വിമാനം രംഗപ്രവേശം ചെയ്തത് എങ്ങനെ?
വായുവിനെക്കാൾ ഭാരമേറിയ പറക്കൽ യന്ത്രങ്ങളുടെ മാതൃകകൾ രൂപകൽപ്പന ചെയ്യുന്നതിൽ രൂപകൽപ്പനാവിദഗ്ധർ എങ്ങനെയാണ് ഒടുവിൽ വിജയിച്ചത്? യഥാർഥ പറക്കൽ വിദഗ്ധരിലേക്ക്—പക്ഷികളിലേക്ക്—അവർ തങ്ങളുടെ ശ്രദ്ധ തിരിച്ചു. കൊക്കുകൾ പറക്കുന്ന രീതിയിൽ ആകൃഷ്ടനായി 1889-ൽ ഒട്ടോ ലിലിയെൻതാൽ എന്ന ജർമൻകാരനായ ഒരു എഞ്ചിനീയർ “വ്യോമസാങ്കേതികവിദ്യക്ക് അടിസ്ഥാനമായി പക്ഷികളുടെ പറക്കൽ” (ഇംഗ്ലീഷ്) എന്ന ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചു. രണ്ടു വർഷത്തിനു ശേഷം അദ്ദേഹം തന്റെ ആദ്യത്തെ ഗ്ലൈഡർ നിർമിച്ചു, അതു വളരെ ലളിതമായിരുന്നു. ഏതാണ്ട് 2,000 പ്രാവശ്യം അദ്ദേഹം ഗ്ലൈഡർ പറപ്പിച്ചു. തുടർന്ന് 1896-ൽ, ഒരു ഏകപക്ഷ വിമാനം (monoplane) പറപ്പിക്കുന്നതിനിടയ്ക്ക് ലിലിയെൻതാൽ കൊല്ലപ്പെട്ടു. ഫ്രാൻസിൽ ജനിച്ച ഒക്റ്റവ് ഷനൂട്ട് എന്ന അമേരിക്കക്കാരനായ ഒരു എഞ്ചിനീയർ ലിലിയെൻതാലിന്റെ മാതൃക പരിഷ്കരിച്ച് ഇരട്ടച്ചിറകുള്ള ഒരു ഗ്ലൈഡർ വികസിപ്പിച്ചെടുത്തു. വായുവിനെക്കാൾ ഭാരമുള്ള പറക്കൽ യന്ത്രങ്ങളുടെ മാതൃക നിർമിച്ചെടുക്കുന്നതിലെ ഗണ്യമായ മറ്റൊരു കുതിച്ചുചാട്ടമായിരുന്നു ഇതും.
അങ്ങനെയിരിക്കെയാണ് റൈറ്റ് സഹോദരന്മാർ രംഗത്തു വന്നത്. യു.എസ്.എ.-യിലുള്ള ഒഹായോയിലെ ഡേറ്റണിലുള്ള ഒരു സൈക്കിൾക്കടയുടെ ഉടമകളായ ഒർവിൽ റൈറ്റും വിൽബർ റൈറ്റും ഗ്ലൈഡർ ഉപയോഗിച്ചുള്ള തങ്ങളുടെ ആദ്യത്തെ പരീക്ഷണങ്ങൾ ആരംഭിച്ചത് 1900-ൽ ആണ്. ലിലിയെൻതാലിന്റെയും ഷനൂട്ടിന്റെയും നേട്ടങ്ങൾ ആയിരുന്നു അവരുടെ പരീക്ഷണങ്ങൾക്ക് അടിസ്ഥാനം. അടുത്ത മൂന്നു വർഷം റൈറ്റ് സഹോദരന്മാർ സാവധാനം പടിപടിയായുള്ള പരീക്ഷണങ്ങളിൽ ഏർപ്പെട്ടു. നോർത്ത് കരോലിനയിലെ കിറ്റി ഹോക്കിൽ അവർ തുടർച്ചയായി പരീക്ഷണങ്ങൾ നടത്തി. വിൻഡ് ടണലുകളുടെ സഹായത്താൽ പരീക്ഷണങ്ങൾ നടത്തി അവർ പുതിയ രൂപമാതൃകകൾ വികസിപ്പിച്ചെടുത്തു. അലക്കുശാലയിൽ സ്റ്റാർച്ച് പൗഡർ ഇട്ടുവെച്ചിരുന്ന പെട്ടികൊണ്ട് അവർ ആദ്യമായി തങ്ങൾക്കു വേണ്ടി ഒരു രൂപമാതൃക ഉണ്ടാക്കി. പിന്നീട് അവർ യന്ത്രസഹായത്താൽ പ്രവർത്തിക്കുന്ന ആദ്യത്തെ വിമാനം നിർമിച്ചു. വിമാനത്തിന്റെ പുറകിലുള്ള റഡറിന്റെ ഇരുവശത്തും തടികൊണ്ടുള്ള ഓരോ പ്രൊപ്പല്ലർ ഉണ്ടായിരുന്നു. നാലു സിലിണ്ടറുള്ള 12 കുതിരശക്തിയുടെ ഒരു എഞ്ചിൻ സ്വന്തമായി ഉണ്ടാക്കി അവർ അത് വിമാനത്തിന്റെ താഴത്തെ ചിറകിനു മുകളിൽ ഘടിപ്പിച്ചു. ഈ എഞ്ചിൻ പ്രൊപ്പല്ലറുകളെ പ്രവർത്തിപ്പിച്ചു.
1903, ഡിസംബർ 14-ന് റൈറ്റ് സഹോദരന്മാരുടെ പുതിയ കണ്ടുപിടിത്തമായ ആ വിമാനം തടികൊണ്ടുള്ള വിക്ഷേപണ തറയിൽനിന്ന് പ്രഥമ പറക്കൽ നടത്തി—മൂന്നര സെക്കന്റ് അത് ആകാശത്തു പറന്നുനിന്നു! മൂന്നു ദിവസത്തിനു ശേഷം ആ സഹോദരന്മാർ വീണ്ടും യന്ത്രം പറപ്പിച്ചുനോക്കി. ഒടുവിൽ അത് ഏതാണ്ട് ഒരു മിനിറ്റ് ആകാശത്ത് പറന്നുവെന്നു മാത്രമല്ല 260 മീറ്റർ സഞ്ചരിക്കുകയും ചെയ്തു. സംരംഭം വിജയകരം ആയിരുന്നു.a
അത്ഭുതകരമെന്നു പറയട്ടെ, വ്യോമഗതാഗത രംഗത്തെ നാഴികക്കല്ലായ ഈ നേട്ടം പുറംലോകത്തിന്റെ ശ്രദ്ധയിൽ പെട്ടില്ലെന്നുതന്നെ പറയാം. 1906 ജനുവരിയിൽ ദ ന്യൂയോർക്ക് ടൈംസ് റൈറ്റ് സഹോദരന്മാരെ കുറിച്ചുള്ള ഒരു വാർത്ത പ്രസിദ്ധീകരിച്ചു. “പറക്കൽ യന്ത്രങ്ങൾ” അവർ അതീവ രഹസ്യമായിട്ടാണു നിർമിച്ചത് എന്നും 1903-ൽ “വിമാനം പറപ്പിച്ചപ്പോൾ നാമമാത്രമായ വിജയം” മാത്രമാണ് ഉണ്ടായത് എന്നും അതിൽ പറഞ്ഞിരുന്നു. വാസ്തവത്തിൽ, ചരിത്രപ്രധാനമായ ആ പറപ്പിക്കൽ നടത്തിയ അന്നു രാത്രിതന്നെ പത്രക്കാരെ വിവരമറിയിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഒർവിൽ തന്റെ പിതാവിന് ഒരു കമ്പിസന്ദേശം അയച്ചിരുന്നു. എന്നാൽ ഐക്യനാടുകളിലെ മൂന്നു പത്രങ്ങൾ മാത്രമേ അന്ന് ആ സംഭവം പ്രസിദ്ധീകരിക്കാൻ മനസ്സു കാട്ടിയുള്ളൂ.
വാണിജ്യ രംഗത്ത് പറക്കും യന്ത്രങ്ങൾക്കു ഭാവി ഇല്ലെന്നോ?
വൈമാനിക പരീക്ഷണങ്ങൾ നടത്തപ്പെട്ടിരുന്ന ആദ്യ വർഷങ്ങളിൽ ആളുകൾ പൊതുവേ അവയുടെ വിജയത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. വ്യോമസാങ്കേതിക രംഗത്തെ പ്രധാന മുന്നോടികളിൽ ഒരാളായ ഷനൂട്ട് പോലും 1910-ൽ ഇങ്ങനെ പ്രവചിക്കുകയുണ്ടായി: “പറക്കും യന്ത്രങ്ങൾക്ക് വാണിജ്യ രംഗത്ത് ഒരു ഭാവി ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതു വെറുതെയാണ് എന്നാണു വിദഗ്ധരുടെ അഭിപ്രായം. വിമാനങ്ങൾക്കു വഹിക്കാൻ കഴിയുന്ന ഭാരത്തിന് എപ്പോഴും ഒരു പരിധിയുണ്ടായിരിക്കും. അതുകൊണ്ട് അവയ്ക്ക് ഒരിക്കലും യാത്രക്കാരെയോ സാധനസാമഗ്രികളോ കയറ്റിക്കൊണ്ടു പോകാൻ കഴിയില്ല.”
എങ്കിലും റൈറ്റ് സഹോദരന്മാരുടെ ആദ്യത്തെ വിമാന യാത്രകളെ തുടർന്നുള്ള വർഷങ്ങളിൽ വ്യോമ സാങ്കേതികവിദ്യ പുരോഗതിയുടെ ഉയരങ്ങൾ പിടിച്ചടക്കി. അഞ്ചു വർഷംകൊണ്ട് സഹോദരന്മാർ രണ്ടു പേർക്ക് ഇരിക്കാവുന്ന ഒരു ദ്വിപക്ഷ വിമാനം നിർമിച്ചു, 43 മീറ്റർ ഉയരത്തിൽ മണിക്കൂറിൽ 71 കിലോമീറ്റർ വേഗത്തിൽ അതിനു സഞ്ചരിക്കാൻ കഴിയുമായിരുന്നു. 1911-ൽ ആദ്യമായി ഒരു വിമാനം ഭൂഖണ്ഡത്തിനു കുറുകെ സഞ്ചരിച്ചു; ന്യൂയോർക്കിൽനിന്നു കാലിഫോർണിയവരെയുള്ള ആ യാത്രയ്ക്കു 49 ദിവസം വേണ്ടിവന്നു! ഒന്നാം ലോകമഹായുദ്ധ കാലത്ത് വിമാനങ്ങളുടെ വേഗം മണിക്കൂറിൽ 100 കിലോമീറ്റർ എന്നതിൽനിന്നും 230 കിലോമീറ്ററിൽ അധികം ആയി വർധിച്ചു. ഉയരത്തിന്റെ റെക്കോർഡുകൾ താമസിയാതെ 9,000 മീറ്റർ വരെ എത്തി.
വ്യോമയാത്ര റെക്കോർഡുകൾ 1920-കളിൽ വാർത്തകളിൽ നിറഞ്ഞുനിന്നു. 1923-ൽ അമേരിക്കക്കാരായ രണ്ടു സൈനിക ഉദ്യോഗസ്ഥർ ആദ്യമായി ഐക്യനാടുകൾക്കു കുറുകെ നിർത്താതെ വിമാനം പറപ്പിച്ചു. ഒരു തീരത്തുനിന്നു മറ്റൊരു തീരത്തേക്കുള്ള ആ യാത്രയ്ക്കു 27 മണിക്കൂറിൽ താഴെ സമയമേ വേണ്ടിവന്നുള്ളൂ. നാലു വർഷത്തിനു ശേഷം, 33 മണിക്കൂറും 20 മിനിറ്റും കൊണ്ട് ന്യൂയോർക്കിൽനിന്നു പാരീസിലേക്കു നിർത്താതെ വിമാനം പറപ്പിച്ച് ചാൾസ് എ. ലിൻഡ്ബെർഗ് ജനശ്രദ്ധ പിടിച്ചുപറ്റി.
അതേസമയം, പുതുതായി രംഗപ്രവേശം ചെയ്ത വാണിജ്യ വിമാനക്കമ്പനിക്കാർ ഇടപാടുകാരെ ആകർഷിക്കാൻ തുടങ്ങി. 1939-ന്റെ അവസാനത്തോടെ വിമാനയാത്ര പ്രസിദ്ധിയാർജിച്ചു, വർഷം തോറും യു.എസ്. വിമാനങ്ങളിൽ സഞ്ചരിക്കുന്നവരുടെ എണ്ണം ഏതാണ്ട് 30 ലക്ഷമായിരുന്നു. 1930-കളുടെ അവസാനത്തിൽ സാധാരണമായി ഉപയോഗത്തിൽ ഉണ്ടായിരുന്നത് ഡിസി-3 വിമാനമായിരുന്നു. മണിക്കൂറിൽ 270 കിലോമീറ്റർ സ്ഥിരവേഗത്തിൽ സുഗമമായി പറന്നിരുന്ന അത് വെറും 21 യാത്രക്കാരെയാണ് വഹിച്ചിരുന്നത്; എന്നാൽ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം വാണിജ്യ വിമാനങ്ങളുടെ വലുപ്പവും ക്ഷമതയും വളരെയേറെ വർധിച്ചു. മണിക്കൂറിൽ 480 കിലോമീറ്ററിൽ അധികം വേഗത്തിൽ അവയ്ക്കു സുഗമമായി പറക്കാൻ കഴിയുമായിരുന്നു. 1952-ൽ ബ്രിട്ടീഷുകാർ വാണിജ്യ ടർബോജെറ്റ് സേവനം ലഭ്യമാക്കി. 1970-ൽ 400 പേർക്കിരിക്കാവുന്ന ബോയിങ് 747 പോലുള്ള ജംബോ ജെറ്റുകൾ രംഗപ്രവേശം ചെയ്തു.
1976-ൽ മറ്റൊരു മുന്നേറ്റം ഉണ്ടായി. ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും അടങ്ങുന്ന ഒരു സംഘം എഞ്ചിനീയർമാർ ഗ്രീക്ക് അക്ഷരമായ ഡെൽറ്റയുടെ ആകൃതിയിലുള്ള ചിറകുകളോടു കൂടിയ കൊൺകോർഡ് ജെറ്റ് വിമാനം പുറത്തിറക്കി. 100 യാത്രക്കാരെ വഹിക്കാൻ കഴിയുമായിരുന്ന അതിന് ശബ്ദത്തിന്റെ രണ്ടിരട്ടി വേഗത്തിൽ—അതായത് മണിക്കൂറിൽ 2,300-ൽ അധികം കിലോമീറ്റർ വേഗത്തിൽ—സഞ്ചരിക്കാൻ കഴിയുമായിരുന്നു. എന്നാൽ ഉയർന്ന പ്രവർത്തന ചെലവുകൾ വാണിജ്യ സൂപ്പർസോണിക് വിമാനങ്ങളുടെ വ്യാപകമായ ഉപയോഗത്തെ പരിമിതപ്പെടുത്തിയിരിക്കുന്നു.
ലോകത്തിന്റെ മുഖച്ഛായ മാറ്റുന്നു
നിങ്ങൾ ഒരു വിമാനത്തിൽ ഒരിക്കലും സഞ്ചരിച്ചിട്ടില്ലെങ്കിലും ഈ സത്വര സാങ്കേതിക മുന്നേറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ ബാധിച്ചിരിക്കാൻ ഇടയുണ്ട്. ഗോളമെമ്പാടും വിമാനത്തിൽ സാധനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കൊണ്ടുപോകുന്നു; മിക്കപ്പോഴും, നാം കഴിക്കുന്ന ആഹാരം, ധരിക്കുന്ന വസ്ത്രങ്ങൾ ജോലിസ്ഥലത്തോ വീട്ടിലോ ഉപയോഗിക്കുന്ന യന്ത്രങ്ങൾ എന്നിവ ഒരു സമുദ്രത്തിനോ ഭൂഖണ്ഡത്തിനോ കുറുകെ കടത്തിക്കൊണ്ടു വന്നതാണ്. കത്തുകളും മറ്റ് ഉരുപ്പിടികളും വിമാന മാർഗം ഒരു രാജ്യത്തുനിന്നു മറ്റൊരു രാജ്യത്തേക്കു സത്വരം എത്തിക്കുന്നു. ദൈനംദിന ഇടപാടുകൾ നടത്താൻ ബിസിനസ്സുകാർ വിമാനം വഴിയുള്ള കുരിയർ സേവനങ്ങളെ വളരെയധികം ആശ്രയിക്കുന്നു. നമുക്കു ലഭ്യമായിരിക്കുന്ന സേവനങ്ങളും സാധനങ്ങളും നാം അവയ്ക്കു നൽകുന്ന പണവും എല്ലാം അവ വിമാനത്തിലൂടെ എത്തിക്കാനുള്ള മനുഷ്യന്റെ കഴിവിനാൽ സ്വാധീനിക്കപ്പെട്ടിരിക്കുന്നു.
വ്യോമഗതാഗതം വലിയ സാമൂഹിക മാറ്റങ്ങളും ഉളവാക്കിയിരിക്കുന്നു. വ്യോമഗതാഗതം മൂലം ലോകം ചെറുതായിരിക്കുന്നു എന്നതിനു യാതൊരു സംശയവുമില്ല. ഏതാനും മണിക്കൂറുകൾക്കൊണ്ട് ലോകത്തിന്റെ ഏതു ഭാഗത്തു വേണമെങ്കിലും എത്തിച്ചേരാൻ നിങ്ങൾക്കു കഴിയും—അതിനു വരുന്ന ചെലവു നിങ്ങൾക്കു താങ്ങാൻ ആകുമെങ്കിൽ. വാർത്തകൾ സഞ്ചരിക്കുന്നതുപോലെതന്നെ മനുഷ്യരും സഞ്ചരിക്കുന്നു.
പുരോഗതിക്ക് ഒടുക്കേണ്ടി വരുന്ന വില
എന്നാൽ അത്തരം പുരോഗതികൾക്കു വില ഒടുക്കേണ്ടി വന്നിട്ടുണ്ട്. വ്യോമഗതാഗതം വർധിക്കുന്നതു മൂലം ആകാശം അപകട മേഖലയായി മാറുകയാണ് എന്നു ചിലർ ഭയക്കുന്നു. സ്വകാര്യ വിമാനങ്ങളും വാണിജ്യ വിമാനങ്ങളും തകർന്നു വീഴുന്നതു മൂലം വർഷം തോറും അനേകം ജീവൻ പൊലിയുന്നു. “അധിക ചെലവുകൾ ഇടപാടുകാരുടെ മേൽ ചുമത്താൻ കഴിഞ്ഞിരുന്ന കാലത്ത് ഉണ്ടായിരുന്ന കൂടുതലായ സുരക്ഷാ നടപടികൾ, മത്സരത്തിന്റെ ചൂടിൽ പല വിമാനക്കമ്പനികളും അവഗണിക്കുകയാണ്” എന്ന് ഫോർച്യൂൺ മാഗസിൻ പറയുന്നു. ഐക്യനാടുകളിൽ വ്യോമഗതാഗത സുരക്ഷിതത്വത്തിന്റെ ചുമതല വഹിക്കുന്ന ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന് “വേണ്ടത്ര ഫണ്ടുകളോ ജോലിക്കാരോ ഇല്ല. കൂടാതെ അവിടത്തെ കാര്യനിർവഹണവും ഭംഗിയായി നടക്കുന്നില്ല” എന്ന് മാഗസിൻ റിപ്പോർട്ടു ചെയ്തു.
അതേസമയം, ജെറ്റ് വിമാനങ്ങളുടെ എണ്ണം പെരുകുന്നതിന്റെ ഫലമായുണ്ടാകുന്ന വായു, ശബ്ദ മലിനീകരണത്തിന്റെ വർധനവിനെ ചൊല്ലി പരിഭ്രമിക്കുന്ന പരിസ്ഥിതി സംരക്ഷണവാദികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. “ലോകത്തെ പൊതു വ്യോമഗതാഗത രംഗത്ത് ഏറെ വിയോജിപ്പുണ്ടാക്കുന്ന പ്രശ്നങ്ങളിൽ ഒന്ന്” ആണ് ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എന്ന് ഏവിയേഷൻ വീക്ക് & സ്പേസ് ടെക്നോളജി എന്ന മാഗസിൻ പറയുകയുണ്ടായി.
ഇതിനു പുറമേ വിമാനങ്ങളുടെ പഴക്കം വർധിക്കുന്നു എന്ന പ്രശ്നവുമുണ്ട്: 1990-ൽ യു.എസ്. വിമാനങ്ങളിൽ 4-ൽ ഒന്നു വീതം 20 വർഷത്തിൽ അധികം പഴക്കമുള്ളവയാണെന്നും മൂന്നിൽ ഒന്നു വീതം നിർമാതാക്കൾ വെച്ചിരുന്ന “കാലാവധി കഴിഞ്ഞിട്ടും” ഉപയോഗിക്കപ്പെടുന്നവയാണെന്നും കണ്ടെത്തി.
അങ്ങനെ, വൈമാനിക എഞ്ചിനീയർമാർ ഇന്നു വലിയ വെല്ലുവിളികൾ നേരിടുന്നു. ചെലവുകളും പാരിസ്ഥിതിക പ്രശ്നങ്ങളും വർധിക്കുന്നതിനനുസരിച്ച് കൂടുതൽ യാത്രക്കാരെ കുറഞ്ഞ ചെലവിൽ കൂടുതൽ സുരക്ഷിതമായി വഹിച്ചുകൊണ്ടുപോകാനുള്ള മാർഗങ്ങൾ അവർ വികസിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു.
ഉയർന്ന ചെലവുകൾ വെട്ടിച്ചുരുക്കാനുള്ള ചില മാർഗങ്ങൾ ഇതിനോടകം ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ശബ്ദത്തിന്റെ രണ്ടിരട്ടി വേഗത്തിൽ സഞ്ചരിക്കുന്നതും 300 പേർക്കുവരെ ഇരിക്കാവുന്നതുമായ ഒരു വിമാനം വികസിപ്പിച്ചെടുക്കാൻ ഏയിറൊസ്പെസ്യലിന്റെയും ബ്രിട്ടീഷ് എയ്റോസ്പേസിന്റെയും ഫ്രഞ്ച്-ബ്രിട്ടീഷ് സംഘം പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതായി ജിം എറിക്സൺ ഏഷ്യാവീക്കിൽ എഴുതുകയുണ്ടായി. ഓരോ യാത്രക്കാരനും ചെലവാകുന്ന പണവും ഇന്ധന ഉപഭോഗവും കുറവായിരിക്കും. പല വിമാനത്താവളങ്ങളിലും അനുഭവപ്പെടുന്ന ഗതാഗതത്തിരക്കിനുള്ള പരിഹാരമെന്ന നിലയിൽ ചില വ്യാവസായിക ദാർശനികർ, നൂറോളം പതിവുയാത്രക്കാരെ വഹിച്ചുകൊണ്ടുപോകാൻ കഴിയുന്ന പുതിയ ഇനം കൂറ്റൻ ഹെലിക്കോപ്റ്ററുകൾ നിർമിക്കുക എന്ന ആശയം മുന്നോട്ടു വെച്ചിട്ടുണ്ട്. ഇളകാത്ത ചിറകുകളോടു കൂടിയ സാധാരണ വിമാനങ്ങൾ ഇപ്പോൾ നിർവഹിക്കുന്ന ഹ്രസ്വ ദൂര വ്യോമഗതാഗതത്തിൽ അധികവും കൈകാര്യം ചെയ്യാൻ ഇവയ്ക്ക് ഒരു കാലത്തു സാധിക്കും എന്ന് അവർ വിശ്വസിക്കുന്നു.
വരും വർഷങ്ങളിൽ, ഈ കൂറ്റൻ ഹെലിക്കോപ്റ്ററുകൾക്കും ശബ്ദാതീത വേഗത്തിൽ സഞ്ചരിക്കുന്ന വിമാനങ്ങൾക്കും വിമാനക്കമ്പനികൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന അടിയന്തിരാവശ്യങ്ങൾ യഥാർഥത്തിൽ നിറവേറ്റാൻ കഴിയുമോ? ആകാശം കീഴടക്കാനുള്ള മനുഷ്യന്റെ ശ്രമം തുടരവേ കാലം അതിന് ഉത്തരം നൽകും.
[അടിക്കുറിപ്പുകൾ]
a യു.എസ്.എ.-യിലെ കണെറ്റിക്കട്ടിൽ താമസിച്ചിരുന്ന ഒരു ജർമൻ കുടിയേറ്റക്കാരനായിരുന്ന ഗുസ്റ്റാവ് വൈറ്റ്ഹെഡും (വീസ്-കോപ്ഫ്) താൻ കണ്ടുപിടിച്ച വിമാനം 1901-ൽ പറപ്പിച്ചെന്ന് ചിലർ അവകാശപ്പെടുന്നു. എങ്കിലും ഈ അവകാശവാദത്തെ പിന്താങ്ങുന്ന ചിത്രങ്ങളൊന്നും ലഭ്യമല്ല.
[6-ാം പേജിലെ ചിത്രം]
ഒട്ടോ ലിലിയെൻതാൽ, ഏതാണ്ട് 1891-ൽ
[കടപ്പാട്]
Library of Congress/Corbis
[6, 7 പേജുകളിലെ ചിത്രം]
1927-ൽ അറ്റ്ലാന്റിക്കിനു കുറുകെ പാരീസിലേക്കു യാത്ര ചെയ്ത ശേഷം ചാൾസ് എ. ലിൻഡ്ബെർഗ് ലണ്ടനിൽ എത്തിച്ചേരുന്നു
[കടപ്പാട്]
Corbis-Bettmann
[7-ാം പേജിലെ ചിത്രം]
സോപ്വിത്ത് ക്യാമൽ, 1917-ൽ
[കടപ്പാട്]
Museum of Flight/Corbis
[7-ാം പേജിലെ ചിത്രം]
ഡിസി-3, 1935-ൽ
[കടപ്പാട്]
Photograph courtesy of Boeing Aircraft Company
[7-ാം പേജിലെ ചിത്രം]
സികോർസ്കി എസ്-43 പറക്കും നൗക, 1937-ൽ
[8-ാം പേജിലെ ചിത്രം]
കോസ്റ്റ് ഗാർഡ് രക്ഷാപ്രവർത്തന ഹെലിക്കോപ്റ്റർ
[8-ാം പേജിലെ ചിത്രം]
വ്യോമാഭ്യാസ പ്രകടനത്തിനുള്ള പിറ്റ്സ്, സാംസൺ പകർപ്പ്
[8, 9 പേജുകളിലെ ചിത്രം]
1976-ൽ കൊൺകോർഡ് സമയപ്പട്ടിക അനുസരിച്ചുള്ള അതിന്റെ പറക്കൽ ആരംഭിച്ചു
[8, 9 പേജുകളിലെ ചിത്രം]
എയർബസ് എ300
[9-ാം പേജിലെ ചിത്രം]
ഭൗമാന്തരീക്ഷത്തിലേക്കു തിരിച്ചു വരുമ്പോൾ സ്പേസ് ഷട്ടിൽ അതിവേഗം സഞ്ചരിക്കുന്ന ഒരു ഗ്ലൈഡർ പോലെ ആകുന്നു
[9-ാം പേജിലെ ചിത്രം]
“റൂട്ടൻ വാറിയിസ്” 1978