രക്തരഹിത ശസ്ത്രക്രിയ സംബന്ധിച്ച് മോസ്കോയിൽ നടന്ന ഒരു സവിശേഷ സമ്മേളനം
ശസ്ത്രക്രിയയിൽ രക്തപ്പകർച്ചാ പകര സംവിധാനങ്ങൾ എന്ന പേരിൽ റഷ്യയിലെ മോസ്കോയിൽ 1998 ഒക്ടോബർ 6-ാം തീയതി ഒരു അന്തർദേശീയ വൈദ്യശാസ്ത്ര സമ്മേളനം നടന്നു. വിഷ്ണെവ്സ്കി ശസ്ത്രക്രിയാ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചു നടത്തിയ സിമ്പോസിയം പരിപാടിയിൽ 800-ലധികം ഡോക്ടർമാർ സന്നിഹിതരായിരുന്നു. അനസ്തേഷ്യാ വിദഗ്ധരുടേയും തീവ്ര പരിചരണ വിഭാഗത്തിലെ വിദഗ്ധരുടേയും ആറാമത് അഖില റഷ്യൻ സമ്മേളനത്തോട് അനുബന്ധിച്ചായിരുന്നു അത്.
പ്രൊഫസർ ആൻഡ്രേ ഇവാനോവിച്ച് വോറോബ്യോഫ്—അദ്ദേഹം മോസ്കോയിലുള്ള റഷ്യൻ വൈദ്യശാസ്ത്ര അക്കാദമിയിലെ മുഖ്യരക്തശാസ്ത്ര വിദഗ്ധനാണ്—“രക്തപ്പകർച്ചയ്ക്കു പകരമുള്ള സംവിധാനങ്ങൾ കണ്ടുപിടിക്കുന്നതിനു സമർപ്പിക്കപ്പെട്ട സിമ്പോസിയം” എന്ന് അദ്ദേഹം വിളിച്ച ഒരു പരിപാടിയിലേക്കു ഡോക്ടർമാരെ സ്വാഗതം ചെയ്തു.
ഈ സമ്മേളനം മർമപ്രധാനം ആയിരിക്കുന്നതിന്റെ കാരണത്തെക്കുറിച്ചു സംസാരിക്കവേ, “രക്തപ്പകർച്ച വരുത്തി വെക്കുന്ന കൊടും വിപത്തുകളെ” കുറിച്ചു വോറോബ്യോഫ് വിശദാംശങ്ങൾ സഹിതം വിവരിക്കുകയുണ്ടായി. രക്തപ്പകർച്ച നടത്തിയതിന്റെ ഫലമായി ഐക്യനാടുകൾ, ജപ്പാൻ, ജർമനി എന്നീ രാജ്യങ്ങളിലെ ഹിമോഫീലിയ ഉള്ള മിക്ക കുട്ടികൾക്കും എയ്ഡ്സ് പിടിപെട്ടു എന്ന് അദ്ദേഹം അവകാശപ്പെട്ടു. അതിനുശേഷം രക്തപ്പകർച്ചകളിലൂടെയുള്ള കരൾവീക്കത്തിന്റെ വ്യാപനത്തെ സംബന്ധിച്ച ഒരു സ്ഥിതിവിവരക്കണക്ക് അദ്ദേഹം നൽകുകയുണ്ടായി. എന്നിട്ട് അദ്ദേഹം ഇപ്രകാരം വിലപിച്ചു: “ഈ കണക്കുകൾ തീർച്ചയായും സംഭ്രമിപ്പിക്കുന്നവയാണ്. ഹിമോഫീലിയ ഉള്ള മിക്കവാറും എല്ലാ രോഗികൾക്കുംതന്നെ കരൾവീക്കം പിടിപെട്ടിരിക്കുന്നു.”
ഒരു വ്യക്തിയുടെ “ശരീരത്തിൽ നിന്ന് ഒരു ലിറ്റർ രക്തം നഷ്ടമായാൽ പകരം ഒരു ലിറ്റർ രക്തം കയറ്റിയേ മതിയാകൂ” എന്ന അഭിപ്രായമായിരുന്നു വൈദ്യശാസ്ത്രത്തിന് ഉണ്ടായിരുന്നത് എന്നു വോറോബ്യോഫ് ചൂണ്ടിക്കാട്ടി. പക്ഷേ “അതൊരു അബദ്ധ ധാരണയാണ്!” അദ്ദേഹം പ്രഖ്യാപിച്ചു. തന്റെ പ്രാരംഭപ്രസംഗം ഉപസംഹരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: “നമ്മൾ രക്തപ്പകർച്ചയെ പിന്താങ്ങിയിരുന്നു. എന്നാൽ, ഇപ്പോൾ നമുക്ക് ഒറ്റക്കെട്ടായി നിന്ന് പഴയചിന്താഗതികൾ തള്ളിക്കളയാം.”
പരിപാടിയിൽ പങ്കുപറ്റിയ വൈദ്യശാസ്ത്ര വിദഗ്ധരിൽ പലരും റഷ്യയിൽ നിന്നുള്ളവർ ആയിരുന്നു, എന്നിരുന്നാലും ഫ്രാൻസ്, സ്വീഡൻ, ബെൽജിയം, ഐക്യനാടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രസംഗകരും ഉണ്ടായിരുന്നു. രക്തപ്പകർച്ചയ്ക്കു പകരമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചു രക്തനഷ്ടം പരിഹരിക്കുന്നതിൽ കൈവരിച്ച പുരോഗതികളെ കുറിച്ചു വിവരിച്ചതു കൂടാതെ, രക്തപ്പകർച്ചയുടെ അപകടങ്ങളും ഡോക്ടർമാർ കുറിക്കൊണ്ടു. ഇതിൽ, രോഗപ്രതിരോധ വ്യവസ്ഥ പ്രതികൂലമായി പ്രതികരിക്കുന്നതിനുള്ള സാധ്യതയും ഉൾപ്പെടുന്നു.
ടെലിവിഷനിൽ വാർത്താ പ്രാധാന്യം നേടുന്നു
23.5 കോടിയിലധികം പ്രേക്ഷകർ ഉള്ള റഷ്യൻ പബ്ലിക് ടെലിവിഷൻ, സമ്മേളനത്തെ കുറിച്ച് വളരെ നല്ല ഒരു റിപ്പോർട്ട് അവതരിപ്പിക്കുകയുണ്ടായി. പരിപാടി നയിച്ച യെലെനാ മാലിഷെവാ ഇങ്ങനെ വിശദീകരിച്ചു: ‘വിഖ്യാതരും അന്താരാഷ്ട്ര പ്രശസ്തി സിദ്ധിച്ചവരുമായ ശസ്ത്രക്രിയാ വിദഗ്ധരും അനസ്തേഷ്യാ വിദഗ്ധരും രക്തശാസ്ത്ര വിദഗ്ധരും മോസ്കോയിൽ ഒന്നിച്ചുകൂടിയത് ഒരൊറ്റ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ആയിരുന്നു: രക്തം കൂടാതെ ശസ്ത്രക്രിയ നടത്താൻ കഴിയുമോ?’
രക്തത്തിലൂടെ പകർന്നേക്കാവുന്ന രോഗങ്ങളെ കുറിച്ചു പ്രേക്ഷകരോടു പറഞ്ഞ ശേഷം, യെലെനാ ഇപ്രകാരം വിശദീകരിച്ചു: “ഇതാണ് മറ്റൊരു മാർഗം തേടാൻ ഡോക്ടർമാരെ നിർബന്ധിതരാക്കിയത്. അതു കണ്ടെത്തുകയും ചെയ്തു. രക്തരഹിത ശസ്ത്രക്രിയ എന്നാണ് അതിനെ നാമകരണം ചെയ്തിരിക്കുന്നത്. ഒരു ഓപ്പറേഷനു വിധേയനാകാൻ പോകുന്ന ഏതൊരാൾക്കും വിവിധ രക്തരഹിത ശസ്ത്രക്രിയാ രീതികളെക്കുറിച്ച് തന്റെ ഡോക്ടറുമായി ചർച്ച ചെയ്യാൻ കഴിയും.”
പ്രസ്തുത ടിവി പരിപാടിയിൽ പങ്കെടുത്ത ആൻഡ്രേ വോറോബ്യോഫ് പ്രേക്ഷകരോടായി ഇങ്ങനെ പറഞ്ഞു: ‘ദാനം ചെയ്യപ്പെട്ട രക്തത്തിൽ ശരീരത്തിന് അന്യമായ മാംസ്യങ്ങളുണ്ട്. ഇവയ്ക്ക്, മുൻകൂട്ടി പറയാനാകാത്തതും തടയാനാകാത്തതുമായ പ്രത്യാഘാതങ്ങൾ ഉളവാക്കാനാവും. കൂടാതെ, എത്ര സൂക്ഷിച്ചാലും ശരി, ഞങ്ങൾക്കു കണ്ടുപിടിക്കാൻ കഴിയാത്തതും എന്നാൽ ദാതാവിന്റെ രക്തത്തിലുള്ളതുമായ വൈറസുകൾ രോഗിയിലേക്കു കടന്നേക്കാം.’ അതുകൊണ്ട് അദ്ദേഹം ഇപ്രകാരം ഉപസംഹരിച്ചു: ‘ദാനം ചെയ്യപ്പെട്ട രക്തം രോഗികളിൽ കുത്തിവെക്കുന്നതു കുറയ്ക്കേണ്ടിയിരിക്കുന്നു.’
ഷാൻ ഫ്രാൻസ്വാ ബാരോൻ—ഫ്രാൻസിലെ പാരിസിലുള്ള ബ്രൂസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിന്റെയും അനസ്തേഷ്യാ വിഭാഗത്തിന്റെയും തലവൻ—ആണ് പരിപാടിയിൽ പങ്കെടുത്ത മറ്റൊരു പ്രമുഖ വ്യക്തി. അദ്ദേഹം ഇപ്രകാരം വിശദീകരിച്ചു: “ഓക്സിജൻ വഹിക്കാൻ പര്യാപ്തമായ പ്രത്യേക ദ്രാവകങ്ങൾ ഞങ്ങൾ എന്റെ ആശുപത്രിയിൽ വികസിപ്പിച്ചെടുത്തു. ഇവയ്ക്കെല്ലാം രക്തത്തിന്റെ ഓക്സിജൻ വാഹക സവിശേഷതകൾ ഉണ്ട്. എങ്കിലും ഇവയിൽ [രോഗ സംക്രമണത്തിന് ഇടയാക്കിയേക്കാവുന്ന] അരുണ രക്താണുക്കൾ ഒന്നു പോലുമില്ല.” അദ്ദേഹം ഇങ്ങനെ പ്രവചിച്ചു: “സമീപഭാവിയിൽ ഈ ലായനികൾ സർവസാധാരണമായി ഉപയോഗിക്കപ്പെടും.”
ഇത്, റഷ്യക്കാരനായിരുന്ന പ്രൊഫസർ ഫെലിക്സ് എഫ്. ബെലോയാർട്സെഫിനെ കുറിച്ചു പറയാൻ പരിപാടി നയിച്ച യെലെനായെ പ്രേരിപ്പിച്ചു. രക്തത്തിനു പകരമായി ഉപയോഗിക്കാവുന്ന ഒരു ഓക്സിജൻ വാഹക ദ്രാവകം ഏകദേശം 20 വർഷം മുമ്പ് അദ്ദേഹം വികസിപ്പിച്ചെടുത്തിരുന്നു. ബെലോയാർട്സെഫിന്റെ കണ്ടുപിടിത്തം പക്ഷേ വൈദ്യശാസ്ത്രസമൂഹത്തിന് അന്നു സ്വീകാര്യമായില്ല എന്ന് അവർ കുറിക്കൊണ്ടു. “ഈ കണ്ടുപിടിത്തം ക്ഷണിച്ചു വരുത്തിയ നിലയ്ക്കാത്ത പീഡനങ്ങളാൽ മനം തകർന്നു പോയ അദ്ദേഹം അവസാനം ആത്മഹത്യ ചെയ്യുകയാണ് ഉണ്ടായത്.”
വൈദ്യശാസ്ത്ര പത്രികകളിൽ വാർത്താപ്രാധാന്യം നേടുന്നു
മെഡിറ്റ്സിൻസ്കായാ ഗാസെറ്റാ എന്ന വൈദ്യശാസ്ത്ര പത്രവും സമ്മേളനത്തെ കുറിച്ചു റിപ്പോർട്ടു ചെയ്തു. അത് ഇപ്രകാരം പറഞ്ഞു: “സിമ്പോസിയം എത്തിച്ചേർന്ന മുഖ്യ നിഗമനം ഇതാണ്: സാധ്യമാകുന്ന എല്ലാ സാഹചര്യങ്ങളിലും രക്തപ്പകർച്ചയ്ക്കു പകരമായുള്ള സംവിധാനങ്ങൾ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ രക്തം ഉപയോഗിക്കാൻ തീരുമാനിക്കുന്നെങ്കിൽ, അത് വ്യക്തിപരമായ അടിസ്ഥാനത്തിൽ ഓരോ രോഗിക്കുമുള്ള അപകടസാധ്യത ശ്രദ്ധാപൂർവം തൂക്കിനോക്കിയതിനു ശേഷവും അതുപോലെ ജീവനു ഭീഷണി നേരിടുന്ന സാഹചര്യങ്ങളിലും മാത്രമേ ആകാവൂ.”
രക്തം വേണ്ട എന്ന ഒരു രോഗിയുടെ തീരുമാനത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ ചില ഡോക്ടർമാർ തയ്യാറാകാത്തതിനെയും പത്രം പരാമർശിക്കുകയുണ്ടായി. ഉദാഹരണത്തിന്, ‘രക്തം വർജിക്കാൻ’ ബൈബിൾ നിർദേശിക്കുന്നതു നിമിത്തം യഹോവയുടെ സാക്ഷികൾ രക്തപ്പകർച്ചകൾ സ്വീകരിക്കുന്നില്ല. (പ്രവൃത്തികൾ 15:28, 29) ഈ സംഗതി സംബന്ധിച്ച്, ഫ്രാൻസിൽ നിന്നുള്ള നിയമ പ്രൊഫസറായ മിഷെൽ ഡെ ഗിയെൻഷ്മിറ്റ് ഇങ്ങനെ പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടു:
‘നാം യഹോവയുടെ സാക്ഷികളോടു നന്ദിയുള്ളവർ ആയിരിക്കണം. കാരണം, ഈ പ്രശ്നം ശ്രദ്ധയിൽപെടുത്തുക വഴി അവർ തങ്ങളുടെ സ്വന്തം അവകാശങ്ങളിലേക്കു ശ്രദ്ധ ക്ഷണിച്ചതോടൊപ്പം രക്തപ്പകർച്ചകളുടെ അപകടങ്ങൾ മനസ്സിലാക്കാൻ മുഴു വൈദ്യശാസ്ത്രസമൂഹത്തെയും സഹായിക്കുക കൂടി ചെയ്തിരിക്കുന്നു. ഇത്, ഏറെ വികസിതമായ രക്തരഹിത ശസ്ത്രക്രിയാ രീതികൾ തേടാൻ ശാസ്ത്രജ്ഞൻമാരെ പ്രചോദിപ്പിക്കുന്നു.’
മെഡിറ്റ്സിൻസ്കായാ ഗാസെറ്റായിൽ വന്ന ലേഖനങ്ങളിൽ ഒന്നിന്റെ പ്രാരംഭവാക്കുകൾ ഇങ്ങനെ ആയിരുന്നു: “രക്തപ്പകർച്ച വിവാഹത്തോടു സമാനമാണെന്നു പറയപ്പെട്ടിരിക്കുന്നു: അതിന്റെ അനന്തരഫലങ്ങൾ എന്താവും എന്ന് ആർക്കും പറയാൻ ആവില്ല.” ‘മനുഷ്യരക്തം ഒരു മനുഷ്യന്റെ വിരലടയാളം പോലെയാണ്—രണ്ടു വ്യക്തികളുടെ വിരലടയാളങ്ങൾ ഒരുപോലെ ആയിരിക്കില്ല’ എന്നു കുറിക്കൊണ്ടതിനു ശേഷം പത്രം ഇപ്രകാരം ചോദിച്ചു: “രോഗിക്ക് രക്തപ്പകർച്ചയിലൂടെ ഒരിക്കലും രോഗങ്ങൾ പിടിപെടുകയില്ല എന്ന് ഇന്നു പൂർണമായി ഉറപ്പു പറയാനാകുമോ?” അത് ഇങ്ങനെ മറുപടി നൽകി: ‘വൈദ്യശാസ്ത്രത്തിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള രാജ്യങ്ങളിൽ പോലും രക്തോത്പന്നങ്ങൾ നിയന്ത്രിക്കാൻ ഒരു ഫലപ്രദമായ സംവിധാനമില്ല.’
‘അതുകൊണ്ട്, ഡോക്ടർമാരുടെ ചിന്താഗതിയിൽ ഒരു മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നു—തിങ്ങി നിറഞ്ഞ ഓഡിറ്റോറിയവും ചർച്ചചെയ്യപ്പെട്ട പ്രശ്നങ്ങളിൽ പ്രതിനിധികൾക്കുണ്ടായിരുന്ന വ്യക്തമായ താത്പര്യവും ഇതിന്റെ തെളിവാണ്,’ ലേഖനം ഉപസംഹരിച്ചു.
ഒരു സേവനം ലഭ്യമാക്കുന്നു
സമ്മേളന ഹാളിനു വെളിയിൽ യഹോവയുടെ സാക്ഷികൾ ഒരു ബൂത്തു നടത്തിയിരുന്നു. രക്തനഷ്ടം പരിഹരിക്കുന്നതിനായി പകരസംവിധാനങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച്ചു വൈദ്യശാസ്ത്ര പത്രികകളിൽ വന്ന ലേഖനങ്ങൾ ഡോക്ടർമാർക്കു നൽകാൻ ആയിരുന്നു ഇത്. നൂറുകണക്കിനു ഡോക്ടർമാർ സസന്തോഷം ഇവ സ്വീകരിക്കുകയുണ്ടായി.
സ്പഷ്ടമായും, അഭിജ്ഞരായ വൈദ്യശാസ്ത്ര വിദഗ്ധർ ചികിത്സയിൽ രക്തത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തുന്നതിനുള്ള പടികൾ സ്വീകരിക്കുന്നതിലേക്കു മുന്നേറിക്കൊണ്ടിരിക്കുന്നു.
[26-ാം പേജിലെ ചിത്രം]
രക്തത്തെ കുറിച്ചുള്ള ഏറ്റവും പുതിയ ഗവേഷണഫലങ്ങൾ വിവരിക്കുന്ന ലേഖനങ്ങൾ യഹോവയുടെ സാക്ഷികൾ നൂറുകണക്കിനു ഡോക്ടർമാർക്കു ലഭ്യമാക്കി