മലിന രക്തത്തെ കുറിച്ചുള്ള ഉത്കണ്ഠകൾ
ബൊളീവിയയിലെ ഒരു ജൈവരസതന്ത്രജ്ഞനായ ഡെമെട്രിയോ പെസോവയ്ക്ക് ശസ്ത്രക്രിയയെ തുടർന്ന് ഏതാനും ദിവസം കഴിഞ്ഞപ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടായി. ഉടനടി അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിക്കാർ അദ്ദേഹത്തിന് രക്തം നൽകി, തുടർന്ന് അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടു. എന്നാൽ, താമസിയാതെ അദ്ദേഹത്തിനു പനിയുണ്ടായി. പരിശോധനയ്ക്കു ശേഷം ഡോക്ടർ അദ്ദേഹത്തെ ആ അശുഭ വാർത്ത അറിയിച്ചു: ട്രിപ്പനൊസോമ ക്രൂസി എന്ന പരാദങ്ങളാൽ മലിനീകൃതമായ രക്തമാണ് പെസോവയ്ക്കു നൽകിയത് എന്നും തത്ഫലമായി അദ്ദേഹത്തിനു നിദ്രാരോഗം പിടിപെട്ടിരിക്കുന്നു എന്നും.
ബൊളീവിയയിൽ ശ്രീ. പെസോവയുടേതു പോലുള്ള കേസുകൾ അസാധാരണമല്ല എന്ന് ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു വാർത്താ സംഘടനയായ പാനൊസ് പറയുന്നു. 12 ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നടത്തിയ ദീർഘമായ ഒരു വൈദ്യശാസ്ത്ര പഠനം കാട്ടുന്നത്, മലിന രക്തം മൂലം ഉണ്ടാകുന്ന അണുബാധ അവിടെ ഒരു നിത്യ സംഭവം ആണെന്നാണ്. ഒരു ലാറ്റിൻ അമേരിക്കൻ രാജ്യത്ത് രക്തപ്പകർച്ചയ്ക്കു വിധേയരായ ഓരോ 10,000 രോഗികളിലും 220 പേർക്കു വീതം ഏതെങ്കിലും സാംക്രമിക രോഗം പിടിപെട്ടിരുന്നു. അതായത്, രക്തപ്പകർച്ചയ്ക്കു വിധേയരായ 45 പേരിൽ ഒരാൾ വീതം സാംക്രമിക രോഗത്തിന് ഇരയാകുന്നു!
രക്തപ്പകർച്ച ഉയർത്തുന്ന ഭീഷണികളിൽ ഒന്നു മാത്രമാണ് നിദ്രാരോഗം. ഒട്ടേറെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും രക്തദാനത്തിന്റെ സമയത്ത് ഹെപ്പറ്റൈറ്റിസ് സി പരിശോധന നടക്കുന്നില്ല എന്നും മറ്റു ചില രാജ്യങ്ങളിൽ സിഫിലിസ് പരിശോധന വല്ലപ്പോഴുമൊക്കെയേ നടക്കുന്നുള്ളൂ എന്നും പഠനം വെളിപ്പെടുത്തി. അതിനു പുറമേ, ഒട്ടേറെ രാജ്യങ്ങളിൽ, എച്ച്ഐവി പരിശോധനയ്ക്കു വേണ്ടത്ര സജ്ജീകരണങ്ങളില്ല. മലിന രക്തത്തെ കുറിച്ചു സംസാരിക്കവേ, ബൊളീവിയയിലെ ആരോഗ്യവകുപ്പു മന്ത്രി ടോഞ്ചി മാറിങ്കോവിച്ച് ഇങ്ങനെ പറയുകയുണ്ടായി: “രക്തം സ്വീകരിക്കേണ്ടതായ അടിയന്തിര സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ. അല്ലാത്തപക്ഷം, നാം സിഫിലിസോ എയ്ഡ്സോ പോലുള്ള രോഗങ്ങൾക്ക് ഇരകളായേക്കാം.”
അറിയാതെയാണെങ്കിലും, ഈ വൈദ്യശാസ്ത്ര പ്രതിസന്ധിക്ക് അറുതി വരുത്തുന്നതിനുള്ള ശരിയായ മാർഗം നിർദേശിക്കുകയായിരുന്നു ഈ ഗവൺമെന്റ് അധികാരി. ഏതാനും വർഷങ്ങൾക്കു മുമ്പ്, രക്തപ്പകർച്ചയുടെ അപകടങ്ങളെ കുറിച്ചുള്ള ഒരു ലേഖനത്തിൽ നോട്ടിസ്യാസ് ബോളിവ്യാനസ് എന്ന പത്രിക ഇങ്ങനെ പറഞ്ഞു: “ബൈബിൾ കൽപ്പനയ്ക്കു ചേർച്ചയിൽ, രക്തം വർജിക്കുന്നതു തന്നെയാണ് ഉചിതമായ നടപടി.” ആ ബൊളീവിയൻ പത്രിക പരാമർശിച്ച ബൈബിൾ കൽപ്പന പ്രവൃത്തികൾ 15:28, 29-ലാണു കാണുന്നത്. അത് ഇങ്ങനെ പറയുന്നു: “വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വർജ്ജിക്കുന്നതു ആവശ്യം . . . ഇവ വർജ്ജിച്ചു സൂക്ഷിച്ചുകൊണ്ടാൽ നന്നു.”—ഉല്പത്തി 9:4-ഉം ലേവ്യപുസ്തകം 3:17-ഉം കാണുക.