ്ട് ഉണങ്ങുന്നതിനും ഈ കിരണങ്ങൾ കാരണമാകുന്നു. അൾട്രാവയലറ്റ് കിരണങ്ങൾ ത്വക്കിലെ ഇലാസ്തിക തന്തുക്കളെ ദുർബലമാക്കും. ഇതിന്റെ ഫലമായി ത്വക്ക് അകാലത്തിൽതന്നെ ചുക്കിച്ചുളിയുന്നു. അമിതമായി അൾട്രാവയലറ്റ് കിരണങ്ങൾ ഏൽക്കുന്നത് ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയെ തകരാറിലാക്കുകയും ത്വക്കിൽ വ്രണങ്ങളും അർബുദവും ഉണ്ടാകുന്നതിന് ഇടയാക്കുകയും ചെയ്യുന്നുവെന്നതാണ് ഏറ്റവും വലിയ അപകടം. ഇതിനു പുറമേ, തകരാറു സംഭവിച്ച അല്ലെങ്കിൽ രോഗബാധിതമായ ചർമം നിങ്ങളുടെ സൗന്ദര്യത്തെ ബാധിക്കുകയും ചിലപ്പോൾ അത് അപകർഷതാബോധത്തിനും വിഷാദത്തിനും ഇടയാക്കുകയും ചെയ്യും.
നിങ്ങൾക്ക് എന്തു ചെയ്യാൻ സാധിക്കും?
ചുട്ടുപൊള്ളുന്ന വെയിലത്തായിരിക്കുമ്പോൾ മാത്രമല്ല എല്ലായ്പോഴും ചർമത്തിനു സൂര്യപ്രകാശത്തിൽനിന്നുള്ള സംരക്ഷണം ആവശ്യമാണ്. അതിനായി എന്തു ചെയ്യാൻ സാധിക്കും? സംരക്ഷണം നൽകുന്ന തരം വസ്ത്രങ്ങൾ ധരിക്കുകയും ഏറെ നേരം വെയിൽ കൊള്ളാതിരിക്കുകയും ചെയ്യുന്നതോടൊപ്പം ചില വിദഗ്ധർ നിർദേശിക്കുന്നതുപോലെ സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കാനും കഴിയും. ഫലപ്രദമായ സൺസ്ക്രീൻ ലോഷൻ എങ്ങനെ തിരഞ്ഞെടുക്കാം? നിർമാണ കമ്പനിക്കാർ സൂചിപ്പിച്ചിരിക്കുന്ന സൺ പ്രൊട്ടക്ഷൻ ഫാക്ടർ (എസ്പിഎഫ്) അഥവാ സൂര്യപ്രകാശത്തിൽനിന്നു സംരക്ഷണം നൽകുന്ന ഘടകം എത്രയാണെന്നു നോക്കുക. ഘടകത്തിന്റെ തോത് ഉയരുന്തോറും സംരക്ഷണത്തിന്റെ അളവും വർധിക്കും. ഇരുണ്ട നിറമുള്ളവരെ അപേക്ഷിച്ച് വെളുത്ത നിറമുള്ളവർ ഉയർന്ന എസ്പിഎഫ് നമ്പരുള്ള സൺസ്ക്രീൻ ലോഷനുകൾ ഉപയോഗിക്കണം. മുന്നറിയിപ്പ്: യുവിബി വികിരണത്തിൽനിന്നു മാത്രമേ എസ്പിഎഫ് സംരക്ഷണം നൽകുന്നുള്ളൂ. അതുകൊണ്ട് ബ്രോഡ്-സ്പെക്ട്രം—യുവിഎ വികിരണം ഉൾപ്പെടെ പല തരത്തിലുള്ള വികിരണങ്ങളിൽനിന്നും സംരക്ഷണം നൽകുന്ന—സൺസ്ക്രീൻ ലോഷനുകൾ വാങ്ങാൻ ശ്രമിക്കുക.
കുട്ടികൾ, വിശേഷിച്ചും വെളുത്ത നിറമുള്ളവർ, സൂര്യപ്രകാശത്തോടു കൂടുതൽ സംവേദകത്വം ഉള്ളവർ ആയിരിക്കും. ഇതിനു പുറമേ, മിക്കപ്പോഴും മുതിർന്നവരെക്കാൾ കൂടുതൽ സൂര്യപ്രകാശം ഏൽക്കുന്നതു കുട്ടികൾക്കാണ് എന്ന് ഫോട്ടൂപ്രോട്ടെസൗൻ (പ്രകാശസംരക്ഷണം) എന്ന പ്രസിദ്ധീകരണം പറയുന്നു. 18 വയസ്സുവരെ കുട്ടിയുടെ ചർമത്തെ സൂര്യപ്രകാശത്തിൽനിന്നു സംരക്ഷിക്കാനുള്ള നടപടികൾ എടുക്കുന്നത് അർബുദം വരാനുള്ള സാധ്യത വളരെയധികം കുറയ്ക്കും എന്ന് ഫോട്ടൂപ്രോട്ടെസൗൻ പറയുന്നു.
ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനു സൂര്യപ്രകാശം അത്യന്താപേക്ഷിതമാണ്. മാത്രമല്ല സൂര്യപ്രകാശമുള്ള മനോഹരമായ കാലാവസ്ഥ ആസ്വദിക്കാൻ ആഗ്രഹമില്ലാത്തവരായി ആരുണ്ട്? എന്നാൽ ആരോഗ്യമുള്ള ചെറുപ്പക്കാർ വെയിൽകൊണ്ട് നടക്കുന്നതു കണ്ട് അത് അനുകരിക്കാൻ ശ്രമിക്കരുത്! നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക—അമിതമായി സൂര്യപ്രകാശം ഏൽക്കുന്നതിൽനിന്നു നിങ്ങളുടെ ചർമത്തെ സംരക്ഷിക്കുക.
[23-ാം പേജിലെ ചതുരം]
നിങ്ങളുടെ ചർമത്തെ സംരക്ഷിക്കുക!
1. വെയിലിൽനിന്നും സ്വയം സംരക്ഷിക്കുക, വിശേഷിച്ച് സൂര്യരശ്മികൾ ഏറ്റവും ശക്തമായിരിക്കുന്ന സമയത്ത്, അതായത് രാവിലെ 10:00-നും ഉച്ചകഴിഞ്ഞ് 4:00-നും ഇടയ്ക്ക്.
2. മഴക്കാറുള്ള ദിവസങ്ങളിൽ പോലും യുവിഎ, യുവിബി കിരണങ്ങളിൽനിന്നു സംരക്ഷണം നൽകുന്നതും എസ്പിഎഫ് 15-ഓ അതിലധികമോ ഉള്ളതും ആയ ബ്രോഡ്-സ്പെക്ട്രം സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കുക.
3. വീടിനു പുറത്തായിരിക്കുമ്പോൾ രണ്ടു മണിക്കൂർ ഇടവിട്ട് സൺസ്ക്രീൻ ലോഷൻ പുരട്ടുക, വിശേഷിച്ചും നീന്തുകയോ വിയർക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ.
4. സൂര്യപ്രകാശത്തിൽനിന്നു സംരക്ഷണം നൽകുന്ന, ഇഴയടുപ്പമുള്ള വസ്ത്രങ്ങൾ ധരിക്കുക. ഇരുണ്ട നിറങ്ങൾ കൂടുതൽ സംരക്ഷണം നൽകുന്നു.
5. വിളുമ്പിന് പത്തു സെന്റിമീറ്ററെങ്കിലും വീതിയുള്ള തൊപ്പി വെക്കുക, അതുപോലെ അൾട്രാവയലറ്റ് കിരണങ്ങളിൽനിന്നു സംരക്ഷണം നൽകുന്ന ലെൻസുകളുള്ള സൺഗ്ലാസുകളും.
6. സാധ്യമാകുമ്പോഴൊക്കെ തണലത്തു നിൽക്കുക.
7. ഹാനികരമായ സൂര്യകിരണങ്ങളിൽ അധികവും പ്രതിഫലിപ്പിക്കുന്ന വെള്ളം, മണൽ, ഹിമം എന്നിങ്ങനെയുള്ള പ്രതലങ്ങൾ ഒഴിവാക്കുക.
[കടപ്പാട്]
(അമേരിക്കൻ അക്കാഡമി ഓഫ് ഡെർമറ്റോളജി പ്രസിദ്ധീകരിച്ച സ്കിൻ സേവിയെ ആധാരമാക്കിയുള്ളത്)
[23-ാം പേജിലെ ചിത്രം]
നിങ്ങളുടെ ത്വക്ക് സംരക്ഷിക്കുക, ഒപ്പം ആരോഗ്യവും സൗന്ദര്യവും
സൂര്യകിരണങ്ങൾ പ്രതിഫലിപ്പിക്കുന്ന പ്രതലങ്ങൾക്ക് അരികിൽ ആയിരിക്കുമ്പോൾ കൂടുതലായ കരുതൽ വേണം