പ്രായം കുറഞ്ഞ, വ്യത്യസ്തമായ, ദ്രുതഗതിയിൽ വളരുന്ന ബ്രസീലിയ
ബ്രസീലിലെ ഉണരുക! ലേഖകൻ
ലോകത്തിൽ, രാജ്യത്തിന്റെ തലസ്ഥാന നഗരിയുടെ ആദ്യ പ്ലാനുകൾ തയ്യാറാക്കിയ വ്യക്തിയെ നിങ്ങൾക്കു ഫോണിൽ വിളിക്കാൻ കഴിയുമായിരുന്ന സ്ഥലം ഏതാണ്? തലസ്ഥാനത്തെ ആദ്യത്തെ ഗവൺമെന്റ് മന്ദിരങ്ങൾ ഡിസൈൻ ചെയ്ത, അവയുടെ നിർമാണത്തിനു മേൽനോട്ടം വഹിച്ച ശിൽപ്പിയെ നേരിൽ കാണാൻ കഴിയുമായിരുന്ന സ്ഥലം ഏത്? തലസ്ഥാന നഗരിയിലൂടെ നടക്കുമ്പോൾ കണ്ടുമുട്ടുന്ന 40-നുമേൽ പ്രായമുള്ള ഏതൊരു വ്യക്തിയും ജനിച്ചത് അവിടെയല്ല എന്ന് തറപ്പിച്ചു പറയാൻ കഴിയുന്ന സ്ഥലമോ? ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയ—അടുത്തു പരിശോധിക്കേണ്ട, പ്രായം കുറഞ്ഞ ഒരു അപൂർവ നഗരം.a
നീണ്ട ആമുഖം
സാവൊ പൗലോയിൽനിന്ന് വിമാനത്തിൽ ബ്രസീലിയയിൽ വന്നിറങ്ങാൻ ഒന്നര മണിക്കൂർ മതി. ബസ്സിലാണെങ്കിൽ ഏതാണ്ട് 12 മണിക്കൂറെടുക്കും. എങ്കിലും, അതിലെ യാത്രയും സുഖപ്രദമാണ്. ബസ്സിൽ യാത്ര ചെയ്യാനാണു ഞാൻ തീരുമാനിച്ചത്. തന്മൂലം ആ നഗരത്തിന്റെ ചരിത്രത്തെക്കുറിച്ചു വായിക്കുന്നതിന് എനിക്കു ധാരാളം സമയം കിട്ടി.
18-ാം നൂറ്റാണ്ടിന്റെ ഒടുവിൽ പോർച്ചുഗീസ് ഭരണത്തിനെതിരെ ആദ്യത്തെ സംഘടിത വിപ്ലവം നടന്നതു മുതൽ ബ്രസീലിൽ ഒരു പുതിയ തലസ്ഥാനം പണിയുന്നതിനുള്ള ആഗ്രഹം നിലനിന്നിരുന്നു. 1822-ൽ ബ്രസീൽ സ്വാതന്ത്ര്യം പ്രാപിച്ചതിനെത്തുടർന്ന് അതിന്റെ ഭാവി തലസ്ഥാനത്തിനു ബ്രസീലിയ എന്നു നാമകരണം ചെയ്യാൻ അവിടുത്തെ രാജ്യതന്ത്രജ്ഞനായ ഷൂസ് ബോണിഫസ്യു ദെ ആന്ദ്രാദ ഇ സിൽവ നിർദേശിച്ചു. ആ മുഴു രാജ്യത്തെയും സൂചിപ്പിക്കാൻ 17-ാം നൂറ്റാണ്ടിലെ ഭൂപട നിർമാതാക്കൾ ഉപയോഗിച്ച ഒരു നാമമായിരുന്നു അത്.
1891-ൽ, സെൻട്രൽ ഹൈലാൻഡ് സമതലത്തിലെ 14,000 ചതുരശ്ര കിലോമീറ്റർ സാവന്നാപ്രദേശം വേർതിരിച്ചിടണമെന്നു രാജ്യത്തെ പുതിയ ഭരണഘടന വ്യവസ്ഥ ചെയ്തു. സമുദ്രതീരത്തുനിന്ന് 1,000 കിലോമീറ്ററോളം അകലെയുള്ള ആ സ്ഥാനത്തായിരുന്നു പുതിയ തലസ്ഥാനം പണിയേണ്ടിയിരുന്നത്. റിയോ ഡി ജനിറോയിൽനിന്ന് തലസ്ഥാനം കുറെക്കൂടി ഉള്ളിലേക്കു മാറ്റുന്നത് രാജ്യത്തിന്റെ വിശാലമായ ഉൾപ്രദേശത്തിന്റെ വികസനത്തെ ത്വരിതപ്പെടുത്തുമെന്ന് രാഷ്ട്രീയക്കാർ വാദിച്ചു. എങ്കിലും, യാതൊരു നടപടിയും കൈക്കൊള്ളാതെ 50 വർഷം കടന്നുപോയി. ഒടുവിൽ, 1955-ൽ ബ്രസീലിയയുടെ ചരിത്രത്തിന്റെ ആ നീണ്ട ആമുഖത്തിനു ശേഷം, സംഭവബഹുലമായ പ്രാരംഭ അധ്യായം തുറക്കുകയായി.
മത്സരത്തിൽ തിരഞ്ഞെടുത്ത രൂപരേഖ
തിരഞ്ഞെടുക്കപ്പെടുന്നപക്ഷം തന്റെ അഞ്ചു വർഷത്തെ പ്രസിഡന്റ് കാലാവധി കഴിയുന്നതിനു മുമ്പ് പുതിയ തലസ്ഥാനം ഒരു യാഥാർഥ്യം ആയിത്തീരുമെന്നു പ്രസിഡന്റ് സ്ഥാനാർഥിയായ ഷൂസെലിനൂ കൂബിച്ചെക്ക് ഉറപ്പു നൽകി. 1956 ഏപ്രിലിൽ കൂബിച്ചെക്ക് തിരഞ്ഞെടുക്കപ്പെട്ടു.
അതിന് ഏതാനും മാസങ്ങൾക്കു മുമ്പ് ഗവൺമെന്റ് ഒരു മത്സരത്തെക്കുറിച്ച് അറിയിപ്പു നൽകിയിരുന്നു. പുതിയ തലസ്ഥാന നഗരിയുടെ പ്ലാൻ തയ്യാറാക്കാൻ ബ്രസീലിലെ വാസ്തുശിൽപ്പ വിദഗ്ധരെയും എഞ്ചിനീയർമാരെയും നഗരാസൂത്രകരെയും ക്ഷണിച്ചുകൊണ്ടുള്ള ഒരു അറിയിപ്പായിരുന്നു അത്. ഏതാനും മാസങ്ങൾക്കകം 26 പേർ പ്രസ്തുത തലസ്ഥാനത്തിന്റെ പ്ലാനുകൾ അയച്ചുകൊടുത്തു. 1957 മാർച്ചിൽ ഒരു അന്തർദേശീയ ജൂറി അതിലെ ജേതാവ് ആരെന്നു പ്രഖ്യാപിച്ചു: നഗരാസൂത്രകനായ ലൂസ്യൂ കൊസ്റ്റ.
മറ്റുള്ളവരുടേതിൽനിന്നു വ്യത്യസ്തമായി കൊസ്റ്റ സമർപ്പിച്ച പ്ലാനിൽ, കുറേ സ്കെച്ചുകളും ഏതാനും പേജുകളിൽ എഴുതിയ വിവരണങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്—ഒരു മുഴു നഗരവും കട്ടിയുള്ള മഞ്ഞക്കവറിൽ അടങ്ങിയിരുന്നു! അത്ര വിശദമല്ലാത്ത തന്റെ രൂപരേഖയെക്കുറിച്ച് ജൂറിമാരോടു ക്ഷമാപണം നടത്തിയ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “ഇതു പ്രസക്തമല്ലെങ്കിൽ നശിപ്പിച്ചുകളയാൻ എളുപ്പമാണ്, അപ്പോൾ എന്റെയോ മറ്റുള്ളവരുടെയോ സമയം പാഴാവുകയില്ലല്ലോ.” എങ്കിലും ജൂറിമാർക്ക് അദ്ദേഹത്തിന്റെ പ്ലാൻ ഇഷ്ടപ്പെട്ടു. അത് “വ്യക്തവും കൃത്യവും അടിസ്ഥാനപരമായി ലളിതവും” ആണെന്നായിരുന്നു അവരുടെ വിലയിരുത്തൽ. അദ്ദേഹത്തിന്റെ പ്ലാൻ അനുസരിച്ചുള്ള നിർദേശം എന്തായിരുന്നു, അത് എങ്ങനെയാണ് ഒരു കോൺക്രീറ്റ് നഗരം ആയിത്തീർന്നത്?
നിലത്ത് ഒരു “വിമാനം”
അതു മനസ്സിലാക്കാൻ പറ്റിയ മാർഗം സൂസേയൂ വിവൂ ദാ മെമൊറിയ കാന്താംഗ (കാന്താംഗോ സ്മരണയുടെ സജീവ മ്യൂസിയം) സന്ദർശിക്കുകയാണ്. തലസ്ഥാനത്തെ ആദ്യത്തെ ആശുപത്രിയാണ് ആ മ്യൂസിയമായി മാറിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ആ കെട്ടിടം അക്ഷരാർഥത്തിൽ ബ്രസീലിയയുടെ പിള്ളത്തൊട്ടിലാണ്. 40 വർഷം മുമ്പ് ബ്രസീലിയയിൽ പിറന്ന ആദ്യത്തെ കുട്ടികളുടെ ജീവിതം അവിടെ വെച്ചാണ് തുടങ്ങിയത്. എന്നാൽ, ഇന്നാകട്ടെ ആ മുൻ ആശുപത്രി ബ്രസീലിയയുടെ ജനനത്തെയും ശൈശവത്തെയും കുറിച്ചുള്ള കഥകൾ പറയുന്നു. മ്യൂസിയത്തിലെ ഒരു ലിഖിതത്തിൽ എഴുതിയിരിക്കുന്നതുപോലെ, “പൊടിയുടെയും ക്യാൻവാസിന്റെയും കോൺക്രീറ്റിന്റെയും” കഥ.
ഈ മ്യൂസിയത്തിലെ ഒരു ജീവനക്കാരിയായ ലോറെറ്റി മാഷാദൂ എന്നെ ആദ്യം “പൊടി”യുടെ കാലഘട്ടത്തിലൂടെ കൊണ്ടുപോയി. ഒരു ചിത്രത്തിന്റെ മുന്നിൽ വന്നപ്പോൾ അവൾ നിന്നു. 1957-ൽ എടുത്ത അത്, സാവന്നാപ്രദേശത്ത് ആൾപ്പാർപ്പില്ലാത്ത ഒരിടത്തുവെച്ച് സന്ധിച്ചു കടന്നുപോകുന്ന പൊടി നിറഞ്ഞ രണ്ടു റോഡുകളുടേത് ആയിരുന്നു. “ഈ ചിത്രം നഗരനിർമാണത്തിന്റെ ഏറ്റവും ആദ്യത്തെ പടി കാട്ടിത്തരുന്നു,” അവൾ പറയുന്നു. പിന്നീട്, കൊസ്റ്റായുടെ രൂപരേഖകളിൽ നോക്കുകയാണെങ്കിൽ, ആ നഗരാസൂത്രകൻ അതിലൊരു റോഡ് വളഞ്ഞുപോകത്തക്കവിധം അതിന്റെ സ്ഥാനം മാറ്റിയെടുത്തിരിക്കുന്നതു കാണാം. കാന്താംഗുസ്b എന്നു വിളിക്കപ്പെടുന്ന തൊഴിലാളികൾ പിന്നീട് സാവന്നാപ്രദേശത്ത് അതിനെ വളഞ്ഞ ആകൃതിയിൽ മാറ്റിയെടുത്തപ്പോൾ നിലത്ത് ഒരു വിമാനത്തിന്റെ രൂപം തെളിഞ്ഞുവന്നു.
കോക്ക്പിറ്റ് കിഴക്കോട്ടും വളഞ്ഞ ചിറകുകൾ വടക്കോട്ടും തെക്കോട്ടും തള്ളിനിൽക്കുന്ന ഒരു വിമാനത്തോടു സദൃശമായ ബ്രസീലിയയുടെ അസാധാരണ രൂപരേഖ ഇന്നും അതേപടി നിലനിൽക്കുന്നു. ഗവൺമെന്റിന്റെ മൂന്നു സഭകൾ കൂടിവരുന്ന കെട്ടിടങ്ങളാണു കോക്ക്പിറ്റിലുള്ളത്. ഉടൽഭാഗത്ത് ബിസിനസ് മേഖല. ചിറകുകളിൽ പാർപ്പിട മേഖലയും.
ക്യാൻവാസിൽനിന്ന് കോൺക്രീറ്റിലേക്ക്
മ്യൂസിയത്തിലെ “ക്യാൻവാസ്”, “കോൺക്രീറ്റ്” എന്നീ വിഭാഗങ്ങൾ ബ്രസീലിൽ എമ്പാടുമുള്ള തൊഴിലാളികൾ തങ്ങളുടെ വസ്തുവകകൾ വിറ്റ് നിർമാണ സ്ഥലത്ത് എത്തിയതിനെക്കുറിച്ചു വിവരിക്കുന്നു. ‘എന്റെ പിതാവ് ഒരു ട്രക്ക് വാങ്ങി, ഞങ്ങൾ മുഴു കുടുംബാംഗങ്ങളെയും—20-ലധികം പേർ—അതിൽ കയറ്റി. എന്നിട്ട് 19 ദിവസം വണ്ടിയോടിച്ച് ഈ സ്ഥലത്തെത്തി’ എന്ന് 1957 ആഗസ്റ്റിൽ അവിടെ എത്തിയ ഒരു തൊഴിലാളി അനുസ്മരിക്കുന്നു. മറ്റു ചിലരാകട്ടെ ബസ്സിൽ അല്ലെങ്കിൽ കാളവണ്ടിയിൽ യാത്ര ചെയ്തോ മറ്റുള്ളവരുടെ വാഹനങ്ങളിൽ സൗജന്യ യാത്ര നടത്തിയോ ആണ് അവിടെ എത്തിച്ചേർന്നത്. മൊത്തം, 60,000 ജോലിക്കാർ എത്തിച്ചേർന്നു.
ഇത്രയധികം ജോലിക്കാരെ—അവരെല്ലാം താമസിച്ചത് കൂടാരങ്ങളിലാണ്—അടിയന്തിരമായി ആവശ്യമുണ്ടായിരുന്നു. കാരണം, നഗരത്തിന്റെ ഉദ്ഘാടന തീയതിയായി നിശ്ചയിച്ചിരുന്നത് 1960 ഏപ്രിൽ 21 ആയിരുന്നു. അതിനർഥം എഞ്ചിനീയർമാരും ടെക്നീഷ്യന്മാരും നിർമാണ തൊഴിലാളികളും 1,000 ദിവസംകൊണ്ട് ഒരു നഗരം പൂർത്തിയാക്കണമെന്നായിരുന്നു—ഒരു വൻ സംരംഭം തന്നെ! എന്നാൽ ഉദ്ഘാടന ദിവസത്തിനു മുമ്പുതന്നെ അവർ നഗര നിർമാണം പൂർത്തിയാക്കി. അങ്ങനെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ തലസ്ഥാന നഗരി സാവന്നയിലെ പൊടിയിൽനിന്നു രൂപംകൊണ്ടു.
ഒന്നാമത്തേത്, ഒന്നേയൊന്ന്
ബ്രസീലിയയിലെ ഐക്യരാഷ്ട്ര വിദ്യാഭ്യാസ, ശാസ്ത്രീയ, സാംസ്കാരിക സംഘടനയുടെ (യുനെസ്കോ) ഓഫീസിന് ആ നഗരത്തോടും അതിന്റെ നിർമാതാക്കളോടും ഇപ്പോഴും വളരെ വിലമതിപ്പുണ്ട്. “കൊസ്റ്റയുടെ പ്ലാൻ അനുസരിച്ച് പണിത ആ നഗരം പോലെ അത്ര സൂക്ഷ്മതയോടെ നിർമിക്കപ്പെട്ട മറ്റൊരു നഗരവുമില്ല,” യുനെസ്കോയുടെ സാംസ്കാരിക വിദഗ്ധനായ ഡോ. ബ്രിയാനി ഇ. ബിക്കാ എന്നോടു പറഞ്ഞു. “അതുകൊണ്ടാണ് ബ്രസീലിയ യുനെസ്കോയുടെ ലോക പൈതൃക ലിസ്റ്റിലുള്ള ഒന്നാമത്തേതും ഒന്നേയൊന്നുമായ നഗരം ആയിരിക്കുന്നത്.”c
ആ ലിസ്റ്റിലുള്ള, ഇപ്പോഴും നിർമാണത്തിലിരിക്കുന്ന ഏക നഗരം ബ്രസീലിയ ആണ്. ഇതൊരു വെല്ലുവിളി ഉയർത്തുന്നുവെന്ന് ഡോ. ബിക്ക പറയുന്നു. “നഗരത്തിനു മാറ്റം വന്നുകൊണ്ടിരിക്കെ അതിന്റെ ആദ്യ മാതൃക എങ്ങനെ നിലനിർത്താൻ കഴിയും?” വാസ്തുശിൽപ്പ വിദഗ്ധനായ ലൂസ്യൂ കൊസ്റ്റ ജീവിച്ചിരുന്നപ്പോൾ, തന്റെ 90-കളിൽ പോലും, ആ വെല്ലുവിളിയെ ചെറുത്തുനിന്നിരുന്നു. പുതിയ നിർമാണ പ്രവർത്തനങ്ങളുടെ മേൽ ഒരു ദൃഷ്ടി വെച്ചുകൊണ്ട് തന്റെ പ്ലാനിലെ നിർദേശങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം ഉറപ്പു വരുത്തിയിരുന്നു. ഉദാഹരണത്തിന്, ബ്രസീലിയയിൽ ഒരു നഗര റെയിൽപ്പാത നിർമിക്കാനുള്ള പരിപാടിയുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ ഭൂഗർഭ റെയിൽപ്പാത പണിതാൽ മതിയെന്ന് അദ്ദേഹം നിർബന്ധം പിടിച്ചു.
സമഗ്ര വീക്ഷണം
നഗരം ചുറ്റിക്കാണുന്നതിനുള്ള സമയമായി. ആദ്യമായാണ് നിങ്ങൾ അവിടം സന്ദർശിക്കുന്നതെങ്കിൽ പോലും വഴി മനസ്സിലാക്കാൻ യാതൊരു പ്രയാസവും ഉണ്ടായിരിക്കില്ല. രണ്ടു പ്രധാന വീഥികളാണ് ഉള്ളത്. അവ രണ്ടും സന്ധിക്കുന്ന സ്ഥാനത്താണു നഗരത്തിലെ ബസ്സ് സ്റ്റാൻഡ്. ഒരു വീഥി പടിഞ്ഞാറുനിന്ന് കിഴക്കോട്ടു (“വിമാന”ത്തിന്റെ വാലറ്റത്തുനിന്ന് കോക്ക്പിറ്റ് വരെ) പോകുന്നു. അതിലൂടെ സഞ്ചരിച്ചാൽ ഹോട്ടലുകൾ, തീയേറ്ററുകൾ, ബാങ്കുകൾ, കടകൾ എന്നിവിടങ്ങളിലെത്താം. മറ്റേ വീഥി വടക്കുനിന്ന് തെക്കോട്ടാണ് (ഒരു ചിറകറ്റം മുതൽ മറ്റേ ചിറകറ്റം വരെ), അവിടം പാർപ്പിട മേഖലയാണ്.
ബ്രസീലിയ നഗരത്തിന്റെ ആകൃതി മനസ്സിലാക്കുന്നതിനുള്ള ഏറ്റവും പറ്റിയ സ്ഥാനം ടെലിവിഷൻ ടവറാണ്. വിമാനത്തിന്റെ ഉടൽഭാഗത്ത് ചിറകുകൾക്കു പിന്നിലായി അത് 224 മീറ്റർ ഉയർന്നു നിൽക്കുന്നു. സൗജന്യമായി ഉപയോഗിക്കാവുന്ന അതിലെ ലിഫ്റ്റിൽ നിലത്തുനിന്ന് 75 മീറ്റർ ഉയരത്തിൽ വരെ പോകാം. അവിടെനിന്നു നോക്കിയാൽ നഗരഹൃദയത്തിന്റെ ഒരു സമഗ്ര വീക്ഷണം കിട്ടും. അതിനെ പ്ലാനൂ പിലൊറ്റൂ എന്നാണു വിളിക്കുന്നത്. നഗരത്തിലെ വിശാലമായ പുൽത്തകിടിയിലേക്കു നോക്കിനിന്നാൽ അതും ആകാശവും തമ്മിൽ സന്ധിക്കുന്നതായി തോന്നും. ബ്രസീലിയയുടെ വിസ്തൃതി നിങ്ങളിൽ മതിപ്പ് ഉളവാക്കും. വാസ്തവത്തിൽ, പ്രകൃതിദൃശ്യ ഡിസൈനറായ റോബെർട്ടൂ ബൂർളി-മാർക്സ് ബ്രസീലിയയിലെ പാർക്കുകളും പുൽത്തകിടികളും രൂപസംവിധാനം ചെയ്തപ്പോൾ അവയ്ക്കായി വിശാലമായ സ്ഥലം നീക്കിവെക്കുകയുണ്ടായി. അതിനാൽ, ആളോഹരി നോക്കിയാൽ ലോകത്തെ മറ്റേതൊരു തലസ്ഥാന നഗരിയിൽ ഉള്ളതിനെക്കാളും കൂടുതൽ പച്ചപ്പുൽപ്പുറം ഉള്ളത് ഇവിടെയാണ്.
കിഴക്കു വശത്തായി വിശാലമായ ഒരു പുൽപ്പുറം നീണ്ടുകിടക്കുന്നു. അതിന്റെ ഇരുവശത്തും നിരത്തുകളുണ്ട്. ഈ നിരത്തുകളുടെ ഓരത്തായി ഒരുപോലിരിക്കുന്ന 17 കെട്ടിടങ്ങൾ കാണാം. ചതുരാകൃതിയിലുള്ള ഈ ഓരോ കെട്ടിടത്തിലും വിവിധ ഗവൺമെന്റ് വകുപ്പുകൾ പ്രവർത്തിക്കുന്നു. ആ പുൽപ്പുറത്തിന്റെ അറ്റത്തായി ബ്രസീലിയയുടെ സവിശേഷ പ്രതീകം ഉയർന്നു നിൽക്കുന്നു: ഒരേപോലെ തോന്നിക്കുന്ന രണ്ട് താഴികക്കുടങ്ങൾ. ഒന്ന് നേരെയും, മറ്റേത് തലകീഴായും. അവയുടെ സ്ഥാനം ബ്രസീലിലെ നിയമനിർമാണ സഭയായ ദേശീയ കോൺഗ്രസ് കൂടുന്ന 28 നിലകളുള്ള രണ്ടു കെട്ടിടങ്ങളുടെ ചുവട്ടിലാണ്.
ദേശീയ കോൺഗ്രസ് മന്ദിരത്തിന്റെ ആകൃതി ഐക്യരാഷ്ട്രങ്ങളുടെ ന്യൂയോർക്ക് ആസ്ഥാനം പോലെ തോന്നും—അതിനു കാരണമുണ്ടുതാനും. യുഎൻ കെട്ടിടങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ പങ്കു വഹിച്ച ശിൽപ്പികളിൽ ഒരാളായിരുന്നു ഒസ്കാർ നിമൈർ എന്ന ബ്രസീലുകാരൻ. ദേശീയ കോൺഗ്രസ് മന്ദിരവും ബ്രസീലിയയിലെ ഏതാണ്ട് മറ്റെല്ലാ പ്രധാന കെട്ടിടങ്ങളും ഡിസൈൻ ചെയ്തത് അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഡിസൈനുകളിൽ ചിലത് ദേശീയ കോൺഗ്രസ് മന്ദിരത്തിന്റെ ഇരട്ട ഗോപുരങ്ങൾക്ക് അടുത്തായി നിലകൊള്ളുന്നു. വിദേശ മന്ത്രാലയം (പാലാസ്യൂ ഇത്താമാരാത്തി), നീതിന്യായ മന്ത്രാലയം (പാലാസ്യൂ ദാ ഷൂസ്റ്റിസ) എന്നിവ അവയിൽ പെടുന്നു.
വഴി തെറ്റുകയില്ലാത്തതിന്റെ കാരണം
എന്നിരുന്നാലും, ബ്രസീലിയ വെറും ഒരു ശിൽപ്പകലാ പാർക്കല്ല. അത് ആയിരക്കണക്കിന് ആളുകൾക്കു നല്ല ക്രമീകൃതമായ ഒരു വാസസ്ഥാനം കൂടിയാണ്. “ആളുകൾ തങ്ങളുടെ നഗരങ്ങളിൽ പരിചയിച്ച അലങ്കോലപ്പെട്ട അവസ്ഥയിൽ നിന്നുള്ള ആശ്വാസകരമായ ഒരു വിടുതലാണ് ബ്രസീലിയയിലെ ക്രമീകൃതാവസ്ഥയിലുള്ള ജീവിതമെന്ന് അവർ കണ്ടെത്തുന്നു” എന്ന് നഗരത്തിലെ പാർപ്പിട മേഖലയിലേക്കു ഡ്രൈവ് ചെയ്തു പോകവേ ബ്രസീലിയയിൽ താമസിക്കുന്ന ഒരു അഡ്വക്കേറ്റായ പൗലൂ പറഞ്ഞു.
ബ്രസീലിയയിലുള്ളവർ താമസിക്കുന്നത് അപ്പാർട്ട്മെന്റ് കെട്ടിടങ്ങളിലാണ്. ഒരു അങ്കണത്തിനു ചുറ്റും നിരനിരയായി പണികഴിപ്പിച്ചിരിക്കുന്ന അത്തരം കെട്ടിടങ്ങളുടെ ഒരു കൂട്ടമാണ് സൂപ്പർബ്ലോക്ക്. നഗരത്തിന്റെ തെക്കു, വടക്കു ഭാഗങ്ങളിൽ ഇത്തരം സൂപ്പർബ്ലോക്കുകളുടെ നിരകൾ കാണാം. വീടിന്റെ മേൽവിലാസം കണ്ടുപിടിക്കാൻ എളുപ്പമാണ്. ഉദാഹരണത്തിന്, “N-102-L” എടുക്കുക. N നഗരത്തിന്റെ വടക്കു ഭാഗത്തെ സൂചിപ്പിക്കുന്നു. 102 സൂപ്പർബ്ലോക്കിനെയും L കെട്ടിടത്തെയും സൂചിപ്പിക്കുന്നു. ചിറകറ്റങ്ങളിലേക്കുള്ള ബ്ലോക്ക് നമ്പരുകൾ ആരോഹണ ക്രമത്തിലാണെന്ന് (102-116) ഓർത്തിരിക്കുന്നെങ്കിൽ നിങ്ങൾക്കു ലക്ഷ്യം തെറ്റാനിടയില്ല.
ക്രമവും സൗകര്യവും മുൻനിർത്തി, പാർപ്പിട ഉദ്ദേശ്യത്തിനായി പണികഴിപ്പിച്ചിരിക്കുന്ന കെട്ടിടങ്ങൾക്ക് ആറു നില പൊക്കമേയുള്ളൂ. തന്മൂലം, മുറ്റത്തു കളിക്കുന്ന കുട്ടിയോട് അപ്പാർട്ട്മെന്റ് ജാലകത്തിലൂടെ അമ്മ “മാന്വെൽ, വാൻ കാ!” (മാനുവൽ, ഇവിടെ വാ!) എന്നു വിളിച്ചു പറഞ്ഞാൽ അവന് അതു കേൾക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല.
വളർച്ചയുടെ വേദനകൾ
ബ്രസീലിയ, പ്ലാൻ അനുസരിച്ച് നിർമിച്ച ഒരു നഗരമാണെന്ന് അഭിമാനിക്കുന്നുണ്ടെങ്കിലും ആ നഗരം പടുത്തുയർത്തിയ തൊഴിലാളികൾക്ക് ആ രൂപരേഖയിൽ ഒരു സ്ഥാനം കൊടുത്തിരുന്നില്ല. ഈ തലസ്ഥാന നഗരിയുടെ ഉദ്ഘാടനശേഷം അവർ തങ്ങളുടെ സാധനസാമഗ്രികൾ കെട്ടിപ്പെറുക്കി സ്വന്തസ്ഥലത്തേക്കു പോകുമെന്നാണു വിചാരിച്ചത്. എന്നാൽ ആശുപത്രികളോ വിദ്യാലയങ്ങളോ തൊഴിലോ ഇല്ലാത്ത ഒരു സ്ഥലത്തേക്കു മടങ്ങിപ്പോകാൻ അവർ ആഗ്രഹിച്ചില്ല. ബ്രസീലിയയിൽത്തന്നെ തങ്ങാൻ അവർ ഇഷ്ടപ്പെട്ടു—പക്ഷേ എവിടെ?
തങ്ങൾ നിർമിച്ച, ഉയർന്ന വാടകയുള്ള അപ്പാർട്ടുമെന്റുകൾ വാങ്ങാൻ കഴിയാഞ്ഞതിനാൽ ബ്രസീലിയയ്ക്കു ചുറ്റുമുള്ള ഹരിത മേഖലയിൽ അവർ വാസമുറപ്പിച്ചു. അങ്ങനെ, ഏറെക്കാലം കഴിയുന്നതിനു മുമ്പ് ബ്രസീലിയയെക്കാൾ വലിയ നഗരങ്ങൾ ഉയർന്നുവന്നു. പ്ലാൻ അനുസരിച്ചു നിർമിച്ച നഗരത്തിൽ ഇപ്പോൾ 4,00,000 ആളുകൾ മാത്രമേ പാർക്കുന്നുള്ളൂ, അവിടുത്തെ അനവധി അപ്പാർട്ടുമെന്റുകളിലും ആൾപ്പാർപ്പില്ലതാനും. എന്നാൽ പ്ലാൻ അനുസരിച്ചല്ലാതെ ഉണ്ടാക്കിയിരിക്കുന്ന നഗരപ്രാന്തത്തിലെ കൊച്ചു പട്ടണങ്ങളിൽ 20 ലക്ഷത്തോളം ആളുകളാണ് വസിക്കുന്നത്. പൊതുനന്മ ലാക്കാക്കിയാണ് ആ നഗരം പ്ലാൻ ചെയ്തതെങ്കിലും, വരുമാന വ്യത്യാസങ്ങൾ നിമിത്തം ജനങ്ങൾ വ്യത്യസ്ത നഗരമേഖലകളായി തിരിഞ്ഞ് ജീവിക്കുന്നു.
മുൻകൂട്ടിക്കാണാനാകാഞ്ഞ ജനസംഖ്യാ സ്ഫോടനത്തിന്റെയും വിഭാഗീയ പ്രതിബന്ധങ്ങളുടെയും ഫലമായി, ഏതു നഗരത്തിലും ഉള്ളതുപോലെ, കുറ്റകൃത്യവും സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങളും ഇവിടെയും വർധിച്ചു വരുകയാണ്. ബ്രസീലിലെ ഈ പ്രായം കുറഞ്ഞ തലസ്ഥാന നഗരി വളർച്ചയുടെ വേദനകൾ അനുഭവിക്കുകയാണ്. സുസജ്ജീകൃത തെരുവുകളും നവ നിർമാണകലയും മാത്രം പോരാ ആളുകളുടെ ഹൃദയത്തിനും സ്വഭാവത്തിനും പരിവർത്തനം വരുത്താൻ.
“ബ്രസീലിന്റെ ഹൃദയം”
ബ്രസീലിയയുടെ പാതയോരങ്ങളിൽ, അവിടെ എത്തുന്ന യാത്രക്കാരെ, “ബ്രസീലിന്റെ ഹൃദയ”ത്തിലേക്കു കടക്കാറായിരിക്കുന്നു എന്ന് ഓർമിപ്പിക്കുന്ന ബോർഡുകൾ കാണാം. ആ വാചകത്തിന് ഒരു പ്രസക്തിയുണ്ട്: ഭൂമിശാസ്ത്രപരമായി ഈ നഗരം സ്ഥിതി ചെയ്യുന്നത് രാജ്യത്തിന്റെ മധ്യഭാഗത്തല്ലെങ്കിലും രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിൽനിന്നും തുല്യ അകലത്തിലാണ് അതിന്റെ സ്ഥാനം. എന്നാൽ ആ പ്രയോഗത്തിന്റെ ആഴമായ അർഥമോ? ബ്രസീലിയ വാസ്തവത്തിൽ ബ്രസീലിനെയാണോ പ്രതിഫലിപ്പിക്കുന്നത്? അതു സംബന്ധിച്ച അഭിപ്രായങ്ങൾ വ്യത്യസ്തമാണ്. ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ആ നഗരം സന്ദർശിക്കുകയല്ലാതെ വഴിയില്ല. എന്നാൽ ബ്രസീലിയയെക്കുറിച്ച് പെട്ടെന്നൊരു നിഗമനത്തിൽ എത്താതിരിക്കാൻ ശ്രദ്ധിക്കുക. “ബ്രാസില്യ സെഡൂസ് ഗ്രാജ്വാൽമെന്റെ” (ബ്രസീലിയ വശീകരിക്കുന്നതു സാവധാനത്തിലാണ്) എന്ന് അവിടത്തെ ഒരു നിവാസി അഭിപ്രായപ്പെട്ടതുപോലെ, സ്വയം വിശദീകരിക്കാൻ ആ നഗരത്തിനു കുറച്ചു സമയം അനുവദിക്കുക.
[അടിക്കുറിപ്പുകൾ]
a ഈ ലേഖനം തയ്യാറാക്കി അധിക നാൾ കഴിയുന്നതിനു മുമ്പ്, നഗരാസൂത്രകനായ ലൂസ്യൂ കൊസ്റ്റ 1998 ജൂണിൽ തന്റെ 96-ാമത്തെ വയസ്സിൽ അന്തരിച്ചു.
b അംഗോളയിൽ രൂപംകൊണ്ട (പോർച്ചുഗീസുകാരെ പരാമർശിക്കാൻ ആഫ്രിക്കക്കാർ മുമ്പ് ഉപയോഗിച്ചിരുന്ന) ഈ പദം ബ്രസീലിയയിലെ നിർമാണ തൊഴിലാളികളെ വാത്സല്യത്തോടെ വിളിക്കുന്ന പേര് ആയിത്തീർന്നു.
c യുനെസ്കോ തയ്യാറാക്കിയ ഈ ലിസ്റ്റിൽ ലോകമെമ്പാടുമായി “പ്രകൃതിപരമോ സാംസ്കാരികമോ ആയി അനുപമ പ്രാധാന്യമുള്ള” 552 സ്ഥലങ്ങളുണ്ട്.
[15-ാം പേജിലെ ചിത്രം]
“പൊടിയുടെയും ക്യാൻവാസിന്റെയും കോൺക്രീറ്റിന്റെയും” കഥ
[കടപ്പാട്]
Arquivo Público do Distrito Federal
[15-ാം പേജിലെ ചിത്രം]
നിരനിരയായി നീങ്ങുന്ന “കാന്താംഗുസ്”
[കടപ്പാട്]
Arquivo Público do Distrito Federal
[16, 17 പേജുകളിലെ ചിത്രം]
ബ്രസീലിയയുടെ സമഗ്ര ദൃശ്യം
1. മന്ത്രാലയങ്ങൾ
2. സമ്മേളന ഓഫീസ് മന്ദിരങ്ങൾ
3. സുപ്രീം കോടതി
4. ത്രയ ശക്തികളുടെ പ്ലാസ
5. ഭരണനിർവഹണ ഓഫീസുകൾ
[കടപ്പാട്]
Secretaria de Turismo, Brasília
[18-ാം പേജിലെ ചിത്രം]
ലോക തലസ്ഥാന നഗരികളിലെ ഹരിത പ്രദേശങ്ങളിൽ ഏറ്റവും മുമ്പൻ