സിഡ്നി—ജീവസ്സുറ്റ ഒരു തുറമുഖ നഗര
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
“ഓസ്ട്രേലിയയിലെ സിഡ്നി” എന്നു കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് എന്താണ്? തുറമുഖത്തിന്റെ ഓരം ചേർന്നു സ്ഥിതി ചെയ്യുന്ന അനുപമമായ ഓപ്പെറാ ഹൗസിന്റെ ചിത്രമാണോ? ഒരു പായ്ക്കപ്പലിന്റെ, കാറ്റു പിടിച്ചു നിൽക്കുന്ന പായുടെ ആകൃതിയിലോ അല്ലെങ്കിൽ ഭീമാകാരമായ ശംഖിന്റെ ആകൃതിയിലോ ഉള്ള മേൽക്കൂരകളോടു കൂടിയ ആ അതുല്യമായ സംഗീതനാടകശാലയുടെ ചിത്രം? ഒരുപക്ഷേ നിങ്ങൾക്കു താത്പര്യമുള്ള വിഷയമായതു കൊണ്ട് നിങ്ങളുടെ മനോമുകുരത്തിൽ തെളിഞ്ഞുവന്നത് ആ മനോഹരമായ ചിത്രം തന്നെ ആയിരുന്നിരിക്കാം.
സിഡ്നിയെ—ഓസ്ട്രേലിയയുടെ കവാട നഗരം—ലോകത്തിലെ ഏറ്റവും അത്യാകർഷകമായ നഗരങ്ങളിൽ ഒന്നായാണ് അനേകരും കണക്കാക്കുന്നത്. ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിലെ ഏറ്റവും ജനപ്പെരുപ്പമുള്ള സംസ്ഥാനമായ ന്യൂ സൗത്ത് വെയിൽസിന്റെ തലസ്ഥാനമാണു സിഡ്നി. എന്നാൽ, ഓസ്ട്രേലിയയുടെ തലസ്ഥാനം കാൻബെറയാണ്. അത് സിഡ്നിക്കും മെൽബണിനും ഇടയ്ക്ക് ഏകദേശം പാതിവഴിയിലാണു സ്ഥിതി ചെയ്യുന്നത്.
സിഡ്നിക്കാർ—സിഡ്നിസൈഡേഴ്സ് എന്നു വിളിക്കപ്പെടാനാണ് അവർക്ക് ഇഷ്ടം—പൊതുവെ സൗഹൃദമനസ്കരും ഒരു ഒഴുക്കൻ മട്ടിലുള്ള ജീവിതം നയിക്കുന്നവരും ആണ്. ജനപ്രീതിയാർജിച്ച ഗാനങ്ങളിൽ മിക്കപ്പോഴും “സിഡ്നി ടൗൺ” എന്നു പരാമർശിക്കപ്പെട്ടിരിക്കുന്ന സിഡ്നിയെ ശ്രദ്ധേയമാക്കുന്നത് ചുരുങ്ങിയത് മൂന്നു മുഖ്യ സവിശേഷതകളാണ്: (1) ആഴമേറിയ ഒരു പ്രകൃതിദത്ത തുറമുഖം, (2) ആരുടെയും മനം കവരുന്ന, ഒറ്റ സ്പാൻ മാത്രമുള്ള ഒരു തുറമുഖ പാലം, കൂടാതെ (3) അനുപമമായ ഒരു സംഗീതനാടകശാലയും.
മിതോഷ്ണ കാലാവസ്ഥയാണ് ഇവിടത്തേത്. ഏറ്റവും ചൂടുള്ള മാസമായ ഫെബ്രുവരിയിൽ ശരാശരി താപനില 22 ഡിഗ്രി സെൽഷ്യസ് ആണ്. ജൂലൈ ആണ് ഏറ്റവും തണുപ്പുള്ള മാസം, അപ്പോഴത്തെ ശരാശരി താപനില 12 ഡിഗ്രി സെൽഷ്യസും. ഓസ്ട്രേലിയയിൽ എപ്പോൾ വേണമെങ്കിലും മഴ പെയ്യാം. അതു മുൻകൂട്ടി പ്രവചിക്കുക ബുദ്ധിമുട്ടാണ്. എന്നാൽ സിഡ്നിയിൽ ഓരോ വർഷവും ശരാശരി 1,140 മില്ലിമീറ്റർ മഴ ലഭിക്കുന്നു, ഇതിൽ ഭൂരിഭാഗവും വേനൽക്കാല മാസങ്ങളിലാണ് (ഡിസംബർ മുതൽ മാർച്ച് വരെ) കിട്ടുന്നത്.
വരും മാസങ്ങളിൽ സിഡ്നിയെ കുറിച്ചു നിങ്ങൾ ധാരാളമായി കേൾക്കും. കാരണം 2000-ാം ആണ്ടിലെ ഒളിമ്പിക് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള നറുക്കു വീണിരിക്കുന്നത് ഈ നഗരത്തിനാണ്.
ആദ്യം ശിക്ഷാകോളനി, ഇപ്പോൾ തഴച്ചുവളരുന്ന നഗരം
ലോകപ്രസിദ്ധങ്ങളായ മറ്റു പല നഗരങ്ങളോടുമുള്ള താരതമ്യത്തിൽ സിഡ്നി നന്നേ ചെറുപ്പമാണ്. കാരണം, അതിന്റെ ചരിത്രം ആരംഭിക്കുന്നത് വെറും 200 വർഷം മുമ്പ് 1770-ലാണ്. ബ്രിട്ടീഷ് പര്യവേക്ഷകനായ ക്യാപ്റ്റൻ ജെയിംസ് കുക്ക് ബോട്ടണി ഉൾക്കടലിന്റെ തീരത്തു കപ്പലിറങ്ങിയത് ആ സമയത്താണ്. ഈ സംഭവം ചരിത്രത്തിന്റെ ഏടുകളിൽ സ്ഥാനം പിടിച്ചു. (ബോട്ടണി ഉൾക്കടലിന്റെ വടക്കേ തീരത്താണ് ഇപ്പോൾ സിഡ്നിയിലെ അന്തർദേശീയ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.) അവിടെ നിന്ന് ഏതാനും കിലോമീറ്റർ വടക്കോട്ടു സഞ്ചരിച്ച അദ്ദേഹം ആഴമേറിയ ഒരു പ്രകൃതിദത്ത തുറമുഖം ഒഴിവാക്കി കടന്നുപോയി. പോർട്ട് ജാക്സൺ എന്ന് അദ്ദേഹം പേരിട്ട ആ തുറമുഖത്തേക്കു ചെല്ലണമായിരുന്നെങ്കിൽ രണ്ടു മുനമ്പുകൾക്കിടയിലൂടെ കടന്നു പോകണമായിരുന്നു.
പിന്നീട് 1788-ൽ, ഇംഗ്ലണ്ടിൽ നിന്നും ഗവർണർ ആർതർ ഫിലിപ്പ് ബോട്ടണി ഉൾക്കടലിൽ എത്തിച്ചേർന്നു. ബ്രിട്ടീഷുകാരായ കുറ്റവാളികളെയും വഹിച്ചു കൊണ്ടുള്ള ആദ്യത്തെ കപ്പൽവ്യൂഹവുമായി എത്തിയ അദ്ദേഹം അതിന്റെ തീരത്ത് ഒരു ചെറിയ ഗ്രാമം സ്ഥാപിക്കാൻ ആകുമോ എന്നു പരിശോധിക്കുകയുണ്ടായി. എന്നാൽ അവിടം അതിനു പറ്റിയതല്ല എന്ന് അദ്ദേഹം കണ്ടെത്തി. അതുകൊണ്ട്, അനുയോജ്യമായ ഒരിടം തേടി അദ്ദേഹം മൂന്നു തുറന്ന ബോട്ടുകളുമായി വടക്കോട്ടു സഞ്ചരിച്ചു.
ഏതാനും കിലോമീറ്ററേ അദ്ദേഹത്തിനു യാത്ര ചെയ്യേണ്ടി വന്നുള്ളൂ. അപ്പോഴേക്കും—കുക്ക് ഒഴിവാക്കി കടന്നു പോയ—അമ്പരപ്പിക്കും വിധം ആഴമേറിയതും വിശാലവുമായ ആ ഉൾക്കടൽ അദ്ദേഹം കണ്ടെത്തി. ഇംഗ്ലണ്ടിലെ ആഭ്യന്തര സെക്രട്ടറി ആയിരുന്ന സിഡ്നി പ്രഭുവിന് അയച്ച പ്രസിദ്ധമായ ഒരു അടിയന്തിര സന്ദേശത്തിൽ, പോർട്ട് ജാക്സണെ കുറിച്ചുള്ള തന്റെ ധാരണകൾ അദ്ദേഹം എഴുതുകയുണ്ടായി: “ഞങ്ങൾക്ക് . . . ലോകത്തിലെ ഏറ്റവും മികച്ച തുറമുഖം കണ്ടെത്താൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ട്. ഒരായിരം പടക്കപ്പലുകൾക്ക് പൂർണ സുരക്ഷിതത്വത്തോടെ ഇവിടെ അണിനിരക്കാൻ കഴിയും.” സിഡ്നി പ്രഭുവിനോടുള്ള ആദരസൂചകമായി ഫിലിപ്പ് ആ കടലിടുക്കിനു സിഡ്നി കടലിടുക്ക് എന്നു പേരിട്ടു. അവിടെ അദ്ദേഹം ആദ്യത്തെ ചെറിയ ഗ്രാമം സ്ഥാപിക്കുകയും ചെയ്തു. സിഡ്നി എന്ന ആ പേര് ഇന്നോളം നിലനിന്നിരിക്കുന്നു.
കപ്പലിൽ ഉണ്ടായിരുന്ന പുരുഷന്മാരായ എല്ലാ കുറ്റവാളികളെയും അവിടെ ഇറക്കി. എന്നിട്ട്, അവരെക്കൊണ്ട് ആ പ്രദേശം ഉടനടി വെട്ടിത്തെളിപ്പിച്ചു. താമസിക്കാനായി പ്രാകൃത രീതിയിലുള്ള പാർപ്പിടങ്ങളും കെട്ടിപ്പൊക്കി. കുറ്റവാളികളോടൊപ്പം അവരുടെ ഭാര്യമാരും കുട്ടികളും ഉണ്ടായിരുന്നു. ജന്മനാട്ടിൽ നിന്ന് ആയിരക്കണക്കിനു കിലോമീറ്ററുകൾ അകലെ, ബലാത്കാരേണ എത്തപ്പെട്ട അവർക്കു തങ്ങളുടെ ഈ പുതിയ “വീടിനോട്” ആകുന്നത്ര ഇണങ്ങിച്ചേരേണ്ടതുണ്ടായിരുന്നു. അടുത്ത 20 വർഷത്തേക്ക് ആ ചെറിയ ഗ്രാമത്തിൽ താത്കാലിക കൂടാരങ്ങളും പാർപ്പിടങ്ങളും—ഇവയിൽ പലതും കുടിലുകളോ ചെറ്റപ്പുരകളോ ആയിരുന്നു താനും—മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടക്കത്തിൽ ഇതു കേവലമൊരു ശിക്ഷാകോളനി മാത്രമായിരിക്കാനാണ് ഉദ്ദേശിക്കപ്പെട്ടിരുന്നത് എന്നതായിരുന്നു കാരണം. എന്നാൽ, 1810-ൽ ഗവർണർ ലാക്ലാൻ മക്വാരി സിഡ്നിയിൽ എത്തിച്ചേർന്നു. അദ്ദേഹത്തിന്റെ പതിനൊന്നു വർഷ ഉദ്യോഗ കാലം ആ കോളനിയുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു.
ഒരു നഗരം രൂപമെടുക്കുന്നു
മക്വാരിയുടെ നിർദേശാനുസരണം, ഇംഗ്ലണ്ടിൽ നിന്ന് അദ്ദേഹത്തെ അനുഗമിച്ചിരുന്ന ഒരു വാസ്തുശിൽപ്പിയും ശിക്ഷാവിമുക്തനാക്കപ്പെട്ട ഒരു കുറ്റവാളിയും ചേർന്ന്—ഇദ്ദേഹവും ഒരു വാസ്തുശിൽപ്പി ആയിരുന്നു—സിഡ്നിയിലും പരിസരത്തുമായി ധാരാളം കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്യുകയുണ്ടായി. ഇത് ശിക്ഷാകോളനിയിൽ പാർത്തിരുന്നവർക്ക് തങ്ങൾ അവിടെ സ്ഥിരതാമസമാക്കാൻ പോകുകയാണ് എന്ന പ്രതീതി ഉളവാക്കി. കുറ്റവാളികൾ ധാരാളമുണ്ടായിരുന്നതിനാൽ തൊഴിലാളികൾക്കു യാതൊരു പഞ്ഞവും ഇല്ലായിരുന്നു. അതു കൂടാതെ, കെട്ടിട നിർമാണത്തിനു തികച്ചും അനുയോജ്യമായ മണൽക്കല്ലുകൾ അവിടെ സമൃദ്ധമായി ഉണ്ടായിരുന്നു.
ബോട്ടണി ഉൾക്കടലിലെ സ്ത്രീകൾ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ പോർട്ടിയ റോബിൻസൺ, കോളനിക്കു പൊടുന്നനെ ഉണ്ടായ മാറ്റത്തെ വർണിച്ചു കൊണ്ട് ഇങ്ങനെ എഴുതി: “മക്വാരി ദശാബ്ദത്തിന്റെ [1810-21] അവസാന വർഷങ്ങളിൽ ന്യൂ സൗത്ത് വെയിൽസിൽ എത്തിച്ചേർന്ന സന്ദർശകരും സ്വതന്ത്ര കുടിയേറ്റക്കാരും അധികൃതരും പട്ടാളക്കാരും കുറ്റവാളികൾ പോലും അവിടത്തെ ‘സംസ്കാരം’ കണ്ടിട്ട് അമ്പരന്നു പോയി. കോളനിയെ കുറിച്ച് ബ്രിട്ടീഷുകാർക്കു പൊതുവെ ഉണ്ടായിരുന്ന ധാരണയിൽ നിന്നു തികച്ചും വ്യത്യസ്തമായ ഒരു ചിത്രമാണ് അവർ അവിടെ കണ്ടത്. വിഷയാസക്തിയും മദ്യപാനവും കുത്തഴിഞ്ഞ ജീവിതരീതിയും പ്രതീക്ഷിച്ചു വന്ന അവർ അതിശയിച്ചു പോയി. കുടിലുകൾക്കും ചെറ്റപ്പുരകൾക്കും പകരം ‘ഹാനോവർ സ്ക്വയർ അലങ്കരിക്കാൻ പറ്റിയ വലിയ ബംഗ്ലാവുകൾ . . . ഓക്സ്ഫോർഡ് സ്ട്രീറ്റിന്റെ അത്ര നീളം വരുന്ന തെരുവുകൾ’, പ്രൗഢഗംഭീരമായ പള്ളികൾ, പൊതു കെട്ടിടങ്ങൾ, നിരത്തുകൾ, പാലങ്ങൾ, കടകൾ, എല്ലാ തരത്തിലുമുള്ള വ്യാപാരങ്ങൾ, തൊഴിലാളികൾക്കു താമസിക്കാൻ നല്ല വൃത്തിയുള്ള കൊച്ചുവീടുകൾ, സമ്പന്നർ സഞ്ചരിക്കുന്ന കുതിരവണ്ടികൾ എന്നിവയാണ് അവർ കണ്ടത് . . . ‘കുറ്റവാളികളുടെ ഒരു കോളനിയായിരുന്നു അത് എന്ന് ആരും പറയില്ലായിരുന്നു’.”
അങ്ങനെ 1821-ൽ ഗവർണർ മക്വാരി മടങ്ങിപ്പോയ സമയമായപ്പോഴേക്കും, സർക്കാർ വക കെട്ടിടങ്ങളും പൊതു കെട്ടിടങ്ങളും കൂടാതെ മണൽക്കല്ലു കൊണ്ടു പണിത 59 കെട്ടിടങ്ങളും ഇഷ്ടിക കൊണ്ടുണ്ടാക്കിയ 221 കെട്ടിടങ്ങളും മരം കൊണ്ടു നിർമിച്ച 773 വീടുകളും സിഡ്നിയിൽ ഉണ്ടായിരുന്നു. ഇന്ന് ഏകദേശം 40 ലക്ഷം പേർ പാർക്കുന്ന സിഡ്നി നഗരം, കോളനിയുടെ ആദ്യകാല ഗവർണർമാരുടെ അസാധാരണമായ ദീർഘവീക്ഷണത്തിനും കുറ്റവാളികളുടെയും സ്വതന്ത്ര കുടിയേറ്റക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും രൂപകൽപ്പനാ ചാതുര്യത്തിനും ഒരു മകുടോദാഹരണമായി നിലകൊള്ളുന്നു.
സിഡ്നിയുടെ ‘ഗംഭീരവും വിശാലവുമായ തുറമുഖം’
പോർട്ട് ജാക്സണെ സിഡ്നിക്കാർ സാധാരണ സിഡ്നി തുറമുഖം എന്നാണു പറയാറുള്ളത് എങ്കിലും ശരിക്കുള്ള തുറമുഖം മൂന്നു ഭാഗങ്ങൾ ചേർന്ന് ഉണ്ടായതാണ്—മധ്യ തുറമുഖം, വടക്കേ തുറമുഖം, സിഡ്നി തുറമുഖം. പാരാമാറ്റാ, ലെയ്ൻ കോവ് നദികൾ തുറമുഖത്തെ വെള്ളവും വഹിച്ചുകൊണ്ടു നഗരപ്രാന്തങ്ങളുടെ ഉള്ളിലേക്കു ഒഴുകുന്നു.
സിഡ്നി തുറമുഖം ലോകത്തിലെ ഏറ്റവും മികച്ച പ്രകൃതിദത്ത തുറമുഖങ്ങളിൽ ഒന്നാണ്. മണൽപ്പാറകൾ നിറഞ്ഞ, നിരപ്പല്ലാത്ത അതിന്റെ തീരം 240 കിലോമീറ്റർ നീളത്തിൽ കാണാം. തുറമുഖ കവാടം മുതൽ പാരാമാറ്റാ നദി തുറമുഖ വെള്ളവുമായി കൂടിക്കലരുന്നതു വരെയുള്ള ദൂരം നേർരേഖയിൽ അളന്നാൽ 19 കിലോമീറ്ററാണ്. അതിന്റെ മൊത്ത ജലോപരിതല വിസ്തീർണം 54 ചതുരശ്ര കിലോമീറ്ററാണ്. തീരത്തോടു ചേർന്നുള്ള ഭാഗത്തിനു നല്ല ആഴമുണ്ട് എന്നതാണ് ഈ തുറമുഖത്തിന്റെ ഒരു പ്രമുഖ സവിശേഷത. ഏറ്റവും ആഴമേറിയ സ്ഥാനത്തിന് ഏകദേശം 47 മീറ്റർ താഴ്ചയുണ്ട്. പസിഫിക് സമുദ്രത്തിൽ നിന്നും ഈ തുറമുഖത്തേക്കു വരാൻ കുത്തനെ നിൽക്കുന്ന രണ്ടു മുനമ്പുകൾക്ക് ഇടയിലൂടെ കടക്കേണ്ടതുണ്ട്. നോർത്ത് ഹെഡ് എന്നും സൗത്ത് ഹെഡ് എന്നും അറിയപ്പെടുന്ന ഈ മുനമ്പുകൾ തമ്മിൽ രണ്ടു കിലോമീറ്റർ അകലമേയുള്ളൂ. തുറമുഖത്തിന്റെ യഥാർഥ വലിപ്പം മനസ്സിലാകണമെങ്കിൽ അതിന്റെ ഉള്ളിൽ കടന്നേ പറ്റൂ. ക്യാപ്റ്റൻ കുക്ക് ഈ തുറമുഖം കൂടുതൽ വിശദമായി പര്യവേക്ഷണം നടത്താൻ തുനിയാഞ്ഞതിന്റെ കാരണം ഇതിൽ നിന്നു മനസ്സിലാക്കാനാകും. അത് കേവലം മറ്റൊരു ഉൾക്കടൽ ആണെന്നാണ് അദ്ദേഹം കരുതിയത്.
1788-ൽ ഗവർണർ ഫിലിപ്പ് സിഡ്നി തുറമുഖത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടു: ‘വിസ്തൃതിയുടെയും സുരക്ഷിതത്വത്തിന്റെയും കാര്യത്തിൽ ഈ തുറമുഖം ഞാൻ ഇന്നുവരെ കണ്ടിട്ടുള്ള ഏതൊന്നിനെയും കടത്തിവെട്ടുന്നതാണ്. ഏറ്റവും വലിയ കപ്പലുകൾക്കു പോലും കടന്നു വരാൻ പറ്റുന്ന അത്രയും ആഴവും, പൂർണ സുരക്ഷിതത്വത്തിൽ എത്ര കപ്പലുകൾക്കു വേണമെങ്കിലും നങ്കൂരമിടാനുള്ള സ്ഥലസൗകര്യവും ഉള്ള ഗംഭീരവും വിശാലവുമായ ഒരു തുറമുഖം ആണ് അത് എന്നതിനോട് എന്റെ കൂടെ ഉണ്ടായിരുന്ന ഏറ്റവും അനുഭവപരിചയമുള്ള നാവികർ പൂർണമായി യോജിക്കുകയുണ്ടായി.’
സിഡ്നി തുറമുഖ പാലം—ഒരു എൻജിനീയറിങ് വിസ്മയം
1815-ൽ തന്നെ, തുറമുഖത്തിന്റെ വടക്കേ തീരത്തെയും തെക്കേ തീരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഗൗരവമായി ചിന്തിക്കുകയുണ്ടായി. എന്നാൽ രേഖകളിൽ കാണുന്ന, പാലത്തിന്റെ ഏറ്റവും ആദ്യത്തെ ചിത്രം 1857-ൽ വരച്ചതാണ്. തുറമുഖത്തിന്റെ തെക്കുവശത്തുള്ള ഡൗസ് പോയിന്റിനെ വടക്കുവശത്തുള്ള മിൽസൺസ് പോയിന്റുമായി ബന്ധിപ്പിക്കുന്ന ഈ പാലം, ആദ്യ ചിത്രത്തിൽ നിർദേശിച്ചിരുന്ന അതേ സ്ഥാനത്തു തന്നെ ആണു നിർമിച്ചിരിക്കുന്നത്! ഒറ്റ സ്പാൻ മാത്രമുള്ള, ലോകത്തിലെ ഏറ്റവും നീളമേറിയ പാലങ്ങളിൽ ഒന്നാണ് ഇത്. ഇതിന്റെ പണി പൂർത്തിയാകുന്നതിന് ഒമ്പതു വർഷം എടുത്തു. പാലം പണിക്കു ചെലവായത് ഏകദേശം രണ്ടു കോടി ഓസ്ട്രേലിയൻ ഡോളറാണ്—1930-കളുടെ തുടക്കത്തിലെ സാമ്പത്തിക മാന്ദ്യം കണക്കിലെടുക്കുമ്പോൾ ഇത് ഒരു ഭീമമായ സംഖ്യ തന്നെയാണ്. 1932 മാർച്ച് 19-ാം തീയതി പാലം ഔദ്യോഗികമായി ഗതാഗതത്തിനു തുറന്നു കൊടുത്തു.
പാലത്തിന്റെ മധ്യത്തിലുള്ള പടുകൂറ്റൻ ആർച്ചിന്റെ നീളം 503 മീറ്ററാണ്. അതിന്റെ മുകൾഭാഗം ജലോപരിതലത്തിൽ നിന്നു 134 മീറ്റർ ഉയരത്തിലാണ്. പാലത്തിന്റെ പ്ലാറ്റ്ഫോം ജലോപരിതലത്തിൽ നിന്ന് ഏകദേശം 50 മീറ്റർ ഉയരത്തിലാണ്. അതിനാൽ ഏറ്റവും വലിയ കപ്പലുകൾക്കും അതിനടിയിലൂടെ സുരക്ഷിതമായി കടന്നുപോകാൻ കഴിയും. പാലത്തിലുള്ള റോഡ്വേയ്ക്കു 49 മീറ്റർ വീതിയുണ്ട്. അതിൽ ആദ്യം ഒരു ഇരട്ട-വരി റെയിൽപ്പാത, ഒരു ഇരട്ട-വരി ട്രാം പാത, മറ്റു വാഹനങ്ങൾക്കു സഞ്ചരിക്കുന്നതിന് ആറു ലെയ്നുകൾ ഉള്ള നിരത്ത്, രണ്ടു നടപ്പാതകൾ എന്നിവ ഉണ്ടായിരുന്നു. 1959-ൽ ട്രാമുകൾക്കു പകരം ബസുകൾ സിഡ്നിയിൽ ഓടിത്തുടങ്ങി. അങ്ങനെ ട്രാം പാതകൾ ബസുകൾക്കും മറ്റും സഞ്ചരിക്കാവുന്ന ലെയ്നുകളായി മാറ്റപ്പെട്ടു. ഇപ്പോൾ അവിടെ കാറുകൾക്കും ബസുകൾക്കും ട്രക്കുകൾക്കുമായി എട്ടു ലെയ്നുകൾ ആണുള്ളത്. കരയിലേക്കു വ്യാപിച്ചു കിടക്കുന്ന പാലത്തിന്റെ ഭാഗങ്ങൾ (approach spans) ഉൾപ്പെടെ അതിന്റെ മൊത്തം നീളം 1149 മീറ്ററാണ്.
1980-കൾ ആയപ്പോഴേക്കും പാലത്തിലെ റോഡ് ഗതാഗതം വളരെ വർധിച്ചതിനാൽ, തുറമുഖത്തിനു കുറുകെ വേറൊരു ഗതാഗത മാർഗം തുറക്കുന്നതിനെ കുറിച്ച് ആലോചിക്കുകയുണ്ടായി. ഇത്തവണ പക്ഷേ, ജലത്തിനടിയിലൂടെ ഒരു മാർഗം തുറക്കുന്നതാണ് കൂടുതൽ പ്രായോഗികം എന്നു തോന്നി. അങ്ങനെ, 1992 ആഗസ്റ്റിൽ, നാലു ലെയ്നുകളുള്ള ഒരു തുറമുഖ തുരങ്കം പ്രവർത്തനക്ഷമമായി.
പാലത്തിലൂടെ നടന്നു നീങ്ങവെ ഒരുവന് സിഡ്നിയുടെ മനോഹാരിത വിശാലമായി ആസ്വദിക്കാനാകും. തുറമുഖത്തിന്റെ വടക്കുവശത്തുള്ള വൃക്ഷനിബിഢമായ ചെരുവുകളിൽ ആണ് ടാരോങ്കാ ജന്തുശാസ്ത്ര പാർക്ക് സ്ഥിതി ചെയ്യുന്നത്. തുറമുഖത്തിന്റെ മറ്റേ വശത്ത്, പാലത്തിന് ഏകദേശം അടിയിലായി ബെന്നലോങ്ങ് പോയന്റിൽ, സിഡ്നിയുടെ മുഖമുദ്രകളിൽ ഒന്നായ സംഗീതനാടകശാല തലയുയർത്തി നിൽക്കുന്നു.
സിഡ്നിയുടെ തുറമുഖത്തെ രത്നം
“ബെന്നലോങ്ങ് പോയന്റിലെ രത്നം” എന്നാണു സിഡ്നി ഓപ്പെറാ ഹൗസിനെ വർണിച്ചിട്ടുള്ളത്. അതിന്റെ മൂന്നു വശങ്ങളിലും സിഡ്നി തുറമുഖത്തെ നീല നിറത്തിലുള്ള ജലം പരന്നു കിടക്കുന്നു. പകലോന്റെ ഉജ്ജ്വല കിരണങ്ങളേറ്റ് അത് ഒരു രത്നം പോലെ ശോഭിക്കും. രാത്രിയിൽ സംഗീതനാടകശാലയിലെ ദീപങ്ങൾ തെളിയുമ്പോൾ, ആ പ്രഭാപൂരത്തിൽ ഗോഥിക് വാസ്തുശിൽപ്പ മാതൃകയെ അനുസ്മരിപ്പിക്കുന്ന ശംഖിന്റെ ആകൃതിയിലുള്ള അതിന്റെ മേൽക്കൂരകൾ വെട്ടിത്തിളങ്ങും.
എ വിഷൻ ടേക്ക്സ് ഫോം എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ, ഈ സംഗീതനാടകശാല കാണുന്ന ഒരാൾക്ക് അതിനെപ്പറ്റി എന്തു തോന്നുമെന്നു വർണിച്ചിരിക്കുന്നു: “പ്രകാശത്തിലോ ഒരുവൻ വീക്ഷിക്കാനായി നിൽക്കുന്ന സ്ഥലത്തിനോ സംഭവിക്കുന്ന ഓരോ ചെറിയ വ്യതിയാനവും സിഡ്നി ഓപ്പെറാ ഹൗസിനു തികച്ചും പുതിയ രൂപങ്ങൾ നൽകുന്നു. ഈ സവിശേഷത അധികം കെട്ടിടങ്ങൾക്കില്ല . . . പുലർകാല മൂടൽമഞ്ഞോ അസ്തമയസൂര്യന്റെ തങ്കരശ്മികളോ അതിന്റെ ശംഖാകൃതിയിലുള്ള മേൽക്കൂരകൾ ഇതിഹാസങ്ങളിലെ മല്ലന്മാരുടെ ശിരസ്ത്രങ്ങൾ പോലെ വെട്ടിത്തിളങ്ങാൻ ഇടയാക്കുന്നു.”
യോൺ ഉട്ട്സോൺ എന്ന ഡാനിഷ് വാസ്തുശിൽപ്പിയുടെ മനസ്സിൽ വിരിഞ്ഞ ഡിസൈനാണ് ഈ സംഗീതനാടകശാലയുടേത്. രാജ്യാന്തരമായി 200-ലധികം പേർ പങ്കെടുത്ത മൽസരത്തിൽ നിന്നാണ് അവസാനം ഉട്ട്സോണിന്റെ ഡിസൈൻ തിരഞ്ഞെടുത്തത്. എന്നാൽ അദ്ദേഹത്തിന്റെ ഡിസൈന്റെ വിവിധ വശങ്ങൾ അപ്രായോഗികമാണെന്നും അവയ്ക്കു ഗണ്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട് എന്നും നിർണയിക്കപ്പെട്ടു.
ലണ്ടനിലെ ആർക്കിടെക്റ്റ്സ് ജേർണൽ “ഒരു ഗംഭീര കാൽപ്പനിക ശിൽപ്പവേലയുടെ മകുടോദാഹരണം” എന്നാണ് ഇതിനെ വർണിച്ചത്. എന്നിരുന്നാലും, ഈ സ്വപ്നം ഒരു യാഥാർഥ്യം ആക്കാൻ ശ്രമിക്കവെ എൻജിനീയറിങ്ങുമായി ബന്ധപ്പെട്ട ഹിമാലയ സമാനമായ പല വിഷമതകളെയും നേരിടേണ്ടിവന്നു. എഞ്ചിനീയർമാരിൽ രണ്ടുപേരായ സർ ഓവ് ആരുപും ജാക്ക് സുൺസും ഇങ്ങനെ പറഞ്ഞു: “നിർമാണ പ്രവർത്തനത്തിലെ ഒരു സാഹസമാണ് സിഡ്നി ഓപ്പെറാ ഹൗസ് . . . അങ്ങേയറ്റം അസാധാരണമായ ചുറ്റുപാടുകളിൽ ആണ് ഇതു നിർമിച്ചുകൊണ്ടിരിക്കുന്നത്, മാത്രമല്ല, നിർമാണത്തിന് ഇടയ്ക്കു പൊന്തിവരുന്ന പ്രശ്നങ്ങൾ വളരെയേറെ ബുദ്ധിമുട്ടുള്ളവയുമാണ്. ഇക്കാരണങ്ങളാൽ പുതിയ വിദ്യകൾ വികസിപ്പിച്ചെടുക്കുന്നതിന് . . . ഇത് അതുല്യമായ അവസരങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. പരമ്പരാഗതമായ പാലങ്ങളും മറ്റും നിർമിക്കുന്നതിന് ഇവയിൽ പലതും ഉപയോഗപ്പെടുത്തി വരുന്നു.”
സംഗീതനാടകശാലയുടെ നിർമാണത്തിന് ആകെ 70 ലക്ഷം ഓസ്ട്രേലിയൻ ഡോളർ ചെലവു വരുമെന്നാണ് ആദ്യം കണക്കാക്കിയത്. എന്നാൽ 1973-ൽ അതിന്റെ പണി തീർന്നപ്പോഴേക്കും, അതിന്റെ നിർമാണ ചെലവ് 10.2 കോടി ഡോളർ ആയി കുതിച്ചുയർന്നിരുന്നു!
സംഗീതനാടകശാലയുടെ ഉള്ളിൽ
സംഗീതനാടകശാലയിലെ കാണികൾക്കുള്ള വിശ്രമമുറിയിൽ പ്രവേശിക്കവെ, ശംഖാകൃതിയിലുള്ള മേൽക്കൂരയുടെ വായ്ഭാഗത്തു വെച്ചിരിക്കുന്ന ഇരട്ടപ്പാളി ചില്ലിലൂടെ സൂര്യപ്രകാശം അരിച്ചിറങ്ങുന്നതു ഞങ്ങൾ നിരീക്ഷിക്കുന്നു. ഫ്രാൻസിൽ നിർമിച്ച പ്രത്യേക തരം ചില്ലുകൊണ്ട്—മൊത്തം 6225 ചതുരശ്ര മീറ്റർ—ആ കെട്ടിടം ആവരണം ചെയ്തിരിക്കുന്നു. അടുത്തതായി, ഞങ്ങൾ സംഗീതശാലയിൽ പ്രവേശിക്കുന്നു. 2,690 ഇരിപ്പിടങ്ങളുള്ള ആ ഹാളിന്റെ പിൻഭാഗത്തു നിന്നുകൊണ്ടു സ്റ്റേജിലേക്കു നോക്കവെ, 10,500 പൈപ്പുകൾ ഉള്ള ലോകത്തിലെ ഏറ്റവും വലിയ മെക്കാനിക്കൽ ട്രാക്കർ ഓർഗൻ കാണുന്നതു ഞങ്ങളിൽ മതിപ്പുളവാക്കുന്നു.a സംഗീതശാലയുടെ മച്ച് 25 മീറ്റർ ഉയരത്തിൽ ആയതിനാൽ ആ ഹാളിന്റെ ഉൾവശത്തിന് 26,400 ഘനമീറ്റർ വ്യാപ്തമുണ്ട്. “ഇതു നിമിത്തം, രണ്ടു സെക്കൻഡു നേരത്തെ അനുരണന സമയം ലഭിക്കുന്നു. അങ്ങനെ, ഇമ്പമധുരമാർന്ന സിംഫണി സംഗീതധാര അവിടമാകെ അലയടിക്കുന്നു” എന്ന് ഒരു ഔദ്യോഗിക ഗൈഡ് പറയുന്നു.
സംഗീത നാടകം, സിംഫണി കച്ചേരികൾ, ബാലേ നൃത്തങ്ങൾ, സിനിമകൾ, ഏകാത്മക കലാപ്രകടനങ്ങൾ, നാടകം, ചേംബർ മ്യൂസിക്, പ്രദർശനങ്ങൾ, സമ്മേളനങ്ങൾ എന്നിവ നടത്തുന്നതിനായി രൂപകൽപ്പന ചെയ്യപ്പെട്ട മറ്റു മൂന്നു ഓഡിറ്റോറിയങ്ങളും കാഴ്ചക്കാരിൽ മതിപ്പുളവാക്കാൻ പോന്നവയാണ്. സംഗീതനാടകശാല കെട്ടിടത്തിൽ റെസ്റ്ററന്റുകളും, ഡ്രെസ്സിങ് റൂമുകളും മറ്റു സൗകര്യങ്ങളും ഉൾപ്പെടെ ആകെ 1,000 മുറികൾ ഉണ്ട്.
മൃഗശാല സന്ദർശിക്കാൻ മറക്കരുത്!
നിങ്ങൾക്കു സിഡ്നി സന്ദർശിക്കാൻ പരിപാടിയുണ്ടെങ്കിൽ, തുറമുഖത്തിനു ചുറ്റും ബോട്ടിലോ കടത്തുനൗകയിലോ ഒരു ഉല്ലാസയാത്ര നടത്താൻ മറക്കരുത്. പിന്നീടൊരിക്കലും പശ്ചാത്തപിക്കേണ്ടി വരില്ലാത്തൊരു തീരുമാനമായിരിക്കും അത്. ടാരോങ്കാ മൃഗശാലയിലേക്കും എന്തുകൊണ്ട് ഒരു ബോട്ടുയാത്ര നടത്തിക്കൂടാ? ഓസ്ട്രേലിയ സന്ദർശിക്കാൻ എത്തുന്ന എല്ലാവർക്കും ഓസ്ട്രേലിയൻ വനമോ വന്യജീവനോ കാണാൻ സമയം കിട്ടാറില്ല. അതുകൊണ്ട്, മൃഗശാലയിൽ ചെലവഴിക്കുന്ന ഒരു ദിനം ഓസ്ട്രേലിയയിലെ “ഉൾപ്രദേശം” സൗകര്യപ്രദമായി കാണാൻ നിങ്ങളെ സഹായിച്ചേക്കും. ഓസ്ട്രേലിയയുടെ മാത്രം സ്വന്തമായ വന്യജീവികളെ—കംഗാരു, കോയാലാ, പ്ലാറ്റിപ്പസ്, ഡിങ്കോ തുടങ്ങിയവയെ—നിങ്ങൾക്ക് അവിടെ കാണാൻ കഴിയും. സിഡ്നിയുടെ ഏതാണ്ട് ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ മൃഗശാലയിൽ എത്തുന്നതിനു സംഗീതനാടകശാലയുടെ അടുത്തുള്ള ഫെറി ടെർമിനലിൽ നിന്ന് ഏതാനും മിനിട്ടു നേരത്തെ ബോട്ടുയാത്രയേയുള്ളൂ. ലോകത്തിലെ ഏറ്റവും നല്ല മൃഗശാലകളിൽ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്. തുറമുഖത്ത് ആയിരിക്കെ നിങ്ങൾക്കു ഞാണിന്മേൽ കളിക്കാരോ ഡിഡ്ജെറിഡൂ (ആദിവാസികളുടെ ഒരു സുഷിരവാദ്യം) മീട്ടുന്ന ആദിവാസികളോ ജാസ് വായിക്കുന്ന ഒരു സംഘമോ ഒരുക്കുന്ന കലാവിരുന്നു സൗജന്യമായി ആസ്വദിക്കാനാവും.
ദക്ഷിണ പസിഫിക്കിന്റെ നീല ജലാശയപരപ്പിലെ അതുല്യമായ ഒരു തുറമുഖത്ത് സ്ഥിതി ചെയ്യുന്ന ജീവസ്സുറ്റ നഗരമായ സിഡ്നിയിൽ ചെലവഴിക്കുന്ന ദിനങ്ങൾ നിങ്ങൾ പൂർണമായും ആസ്വദിക്കും എന്നു ഞങ്ങൾക്ക് ഉറപ്പാണ്. ബാർബക്യു അടുപ്പിൽ നിങ്ങൾക്കും ഞങ്ങൾ ചെമ്മീൻ പൊരിച്ചു തരില്ല എന്നാരു കണ്ടു!
[അടിക്കുറിപ്പുകൾ]
a പൈപ്പുകളിലേക്കു വായു കടത്തിവിടാനും മൃദുസ്പർശത്താൽ കൂടുതൽ ഭാവസാന്ദ്രമായ സംഗീതം ഒഴുകിയെത്താനും സഹായിക്കുന്ന ഒരു യന്ത്ര സംവിധാനമാണു ട്രാക്കർ ആക്ഷൻ.
[14-ാം പേജിലെ ഭൂപടങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
സിഡ്നി
സിഡ്നി തുറമുഖ പാലം
പോർട്ട് ജാക്സൺ
സിഡ്നി
മാൻലി കടൽത്തീരം
ബോട്ടണി ഉൾക്കടൽ
[15-ാം പേജിലെ ചിത്രം]
സിഡ്നിയുടെ കേന്ദ്ര ബിസിനസ്സ് ഡിസ്ട്രിക്റ്റ്
[15-ാം പേജിലെ ചിത്രം]
ബോട്ടണി ഉൾക്കടലിൽ “ബൗണ്ടി”യുടെ മാതൃക
[15-ാം പേജിലെ ചിത്രം]
സിഡ്നിയിലെ പ്രധാന വ്യാപാരകേന്ദ്രത്തിലെ ഏരിയൽ ട്രെയിൻ
[16, 17 പേജുകളിലെ ചിത്രം]
സിഡ്നി ഓപ്പെറാ ഹൗസും തുറമുഖ പാലവും
[കടപ്പാട്]
By courtesy of Sydney Opera House Trust (photograph by Tracy Schramm)
[17-ാം പേജിലെ ചിത്രം]
സംഗീതനാടകശാലയുടെ ഉൾവശം, 10,500 പൈപ്പുകളുള്ള ഓർഗനും കാണാം
[കടപ്പാട്]
By courtesy of Australian Archives, Canberra, A.C.T.
[18-ാം പേജിലെ ചിത്രം]
സിഡ്നിയിലെ മാൻലി കടൽത്തീരം