ബൈബിളിന്റെ വീക്ഷണം
ദൈവനാമം ഉച്ചരിക്കുന്നതു തെറ്റാണോ?
യഹോവ എന്ന ദിവ്യനാമം ഉച്ചരിക്കാൻ പാടില്ലാത്തത്ര പവിത്രമാണെന്നാണ് യഹൂദമതം നൂറ്റാണ്ടുകളായി പഠിപ്പിച്ചിരിക്കുന്നത്.a (സങ്കീർത്തനം 83:18) മഹാ സ്രഷ്ടാവിനെ ഇത്ര സാധാരണ രീതിയിൽ പേരു വിളിച്ചു സംബോധന ചെയ്യുന്നത് അനാദരവാണെന്ന് അല്ലെങ്കിൽ അതു ദൈവത്തിന്റെ “നാമം വൃഥാ എടുക്കരുത്” എന്ന പത്തു കൽപ്പനകളിലെ മൂന്നാമത്തെ കൽപ്പനയെ ലംഘിക്കുന്നതായി പോലും അനേകം ദൈവശാസ്ത്രജ്ഞർ ന്യായവാദം ചെയ്തിട്ടുണ്ട്. (പുറപ്പാടു 20:7) “ദൈവനാമം, അത് എഴുതപ്പെട്ടിരിക്കുന്ന വിധത്തിൽ ഉച്ചരിക്കുന്നവനു വരുവാനുള്ള ലോകത്തിൽ യാതൊരു ഓഹരിയും ഉണ്ടായിരിക്കുകയില്ല” എന്ന് പൊ.യു. മൂന്നാം നൂറ്റാണ്ടിൽ മിഷ്നാ പ്രഖ്യാപിച്ചു.—സൻഹെദ്രീം 10:1.
ഈ യഹൂദ പാരമ്പര്യത്തിന്റെ അന്തസ്സത്ത ബൈബിൾ പരിഭാഷ നടത്തുമ്പോൾ ക്രൈസ്തവ ലോകത്തിലെ അനേകം പണ്ഡിതന്മാരും പിന്തുടരുന്നു എന്നതു താത്പര്യജനകമാണ്. ഉദാഹരണത്തിന് ദ ന്യൂ ഓക്സ്ഫോർഡ് അനോട്ടേറ്റഡ് ബൈബിളിന്റെ ആമുഖം ഇങ്ങനെ പ്രസ്താവിക്കുന്നു: “ഒരേയൊരു ദൈവമേ ഉള്ളൂവെങ്കിലും, മറ്റു ദൈവങ്ങൾ ഉണ്ടെന്നും അവരിൽനിന്നു സത്യദൈവത്തെ വേർതിരിച്ചു നിർത്തേണ്ടതുണ്ടെന്നും ധ്വനിപ്പിക്കുമാറ് അവനു സംജ്ഞാനാമം ഉപയോഗിക്കുന്ന രീതി ക്രിസ്തീയ യുഗത്തിനു മുമ്പുതന്നെ യഹൂദ മതവ്യവസ്ഥിതി ഉപേക്ഷിച്ചു തുടങ്ങിയിരുന്നു, മാത്രവുമല്ല, ദൈവത്തിനു സംജ്ഞാനാമം ഉപയോഗിക്കുന്നതു ക്രിസ്തീയ സഭയുടെ സാർവത്രിക വിശ്വാസത്തോടു ചേർച്ചയിലുമല്ല.” അതുകൊണ്ട് ആ പരിഭാഷയിൽ ദിവ്യനാമത്തിനു പകരം “കർത്താവ്” എന്നാണ് ഉപയോഗിച്ചിരിക്കുന്നത്.
എന്താണ് ദൈവത്തിന്റെ വീക്ഷണം?
എന്നാൽ ഈ പരിഭാഷകരുടെയും ദൈവശാസ്ത്രജ്ഞരുടെയും വീക്ഷണം ദൈവത്തിന്റെ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നുണ്ടോ? എന്തായാലും ദൈവം തന്റെ പേര് മനുഷ്യർക്കു രഹസ്യമാക്കിവെച്ചില്ല. പകരം അവൻ അത് അവർക്കു വെളിപ്പെടുത്തി. സാധാരണമായി പഴയനിയമം എന്നു വിളിക്കപ്പെടുന്ന ബൈബിളിന്റെ എബ്രായ ഭാഗത്തു യഹോവ എന്ന ദൈവനാമം 6,800-ലധികം പ്രാവശ്യം പ്രത്യക്ഷപ്പെടുന്നു. ദൈവനാമം അറിയുകയും അത് ഉപയോഗിക്കുകയും ചെയ്തവരിൽ ആദ്യ മനുഷ്യ ജോടിയായ ആദാമും ഹവ്വായും ഉൾപ്പെടുന്നെന്നു ബൈബിൾ രേഖ പ്രകടമാക്കുന്നു. തന്റെ ആദ്യജാതനു ജന്മമേകിയശേഷം “യഹോവയാൽ എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു” എന്നു ഹവ്വാ പറഞ്ഞു.—ഉല്പത്തി 4:1.
നൂറ്റാണ്ടുകൾക്കു ശേഷം, ഇസ്രായേൽ ജനതയെ ഈജിപ്തിലെ അടിമത്തത്തിൽ നിന്നു മോചിപ്പിക്കാനായി ദൈവം മോശയെ വിളിച്ചപ്പോൾ, അവൻ ദൈവത്തോട് ഇങ്ങനെ ചോദിച്ചു: “ഞാൻ യിസ്രായേൽമക്കളുടെ അടുക്കൽ ചെന്നു: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറയുമ്പോൾ: അവന്റെ നാമം എന്തെന്നു അവർ എന്നോടു ചോദിച്ചാൽ ഞാൻ അവരോടു എന്തു പറയേണം.” ഏതെങ്കിലും പുതിയ പേരിൽ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുമോ എന്നു മോശ ചിന്തിച്ചിരിക്കാൻ ഇടയുണ്ട്. എന്നാൽ ദൈവം മോശയോട് പറഞ്ഞു: “നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.” (പുറപ്പാടു 3:13, 15) തന്റെ ജനം ഉച്ചരിക്കാൻ പാടില്ലാത്തവിധം അത്ര പവിത്രമാണ് തന്റെ പേരെന്ന് സത്യദൈവം കരുതിയില്ല എന്നതു വ്യക്തമാണ്.
വാസ്തവത്തിൽ, എല്ലാ തലമുറകളിലും പെട്ട ദൈവത്തിന്റെ വിശ്വസ്ത ദാസന്മാർ സ്വാതന്ത്ര്യത്തോടെയും ആദരവോടെയും ദൈവനാമം ഉച്ചരിച്ചിട്ടുണ്ട്. ദൈവത്തിന്റെ ഒരു വിശ്വസ്ത ദാസനായിരുന്ന ബോവസ് “യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ” എന്നു പറഞ്ഞുകൊണ്ട് തന്റെ വയലിൽ പണിയെടുക്കുന്നവരെ പതിവായി അഭിവാദ്യം ചെയ്തിരുന്നു. അതുകേട്ട ആ വേലക്കാർ ഞെട്ടിപ്പോയോ? ഇല്ലേയില്ല. വിവരണം തുടരുന്നു: “യഹോവ നിന്നെ അനുഗ്രഹിക്കട്ടെ എന്നു അവർ അവനോടും പറഞ്ഞു.” (രൂത്ത് 2:4) അതു ദൈവത്തോടുള്ള നിന്ദാ പ്രകടനമായി അവർ കരുതിയിരുന്നില്ല. പകരം, തങ്ങളുടെ ദൈനംദിന കാര്യാദികളിൽ അവനു മഹത്ത്വവും ബഹുമാനവും കൊടുക്കാനുള്ള ഒരു വഴിയായിട്ടാണ് അവർ അതിനെ വീക്ഷിച്ചിരുന്നത്. “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” എന്നു പ്രാർഥിക്കാൻ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചപ്പോൾ അവൻ അർഥമാക്കിയതും അതു തന്നെയായിരുന്നു.—മത്തായി 6:9.
മൂന്നാമത്തെ കൽപ്പന
എന്നാൽ പത്തു കൽപ്പനകളിൽ മൂന്നാമത്തെ കൽപ്പനയിലുള്ള വിലക്കിനെ സംബന്ധിച്ചോ? പുറപ്പാടു 20:7 ശക്തമായി ഇങ്ങനെ പ്രസ്താവിക്കുന്നു: “നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.”
ദൈവനാമം “വൃഥാ” എടുക്കുക എന്ന പ്രയോഗം കൃത്യമായി എന്തർഥമാക്കുന്നു? “വൃഥാ” എന്നു മുകളിൽ പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദത്തിന് (ലാഷ്-ഷാവ്) “വ്യാജമായി” എന്നോ “വെറുതെ, വ്യർഥമായി” എന്നിങ്ങനെയോ അർഥമാക്കാനാകും എന്ന് യഹൂദ പ്രസിദ്ധീകരണ സൊസൈറ്റി പുറത്തിറക്കിയ ദ ജെപിഎസ് തോറാ കമന്ററി വിശദീകരിക്കുന്നു. ഈ പരാമർശ ഗ്രന്ഥം ഇങ്ങനെ തുടരുന്നു: “[ഈ എബ്രായ പദത്തിന്റെ] അവ്യക്തത ഒരു കോടതി വ്യവഹാരത്തിൽ വാദിയും പ്രതിയും കള്ളസത്യം ചെയ്യുന്നതും വ്യാജമായി ആണയിടുന്നതും ദൈവനാമം അനാവശ്യമായും ലാഘവത്തോടെയും ഉപയോഗിക്കുന്നതും സംബന്ധിച്ച വിലക്കിനെ അർഥമാക്കിയേക്കാം.”
‘ദൈവനാമം വൃഥാ എടുക്കുന്നതിൽ’ ആ നാമം അനുചിതമായ വിധത്തിൽ ഉപയോഗിക്കുന്നതും ഉൾപ്പെടുന്നെന്ന് ഈ യഹൂദ ഭാഷ്യം കൃത്യമായി വ്യക്തമാക്കുന്നു. എന്നാൽ ദൈവത്തെ കുറിച്ച് മറ്റുള്ളവരെ പഠിപ്പിക്കുമ്പോഴും നമ്മുടെ സ്വർഗീയ പിതാവിനോടു പ്രാർഥിക്കുമ്പോഴും അവന്റെ പേര് ഉച്ചരിക്കുന്നത് “അനാവശ്യമായും ലാഘവത്തോടെയും” ഉള്ള ഉപയോഗം ആണെന്നു പറയാനാകുമോ? സങ്കീർത്തനം 91:14-ൽ യഹോവ തന്റെ വീക്ഷണം പ്രകടമാക്കുന്നു: “അവൻ എന്നോടു പററിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും.”
അതു പ്രാധാന്യം അർഹിക്കുന്നുവോ?
മോശയുടെ പഞ്ചഗ്രന്ഥങ്ങൾ (ഇംഗ്ലീഷ്) എന്ന എവ്റെട്ട് ഫോക്സിന്റെ ആധുനിക ഇംഗ്ലീഷ് പരിഭാഷ പാരമ്പര്യത്തിന്റെ നൂലാമാലകളെ പൊട്ടിച്ചെറിയുന്നു. പരമ്പരാഗതമായി ഉപയോഗിക്കുന്ന “കർത്താവ്” എന്ന വാക്കിനു പകരം, “എബ്രായ ഭാഷയിൽ ഒരു വായനക്കാരൻ അത് എപ്രകാരം വായിക്കുമായിരുന്നു എന്നു കാണിക്കാനുള്ള ആഗ്രഹം നിമിത്തം” ദൈവനാമത്തെ പ്രതിനിധീകരിക്കാനായി ഈ ഭാഷാന്തരത്തിൽ “YHWH” എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. അദ്ദേഹം ഇങ്ങനെ ഊന്നിപ്പറയുന്നു: “ബൈബിളിലെ ദൈവത്തിന്റെ വ്യക്തിപരമായ നാമമായി ഈ ഗ്രന്ഥത്തിൽ “‘YHWH’” പ്രത്യക്ഷപ്പെടുന്നെന്ന് വായനക്കാരൻ പെട്ടെന്നു തിരിച്ചറിയും.” ദൈവനാമം കാണുന്നതു വായനക്കാരന് “അരോചകം” ആയിരുന്നേക്കാം എന്നും ഫോക്സ് സമ്മതിക്കുന്നു. തന്റെ പരിഭാഷയിൽ ദൈവനാമം മറച്ചുപിടിക്കാതിരിക്കാനുള്ള അഭിനന്ദനീയമായ പടി സ്വീകരിച്ചശേഷം അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഉച്ചത്തിൽ വായിക്കുമ്പോൾ, പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന ‘കർത്താവ്’ എന്നതുതന്നെ ഉപയോഗിക്കാനാണു ഞാൻ ശുപാർശ ചെയ്യുന്നത്. എന്നുവരികിലും മറ്റുള്ളവർ സ്വന്ത ഇഷ്ടപ്രകാരം വായിക്കാൻ താത്പര്യപ്പെട്ടേക്കാം.” എന്നാൽ ദൈവനാമം ഉപയോഗിക്കുന്നതു കേവലം വ്യക്തിപരമായ തിരഞ്ഞെടുപ്പിനോ പാരമ്പര്യത്തിനോ അല്ലെങ്കിൽ സ്വന്തം ഇഷ്ടത്തിനോ അനുസൃതമായി ചെയ്യാൻ പറ്റുന്ന ഒരു സംഗതിയാണോ?
അല്ല. ദൈവനാമം ഉചിതമായി ഉപയോഗിക്കാൻ ബൈബിൾ കേവലം പ്രോത്സാഹിപ്പിക്കുക മാത്രമല്ല, അങ്ങനെ ചെയ്യാൻ അതു കൽപ്പിക്കുകകൂടി ചെയ്യുന്നു! യെശയ്യാവു 12:4-ന്റെ ആദ്യഭാഗത്ത് ദൈവനാമം വ്യക്തമായി ഉച്ചരിച്ചുകൊണ്ട് ദൈവജനം പിൻവരുന്നപ്രകാരം ഉദ്ഘോഷിക്കുന്നതായി കാണപ്പെടുന്നു: “യഹോവെക്കു സ്തോത്രം ചെയ്വിൻ; അവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) കൂടാതെ, ദൈവത്തിന്റെ പ്രതികൂല ന്യായവിധിക്കു പാത്രമാകുന്നവരെ കുറിച്ച് സങ്കീർത്തനക്കാരൻ ഇപ്രകാരം പറയുന്നു: “നിന്നെ അറിയാത്ത ജാതികളുടെമേലും നിന്റെ നാമം വിളിച്ചപേക്ഷിക്കാത്ത രാജ്യങ്ങളുടെമേലും നിന്റെ ക്രോധത്തെ പകരേണമേ.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.)—സങ്കീർത്തനം 79:6; സദൃശവാക്യങ്ങൾ 18:10-ഉം സെഫന്യാവു 3:9-ഉം കൂടെ കാണുക.
അപ്പോൾ, മൂന്നാമത്തെ കൽപ്പന സംബന്ധിച്ചുള്ള ഒരു തെറ്റിദ്ധാരണയുടെ ഫലമായി ചിലർ യഹോവയുടെ മഹത്ത്വപൂർണമായ നാമം വിളിച്ചപേക്ഷിക്കുന്നില്ലെങ്കിലും അവനെ യഥാർഥത്തിൽ സ്നേഹിക്കുന്ന ആളുകൾ അവന്റെ നാമം വിളിച്ചപേക്ഷിക്കുന്നു. അതേ, ഉചിതമായ എല്ലാ അവസരങ്ങളിലും അവർ ‘അവന്റെ നാമം ഉന്നതമായിരിക്കുന്നു എന്നു പ്രസ്താവിച്ചുകൊണ്ട് ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിക്കുന്നു!’—യെശയ്യാവു 12:4ബി.
[അടിക്കുറിപ്പുകൾ]
a ബൈബിളിന്റെ എബ്രായ ഭാഗത്തു (പഴയ നിയമം) ദൈവനാമത്തെ നാല് അക്ഷരങ്ങളാൽ പ്രതിനിധാനം ചെയ്തിരിക്കുന്നു. അത് YHWH എന്നു ലിപ്യന്തരണം ചെയ്യാവുന്നതാണ്. ദൈവനാമത്തിന്റെ യഥാർഥ ഉച്ചാരണം അറിയില്ലെങ്കിലും ഇംഗ്ലീഷിൽ അതു സാധാരണമായി “ജെഹോവാ” എന്നാണ് ഉച്ചരിക്കപ്പെടുന്നത്.
[26-ാം പേജിലെ ചിത്രം]
ചാവുകടൽ ചുരുളുകളിൽനിന്നു കണ്ടെത്തിയ സങ്കീർത്തന പുസ്തകത്തിന്റെ ഒരു ഭാഗം. ചുരുളിന്റെ മറ്റു ഭാഗങ്ങളിൽ ഉപയോഗിച്ചിരിക്കുന്നതിനെക്കാൾ പുരാതനമായ എബ്രായ ലിപിയിലാണ് യഹോവ (YHWH) എന്ന ദൈവനാമം ഈ ഭാഗത്തു പ്രത്യക്ഷപ്പെടുന്നത്
[കടപ്പാട്]
Courtesy of the Shrine of the Book, Israel Museum, Jerusalem