മുത്തശ്ശീമുത്തശ്ശന്മാർ മാതാപിതാക്കൾ ആകുമ്പോൾ
“രാജ്യഹാളിൽനിന്ന് യോഗവും കഴിഞ്ഞ് ഞാൻ വീട്ടിൽ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. കതകിൽ ആരോ ശക്തിയായി മുട്ടുന്നതു കേട്ടു. വാതിൽ തുറന്നപ്പോൾ രണ്ടു പൊലീസുകാർ, ഒപ്പം അഴുക്കുപുരണ്ട ശരീരവും ജട പിടിച്ച മുടിയുമായി രണ്ടു കുട്ടികളും. പിള്ളേരെ കണ്ടാൽ കുളിച്ചിട്ടു മാസങ്ങളായെന്നു തോന്നുമായിരുന്നു. വാസ്തവം പറഞ്ഞാൽ അവരെ മനുഷ്യക്കുട്ടികളാണെന്നു പോലും പറയാൻ പറ്റില്ലായിരുന്നു! എന്റെ പേരക്കുട്ടികളായിരുന്നു അവർ. മയക്കുമരുന്നിന് അടിമയായിത്തീർന്നിരുന്ന അവരുടെ അമ്മ അവരെ ഉപേക്ഷിച്ചിരുന്നു. ഞാനാണെങ്കിൽ ആറു മക്കളുള്ള ഒരു വിധവയും. എങ്കിലും എന്റെ പേരക്കുട്ടികളെ ഉപേക്ഷിക്കാൻ എനിക്കു മനസ്സു വന്നില്ല.”—സാല്ലി.a
“ജീവിതത്തിനു മാറ്റം വരുത്തുന്നതുവരെ മക്കളെ നോക്കാമോ എന്നു മകൾ എന്നോടു ചോദിച്ചു. അവൾ മയക്കുമരുന്നിന് അടിമപ്പെട്ടിരുന്ന വിവരം എനിക്ക് അറിയില്ലായിരുന്നു. ഒടുവിൽ അവളുടെ രണ്ടു മക്കളെ എനിക്കു നോക്കേണ്ടിവന്നു. കുറച്ചു വർഷം കഴിഞ്ഞപ്പോൾ അവൾക്ക് ഒരു കുട്ടി കൂടെ ജനിച്ചു. ആ കുഞ്ഞിന്റെ ചുമതലയും കൂടെ ഏറ്റെടുക്കാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല. പക്ഷേ കൊച്ചുമകൻ എന്നോട് ‘അമ്മൂമ്മേ അവളെക്കൂടി ഇങ്ങു കൊണ്ടുവരാമോ’ എന്നു കെഞ്ചി ചോദിച്ചു.”—വില്ലി മേ.
മുത്തശ്ശീമുത്തശ്ശന്മാർ ആണെങ്കിൽ “ഉത്തരവാദിത്വം കൂടാതെ സന്തോഷം അനുഭവിക്കാം” എന്ന് ഒരു കാലത്തു പറയപ്പെട്ടിരുന്നു. എന്നാൽ മേലാൽ അത് അങ്ങനെ ആയിരിക്കുന്നില്ല. ഐക്യനാടുകളിൽ മാത്രം, 30 ലക്ഷത്തിലധികം കുട്ടികൾ മുത്തശ്ശീമുത്തശ്ശന്മാരുടെ കൂടെ കഴിയുന്നതായി ചില കണക്കുകൾ വെളിപ്പെടുത്തുന്നു. ഇവരുടെ എണ്ണം സത്വരം വർധിക്കുകയുമാണ്.
അസ്വസ്ഥജനകമായ ഈ പ്രവണതയ്ക്കു കാരണം എന്താണ്? വിവാഹബന്ധം വേർപെടുത്തിയ മാതാപിതാക്കളുടെ കുട്ടികൾക്കു തങ്ങളുടെ മുത്തശ്ശീമുത്തശ്ശന്മാരോടൊപ്പം കഴിയേണ്ടി വരുന്നു. അതുപോലെതന്നെ മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ടവരോ അവരുടെ ദുഷ്പെരുമാറ്റത്തിനു വിധേയരാകേണ്ടി വരുന്നവരോ ആയ കുട്ടികളും. ചൈൽഡ് വെൽഫെയർ എന്ന ജേർണൽ പറയുന്നതനുസരിച്ച് തങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കാൻ മാതാപിതാക്കളെ അപ്രാപ്തരാക്കിക്കൊണ്ട് ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നു വിശേഷിപ്പിക്കാവുന്ന ഒരു തലമുറയെ ക്രാക്ക് കൊക്കെയ്ൻ സൃഷ്ടിക്കുകയാണ്.’ ഉപേക്ഷിക്കപ്പെടുന്നതിന്റെയും മാതാപിതാക്കൾ മരണമടയുന്നതിന്റെയും അവർക്കു മാനസിക രോഗം പിടിപെടുന്നതിന്റെയും ഫലമായും ലക്ഷക്കണക്കിനു കുട്ടികൾ “അച്ഛനമ്മമാർ ഇല്ലാത്തവർ” ആയി തീരുന്നു. എയ്ഡ്സ് പിടിപെട്ട അമ്മമാരുള്ള കുട്ടികളും ഒടുവിൽ തങ്ങളുടെ മുത്തശ്ശീമുത്തശ്ശന്മാരുടെ പരിപാലനത്തിൻ കീഴിൽ വരുന്നു.
മധ്യവയസ്സിലോ വാർധക്യത്തിലെ “ദുർദ്ദിവസ”ങ്ങളുടെ കാലത്തോ കുട്ടികളെ പരിപാലിക്കുന്ന ചുമതല ഏറ്റെടുക്കുന്നതു താങ്ങാവുന്നതിൽ അധികമായിരിക്കാം. (സഭാപ്രസംഗി 12:1-7) പലർക്കും കൊച്ചുകുട്ടികളുടെ പുറകേ നടക്കാനുള്ള ആരോഗ്യം ഉണ്ടായിരിക്കില്ല. മറ്റു ചിലരാകട്ടെ വാർധക്യത്തിലുള്ള സ്വന്തം മാതാപിതാക്കളെ പരിചരിക്കുന്നവരായിരിക്കാം. ഇനിയും ചിലർ വൈധവ്യം അനുഭവിക്കുന്നവരോ വിവാഹബന്ധം വേർപെടുത്തിയവരോ ആയിരിക്കും, അവർക്ക് ഇണയുടെ സഹായമില്ലാതെ കഴിഞ്ഞുകൂടേണ്ടതുണ്ട്. മാത്രമല്ല, അത്തരം ഒരു ഭാരം ഏറ്റെടുക്കാനുള്ള സാമ്പത്തികസ്ഥിതിയും പലർക്കും ഇല്ല. ഒരു സർവേ പ്രകാരം, പേരക്കുട്ടികളുടെ സംരക്ഷണച്ചുമതല വഹിക്കുന്ന മുത്തശ്ശീമുത്തശ്ശന്മാരിൽ 10-ൽ 4 പേർ വീതം ദാരിദ്ര്യരേഖയ്ക്കു തൊട്ടു മുകളിൽ മാത്രം വരുമാനം ഉള്ളവരാണ്. “കുട്ടികൾക്ക് അസുഖമായിരുന്നു,” സാല്ലി അനുസ്മരിക്കുന്നു. “മരുന്നിനും മറ്റും കുറേ കാശു ചെലവായി. ഗവൺമെന്റിൽനിന്ന് എനിക്കു സാമ്പത്തിക സഹായമൊന്നും ലഭിച്ചില്ലെന്നുതന്നെ പറയാം.” പ്രായമായ ഒരു സ്ത്രീ പറയുന്നു: “ജോലിയിൽനിന്നു വിരമിച്ചപ്പോൾ കിട്ടിയ പണമെല്ലാം പേരക്കുട്ടികൾക്കു വേണ്ടി ചെലവാക്കേണ്ടി വന്നു.”
സമ്മർദങ്ങളും പിരിമുറുക്കങ്ങളും
“പേരക്കുട്ടികളുടെ പരിപാലനം മുത്തശ്ശീമുത്തശ്ശന്മാരിൽ വളരെ സമ്മർദം ഉളവാക്കിയിരിക്കുന്ന”തായി ഒരു പഠനം വെളിപ്പെടുത്തിയതിൽ അത്ഭുതപ്പെടാനില്ല. “പഠനത്തിനു വിധേയരാക്കപ്പെട്ട 60 മുത്തശ്ശീമുത്തശ്ശന്മാരിൽ 86 ശതമാനവും തങ്ങൾ ‘മിക്കപ്പോഴും വിഷാദചിത്തരോ ഉത്കണ്ഠാകുലരോ’ ആണെന്നു പറഞ്ഞു.” പലരും തങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി പറയുന്നു. “അത് എന്നെ ശാരീരികമായും മാനസികമായും ആത്മീയമായും ബാധിച്ചു,” കൗമാരപ്രായക്കാരിയായ കൊച്ചുമകളുടെ സംരക്ഷണം ഏറ്റെടുത്തിരുന്ന എലിസബത്ത് പറഞ്ഞു. വില്ലി മേയ്ക്ക് ഹൃദ്രോഗവും ഉയർന്ന രക്തസമ്മർദവും ഉണ്ട്. “കുട്ടികളെ വളർത്തുന്നതിന്റെ സമ്മർദമാണു കാരണം എന്നാണു ഡോക്ടർ പറയുന്നത്.”
പേരക്കുട്ടികളെ വളർത്തുന്നതു മൂലം ജീവിതരീതിക്കു സംഭവിക്കുന്ന മാറ്റത്തെ നേരിടാനും പലരും സജ്ജരല്ല. “ചിലപ്പോൾ എനിക്ക് എവിടേക്കും പോകാൻ പറ്റാത്ത സ്ഥിതിയാണ്,” ഒരു മുത്തശ്ശൻ പറയുന്നു. “പിള്ളേരെ മറ്റാരെയെങ്കിലും ഏൽപ്പിച്ചു പോകുന്നതിനെ കുറിച്ചു ചിന്തിക്കുമ്പോൾ . . . എനിക്കു കുറ്റബോധം തോന്നും. അതുകൊണ്ട് ഞാൻ പോകേണ്ടെന്നു വെക്കും അല്ലെങ്കിൽ വിചാരിച്ച കാര്യം ചെയ്യേണ്ടെന്നു വെക്കും.” സ്വകാര്യ സമയം എന്നു പറയുന്ന ഒന്ന് തനിക്ക് “ഇല്ല” എന്നാണ് ഒരു മുത്തശ്ശി പറയുന്നത്. സമൂഹത്തിൽ നിന്നുള്ള ഒറ്റപ്പെടലും ഏകാന്തതയും സാധാരണമാണ്. പേരക്കുട്ടികളുള്ള ഒരു സ്ത്രീ പറഞ്ഞു: “ഞങ്ങളുടെ പ്രായത്തിലുള്ള മിക്ക സുഹൃത്തുക്കൾക്കും വീട്ടിൽ [കൊച്ചു] കുട്ടികളില്ല. ഇതിന്റെ ഫലമായി പലപ്പോഴും ആരെങ്കിലും ക്ഷണിച്ചാലും ഞങ്ങൾ പോകാറില്ല. കാരണം ഞങ്ങളുടെ മക്കളെ [പേരക്കുട്ടികളെ] അവർ ക്ഷണിക്കാറില്ല.”
വൈകാരിക സമ്മർദങ്ങളും വേദനാജനകമാണ്. യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ടിലെ ഒരു ലേഖനം പറയുന്നു: “മാതാപിതാക്കളുടെ ധർമം നിർവഹിക്കുന്നതിലുള്ള സ്വന്തം മക്കളുടെ പരാജയം നിമിത്തം അവരിൽ പലർക്കും [മുത്തശ്ശീമുത്തശ്ശന്മാർക്ക്] നാണക്കേടും കുറ്റബോധവും തോന്നുന്നു. മാതാപിതാക്കളെന്ന നിലയിൽ തങ്ങൾക്കു പാളിച്ച പറ്റിയത് എവിടെയാണെന്നു ചിന്തിച്ച് അവർ സ്വയം നീറുന്നു. പേരക്കുട്ടികൾക്കു സുരക്ഷിതത്വവും സ്നേഹവും ഉള്ള അന്തരീക്ഷം പ്രദാനം ചെയ്യാൻ ചിലർക്കു ദുസ്സ്വഭാവികളോ മയക്കുമരുന്നിന് അടിമകളോ ആയ സ്വന്തം മക്കളെ വൈകാരികമായി ഉപേക്ഷിക്കേണ്ടിവരുന്നു.”
ഒരു സർവേ ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “കൊച്ചുമക്കളെ പരിപാലിക്കുന്നതു നിമിത്തം തങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ സംതൃപ്തി ക്ഷയിച്ചിരിക്കുന്നതായി . . . കാൽ ഭാഗത്തിലധികം പേരും പറഞ്ഞു.” മിക്കപ്പോഴും, ഭാര്യമാർ കുട്ടിയെ ശ്രദ്ധിക്കുന്നതിൽ വ്യാപൃതരായിരിക്കുമ്പോൾ തങ്ങൾ അവഗണിക്കപ്പെടുന്നതായി ഭർത്താക്കന്മാർ കരുതുന്നു. മറ്റു ചില ഭർത്താക്കന്മാർക്കാകട്ടെ കുട്ടികളെ വളർത്തുന്നതുമായി ബന്ധപ്പെട്ട സമ്മർദം കൈകാര്യം ചെയ്യാൻ സാധിക്കില്ലെന്നു തോന്നുന്നു. തന്റെ ഭർത്താവിനെ കുറിച്ച് ഒരു സ്ത്രീ പറയുന്നു: “അദ്ദേഹം ഞങ്ങളെ ഉപേക്ഷിച്ചു പോയി. . . . കെണിയിലകപ്പെട്ടതുപോലെ അദ്ദേഹത്തിനു തോന്നിക്കാണും.”
ദേഷ്യക്കാരായ കുട്ടികൾ
യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് പറയുന്നു: “[മുത്തശ്ശീമുത്തശ്ശന്മാരുടെ] പരിപാലനത്തിൻ കീഴിൽ വരുന്ന ചില കുട്ടികൾ രാജ്യത്തുള്ളവരിൽവെച്ച് ഏറ്റവും അധികം സഹായവും പിന്തുണയും ആവശ്യമുള്ളവരും വൈകാരിക ക്ഷതം ഏറ്റിരിക്കുന്നവരും ദേഷ്യക്കാരുമാണ് എന്ന വസ്തുത പ്രശ്നം രൂക്ഷമാക്കുന്നു.”
എലിസബത്തിന്റെ കൊച്ചുമകളുടെ കാര്യംതന്നെയെടുക്കാം. സ്കൂൾ കുട്ടികളെ റോഡ് മുറിച്ചു കടക്കാൻ സഹായിക്കലാണ് എലിസബത്തിന്റെ ജോലി. അവർ ജോലി ചെയ്യുന്ന ആ തെരുക്കോണിൽത്തന്നെ കുട്ടിയുടെ പിതാവ് അവളെ ഉപേക്ഷിച്ചിട്ട് കടന്നുകളഞ്ഞു. “അവൾ ഒരു ദേഷ്യക്കാരിയാണ്,” എലിസബത്ത് പറയുന്നു. “അവളുടെ ഹൃദയത്തിനു മുറിവേറ്റിരിക്കുന്നു.” സാല്ലിയുടെ പേരക്കുട്ടികളും സമാനമായി മാനസികക്ഷതം ഏറ്റവരാണ്. “എന്റെ കൊച്ചുമകൻ വലിയ ദേഷ്യക്കാരനാണ്. ആർക്കും അവനെ വേണ്ടെന്നാണ് അവന്റെ വിചാരം.” സ്നേഹസമ്പന്നരായ മാതാപിതാക്കൾ ഉണ്ടായിരിക്കുക എന്നത് ഒരു കുട്ടിയുടെ ജന്മാവകാശമാണ്. അവരാൽ ഉപേക്ഷിക്കപ്പെടുമ്പോഴോ അവഗണിക്കപ്പെടുമ്പോഴോ തള്ളിക്കളയപ്പെടുമ്പോഴോ ഒരു കുട്ടിക്കുണ്ടാകുന്ന വികാരം ഒന്നു സങ്കൽപ്പിച്ചുനോക്കൂ! ഈ വികാരങ്ങൾ മനസ്സിലാക്കുന്നത് പെരുമാറ്റ സംബന്ധമായ പ്രശ്നങ്ങൾ ഉള്ള കുട്ടികളോട് ക്ഷമാപൂർവം ഇടപെടാനുള്ള താക്കോലായിരിക്കും. സദൃശവാക്യങ്ങൾ 19:11, [NW] പറയുന്നു: “ഒരു മനുഷ്യന്റെ ഉൾക്കാഴ്ച തീർച്ചയായും അവന്റെ കോപത്തെ ശമിപ്പിക്കുന്നു.”
ഉദാഹരണത്തിന്, മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട ഒരു കുട്ടി അവനെ പരിപാലിക്കാനുള്ള നിങ്ങളുടെ ശ്രമത്തെ ചെറുത്തേക്കാം. കുട്ടിയുടെ ഭയങ്ങളും ഉത്കണ്ഠകളും മനസ്സിലാക്കുന്നതു സഹാനുഭൂതിയോടെ പ്രതികരിക്കാൻ നിങ്ങളെ സഹായിക്കും. അവന്റെ ഭയങ്ങൾ മനസ്സിലാക്കുന്നുവെന്ന് അറിയിക്കുന്നതും അവനെ പരിപാലിക്കാൻ നിങ്ങളാൽ ആകുന്നതെല്ലാം ചെയ്യാമെന്ന് ഉറപ്പുകൊടുക്കുന്നതും അവന്റെ ഭയങ്ങളെ ദൂരീകരിക്കാൻ വളരെ സഹായകമായേക്കാം.
സമ്മർദത്തെ തരണം ചെയ്യൽ
‘എനിക്കു വളരെയധികം ദുഃഖം തോന്നി, എന്നോടുതന്നെ സഹതാപവും. ഇത് ഞങ്ങൾക്കു സംഭവിക്കാൻ പാടില്ലാത്തതായിരുന്നു,’ പേരക്കുട്ടിയുടെ സംരക്ഷണച്ചുമതലയുള്ള ഒരു മുത്തശ്ശി പറഞ്ഞു. അത്തരം ഒരു സാഹചര്യത്തിൽ ആണെങ്കിൽ നിങ്ങൾക്കും അതേ വികാരം ഉണ്ടായേക്കാം. എന്നാൽ അവസ്ഥ ആശയറ്റ ഒന്നല്ല. പ്രായം നിങ്ങളുടെ ശാരീരിക ആരോഗ്യത്തെ പരിമിതപ്പെടുത്തിയേക്കാം. എന്നാൽ ജ്ഞാനം, ക്ഷമ, വൈദഗ്ധ്യം എന്നിവയുടെ കാര്യം വരുമ്പോൾ പ്രായം ഒരു മുതൽക്കൂട്ടാണ്. “മാതാപിതാക്കളിൽ ഒരാൾ മാത്രം ഉള്ള കുടുംബത്തിലെ കുട്ടികളെ അപേക്ഷിച്ച് മുത്തശ്ശീമുത്തശ്ശന്മാർ വളർത്തുന്ന കുട്ടികൾ നല്ല രീതിയിൽ മുതിർന്നുവന്ന”തായി ഒരു പഠനം കണ്ടെത്തിയതിൽ അതിശയിക്കാനില്ല.
‘യഹോവ നിങ്ങൾക്കായി കരുതുന്നവനാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊള്ളാൻ’ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (1 പത്രൊസ് 5:7) അതുകൊണ്ട് സങ്കീർത്തനക്കാരനെപ്പോലെ ശക്തിക്കും മാർഗനിർദേശത്തിനുമായി നിരന്തരം അവനോടു പ്രാർഥിക്കുക. (സങ്കീർത്തനം 71:18 താരതമ്യം ചെയ്യുക.) സ്വന്തം ആത്മീയ ആവശ്യങ്ങൾക്കു ശ്രദ്ധ നൽകുക. (മത്തായി 5:3, NW) “ക്രിസ്തീയ യോഗങ്ങളിൽ പങ്കുപറ്റുന്നതും മറ്റുള്ളവരോടു സുവാർത്ത പ്രസംഗിക്കുന്നതും പിടിച്ചുനിൽക്കാൻ എന്നെ സഹായിച്ചു” എന്ന് ഒരു ക്രിസ്തീയ സ്ത്രീ പറയുന്നു. സാധിക്കുമ്പോഴെല്ലാം പേരക്കുട്ടികളെ ദൈവത്തിന്റെ വഴികളെ കുറിച്ചു പഠിപ്പിക്കാൻ ശ്രമിക്കുക. (ആവർത്തനപുസ്തകം 4:9) അവരെ “കർത്താവിന്റെ [“യഹോവയുടെ,” NW] ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോററി വളർ”ത്താനുള്ള നിങ്ങളുടെ ശ്രമത്തെ തീർച്ചയായും ദൈവം പിന്തുണയ്ക്കും.—എഫെസ്യർ 6:4.b
സഹായം തേടാൻ മടിക്കരുത്. മിക്കപ്പോഴും സുഹൃത്തുക്കൾ, വിശേഷിച്ചും ക്രിസ്തീയ സഭയിലുള്ളവർ, ഒരു സഹായമായിരിക്കും. സാല്ലി അനുസ്മരിക്കുന്നു: “സഭയിലെ സഹോദരീസഹോദരന്മാർ വളരെയധികം സഹായിച്ചു. തളരുമ്പോൾ താങ്ങായി അവർ ഉണ്ടായിരുന്നു. ചിലർ എന്നെ സാമ്പത്തികമായിപോലും സഹായിച്ചു.”
ഗവൺമെന്റിൽനിന്നു ലഭ്യമായേക്കാവുന്ന സഹായവും അവഗണിക്കരുത്. (റോമർ 13:6, NW) ശ്രദ്ധേയമായി, പേരക്കുട്ടികൾ ഉള്ളവരെ ഉൾക്കൊള്ളിച്ചുകൊണ്ടു നടത്തിയ ഒരു സർവേ “മിക്കവർക്കുംതന്നെ ലഭ്യമായ സഹായം ഏതെന്നോ സഹായത്തിനായി എങ്ങോട്ടു തിരിയണമെന്നോ അറിയില്ല” എന്നു വെളിപ്പെടുത്തി. (ചൈൽഡ് വെൽഫെയർ) സാമൂഹിക പ്രവർത്തകരും പ്രായമായവരെ സഹായിക്കുന്ന പ്രാദേശിക ഏജൻസികളും ലഭ്യമായ സേവനങ്ങൾ ഏതെന്നു നിങ്ങൾക്കു കാട്ടിത്തന്നേക്കാം.
പലപ്പോഴും, മുത്തശ്ശീമുത്തശ്ശന്മാർക്കു കൊച്ചുമക്കളുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കേണ്ടി വരുന്നത് ഇത് “ഇടപെടാൻ പ്രയാസമായ ദുർഘടസമയങ്ങൾ” ആയതുകൊണ്ടാണ്. (2 തിമൊഥെയൊസ് 3:1-5) സന്തോഷകരമെന്നു പറയട്ടെ, ദൈവം താമസിയാതെ ഇടപെടുമെന്നും ഇന്നു കുടുംബങ്ങളെ കാർന്നുതിന്നുന്ന ദുരന്തങ്ങളെല്ലാം കഴിഞ്ഞകാല സംഗതികളായി മാറുന്ന ഒരു “പുതിയ ഭൂമി” ആനയിക്കുമെന്നും ഉള്ളതിന്റെ സൂചനയാണ് ഈ ദുർഘട സമയങ്ങൾ. (2 പത്രൊസ് 3:13; വെളിപ്പാടു 21:3-5) ആ സമയം വരുന്നതുവരെ, സംരക്ഷണച്ചുമതല വഹിക്കുന്ന മുത്തശ്ശീമുത്തശ്ശന്മാർ സാഹചര്യത്തെ ഏറ്റവും നന്നായി കൈകാര്യം ചെയ്യാൻ തങ്ങളാൽ ആവുന്നതു ചെയ്യണം. പലരും തങ്ങളുടെ ശ്രമങ്ങളിൽ വളരെയേറെ വിജയിച്ചിരിക്കുന്നു! നൊമ്പരങ്ങളുണ്ടെങ്കിലും സന്തോഷങ്ങളും ഉണ്ടായിരിക്കുമെന്ന് എപ്പോഴും ഓർക്കുക. നിങ്ങളുടെ കൊച്ചുമക്കൾ ദൈവത്തെ സ്നേഹിക്കുന്ന പരമാർഥ ഹൃദയരായ വ്യക്തികളായി തീരുന്നതു കാണുന്നതിലെ സന്തോഷംപോലും നിങ്ങൾക്ക് അനുഭവിക്കാൻ കഴിയും! നിങ്ങളുടെ കഠിനപ്രയത്നത്തിനു തക്ക പ്രതിഫലമല്ലേ അത്?
[അടിക്കുറിപ്പുകൾ]
a ചില പേരുകൾ മാറ്റിയിട്ടുണ്ട്.
b കുടുംബസന്തുഷ്ടിയുടെ രഹസ്യം (വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ചത്) എന്ന പുസ്തകത്തിൽ കൊച്ചുമക്കളുടെ സംരക്ഷണച്ചുമതല വഹിക്കുന്ന മുത്തശ്ശീമുത്തശ്ശന്മാർക്ക് അവരെ വളർത്തുന്നതിൽ ഉപയോഗിക്കാവുന്ന സഹായകമായ അനേകം ബൈബിൾ തത്ത്വങ്ങൾ ഉണ്ട്.
[10-ാം പേജിലെ ചതുരം]
നിയമപരമായ പ്രശ്നങ്ങൾ
പേരക്കുട്ടികളുടെ നിയമപരമായ സംരക്ഷണച്ചുമതല നേടിയെടുക്കണോ വേണ്ടയോ എന്നതു സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഒരു സങ്കീർണ പ്രശ്നമാണ്. പ്രസ്തുത വിഷയത്തിൽ പ്രഗത്ഭയായ മേരി ഫ്രോൺ വിവരിക്കുന്നു: “സംരക്ഷണച്ചുമതല ഇല്ലെങ്കിൽ കുട്ടിയുടെ മേൽ നിങ്ങൾക്കു നിയമപരമായ അവകാശങ്ങളൊന്നും ഇല്ലെന്നുതന്നെ പറയാം. മിക്കപ്പോഴും, കുട്ടിയുടെ യഥാർഥ മാതാപിതാക്കൾക്ക് എപ്പോൾ വേണമെങ്കിലും കുട്ടികളെ കൊണ്ടുപോകാവുന്നതാണ്. ഇങ്ങനെയാണെങ്കിലും പല മുത്തശ്ശീമുത്തശ്ശന്മാരും നിയമപരമായ സംരക്ഷണച്ചുമതല നേടിയെടുക്കാൻ വൈമുഖ്യം കാട്ടുന്നു. കാരണം സ്വന്തം മകന് അല്ലെങ്കിൽ മകൾക്ക് കുട്ടികളെ വളർത്താനുള്ള യോഗ്യതയില്ലെന്നു കോടതിയിൽ തെളിയിക്കേണ്ടിവരും.”—ഗുഡ് ഹൗസ്കീപ്പിങ്.
നിയമപരമായ സംരക്ഷണച്ചുമതല ഇല്ലാത്തപക്ഷം മുത്തശ്ശീമുത്തശ്ശന്മാർക്കു മിക്കപ്പോഴും പേരക്കുട്ടികളെ സ്കൂളിൽ ചേർക്കുന്നതിൽ അല്ലെങ്കിൽ അവരുടെ ചികിത്സയ്ക്കു വേണ്ട സഹായം നേടിയെടുക്കുന്നതിൽ ബുദ്ധിമുട്ടു നേരിടുന്നു. എന്നിരുന്നാലും സംരക്ഷണച്ചുമതല നേടിയെടുക്കുന്നതു ചെലവേറിയതും സമയനഷ്ടം ഉള്ളതും വൈകാരികമായി തളർത്തിക്കളയുന്നതുമായ സംഗതിയാണ്. ഇനി സംരക്ഷണച്ചുമതല ലഭിച്ചാൽത്തന്നെ മുത്തശ്ശീമുത്തശ്ശന്മാർക്കു ഗവൺമെന്റിൽനിന്നുള്ള സാമ്പത്തികസഹായം ലഭിക്കാതെ വന്നേക്കാം. അതുകൊണ്ട് “രാജ്യത്തെ കുടുംബ സംബന്ധമായ നിയമങ്ങൾ, സംരക്ഷണച്ചുമതല, ശിശുക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്തു പരിചയമുള്ള സ്ഥലത്തെ അഭിഭാഷകന്റെ ഉപദേശം തേടാൻ” ചൈൽഡ് വെൽഫെയർ എന്ന പത്രിക നിർദേശിക്കുന്നു.
[11-ാം പേജിലെ ചതുരം]
ചെലവു കണക്കാക്കൽ
സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞ് സഹായത്തിനായി കേഴുന്ന കാഴ്ച ഹൃദയഭേദകമാണ്. “തനിക്കുള്ളവർക്കു” വേണ്ടി കരുതാൻ ബൈബിൾ ക്രിസ്ത്യാനികളോടു കൽപ്പിക്കുന്നു. (1 തിമൊഥെയൊസ് 5:8) എന്നിരുന്നാലും പലപ്പോഴും മുത്തശ്ശൻ അല്ലെങ്കിൽ മുത്തശ്ശി അത്തരം ഒരു ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനു മുമ്പ് അതേ കുറിച്ചു ഗൗരവമായി ചിന്തിക്കുന്നതു ബുദ്ധിയായിരിക്കും. (സദൃശവാക്യങ്ങൾ 14:15; 21:5, ഓശാന ബൈബിൾ) ഒരുവൻ ഉൾപ്പെട്ടിരിക്കുന്ന ചെലവു കണക്കാക്കേണ്ടിയിരിക്കുന്നു.—ലൂക്കൊസ് 14:28 താരതമ്യം ചെയ്യുക.
പ്രാർഥനാപൂർവം പിൻവരുന്ന കാര്യങ്ങൾ പരിചിന്തിക്കുക: കുട്ടിയുടെ ആവശ്യങ്ങൾ നിറവേറ്റാൻവേണ്ട ശാരീരികവും വൈകാരികവും ആത്മീയവും സാമ്പത്തികവുമായ കഴിവ് നിങ്ങൾക്കുണ്ടോ? ഇതേ കുറിച്ചു നിങ്ങളുടെ ഇണയുടെ അഭിപ്രായം എന്താണ്? തങ്ങളുടെ കുട്ടിയെ പരിപാലിക്കുക എന്ന ഉത്തരവാദിത്വം മാതാപിതാക്കൾതന്നെ നിർവഹിക്കത്തക്കവിധം അവരെ പ്രോത്സാഹിപ്പിക്കാനോ പിന്തുണയ്ക്കാനോ സാധിക്കുമോ? സങ്കടകരമെന്നു പറയട്ടെ ചില മാതാപിതാക്കൾ തങ്ങളുടെ കുത്തഴിഞ്ഞ ജീവിതവുമായി മുമ്പോട്ടു പോയേക്കാം. ഒരു മുത്തശ്ശി വേദനയോടെ ഓർക്കുന്നു: “അവളുടെ ഒന്നിലധികം കുട്ടികളുടെ സംരക്ഷണം ഞാൻ ഏറ്റെടുത്തു. എന്നാൽ അവൾ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതു നിർത്തിയില്ല. അവൾക്കു പിന്നെയും കുട്ടികളുണ്ടായി. ഒടുവിൽ പറ്റില്ല എന്നുതന്നെ എനിക്കു പറയേണ്ടി വന്നു!”
അതേസമയം നിങ്ങൾ കൊച്ചുമക്കളെ നോക്കുന്നില്ലെങ്കിൽ അവരുടെ ഗതി എന്താകും? മറ്റുള്ളവർ—ഒരുപക്ഷേ അപരിചിതർപോലും—ആണ് അവരെ നോക്കുന്നത് എന്നറിയുമ്പോഴത്തെ സമ്മർദം നിങ്ങൾക്കു താങ്ങാനാകുമോ? കുട്ടിയുടെ ആത്മീയ ആവശ്യങ്ങളുടെ കാര്യമോ? ദൈവത്തിന്റെ നിലവാരങ്ങൾക്ക് അനുസൃതമായി മറ്റുള്ളവർക്ക് അവരെ വളർത്തിക്കൊണ്ടുവരാൻ കഴിയുമോ? ബുദ്ധിമുട്ടുകളുണ്ടെങ്കിലും ആ ചുമതല ഏറ്റെടുക്കുകയല്ലാതെ വേറെ വഴിയില്ലെന്നു ചിലർ നിഗമനം ചെയ്തേക്കാം.
ഇവ വേദനയുളവാക്കുന്ന സംഗതികളാണ്. എങ്കിലും തീരുമാനം എടുക്കേണ്ടതു വ്യക്തികളാണ്.
[9-ാം പേജിലെ ചിത്രം]
കൊച്ചു കുട്ടികളെ വളർത്തുന്നതിലെ വെല്ലുവിളികൾ നേരിടാൻ പല മുത്തശ്ശീമുത്തശ്ശന്മാർക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു
[10-ാം പേജിലെ ചിത്രം]
യഹോവ തങ്ങളുടെ ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നു ദൈവഭയമുള്ള മുത്തശ്ശീമുത്തശ്ശന്മാർക്ക് ഉറപ്പുണ്ടായിരിക്കാവുന്നതാണ്