സൈബീരിയയിൽ പ്രവാസത്തിൽ!
വസിയില്ലിയയ് കല്യിൻ പറഞ്ഞ പ്രകാരം
പീരങ്കികളുടെ കാതടപ്പിക്കുന്ന സ്ഫോടനങ്ങൾക്കു മധ്യേയും ശാന്തനായി ഇരുന്നു ബൈബിൾ വായിക്കുന്ന ഒരു മനുഷ്യൻ. അങ്ങനെ ഒരു വ്യക്തിയെ കണ്ടുമുട്ടിയാൽ, ഇത്ര ശാന്തനായി ഇരിക്കാൻ അദ്ദേഹത്തിനു കഴിയുന്നത് എങ്ങനെ എന്ന് അറിയാൻ നിങ്ങൾക്കു താത്പര്യമുണ്ടാകില്ലേ? അമ്പത്താറു വർഷം മുമ്പ് എന്റെ പിതാവ് അത്തരമൊരു രംഗത്തിനു സാക്ഷ്യം വഹിച്ചു.
ആയിരത്തിത്തൊള്ളായിരത്തിനാൽപ്പത്തിരണ്ട് ജൂലൈ. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം. എന്റെ പിതാവിന്റെ ഗ്രാമമായ യൂക്രെയിനിലെ വിൽഷാനിറ്റ്സായിലൂടെ ജർമൻ സേനയുടെ മുന്നണിപ്പോരാളികൾ കടന്നു പോകവെ, പിതാവ് അവിടെ ഉണ്ടായിരുന്ന വൃദ്ധമന്ദിരത്തിൽ അൽപ്പസമയത്തേക്കു കയറി നിന്നു. ചുറ്റുപാടുമെല്ലാം പീരങ്കികൾ പൊട്ടിത്തെറിക്കുകയാണ്. അപ്പോൾ അതാ, അവിടെ ഒരു മനുഷ്യൻ അടുപ്പിന്റെ അടുത്തിരുന്നു കുറച്ചു ചോളവും ചൂടാക്കിക്കൊണ്ട് ബൈബിൾ വായിക്കുന്നു.
ആ സംഭവം നടന്ന് അഞ്ചു വർഷത്തിനു ശേഷമാണു ഞാൻ ജനിച്ചത്. അന്നു സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന, പശ്ചിമ യൂക്രെയിനിലെ ഇവാനൊ ഫ്രാൻകോഫ്സ്ക് എന്ന മനോഹര നഗരത്തിൽനിന്നു വളരെ അകലെയായിരുന്നില്ല എന്റെ ജന്മസ്ഥലം. യഹോവയുടെ സാക്ഷികളിലൊരുവനായിരുന്ന ആ വ്യക്തിയുമായുള്ള അദ്ദേഹത്തിന്റെ സ്മരണീയ കൂടിക്കാഴ്ചയെ കുറിച്ചും അതുപോലെ, യുദ്ധവർഷങ്ങളിൽ നടമാടിയിരുന്ന കൊടും ക്രൂരതകളെ കുറിച്ചും പിതാവ് പിന്നീട് എനിക്കു പറഞ്ഞു തന്നു. ചുറ്റും സംഭവിച്ചുകൊണ്ടിരുന്ന കാര്യങ്ങൾ ആളുകളുടെ മനസ്സുമടുപ്പിച്ചിരുന്നു. അവരുടെ മുഖങ്ങളിലെല്ലാം വ്യക്തമായും സംഭ്രാന്തി നിഴലിച്ചിരുന്നു. അനേകരുടെയും മനസ്സിൽ ഈ ചോദ്യങ്ങൾ ഉയർന്നു വന്നു, ‘ഇത്ര മാത്രം അനീതി എന്തുകൊണ്ട്? നിഷ്കളങ്കരായ ആയിരക്കണക്കിന് ആളുകൾ മരിക്കുന്നത് എന്തുകൊണ്ട്? ദൈവം ഇത് അനുവദിക്കുന്നത് എന്തുകൊണ്ട്? എന്തുകൊണ്ട്? എന്തുകൊണ്ട്? എന്തുകൊണ്ട്?’
എന്റെ പിതാവ് ആ വൃദ്ധനുമായി ഇത്തരം ചോദ്യങ്ങളുടെ ഒരു നീണ്ട, തുറന്ന ചർച്ചയിൽ ഏർപ്പെട്ടു. തന്റെ ബൈബിളിൽ നിന്ന് ഒന്നിനു പുറകെ ഒന്നായി വാക്യങ്ങൾ കാണിച്ചു കൊണ്ട് ദീർഘകാലമായി പിതാവിനെ കുഴക്കിയിരുന്ന ചോദ്യങ്ങൾക്കെല്ലാം ആ വൃദ്ധൻ മറുപടി നൽകി. തന്റെ നിയമിത സമയത്ത് എല്ലാ യുദ്ധങ്ങൾക്കും അറുതി വരുത്താൻ ദൈവം ഉദ്ദേശിച്ചിരിക്കുന്നു എന്നും ഈ ഭൂമി ഒരു മനോഹര പറുദീസ ആയിത്തീരുമെന്നും അദ്ദേഹം വിശദീകരിച്ചു.—സങ്കീർത്തനം 46:9; യെശയ്യാവു 2:4; വെളിപ്പാടു 21:3-5.
ഉത്സാഹഭരിതനായി ഓടി വീട്ടിലെത്തിയ പിതാവ് ഇങ്ങനെ പറഞ്ഞു: “ആർക്കെങ്കിലും ഇതു വിശ്വസിക്കാൻ കഴിയുമോ? യഹോവയുടെ സാക്ഷികളുമായി നടത്തിയ ഒരൊറ്റ ചർച്ചകൊണ്ട് എന്റെ കണ്ണു തുറക്കപ്പെട്ടിരിക്കുന്നു! ഞാൻ സത്യം കണ്ടെത്തിയിരിക്കുന്നു!” താൻ ക്രമമായി കത്തോലിക്കാ പള്ളിയിൽ പോകുമായിരുന്നെങ്കിലും തന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അവിടത്തെ പുരോഹിതന്മാർക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല എന്നു പിതാവു പറഞ്ഞു. അതുകൊണ്ട്, അദ്ദേഹം ബൈബിൾ പഠിക്കാൻ ആരംഭിച്ചു, എന്റെ അമ്മയും കൂടെ ചേർന്നു. അവർ തങ്ങളുടെ മൂന്നു കുട്ടികളെയും—അപ്പോൾ രണ്ടു വയസ്സു മാത്രമുണ്ടായിരുന്ന എന്റെ സഹോദരിയെയും ഏഴും പതിനൊന്നും വീതം വയസ്സുണ്ടായിരുന്ന എന്റെ സഹോദരന്മാരെയും—പഠിപ്പിക്കാൻ തുടങ്ങി. ഏറെ താമസിയാതെ, ഒരു ബോംബ് അവരുടെ വീടിനു സാരമായ കേടുപാടുകൾ വരുത്തിയതിനാൽ ഒരൊറ്റ മുറി മാത്രമാണ് അവർക്കു താമസിക്കാനായി അവശേഷിച്ചത്.
ആറു സഹോദരിമാരും ഒരു സഹോദരനും അടങ്ങുന്ന ഒരു വലിയ കുടുംബത്തിലെ അംഗമായിരുന്നു അമ്മ. അമ്മയുടെ പിതാവാകട്ടെ ആ കരയിലെ ഏറ്റവും സമ്പന്നരിൽ ഒരുവനും. തന്റെ പ്രമാണിത്തവും സമൂഹത്തിലെ നിലയുംവിലയും ഒക്കെ അദ്ദേഹം വളരെ വിലയേറിയതായി കരുതിയിരുന്നു. അതുകൊണ്ട്, ഞങ്ങളുടെ കുടുംബം പുതുതായി സ്വീകരിച്ച വിശ്വാസത്തെ ആദ്യമൊക്കെ ബന്ധുക്കൾ എതിർത്തു. എന്നിരുന്നാലും, കാലക്രമത്തിൽ ഞങ്ങളെ എതിർത്തിരുന്നവരിൽ അനേകരും പ്രതിമകളുടെ ഉപയോഗം പോലുള്ള തിരുവെഴുത്തുപരമല്ലാത്ത മതാചാരങ്ങൾ പിമ്പിൽ വിട്ടുകളഞ്ഞിട്ടു സത്യാരാധനയിൽ എന്റെ മാതാപിതാക്കളോടൊപ്പം ചേർന്നു.
പുരോഹിതന്മാർ സാക്ഷികൾക്ക് എതിരെ ആളുകളെ പരസ്യമായി ഇളക്കിവിടുമായിരുന്നു. അതിന്റെ ഫലമായി, സ്ഥലവാസികൾ ഞങ്ങളുടെ വീടിന്റെ ജനലുകൾ തകർക്കുകയും എന്റെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. ഇങ്ങനെ ഒക്കെ ആയിരുന്നിട്ടും, അവർ ബൈബിൾ പഠിക്കുന്നതിൽ തുടർന്നു. അങ്ങനെ, 1947-ൽ ഞാൻ ജനിച്ച സമയമായപ്പോഴേക്കും, ഞങ്ങളുടെ കുടുംബം യഹോവയെ ആത്മാവിലും സത്യത്തിലും ആരാധിച്ചിരുന്നു.—യോഹന്നാൻ 4:24.
നാടുകടത്തപ്പെടുന്നു
1951 ഏപ്രിൽ 8-ന് അതിരാവിലെ നടന്ന സംഭവങ്ങൾ ഇന്നും എന്റെ ഓർമയിൽ മായാതെ തങ്ങി നിൽക്കുന്നു. അന്ന് എനിക്കു വെറും നാലു വയസ്സാണ്. ഞങ്ങളെ നാടുകടത്തുന്നതിന് ഉള്ള ഉത്തരവുമായി പട്ടാളക്കാർ വീട്ടിൽ എത്തി. മാത്രമല്ല, അവർ ഞങ്ങളുടെ വീടു പരിശോധിക്കുകയും ചെയ്തു. വീടു വിടാൻ ഞങ്ങൾക്കു വെറും രണ്ടു മണിക്കൂർ ആണ് അനുവദിക്കപ്പെട്ടത്. പോകാനായി ഞങ്ങൾ തിരക്കുപിടിച്ചു തയ്യാറാകവെ, യൂണിഫോം ധാരികളായ പട്ടാളക്കാർ ഞങ്ങളുടെ മേശയ്ക്ക് അരികിൽ ഇരുന്നു, യന്ത്രത്തോക്കേന്തിയ സൈനികർ നായ്ക്കളെയുംകൊണ്ട് വാതിൽപ്പടിയിലും നിലയുറപ്പിച്ചു. എന്താണു സംഭവിക്കുന്നത് എന്ന് എനിക്കു മനസ്സിലായില്ല. ഞാൻ വാവിട്ടു കരയാൻ തുടങ്ങി.
തങ്ങൾ മേലാൽ യഹോവയുടെ സാക്ഷികളല്ല എന്നും ഇനിയൊരിക്കലും അവരുമായി യാതൊരു ബന്ധവും ഉണ്ടാകുകയില്ല എന്നും പ്രസ്താവിക്കുന്ന ഒരു പ്രമാണത്തിൽ ഒപ്പിടാൻ എന്റെ മാതാപിതാക്കളോട് ആജ്ഞാപിച്ചു. ഒപ്പിടുകയാണെങ്കിൽ, അവർക്കു വീടോ മാതൃരാജ്യമോ ഉപേക്ഷിക്കേണ്ടതില്ലായിരുന്നു. പക്ഷേ പിതാവ് ദൃഢമായി ഇങ്ങനെ പ്രഖ്യാപിച്ചു: “നിങ്ങൾ ഞങ്ങളെ എവിടേക്കു കൊണ്ടുപോയാലും ശരി, ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളുടെ കൂടെ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.”
“നിങ്ങളുടെ കുടുംബത്തെ കുറിച്ച്, നിങ്ങളുടെ കുട്ടികളെ കുറിച്ച് ഒന്നു ചിന്തിച്ചു നോക്കൂ,” ഉദ്യോഗസ്ഥൻ കെഞ്ചി നോക്കി. “ഒരു സുഖവാസ കേന്ദ്രത്തിലേക്ക് ഒന്നുമല്ല നിങ്ങളെ കൊണ്ടുപോകുന്നത്. സദാ മഞ്ഞുമൂടി കിടക്കുന്നതും തെരുവുകളിൽ ധ്രുവക്കരടികൾ വിഹരിക്കുന്നതുമായ വിദൂര ഉത്തരദിക്കിലേക്കാണു നിങ്ങൾക്കു പോകേണ്ടത്.”
അന്നൊക്കെ, “സൈബീരിയ” എന്ന വാക്കു തന്നെ നിഗൂഢത നിറഞ്ഞതും ഭീതിയുളവാക്കുന്നതുമായ ഒന്നായിരുന്നു. എന്നിട്ടും, അറിയാത്തതിനെക്കുറിച്ചുള്ള ഭയത്തെക്കാൾ യഹോവയിലുള്ള വിശ്വാസവും അവനോടുള്ള തീവ്രമായ സ്നേഹവും ആണു കൂടുതൽ ശക്തം എന്നു തെളിഞ്ഞു. ഞങ്ങളുടെ വസ്തുവകകളെല്ലാം ഒരു ചരക്കുവണ്ടിയിൽ കയറ്റി, എന്നിട്ട് ഞങ്ങളെ നഗരത്തിലേക്കു കൊണ്ടുപോയി. അവിടെനിന്ന്, 20-ഓ 30-ഓ കുടുംബങ്ങളുടെ കൂടെ ഞങ്ങളെയും തീവണ്ടിയിലെ ചരക്കുകയറ്റുന്ന ബോഗികളിൽ തിക്കിക്കൊള്ളിച്ചു. അങ്ങനെ സൈബീരിയയിലെ വനപ്രദേശമായ റ്റൈഗയുടെ ഉൾഭാഗത്തേക്കുള്ള ഞങ്ങളുടെ യാത്ര ആരംഭിക്കുകയായി.
മാർഗമധ്യേ ഉള്ള റെയിൽവേ സ്റ്റേഷനുകളിൽ വെച്ച്, നാടുകടത്തപ്പെടുന്നവരെ വഹിച്ചുകൊണ്ടുവരുന്ന മറ്റു തീവണ്ടികളും ഞങ്ങൾ കണ്ടു. “ഇതിനുള്ളിൽ യഹോവയുടെ സാക്ഷികൾ” എന്നെഴുതിയ ബോർഡുകൾ അവയിൽ തൂക്കിയിട്ടിരിക്കുന്നതു കാണാമായിരുന്നു. ഇതു തന്നെ ഒരു സാക്ഷ്യമായിരുന്നു കാരണം, വടക്കും വിദൂര പൗരസ്ത്യദിക്കിലും ഉള്ള വിവിധ ഭാഗങ്ങളിലേക്ക് ആയിരക്കണക്കിനു യഹോവയുടെ സാക്ഷികളും അവരുടെ കുടുംബാംഗങ്ങളും നാടുകടത്തപ്പെടുകയാണ് എന്ന് അനേകർ അറിയാൻ ഇതിടയാക്കി.
1951 ഏപ്രിലിൽ ഇങ്ങനെ യഹോവയുടെ സാക്ഷികളെ ഒരുമിച്ചു കൂട്ടി നാടുകടത്തി എന്നതിനു മതിയായ രേഖകളുണ്ട്. ചരിത്രകാരനായ വോൾട്ടർ കോളാഴ്സ് ഇതിനെ കുറിച്ച് സോവിയറ്റ് യൂണിയനിലെ മതം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഇങ്ങനെ എഴുതി: “അത് റഷ്യയിലെ ‘സാക്ഷികളുടെ’ അവസാനം ആയിരുന്നില്ല, മറിച്ച് അവരുടെ മതപരിവർത്തന പ്രവർത്തനങ്ങളുടെ ഒരു പുതിയ അധ്യായത്തിന്റെ തുടക്കം ആയിരുന്നു. പ്രവാസത്തിലേക്കുള്ള മാർഗമധ്യേ സ്റ്റേഷനുകളിൽ തീവണ്ടി നിറുത്തിയപ്പോൾ പോലും അവർ തങ്ങളുടെ വിശ്വാസം പ്രചരിപ്പിക്കാൻ ശ്രമിച്ചു. അവരെ നാടുകടത്തുക വഴി, സോവിയറ്റ് ഗവൺമെന്റ് അവരുടെ മതവിശ്വാസത്തിന്റെ വ്യാപനത്തിനായി ഏറ്റവും നല്ല അവസരം ഒരുക്കി കൊടുക്കുകയാണു ചെയ്തത്. ഇതിലും മെച്ചമായി മറ്റെന്ത് അവർക്കു ചെയ്യാനാകുമായിരുന്നു! ഗ്രാമങ്ങളിൽ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ‘സാക്ഷികൾ’ കുറെക്കൂടി വിശാലമായ ഒരു ലോകത്തിലേക്ക് ആനയിക്കപ്പെട്ടു, തടങ്കൽപ്പാളയങ്ങളുടെയും അടിമപ്പാളയങ്ങളുടെയും ഒരു ഭീകര ലോകമായിരുന്നു അത് എങ്കിൽ കൂടിയും.”
ഞങ്ങളുടെ കുടുംബത്തിന് കുറച്ചൊക്കെ ഭക്ഷണം—മാവും ചോളവും പയറും—കൈയിൽ കരുതുവാൻ അനുവാദം കിട്ടിയത് ഒരു അനുഗ്രഹം ആയിത്തീർന്നു. എന്റെ വല്ല്യപ്പന് ഒരു പന്നിയെ അറുക്കാനുള്ള അനുവാദം പോലും ലഭിച്ചു. ഞങ്ങൾക്കും മറ്റു സാക്ഷികൾക്കും ഇത് ആഹാരമായി ഉതകി. മാർഗമധ്യേ, ട്രെയിനിൽ നിന്നു ഹൃദയംഗമമായ ഗാനങ്ങൾ ഉയർന്നു കേൾക്കാമായിരുന്നു. യഹോവ ഞങ്ങൾക്കു സഹിച്ചു നിൽക്കാനുള്ള ശക്തി നൽകി.—സദൃശവാക്യങ്ങൾ 18:10.
ഏകദേശം മൂന്നാഴ്ചയോളം ഞങ്ങൾ റഷ്യക്കു കുറുകെ സഞ്ചരിച്ചു. അവസാനം, അങ്ങു ദൂരെ, തണുത്തു വിറങ്ങലിച്ച്, ഒറ്റപ്പെട്ടു കിടന്നിരുന്ന സൈബീരിയയിൽ ഞങ്ങൾ എത്തി. ഇർകൂറ്റ്സ്ക് ഡിസ്ട്രിക്റ്റിലെ ചുൻസ്ക് പ്രദേശത്തുള്ള ടോറെയാ സ്റ്റേഷനിലേക്കാണു ഞങ്ങളെ കൊണ്ടുപോയത്. അവിടെനിന്ന്, ഞങ്ങളുടെ “നിത്യ കുടികിടപ്പുസ്ഥലം” എന്നു ഞങ്ങളുടെ പ്രമാണങ്ങൾ വർണിച്ച, റ്റൈഗയിൽ കുറെക്കൂടെ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമത്തിലേക്കു ഞങ്ങളെ കൊണ്ടുപോയി. 15 കുടുംബങ്ങളുടെ വസ്തുവകകൾ ഒരൊറ്റ സ്ലെഡിൽ കൊള്ളാനുള്ളതേ ഉണ്ടായിരുന്നുള്ളു. ഒരു ട്രാക്റ്റർ ഉപയോഗിച്ചാണ് സ്ലെഡ് വസന്തകാലത്തെ ചെളിയിലൂടെ വലിച്ചു കൊണ്ടുപോയത്. ഏകദേശം 20 കുടുംബങ്ങളെ ബാരക്കുകളിൽ കുടിപാർപ്പിച്ചു. ഈ കെട്ടിടങ്ങളിലാകട്ടെ, ഭിത്തികെട്ടി തിരിക്കാത്ത നീണ്ടുകിടക്കുന്ന ഇടനാഴികളാണ് ഉണ്ടായിരുന്നത്. യഹോവയുടെ സാക്ഷികൾ അങ്ങേയറ്റം കൊള്ളരുതാത്ത ആളുകളാണ് എന്ന് അധികൃതർ നേരത്തെ തന്നെ സ്ഥലവാസികൾക്കു മുന്നറിയിപ്പു നൽകിയിരുന്നു. അതുകൊണ്ട്, ആദ്യമൊക്കെ ആളുകൾക്കു ഞങ്ങളെ ഭയമായിരുന്നു. മാത്രവുമല്ല, ഞങ്ങളുമായി അത്ര അടുത്തിടപഴകാതെ ഒരകലം സൂക്ഷിക്കുകയും ചെയ്തിരുന്നു.
പ്രവാസകാലത്തെ ജോലികൾ
യഹോവയുടെ സാക്ഷികൾ മരം വെട്ടുന്ന പണിയിലേർപ്പെട്ടു. അങ്ങേയറ്റം ദുഷ്കരമായ സാഹചര്യങ്ങളോടു മല്ലിട്ടായിരുന്നു അവർ ഇതു ചെയ്തിരുന്നത്. എല്ലാ ജോലികളും കൈകൊണ്ടു ചെയ്യേണ്ടിയിരുന്നു—തടിയറുക്കുന്നതും കഷണങ്ങളാക്കുന്നതും അവ കുതിരവണ്ടികളിലും പിന്നീട് ട്രെയിനുകളിലും കയറ്റുന്നതും എല്ലാം. ഈ ദുരിതപൂർണമായ സാഹചര്യത്തെ ഒന്നുകൂടി വഷളാക്കിയിരുന്നു കൂട്ടത്തോടെ എത്തുന്ന വനമക്ഷികകൾ (gnats). അവയിൽ നിന്ന് ഒളിക്കുക എന്നത് തികച്ചും അസാധ്യമായ കാര്യമായിരുന്നു. എന്റെ പിതാവ് ഏറെ ദുരിതമനുഭവിച്ചു. അദ്ദേഹത്തിന്റെ ശരീരം മുഴുവൻ നീരുവെച്ചു വീങ്ങി. സഹിച്ചു നിൽക്കാൻ തന്നെ സഹായിക്കേണമേ എന്ന് അദ്ദേഹം യഹോവയോടു മുട്ടിപ്പായി അപേക്ഷിച്ചു. ദുരിതങ്ങളുടെ ഒരു മലവെള്ളപാച്ചിൽ തന്നെ ഉണ്ടായിട്ടും യഹോവയുടെ സാക്ഷികളിൽ ബഹുഭൂരിപക്ഷത്തിന്റെയും വിശ്വാസം കടപുഴകിയില്ല.
അതിനുശേഷം താമസിയാതെ, ഞങ്ങളെ ഇർകൂറ്റ്സ്ക് നഗരത്തിലേക്കു കൊണ്ടുപോയി. മുമ്പു തടവുപാളയമായിരുന്ന ഒരു സ്ഥലത്താണു ഞങ്ങളുടെ കുടുംബം പാർത്തത്, ജോലിയാകട്ടെ ഒരു ഇഷ്ടിക ഫാക്ടറിയിലും. ചുട്ടുപഴുത്ത വലിയ ഇഷ്ടികച്ചൂളകളിൽ നിന്നും കൈ കൊണ്ടാണ് ഇഷ്ടികകൾ പുറത്തെടുത്തിരുന്നത്. ഉണ്ടാക്കേണ്ടിയിരുന്ന ഇഷ്ടികകളുടെ എണ്ണം നിരന്തരം കൂട്ടിക്കൊണ്ടിരുന്നു. ഇതുകാരണം കുട്ടികൾക്കു കൂടി തങ്ങളുടെ മാതാപിതാക്കളെ സഹായിക്കേണ്ടതായി വന്നു. പുരാതന ഈജിപ്തിൽ ഇസ്രായേല്യർ ചെയ്ത അടിമപ്പണിയെ ഓർമിപ്പിക്കുന്ന ഒന്നായിരുന്നു ഇത്.—പുറപ്പാടു 5:9-16.
നിലവിലുള്ള ധാരണയിൽ നിന്നു ഭിന്നമായി, സാക്ഷികൾ “ആളുകളുടെ ശത്രുക്കളല്ല” മറിച്ച് കഠിനാധ്വാനികളും പരമാർഥരും ആണെന്നു തെളിഞ്ഞു. ഒരൊറ്റ സാക്ഷി പോലും അധികൃതരെ അപമാനിക്കുകയോ അധികാരസ്ഥാനത്തിരിക്കുന്നവരുടെ തീരുമാനങ്ങൾക്ക് എതിരെ പോരാടുകയോ ചെയ്തില്ല എന്നതു ശ്രദ്ധിക്കപ്പെട്ടു. കാലക്രമത്തിൽ അനേകരും അവരുടെ വിശ്വാസത്തെ വിലമതിക്കുക പോലും ചെയ്തു.
ഞങ്ങളുടെ ആത്മീയ ജീവിതം
സാക്ഷികളെ നിരന്തരം—നാടുകടത്തുന്നതിനു മുമ്പ്, യാത്രയിലായിരിക്കെ, ലക്ഷ്യസ്ഥാനത്ത് എത്തിയതിനു ശേഷം—പരിശോധനയ്ക്കു വിധേയരാക്കിയിരുന്നു. എങ്കിലും വീക്ഷാഗോപുരം മാസികകളും ബൈബിളുകൾ പോലും ഒളിച്ചു കടത്താൻ അനേകർക്കും കഴിഞ്ഞു. പിന്നീട്, പകർത്തി എഴുതിയും മറ്റു മാർഗങ്ങൾ ഉപയോഗിച്ചും ഇവയുടെ പകർപ്പുകൾ ഉണ്ടാക്കി. ബാരക്കുകളിൽ ക്രമമായി ക്രിസ്തീയ യോഗങ്ങൾ നടത്തപ്പെട്ടിരുന്നു. ഞങ്ങൾ കൂട്ടം കൂടിയിരുന്നു പാട്ടുപാടുന്നത് ബാരക്കിന്റെ മേൽനോട്ടം വഹിക്കുന്ന സൈനിക ഉദ്യോഗസ്ഥൻ കണ്ടെത്തുമ്പോൾ അതു നിറുത്താൻ അദ്ദേഹം ഞങ്ങളോട് ആജ്ഞാപിക്കും. ഞങ്ങൾ നിറുത്തുകയും ചെയ്യും. പക്ഷേ, അദ്ദേഹം അടുത്ത ബാരക്കിലേക്കു പോകുമ്പോൾ ഞങ്ങൾ വീണ്ടും പാടാൻ തുടങ്ങും. ഞങ്ങളെ നിശബ്ദരാക്കുക എന്നത് അസാധ്യമായിരുന്നു.
ഞങ്ങളുടെ പ്രസംഗവേലയും ഒരിക്കലും നിന്നുപോയില്ല. എല്ലായിടത്തുമുള്ള എല്ലാവരോടും സാക്ഷികൾ സംസാരിക്കുമായിരുന്നു. മറ്റുള്ളവരോടു ബൈബിൾ സത്യം പങ്കുവെക്കാൻ സാധിച്ചത് എങ്ങനെ എന്ന് എന്റെ ജ്യേഷ്ഠന്മാരും മാതാപിതാക്കളും എന്നോടു പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഈ വിധത്തിൽ, ക്രമേണ ബൈബിൾ സത്യം പരമാർഥരായ ആളുകളുടെ മനം കവരാൻ തുടങ്ങി. അങ്ങനെ, 1950-കളുടെ ആരംഭത്തിൽ ഇർകൂറ്റ്സ്കിലും പരിസരപ്രദേശങ്ങളിലും യഹോവയുടെ രാജ്യം പ്രസിദ്ധമാക്കപ്പെട്ടു.
ആദ്യമൊക്കെ, യഹോവയുടെ സാക്ഷികളെ രാഷ്ട്രീയ ശത്രുക്കളായി വീക്ഷിച്ചിരുന്നു. എന്നാൽ പിന്നീട്, ഞങ്ങളുടെ സംഘടന തികച്ചും മതപരമായ ഒന്നാണെന്ന് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. എന്നിരുന്നാലും, അധികൃതർ ഞങ്ങളുടെ പ്രവർത്തനത്തിനു തടയിടാൻ ശ്രമിച്ചു. അതുകൊണ്ട്, കണ്ടുപിടിക്കപ്പെടാതിരിക്കാൻ രണ്ടോ മൂന്നോ കുടുംബങ്ങൾ അടങ്ങുന്ന ചെറുകൂട്ടങ്ങളായി ഞങ്ങൾ ബൈബിൾ പഠിക്കാൻ കൂടിവന്നു. 1952 ഫെബ്രുവരി മാസത്തിലെ ഒരു ദിവസം അതിരാവിലെ ഒരു വിശദമായ പരിശോധന നടത്തപ്പെട്ടു. അതിനെ തുടർന്ന് പത്തു സാക്ഷികളെ അറസ്റ്റു ചെയ്തു, ശേഷിച്ച ഞങ്ങളെ പല സ്ഥലങ്ങളിലേക്കു കൊണ്ടുപോയി. ഇർകൂറ്റ്സ്ക് നഗരത്തിന് ഏതാണ്ട് 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന, ഏകദേശം നൂറു പേർ മാത്രം പാർത്തിരുന്ന ഇസ്ക്രാ ഗ്രാമത്തിലേക്കു ഞങ്ങളുടെ കുടുംബത്തെ മാറ്റി.
മാറിയ സാഹചര്യങ്ങൾക്കു മധ്യേയും സഹിച്ചു നിൽക്കുന്നു
ഗ്രാമത്തിലെ ഭരണസമിതി ഞങ്ങളോടു കാട്ടിയ ആതിഥ്യം ഞങ്ങൾ തീരെ പ്രതീക്ഷിച്ചിരുന്നതല്ല. ഗ്രാമവാസികൾ എളിയ ജീവിതം നയിക്കുന്നവരും സൗഹൃദമനസ്കരും ആയിരുന്നു. ഞങ്ങളെ സഹായിക്കുന്നതിനായി അനേകരും അവരുടെ വീടിനു വെളിയിൽ ഇറങ്ങി വരിക പോലും ചെയ്തു. ഏതാണ്ടു 17 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഒരു ചെറിയ മുറിയിൽ ഞങ്ങളെ ആക്കി. വേറെ രണ്ടു കുടുംബങ്ങൾ അപ്പോൾ തന്നെ അവിടെ ഉണ്ടായിരുന്നു. മണ്ണെണ്ണ വിളക്കുകൾ ആയിരുന്നു ഞങ്ങൾക്ക് ആകെ ഉണ്ടായിരുന്ന പ്രകാശസ്രോതസ്സ്.
പിറ്റേന്നു രാവിലെ അവിടെ ഒരു തെരഞ്ഞെടുപ്പു നടക്കുന്നുണ്ടായിരുന്നു. തങ്ങൾ വളരെ മുമ്പേ തന്നെ ദൈവരാജ്യത്തിനു വോട്ടു ചെയ്തു കഴിഞ്ഞു എന്ന് എന്റെ മാതാപിതാക്കൾ പറഞ്ഞു. തീർച്ചയായും, ആളുകൾക്ക് ഒന്നും മനസ്സിലായില്ല. അതുകൊണ്ട്, ഞങ്ങളുടെ കുടുംബത്തിലെ പ്രായപൂർത്തിയായ അംഗങ്ങളെ മുഴുവൻ അന്ന് അറസ്റ്റു ചെയ്തു തടവിൽ വെച്ചു. പിന്നീട്, അവരുടെ വിശ്വാസത്തെ കുറിച്ച് അനേകരും അവരോടു ചോദിക്കുകയുണ്ടായി. മനുഷ്യവർഗത്തിന്റെ ഒരേയൊരു പ്രത്യാശ എന്നനിലയിൽ ദൈവരാജ്യത്തെ കുറിച്ചു സംസാരിക്കാൻ ഇത് എന്റെ കുടുംബത്തിന് ഒരു നല്ല അവസരം പ്രദാനം ചെയ്തു.
ഇസ്ക്രാ ഗ്രാമത്തിൽ താമസിച്ച നാലു വർഷവും ഞങ്ങൾക്കു സഹവസിക്കാൻ അടുത്തെങ്ങും സാക്ഷികൾ ഉണ്ടായിരുന്നില്ല. ഗ്രാമത്തിനു വെളിയിൽ പോകണമെങ്കിൽ കമാൻഡന്റിന്റെ പ്രത്യേക അനുമതി വേണമായിരുന്നു. വളരെ അപൂർവമായി മാത്രമേ അദ്ദേഹം അത് നൽകുമായിരുന്നുള്ളു. കാരണം ഞങ്ങളെ നാടുകടത്തിയതിന്റെ പ്രധാന ലക്ഷ്യം തന്നെ മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെടുത്തുക എന്നതായിരുന്നല്ലോ. എന്നിരുന്നാലും, പുതിയതായി ലഭിക്കുന്ന ഏത് ആത്മീയാഹാരവും പങ്കുവെക്കുന്നതിനു സാക്ഷികൾ എപ്പോഴും പരസ്പരം ബന്ധം പുലർത്താൻ ശ്രമിച്ചിരുന്നു.
1953-ൽ സ്റ്റാലിന്റെ മരണ ശേഷം, കുറ്റം വിധിക്കപ്പെട്ട എല്ലാ സാക്ഷികളുടെയും ശിക്ഷാ കാലയളവ് 25 വർഷത്തിൽ നിന്നു 10 വർഷമായി വെട്ടിച്ചുരുക്കി. സൈബീരിയയിൽ ഉള്ളവർക്ക് അങ്ങിങ്ങു സഞ്ചരിക്കാൻ മേലാൽ ഒരു പ്രത്യേക പ്രമാണപത്രത്തിന്റെ ആവശ്യമില്ലാതായി. എന്നുവരികിലും, പെട്ടെന്നു തന്നെ അധികൃതർ ബൈബിളുകൾക്കും ബൈബിൾ സാഹിത്യങ്ങൾക്കും വേണ്ടി വ്യാപകമായി തിരച്ചിൽ നടത്താൻ തുടങ്ങി. അവ കൈവശം വെച്ചിരുന്നതായി കണ്ടെത്തിയ സാക്ഷികളെ എല്ലാം അറസ്റ്റു ചെയ്യാനും. സാക്ഷികൾക്കായി പ്രത്യേക പാളയങ്ങൾ നിർമിക്കപ്പെട്ടു, ഇർകൂറ്റ്സ്കിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്ന ഈ പാളയങ്ങളിൽ ഏകദേശം 400 സഹോദരന്മാരെയും 200 സഹോദരിമാരെയും ആക്കി.
സോവിയറ്റ് യൂണിയനിലെ ഞങ്ങളുടെ പീഡനകഥകൾ ലോകത്തിനു ചുറ്റുമുള്ള യഹോവയുടെ സാക്ഷികളുടെ കാതുകളിലെത്തി. അങ്ങനെ, 1956 മധ്യത്തിനും 1957 ഫെബ്രുവരി മാസത്തിനും ഇടയ്ക്ക് ലോകവ്യാപകമായി നടത്തപ്പെട്ട 199 ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ, ഞങ്ങൾക്കു വേണ്ടി ഒരു നിവേദനം അവതരിപ്പിക്കപ്പെട്ടു. അന്നത്തെ സോവിയറ്റ് പ്രധാനമന്ത്രി ന്യികോളൈ എ. ബുൾഗാനിനു സമർപ്പിക്കപ്പെട്ട ഈ നിവേദനം ഹാജരായിരുന്ന 4,62,936 പേരും അംഗീകരിച്ചു. മറ്റു കാര്യങ്ങളുടെ കൂട്ടത്തിൽ, ഞങ്ങളെ സ്വതന്ത്രരാക്കണമെന്നും കൂടാതെ ഞങ്ങൾക്കു “റഷ്യനിലും യൂക്രേനിയനിലും അതുപോലെ ആവശ്യമെന്നു കണ്ടെത്തപ്പെടുന്ന മറ്റു ഭാഷകളിലും വീക്ഷാഗോപുരം മാസികയും ലോകവ്യാപകമായി യഹോവയുടെ സാക്ഷികൾ ഉപയോഗിച്ചു വരുന്ന മറ്റു ബൈബിൾ പ്രസിദ്ധീകരണങ്ങളും സ്വീകരിക്കാനും പ്രസിദ്ധീകരിക്കാനും ഔദ്യോഗിക അനുവാദം നൽകണമെന്നും” നിവേദനത്തിൽ അഭ്യർഥിച്ചിരുന്നു.
അതിനിടയിൽ, ഇർകൂറ്റ്സ്കിൽ നിന്ന് ഏതാണ്ട് 20 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു വിദൂര ഗ്രാമമായ ചൂഡ്യാകോവോയിലേക്കു ഞങ്ങളുടെ കുടുംബത്തെ മാറ്റിയിരുന്നു. അവിടെ ഞങ്ങൾ ഏഴു വർഷം താമസിച്ചു. 1960-ൽ എന്റെ സഹോദരനായ ഫ്യോഡർ ഇർകൂറ്റ്സ്കിലേക്കു മടങ്ങി പോയി. പിറ്റേ വർഷം എന്റെ മൂത്ത സഹോദരൻ വിവാഹിതനാകുകയും എന്റെ സഹോദരി വീട്ടിൽ നിന്നു മാറി താമസിക്കുകയും ചെയ്തു. 1962-ൽ പ്രസംഗവേലയിൽ ഏർപ്പെട്ടതു നിമിത്തം ഫ്യോഡറിനെ അറസ്റ്റുചെയ്തു തടവിലാക്കി.
എന്റെ ആത്മീയ വളർച്ച
മറ്റുള്ളവരോടൊപ്പം ബൈബിൾ പഠിക്കാൻ കൂടിവരുന്നതിനു ഞങ്ങളുടെ ഗ്രാമമായ ചൂഡ്യാകോവോയിൽ നിന്ന് കാൽനടയായോ സൈക്കിളിലോ ഏതാണ്ട് 20 കിലോമീറ്റർ യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു. അതുകൊണ്ട്, മറ്റു സാക്ഷികളുമായി അടുത്ത ബന്ധം ആസ്വദിക്കുന്നതിനു ഞങ്ങൾ ഇർകൂറ്റ്സ്കിലേക്കു താമസം മാറ്റാൻ ശ്രമിച്ചു. പക്ഷേ, ഞങ്ങളുടെ പ്രദേശത്തെ മുഖ്യൻ ഈ നീക്കത്തെ എതിർത്തെന്നു മാത്രമല്ല, അതു തടസ്സപ്പെടുത്താൻ സാധ്യമാകുന്നത് എല്ലാം ചെയ്യുകയും ചെയ്തു. എന്നിരുന്നാലും, കുറച്ചു കാലം കഴിഞ്ഞപ്പോൾ അദ്ദേഹം ഞങ്ങളോടു കുറെക്കൂടി അനുകൂലമായ മനോഭാവം പുലർത്താൻ തുടങ്ങി. അങ്ങനെ, ഞങ്ങൾക്ക് ഇർകൂറ്റ്സ്കിൽ നിന്ന് ഏതാണ്ട് പത്തു കിലോമീറ്റർ അകലെ ഉള്ള പിവോവാരിച്ചാ എന്ന ഗ്രാമത്തിലേക്കു താമസം മാറ്റാൻ കഴിഞ്ഞു. അവിടെ യഹോവയുടെ സാക്ഷികളുടെ ഒരു സഭ ഉണ്ടായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം, അത് ഒരു പുതുജീവിതത്തിനു നാന്ദി കുറിച്ചു. പിവോവാരിച്ചായിൽ, സുസംഘടിതമായ സഭാ പുസ്തകാധ്യയന കൂട്ടങ്ങളും ആത്മീയ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന സഹോദരന്മാരും ഉണ്ടായിരുന്നു. എനിക്ക് എന്തോരു സന്തോഷമായിരുന്നെന്നോ!
ഈ സമയമായപ്പോഴേക്കും ഞാൻ ബൈബിൾ സത്യത്തെ അതിരറ്റു സ്നേഹിക്കാൻ തുടങ്ങിയിരുന്നു. അതുകൊണ്ടു ഞാൻ സ്നാപനമേൽക്കാൻ ആഗ്രഹിച്ചു. 1965 ആഗസ്റ്റിൽ ഓൽച്ചാ നദിയിൽ സ്നാപനമേറ്റതോടെ എന്റെ ആഗ്രഹം സാക്ഷാത്കരിക്കപ്പെട്ടു. ആ കാലയളവിൽ ധാരാളം പേർ ആ നദിയിൽ സ്നാപനമേൽക്കുകയുണ്ടായി. പുറമേ നിന്നു വീക്ഷിക്കുന്ന ഒരാൾക്ക്, ഞങ്ങൾ വിനോദയാത്രയ്ക്കു വന്നവരാണെന്നും നദിയിൽ വെറുതെ ഒന്നു നീന്താൻ ഇറങ്ങിയതാണ് എന്നും മാത്രമേ തോന്നുമായിരുന്നുള്ളു. താമസിയാതെ, എനിക്ക് എന്റെ ആദ്യ നിയമനം ലഭിച്ചു, ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ മേൽവിചാരകൻ എന്ന നിലയിൽ. 1965 നവംബറിൽ ഫ്യോഡർ തടവിൽ നിന്നു മോചിതനായപ്പോൾ ഞങ്ങൾക്കു സന്തോഷിക്കാൻ കൂടുതലായ കാരണങ്ങൾ ലഭിച്ചു.
വേല അഭിവൃദ്ധി പ്രാപിച്ച വിധം
1965-ൽ എല്ലാ പ്രവാസികളെയും ഒന്നിച്ചുകൂട്ടിയിട്ട് എവിടെ വേണമെങ്കിലും സ്വതന്ത്രമായി സഞ്ചരിക്കാം എന്നു ഞങ്ങളോടു പറഞ്ഞു. അങ്ങനെ ഞങ്ങളുടെ “നിത്യമായ കുടികിടപ്പ്” അവസാനിക്കുകയായി. ഞങ്ങൾക്കുണ്ടായ സന്തോഷം ഒന്നു വിഭാവന ചെയ്യൂ! ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന പലരും രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്കു ചേക്കേറി. ബാക്കിയുള്ളവരാകട്ടെ യഹോവ തങ്ങളുടെ ആത്മീയ വളർച്ചയിലും പ്രവർത്തനങ്ങളിലും പിന്തുണയ്ക്കുകയും അനുഗ്രഹിക്കുകയും ചെയ്ത അതേ സ്ഥലത്തു തന്നെ തുടരാൻ തീരുമാനിച്ചു. സൈബീരിയയിൽ വെച്ച് ഇവരിൽ പലരും തങ്ങളുടെ മക്കളെയും മക്കളുടെമക്കളെയും അവരുടെ മക്കളെയും വളർത്തിയിരിക്കുന്നു. പരക്കെ ഉണ്ടായിരുന്ന ധാരണയ്ക്കു വിപരീതമായി സൈബീരിയ അത്ര ഭയജനകമായ സ്ഥലമൊന്നുമല്ലെന്നു തെളിഞ്ഞു.
1967-ൽ ഞാൻ മരിയയെ കണ്ടുമുട്ടി. അവളുടെ കുടുംബവും യൂക്രെയിനിൽ നിന്നു സൈബീരിയയിലേക്കു നാടുകടത്തപ്പെട്ടതാണ്. കുട്ടിക്കാലത്തു ഞങ്ങൾ ഇരുവരും യൂക്രെനിയൻ ഗ്രാമമായ വിൽഷാനിറ്റ്സായിൽ താമസിച്ചിരുന്നവരാണ്. 1968-ൽ ഞങ്ങൾ വിവാഹിതരായി, കാലക്രമത്തിൽ ഞങ്ങൾക്ക് യാരോസ്ലാഫ് എന്ന പുത്രനും ഒക്സാന എന്ന പുത്രിയും ജനിച്ചു.
ആത്മീയ സഹവാസത്തിനായി വലിയ കൂടിവരവുകൾ നടത്തുന്നതിന് ഞങ്ങൾ വിവാഹങ്ങളും ശവസംസ്കാര ചടങ്ങുകളും ഉപയോഗപ്പെടുത്തുന്നതിൽ തുടർന്നു. അവയിൽ സംബന്ധിക്കാൻ എത്തിയിരുന്ന സാക്ഷികളല്ലാത്ത ബന്ധുമിത്രാദികളോടു ബൈബിൾ സത്യങ്ങൾ വിശദീകരിക്കാൻ ഞങ്ങൾ ഈ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തുമായിരുന്നു. പുനരുത്ഥാന പ്രത്യാശയെ കുറിച്ചോ വിവാഹം എന്ന യഹോവയുടെ ക്രമീകരണത്തെ കുറിച്ചോ പുതിയ ലോകത്തിലെ ഭാവി അനുഗ്രഹങ്ങളെ കുറിച്ചോ ബൈബിളിൽ നിന്നു സ്വാതന്ത്ര്യത്തോടെ പ്രസംഗിക്കുമായിരുന്ന ഈ ചടങ്ങുകളിൽ, മിക്കപ്പോഴും സെക്യൂരിറ്റി ഉദ്യോഗസ്ഥന്മാരും പങ്കെടുത്തിരുന്നു.
ഒരിക്കൽ, ഒരു ശവസംസ്കാര വേളയിൽ എന്റെ പ്രസംഗം മിക്കവാറും അവസാനിക്കാറായപ്പോൾ, പെട്ടെന്ന് അവിടെ ഒരു കാർ വന്നു നിന്നു. വാതിൽ വലിച്ചു തുറന്ന് അതിൽ നിന്ന് ഒരാൾ പുറത്തിറങ്ങി. എന്റെ അടുക്കൽ വന്നിട്ട് എന്നോടു കാറിൽ കയറാൻ ആജ്ഞാപിച്ചു. എനിക്കു പേടിയൊന്നും തോന്നിയില്ല. ഒന്നുമല്ലെങ്കിലും ഞങ്ങൾ കുറ്റവാളികൾ ഒന്നും ആയിരുന്നില്ലല്ലോ, ദൈവവിശ്വാസികൾ മാത്രമല്ലേ ആയിരുന്നുള്ളൂ. പക്ഷേ, എന്റെ പോക്കറ്റിൽ സഭയിലുള്ളവരുടെ സേവന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അറസ്റ്റു ചെയ്യപ്പെടാൻ ഇതു മതിയായിരുന്നു. അതുകൊണ്ട്, അവരോടൊപ്പം പോകുന്നതിനു മുമ്പ് എന്റെ കൈവശമുണ്ടായിരുന്ന പണമെല്ലാം ഭാര്യക്കു കൊടുത്തോട്ടെ എന്നു ഞാൻ ചോദിച്ചു. അങ്ങനെ, അവരുടെ കൺമുമ്പിൽ വെച്ചു തന്നെ, വളരെ ശാന്തമായി ഞാൻ എന്റെ പേഴ്സും സഭാ റിപ്പോർട്ടുകളും ഭാര്യയെ ഏൽപ്പിച്ചു.
1974 മുതൽ ഞാനും മരിയയും വീട്ടിൽ വെച്ച് രഹസ്യമായി ബൈബിൾ സാഹിത്യങ്ങൾ തയ്യാറാക്കാൻ തുടങ്ങി. ഞങ്ങൾക്ക് ഒരു ചെറിയ കുട്ടി ഉണ്ടായിരുന്നതിനാൽ അവൻ അറിയാതിരിക്കാൻ വേണ്ടി രാത്രി വളരെ വൈകിയാണു ഞങ്ങൾ ഇതു ചെയ്തിരുന്നത്. എന്നിരുന്നാലും, ഞങ്ങൾ എന്താണു ചെയ്യുന്നത് എന്ന് അറിയാനുള്ള ആഗ്രഹം നിമിത്തം, ഒരിക്കൽ ഉറക്കം നടിച്ചു കിടന്നിട്ട് അവൻ പതിയെ ഉളിഞ്ഞു നോക്കി. പിന്നീട് അവൻ പറഞ്ഞു: “ദൈവത്തെ കുറിച്ചുള്ള മാസികകൾ ഉണ്ടാക്കുന്നത് ആരാണെന്ന് എനിക്ക് അറിയാമല്ലോ.” ഞങ്ങളുടെ ഉള്ളൊന്നു കത്തി, എങ്കിലും ഈ സുപ്രധാന വേലയിൽ സംരക്ഷണമേകണമേ എന്നു ഞങ്ങൾ നിരന്തരം യഹോവയോടു യാചിച്ചു.
കാലക്രമത്തിൽ, അധികൃതർ യഹോവയുടെ സാക്ഷികളോടു കൂടുതൽ അനുകൂലമായ മനോഭാവം പുലർത്താൻ തുടങ്ങി. അതുകൊണ്ട് ഉസോല്യെ-സിബിർസ്കോയെ നഗരത്തിലെ മിർ ആർട്ട്സ് ആൻഡ് ലിഷർ സെന്ററിൽ വെച്ച് ഒരു വലിയ യോഗം ക്രമീകരിക്കാൻ ഞങ്ങൾ ആലോചിച്ചു. ഞങ്ങളുടെ യോഗങ്ങൾ ബൈബിൾ പഠിക്കുന്നതിനും ക്രിസ്തീയ സഹവാസം ആസ്വദിക്കുന്നതിനും വേണ്ടി മാത്രമുള്ളതാണ് എന്നു ഞങ്ങൾ നഗരാധികൃതർക്ക് ഉറപ്പു നൽകി. 1990 ജനുവരിയിൽ, ഹാജരായ 700-ലധികം പേരെക്കൊണ്ട് ആ ഹാൾ തിങ്ങിനിറഞ്ഞു. ഈ സംഭവം വളരെയേറെ ജനശ്രദ്ധ പിടിച്ചുപറ്റി.
യോഗാനന്തരം ഒരു റിപ്പോർട്ടർ ഇപ്രകാരം ചോദിച്ചു, “നിങ്ങളുടെ കൊച്ചുകുട്ടികളെ നിങ്ങൾ എപ്പോഴാണു പരിശീലിപ്പിച്ചത്?” ഈ ആദ്യ പരസ്യയോഗത്തിൽ നാലു മണിക്കൂറും അവർ ഏകാഗ്രതയോടെ ഇരുന്നു പരിപാടി ശ്രദ്ധിച്ചത് അദ്ദേഹത്തെയും മറ്റു സന്ദർശകരെയും ആശ്ചര്യപ്പെടുത്തി. താമസിയാതെ, യഹോവയുടെ സാക്ഷികളെ പുകഴ്ത്തി കൊണ്ടുള്ള ഒരു ലേഖനം പ്രാദേശിക ദിനപ്പത്രത്തിൽ അച്ചടിച്ചു വന്നു. അത് ഇങ്ങനെ പ്രസ്താവിച്ചു: “[യഹോവയുടെ സാക്ഷികളിൽ] നിന്ന് ഒരുവനു വാസ്തവമായും ചിലതെല്ലാം പഠിക്കാൻ കഴിയും.”
മഹത്തായ വികസനത്തിൽ പുളകം കൊള്ളുന്നു
1991-ൽ, സോവിയറ്റ് യൂണിയനിൽ ഏഴു കൺവെൻഷനുകൾ നടത്തപ്പെട്ടു, മൊത്തം 74,252 പേർ ഹാജരായി. പിന്നീട്, സോവിയറ്റ് യൂണിയന്റെ മുൻ റിപ്പബ്ലിക്കുകളെല്ലാം സ്വാതന്ത്ര്യം പ്രാപിച്ചതിനു ശേഷം, മോസ്കോയിലേക്കു പോകാൻ യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിൽ നിന്ന് എനിക്കു നിയമനം ലഭിച്ചു. അവിടെ വെച്ച്, രാജ്യവേലയിലുള്ള എന്റെ പങ്കു വിപുലീകരിക്കാൻ പറ്റിയ സാഹചര്യമാണോ എന്റേത് എന്ന് എന്നോട് അന്വേഷിക്കുകയുണ്ടായി. അപ്പോഴേക്കും യാരോസ്ലാഫ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായി കഴിഞ്ഞിരുന്നു, ഒക്സാനയാകട്ടെ കൗമാരപ്രായത്തിലും. അങ്ങനെ 1993-ൽ, ഞാനും മരിയയും മോസ്കോയിൽ ഞങ്ങളുടെ മുഴുസമയ ശുശ്രൂഷ ആരംഭിച്ചു. അതേ വർഷം തന്നെ, റഷ്യയിലെ യഹോവയുടെ സാക്ഷികളുടെ പ്രാദേശിക മതസംഘടനയുടെ ഭരണകേന്ദ്രത്തിന്റെ കോ-ഓർഡിനേറ്ററായി ഞാൻ നിയമിക്കപ്പെട്ടു.
ഞാനും മരിയയും ഇപ്പോൾ സെന്റ് പീറ്റേഴ്സ്ബർഗിനു വെളിയിലുള്ള പുതിയ ബ്രാഞ്ചിൽ താമസിച്ചു സേവനം അനുഷ്ഠിക്കുകയാണ്. റഷ്യയിലെ സത്വരം വർധിച്ചു വരുന്ന രാജ്യഘോഷകർക്കു വേണ്ടി കരുതുന്നതിൽ മറ്റു വിശ്വസ്ത സഹോദരങ്ങളോടൊപ്പം പങ്കുചേരാൻ സാധിക്കുന്നത് ഒരു പദവി ആയി ഞാൻ കരുതുന്നു. ഇന്ന്, സോവിയറ്റ് യൂണിയന്റെ മുൻ റിപ്പബ്ലിക്കുകളിലെല്ലാമായി 2,60,000-ത്തിലേറെ സാക്ഷികൾ ഉണ്ട്, റഷ്യയിൽ മാത്രമായി 1,00,000-ത്തിലേറെയും!
ഞാനും മരിയയും, ഞങ്ങളുടെ പ്രിയപ്പെട്ട ഭവനമായി തീർന്ന സൈബീരിയയിൽ വിശ്വസ്തതയോടെ രാജ്യപ്രസംഗ വേലയിൽ തുടരുന്ന ഞങ്ങളുടെ പ്രിയ ബന്ധുക്കളെയും സുഹൃത്തുക്കളെയും കുറിച്ച് മിക്കപ്പോഴും ഓർക്കാറുണ്ട്. ഇന്ന് വലിയ കൺവെൻഷനുകൾ അവിടെ ക്രമമായി നടത്തപ്പെടുന്നു. ഇർകൂറ്റ്സ്കിലും സമീപപ്രദേശങ്ങളിലുമായി ഏകദേശം 2,000 സാക്ഷികൾ സജീവ സേവനം അനുഷ്ഠിക്കുന്നു. തീർച്ചയായും, യെശയ്യാവു 60:22-ലെ പ്രവചനം ലോകത്തിന്റെ ആ ഭാഗത്തും നിവൃത്തിയേറിക്കൊണ്ടിരിക്കുകയാണ്: “കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും.”
[20-ാം പേജിലെ ചിത്രം]
1959-ൽ പിതാവിനോടും കുടുംബത്തോടും മറ്റു പ്രവാസികളോടും ഒപ്പം ഇർകൂറ്റ്സ്കിൽ
[23-ാം പേജിലെ ചിത്രം]
ഇസ്ക്രായിലെ പ്രവാസികളായ കുട്ടികൾ
[25-ാം പേജിലെ ചിത്രം]
ഞങ്ങൾ വിവാഹിതരായ ആ വർഷം
[25-ാം പേജിലെ ചിത്രം]
ഇന്ന് മരിയയോടൊപ്പം