കാണാൻ കഴിയുന്ന ഭാഷ!
നിങ്ങൾ എങ്ങനെയാണ് നിങ്ങളുടെ മാതൃഭാഷ പഠിച്ചത്? ഒരുപക്ഷേ കൊച്ചുകുട്ടി ആയിരുന്നപ്പോൾ നിങ്ങളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒക്കെ സംസാരിക്കുന്നതു കേട്ടായിരിക്കാം. മിക്ക ആളുകളും ഭാഷ പഠിക്കുന്നത് കേട്ടാണ്, മറ്റുള്ളവരുമായി ആശയവിനിയമം നടത്തുന്നതാകട്ടെ സംസാരത്തിലൂടെയും. ശ്രവണശക്തി ഉള്ളവർ മനസ്സിൽ ആശയ, ധാരണാ രൂപീകരണം നടത്തുമ്പോൾ പറയാൻ പോകുന്ന പദങ്ങളും പ്രയോഗങ്ങളും സ്വതവേതന്നെ സംസാരഭാഷയിൽ ഒന്നു മനസ്സിൽ പറഞ്ഞുനോക്കുന്നു. എന്നാൽ ബധിരനായി ജനിക്കുന്ന ഒരു കുട്ടിക്ക് മറ്റേതെങ്കിലും വിധത്തിൽ മനസ്സിൽ ചിന്താ രൂപീകരണം നടത്താനാകുമോ? യാതൊരു ശബ്ദവും പുറപ്പെടുവിക്കാതെ അമൂർത്തവും സമൂർത്തവുമായ ആശയങ്ങൾ കൈമാറാൻ കഴിയുന്ന ഒരു ഭാഷയുണ്ടോ?
കാണാവുന്നതെങ്കിലും കേൾക്കാൻ പറ്റാത്തത്
ഭാഷാപ്രാപ്തിയും സാഹചര്യങ്ങൾക്ക് അനുസരിച്ച് ഭാഷയെ അനുരൂപപ്പെടുത്താനുള്ള പ്രാപ്തിയും മനുഷ്യ മനസ്സിന്റെ അത്ഭുതങ്ങളിൽ ഒന്നാണ്. എന്നാൽ ശ്രവണശക്തി ഇല്ലാത്ത ഒരാൾ ഭാഷ പഠിക്കുന്നത് കാതുകൊണ്ട് ആയിരിക്കില്ല, പകരം കണ്ണുകൊണ്ട് ആയിരിക്കും. സന്തോഷകരമെന്നു പറയട്ടെ, ആശയവിനിയമം നടത്തുന്നതിനുള്ള ഉത്കടമായ ആഗ്രഹം മനുഷ്യ മനസ്സിൽ കുടികൊള്ളുന്നു. തന്മൂലം പ്രകടമായ ഏതൊരു പ്രതിബന്ധത്തെയും മറികടക്കാൻ നമുക്കു കഴിയുന്നു. ഈ ആഗ്രഹം നിമിത്തം ബധിരർ ലോകമെമ്പാടുമായി പല ആംഗ്യഭാഷകൾ വികസിപ്പിച്ചെടുത്തിരിക്കുന്നു. ബധിരർ, സ്വന്തം ബധിര കുടുംബത്തിൽ വെച്ചോ ബധിര വിദ്യാലയങ്ങളിൽ വെച്ചോ സമൂഹത്തിൽ വെച്ചോ മറ്റു ബധിരരുമായി സമ്പർക്കത്തിൽ വന്നിരിക്കുന്നതിന്റെ ഫലമായി കണ്ടു മനസ്സിലാക്കാൻ കഴിയുന്ന സുവികസിതമായ ഒരു ഭാഷാ സമ്പ്രദായം വികാസം പ്രാപിച്ചിരിക്കുന്നു—അതാണ് ആംഗ്യഭാഷ.
ഐക്യനാടുകളിൽ പാർക്കുന്ന കാളിനെ സംബന്ധിച്ചിടത്തോളം ഈ ഭാഷ ബധിരരായ മാതാപിതാക്കളിൽ നിന്നുള്ള ഒരു ദാനമായിരുന്നു.a ജന്മനാ ബധിരൻ ആയിരുന്നെങ്കിലും വളരെ ചെറുപ്പത്തിൽ തന്നെ അവന് അമേരിക്കൻ ആംഗ്യഭാഷ ഉപയോഗിച്ച് താൻ ഉദ്ദേശിക്കുന്ന സാധനങ്ങൾ ഏതൊക്കെ ആണെന്ന് കാണിക്കാനും ആംഗ്യങ്ങളെ തമ്മിൽ കൂട്ടിയിണക്കാനും അമൂർത്ത ആശയങ്ങൾ പ്രകടിപ്പിക്കാനും കഴിയുമായിരുന്നു. ആംഗ്യഭാഷ ഉപയോഗിക്കുന്ന ബധിരരായ മാതാപിതാക്കളുടെ ബധിരരായ കുഞ്ഞുങ്ങളിൽ അധികവും 10-ഉം 12-ഉം മാസം ഉള്ളപ്പോൾ മുതൽ ആംഗ്യങ്ങൾ കാണിച്ചു തുടങ്ങുന്നു. ബധിര ലോകത്തേക്ക് ഒരു യാത്ര (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ വിശദീകരിക്കുന്നു: “ഒരു ഭാഷ സ്വാഭാവികമായ രീതിയിൽ ആർജിച്ചെടുക്കാനും തങ്ങളുടെ കുട്ടികളിലേക്ക് അതു കൈമാറാനും ഉള്ള പ്രാപ്തി മസ്തിഷ്കത്തിൽ രൂഢമൂലമാണ് എന്ന് ഭാഷാശാസ്ത്ര വിദഗ്ധർ ഇപ്പോൾ തിരിച്ചറിയുന്നു. ഈ രീതിയിൽ ആർജിച്ചെടുത്ത് കൈമാറുന്നത് ആംഗ്യഭാഷയാണോ സംസാരഭാഷയാണോ എന്നത് തീർത്തും അപ്രധാനമാണ്.”
മൂന്നു തലമുറകളായി ബധിരതയുള്ള ഒരു കുടുംബത്തിലാണ് റഷ്യക്കാരിയായ സ്ഫിയെറ്റ ജനിച്ചത്. തന്റെ ബധിര സഹോദരനോടൊപ്പം അവൾ റഷ്യൻ ആംഗ്യഭാഷ സ്വായത്തമാക്കി. മൂന്നാം വയസ്സിൽ, സ്കൂളിൽ പോകാൻ പ്രായമാകാത്ത ബധിരരായ കുട്ടികൾക്കു വേണ്ടിയുള്ള വിദ്യാലയത്തിൽ ചേർന്നപ്പോഴേക്കും സ്വാഭാവിക രീതിയിൽ ആർജിച്ചെടുത്ത അവളുടെ ആംഗ്യഭാഷാ പ്രാപ്തികൾ നല്ലവണ്ണം വികാസം പ്രാപിച്ചിരുന്നു. സ്ഫിയെറ്റ ഇങ്ങനെ പറയുന്നു: “ബധിരരായ മറ്റു കുട്ടികൾക്ക് ആംഗ്യഭാഷ അറിഞ്ഞുകൂടായിരുന്നു. അവർ എന്നിൽ നിന്ന് അത് പഠിക്കുമായിരുന്നു.” ബധിരരായ പല കുട്ടികൾക്കും ആംഗ്യഭാഷ ഉപയോഗിക്കാത്ത, ശ്രവണശക്തിയുള്ള മാതാപിതാക്കൾ ആയിരുന്നു ഉണ്ടായിരുന്നത്. പലപ്പോഴും സ്കൂളിലെ ബധിരരായ മുതിർന്ന കുട്ടികൾ ആംഗ്യഭാഷ ഉപയോഗിക്കുന്നതു കണ്ടാണ് ചെറിയ കുട്ടികൾ അത് പഠിച്ചിരുന്നത്. അങ്ങനെ അവർക്ക് അനായാസം ആശയവിനിയമം നടത്താൻ കഴിഞ്ഞു.
ഇന്ന്, തങ്ങളുടെ കുട്ടികളുമായി ആശയവിനിയമം നടത്തുന്നതിനായി ആംഗ്യഭാഷ പഠിക്കുന്ന ശ്രവണശക്തിയുള്ള മാതാപിതാക്കളുടെ എണ്ണം കൂടിവരികയാണ്. അതിന്റെ ഫലമായി, സ്കൂളിൽ പോകുന്നതിനു മുമ്പു തന്നെ ഫലപ്രദമായി ആശയവിനിയമം നടത്തുന്നതിന് ബധിരരായ ഈ കുട്ടികൾക്കു കഴിയുന്നു. കാനഡയിലുള്ള ആൻഡ്രൂവിന്റെ കാര്യത്തിൽ ഇത് സത്യമായിരുന്നു. അവന്റെ മാതാപിതാക്കൾ ശ്രവണശക്തിക്കു തകരാറൊന്നും ഇല്ലാത്തവരാണ്. എങ്കിലും അവർ ആംഗ്യഭാഷ പഠിക്കുകയും വളരെ ചെറു പ്രായത്തിൽ തന്നെ അത് ഉപയോഗിച്ച് അവനുമായി ആശയവിനിയമം നടത്തുകയും ചെയ്തു. അങ്ങനെ അവർ അവന് ഭാഷാപരമായി ഒരു അടിസ്ഥാനം ഇട്ടുകൊടുത്തു. വരും വർഷങ്ങളിൽ അവന് അതു വികസിപ്പിക്കാൻ കഴിയുമായിരുന്നു. ഇപ്പോൾ ആ മുഴു കുടുംബത്തിനും ആംഗ്യഭാഷ ഉപയോഗിച്ച് ഏതു വിഷയത്തെക്കുറിച്ചും അന്യോന്യം ആശയവിനിയമം നടത്താൻ കഴിയും.
ബധിരർക്ക് സംസാര ഭാഷയിൽ ചിന്തിക്കാതെ തന്നെ അമൂർത്തവും സമൂർത്തവുമായ ചിന്തകൾ രൂപീകരിക്കാൻ കഴിയും. നാം ഓരോരുത്തരും നമ്മുടെ സ്വന്തം ഭാഷയിൽ ചിന്തകൾ രൂപീകരിക്കുന്നതുപോലെ ബധിരരായ പലയാളുകളും അവരുടെ ആംഗ്യഭാഷയിൽ ചിന്തിക്കുന്നു.
ഭാഷാ വൈവിധ്യം
ലോകമെമ്പാടുമുള്ള ബധിര സമൂഹങ്ങൾ സ്വന്തമായി ആംഗ്യഭാഷ വികസിപ്പിച്ചെടുക്കുകയോ മറ്റ് ആംഗ്യഭാഷകളുടെ സവിശേഷതകൾ കടംകൊള്ളുകയോ ആണ് ചെയ്തിരിക്കുന്നത്. ഇന്ന് നിലവിലുള്ള അമേരിക്കൻ ആംഗ്യഭാഷയിലെ ആംഗ്യങ്ങളിൽ ചിലത് 180 വർഷം മുമ്പ് ഫ്രഞ്ച് ആംഗ്യഭാഷയിൽനിന്ന് ഉരുത്തിരിഞ്ഞു വന്നവയാണ്. പ്രസ്തുത ആംഗ്യങ്ങൾ ഐക്യനാടുകളിൽ ഉപയോഗത്തിൽ ഉണ്ടായിരുന്ന ആംഗ്യങ്ങളുമായി സംയോജിപ്പിക്കപ്പെടുകയും അങ്ങനെ ഇന്നത്തെ അമേരിക്കൻ ആംഗ്യഭാഷ രൂപംകൊള്ളുകയും ചെയ്തു. ആംഗ്യഭാഷകൾ പല വർഷങ്ങൾകൊണ്ടാണ് വികാസം പ്രാപിക്കുന്നത്, ഓരോ തലമുറ കഴിയുന്തോറും മെച്ചപ്പെടുകയും ചെയ്യുന്നു.
സാധാരണഗതിയിൽ ഒരു രാജ്യത്തെ ആംഗ്യഭാഷയ്ക്ക് അവിടെ സംസാരിക്കപ്പെടുന്ന ഭാഷയുമായി ബന്ധമുണ്ടാകില്ല. ഉദാഹരണത്തിന്, പോർട്ടോറിക്കോയിലെ സംസാര ഭാഷ സ്പാനിഷ് ആണ്, എന്നാൽ അവിടുത്തെ ആംഗ്യഭാഷ അമേരിക്കൻ ആംഗ്യഭാഷയാണ്. ഇംഗ്ലണ്ടിലെയും ഐക്യനാടുകളിലെയും സംസാര ഭാഷ ഇംഗ്ലീഷ് ആണെങ്കിലും ഇംഗ്ലണ്ടിൽ ബ്രിട്ടീഷ് ആംഗ്യഭാഷയാണ് ഉപയോഗിക്കുന്നത്. അത് അമേരിക്കൻ ആംഗ്യഭാഷയിൽനിന്നു വളരെ വ്യത്യസ്തമാണ്. അതുപോലെതന്നെ മെക്സിക്കൻ ആംഗ്യഭാഷ ലാറ്റിൻ അമേരിക്കയിലെ പല ആംഗ്യഭാഷകളിൽനിന്നും വ്യത്യസ്തമാണ്.
ആംഗ്യഭാഷ പഠിക്കുമ്പോൾ അതിന്റെ ശരിക്കും സങ്കീർണമായ വശങ്ങളും ഭാവസമ്പന്നതയും ഒരുവനിൽ മതിപ്പ് ഉളവാക്കുന്നു. മിക്ക വിഷയങ്ങളും ആംഗ്യഭാഷ ഉപയോഗിച്ച് വിശദീകരിക്കാൻ കഴിയും. ചിന്തകളുടെയും ആശയങ്ങളുടെയും കാര്യത്തിലും അത് അതുപോലെതന്നെ ഭാവസമ്പന്നമാണ്. കഥകൾ പറയാനും കവിത ചൊല്ലാനും ചരിത്ര വിവരണങ്ങൾ നൽകാനും ബൈബിൾ സത്യം പഠിപ്പിക്കാനും സ്വാഭാവിക ആംഗ്യഭാഷ ഉപയോഗപ്പെടുത്തിക്കൊണ്ട് ബധിരർക്കുവേണ്ടി സാഹിത്യങ്ങളുടെ വീഡിയോ കാസെറ്റുകൾ തയ്യാറാക്കുന്നതിനുള്ള വർധിച്ചു വരുന്ന പ്രവണത കാണുന്നുവെന്നത് സന്തോഷകരമായ ഒരു സംഗതിയാണ്. ആംഗ്യഭാഷ അറിയാവുന്നവരുടെ എണ്ണം പല രാജ്യങ്ങളിലും വർധിച്ചു വരികയാണ്.
ഒരിക്കലും കേട്ടിട്ടില്ലാത്ത കാര്യങ്ങൾ വായിക്കൽ
കേൾവിശക്തി ഉള്ളവർക്ക് വായിക്കുന്ന സമയത്ത് സാധാരണഗതിയിൽ പദങ്ങളുടെ ഉച്ചരിച്ചുകേട്ട ശബ്ദങ്ങൾ ഓർമവരുന്നു. ശ്രവണസ്മരണ ഉള്ളതുകൊണ്ടാണ് ഇതു സാധ്യമാകുന്നത്. അവർക്ക് വായിക്കുന്നതിൽ അധികപങ്കും മനസ്സിലാകുന്നത് ആ കാര്യങ്ങൾ മുമ്പ് കേട്ടിട്ടുള്ളതിനാലാണ്. മിക്ക ഭാഷകളിലും പദങ്ങളുടെ ലിഖിത രൂപങ്ങൾക്ക് അവ ദ്യോതിപ്പിക്കുന്ന ആശയങ്ങളോട് സാദൃശ്യമുണ്ടാകില്ല. ശ്രവണശക്തിയുള്ള പലരും ഈ അവ്യവസ്ഥിത സമ്പ്രദായം അല്ലെങ്കിൽ ലിഖിത വ്യവസ്ഥ പഠിച്ചെടുക്കുന്നത് അതിനെ ഉച്ചരിച്ചു കേട്ട ശബ്ദങ്ങളുമായി ബന്ധപ്പെടുത്തിയാണ്. അങ്ങനെ അവർക്ക് വായിക്കുന്ന കാര്യങ്ങൾ മനസ്സിലാകുന്നു. എന്നാൽ, ജീവിതത്തിൽ ഒരിക്കൽ പോലും ഒരു ശബ്ദമോ പദമോ ഭാഷയോ ഉച്ചരിക്കുന്നതു കേട്ടിട്ടില്ലാത്തവരെക്കുറിച്ച് ഒന്നു സങ്കൽപ്പിച്ചു നോക്കൂ! കേൾക്കാൻ കഴിയാത്ത ഒരു ഭാഷയുടെ കാര്യത്തിൽ അവ്യവസ്ഥിത ലിഖിത സമ്പ്രദായം പഠിക്കുന്നത് ദുഷ്കരവും വിഫലവും ആയിരിക്കാവുന്നതാണ്. അത്തരമൊരു ഭാഷ വായിക്കുന്നത് ബധിരർക്ക്, പ്രത്യേകിച്ചും തീരെ ചെറുപ്പത്തിലേ കേൾവിശക്തി പൂർണമായി നഷ്ടപ്പെട്ടവർക്ക് അല്ലെങ്കിൽ ജന്മനാ ബധിരരായിട്ടുള്ളവർക്ക്, വലിയ വെല്ലുവിളി ആയിരിക്കുന്നതിൽ ഒട്ടും അതിശയിക്കാനില്ല!
ലോകമെമ്പാടുമുള്ള പല ബാല-ബധിര ബോധന കേന്ദ്രങ്ങളും കുട്ടികൾ ഭാഷ പഠിച്ചു തുടങ്ങുന്ന ഘട്ടത്തിൽത്തന്നെ ആംഗ്യഭാഷ ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങൾ കണ്ടെത്തിയിരിക്കുന്നു. (20, 22 എന്നീ പേജുകളിലെ ചതുരങ്ങൾ കാണുക.) ബധിരനായ കൊച്ചുകുട്ടിയെ സ്വാഭാവിക ആംഗ്യഭാഷയുമായി സമ്പർക്കത്തിൽ വരാൻ അനുവദിക്കുന്നതും ഭാഷാപരമായ ഒരു അടിസ്ഥാനം ഇടുന്നതും വിദ്യാഭ്യാസ രംഗത്തും സാമൂഹിക രംഗത്തും അതുപോലെതന്നെ പിൽക്കാലത്ത് ലിഖിത ഭാഷ ആർജിച്ചെടുക്കുന്നതിലും മികച്ച നേട്ടം കൈവരിക്കുന്നതിനുള്ള അടിസ്ഥാനമിടുമെന്ന് അത്തരം കേന്ദ്രങ്ങൾ കണ്ടെത്തിയിരിക്കുന്നു.
ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസ്ത്രീയ സാംസ്കാരിക സംഘടനയുടെ ബധിര വിദ്യാഭ്യാസ കമ്മീഷൻ ഇങ്ങനെ പ്രസ്താവിച്ചു: “ആംഗ്യഭാഷയെ അവഗണിക്കുന്നതോ ബധിര ബോധന പരിപാടികളിലെ അതിന്റെ വികസനത്തിൽ സജീവമായ പങ്കു വഹിക്കാതിരിക്കുന്നതോ മേലാൽ സ്വീകാര്യമല്ല.” മാതാപിതാക്കൾ തങ്ങളുടെ ബധിരനായ കുട്ടിക്കുവേണ്ടി ഏതു തരം വിദ്യാഭ്യാസം തിരഞ്ഞെടുത്താലും കുട്ടിയുടെ പുരോഗതിയിൽ അവർ രണ്ടു പേരും പൂർണ പങ്കു വഹിക്കേണ്ടത് അതിപ്രധാനമാണെന്നു പറയേണ്ടിയിരിക്കുന്നു.—1996 നവംബർ 8 ലക്കം ഉണരുക!യിലെ “എന്റെ കുട്ടിയുമായി ആശയവിനിയമം നടത്താൻ ഞാൻ മറ്റൊരു ഭാഷ പഠിച്ചു” എന്ന ലേഖനം കാണുക.
ബധിര ലോകത്തെ മനസ്സിലാക്കൽ
ബധിരരായ കുട്ടികൾ മുതിർന്നു കഴിയുമ്പോൾ പലപ്പോഴും, തങ്ങൾ മാതാപിതാക്കളിൽനിന്ന് ഏറ്റവുമധികം ആഗ്രഹിച്ചത് അവരുമായുള്ള ആശയവിനിമയമാണെന്ന് പറയാറുണ്ട്. ബധിരനായ ജാക്ക് തന്റെ അമ്മ പ്രായംചെന്ന് മരിക്കാറായപ്പോൾ അവരുമായി ആശയവിനിയമം നടത്താൻ ആഗ്രഹിച്ചു. അമ്മയ്ക്ക് മകനോട് എന്തോ പറയണമെന്ന് ഉണ്ടായിരുന്നു. എന്നാൽ അവർക്ക് അത് എഴുതി കാണിക്കാൻ ആകുമായിരുന്നില്ല. ആംഗ്യഭാഷ അറിഞ്ഞും കൂടായിരുന്നു. തുടർന്ന് അവർ അബോധാവസ്ഥയിലാകുകയും പിന്നീട് മരിക്കുകയും ചെയ്തു. നിരാശാജനകമായ ആ അന്ത്യ നിമിഷങ്ങളെക്കുറിച്ചുള്ള ഓർമ ജാക്കിന്റെ മനസ്സിനെ മഥിച്ചു. തന്റെ അനുഭവം ബധിരരായ കുട്ടികളുള്ള മാതാപിതാക്കൾക്ക് ഈ ഉപദേശം നൽകാൻ ജാക്കിനെ പ്രേരിപ്പിച്ചു: “നിങ്ങളുടെ ബധിരനായ കുട്ടിയുമായി ഒഴുക്കോടെ ആശയവിനിയമം നടത്താനും ആശയങ്ങളും വികാരങ്ങളും ചിന്തകളും സ്നേഹവും അർഥവത്തായി കൈമാറാനും നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ആംഗ്യഭാഷ ഉപയോഗിക്കുക. . . . അത് എന്റെ കാര്യത്തിൽ വളരെ വൈകിപ്പോയി. നിങ്ങളുടെ കാര്യത്തിലോ?”
പലരും ബധിരരെക്കുറിച്ച് വർഷങ്ങളായി തെറ്റിദ്ധാരണകൾ വെച്ചുപുലർത്തിയിരിക്കുന്നു. ബധിരർക്ക് യാതൊന്നും കേൾക്കാൻ കഴിയാത്തതുകൊണ്ട് അവർക്ക് ഒന്നുംതന്നെ അറിഞ്ഞുകൂടെന്ന വീക്ഷണമാണ് ചിലർക്കുള്ളത്. മാതാപിതാക്കൾ, ബധിരരായ തങ്ങളുടെ കുട്ടികൾക്ക് അമിത സംരക്ഷണം നൽകുകയും അവരെ പുറം ലോകത്തേക്കു വിടാൻ ഭയക്കുകയും ചെയ്തിരിക്കുന്നു. ചില സംസ്കാരങ്ങളിൽ ബധിരരെ “മൂകർ” അല്ലെങ്കിൽ “ഊമർ” ആയി തെറ്റായി ചിത്രീകരിച്ചിരിക്കുന്നു. എന്നാൽ ബധിരർക്ക് സാധാരണഗതിയിൽ സംസാര വൈകല്യം ഇല്ലെന്നതാണ് വാസ്തവം. അവർക്ക് ശ്രവണശക്തി ഇല്ലെന്നേ ഉള്ളൂ. മറ്റു ചിലർ ആംഗ്യഭാഷയെ പ്രാകൃതവും സംസാര ഭാഷയെക്കാൾ തരംതാണതും ആയി വീക്ഷിക്കുന്നു. അത്തരം അവഗണനയുടെ ഫലമായി ബധിരരായ ചില വ്യക്തികൾക്ക് തങ്ങൾ അടിച്ചമർത്തപ്പെടുന്നതായും തെറ്റിദ്ധരിക്കപ്പെടുന്നതായും തോന്നുന്നതിൽ അത്ഭുതമില്ല.
ഐക്യനാടുകളിൽ വളർന്നുവന്ന ജോസഫ് 1930-കളിൽ ഒരു കൊച്ചുകുട്ടിയായിരിക്കെ ബധിര വിദ്യാലയത്തിൽ ചേർന്നു. എന്നാൽ ആ വിദ്യാലയത്തിൽ ആംഗ്യഭാഷ ഉപയോഗിക്കുന്നത് വിലക്കിയിരുന്നു. അവനും അവന്റെ സഹപാഠികൾക്കും അധ്യാപകർ പറയുന്നതൊന്നും മനസ്സിലായിരുന്നില്ലെങ്കിൽ കൂടി ആംഗ്യഭാഷ ഉപയോഗിച്ചതിന്റെ പേരിൽ അധ്യാപകർ പലപ്പോഴും അവരെ ശിക്ഷിച്ചു. മനസ്സിലാക്കാനും മനസ്സിലാക്കപ്പെടാനും അവർ എത്രമാത്രം ആഗ്രഹിച്ചെന്നോ! ബധിരരായ കുട്ടികൾക്ക് പരിമിതമായ വിദ്യാഭ്യാസം മാത്രം ലഭിക്കുന്ന രാജ്യങ്ങളിലെ ചില കുട്ടികൾക്ക് തീരെ കുറച്ച് ഔപചാരിക വിദ്യാഭ്യാസമേ ലഭിക്കുന്നുള്ളൂ. ഉദാഹരണത്തിന് പശ്ചിമാഫ്രിക്കയിലെ ഉണരുക! ലേഖകൻ ഇങ്ങനെ പറയുന്നു: “ആഫ്രിക്കയിലെ ഭൂരിപക്ഷം ബധിരരുടെയും ജീവിതം ക്ലേശപൂർണവും പരിതാപകരവുമാണ്. വൈകല്യം ഉള്ളവരിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്നതും ഏറ്റവും കുറച്ച് മനസ്സിലാക്കപ്പെടുന്നതും ഒരുപക്ഷേ ബധിരർ ആയിരിക്കാം.”
നാമെല്ലാം മറ്റുള്ളവർ നമ്മെ മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാൽ സങ്കടകരമെന്നു പറയട്ടെ, ചിലർ ബധിരനായ ഒരാളെ കാണുമ്പോൾ അയാളുടെ കുറവുകളെക്കുറിച്ചു മാത്രമേ ചിന്തിക്കുന്നുള്ളൂ. പ്രത്യക്ഷത്തിൽ തോന്നുന്ന പ്രാപ്തിക്കുറവുകൾക്ക് ബധിരനായ ഒരു വ്യക്തിയുടെ യഥാർഥ പ്രാപ്തികളെ മൂടിക്കളയാനാവും. നേരേമറിച്ച്, ബധിരരായ പല വ്യക്തികളും തങ്ങളെത്തന്നെ കഴിവുള്ളവർ ആയിട്ടാണ് കാണുന്നത്. അന്യോന്യം ഒഴുക്കോടെ ആശയവിനിയമം നടത്താനും ആത്മാഭിമാനം വളർത്തിയെടുക്കാനും വിദ്യാഭ്യാസപരമായും സാമൂഹികമായും ആത്മീയമായും നേട്ടങ്ങൾ കൈവരിക്കാനും അവർ പ്രാപ്തരാണ്. സങ്കടകരമെന്നു പറയട്ടെ, ബധിരരായ പലർക്കും മറ്റുള്ളവരിൽനിന്ന് മോശമായ പെരുമാറ്റം അനുഭവിക്കേണ്ടി വന്നിട്ടുള്ളതു നിമിത്തം അവരിൽ ചിലർ ശ്രവണശക്തി ഉള്ളവരെ അവിശ്വസിക്കുന്നു. എന്നാൽ, ശ്രവണശക്തി ഉള്ളവർ ബധിര സംസ്കാരവും സ്വാഭാവിക ആംഗ്യഭാഷയും മനസ്സിലാക്കുന്നതിൽ ആത്മാർഥമായ താത്പര്യം കാണിക്കുകയും ബധിരരെ കഴിവുള്ളവരായി കാണുകയും ചെയ്യുമ്പോൾ അത് എല്ലാവർക്കും പ്രയോജനകരമാണ്.
നിങ്ങൾ ഒരു ആംഗ്യഭാഷ പഠിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നാം ചിന്തിക്കുന്ന കാര്യങ്ങളും വിശകലനം നടത്തുന്ന ആശയങ്ങളും ആണ് ഭാഷയായി പുറത്തു വരുന്നത് എന്ന കാര്യം ഓർമിക്കുക. ഒരു ആംഗ്യഭാഷ നന്നായി പഠിക്കണമെങ്കിൽ നാം ആ ഭാഷയിൽ ചിന്തിക്കേണ്ടതുണ്ട്. ഒരു ആംഗ്യഭാഷാ നിഘണ്ടുവിൽ നോക്കി ആംഗ്യങ്ങൾ പഠിച്ചതുകൊണ്ടു മാത്രം ആ ഭാഷ നന്നായി കൈകാര്യം ചെയ്യാനാവില്ലാത്തത് അതുകൊണ്ടാണ്. നിത്യജീവിതത്തിൽ ആംഗ്യഭാഷ ഉപയോഗിക്കുന്നവരിൽനിന്ന്, അതായത് ബധിരരിൽനിന്ന്, അത് പഠിക്കരുതോ? ഒരു ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ആ ഭാഷ സ്വന്തം ഭാഷ ആയിട്ടുള്ളവരിൽനിന്ന് അത് പഠിക്കുന്നത് വ്യത്യസ്തവും സ്വാഭാവികവുമായ രീതിയിൽ ചിന്തിക്കാനും ആശയ രൂപീകരണം നടത്താനും നിങ്ങളെ സഹായിക്കും.
സമ്പന്നമായ ഒരു ആംഗ്യഭാഷയുടെ ഉപയോഗത്തിലൂടെ ലോകമെമ്പാടുമുള്ള ബധിരർ തങ്ങൾക്കു ചെയ്യാനാകുന്ന കാര്യങ്ങളുടെ സീമകൾ വിപുലമാക്കിക്കൊണ്ടിരിക്കുകയാണ്. അവർ ആംഗ്യഭാഷ ഉപയോഗിക്കുന്നത് നേരിൽ കാണൂ.
[അടിക്കുറിപ്പ്]
a “തനതായ ഒരു ഭാഷയും സംസ്കാരവും” ഉള്ള പത്തുലക്ഷം ബധിരർ ഐക്യനാടുകളിൽ തന്നെ ഉണ്ടെന്നാണ് കണക്ക്. ഇവരിൽ മിക്കവരും ജന്മനാതന്നെ ബധിരർ ആയിരുന്നു. ഇവരെ കൂടാതെ, മുഖ്യമായും തങ്ങളുടെ മാതൃഭാഷയായ സംസാരഭാഷയിൽ ആശയവിനിയമം നടത്തുന്ന, കേൾവി തകരാറുള്ള 2 കോടി ആളുകൾ വേറെ ഉള്ളതായി കണക്കാക്കപ്പെടുന്നു.—ബധിര ലോകത്തേക്ക് ഒരു യാത്ര, ഹാർലൻ ലെയ്നും റോബർട്ട് ഹൊഫ്മൈസ്റ്ററും ബെൻ ബേഹാനും എഴുതിയത്.
[20-ാം പേജിലെ ചതുരം]
“ബധിരരെ ആംഗ്യഭാഷയിൽ കാര്യങ്ങൾ പഠിപ്പിക്കാനും പിന്നെ ഇംഗ്ലീഷ് പഠിപ്പിക്കാനും ന്യൂയോർക്ക് ഒരുങ്ങുന്നു”
1998 മാർച്ച് 5-ലെ ദ ന്യൂയോർക്ക് ടൈംസിന്റെ ഒരു മുഖ്യ തലക്കെട്ടായിരുന്നു അത്. ഫെലിഷ്യ ആർ. ലി ഇങ്ങനെ എഴുതി: “എല്ലാ അധ്യാപകരും, മുഖ്യമായും ആംഗ്യഭാഷ—ചിഹ്നങ്ങളെയും ചേഷ്ടകളെയും അടിസ്ഥാനപ്പെടുത്തിയുള്ളത്—പഠിപ്പിക്കത്തക്കവണ്ണം നഗരത്തിലെ ഏക ബധിര പൊതുവിദ്യാലയം അതിന്റെ പാഠ്യപദ്ധതി പരിഷ്കരിക്കുന്നതായിരിക്കും. ബധിര വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിൽ വരുന്ന ആ മാറ്റം ഒരു നാഴികക്കല്ലായി വാഴ്ത്തപ്പെടുന്നു.” “ബധിരരുടെ പ്രാഥമിക ഭാഷ വാചികമല്ല, പകരം ദൃശ്യമാണെന്നും അമേരിക്കൻ ആംഗ്യഭാഷ ഉപയോഗിക്കുന്ന സ്കൂളുകൾ മറ്റു സ്കൂളുകളെക്കാൾ നന്നായി വിദ്യാർഥികളെ പഠിപ്പിക്കുന്നുവെന്നും ഗവേഷണം തെളിയിക്കുന്നുവെന്ന്” പല വിദ്യാഭ്യാസ പ്രവർത്തകരും “പറയുന്ന”തായി അവർ വിശദീകരിക്കുന്നു.
“ബധിര വിദ്യാർഥികളെ വൈകല്യമുള്ളവരായിട്ടല്ല, പകരം രണ്ടു ഭാഷ പഠിക്കുന്ന വിദ്യാർഥികളായി കാണണമെന്ന് അവർ പറയുന്നു.”
ബോസ്റ്റണിലെ നോർത്ത്-ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഹാർലൻ ലെയ്ൻ ഇങ്ങനെ പറഞ്ഞു: “[ന്യൂയോർക്ക് സ്കൂൾ] ഒരു സംരംഭത്തിന്റെ മുൻനിരയിലാണ് എന്നു ഞാൻ കരുതുന്നു.” ഒരു ദ്വിതീയ, വായനാ ഭാഷയായി ഇംഗ്ലീഷ് പഠിപ്പിക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യമെന്ന് അദ്ദേഹം ഉണരുക!യോട് പറഞ്ഞു.
[21-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
അത് ഒരു ഭാഷതന്നെ!
ശ്രവണശക്തിയുള്ള ചിലർ, ആംഗ്യഭാഷ മൂകാഭിനയത്തിന്റെ ഒരു സങ്കീർണ രൂപമാണെന്ന തെറ്റായ നിഗമനത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. അത് ഒരു ചിത്രഭാഷ ആണെന്നു പറയുന്നവരും ഉണ്ട്. ആംഗ്യഭാഷ ഉപയോഗിക്കുന്നവർ മുഖവും ശരീരവും കൈകളും ചുറ്റുമുള്ള ഇടവും ഒക്കെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു എങ്കിലും മിക്ക ആംഗ്യങ്ങൾക്കും അവ ദ്യോതിപ്പിക്കുന്ന ചിന്തകളോട് തീരെ കുറച്ചു സാദൃശ്യമേ ഉള്ളൂ, അല്ലെങ്കിൽ ഒട്ടും സാദൃശ്യം ഇല്ല. ഉദാഹരണത്തിന്, അമേരിക്കൻ ആംഗ്യഭാഷയിൽ “ഉണ്ടാക്കുക” എന്ന ആശയം ദ്യോതിപ്പിക്കുന്നതിന് മുഷ്ടികൾ ചുരുട്ടിയിട്ട് ഒന്ന് മറ്റേതിന്റെ മുകളിൽ വെച്ച് തിരിക്കുന്നതായി കാണിക്കുന്നു. സാധാരണ ഉപയോഗത്തിലുള്ളത് ആണെങ്കിലും ആംഗ്യഭാഷ അറിയില്ലാത്തവർക്ക് ഈ ആംഗ്യം കൊണ്ട് ഉദ്ദേശിക്കുന്ന അർഥം വ്യക്തമായി പിടികിട്ടുകയില്ല. റഷ്യൻ ആംഗ്യഭാഷയിൽ “ആവശ്യപ്പെടുക” എന്നതിനെ കുറിക്കുന്നതിന് രണ്ടു കൈകളും കൊണ്ടുള്ള ആംഗ്യമാണ് ഉപയോഗിക്കുന്നത്. അതായത് ഓരോ തള്ളവിരലും മൂന്നാമത്തെ വിരലിനെ സ്പർശിക്കും വിധത്തിൽ പിടിച്ചുകൊണ്ട് കൈകൾ സമാന്തര വൃത്താകൃതിയിൽ ചലിപ്പിക്കുന്നു. (ഈ പേജിലെ ഫോട്ടോകൾ കാണുക.) പല അമൂർത്ത ആശയങ്ങൾ ആംഗ്യഭാഷയിലൂടെ ദ്യോതിപ്പിക്കപ്പെടുന്നതിനാൽ അത് ചിത്രരൂപത്തിൽ ആശയ പ്രകാശനം നടത്തുന്ന ഒരു ഭാഷയായിരിക്കുക സാധ്യമല്ല. വർണനാത്മകമായ സമൂർത്ത വസ്തുക്കളെ വർണിക്കാൻ ഉപയോഗിക്കുന്ന ആംഗ്യങ്ങൾ മാത്രമേ ഇതിന് അപവാദമായുള്ളൂ. “വീടിനെയോ” “ശിശുവിനെയോ” വർണിക്കാനായി ഉപയോഗിക്കുന്ന ആംഗ്യങ്ങൾ ഉദാഹരണങ്ങളാണ്.—ഈ പേജിലെ ഫോട്ടോകൾ കാണുക.
ഭാഷയുടെ മറ്റൊരു മാനദണ്ഡം സമൂഹം അംഗീകരിക്കുന്ന ഒരു പദക്രമം വാക്യങ്ങൾക്ക് ഉണ്ടായിരിക്കും എന്നതാണ്. ആംഗ്യഭാഷകൾക്കും അത്തരം വ്യാകരണ ഘടനയുണ്ട്. ഉദാഹരണത്തിന്, അമേരിക്കൻ ആംഗ്യഭാഷയിൽ ഒരു വാചകത്തിന്റെ പ്രതിപാദ്യ വിഷയമാണ് സാധാരണഗതിയിൽ ആദ്യം പറയുന്നത്. പിന്നെയാണ് അതിന്റെ വിശദീകരണം നൽകുന്നത്. അതുപോലെതന്നെ, സംഭവങ്ങളെ അവ നടക്കുന്ന ക്രമം അനുസരിച്ച് പറയുന്നത് പല ആംഗ്യഭാഷകളുടെയും ഒരു അടിസ്ഥാന സവിശേഷത ആണ്.
ഇതിനു പുറമേ, പല മുഖഭാവങ്ങളും വ്യാകരണ ധർമം നിർവഹിക്കുന്നു. അതായത് ചോദ്യവും ആജ്ഞയും തമ്മിലുള്ള വ്യത്യാസം എടുത്തു കാട്ടുന്നതിനും സോപാധിക പ്രസ്താവനയെയും സാധാരണ പ്രസ്താവനയെയും വേർതിരിച്ചു കാണിക്കുന്നതിനും അവ സഹായിക്കുന്നു. ആംഗ്യഭാഷയുടെ ദൃശ്യസ്വഭാവം നിമിത്തം ഇവയും അതുല്യമായ മറ്റ് അനേകം സവിശേഷതകളും അതു വികസിപ്പിച്ചെടുത്തിരിക്കുന്നു.
[ചിത്രങ്ങൾ]
അമേരിക്കൻ ആംഗ്യഭാഷയിൽ “ഉണ്ടാക്കുക” എന്നതിനെ ദ്യോതിപ്പിക്കുന്ന ആംഗ്യം
റഷ്യൻ ആംഗ്യഭാഷയിൽ “ആവശ്യപ്പെടുക” എന്നതിനെ കുറിക്കുന്ന ആംഗ്യം
അമേരിക്കൻ ആംഗ്യഭാഷയിൽ “വീടിനെ” കാണിക്കാനായി ഉപയോഗിക്കുന്ന ആംഗ്യം
അമേരിക്കൻ ആംഗ്യഭാഷയിൽ “ശിശുവിനെ” വർണിക്കാനായി ഉപയോഗിക്കുന്ന ആംഗ്യം
[22-ാം പേജിലെ ചതുരം]
യഥാർഥ ഭാഷകൾ
“പൊതുവേ ആളുകൾ വിശ്വസിക്കുന്നതുപോലെ ആംഗ്യഭാഷകൾ മൂകാഭിനയമോ വെറും അംഗവിക്ഷേപങ്ങളോ വിദ്യാഭ്യാസ പ്രവർത്തകരുടെ കണ്ടുപിടിത്തങ്ങളോ തദ്ദേശീയർ ഉപയോഗിക്കുന്ന സംസാര ഭാഷയുടെ പ്രതീകങ്ങളോ അല്ല. ബധിര സമൂഹം ഉള്ളിടത്തൊക്കെ ആംഗ്യഭാഷകളും ഉണ്ട്. ലോകമെമ്പാടുമുള്ള സംസാര ഭാഷകളിൽ കണ്ടുവരുന്ന തരം വ്യാകരണ വ്യവസ്ഥയുള്ള, വ്യതിരിക്തമായ, ഒരു സമ്പൂർണ ഭാഷയാണ് അവ ഓരോന്നും.”
“[ബധിരരായ] കുട്ടികളെ അധരചലന ഗ്രഹണവും സംസാരവും പഠിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച” നിക്കരാഗ്വയിലെ “സ്കൂളുകളിൽ, അതേ രീതി പരീക്ഷിച്ച മറ്റേതൊരു സ്കൂളിന്റെയും കാര്യത്തിലെന്നപോലെ, ഫലങ്ങൾ മോശമായിരുന്നു. എന്നാൽ അതൊരു പ്രശ്നമായിരുന്നില്ല. കളിസ്ഥലങ്ങളിൽ വെച്ചും സ്കൂൾ ബസ്സുകളിൽ വെച്ചും ഒക്കെ കുട്ടികൾ അവരുടേതായ ആംഗ്യ വ്യവസ്ഥ വികസിപ്പിച്ചെടുത്തു . . . താമസിയാതെ ആ വ്യവസ്ഥ ലെങ്വാച്ചെ ദെ സിഗ്നോസ് നിക്കാരാഗ്വെൻസെ എന്ന് ഇപ്പോൾ വിളിക്കപ്പെടുന്ന ആംഗ്യഭാഷയായി വികാസം പ്രാപിച്ചു.” ബധിരരായ കുട്ടികളുടെ ഇളം തലമുറ ഇപ്പോൾ കൂടുതൽ ഒഴുക്കുള്ള ഒരു ഭാഷ വികസിപ്പിച്ചെടുത്തിരിക്കുകയാണ്. അതിന്റെ പേര് ഇഡ്യോമാ ദെ സിഗ്നോസ് നിക്കാരാഗ്വെൻസെ എന്നാണ്.—സ്റ്റിവൻ പിങ്കർ എഴുതിയ ഭാഷാ വാസന (ഇംഗ്ലീഷ്).
[23-ാം പേജിലെ ചിത്രങ്ങൾ]
“അദ്ദേഹം കടയിൽ പോയ ശേഷം ജോലിക്കു പോയി” എന്ന് അമേരിക്കൻ ആംഗ്യഭാഷയിൽ കാണിക്കുന്ന ഒരു വിധം
1. കടയിൽ
2. അദ്ദേഹം
3. പോകുന്നു
4. കഴിഞ്ഞ്
5. പോകുന്നു
6. ജോലിക്ക്