എവിടെയാണ് ഇതിഹാസങ്ങളിലെ വിൻലൻഡ്?
കാനഡയിലെ ഉണരുക! ലേഖകൻ
പ്രകൃതി നട്ടുവളർത്തിയ ഗോതമ്പു ചെടികളും സാൽമൺ മത്സ്യങ്ങൾ നിറഞ്ഞ നദികളും കാട്ടു “വൈൻ ബെറികളും” (ക്രാൻബെറികളും) ഹിമത്തിന്റെ അകമ്പടി ഇല്ലാതെ വരുന്ന ശിശിരകാലങ്ങളും ഈ നാടിന്റെ സവിശേഷതകളായിരുന്നു. ഒരു സഹസ്രാബ്ദം മുമ്പ് ജീവിച്ചിരുന്ന ആളുകൾക്ക് ഇത് ഒരു പറുദീസയായിരുന്നു. 36 ധീര പുരുഷന്മാർ ഈ പ്രദേശത്തേക്കു നടത്തിയ യാത്രയെ സംബന്ധിച്ച വിവരണമാണ് 20-ാം നൂറ്റാണ്ടിൽ ആ സ്ഥലത്തിന്റെ സ്ഥാനം തേടിയുള്ള അന്വേഷണത്തിലേക്കു നയിച്ചത്. വടക്കേ അമേരിക്കയിൽ യൂറോപ്യന്മാർ ആദ്യമായി കാലുകുത്തി എന്നു കരുതപ്പെടുന്ന സ്ഥലം തേടിയുള്ള അന്വേഷണം.
പൊ.യു. 990-നും 1000-ത്തിനും ഇടയ്ക്കുള്ള ഒരു സമയത്താണ് വൈക്കിങ് ലേവ് എറിക്സണും കൂട്ടരും 2,000 കിലോമീറ്റർ വരുന്ന തങ്ങളുടെ പര്യവേക്ഷണ യാത്ര ആരംഭിച്ചത്. ഗ്രീൻലൻഡിന്റെ പടിഞ്ഞാറെ തീരത്തു കൂടി വടക്കോട്ടു സഞ്ചരിച്ചിട്ട് പടിഞ്ഞാറു ഭാഗത്തേക്കു തിരിഞ്ഞ അദ്ദേഹം തന്റെ മാർഗമധ്യേ രണ്ടു കരപ്രദേശങ്ങൾ കണ്ടെത്തി. ആ സ്ഥലങ്ങൾക്ക് അദ്ദേഹം ഹെലുലാൻ എന്നും മാർക്ക്ലാൻ എന്നും പേരിട്ടു. അവ യഥാക്രമം ഇന്നത്തെ ബാഫിൻ ദ്വീപും ലാബ്രഡോറും ആണെന്നു കരുതപ്പെടുന്നു. എന്നാൽ, അദ്ദേഹം എത്തിച്ചേർന്ന മൂന്നാമത്തെ സ്ഥലം ഇന്നും ഒരു നിഗൂഢതയായി അവശേഷിക്കുന്നു—ഇതിഹാസങ്ങളിൽ വർണിച്ചിരിക്കുന്ന വിൻലൻഡ് എവിടെയാണ്?
1959-ൽ പുരാവസ്തു ഗവേഷകരായ ഹെൽഗെ ഇങ്സ്റ്റായും ഭാര്യ ആന്ന സ്റ്റിന്നെ ഇങ്സ്റ്റായും ഈ സ്ഥലത്തിനു വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. സ്കാൻഡിനേവിയക്കാരുടെ പുരാതന രേഖകളിലെ—ഇവ ഐസ്ലൻഡിക് ഇതിഹാസ കഥകൾ എന്നാണു വിളിക്കപ്പെടുന്നത്—വിവരങ്ങൾ ആയിരുന്നു അവർക്ക് ആകെയുണ്ടായിരുന്നത്. ആ വിവരങ്ങളാകട്ടെ, പാതി സത്യവും പാതി മിഥ്യയും കലർന്നവയാണ്. വിൻലൻഡ് കണ്ടുപിടിക്കാനുള്ള ശ്രമത്തിൽ ഈ ദമ്പതികൾ വടക്കേ അമേരിക്കയുടെ കിഴക്കേ കടലോരത്തു കൂടി കരമാർഗവും കടൽമാർഗവും വായുമാർഗവുമായി ആയിരക്കണക്കിനു കിലോമീറ്ററാണ് അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചത്. അവസാനം, അവരുടെ ശ്രമങ്ങൾക്കു പ്രതിഫലം ലഭിച്ചു. ന്യൂഫൗണ്ട്ലൻഡ് ദ്വീപിന്റെ വടക്കേ പെനിൻസുലയിൽ ഉള്ള ലാൻസ് ഓ മെഡോയിലെ ഒരു ചെറിയ സമുദായത്തെ അവർ തികച്ചും യാദൃച്ഛികമായി കണ്ടുമുട്ടി. സ്ഥലവാസികളിൽ ഒരാളായ ജോർജ് ഡെക്കർ, പുരാതന കാലത്തെ പാർപ്പിടങ്ങളുടെ അവശിഷ്ടങ്ങളുള്ള, കാടുപിടിച്ചു കിടന്നിരുന്ന ഒരു പ്രദേശം അവർക്കു കാട്ടിക്കൊടുത്തു.
ഏഴു വർഷം നീണ്ടുനിന്ന പുരാവസ്തു ഗവേഷണപരമായ കുഴിക്കലുകൾ ആ പ്രദേശത്തിന്റെ ചരിത്രപരമായ പ്രാധാന്യം സ്ഥിരീകരിച്ചതു പോലെ തോന്നി. അതിന്റെ ഫലമായി, അവ ലോക ശ്രദ്ധ പിടിച്ചുപറ്റി. പുല്ലോടുകൂടി വെട്ടിയെടുത്ത മൺകട്ടകൾകൊണ്ടു നിർമിച്ച ചുവരുകളുള്ള എട്ടു കെട്ടിടങ്ങളും വസ്ത്രത്തിൽ കുത്തുന്നതിന് ഉപയോഗിച്ചിരുന്ന വെള്ളോടു കൊണ്ടുള്ള ഒരു പിന്നും ഇങ്സ്റ്റാ ദമ്പതികൾ കുഴിച്ചെടുത്ത വസ്തുക്കളിൽ പ്രധാനപ്പെട്ടവയാണ്. ഇവയെല്ലാം വൈക്കിങ്ങുകൾ ഉണ്ടാക്കിയതാണ് എന്നു തെളിവുകൾ സൂചിപ്പിക്കുന്നു. അതിനിർണായകമായ കണ്ടുപിടിത്തങ്ങളിൽ ഒന്ന്, ഇരുമ്പയിര് ഉരുക്കാൻ ഉപയോഗിച്ചിരുന്ന ഒരു ചെറിയ ചൂളയാണ്. അതിൽ അവശേഷിച്ചിരുന്ന കിട്ടത്തിന്റെ പഴക്കം നിർണയിച്ചപ്പോൾ അത്, പശ്ചിമാർധഗോളത്തിൽ എറിക്സൺ എത്തിച്ചേർന്നതായി ഇതിഹാസങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന സമയത്തോട് ഒത്തുവരുന്നതായി കണ്ടെത്തി. അങ്ങനെ, വൈക്കിങ്ങുകൾ വടക്കേ അമേരിക്കയിൽ പാർത്തിരുന്നു എന്നു തെളിവുകൾ സാക്ഷ്യം പറയുന്നതായി തോന്നി.
എന്നിരുന്നാലും, ലാൻസ് ഓ മെഡോ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന സ്ഥലത്തിന് ഇതിഹാസങ്ങളിൽ വർണിച്ചിരിക്കുന്ന വിൻലൻഡുമായി വലിയ സാമ്യമില്ല. വിൻലൻഡിന്റെ കൃത്യസ്ഥാനം ഏതാണ് എന്നു ഒരുപക്ഷേ നമുക്ക് ഒരിക്കലും തറപ്പിച്ചു പറയാൻ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട്, വടക്കേ അമേരിക്കയിൽ കാൽകുത്തിയ ആദ്യത്തെ ആളുകൾ വൈക്കിങ്ങുകൾ അല്ലായിരുന്നേക്കാമെങ്കിലും, കൊളംബസിന് ഏതാണ്ട് 500 വർഷം മുമ്പ് അവർ അവിടെ എത്തിച്ചേർന്നിരുന്നതായി തോന്നുന്നു.
ഇന്ന് നിങ്ങൾ ആ സ്ഥലം സന്ദർശിക്കുകയാണെങ്കിൽ വൈക്കിങ്ങുകളുടെ ജീവിതരീതിയെ കുറിച്ചു നിങ്ങൾക്ക് ഒരു ഏകദേശ ധാരണ ലഭിച്ചേക്കും. പുല്ലോടു കൂടിയ മൺകട്ടകൾ കൊണ്ട് ഉണ്ടാക്കിയ വീടുകളുടെ പുനർനിർമിതികളും എറിക്സൺ തന്റെ വീരോചിതമായ നാവികയാത്രയ്ക്ക് ഉപയോഗിച്ചിരിക്കാൻ ഇടയുള്ള വൈക്കിങ് കപ്പലിന്റെ ഒരു മാതൃകയും നിങ്ങൾക്ക് അവിടെ കാണാൻ കഴിയും. വൈക്കിങ്ങുകളുടെ നാളുകളിലെ വേഷവിധാനങ്ങൾ അണിഞ്ഞു നിൽക്കുന്ന ഗൈഡുകൾ നിങ്ങളെ സങ്കൽപ്പ തേരിലേറ്റി ആയിരം വർഷം പിന്നോട്ട്, വൈക്കിങ്ങുകളുടെ നാളുകളിലേക്ക് കൂട്ടിക്കൊണ്ടു പോകും. അങ്ങനെ, അവരിൽ ഒരാളായി ജീവിക്കുന്നതായി പോലും ഭാവനയിൽ കാണാൻ നിങ്ങൾക്കു കഴിഞ്ഞേക്കും.
[12-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ഗ്രീൻലൻഡ്
ബാഫിൻ ദ്വീപ്
ലാബ്രഡോർ
ലാൻസ് ഓ മെഡോ
ന്യൂഫൗണ്ട്ലൻഡ്
[12-ാം പേജിലെ ചിത്രം]
“സ്നോറി”—“നാർ” എന്ന പേരിൽ അറിയപ്പെടുന്ന വൈക്കിങ് കച്ചവട കപ്പലിന്റെ 54 അടി നീളം വരുന്ന മാതൃക
[കടപ്പാട്]
Nordfoto/Carl D. Walsh
[12, 13 പേജുകളിലെ ചിത്രം]
ലാൻസ് ഓ മെഡോയിലെ പുല്ലോടു കൂടിയ മൺകട്ടകൾ കൊണ്ട് ഉണ്ടാക്കിയ വീടുകളുടെ പുനർനിർമിതികൾ
[കടപ്പാട്]
L’Anse aux Meadows National Historic Site/UNESCO World Heritage Site
[13-ാം പേജിലെ ചിത്രം]
ലേവ് എറിക്സൺ